ഇന്റർനെറ്റിന്റെ സാധ്യതകൾ ഇന്ത്യൻ ഗ്രാമങ്ങളിലേക്ക് കടന്നു കയറുന്നതിന് മുൻപുള്ള ഒരു കാലഘട്ടത്തെ പ്രതിനിധീകരിച്ചു കൊണ്ടാണ് പ്രവീൺ കന്ദ്രേഗുലയുടെ സംവിധാനത്തിൽ ‘ശുഭം’ എന്ന തെലുങ്കു ചിത്രം പുറത്തുവരുന്നത്. 2021ൽ ആന്ധ്ര-കർണാടക അതിർത്തി പ്രദേശത്തെ ഒരു ഗ്രാമത്തിലെ കുറച്ചുചെറുപ്പക്കാർ ഒരു ക്യാമറ ഉപയോഗിച്ച് സിനിമ നിർമ്മിക്കുന്നതിനെ ചുറ്റിപ്പറ്റിയുള്ള കഥകൾ പറഞ്ഞു കൊണ്ടാണ് അയാൾ തന്റെ ആദ്യത്തെ സംവിധാന ചിത്രവുമായി പ്രേക്ഷകർക്കു മുൻപിലേക്ക് എത്തുന്നത് . ആദ്യ ചിത്രത്തിൽ എന്നപോലെ രണ്ടാമത്തെ ചിത്രവും പുതുമുഖങ്ങളാൽ സമ്പന്നമാണ്.
ഭീമിലി എന്ന ചെറുപട്ടണത്തിലെ ജനജീവിതം പശ്ചാത്തലമാക്കിയാണ് ശുഭം എന്ന സിനിമ ആരംഭിക്കുന്നത്. ഒരു മുത്തശ്ശി മരണശയ്യയിൽ കിടക്കുകയും അവിടെനിന്നും ഒരു സീരിയലിന്റെ അകമ്പടിയോടെ ഉയർത്തെഴുന്നേൽക്കുകയും ചെയ്യുന്നതാണ് ആദ്യ രംഗത്തിൽ. ഇന്ത്യൻ പശ്ചാത്തലത്തിലുള്ള ഈ ഹൊറർ കോമഡിചിത്രം , സോഷ്യൽ സറ്റയർ വിഭാഗത്തിലാണ് വരുന്നത് . പഴയ തെലുങ്ക് സിനിമകളുടെ അവസാനത്തിൽ ശുഭപര്യവസാനത്തെ സൂചിപ്പിക്കാൻ ‘ശുഭം’ എന്നെഴുതികാണിക്കുന്ന രീതിയുണ്ടായിരുന്നു. ഇതിനെ അനുസ്മരിക്കുംവിധമാണ് ടൈറ്റിൽ കാർഡ് നൽകിയിരിക്കുന്നത്.
ഭീമിലി ഗ്രാമത്തിലെ കേബിൾ ടീ വി ഓപ്പറേറ്ററായ ശ്രീനു (ഹർഷിത് റെഡ്ഢി) എന്ന ചെറുപ്പക്കാരന്റെയും രണ്ട് സുഹൃത്തുക്കളുടെയും ജീവിതവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന രസകരമായ പശ്ചാത്തല വിവരണങ്ങളുമാണ് സിനിമയുടെ ജീവനാഡി. ശ്രീനുവിന്റെ വിവാഹവും അതിനുശേഷം ചുരുളഴിയുന്ന കഥാപശ്ചാത്തലവും വളരെ രസകരമായി തന്നെ അവതരിപ്പിക്കുന്നതിൽ വാസന്ത മാരിഗന്റിയും (തിരക്കഥാകൃത്ത്) പ്രവീൺ കന്ദ്രേഗുലയും വിജിയിക്കുന്നു.
