നക്ഷത്രങ്ങൾ നിറഞ്ഞ അഫ്ഗാൻ വാനത്തിനു കീഴെ…. 

രേണു രാമനാഥ്

സൂം വിൻഡോയിലെ മൂന്നാമത്തെ ചതുരക്കളത്തിന് മുഖമില്ലായിരുന്നു.  മറ്റുള്ളവയിലൊന്നിൽ ഞാനും, പിന്നെ റേച്ചൽ കരാഫിസ്താനും.  റേച്ചൽ നാടകപ്രവർത്തകയാണ്.  ബെർലിനിൽ താമസിക്കുന്ന ബ്രിട്ടീഷുകാരി.  മുത്തച്ഛൻ വഴി ടർക്കിഷ് വംശജ.  ഭർത്താവ് പോളണ്ടുകാരൻ.

റേച്ചൽ കരാഫിസ്താൻ ‘അയ് കാഷി ‘ൽ

മൂന്നാമത്തെ ചതുരക്കളത്തിലെ പെൺകുട്ടിക്ക് മുഖം മാത്രമല്ല, പേരുമില്ല.  “സുരക്ഷാകാരണങ്ങൾ കൊണ്ട് ഞങ്ങൾ പേരുകൾ പരാമർശിക്കാറില്ല,” റേച്ചൽ പറഞ്ഞു.  “ഈ കുട്ടിയെ ഞങ്ങൾ ‘വക്കീൽ’ എന്നാണ് പറയുന്നത്.  കാരണം മറ്റൊന്നുമല്ല, വക്കീലാവണമെന്നായിരുന്നു അവളുടെ ആഗ്രഹം.” ഭൂതകാലക്രിയയിലാണ് റേച്ചൽ പറഞ്ഞത്.  ‘ആവണമെന്നാണ്’ എന്നല്ല, ‘ആയിരുന്നു’ എന്ന്.  അഫ്ഗാനിസ്താനിലെ പെൺകുട്ടികളെ സംബന്ധിച്ച് ഭൂതവും ഭാവിയും   വർത്തമാനവുമെല്ലാം ഒന്നാണ്. ഒരേപോലെ ഇരുളടഞ്ഞത്.  മൂന്നാമത്തെ ചതുരക്കളത്തിലെ പതിനഞ്ചുകാരിക്ക് വക്കീലാവാൻ കഴിയുമെന്ന് ഇപ്പോഴവൾ പ്രതീക്ഷിക്കുന്നില്ല.  “ഓരോ ദിവസം കഴിയുന്തോറും അവർക്ക് പ്രതീക്ഷകൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്,” റേച്ചൽ നേരത്തേ പറഞ്ഞിരുന്നു.

‘നക്ഷത്രാങ്കിതമായ അഫ്ഗാൻ വാനത്തിനു കീഴെ’ (Under the Starry Afghan Sky) എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിന്റെ പേരിലുള്ള ഒരു ഓൺലൈൻ കൂട്ടായ്മയിലെ അംഗമാണാ പെൺകുട്ടി.  അവർ പതിനൊന്നു പേരുണ്ട്.  നക്ഷത്രങ്ങൾ നിറഞ്ഞ ആകാശങ്ങളെല്ലാം നിഷേധിക്കപ്പെട്ട പെൺകുട്ടികൾ.  അക്കൂട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞവളാണ് എന്റെ മുന്നിലെ ചതുരക്കളത്തിലെ പേരറിയാപ്പെൺകുട്ടി.  വയസ്സ് പതിനഞ്ചേയുള്ളൂവെങ്കിലും അവളുടെ ശബ്ദത്തിന് പ്രായത്തിൽ കവിഞ്ഞ പക്വതയുണ്ടായിരുന്നു. കുട്ടിത്തം നഷ്ടപ്പെട്ട, ഇരുത്തം വന്ന ശബ്ദം.

