
ഇടതുപക്ഷത്തിൻ്റെ ഇടം – 2
(സിപിഐഎം ജനറൽസെക്രട്ടറി എം എ ബേബിയുമായി കെ എസ് രഞ്ജിത്ത് നടത്തിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗം)

?? വിദ്യാഭ്യാസരംഗത്തെ കാവിവൽക്കരണത്തിന്റെ long term impact വളരെ ആഴമേറിയതാണ് . ഇതിനെ എങ്ങിനെ പ്രതിരോധിക്കും ?
വിദ്യാഭ്യാസ രംഗത്തെ കാവിവൽക്കരണമെന്ന പ്രയോഗത്തോട് എനിക്ക് വിയോജിപ്പുണ്ട്. കാരണം ഒരു നിറവും ഏതെങ്കിലും ഒരു രാഷ്ട്രീയവിഭാഗത്തിനു സമ്പൂർണമായി പതിച്ചുകൊടുക്കുന്നത് തെറ്റാണ്. എന്നാൽ വർഗീയവൽക്കരണത്തിന് എതിരായ വിദ്യാഭ്യാസമേഖലയിലെ പോരാട്ടം സുശക്തമായും വ്യാപകമായും ഏറ്റെടുക്കുന്നതിനാണ് നാം ഏറ്റവും ഊന്നൽ നൽകേണ്ടത്. ഇക്കാര്യത്തിൽ സ്കൂൾ-കോളേജ്-യൂണിവേഴ്സിറ്റി തലങ്ങളിൽ അധ്യാപകപ്രസ്ഥാനം വലിയതോതിൽ സംഭാവന നൽകേണ്ടതുണ്ട്. വർഗീയവിരുദ്ധവിദ്യാർത്ഥിസംഘടനകളുടെ കൂട്ടായ്മയും വളർത്തിയെടുക്കണം. സ്വതന്ത്രചിന്തകരെയും കലാസാംസ്‌കാരിക പ്രവർത്തകരെയും ഇക്കാര്യത്തിൽ നല്ലതുപോലെ പ്രയോജനപ്പെടുത്താൻ കഴിയണം. അച്ചടിദൃശ്യമാധ്യമങ്ങൾ വലിയൊരു ഭാഗം വർഗീയശക്തികളുടെ സ്വാധീനത്തിൽ പെട്ട ദയനീയസ്ഥിതിയാണ് ഇപ്പോഴുള്ളത്. യൂ ട്യൂബ് ചാനലുകൾ പോലുള്ള ബദൽ സാധ്യതകൾ പ്രസക്തമാകുന്നത് ഇവിടെയാണ്. സാമൂഹ്യമാധ്യമങ്ങളെയും വിദ്യാഭ്യാസമേഖലയിലെ വർഗീവൽക്കരണത്തിനെതിരെ ഉപയോഗിക്കാൻ കഴിയും. പാഠപുസ്തകങ്ങളിലും സിലബസിലും ഒളിഞ്ഞും തെളിഞ്ഞും വർഗീയാഖ്യാനങ്ങൾ കടത്തിവിടുന്നതിനെതിരെ ആസൂത്രിതമായ പഠനവിമർശനങ്ങൾ പ്രസിദ്ധീകരിക്കാൻ കഴിയും. ബദൽപാഠപുസ്തകങ്ങളും തയ്യാറാക്കി പ്രചരിപ്പിക്കണം.
ഇന്ത്യൻസമൂഹം ദ്രുതഗതിയിലുള്ള പരിണാമത്തിലൂടെ കടന്നുപോവുകയാണ്. വിശേഷിച്ചും post liberalisation കാലഘട്ടത്തിൽ. അതിസമ്പന്നരുടെ ഏറ്റവും ഉയർന്ന മുകൾത്തട്ട് , വിപുലീകൃതമാകുന്ന മധ്യവർഗം , കാർഷികമേഖലയെ പിന്തള്ളിക്കൊണ്ട് സേവനമേഖലയുടെ കുതിച്ചുകയറ്റം എന്നിങ്ങനെയുള്ള പരിണാമങ്ങൾ. ഈ മാറ്റങ്ങളെ മനസ്സിലാക്കാനും അതിനനുസരിച്ച് മാറാനും ഇന്ത്യൻഇടതുപക്ഷത്തിന് പൊതുവിൽ കഴിഞ്ഞിട്ടുണ്ടോ? ഇതനുസരിച്ചുള്ള രാഷ്ട്രീയപദ്ധതികൾ രൂപപ്പെടുത്തുന്നതിൽ 24 ആം പാർട്ടികോൺഗ്രസ്സിനു കഴിഞ്ഞുവോ ?