ശ്രീനുവിന്റെ മറ്റു രണ്ട് സുഹൃത്തുക്കളും നമുക്ക് ചിരപരിചിതരായടിപ്പിക്കൽ ആൺമുഖങ്ങളാണ്. സ്ത്രീകൾ ജോലിക്ക് പോകുന്നതിനും ശബ്ദമുയർത്തുന്നതിനും സ്വപ്നം കാണുന്നതിനുമെല്ലാം ഇവരെതിരാണ്. ഒരു സമൂഹം എങ്ങനെ പാട്രിയാർക്കിയുടെ ഇരകയായി തീരുന്നു എന്ന് ഈ സിനിമ പറഞ്ഞുവെക്കുന്നു.
ഈ സിനിമയിലെ ഒരു രംഗം നോക്കാം.
ശ്രീനുവിന്റെ സുഹൃത്ത് “ നീ ഓഫീസിൽ നിന്നും വീട്ടിൽ എത്തുന്നു. നീ എങ്ങനെയാണ് ഭാര്യയോട് ഒരു കോഫി ചോദിക്കുക.”
ഞാൻ നോർമലായി ചോദിക്കുമെന്ന് ശ്രീനു പറയുമ്പോൾ അത് അനുകരിക്കാൻ സുഹൃത്തുക്കൾ പറയുന്നു. എന്നാൽ അവന്റെ അനുകരണം കണ്ട് ആൽഫ പുരുഷന്മാരായ സുഹൃത്തുക്കൾ അവനെ കളിയാക്കുന്നു.
പുരുഷന് ദാസിവേല ചെയ്യാനുള്ളതാണ് പങ്കാളി എന്ന പൊതു ബോധത്തിനകത്ത് ഒതുങ്ങിപ്പോയ ഈ കഥാപാത്രങ്ങൾ ഇങ്ങനെ ചിന്തിച്ചതിൽ നമ്മുക്ക് അത്ഭുതമൊന്നും തോന്നില്ല. അടുത്ത രംഗത്ത് ഇവർ ഭാര്യമാരോട് എങ്ങനെയാണ് പെരുമാറുന്നത് എന്നാണ് കാണിക്കുന്നത്. ഒരാൾ കോഫി ചോദിക്കുന്നത് ആണത്തത്തിന്റെയും അധികാരത്തിന്റെയും മൂർച്ചയുള്ള സ്വരത്താലാണ്. എന്നാൽ മറ്റേയാൾക്ക് ശബ്ദം പോലും വേണ്ടി വരുന്നില്ല. അധികാരത്തിന്റെ ഗർവോടെ അയാൾ കയ്യുയർത്തുമ്പോൾ ആ കയ്യിലേക്ക് കോഫി വന്നു ചേരും. യന്ത്രം പോലൊരു ഭാര്യാ നിർമ്മിതി നടത്താൻ അയാൾക്ക് കഴിഞ്ഞിരിക്കുന്നു. ഇതിൽ ഏറ്റവും രസമെന്തെന്നാൽ അവരുടേത് പ്രണയ വിവാഹം കൂടിയായിരുന്നു എന്നതാണ്.
സുഹൃത്തുക്കൾ ശ്രീനുവിനോട് പറയുന്നത് പുരുഷന്മാരെന്നാൽ രണ്ടുതരമാണ്. ഒന്ന്, നോർമൽ പുരുഷന്മാർ, രണ്ടാമത്തേത് ആൽഫ പുരുഷന്മാർ. എന്നിട്ട് അവർ ആൽഫ പുരുഷന്മാരുടേത് എന്ന് കരുതപ്പെടുന്ന ലക്ഷണങ്ങൾ ചൂണ്ടിക്കാട്ടുന്നു. എപ്പോഴും ഡോമിനേറ്റ് ചെയ്തുകൊണ്ടേയിരിക്കണം. ഒരാളെയും പേടിക്കാൻ പാടില്ല. അവൻ പറയുന്നതായിരിക്കും വീട്ടിലെ അവസാനവാക്ക്. അവനെ ആരും എതിർക്കില്ല. അവൻ ആരുടെയും സഹായം സ്വീകരിക്കില്ല. പ്രത്യേകിച്ച് ഭാര്യയുടേത്. കൂടാതെ ഇത്തരം പുരുഷന്മാർ ഇമോഷൻസ് ഒന്നും പുറത്തു കാണിക്കാനും പാടില്ല.ഇതൊക്കെ ശ്രീനുവിനെ പറഞ്ഞു പഠിപ്പിച്ച ശേഷമാണ് അവർ അവനെ വിവാഹ ജീവിതത്തിലേക്ക് അയക്കുന്നത്. ഇങ്ങനെയല്ലാത്ത പുരുഷന് തന്റെ കുടുംബജീവിതത്തിൽ വിജയിക്കാൻ കഴിയില്ലെന്ന