ഏതാണ്ട് രണ്ടു വർഷം മുമ്പാണ് Under the Starry Afghan Sky എന്ന ഇൻസ്റ്റാഗ്രാം കൂട്ടായ്മയെപ്പറ്റിയും, അതിലൂടെ നിർമ്മിക്കപ്പെട്ട ‘അയ് കാഷ്’ (Ay Kash) എന്ന അസാധാരണമായ രംഗാവതരണത്തെപ്പറ്റിയും അറിയാനിടയായത്.  പോളണ്ടിലെ ഗ്രോട്ടോവ് സ്കി ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച രണ്ടു ദിവസത്തെ  അന്താരാഷ്ട്ര സിമ്പോസിയമുണ്ടായിരുന്നു. Saving the Hope – Theatrical Artivism in Spaces of Conflict എന്ന പേരിൽ നടന്ന ആ സിമ്പോസിയത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പത്തു പതിനാലു തിയേറ്റർ ആക്റ്റിവിസ്റ്റുകളുണ്ടായിരുന്നു.  നാടകപ്രവർത്തകർ എന്ന മലയാളപദത്തിനു പകരം, ‘തിയേറ്റർ ആക്റ്റിവിസ്റ്റുകൾ’ എന്ന ഇംഗ്ലീഷ് പദമുപയോഗിച്ചത് മനപ്പൂർവ്വമാണ്. പ്രവർത്തകരല്ല ആക്റ്റിവിസ്റ്റുകൾ.  സാധാരണ പ്രവർത്തനത്തിനേക്കാൾ പതിന്മടങ്ങ് തീക്ഷ്ണമാണത്.  ജീവിച്ചിരിക്കുന്നതു തന്നെ ദുസ്സാദ്ധ്യമാകുന്ന സാഹചര്യങ്ങൾക്കു കീഴിൽ, അതിജീവനത്തിനായുള്ള പോരാട്ടത്തിന്റെ ഭാഗമായി, ആ പോരാട്ടത്തിനായി, തിയേറ്ററിനെയും എഴുത്തിനെയും, സിനിമയെയും, മറ്റെല്ലാ കലാരൂപങ്ങളെയും ഉപയോഗിക്കുന്നവർ, ജീവിച്ചിരിക്കൽ പോലും ദുസ്സഹമാകുമ്പോൾ, പിടിച്ചു നിൽക്കാനുള്ളൊരുപാധിയായി, പ്രതീക്ഷയുടെ ഒരു നാമ്പായി, ആത്മപ്രകാശനമാർഗ്ഗങ്ങളെ ഉപയോഗിക്കുന്നവർ, അങ്ങനെയും അതിജീവിക്കാമെന്ന്‌ മറ്റുള്ളവരെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നവർ – അവരൊക്കെയായിരുന്നു ആ സിമ്പോസിയത്തിൽ പങ്കെടുത്തിരുന്നത്.  തീർത്തും അസാധാരണമായ ആ സിമ്പോസിയത്തിന്റെ മുഖ്യസംഘാടകൻ, പോളിഷ് നാടകപ്രവർത്തകനായ യാരൊസ്ലാവ് സീക്കോവ് സ്കിയായിരുന്നു.  പോളിഷ് നാടകസംഘമായ തിയേറ്റ്രോ ബുയിറോ പൊദ്രോസിയുടെ ഭാഗമായി പലവട്ടം അന്താരാഷ്ട്രനാടകോത്സവമായ ഇറ്റ് ഫോക്കിൽ പങ്കെടുക്കാൻ തൃശൂരിലെത്തിയിട്ടുണ്ട് യാരെക് എന്ന യാരൊസ്ലാവ്.  യാരെക്കിന്റെ ക്ഷണമനുസരിച്ചാണു ഈ സിമ്പോസിയത്തിൽ പങ്കെടുത്തതും.

രണ്ടു ദിവസമായി നടന്ന സിമ്പോസിയത്തിലെ ഏറ്റവുമവസാനത്തെ പ്രസന്റെഷനായിരുന്നു റേച്ചലിന്റെത്.  കഴിഞ്ഞ ഏതാനും വർഷമായി, താൻ ബന്ധം പുലർത്തിപ്പോരുന്ന അഫ്ഗാൻ പെൺകുട്ടികളുടെ ഒരു ഇൻസ്റ്റഗ്രാം കൂട്ടായ്മയെപ്പറ്റിയും, അതിലൂടെ രൂപം കൊടുത്തു കൊണ്ടിരിക്കുന്ന തിയേറ്റർ പ്രോജക്റ്റിനെപ്പറ്റിയുമായിരുന്നു റേച്ചലിന്റെയാ പ്രസന്റെഷൻ.

