സംസ്‌കാരത്തിന്റെ വേരുകൾ തേടുമ്പോൾ പ്രകൃതിയും പാരമ്പര്യവും സമൂഹവും ഇഴചേർന്ന് നിലനിന്നിരുന്ന കലാസമ്പത്തും കലാരൂപങ്ങളുമാണ് നമുക്കുള്ളത് എന്ന് കാണാൻ കഴിയും. നാടൻ കലാരൂപങ്ങളും അനുഷ്‌ഠാന കലാരൂപങ്ങളും അവയിലൂടെ വളർന്ന സാങ്കേതികമികവും ലാവണ്യബോധവും പിൽക്കാല കലയിൽ/കലാവിഷ്‌കാരങ്ങളിൽ തെളിഞ്ഞുകാണാം. നമുക്കു മുന്നിലുള്ള കാഴ്‌ചയുടെയും ആശയങ്ങളുടെയും ദൃശ്യബിംബങ്ങളാണ് മിക്ക കലാരൂപങ്ങളെയും സമ്പന്നമാക്കുന്നത്. അവയിലൂടെ കാലത്തെ മറികടക്കുന്ന സ്‌ഫുടംചെയ്‌തെടുത്ത കലാവിഷ്‌കാരങ്ങൾ വിശ്വോത്തരങ്ങളായി സാഹിത്യത്തിലും സംഗീതത്തിലും മറ്റിതര കലാരൂപങ്ങളിലും ദൃശ്യമാണ്. ഇവിടെ ചിത്ര‐ശിൽപകലയാണ് പരാമർശിക്കപ്പെടുന്നത്.
നൂറ്റാണ്ടുകളിലൂടെ കാലദേശ വ്യതിയാനങ്ങളിലൂടെയുള്ള രൂപപരിണാമ പ്രക്രിയകളാണ് കലയുടെ വികാസത്തെ പൂർണതയിലെത്തിച്ചിരിക്കുന്നത്. ഒരു ജനതയുടെ ഭൗതിക സംസ്‌കാരവും സൗന്ദര്യ സംസ്‌കാരവും ചേരുന്ന കലാവബോധത്തിന്റെ പൂർണതയാണ് നമുക്കിവിടെ കാണാനാവുക. മേൽ സൂചിപ്പിച്ച കലാപാരമ്പര്യവും കലാസംസ്‌കാരവും പ്രകടമാക്കുന്ന ഭാരതീയ/കേരളീയ ചിത്ര‐ശിൽപരചനകൾ ദേശീയ, അന്തർദേശീയ തലങ്ങളിൽ അംഗീകാരങ്ങൾ നേടിക്കൊണ്ടിരിക്കുന്നു. പാശ്ചാത്യ രചനാസങ്കേതങ്ങളുടെ പഠനത്തിലൂടെ ഭാരതീയ വിഷയങ്ങളുൾക്കൊണ്ട കാൽപനിക ഭാവതലങ്ങൾ രാജാരവിവർമയിലൂടെ കലാചരിത്രത്തിൽ അടയാളപ്പെടുത്താനായി. 18‐ാം നൂറ്റാണ്ടിൽ വിദേശാധിപത്യത്തിലൂടെയുണ്ടായ സാംസ്‌കാരിക പരിവർത്തനങ്ങളിലാണ് രാജാരവിവർമയുടെ പ്രസക്തിയും ശ്രദ്ധിക്കപ്പെടുന്നത്. പുരാണ കഥാപാത്രങ്ങളും സമാനമായി തനിക്കു ചുറ്റുമുള്ള സാമൂഹ്യവിഷയങ്ങളും അദ്ദേഹം ചിത്രീകരിച്ചു. പ്രകൃതിഭാവങ്ങളും പശ്ചാത്തല ദൃശ്യങ്ങളും വസ്‌തുക്കളും വിഷയത്തോട് ചേർന്നുനിന്നുകൊണ്ടുള്ള ജനകീയ ചിത്രരചനയാണ് അദ്ദേഹം സ്വീകരിച്ചത്. ഇവിടെ രാജാരവിവർമ പരാമർശിക്കപ്പെടുന്നത് കല ജനങ്ങളിലേക്കെത്തിക്കുന്നതിന് അദ്ദേഹം നൽകിയ സേവനങ്ങളുടെ പ്രാധാന്യം ഓർമിപ്പിക്കാനാണ്. സ്വന്തം ചിത്രങ്ങളുടെ പകർപ്പുകൾ കുറഞ്ഞ വിലയ്‌ക്ക് സാധാരണക്കാരിലെത്തിക്കാൻ സ്വന്തമായി ലിത്തോഗ്രഫി പ്രിന്റിംഗ് പ്രസ് സ്ഥാപിച്ചുകൊണ്ടാണ് പ്രവർത്തനങ്ങളാരംഭിച്ചത്. സ്വദേശത്തും വിദേശങ്ങളിലും സാധാരണക്കാരായ കലാസ്വാദകർക്കും അല്ലാത്തവർക്കും കുറഞ്ഞ വിലയ്‌ക്ക് ചിത്രങ്ങൾ വാങ്ങി വീടുകളിൽ സൂക്ഷിക്കാൻ അങ്ങനെ അവസരമുണ്ടായി.