ഒരു തിയറിയും വെങ്കിടേഷും ഷാജഹാനും മുന്നോട്ട് വയ്ക്കുക്കുന്നുണ്ട്. എന്നാൽ ആദ്യരാത്രി മുതൽ ജീവിതത്തിൽ സംഭവിക്കുന്ന അമാനുഷികമായ ചില സംഭവങ്ങളും അതിന്റെ തുടർക്കഥകളുമാണ് സിനിമയുടെ ഗതിമാറ്റുന്നത്. കൃത്യം 9 മണിയാകുമ്പോൾ അതുവരെയുണ്ടായിരുന്ന ശ്രീവല്ലിയിൽ (ശ്രീനുവിന്റെ ഭാര്യ) നിന്നും വളരെ വ്യത്യസ്തമായ രീതിയിലുള്ള സ്വാഭാവം പുറത്തുവരുന്നു. ഏകദേശം മലയാളം സിനിമയായ മണിച്ചിത്രത്താഴിലെ ശോഭനയെ റഫറൻസ് ആക്കിയതാണെന്നേ സിനിമ കണ്ട മലയാളി പ്രേക്ഷകർക്ക് പറയാൻ കഴിയൂ. മണിച്ചിത്രത്താഴിന്റെ റീ മേക്കുകളിലെ നാഗവല്ലി കഥാപാത്രത്തേക്കാൾ മികച്ചതെന്ന് തോന്നിപ്പിക്കുന്ന പ്രകടനമായിരുന്നു ശ്രീവല്ലി എന്ന കഥാപാത്രത്തിലൂടെ ശ്രിയ കോന്തം മുന്നോട്ട് വച്ചത്. നിരന്തരമുണ്ടാവുന്ന ഈ വിഷയം ശ്രദ്ധയിൽപ്പെട്ടതോടുകൂടി ഇതെങ്ങനെ കൈകാര്യം ചെയ്യാമെന്ന് ശ്രീനു ആലോചിച്ചിരിക്കുമ്പോഴാണ് ഷാജഹാൻ തന്റെ ഭാര്യയിൽ സംഭവിക്കുന്ന മാറ്റത്തെക്കുറിച്ച് പറയുന്നത്. പറഞ്ഞു വരുമ്പോൾ ശ്രീനുവും ഷാജഹാനും അനുഭവിക്കുന്ന പ്രയാസങ്ങൾ ഒന്നുതന്നെയാണെന്നും, തങ്ങളുടെ ഭാര്യമാർ ബാധ കൂടിയത് പോലെയാണ് ആ സമയത്തു പെരുമാറുന്നത് എന്നും അവർ തിരിച്ചറിയുന്നു. നൈറ്റ് ഡ്യൂട്ടിക്ക് പോയിക്കൊണ്ടിരുന്ന വെങ്കിടേഷിന് ഭാര്യയിൽ 9 മണി മുതൽ 9. 30 വരെ സംഭവിക്കുന്ന മാറ്റങ്ങളെ കുറിച്ച് കൃത്യമായ ധാരണയുമില്ലായിരുന്നു.
ഈ കാലയളവിൽ സംപ്രേഷണം ചെയ്തിരുന്ന ജന്മ ജന്മല ബന്ധം എന്ന തെലുങ്ക് സീരിയൽ ആണ് ഈ പ്രശ്നത്തിന്റെ പിന്നിൽ. ഒരേ സമയം ഒരു നാട്ടിലെ ആണുങ്ങളെ മുഴുവൻ പേടിപ്പിച്ചുകൊണ്ട് ഭാര്യ അധികാരം കാണിക്കുന്ന അരമണിക്കൂർ. ഇത് പുറത്തു പറയാൻ പലരും മടിച്ചു. ഇമേജ് ആണല്ലോ പ്രധാനം!