കഴിഞ്ഞ മൂന്നരപതിറ്റാണ്ടു കാലത്ത് ഇന്ത്യൻ സമൂഹത്തിൽ വമ്പിച്ച മാറിമറിച്ചിലുകൾ ഉണ്ടായിട്ടുണ്ട്. ഇത് ഗ്രാമങ്ങളിലും നഗരങ്ങളിലും തൊഴിലാളികർഷക വിഭാഗങ്ങൾക്കിടയിലും സൃഷ്‌ടിച്ച പരിണാമങ്ങൾ പ്രത്യേക പഠനഗ്രൂപ്പുകൾ തന്നെ സൂക്ഷ്മമായ പഠനത്തിന് വിധേയമാക്കുകയുണ്ടായി. ആ പഠനറിപ്പോർട്ടുകളുടെ കൂടി വെളിച്ചത്തിലാണ് പാർട്ടി ജനജീവിതത്തിൽ സൂക്ഷ്മമായി ഇടപെടാൻ ശ്രമിക്കുന്നത്. 24 ആം പാർട്ടികോൺഗ്രസ്സിലും സൂക്ഷ്മപഠനങ്ങളിലൂടെ ചെന്നെത്തിയ നിഗമനങ്ങൾ നടപ്പാക്കാൻ സഹായകമായ തീരുമാനങ്ങൾ കൈകൊണ്ടിട്ടുണ്ട്.
??ലോകത്തെവിടെയും എക്കാലത്തും ദേശീയത ഏറ്റവും സുപ്രധാന രാഷ്ട്രീയ പ്രൊജക്റ്റ് ആണ് . അതിൻ്റെ ഏറ്റവും സങ്കുചിതരൂപത്തെയാണ് സംഘപരിവാർ മുന്നോട്ടുവെയ്ക്കുന്നതും അതിനു പിന്നിൽ ആളുകളെ അണിനിരത്തുന്നതും . ഇക്കാര്യത്തിൽ ഇതുവരെയും അവർ വിജയിച്ചിട്ടുണ്ട് എന്ന് വേണം കരുതാൻ .ഇതിനെ ശരിയായി പ്രതിരോധിക്കുവാൻ എന്തുകൊണ്ട് കഴിയുന്നില്ല??
ആളുകളെ പെട്ടെന്ന് വികാരഭരിതരാക്കാൻ കഴിയുന്ന സങ്കൽപ്പനങ്ങളിൽ മതം, ജാതി, വംശം എന്നിവ പോലെ തന്നെ ‘ദേശീയത’യും വലിയ തോതിൽ പ്രവർത്തിക്കുന്നുണ്ട്. രാജ്യത്തെ ജനങ്ങൾ തങ്ങളുടെ ജീവിതപ്രശ്നങ്ങളെ മുൻനിർത്തി ഭരണാധികാരികൾക്കെതിരെ പ്രതിഷേധവുമായി അണിനിരക്കുന്ന സാഹചര്യമുണ്ടായാൽ രക്ഷപ്പെടാനും ശ്രദ്ധ തിരിച്ചുവിടാനും ചൂഷകവർഗം അതിർത്തിയിൽ ഒരു തർക്കമോ കശപിശയോ യുദ്ധംതന്നെയോ സൃഷ്ടിക്കാറുണ്ട് എന്ന അനുഭവം വിരൽചൂണ്ടുന്നത് ‘ദേശീയതാ’ വികാരത്തിന്റെ ദുരുപയോഗ സാധ്യതകളിലേക്കാണ്.