ഉള്ളിലടക്കിപ്പിടിച്ച വിറയലോടെയാണ്, ഞാൻ മാത്രമല്ല, ഓൺലൈനിലും ഓഫ് ലൈനിലുമായി സിമ്പോസിയത്തിൽ പങ്കെടുത്തവരൊക്കെ റേച്ചലിന്റെ വാക്കുകൾ ശ്രവിച്ചതും, വീഡിയോചിത്രങ്ങൾ കണ്ടതും.  ഏതോ യക്ഷിക്കഥ കേൾക്കും പോലെ, നാം കേട്ടു മാത്രം പരിചയിച്ച താലിബാന്റെ ഇരുമ്പുമറയ്ക്കുള്ളിൽ നിന്നു കൊണ്ട്, തങ്ങൾക്കു നിഷേധിക്കപ്പെട്ട അറിവിന്റെയും ആത്മപ്രകാശനത്തിന്റെയും ലോകങ്ങളെ തിരിച്ചുപിടിക്കാൻ വെമ്പുന്ന ഒരുകൂട്ടം സ്ത്രീകളും, പെൺകുട്ടികളും.  ലോകത്തിന്റെ പലപല കോണുകളിലിരുന്നു കൊണ്ട് അവർക്ക് സഹായഹസ്തമേകുന്നവർ.  സ്വന്തം ജീവൻ വരെ പണയം വെച്ചു കൊണ്ട് അറിവു നേടുവാനായി പൊരുതുന്നവർ.

റേച്ചൽ കരാഫിസ്താൻ ഈ പെൺകുട്ടികളെ പരിചയപ്പെടുന്നത് 2022-ലാണ്. ഹെരാത് ഓൺലൈൻ സ്കൂൾ എന്ന മറ്റൊരു ഇൻസ്റ്റാഗ്രാം കൂട്ടായ്മ വഴിയായിരുന്നു അത്. താലിബാൻ വന്നതോടെ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട അഫ്ഗാൻ പെൺകുട്ടികൾക്ക് എന്തെങ്കിലും തരത്തിലുള്ള തുടർവിദ്യാഭ്യാസം നൽകാനും അങ്ങനെ അവരുടെ പ്രതീക്ഷകൾ കെടാതെ സൂക്ഷിക്കാനുമായി, ആഞ്ജല ഖയൂർ എന്ന അഫ്ഗാൻ വനിത സ്ഥാപിച്ചതാണ് ഹെരാത് ഓൺലൈൻ സ്കൂൾ.  1996 മുതൽ 2001 വരെ നീണ്ടുനിന്ന ആദ്യ താലിബാൻ ഭരണത്തിനിടയിൽ, ഇറാനിൽ അഭയാർത്ഥിയായി ചെലവഴിച്ച ബാല്യകാലമാണ് രാഷ്ട്രീയാനിശ്ചിതത്വങ്ങൾ ഔപചാരികവിദ്യാഭ്യാസലബ്ധിയെ ബാധിക്കുന്നതെങ്ങനെയെന്ന് ആഞ്ജലയെ ബോധ്യപ്പെടുത്തിയത്.  താലിബാൻ പുറത്താക്കപ്പെട്ട ശേഷം 2002-ൽ അഫ്ഗാനിസ്ഥാനിൽ തിരിച്ചെത്തിയ ആഞ്ജല ഹെരാത് സർവ്വകലാശാലയിൽ നിന്ന് പേഴ്സ്യൻ സാഹിത്യത്തിൽ ബിരുദം നേടി.  പക്ഷെ, 2021-ൽ, താലിബാൻ തിരിച്ച് അധികാരം കയ്യേറിയതോടെ ആഞ്ജലക്ക് വീണ്ടും അഫ്ഗാനിസ്ഥാൻ വിട്ടോടേണ്ടി വന്നു.  അതിനു ശേഷമാണ് അവർ ബ്രിട്ടൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഹെരാത് ഓൺലൈൻ സ്കൂൾ സ്ഥാപിക്കുന്നത്.  തുടർന്ന്, അഫ്ഗാനിസ്ഥാൻ എജ്യുക്കേഷൻ ആക് ഷൻ (AEA)  എന്ന സന്നദ്ധസംഘടനയും.

ആരംഭിച്ച് വെറും ഒരു മാസം കൊണ്ട് ഹെരാത് ഓൺലൈൻ സ്കൂളിന് 700 അദ്ധ്യാപകരെ കണ്ടെത്താനായി ആഞ്ജലക്ക്.  ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ളവർ. ഇപ്പോൾ ദിവസവും ഏതാണ്ട് ആയിരത്തോളം വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ നൽകാനാവുന്നുണ്ടിവർക്ക്.  അതിൽ 70 ശതമാനവും സ്ത്രീകളും പെൺകുട്ടികളും.  കണക്ക്, സയൻസ്, ഇംഗ്ലീഷ് തുടങ്ങിയ അക്കാദമിക് വിഷയങ്ങൾക്കു പുറമെ, സംഗീതം, കല,  ഫിലോസഫി, യോഗ തുടങ്ങിയ വൈവിദ്ധ്യമാർന്ന വിഷയങ്ങളും ഇവിടെ പഠിപ്പിക്കപ്പെടുന്നുണ്ട്.

