അടിയന്തരാവസ്ഥയുടെ നിഴലിൽ ഒരു സർവ്വകലാശാല

പ്രബീർ പുർകായസ്ത

ജെ എന്‍ യുവിലെ വിദ്യാർത്ഥിപ്രസ്ഥാനം എക്കാലത്തും സർവ്വകലാശാലയ്ക്കുള്ളിലെ പ്രശ്നങ്ങളിൽ ഒതുങ്ങാതെ, രാജ്യത്തെ പ്രധാനസംഭവവികാസങ്ങളോടെല്ലാം പ്രതികരിച്ചുപോന്നു. തീർച്ചയായും ഹോസ്റ്റലുകൾക്കും മെച്ചപ്പെട്ട ഭക്ഷണത്തിനും മറ്റ് സൗകര്യങ്ങൾക്കും വേണ്ടിയുള്ള സമരങ്ങൾ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ഭാഗം തന്നെയായിരുന്നു. എന്നാൽ ക്യാമ്പസിലെ വിദ്യാർത്ഥി പ്രസ്ഥാനത്തിന് രാജ്യത്തെ വിശാലസമരങ്ങളുമായി-തൊഴിലാളി വർഗത്തിന്റെയും സ്ത്രീകളുടെയും ദളിതരുടെയും ആദിവാസികളുടെയും-എല്ലായ്‌പ്പോഴും ആഴത്തിലുള്ള ബന്ധമുണ്ടായിരുന്നു.

അടിയന്തരാവസ്ഥക്കാലത്തും ജെ എന്‍ യുവിലെ വിദ്യാർത്ഥികൾ ഐക്യദാർഢ്യ പ്രവർത്തനങ്ങളുടെ ഭാഗമായി. നഗരത്തിലെ തൊഴിലാളികളുടെ വ്യാവസായിക പണിമുടക്കിലോ 1974 ലെ 20 ദിവസം നീണ്ടുനിന്ന റെയിൽവേ പണിമുടക്ക് പോലെയുള്ള അഖിലേന്ത്യാ പ്രവർത്തനങ്ങളിലോ ഇത് കാണാനാവും. അഖിലേന്ത്യാ തലത്തിലുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി അവർ തെരുവിലിറങ്ങി. കേന്ദ്രഭരണ പ്രദേശമായിരുന്ന ഡൽഹി കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ ആയിരുന്നു അന്ന്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ബലപ്രയോഗത്തിലൂടെയും അറസ്റ്റിലൂടെയും സർക്കാർ ഏത് ചെറുത്തുനിൽപ്പിനെയും നേരിടുമെന്ന് വ്യക്തമായിരുന്നു. എല്ലാ പ്രതിഷേധങ്ങളും നിരോധിക്കപ്പെട്ടു, കൂടാതെ പരമ്പരാഗതവും സൗമ്യവുമായ പ്രതിഷേധ രീതികളെ സർക്കാർ ക്രൂരമായി നേരിട്ടു—ഏറ്റവും ചുരുങ്ങിയത് ഡിഫൻസ് ഓഫ് ഇന്ത്യ റൂൾസ് പ്രകാരം ആഴ്ചകളോ, മാസങ്ങളോ ജയിലിൽ കിടക്കുമെന്ന അവസ്ഥ വന്നു.

പ്രബീർ പുർകായസ്ത

അടിയന്തരാവസ്ഥയോടെ, സർവകലാശാലകളിലെ വിദ്യാർത്ഥി യൂണിയനുകളുടെ അംഗീകാരം റദ്ദാക്കപ്പെട്ടു. സർവ്വകലാശാലയ്ക്കുള്ളിൽ പ്രതിഷേധിക്കാനുള്ള അവകാശം ഉൾപ്പെടെ എല്ലാ സാധാരണ ജനാധിപത്യഅവകാശങ്ങളും ഒഴിവാക്കപ്പെട്ടു. അന്ന് ജെ എന്‍ യു, എസ് എഫ് ഐയുടെ ഭരണത്തിലായിരുന്നു. അടിയന്തരാവസ്ഥ ഒരു ഹ്രസ്വകാല നടപടിയല്ലെന്നും സാധാരണയായുള്ള, മറയില്ലാത്ത പ്രതിഷേധരീതികൾ സംഘടനയെ ഉടനടി ഭരണകൂടപ്രതികാര നടപടികൾക്ക് പാത്രമാക്കുമെന്നും ഞങ്ങൾ തിരിച്ചറിഞ്ഞു.

 രഹസ്യപ്രവർത്തനങ്ങൾക്കായി ഞങ്ങൾ സ്വയം സംഘടിച്ചു. ഇതിന്റെ ഭാഗമായി ജെ എന്‍ യുവിലെ എസ് എഫ് ഐ സ്വന്തം പേരിലല്ലാതെ, ദി റെസിസ്റ്റൻസ്  എന്ന പേരിൽ ആഹ്വാനങ്ങൾ നൽകാൻ തീരുമാനിച്ചു. ദി റെസിസ്റ്റൻസ് ആരാണെന്ന് ഭരണകൂടത്തിന് അറിയാമായിരുന്നുവെങ്കിലും എസ് എഫ് ഐ ആണെന്ന് തെളിയിക്കാൻ അവർക്ക് കഴിഞ്ഞില്ല. ഇത് ഞങ്ങൾക്ക് ചെറിയൊരു സംരക്ഷണം നൽകി.