ജന്മ ജന്മല ബന്ധം 2999 എപ്പിസോഡുകൾ പോയിട്ടും അവസാനിക്കാത്ത സീരിയൽ ആയിരുന്നു. സത്യത്തിൽ ഇന്ത്യയിലെ സോപ്പ് ഓപ്പറകളെ കളിയാക്കിക്കൊണ്ട് തന്നെയാണ് ജന്മ ജന്മല ബന്ധത്തെ റെഫറൻസ് ആക്കുന്നത്. സീരിയലിന്റെ അവസാനമെന്താണ് എന്നറിയാതെ മരിച്ചുപോയ ആ നാട്ടിലെ പ്രായമായ സ്ത്രീകളെല്ലാം തങ്ങളുടെ വീട്ടിലെ സ്ത്രീകളുടെ മേൽ സീരിയൽ കാണാൻ പ്രവേശിക്കുന്നതാണ് ഈ 9 മണി പ്രേതത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്ന കാരണം. സീരിയൽ അവസാനിക്കുമെന്ന് പറഞ്ഞിട്ടും അത്രയും വ്യൂവർഷിപ്പ് നിലനിൽക്കുന്നതിനാൽ അവർ വീണ്ടും സീരിയൽ തുടരാൻ തീരുമാനിക്കുന്നു. ഇതിൽ നിന്നും പുറത്തു കടക്കാൻ എന്താണ് വഴി എന്ന് അന്വേഷിക്കുന്നിടത്താണ് ക്ലൈമാക്സ് ഷൂട്ട് ചെയ്ത് കേബിൾ ടീവി വഴി പുറത്തു വിടാൻ ശ്രീനുവും കൂട്ടുകാരും പ്ലാൻ ചെയ്യുന്നത്. എന്നാൽ ആൽഫ പുരുഷന്റെ കഥ ഇഷ്ടപ്പെടാതെ പ്രേതങ്ങൾപരിഭ്രാന്തിയിലാകുന്നു. (പഴയകാലത്തെ സ്ത്രീകളായിരുന്നിട്ടും അവർ പരസ്പര ബഹുമാനവും സ്വാതന്ത്ര്യവും ആഗ്രഹിച്ചിരുന്നു എന്നതിന്റെ കൂടി തെളിവാണിത്.)
ഒടുക്കം കഥ അവസാനിപ്പിക്കുന്നത് ഈ മൂന്ന് സ്ത്രീകളാണ്. വെങ്കിടേഷിന്റെയും ശ്രീനുവിന്റെയും ഷാജഹാന്റെയും ഭാര്യമാർ. അവർ അവർക്കെന്താണ് വേണ്ടത് അത് കഥയാക്കി മാറ്റുന്നു. വളരെ ചെറിയൊരു പ്ലോട്ടാണ് സിനിമയുടേത്. ഒന്ന് പാളിപോയാൽ കയ്യിൽ നിന്ന് വഴുതിപ്പോകുമായിരുന്ന ഒരു പശ്ചാത്തലം. അതിനെ കാച്ചിക്കുറുക്കി മനോഹരമായി അവതരിപ്പിക്കുന്നതിൽ അണിയറപ്രവർത്തകർ വിജയിക്കുന്നു.
കാലം എത്ര കഴിഞ്ഞാലും തീരാത്ത കഥകളുള്ള സോപ്പ് ഓപ്പരകളെക്കൂടി പരിഹസിക്കുകയാണ് ചിത്രം. സോപ്പ് ഓപ്പറകളുടെ കഥയുടെ ബാക്കിയറിയാതെ ആത്മശാന്തി ലഭിക്കാതെ ഉഴലുന്ന ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ ആത്മക്കളെ സിനിമ അടയാളപ്പെടുത്തുന്നു.
(2025 മെയ് 9 ന് റിലീസായ ഈ ചിത്രം ഇപ്പോൾ ഒ ടി ടി പ്ലാറ്റഫോമായ ഹോട്ടസ്റ്റാറിൽ ലഭ്യമാണ്.)