ഹെരാത് ഓൺലൈൻ സ്കൂളിൽ ഇംഗ്ലീഷ് പഠിപ്പിക്കാനെത്തിയതാണ് റേച്ചൽ കരാഫിസ്താൻ.  ആകാശം നിഷേധിക്കപ്പെട്ട ആ പെൺകുട്ടികളുമായി ഇടപഴകിത്തുടങ്ങിയപ്പോഴാണു റേച്ചലിന്റെ മനസ്സിൽ സ്വന്തം പ്രവർത്തനരംഗമായ തിയേറ്ററുമായി ഇവരെ ബന്ധപ്പെടുത്തണമെന്ന ആഗ്രഹം ഉദിക്കുന്നത്.  അങ്ങനെ Under the Starry Afghan Sky എന്ന ഇൻസ്റ്റാഗ്രാം പേജ് ജനിച്ചു.  വരയ്ക്കാനും, വായിക്കാനും, നാടകം ചെയ്യാനും, പാട്ടു പാടാനുമൊക്കെ വെമ്പുന്ന പതിനൊന്നു പെൺകുട്ടികളുണ്ട് ഈ കൂട്ടായ്മയിൽ; 15 മുതൽ 23 വരെ പ്രായമുള്ളവർ.  അവരുടെ സുരക്ഷക്കു മുൻഗണന കൊടുക്കേണ്ടതു കൊണ്ട്, ഈ പെൺകുട്ടികളൊന്നും സ്വന്തം പേരിലല്ല അറിയപ്പെടുന്നത്.  “ഞങ്ങളുടെ ആശയവിനിമയത്തിലൊന്നും തന്നെ അവരുടെ പേരുകൾ ഉപയോഗിക്കുന്നില്ല,” റേച്ചൽ പറഞ്ഞു. ‘വക്കീൽ,’ ‘സർജൻ,’ ‘പെയിൻ്റർ,’ ‘ദി ഡിപ്ലോമാറ്റ്,’ ‘ദി പൊളിറ്റീഷ്യൻ’ എന്നിങ്ങനെ, അവരാഗ്രഹിക്കുന്ന, അല്ലെങ്കിൽ ആഗ്രഹിച്ചിരുന്ന തൊഴിൽ മേഖലകളുടെ പേരു കൊണ്ട് ഈ പെൺകുട്ടികൾ / യുവതികൾ പരാമർശിക്കപ്പെടുന്നു.  ഈ ഇൻസ്റ്റാഗ്രാം പേജിൽ ഏതാണ്ടെല്ലാ ദിവസവും ഇവരുടെ സർഗപ്രതിഭ പ്രകാശിപ്പിക്കപ്പെടുന്നുണ്ട്.  അവർ വരച്ച ചിത്രങ്ങൾ, അവരെഴുതിയ കവിതകൾ, അവരുടെ വാക്കുകൾ, അവരുടെ നെടുവീർപ്പുകൾ – സ്വന്തം കിടപ്പുമുറികളുടെ സ്വകാര്യതയിൽ നിന്ന് അവർ തങ്ങൾക്കു വിലക്കപ്പെട്ട ആകാശങ്ങളെ എത്തിപ്പിടിക്കാൻ ശ്രമിക്കുകയാണ്.

“ഞങ്ങളെ സംബന്ധിച്ച് തീർത്തും പുതിയൊരനുഭവമായിരുന്നു ഇത്,”  സൂം വിൻഡോയിലെ പേരറിയാപ്പെൺകുട്ടി – വക്കീൽ എന്നു മാത്രമറിയപ്പെടുന്നവൾ – പറഞ്ഞു.  “അഫ്ഗാനിസ്ഥാനിൽ പൊതുവെ തിയേറ്റർ പ്രോജക്റ്റുകളൊന്നും പണ്ടേ അത്ര സ്വാഗതം ചെയ്യപ്പെടുന്നില്ല. അതു കൊണ്ടു തന്നെ ഞാൻ ശരിക്കും നെർവസ് ആയിരുന്നു. പക്ഷേ, റേച്ചൽ ഞങ്ങളുടെ ആശങ്കകളെയെല്ലാം അകറ്റി.”