പ്രബീർ പുർകായസ്ത വിദ്യാർഥിയായിരുന്നപ്പോൾ

ദി റെസിസ്റ്റൻസ് ഒരു സൈക്ലോസ്റ്റൈൽ ബ്രോഡ്‌ഷീറ്റായിരുന്നു (ഇത് അന്നത്തെ സാങ്കേതികവിദ്യയാണ്). സാധാരണയായി ലഘുലേഖകൾ അച്ചടിച്ചിരുന്ന മുനീർക്കയിലേക്ക് അടിയന്തരാവസ്ഥക്കാലത്ത് ഞങ്ങൾ പോയതേയില്ല. ഒരു സൈക്ലോസ്റ്റൈലിംഗ് മെഷീൻ വാങ്ങാനും ടൈപ്പ്റൈറ്ററിൽ സ്റ്റെൻസിൽ മുറിക്കാനും ലഘുലേഖകൾ സൈക്ലോസ്റ്റൈൽ ചെയ്യാനും ഞങ്ങൾ തീരുമാനിച്ചു. പിന്നീട് ആസൂത്രണ കമ്മീഷനിൽ അംഗമായ സൗമിത്ര ചൗധരിക്കായിരുന്നു എഴുത്ത്, ടൈപ്പിങ്, സൈക്ലോസ്റ്റൈൽ മെഷീൻ പ്രവർത്തിപ്പിക്കൽ എന്നീ ചുമതലകൾ. രാത്രിയിൽ ഈ ലഘുലേഖകൾ വിതരണം ചെയ്യുമായിരുന്നു, ഈ പ്രവർത്തനം അടിയന്തരാവസ്ഥയിലുടനീളം തുടർന്നു. സംഘടനയിലെ മുൻനിര പ്രവർത്തകർ ഒന്നുകിൽ ക്യാമ്പസിന് പുറത്ത് തങ്ങുകയോ അതുമല്ലെങ്കിൽ എല്ലാ രാത്രിയിലും മുറി മാറുകയോ ചെയ്തു.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ക്യാമ്പസ് ഈ ഭീകരതയുടെ രുചിയറിഞ്ഞു. ജൂലൈ 8 ന് അർദ്ധരാത്രി ജെ എന്‍ യുവിൽ വലിയൊരു റെയ്ഡ് നടന്നു. ആൺകുട്ടികളുടെ രണ്ട് ഹോസ്റ്റലുകൾ പോലീസ് വളയുകയും കൂട്ട അറസ്റ്റുകൾ ഉണ്ടാകുകയും ചെയ്തു. പോലീസ് സ്റ്റേഷനിൽ മുഖംമൂടി ധരിച്ച ഒരു വ്യക്തി ഡിഫൻസ് ഓഫ് ഇന്ത്യ റൂൾസ് പ്രകാരം തടങ്കലിൽ വയ്ക്കേണ്ടവരെയും വിട്ടയക്കേണ്ടവരെയും തിരിച്ചറിഞ്ഞു. ഈ അർദ്ധരാത്രി റെയ്ഡിന്റെ ഏറ്റവും രസകരമായ കാര്യങ്ങളിലൊന്ന്, ജമൈക്കൻ ഇതിഹാസം ബോബ് മാർലിയെ പോലീസുകാർ ‘തെറ്റിദ്ധരിച്ച’താണ്. ഇദ്ദേഹം അപകടകാരിയായ ഒരു റാഡിക്കലാണെന്ന് കരുതി മാർലിയുടെ പോസ്റ്റർ ഭിത്തിയിൽ പതിച്ച വിദ്യാർത്ഥിയെ അവർ കസ്റ്റഡിയിലെടുത്തു. പിന്നീട് ഇന്ത്യൻ ഫോറിൻ സർവീസിൽ ചേരുകയും താജിക്കിസ്ഥാനിലെ ഇന്ത്യൻ അംബാസഡർ എന്ന നിലയിൽ അഫ്ഗാനിസ്ഥാനിലെ നോർത്തേൺ ഫ്രണ്ടുമായും നേതാവ് അഹ്മദ് ഷാ മസ്സൂദുമായുമുള്ള ഇന്ത്യയുടെ ‘സഖ്യം’ രൂപപ്പെടുത്തിയവരിൽ ഒരാളായ ബി മുത്തു കുമാറായിരുന്നു ഈ വിദ്യാർത്ഥി.

ഈ റെയ്ഡിനെത്തുടർന്ന് ദി റെസിസ്റ്റൻസ് ഇറക്കിയ ലഘുലേഖയും മറ്റനേകം ലഘുലേഖകളും ഇപ്പോൾ ബോധി കോമൺസ് വെബ്സൈറ്റിൽ ലഭ്യമാണ്. റെയ്ഡിന്റെ സമയത്ത് ഞാനും അശോകയും ക്യാമ്പസിൽ ഉണ്ടായിരുന്നില്ല. ആ ദിവസങ്ങളിൽ പൊതുവെ ക്യാമ്പസിന് പുറത്തായിരുന്നു ഞങ്ങളുടെ രാത്രികൾ.

തൊട്ടുപിന്നാലെ യൂണിവേഴ്സിറ്റി ഭരണസമിതി പുതിയ വിദ്യാർത്ഥികളുടെ പ്രവേശനത്തിനുള്ള വിജ്ഞാപനം പുറത്തിറക്കി. ഈ വിജ്ഞാപനം സ്റ്റുഡന്റ്സ് യൂണിയന്റെ അംഗത്വം ഓപ്ഷണൽ ആയി പ്രഖ്യാപിച്ചു. യൂണിവേഴ്സിറ്റി അനുവദിക്കാത്ത ഒരു പ്രവർത്തനത്തിലും തങ്ങൾ പങ്കാളികളാവില്ല എന്നും വിദ്യാർത്ഥികൾ എഴുതി ഒപ്പിടേണ്ടിവന്നു. സ്റ്റുഡന്റ്സ് യൂണിയന്റെ അംഗീകാരം റദ്ദാക്കിയ പെരുമാറ്റച്ചട്ടം വലിച്ചെറിഞ്ഞതുപോലെ ഇതും വിദ്യാർത്ഥികൾ തൂക്കിയെറിഞ്ഞു. ഈ വിഷയങ്ങളെ സംബോധന ചെയ്തുകൊണ്ട് 1975 ജൂലൈ അവസാനമോ ആഗസ്ത് ആദ്യമോ ദി റെസിസ്റ്റൻസ് മറ്റൊരു ലഘുലേഖ പുറത്തിറക്കി. ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധ പ്രവർത്തനങ്ങൾക്ക് വിദ്യാർത്ഥികളെ സജ്ജമാക്കുന്നതിനു മുന്നോടിയായിരുന്നു ഇത്.

തുടർന്ന് വൈസ് ചാൻസലര്‍ ബസന്തി ദുലാല്‍ നാഗ്ചൗധരിയുടെ നേതൃത്വത്തിലുള്ള യൂണിവേഴ്സിറ്റി ഭരണസമിതിയും വിദ്യാർത്ഥികളും രണ്ടുഭാഗത്തായി അണിനിരന്നു. പ്രവേശന പ്രക്രിയയിൽ തങ്ങളുടെ പങ്കിനെക്കുറിച്ച് ജെ എന്‍ യുവിലെ വിദ്യാർത്ഥികൾ അഭിമാനിച്ചിരുന്നു. ഒരു സ്റ്റുഡന്റ് ഫാക്കൽറ്റി കമ്മിറ്റി – അധ്യാപകർക്കൊപ്പം വിദ്യാർത്ഥികൾക്കും പ്രാതിനിധ്യമുള്ള തിരഞ്ഞെടുക്കപ്പെട്ട ഒരു കമ്മിറ്റി – സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് നൽകുന്ന പ്രത്യേക പോയിന്റുകൾ (ഡെപ്രിവിയേഷൻ പോയിന്റ്) ഉൾപ്പെടെയുള്ള ഫലങ്ങളും വിവരങ്ങളും സൂക്ഷ്മമായി പരിശോധിച്ചിരുന്നു. പരീക്ഷാഫലം പ്രസിദ്ധീകരിക്കുകയും പ്രവേശനം നടത്തുകയും ചെയ്യുക എന്നതായിരുന്നു സർവകലാശാലാ ഭരണകൂടത്തിന്റെ ചുമതല. എന്നാലിപ്പോൾ വൈസ് ചാൻസലറും ഭരണസമിതിയും ഇതിലിടപ്പെട്ട് ഒരു അധിക നടപടി ചേർത്തു: പ്രവേശന പട്ടികയിൽ നിന്ന് പോലീസ് കരിമ്പട്ടികയിൽ പെടുത്തിയ പേരുകൾ ഒഴിവാക്കി. എന്നാൽ അക്കാദമിക് കൗൺസിലിൽ പാസ്സാക്കിയ കരാർ വൈസ് ചാൻസലർ ലംഘിച്ചതിന് എസ് എഫ് ഐയും സ്റ്റുഡന്റ്‌സ് യൂണിയനും ലഘുലേഖകൾ പുറത്തിറക്കി. അതേ സമയം ഒരു ലഘുലേഖയിലൂടെയാണ് ജെ എന്‍ യു സ്റ്റുഡന്റ്‌സ് യൂണിയൻ പ്രസിഡന്റ് ഡി.പി. ത്രിപാഠി വിസിയുടെ ഏകപക്ഷീയമായ നടപടിയെക്കുറിച്ച് വിദ്യാർത്ഥികളെ അറിയിച്ചത്.