ഫാസിസ്റ്റുകൾ തീവ്ര‘ദേശീയ’ വികാരം വളർത്താൻ 1920കളിലും ‘30കളിലും ശ്രമിക്കുകയുണ്ടായി. അത് നവഫാസിസ്റ്റുകളും ബോധപൂർവം കോപ്പിയടിക്കുന്നത് സ്വാഭാവികമാണ്. ഇന്ത്യയിലെ നവഫാസിസ്റ്റു പ്രവണതകൾ പ്രകടിപ്പിക്കുന്ന സംഘപരിവാർ ജാതീയമായ സ്വത്വബോധം ശക്തിപ്പെടുത്തി വർഗീയമായി അണിനിരത്താൻ ശ്രമിക്കുന്നതാണ് നാം കാണുന്നത്. അതിശക്തമായ ‘വർഗസമരം’ വളർത്തിയെടുക്കുക വഴി ദേശീയതയുമായി ബന്ധപ്പെട്ടുകൊണ്ട് വർഗീയവാദികൾ നടത്തുന്ന ആൾക്കൂട്ടനിർമിതികളെ നേരിടാൻ ശ്രദ്ധാപൂർവം ശ്രമിക്കുകയാണ് കമ്യൂണിസ്റ്റുകാർ പിന്തുടർന്നുപോന്നിട്ടുള്ള ഒരു സമീപനം. അതൊരു പ്രധാനപ്പെട്ട സംഗതിയാണ്. എന്നാൽ അതിനോടൊപ്പം സങ്കുചിതദേശീയഭ്രാന്തിന്റെ അപകടങ്ങളും വ്യാപകമായി ചർച്ച ചെയ്യുന്നതിന് ഇടതുപക്ഷം മുൻകെെ എടുക്കണം. ബ്രിട്ടീഷ് സാമ്രാജ്യത്വവിരുദ്ധസമരം കൊടുമ്പിരിക്കൊണ്ടനാളുകളിൽ രവീന്ദ്രനാഥ ടാഗോർ തുളച്ചുകയറുന്ന ഭാഷയിൽ സുധീരം പ്രഖ്യാപിച്ചത് നാം ഓർമിക്കുകയും ഓർമിപ്പിക്കുകയും വേണം ‘‘Patriotism cannot be our final spiritual shelter; My refuge is humanity. I will not buy glass for the price of diamonds, and i will never allow patriotism to triumph over humanity by as long as I live.’’ ഏതു വ്യക്തിയും മുറുകെപ്പിടിക്കേണ്ടതായി വിശ്വസിച്ചുപോരുന്ന ‘രാജ്യസ്നേഹ’വും, ‘ദേശീയത’യും പരസ്പരബന്ധിതമാണല്ലോ. അതിനെപ്പറ്റി നമ്മുടെ ദേശീയഗാനം രചിച്ച ടാഗോർ അസന്നിഗ്ധമായി പ്രസ്താവിച്ചത് വ്യാപകമായി പ്രചരിപ്പിച്ചുകൊണ്ട് കപട ദേശീയതാവാദങ്ങളെയും ദേശീയതയെ അതിരുകടന്ന് ഒരു ‘ഭക്തിപ്രസ്ഥാന’മായി മാറ്റുന്നതിനെയും തുറന്നുകാട്ടാനാവണം.
തീവ്രവലതുപക്ഷവൽക്കരണവും അതിന് തീവ്രദേശാഭിമാനബോധം വളർത്തുന്ന പദ്ധതിയും ലോകവ്യാപകമായി വളരുന്നതും നാം കാണണം. രാജ്യമെന്നാൽ ‘ജനത’ ആണെന്നും ഓരോ രാജ്യത്തും പ്രകൃതിവിഭവങ്ങളുടെയും മനുഷ്യാധ്വാനത്തിന്റെയും കൊള്ളയിലൂടെ തടിച്ചുകൊഴുക്കുന്ന ഒരു പിടി ശതകോടീശ്വരന്മാരും മറുവശത്ത് ഇനിയും മരിച്ചിട്ടില്ലാത്തതുകൊണ്ടു മാത്രം ജീവിച്ചിരിക്കുന്ന ശതകോടി ജനങ്ങളുമുണ്ട് എന്ന ദുസ്സഹസത്യം ജനതയുടെ പൊതുബോധമാക്കാൻ കമ്യൂണിസ്റ്റുകാരും ഇടതുപക്ഷവും ഇനിയും കൂടുതൽ ശ്രദ്ധാപൂർവം പരിശ്രമിക്കണം. അതിനുവേണ്ട രാഷ്ട്രീയവും സംഘടനാപരവുമായ പ്രവർത്തനങ്ങൾ 24–ാം പാർട്ടി കോൺഗ്രസ് ചർച്ച ചെയ്ത് തീരുമാനിച്ചിട്ടുണ്ട്. അവ കൃത്യമായി നടപ്പാക്കാൻ വിവിധ തലങ്ങളിലെ പാർട്ടിഘടകങ്ങളും വർഗബഹുജന സംഘടനകളും നിതാന്തജാഗ്രത പാലിക്കാനും, അത് ഇടവേളകളിൽ പരിശോധനാ വിധേയമാക്കാനും കഴിയണം.