“2021-നു മുമ്പ് എങ്ങനെയായിരുന്നു നിങ്ങളുടെ ജീവിതം?” ഞാൻ സൂം വിൻഡോയിലെ പെൺകുട്ടിയോട് ചോദിച്ചു.  “2021-നു മുമ്പ്, ഞാൻ നൈൻത്ത്  ഗ്രേഡിൽ (ഏതാണ്ട് ഒമ്പതാം ക്ലാസ്) ആയിരുന്നു,” അവൾ പറഞ്ഞു. “ഇപ്പോൾ നാലു വർഷമായി.  സ്കൂളിൽ പോകുന്നത് തുടർന്നിരുന്നെങ്കിൽ ഞാനിപ്പോൾ കോളേജിലായേനെ.  പക്ഷെ, അതുണ്ടായില്ല.  വക്കീലാവണമെന്ന് ഞാൻ ആഗ്രഹിച്ചു തുടങ്ങിയത് ഫോർത്ത് ഗ്രേഡിൽ പഠിക്കുമ്പോഴാണ്.  അമ്മയോട് സംസാരിക്കുമ്പോഴാണ് സ്ത്രീകൾക്കു വേണ്ട് എന്തെങ്കിലും ചെയ്യണമെന്നും, അതിനു ഒരു വക്കീലാവുകയാണേറ്റവും നല്ലതെന്നും എനിക്ക് തോന്നാൻ തുടങ്ങിയത്.”

താലിബാൻ രണ്ടാമതും വരുന്നതിനു മുമ്പുള്ള സമയത്തും, അഫ്ഗാനിസ്ഥാനിലെ സ്ത്രീജീവിതം അത്ര മെച്ചപ്പെട്ടതൊന്നുമായിരുന്നില്ല എന്നവൾ പറഞ്ഞു. നിയമം പഠിക്കാനൊക്കെപ്പറ്റും. പക്ഷെ, പരമാവധി ഏതെങ്കിലും കമ്പനികൾക്കോ, സ്ഥാപനങ്ങൾക്കോ വേണ്ടി ജോലി ചെയ്യാം. കോടതിയിൽ പോയി വാദിക്കാനും പ്രൊഫഷണൽ കരിയർ ഉണ്ടാക്കാനുമൊന്നും അത്ര എളുപ്പമായിരുന്നില്ല. “എന്നാലും, നിയമം അറിയുന്നവർക്ക് സ്ത്രീകൾക്കായി പലതും ചെയ്യാൻ കഴിയുമെന്ന് എനിക്കു തോന്നിയിരുന്നു. പ്രത്യേകിച്ച് വിവാഹമോചനമൊക്കെയായി ബന്ധപ്പെട്ട വിഷയങ്ങളിൽ.  എനിക്കൊരുപാട് പ്രതീക്ഷയുണ്ടായിരുന്നു.  അന്നേ, അതായത് നാലു വർഷം മുമ്പേ, ഞാൻ യൂണിവേഴ് സിറ്റിയിലേക്കുള്ള പ്രവേശനപരീക്ഷക്ക് തയ്യാറെടുക്കാൻ തുടങ്ങി.  പക്ഷെ, പതുക്കെപ്പതുക്കെ എനിക്ക് മനസ്സിലാവാൻ തുടങ്ങി, എന്റെ സ്വപ്നങ്ങളൊന്നും അഫ്ഗാനിസ്ഥാനിൽ സാധ്യമാകാൻ പോകുന്നില്ലെന്ന്.”

സ്ത്രീകളുടെ അവകാശങ്ങളെപ്പറ്റി സംസാരിക്കാൻ ധൈര്യപ്പെട്ട ഒരു അഫ്ഗാൻ സ്ത്രീയുടെ ദുരന്തത്തെപ്പറ്റി അവൾ പറഞ്ഞു, “അവർ നടത്തിയിരുന്ന (സ്ത്രീകളുടെ) ഹെയർ ഡ്രസിംഗ് സലൂൺ അടച്ചു പൂട്ടപ്പെട്ടു. അവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടും ഫേസ് ബുക്ക് അക്കൗണ്ടും നിർത്തലാക്കി. അവർക്ക് ഇനിയെന്താണു സംഭവിക്കുകയെന്നറിയില്ല.”