തൊട്ടുപിന്നാലെ വിദ്യാർഥി യൂണിയൻ പ്രസിഡന്റ് ഡി.പി. ത്രിപാഠിക്കും മറ്റു പലർക്കും ക്യാമ്പസിൽ പ്രവേശനം നിഷേധിക്കപ്പെട്ടു. 1975 ആഗസ്റ്റ് 19 ന് സ്റ്റുഡന്റ്സ് യൂണിയൻ യോഗം ചേർന്നു.  അഡ്മിഷൻ ലിസ്റ്റിൽ നിന്ന് പുറത്താക്കപ്പെട്ടവരിൽ ഡി.പി. ത്രിപാഠി (ഡിപിടി എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെട്ടിരുന്നത്)യും ഉൾപ്പെട്ടതിനാൽ അശോകയായിരുന്നു അധ്യക്ഷ. സർവകലാശാലാ ഭരണകൂടത്തിന്റെ ഇത്തരം നടപടികളെ യോഗം അപലപിച്ചു. അശോക ഒപ്പിട്ട് സ്റ്റുഡന്റ്സ് യൂണിയൻ പുറത്തിറക്കിയ ലഘുലേഖയിൽ നിന്നുള്ള ഒരു ഭാഗം ഇവിടെ ചേർക്കാം:

‘അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ജനാധിപത്യ അവകാശങ്ങൾ ഹനിക്കാൻ വൈസ് ചാൻസലർ സ്വീകരിച്ച നടപടികൾക്കെതിരെ വിദ്യാർത്ഥികൾ സമരം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മികച്ച അക്കാദമിക പ്രകടനം കാഴ്ചവെച്ചിട്ടും വിദ്യാർത്ഥികൾ തങ്ങളുടെ രാഷ്ട്രീയ അഭിപ്രായങ്ങൾ കാരണം ഇരകളാക്കപ്പെടുകയും പ്രവേശനം നിഷേധിക്കപ്പെടുകയും ചെയ്തു. സ്റ്റുഡന്റ്‌സ് യൂണിയൻ പ്രസിഡന്റ് ദേവി പ്രസാദ് ത്രിപാഠിയിൽ നിന്നാണ് യൂണിവേഴ്‌സിറ്റി അധികൃതർ ആക്രമണം തുടങ്ങിയത്.

പിന്നാക്ക പ്രദേശത്തുനിന്നും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പശ്ചാത്തലത്തിൽ നിന്നുമുള്ള മികച്ച വിദ്യാർത്ഥിയായ ത്രിപാഠിക്ക് എം ഫിൽ പ്രോഗ്രാമിന് പ്രവേശനം ലഭിച്ചില്ല. വിദ്യാർത്ഥികളുമായി അഭിമുഖം നടത്തിയ സെന്റർ ഫോർ പൊളിറ്റിക്കൽ സ്റ്റഡീസിലെ ജെ എന്‍ യു ബോർഡ് ചെയർമാൻ എഴുത്തുപരീക്ഷയ്ക്കും അഭിമുഖത്തിനും മുമ്പ് ത്രിപാഠിയെ ഒഴിവാക്കുമെന്ന് പറഞ്ഞതായി പറയപ്പെടുന്നു. ഇതേ ത്രിപാഠിയാണ് എം എ പ്രോഗ്രാമിന്റെ പട്ടികയിൽ ഒന്നാമതെത്തിയിരുന്നതെന്ന കാര്യവും മറന്നുകൂടാ.

കൂടാതെ സ്റ്റുഡന്റ് കൗൺസിലർമാരായ രാജാറാമിനും പ്രമോദ് കുമാർ മിശ്രയ്ക്കും പ്രവേശനം നൽകാൻ അവരുടെ അധ്യാപകർ ശുപാർശ ചെയ്തുവെങ്കിലും വി സി അത് നിഷേധിച്ചു. വൈസ് ചാൻസലറുടെ അഭിപ്രായത്തിൽ നിന്ന് വ്യത്യസ്തമായ ചില രാഷ്ട്രീയ അഭിപ്രായങ്ങള്‍ അവര്‍ പുലർത്തുന്നു എന്നതാണ് കാരണം.

വീണ്ടും ദി റെസിസ്റ്റൻസ് പ്രതിഷേധ പരിപാടികൾക്കുള്ള ആഹ്വാനം നൽകി. ആഗസ്റ്റ് 22 ന് നടന്ന അക്കാദമിക ബഹിഷ്കരണത്തിനായിരുന്നു ഈ ആഹ്വാനം. തുടർന്നും വിവിധ സംഭവവികാസങ്ങൾ അരങ്ങേറി. അശോകയെയാണ് സർവകലാശാല ആദ്യം സസ്പെൻഡ് ചെയ്തത്. സർവകലാശാലാ ഭരണത്തെ വെല്ലുവിളിച്ചതിന് അശോകയെ ഒരു കോർട്ട് ഓഫ് ഓണർ ‘വിസ്താരം’ ചെയ്യുകയും സർവകലാശാലയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ഇത് മൂന്ന് ദിവസത്തെ പഠിപ്പ് മുടക്കിനുള്ള ആഹ്വാനത്തിലേക്ക് നയിച്ചു— അടിയന്തരാവസ്ഥക്കാലത്ത് ഒരു സർവകലാശാലയിൽ ഇത്തരമൊരു ബഹുജനപ്രവർത്തനം ആദ്യമായിരിക്കും. അശോകയെ പുറത്താക്കിയതിൽ പ്രതിഷേധിച്ച് സെപ്തംബർ 24 മുതൽ 26 വരെ മൂന്ന് ദിവസത്തെ ക്ലാസ് ബഹിഷ്‌കരണത്തിന് ദി റെസിസ്റ്റൻസ് ആഹ്വാനം നൽകി.