ആധുനിക ചിത്രകലയുടെ കുലപതിയായ കെ സി എസ് പണിക്കർ മദിരാശിയിൽ സാധാരണക്കാരുടെ ഇടയിലാണ് ചോഴമണ്ഡലം കലാഗ്രാമം സ്ഥാപിച്ച് കല ജനങ്ങളിലേക്കെത്തിച്ചത്. മേൽ സൂചിപ്പിച്ച ഘടകങ്ങളൊക്കെ കലാകാരരുടെ വളർച്ചയ്‌ക്കും കലയുടെ വളർച്ചയ്‌ക്കും ഊർജമേകിയിട്ടുണ്ട് എന്നത് യാഥാർഥ്യമാണ്. ഇത്തരം പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ചിത്ര‐ശിൽപകലാ ക്യാമ്പുകളും ചിത്ര‐ശിൽപ പ്രദർശനങ്ങളുമൊക്കെ. ദേശീയതലത്തിലും സംസ്ഥാനതലത്തിലുമുള്ള ചിത്രകലാ ക്യാമ്പുകൾ നഗരങ്ങളിലും ഗ്രാമങ്ങളിലുമൊക്കെ സംഘടിപ്പിക്കുന്നതു വഴി ചിത്രരചനാ സങ്കേതങ്ങളുടെ വൈവിധ്യങ്ങൾ സാമാന്യജനങ്ങൾക്ക് നേരിട്ട് കാണുവാനും പഠിക്കുവാനുമുള്ള അവസരമാണ് ഉണ്ടാകുന്നത്. സംസ്ഥാനത്ത് സാംസ്‌കാരിക സ്ഥാപനങ്ങളും കലാസംഘടനകളും കലാകാര കൂട്ടായ്‌മകളുമൊക്കെ ഇത്തരം പ്രവർത്തനങ്ങളിൽ സജീവമാകുന്നതിന്റെ ഭാഗമാണ് ആർട്ട് ആന്റ് ആർട്ടിസ്റ്റ് ഗ്രൂപ്പ് തട്ടേക്കാട് പക്ഷിസങ്കേതത്തിൽ ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചത്. കേരളത്തിലെ തിരഞ്ഞെടുത്ത പതിനഞ്ച് കലാകാരർ പങ്കെടുത്ത ക്യാമ്പിൽ പ്രകൃതിയുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് കൂടുതലും വരച്ചത്. പ്രകൃതിയിലെ പശ്ചാത്തല കാഴ്‌ചകളിലേക്ക് കലയുടെ ചിന്തകൾ സന്നിവേശിപ്പിക്കുകയാണ് ശ്രീജ പള്ളത്തിന്റെ ചിത്രം. വൈവിധ്യമാർന്ന നിറങ്ങളിലൂടെയുള്ള രൂപനിർമിതികൾ നിറഞ്ഞ ചിത്രതലത്തിലേക്കാണ് ശ്രീജയുടെ ചിത്രങ്ങൾ ആസ്വാദകരെ കൂട്ടുന്നത്. അതിന്റെ തുടർച്ചയാണ് തട്ടേക്കാട് ക്യാമ്പിലും ശ്രീജ വരച്ചത്.
പ്രകൃതിയുടെ താളലയസമ്മിശ്രമായ നിറക്കാഴ്‌ചകളാണ് ബിജി ഭാസ്‌കർ രചിച്ച ചിത്രം. മിനിയേച്ചർ ചിത്രങ്ങളുടെ സൂക്ഷ്‌മമായ ആവിഷ്‌കാരംപോലെ പ്രകൃതിയെ ആവാഹിച്ചവതരിപ്പിക്കുകയാണിദ്ദേഹം. തീവ്രമായ നിറസമൃദ്ധിയിലാണ് ലതാദേവി തന്റെ ചിത്രം പൂർത്തിയാക്കിയിരിക്കുന്നത്. നമുക്കു ചുറ്റുമുള്ള പ്രകൃതിയുടെ പച്ചപ്പിൽ കാണുന്ന ആയിരക്കണക്കായ പച്ചയുടെ ഷേഡുകളെ സ്വാംശീകരിച്ച് പുതിയ നിറങ്ങൾ കണ്ടെത്തുകയാണ് ഈ ക്യാമ്പിലെ പല കലാകാരരും. വർഗീസ് കളത്തിങ്കൽ, രഞ്‌ജിത്‌ലാൽ, ബിജി ഭാസ്‌കർ എന്നിവരുടെ ചിത്രങ്ങളിലൊക്കെ ഈയൊരു രചനാകൗശലം കാണാവുന്നതാണ്. ആകാശവും പുഴയും മരവുമൊക്കെ വർണത്തേപ്പുകളായി ഐസക് നെല്ലാട്, കെ ആർ കുമാരൻ എന്നിവർ ആവിഷ്‌കരിക്കുന്നു നവീനമായ അർഥതലങ്ങളിലൂടെ. മനോജ് നാരായണൻ, നിർമൽഖാൻ, ദിലീപ്, സുബ്രഹ്മണ്യൻ തുടങ്ങി പതിനഞ്ചുപേരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. ക്യാമ്പിൽ രചിച്ച ചിത്രങ്ങളുടെ പ്രദർശനം ജൂൺ മാസം നടത്തുമെന്നും പ്രദർശനത്തിലെ ചിത്രങ്ങളുടെ വിൽപനയിൽനിന്ന് ലഭിക്കുന്ന തുക വയനാട് ദുരന്ത സഹായനിധിയിലേക്ക് സംഭാവന നൽകാനും സംഘാടകർ തീരുമാനിച്ചിട്ടുണ്ട്. പ്രകൃതിയെ തൊട്ടറിയുന്നതിനും ചിത്രകല ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതിനും സഹായകമാകുംവിമുള്ള ക്യാമ്പുകൾ സംസ്ഥാനത്ത് വരുംമാസങ്ങളിൽ സംഘടിപ്പിക്കുവാനുള്ള ശ്രമവും ഒപ്പമുണ്ട്. മനോജ് നാരായണൻ, ഐസക് നെല്ലാട് എന്നിവർ നേതൃത്വം നൽകുന്നു. l