അവളുടെ ഇന്നത്തെ ജീവിതത്തപ്പറ്റി കൂടുതലൊന്നും ചോദിക്കാൻ എനിക്കു ധൈര്യമുണ്ടായില്ല.  തനിക്കിനി സ്കൂളിൽ പോവാനാവില്ലെന്ന്, സ്കൂളിന്റെ കവാടങ്ങൾ എന്നെന്നേക്കുമായി അടഞ്ഞുവെന്ന് പതിനൊന്നാം വയസ്സിൽ തിരിച്ചറിഞ്ഞ ഒരു പെൺകുട്ടിയോട് ഞാനെന്തു ചോദിക്കാൻ! എങ്ങനെയാണവളുടെ സ്വരത്തിന് പതിനഞ്ചു വയസ്സിൽ കവിഞ്ഞ മുതിർച്ച വന്നതെന്ന് എനിക്കു മനസ്സിലായി. പതിനഞ്ചല്ല, പതിനൊന്നാം വയസ്സിലേ അവൾ മുതിർന്നു കാണണം.  ജീവിതം തലകീഴ്മേലായി മറിഞ്ഞു കഴിഞ്ഞുവെന്നു മനസ്സിലാകുന്ന നിമിഷത്തിൽ കുട്ടികളുടെ ശബ്ദത്തിൽ നിന്നും മുഖത്തു നിന്നും കുട്ടിക്കാലം ഇറങ്ങിപ്പോകുമല്ലോ.

“പെൺകുട്ടികളുടെ സ്കൂളുകൾ തുടക്കത്തിലേ അടക്കപ്പെട്ടു,” അവൾ പറഞ്ഞു. “From day one. ആറാം ഗ്രേഡ് വരെ പെൺകുട്ടികൾക്ക് സ്കൂളിൽ പോകാം. ഞാൻ ഒമ്പതാം ഗ്രേഡിൽ ആയിരുന്നല്ലോ.  നാലു വർഷമായി ഞാൻ സ്കൂളിൽ പോയിട്ട്.  യൂണിവേഴ് സിറ്റികളും അതുപോലെത്തന്നെ.”

പക്ഷെ, ഇരുളിൽ ഒരു കീറു വെളിച്ചം പോലെയാണ് ഹെരാത് ഓൺലൈൻ സ്കൂൾ അവരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്.  “ഹെരാത് ഓൺലൈൻ സ്കൂളുമായി ബന്ധപ്പെടാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായിരുന്നു.  സാധാരണ സ്കൂളിൽ നിന്നു പഠിക്കുന്നതിലും ഏറെ വിഷയങ്ങൾ ഞങ്ങൾക്ക് ഇവിടെ നിന്നു ലഭിക്കുന്നുണ്ട്.  സൈക്കോളജിസ്റ്റുകൾ കൂടിയുണ്ട് അദ്ധ്യാപകർക്കിടയിൽ. ഞങ്ങൾ നേരിടുന്ന മാനസികപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഇവരൊക്കെ സഹായിക്കുന്നു. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള അദ്ധ്യാപകരുണ്ട് ഞങ്ങൾക്ക്, ലണ്ടനിൽ നിന്ന്, അമേരിക്കയിൽ നിന്ന്, ബെർലിനിൽ നിന്ന്.” അവളിപ്പോൾ മാൻഡരിൻ ഭാഷ കൂടി പഠിച്ചിട്ടുണ്ടെന്ന് റേച്ചൽ പറഞ്ഞു.