അടിയന്തരമായി വായിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

സെപ്തംബർ 24, 25, 26 തീയതികളിൽ അശോക ലതാജെയിനോടുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗമായി ക്ലാസുകൾ ബഹിഷ്കരിക്കുക.

ജെ എന്‍ യു സ്റ്റുഡന്റ്‌സ് യൂണിയൻ കൗൺസിലറും സെന്റർ ഫോർ റീജിയണൽ ഡെവലപ്‌മെന്റിലെ പിഎച്ച്‌ഡി വിദ്യാർത്ഥിനിയുമായ അശോക ലത ജെയിനിനെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് വൈസ് ചാൻസലർ സ്ഥാപിച്ച ‘കോർട്ട് ഓഫ് ഓണർ’ പുറത്താക്കിയിരിക്കുന്നു. സർവ്വകലാശാല സ്ഥാപിതമായതിന് ശേഷം വിദ്യാർത്ഥി സമൂഹത്തിന് നേരെ നടക്കുന്ന ഏറ്റവും നീചമായ പ്രവൃത്തിയാണ് ഈ നടപടി. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി യൂണിയനെതിരെ അധികാരികൾ ആക്രമണം തുടരുകയാണ്. യൂണിയൻ തിരഞ്ഞെടുപ്പ് വിലക്കിക്കൊണ്ടുള്ള ഉത്തരവിനോടൊപ്പം, അശോക ലത ജെയിനിനെ പുറത്താക്കിയ നടപടിയെയും വിദ്യാർത്ഥികൾ ചെറുക്കും. തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി പ്രതിനിധി എന്ന നിലയിലുള്ള  കടമ നിർവഹിച്ചതിനും വിദ്യാർത്ഥികളുടെ ജനാധിപത്യ അവകാശങ്ങൾ ഉയർത്തിപ്പിടിച്ചതിനുമാണ് അശോക ഇരയാക്കപ്പെട്ടത്.

അശോകയോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനായി, 24-ന് ആരംഭിക്കുന്ന മൂന്ന് ദിവസത്തെ പഠിപ്പ്മുടക്കിന്റെ ഭാഗമായി ക്ലാസുകൾ, ലൈബ്രറി, മറ്റ് അക്കാദമിക ജോലികൾ എന്നിവയിൽ നിന്നും വിട്ടുനിൽക്കുന്നതായിരിക്കും.

മൂന്ന് ദിവസത്തെ ബഹിഷ്കരണം ഒരു ചരിത്രപരമായ പ്രതിഷേധമാക്കി മാറ്റാൻ നമുക്ക് എല്ലാ ശ്രമങ്ങളും നടത്താം. ഞങ്ങളുടെ ഈ ന്യായമായ സമരത്തിൽ അധ്യാപകരുടെയും ജീവനക്കാരുടെയും സജീവമായ പിന്തുണ അഭ്യർത്ഥിക്കുന്നു.

അശോക ലതാ ജെയിനിനെതിരായ നടപടി പിൻവലിക്കുക! അവകാശങ്ങൾക്കായി നമുക്ക് ഒറ്റക്കെട്ടായി പോരാടാം!

— ദി റെസിസ്റ്റൻസ് 

മൂന്ന് ദിവസത്തെപഠിപ്പുമുടക്ക് ആരംഭിക്കുന്നതിന് മുമ്പ്, വിദ്യാർത്ഥി യൂണിയൻ ജനറൽ ബോഡി യോഗം വിളിച്ചു. അവിടെ അവർ വൈസ് ചാൻസലറിന്റെ നടപടികളെ അപലപിച്ചു, പക്ഷേ, റെസിസ്റ്റൻസ് ആഹ്വാനം ചെയ്ത സമരത്തെ പരസ്യമായി പിന്തുണയ്ക്കാതിരിക്കാൻ അവർ ശ്രദ്ധിച്ചു. അക്കാലത്ത്, ആർ എസ് എസ് ഭാഗമായിരുന്ന സമ്പൂർണ വിപ്ലവം (Total Revolution) എന്ന ഫാസിസ്റ്റ് പ്രസ്ഥാനത്തിനെതിരായ നീക്കമെന്ന നിലയിൽ സിപിഐയും പോഷക സംഘടനകളും അടിയന്തരാവസ്ഥയെ അനുകൂലിച്ചിരുന്നു. ശ്രീമതി ഗാന്ധിയുടെ ഇരുപതിന പരിപാടി സോഷ്യലിസത്തിലേക്കുള്ള മുതലാളിത്തേതരപാതയ്ക്ക്  സാഹചര്യമൊരുക്കുമെന്ന് അവർ വിശ്വസിച്ചു. കുടുംബാസൂത്രണവും വൃക്ഷത്തൈ നടീലും പോലുള്ള ‘പുരോഗമന’ മുദ്രാവാക്യങ്ങളായി സഞ്ജയ് ഗാന്ധിയും അദ്ദേഹത്തിന്റെ അഞ്ചിന പരിപാടികളും അവതരിപ്പിച്ചപ്പോൾ മാത്രമാണ് അവർ തങ്ങളുടെ തെറ്റ് തിരിച്ചറിഞ്ഞത്. പക്ഷേ, ഇത് ആദ്യകാലങ്ങളായിരുന്നു, അടിയന്തരാവസ്ഥയുടെ യാഥാർത്ഥ്യം അവർക്ക് ഇനിയും ബോധ്യപ്പെട്ടിരുന്നില്ല. ജനറൽ ബോഡിയിൽ എഐഎസ്എഫ്, എസ് എഫ് ഐക്കെതിരെ ആക്രമണം അഴിച്ചുവിട്ടു, സമരത്തിന് തുറന്ന ആഹ്വാനം നൽകുന്നതിനുപകരം എസ് എഫ് ഐ തങ്ങളുടെ രഹസ്യവിഭാഗമായ ദി റെസിസ്റ്റൻസിലൂടെ ജനാധിപത്യത്തെ ലംഘിക്കുകയാണെന്ന് ആരോപിച്ചു. അടിയന്തരാവസ്ഥയ്ക്ക് കീഴിൽ ജനാധിപത്യ അവകാശങ്ങൾക്ക് തടയിടുന്നതിനെക്കുറിച്ചും അത് വിദ്യാർത്ഥികൾക്ക് ഉയർത്തുന്ന ഭീഷണിയെക്കുറിച്ചുമുള്ള ഏതൊരു വാദത്തെയും അവർ പരിഹസിച്ചു.

ക്യാമ്പസിലെ എ ഐ എസ് എഫ് പ്രവർത്തകരിൽ ഒരാളുമായി നടത്തിയ കടുത്ത തർക്കം ഞാൻ ഇപ്പോഴും ഓർക്കുന്നു. ഞങ്ങളെ ‘ദി റെസിസ്റ്റൻസ്’ എന്ന് പൊതു ഇടങ്ങളിൽ അടയാളപ്പെടുത്തുന്നത് അടിയന്തരാവസ്ഥയ്ക്ക് കീഴിലുള്ള ആക്രമണങ്ങൾക്ക് വഴിയൊരുക്കുമെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. എന്നാൽ പൗരസ്വാതന്ത്ര്യം നഷ്ടപ്പെട്ട ഒരു അടിയന്തരാവസ്ഥയുടെ കഥ ഞങ്ങൾ കെട്ടിച്ചമയ്ക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുവാദം. (പിന്നീട്, എന്റെ അറസ്റ്റിന് ശേഷം, കമൽ മിത്ര ഷേനോയ്, എ ഐ എസ് എഫിന് വേണ്ടി, എന്നെ തട്ടിക്കൊണ്ടുപോയതിനെയും അറസ്റ്റിനെയും അപലപിച്ചുകൊണ്ട് ഒരു ലഘുലേഖ പുറത്തിറക്കി.  എന്നാൽ സർവകലാശാല ഉടൻ തന്നെ അദ്ദേഹത്തെ ആറ് മാസത്തേക്ക് പുറത്താക്കി. പിന്നീട്, ജെ എന്‍ യുവിലെ അധ്യാപകനായുള്ള അദ്ദേഹത്തിന്റെ നിയമനത്തിനെതിരെ ഉയർന്ന എതിർപ്പുകളിലൊന്ന് വിദ്യാർത്ഥിയായിരിക്കെ സർവകലാശാല അദ്ദേഹത്തെ പുറത്താക്കിരുന്നുവെന്നതാണ്.)

മൂന്ന് ദിവസത്തെ പഠിപ്പുമുടക്കിന് മുന്നോടിയായുള്ള ലഘുലേഖ വിതരണത്തിന്റെ ഭാഗമായുണ്ടായ മറ്റൊരു ചർച്ച ഞാൻ ഓർക്കുന്നു– ഉയർന്നുവരുന്ന ഒരു ട്രോട്സ്കിയിസ്റ്റുമായായിരുന്നു ഈ സംവാദം. ‘സാഹസികത’ കാണിക്കുന്നുവെന്ന് പറഞ്ഞ് അദ്ദേഹം ഞങ്ങളെ ശാസിച്ചു. ഭരണകൂടത്തിന്റെ സായുധശക്തിയെ ക്യാമ്പസിലേക്ക് ക്ഷണിച്ചുവരുത്തുന്നുവെന്ന് പറഞ്ഞു കുറ്റപ്പെടുത്തി, ഇത് വിദ്യാർത്ഥി പ്രസ്ഥാനത്തെ തകർക്കുമെന്ന മുന്നറിയിപ്പും നൽകി. വേണ്ടത്ര സോഷ്യലിസ്റ്റും വിപ്ലവകാരിയും അല്ലാത്തതിന്റെ പേരിൽ ട്രോട്‌സ്‌കിയിസ്റ്റുകൾ സാധാരണയായി ഞങ്ങളെ ആക്രമിക്കാറുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇത് തികച്ചും പുതിയൊരു വാദമായിരുന്നു. ടാങ്കുകളും തോക്കുകളുമായി ഇന്ത്യൻ ഭരണകൂടം ജെ എന്‍ യുവിൽ അധിനിവേശം നടത്തിയതിൽ എന്റെ ട്രോട്സ്കിയിസ്റ്റ് സുഹൃത്ത് അവസാനമായി ചിരിച്ചുകാണുമായിരിക്കും. കുറച്ച് ദിവസങ്ങൾക്ക് ശേഷം ഒരു കറുത്ത അംബാസഡർ കാറിന്റെ രൂപത്തിലാണ് ഭരണകൂടം വന്നത്.

മൂന്ന് ദിവസത്തെ ബഹിഷ്‌കരണത്തിന്റെ രണ്ടാം ദിവസമായ സെപ്തംബർ 25 ന്, അടിയന്തരാവസ്ഥയുടെ ‘കിരീട രാജകുമാരി’ മനേക ഗാന്ധിയെ ക്ലാസിൽ പ്രവേശിക്കുന്നതിൽ നിന്ന് ഞങ്ങൾ തടഞ്ഞു. മനേക ഗാന്ധി ക്ലാസിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ത്രിപാഠിയും ഇന്ദ്രാണി മജുംദാറും ഞാനും മറ്റു രണ്ടുപേരും കൂടി സ്‌കൂൾ ഓഫ് ലാംഗ്വേജസ് കെട്ടിടത്തിനു മുന്നിൽ നിൽക്കുകയായിരുന്നു. ഒരു വിദ്യാർത്ഥിയെ പുറത്താക്കിയതിനെത്തുടന്ന് ഒരു സമരമുണ്ട്, നിങ്ങൾ തിരികെ പോകണമെന്ന് ഡി പി ത്രിപാഠി അവരോട് പറഞ്ഞു. അവർ തിരികെ പോവുകയും അത് തികച്ചും ‘ഹൃദ്യമായ’ ഒന്നായി തോന്നുകയും ചെയ്തു. 

എന്നാൽ ഷാ കമ്മീഷന്റെ റിപ്പോർട്ട് പ്രകാരം, മനേക പ്രധാനമന്ത്രിയുടെ വീട്ടിലെത്തി ഭർത്താവ് സഞ്ജയ് ഗാന്ധിയോട് പരാതിപ്പെട്ടു. അക്കാലത്ത് ഡൽഹിയുടെ യഥാർത്ഥ ഭരണാധികാരിയായിരുന്ന സഞ്ജയ്, തന്റെ അനുയായികളെ വിളിപ്പിച്ചു. ഡൽഹിയിലെ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ (റേഞ്ച്) പി.എസ്. ബിന്ദറും അദ്ദേഹത്തിന്റെ സംഘവും തങ്ങളുടെ ദൈനംദിന റിപ്പോർട്ടിങ്ങിനായി സഞ്ജയ്‌ക്ക് മുന്നിൽ ഹാജരായി. പ്രശ്നങ്ങളൊന്നും ഇല്ലെങ്കില്‍, എന്തുകൊണ്ടാണ് തന്റെ ഭാര്യ മനേകയ്ക്ക് ജെ എന്‍ യുവിലെ അവളുടെ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാത്തതെന്ന് സഞ്ജയ് ബിന്ദറിനോട് ചോദിച്ചു.

പി എസ് ബിന്ദർ ഡൽഹിയിലെ പോലീസ് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ മാത്രമായിരുന്നില്ല, ഡൽഹിയിലെ അടിയന്തരാവസ്ഥ ഭരണത്തിലെ പ്രധാന പോലീസ് അധികാരി കൂടിയായിരുന്നു. ബിന്ദറിന് ആവശ്യമായ ‘തെളിവുകൾ’ നൽകിയിരുന്ന സൂപ്രണ്ട് (സിഐഡി) കെ എസ് ബജ്‌വയായിരുന്നു മറ്റൊരാൾ. 