ഈ പെൺകുട്ടികളുടെ വാക്കുകളും വരകളും കോർത്തിണക്കിക്കൊണ്ട്, കോസ് മിനോ പ്രൊഡക് ഷൻസിന്റെ ബാനറിൽ റേച്ചൽ കരാഫിസ്താൻ സംവിധാനം ചെയ്ത രംഗാവതരണമാണ് ‘അയ് കാഷ്.’ ഫാർസി ഭാഷയിൽ ‘അയ് കാഷ്’ എന്നതിനർത്ഥം, ‘If Only’ എന്നാണ്.  മലയാളത്തിലെ വാച്യാർത്ഥം ‘എങ്കിൽ മാത്രം,’ എന്നാണെങ്കിലും, ഉദ്ദേശിക്കുന്നത്, ‘അങ്ങനെയായിരുന്നെങ്കിൽ….’ എന്നും.  താലിബാൻ അധികാരത്തിൽ വരാതിരുന്നെങ്കിൽ….  പെൺകുട്ടികൾക്ക് പഠനം നിഷേധിക്കപ്പെടാതിരുന്നെങ്കിൽ…. സ്ത്രീകൾക്ക് ലോകം നിഷേധിക്കപ്പെടാതിരുന്നെങ്കിൽ…..  ജീവിതത്തിലെ ഏറ്റവും അടിസ്ഥാനപരമായ, ലളിതമായ ആവശ്യങ്ങൾക്കു വേണ്ടിയുള്ള മോഹങ്ങൾ ഉള്ളിലടക്കി കറുത്ത തുണിയുടെ ഇരുട്ടിൽ ജീവിക്കേണ്ടി വരുന്ന സ്ത്രീകളുടെ സ്വപ്നങ്ങളാണ് ഈ രംഗാവതരണത്തിലൂടെ റേച്ചൽ കാണികളിലെത്തിക്കുന്നത്.  രംഗത്ത് റേച്ചൽ മാത്രമേ അഭിനേതാവായി എത്തുന്നുള്ളൂവെങ്കിലും, പേരറിയാത്ത മറ്റ് പതിനൊന്നു പേരുടെ അദൃശ്യസാന്നിദ്ധ്യവും പേറുന്നതാണ് ഹൈബ്രിഡ് രംഗാവതരണമായ ‘അയ് കാഷ്.’

2023-ൽ ബെർലിനിൽ ആദ്യമായി അവതരിപ്പിച്ച ‘അയ് കാഷ്’ വീണ്ടും പല അന്തർദ്ദേശീയ വേദികളിലും അവതരിപ്പിക്കപ്പെടുന്നുണ്ട്.  പക്ഷെ, അഫ്ഗാനിസ്ഥാനിലെ അവസ്ഥ കൂടുതൽ മോശമായിക്കൊണ്ടിരിക്കുന്നതു മൂലം, ചില മാറ്റങ്ങളോടെയാണു ‘അയ് കാഷ്’ ഇപ്പോൾ അവതരിപ്പിക്കുന്നതെന്ന് റേച്ചൽ പറഞ്ഞു.

ഒരിക്കലും നേരിട്ടു കണ്ടിട്ടില്ലാത്ത, ഏതെങ്കിലും കാലത്ത് നേരിട്ടു കാണുമോ എന്നറിയാത്ത ആ കുഞ്ഞിനെ ഒന്നു ചേർത്തു പിടിക്കാൻ എന്റെ മനസ്സു വെമ്പി.  എന്താണവളോടു പറയാനാവുക ?  നമ്മൾ കടന്നുപോകുന്ന ഈ സമയം ലോകചരിത്രത്തിലെ ഏറ്റവും ഇരുണ്ട കാലങ്ങളിലൊന്നാണെന്നോ?  ഇരുണ്ട കാലങ്ങൾക്കും പക്ഷേ, അവസാനമുണ്ടാകുമെന്നോ? ഇരുണ്ട കാലങ്ങളിലും, വെളിച്ചത്തിന്റെ കീറുകൾ കാണുമെന്നോ?  ആഞ്ജലയെപ്പോലെ, റേച്ചലിനെപ്പോലെ ലോകത്തിന്റെ നാനാഭാഗങ്ങളിലുമുള്ള മനുഷ്യർ ഇരുട്ടിലൂടെ കൈനീട്ടിപ്പിടിച്ച് പരസ്പരം താങ്ങാകുമെന്നോ?  ഇന്ത്യയുടെ തെക്കേ കോണിലെ ഒരു കൊച്ചു പട്ടണത്തിലിരുന്ന് ഞാനും, അഫ്ഗാനിസ്ഥാനിലെ ഏതോ വീട്ടിലിരുന്ന് അവളും, ബർലിനിലെ ഒരു അപാർട്ട്മെൻ്റിലിരുന്ന് റേച്ചലും സംസാരിക്കാൻ അല്ലെങ്കിൽ ഇടയാവുമായിരുന്നില്ലെന്നോ? നക്ഷത്രങ്ങൾ നിറഞ്ഞ അഫ്ഗാൻ വാനം എന്നെങ്കിലും അവൾക്ക് പൂർണ്ണമായി തിരിച്ചു കിട്ടുമെന്നോ?  നക്ഷത്രങ്ങൾ നിറഞ്ഞ ഏതെങ്കിലും വാനത്തിനു താഴെ ഞാനവളെ എന്നെങ്കിലും കണ്ടുമുട്ടുമെന്നോ ?