(കൗതുകകരവും അദ്ദേഹത്തിന്റെ സ്വധീനത്തെപ്പറ്റി ഉള്‍ക്കാഴ്ച നല്‍കുന്നതുമായ ഒരു വിവരം കൂടി ഇവിടെ ചേർക്കാം: 1976-ൽ പോലീസ് നടത്തിയ സുന്ദർ ഡാക്കുവിന്റെ കൊലപാതകത്തിൽ ബിന്ദറിന് പങ്കുണ്ട്. അയാൾ കുറ്റാരോപിതനാകുകയും തിഹാറിൽ കുറച്ചുകാലം ചെലവഴിക്കുകയും ചെയ്തു. ഞാനും എന്റെ മിസ സഹപ്രവർത്തകരും നേരത്തെ താമസിച്ചിരുന്ന അതേ വാർഡിലായിരുന്നു അദ്ദേഹം. എന്നാൽ 1979 ലെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം സുന്ദർക്കേസ് പിൻവലിക്കപ്പെട്ടു.)

തിരികെ കാര്യത്തിലേക്ക് വരാം. സെപ്തംബർ 25 ന് തന്റെ ബോസ് സഞ്ജയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം പ്രധാനമന്ത്രിയുടെ വീട്ടിൽ നിന്ന് നേരിട്ട് ജെ എന്‍ യുവിന് പുറത്തുള്ള പോലീസ് സംഘത്തിനടുത്തെത്തി. സൂപ്രണ്ട് (സൗത്ത്) രജീന്ദർ മോഹന്റെ ഔദ്യോഗിക കാർ – കറുത്ത അംബാസഡർ – എടുത്ത് ‘കമാൻഡോ ശൈലിയിൽ’ ക്യാമ്പസിനകത്തേക്ക് ഓടിച്ചുപോയി. രണ്ട് കോൺസ്റ്റബിൾമാരുടെയും ഒരു ഡെപ്യൂട്ടി സൂപ്രണ്ടിന്റെയും അകമ്പടിയോടെയായിരുന്നു ഇത്. ആ സമയത്ത് ഞാൻ ഇന്ദ്രാണി മജുംദാറിനും മറ്റു ചിലർക്കുമൊപ്പം സ്കൂൾ ഓഫ് ലാംഗ്വേജസിന്റെ മുന്നിൽ നിൽക്കുകയായിരുന്നു. പെട്ടന്ന് ബിന്ദർ എന്നെ പിടിച്ച് കാറിനുള്ളിലേക്ക് കയറ്റാൻ ശ്രമിച്ചു. ഞാൻ എതിർക്കുകയും അഞ്ച് മിനിറ്റോളം സംഘർഷമുണ്ടാവുകയും ചെയ്തു. ഇന്ദ്രാണി സഹായിക്കാൻ ശ്രമിച്ചെങ്കിലും പോലീസുകാരുമായി മുട്ടി നിൽക്കാനാവില്ലയെന്നു മനസ്സിലാക്കി, കാറിന്റെ താക്കോൽ തട്ടിയെടുക്കാൻ ശ്രമിച്ചെങ്കിലും പോലീസുകാർ തടഞ്ഞു. ഈ വിശദാംശങ്ങൾ ഷാ കമ്മീഷൻ രേഖകളിലുണ്ട്. ശക്തി കാക്കും ഇന്ദ്രാണി മജുംദാറും മനോജ് ജോഷിയും ഷാ കമ്മീഷനുമുന്നിൽ അവരുടെ ദൃക്‌സാക്ഷി വിവരണങ്ങളായി പറഞ്ഞതിന്റെ ശകലങ്ങൾ ഞാൻ ചുവടെ ചേർക്കുന്നു:

(ഷാ കമ്മീഷൻ നടപടികളിൽ നിന്നുള്ള ഉദ്ധരണികൾ)

വിദ്യാർത്ഥി യൂണിയനിൽ നിന്ന്, തിരഞ്ഞെടുക്കപ്പെട്ട അംഗമായിരുന്ന അശോക ലത ജെയിനിനെ പുറത്താക്കിയതിനെതിരെ 1975 സെപ്തംബർ 25 ന് നടന്ന ബഹിഷ്കരണ സമരത്തിൽ പങ്കെടുത്തതായി അദ്ദേഹം (പ്രബീർ പുർകായസ്ത) സമ്മതിക്കുന്നു. അദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചു:

‘ഏകദേശം 10 മണിയോടെ ഒരു കറുത്ത അംബാസഡർ കാർ വന്നടുത്ത് നിർത്തി, നാല് പേർ ഞാൻ ഇരുന്ന സ്ഥലത്തേക്ക് വന്നു. സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റ് ദേവി പ്രസാദ് ത്രിപാഠി ഞാനാണോയെന്നു അവരിൽ ഒരാൾ എന്നോട് ചോദിച്ചു. ഞാനല്ല എന്ന് മറുപടിയും പറഞ്ഞു. എന്റെ എതിർപ്പ് വകവയ്ക്കാതെ, രണ്ട് മിനിറ്റ് കശപിശയ്ക്ക് ശേഷം എന്നെ വലിച്ചിഴച്ച് കാറിനുള്ളിലേക്കിട്ട് കാർ ഓടിച്ചുപോയി. കാർ തടയാൻ ശ്രമിച്ച ശക്തി കാക്കിനെയും ഇന്ദ്രാണി മജുംദാറിനെയും കാറിനൊപ്പം കുറച്ചുദൂരം വലിച്ചിഴച്ചു.’

(ഒപ്പം) എന്നെ ആർ കെ പുരം, സെക്ടർ 4, പോലീസ് പോസ്റ്റിലേക്ക് കൊണ്ടുപോയി. തുടർന്ന് കാർ ഓടിച്ചിരുന്നയാൾ മറ്റു പോലീസുകാരോട് എന്നെ കൊണ്ടുപോകാൻ ആജ്ഞാപിച്ചു. കാർ ഓടിച്ചിരുന്നയാൾ ഡിഐജി ബിന്ദർ ആണെന്ന് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ അറിയിച്ചു. ദിവസം മുഴുവൻ എന്നെ അവിടെ നിർത്തി. ഏകദേശം രാത്രി 11.00 മണിക്കാണ് മിസ വാറണ്ട് എനിക്ക് കിട്ടിയത്. 

ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയിലെ വിദ്യാർത്ഥി കുമാരി ശക്തി കാക് ഇപ്രകാരം പറഞ്ഞു:

1975 സെപ്തംബർ 25 ന് രാവിലെ 10 മണിക്ക് ഞാൻ ഹർജിക്കാരനും മറ്റ് മൂന്ന് വിദ്യാർത്ഥികളുമൊത്ത് സ്കൂൾ ഓഫ് ലാംഗ്വേജസിന് മുന്നിലുള്ള പുൽത്തകിടിയിൽ ഇരിക്കുകയായിരുന്നു. ആ സമയം DLE 5747 എന്ന കറുത്ത അംബാസഡർ കാർ, ഞങ്ങളുടെ അടുത്ത് വന്നുനിന്നു. അതില്‍ 4 പേരുണ്ടായിരുന്നു. അവരിൽ ഒരാൾ കാറിന്റെ പിൻവശത്തു നിന്ന് ഇറങ്ങി, ഹർജിക്കാരന്റെ അടുത്ത് വന്ന് തോളിൽ കൈവെച്ച് ദേവി പ്രസാദ് ത്രിപാഠിയാണോ എന്ന് ചോദിച്ചു. അദ്ദേഹം അല്ല എന്ന് പറഞ്ഞു; ആ വ്യക്തിയല്ലെന്ന് ഞാനും പറഞ്ഞു. എന്നിട്ടും അയാൾ അദ്ദേഹത്തെ വലിച്ച് കാറിനടുത്തേക്ക് കൊണ്ടുപോയി. അപ്പോഴേക്കും കാറിൽ നിന്ന് മൂന്ന് പേർ കൂടി ഇറങ്ങി ഹർജിക്കാരനെ പിൻസീറ്റിലേക്ക് തള്ളിയിടാൻ ശ്രമിച്ചു. ഹർജിക്കാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്ന ഗുണ്ടകളാണെന്ന് കരുതി ഞാനും മറ്റ് വിദ്യാർത്ഥികളും അദ്ദേഹത്തെ രക്ഷിക്കാൻ കാറിനടുത്തേക്ക് ചെന്നു. ഹർജിക്കാരനെ കാറിൽ നിന്ന് വലിച്ചിറക്കുന്നതിൽ ഞങ്ങൾ വിജയിച്ചുവെങ്കിലും തൽക്ഷണം മറുവശത്ത് നിന്ന് രണ്ട് പേർ കൂടിവന്ന് അദ്ദേഹത്തെ കാറിലേക്ക് തള്ളിയിട്ട് അകത്തേക്ക് കയറി. കൈകാലുകള്‍ കാറിന് പുറത്തായിരുന്നുവെങ്കിലും അവർ അദ്ദേഹത്തിന്റെ അരയിൽ പിടിച്ചിരുന്നു. ഉടൻ തന്നെ കാർ സ്റ്റാർട്ട് ചെയ്‌ത ശേഷം വളരെ വേഗം അവരവിടെ നിന്നും പോയി. ഹർജിക്കാരനെ തട്ടിക്കൊണ്ടുപോയവർ, ഹർജിക്കാരനെ രക്ഷിക്കാൻ ശ്രമിച്ച വിദ്യാർത്ഥികളോടും പരുഷമായി പെരുമാറിയിരുന്നു.’

ശക്തിയുടെ വാക്കുകൾ കടമെടുത്താൽ, എന്റെ ശരീരം കാറിലായിരുന്നുവെങ്കിലും കൈകാലുകള്‍ വായുവിൽ അലയടിക്കുകയായിരുന്നു. പിൻതലമുറ ഓർക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്ന ഒന്നല്ല വലിച്ചെറിയപ്പെടുന്ന ഈ ചിത്രം. എന്റെയും സഹപാഠികളുടെയും ശ്രമങ്ങൾ ഉണ്ടായിരുന്നിട്ടും, ഞാൻ കാറിൽ കുടുങ്ങി. തുടർന്ന് ആർ കെ പുരം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. രക്ഷപ്പെട്ട ചരിത്രമുള്ളതിനാൽ, എന്റെ കാര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് പോലീസിനോട് പറഞ്ഞുകൊണ്ട് ബിന്ദർ എന്നെ അവിടെ ഇറക്കിവിട്ടു!

കാറിന്റെ താക്കോൽ തട്ടിയെടുക്കാനുള്ള ഇന്ദ്രാണിയുടെ ശ്രമത്തിന് രസകരമായ ഒരു വശമുണ്ട്. ഷാ കമ്മീഷൻ വാദത്തിനിടയിൽ അങ്ങനെയൊരു കാറില്ല എന്നും തട്ടിക്കൊണ്ടുപോകൽ നടന്നില്ല എന്നും ബിന്ദർ നടിച്ചു. തീർച്ചയായും, ആള് മാറിയില്ല; തട്ടിക്കൊണ്ടു പോകൽ ഉണ്ടായില്ല എന്നുമായിരുന്നു ബിന്ദറിന്റെ ഭാഷ്യം; എന്നാൽ ഡിപിടി, അശോക ലതാ ജെയിൻ, പ്രബീർ പുർകായസ്ത എന്നീ മൂന്ന് നേതാക്കന്മാർ ക്യാമ്പസിൽ ഉണ്ടെന്ന് ഡൽഹി ലെഫ്റ്റനന്റ് ഗവർണർ കൃഷൻ ചന്ദ് ബിന്ദറിനോട് പറഞ്ഞിരുന്നു.

കമ്മീഷനുമുന്നിൽ അദ്ദേഹം തയ്യാറാക്കിയ കഥ ഇങ്ങനെയായിരുന്നു: 20-25 വിദ്യാർത്ഥികൾ ക്യാമ്പസിൽ ഒത്തുകൂടി, സർക്കാർവിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തുകയും വിദ്യാർത്ഥികളെയും അധ്യാപകരെയും ക്ലാസുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് ശാരീരികമായി തടയുകയും ചെയ്തു. എന്നാൽ നിരോധനാജ്ഞ നിലവിലുണ്ടായിരുന്നതിനാൽ നിശബ്ദമായി നടപടിക്രമങ്ങൾ നിരീക്ഷിച്ചുകൊണ്ടിരുന്ന അദ്ദേഹവും അദ്ദേഹത്തിന്റെ പോലീസും എന്നെ അറസ്റ്റുചെയ്യാൻ നിർബന്ധിതരായി. ലെഫ്റ്റനന്റ് ഗവർണറിന്റെ ലിസ്റ്റിലെ മൂന്ന് പേരുകളിൽ ഒരാളായ പ്രബിർ പുർകായസ്ത ഞാനാണ് എന്ന് തിരിച്ചറിഞ്ഞതിനാലാണിത്. ഇന്ദ്രാണി ഉൾപ്പെടെയുള്ള മറ്റ് ദൃക്‌സാക്ഷികൾ മൊഴിനൽകിയ കറുത്ത അംബാസഡറിൽ കമാൻഡോസ്റ്റൈലിൽ പാഞ്ഞെത്തി നടത്തിയ റെയ്ഡ് ബിന്ദർ പൂർണ്ണമായും നിഷേധിച്ചു.

എന്നാൽ ക്രോസ് വിസ്താരത്തിനിടെ, ജസ്റ്റിസ് ഷാ ബിന്ദറിനോട് ചോദിച്ചു, ‘പുർകായസ്തയെ അറസ്റ്റ് ചെയ്തപ്പോൾ, നിങ്ങൾ എന്തുകൊണ്ടാണ് മിസ വാറണ്ടുള്ള ഡിപി ത്രിപാഠിയെ അറസ്റ്റ് ചെയ്യാതിരുന്നത് ?