എനിക്കറിയില്ലായിരുന്നു.

Hot this week

ലോറ മൾവി: ദൃശ്യാനന്ദവും സിനിമാഖ്യാനവും

ലിംഗപദവിയിലെ അസമത്വങ്ങൾക്ക് ബഹുവിധമായ പരിമാണങ്ങളുണ്ട്. ഇത്തരം അസമത്വങ്ങൾ ചിലപ്പോൾ സ്പഷ്ടമായി കാണാവുന്ന...

ഫാസിസവും നവഫാസിസവും‐ 10

സൈനികവൽക്കരണം തകർന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിന് ഒരു പുനർജന്മം നൽകുക എന്നതാണ് ഫാസിസം ഉദ്ദേശിക്കുന്നത്...

അടിയന്തരാവസ്ഥ: പോസ്റ്റ്‌ കൊളോണിയൽ ഇന്ത്യയിലെ ആദ്യ സ്വേച്ഛാധിപത്യ വാഴ്‌ചയുടെ സാമൂഹിക, സാമ്പത്തിക മാനങ്ങൾ‐ 1

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 88 1975‐77 കാലയളവിൽ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഭരണകൂടം നടപ്പിലാക്കിയ...

റോന്തിലെ ‌ഉള്ളുല‌യ്‌ക്കുന്ന കാഴ്ചകൾ

കാഴ്‌ച പരിസരത്തിലേക്ക്‌ പ്രേക്ഷകനെ ഉൾച്ചേർക്കുന്ന ആഖ്യാനഘടനയാണ്‌ ഓരോ ഷാഹി കബീർ സിനിമകളും....

ഡി വെങ്കിടേശ്വര റാവു

1917 ജൂൺ ഒന്നിന്‌ ആന്ധ്രപ്രദേശിലെ വാറംഗൽ ജില്ലയിലെ ഇംഗുർത്തി ഗ്രാമത്തിലാണ്‌ ദേവുലപ്പള്ളി...

Topics

ലോറ മൾവി: ദൃശ്യാനന്ദവും സിനിമാഖ്യാനവും

ലിംഗപദവിയിലെ അസമത്വങ്ങൾക്ക് ബഹുവിധമായ പരിമാണങ്ങളുണ്ട്. ഇത്തരം അസമത്വങ്ങൾ ചിലപ്പോൾ സ്പഷ്ടമായി കാണാവുന്ന...

ഫാസിസവും നവഫാസിസവും‐ 10

സൈനികവൽക്കരണം തകർന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിന് ഒരു പുനർജന്മം നൽകുക എന്നതാണ് ഫാസിസം ഉദ്ദേശിക്കുന്നത്...

അടിയന്തരാവസ്ഥ: പോസ്റ്റ്‌ കൊളോണിയൽ ഇന്ത്യയിലെ ആദ്യ സ്വേച്ഛാധിപത്യ വാഴ്‌ചയുടെ സാമൂഹിക, സാമ്പത്തിക മാനങ്ങൾ‐ 1

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 88 1975‐77 കാലയളവിൽ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഭരണകൂടം നടപ്പിലാക്കിയ...

റോന്തിലെ ‌ഉള്ളുല‌യ്‌ക്കുന്ന കാഴ്ചകൾ

കാഴ്‌ച പരിസരത്തിലേക്ക്‌ പ്രേക്ഷകനെ ഉൾച്ചേർക്കുന്ന ആഖ്യാനഘടനയാണ്‌ ഓരോ ഷാഹി കബീർ സിനിമകളും....

ഡി വെങ്കിടേശ്വര റാവു

1917 ജൂൺ ഒന്നിന്‌ ആന്ധ്രപ്രദേശിലെ വാറംഗൽ ജില്ലയിലെ ഇംഗുർത്തി ഗ്രാമത്തിലാണ്‌ ദേവുലപ്പള്ളി...

എ ഐ ആറിലൂടെ അടിയന്തരാവസ്ഥാ പ്രഖ്യാപനം നടത്തുന്ന ഇന്ദിരാഗാന്ധി

എ ഐ ആറിലൂടെ അടിയന്തരാവസ്ഥാ പ്രഖ്യാപനം നടത്തുന്ന ഇന്ദിരാഗാന്ധി
spot_img

Related Articles

Popular Categories

spot_imgspot_img