ബിന്ദർ പറഞ്ഞു: ‘ഞങ്ങളെ അടിച്ച് ശരിപ്പെടുത്തിയേനെ.  വിദ്യാർത്ഥികൾ അവനെ പുറത്തെടുക്കാൻ എല്ലാം ചെയ്തു, അവർ ഞങ്ങളെ പുറത്തേക്ക് വലിച്ചിടാൻ ശ്രമിച്ചു. അവിടെ ഒരു പെൺകുട്ടി ഉണ്ടായിരുന്നു, അവളുടെ പേര് എനിക്കറിയില്ല, അവൾ കാറിന്റെ താക്കോൽ തട്ടിയെടുക്കാൻ ശ്രമിച്ചു. അവർ കാറിനു മുന്നിൽ കിടക്കാൻ പോലും ശ്രമം നടത്തി.’

ഇത് കേട്ട ഷാ തന്റെ പതിവ് മൃദുവായ ശൈലിയിൽ പ്രതികരിച്ചു, ‘അപ്പോൾ നിങ്ങൾ ഒരു കാറുമായി അകത്തേക്ക് പോയി!’ ക്യാമ്പസിലേക്ക് കാർ ഓടിച്ചത് താനാണെന്ന് സമ്മതിക്കുന്നതിന് മുമ്പ് ബിന്ദർ ഒരു മിനിറ്റ് നിശബ്ദനായി. മറ്റുള്ളവർ വിശേഷിപ്പിച്ചത് പോലെ അതൊരു കറുത്ത അംബാസഡർ ആയിരുന്നുവെന്നും താൻ ആദ്യം അവകാശപ്പെട്ടത് തെറ്റാണെന്നും അദ്ദേഹം അടിസ്ഥാനപരമായി സമ്മതിച്ചു.

ചിന്ത പബ്ളിഷേർസ്  പ്രസിദ്ധീകരിച്ച  ‘അമർഷത്തിൻ്റെ ആവിഷ്കാരങ്ങൾ’ (എഡി. എം. എ. ബേബി)എന്ന കൃതിയിൽ ചേർത്തിരിക്കുന്ന  ‘അടിയന്തരാവസ്ഥയുടെ നിഴലിൽ ഒരു സർവ്വകലാശാല’ എന്ന അനുഭവക്കുറിപ്പിൽ നിന്നുള്ള കുറിപ്പ് .

എഡിറ്റർ : എം എ ബേബി
പേജ് : 424
പ്രസാ: ചിന്ത പബ്ലിഷേഴ്സ്
വില : 560

Hot this week

ലോറ മൾവി: ദൃശ്യാനന്ദവും സിനിമാഖ്യാനവും

ലിംഗപദവിയിലെ അസമത്വങ്ങൾക്ക് ബഹുവിധമായ പരിമാണങ്ങളുണ്ട്. ഇത്തരം അസമത്വങ്ങൾ ചിലപ്പോൾ സ്പഷ്ടമായി കാണാവുന്ന...

ഫാസിസവും നവഫാസിസവും‐ 10

സൈനികവൽക്കരണം തകർന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിന് ഒരു പുനർജന്മം നൽകുക എന്നതാണ് ഫാസിസം ഉദ്ദേശിക്കുന്നത്...

അടിയന്തരാവസ്ഥ: പോസ്റ്റ്‌ കൊളോണിയൽ ഇന്ത്യയിലെ ആദ്യ സ്വേച്ഛാധിപത്യ വാഴ്‌ചയുടെ സാമൂഹിക, സാമ്പത്തിക മാനങ്ങൾ‐ 1

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 88 1975‐77 കാലയളവിൽ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഭരണകൂടം നടപ്പിലാക്കിയ...

റോന്തിലെ ‌ഉള്ളുല‌യ്‌ക്കുന്ന കാഴ്ചകൾ

കാഴ്‌ച പരിസരത്തിലേക്ക്‌ പ്രേക്ഷകനെ ഉൾച്ചേർക്കുന്ന ആഖ്യാനഘടനയാണ്‌ ഓരോ ഷാഹി കബീർ സിനിമകളും....

ഡി വെങ്കിടേശ്വര റാവു

1917 ജൂൺ ഒന്നിന്‌ ആന്ധ്രപ്രദേശിലെ വാറംഗൽ ജില്ലയിലെ ഇംഗുർത്തി ഗ്രാമത്തിലാണ്‌ ദേവുലപ്പള്ളി...

Topics

ലോറ മൾവി: ദൃശ്യാനന്ദവും സിനിമാഖ്യാനവും

ലിംഗപദവിയിലെ അസമത്വങ്ങൾക്ക് ബഹുവിധമായ പരിമാണങ്ങളുണ്ട്. ഇത്തരം അസമത്വങ്ങൾ ചിലപ്പോൾ സ്പഷ്ടമായി കാണാവുന്ന...

ഫാസിസവും നവഫാസിസവും‐ 10

സൈനികവൽക്കരണം തകർന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിന് ഒരു പുനർജന്മം നൽകുക എന്നതാണ് ഫാസിസം ഉദ്ദേശിക്കുന്നത്...

അടിയന്തരാവസ്ഥ: പോസ്റ്റ്‌ കൊളോണിയൽ ഇന്ത്യയിലെ ആദ്യ സ്വേച്ഛാധിപത്യ വാഴ്‌ചയുടെ സാമൂഹിക, സാമ്പത്തിക മാനങ്ങൾ‐ 1

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 88 1975‐77 കാലയളവിൽ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഭരണകൂടം നടപ്പിലാക്കിയ...

റോന്തിലെ ‌ഉള്ളുല‌യ്‌ക്കുന്ന കാഴ്ചകൾ

കാഴ്‌ച പരിസരത്തിലേക്ക്‌ പ്രേക്ഷകനെ ഉൾച്ചേർക്കുന്ന ആഖ്യാനഘടനയാണ്‌ ഓരോ ഷാഹി കബീർ സിനിമകളും....

ഡി വെങ്കിടേശ്വര റാവു

1917 ജൂൺ ഒന്നിന്‌ ആന്ധ്രപ്രദേശിലെ വാറംഗൽ ജില്ലയിലെ ഇംഗുർത്തി ഗ്രാമത്തിലാണ്‌ ദേവുലപ്പള്ളി...

എ ഐ ആറിലൂടെ അടിയന്തരാവസ്ഥാ പ്രഖ്യാപനം നടത്തുന്ന ഇന്ദിരാഗാന്ധി

എ ഐ ആറിലൂടെ അടിയന്തരാവസ്ഥാ പ്രഖ്യാപനം നടത്തുന്ന ഇന്ദിരാഗാന്ധി
spot_img

Related Articles

Popular Categories

spot_imgspot_img