ജനങ്ങളെ ഒരുമിപ്പിക്കാൻ കഴിയുന്ന, ജനജീവിതാവശ്യങ്ങളെ മുൻനിർത്തിയുള്ള പ്രാദേശികസമരങ്ങളും ഇതിൽ ഒരു പ്രധാനഘടകമാണ്. അനുഭവങ്ങളിലൂടെ അവർ വളരെയേറെ പഠിക്കും
?? ഫ്യൂഡൽ, അർദ്ധഫ്യൂഡൽ സമൂഹത്തിലെ രാഷ്ട്രീയപ്രവർത്തന ശൈലിയാണ് നമുക്ക് പൊതുവെ സുപരിചിതം. പക്ഷെ അതിവേഗം നഗരവൽക്കരണത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന നമ്മുടെ സമൂഹത്തിൽ പുതിയ രാഷ്ട്രീയപ്രവർത്തനശൈലി ആവശ്യമല്ലേ .ഇത് സംബന്ധിച്ച് കഴിഞ്ഞ പാർട്ടി കോൺഗ്രസ് ചർച്ചകൾ വിശദമാക്കാമോ ?
പഴയകാല സമരസമ്പ്രദായങ്ങൾ പലതും ഇന്നും ആവേശം ഉണർത്തുന്നവയാണ്. ‘കാൽനട ജാഥകൾ’ ഇതിന്റെ ഒരു ഉദാഹരണമാണ്. സമരസന്ദേശം മാത്രമല്ല, അതിലടങ്ങിയ ‘ത്യാഗ’ത്തിന്റെ അംശവും പ്രധാനമാണ്. ‘നിരാഹാര’ സത്യാഗ്രഹം മറ്റൊരു ഉദാഹരണമാണ് . ശരിയായ വിധത്തിൽ സംഘടിപ്പിച്ചാൽ അത് വളരെ ശക്തമായ ആയുധമാണ്. ഏറ്റെടുക്കുന്ന പ്രശ്നങ്ങളും രാഷ്ട്രീയപ്രവർത്തനത്തിലെ പ്രധാന ഘടകമാണ്. സമരശെെലിപോലെ പ്രധാനമാണ് സംസാരഭാഷയും സംസാര ഭാവവും. ദൃശ്യമാധ്യമ സാന്ദ്രത വളരെ ഉയർന്ന ഇക്കാലത്ത് ശരീരഭാഷയും പ്രതികരണ സ്വാഭാവികതയും പ്രധാനമാണ്. പഴകിപ്പുളിച്ച പ്രവർത്തന സമരസമ്പ്രദായങ്ങൾ കാലോചിതമായി മാറ്റണമെന്നത് 24–ാം പാർട്ടി കോൺഗ്രസ് ചർച്ച ചെയ്ത കാര്യമാണ്.
അതിനുവേണ്ടിയുള്ള ഭാവനാപൂർണമായ അന്വേഷണങ്ങളും ശ്രമങ്ങളും കൂട്ടായി നടത്തണം. ‘സാംസങ് ‘കമ്പനിയിൽ ട്രേഡ്യൂണിയൻ അവകാശത്തിന് സംഘടന ഉണ്ടാക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി നടത്തിയ പോരാട്ടം സിഐടിയുവിന് അഭിമാനിക്കാവുന്നതാണ്. ജാതീയവിവേചനത്തിനെതിരെ ഉടുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ പരിസരത്തുനടന്ന പ്രക്ഷോഭം വലിയ കോളിളക്കമുണ്ടാക്കി. ഉപേക്ഷിക്കപ്പെട്ട പാഴ്വസ്തു ശേഖരിച്ച് വിറ്റും മറ്റും ഡിവെെഎഫ്ഐ കേരളഘടകം 20 കോടിയിലധികം രൂപ ശേഖരിച്ച് വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി100 വീടുകൾ നിർമിച്ച് നൽകാൻ മുന്നോട്ടുവന്നത് മറ്റൊരു മാതൃകയാണ്. ആശുപത്രികളിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സ്ഥിരമായി ഉച്ചഭക്ഷണം എത്തിച്ചുകൊടുക്കുന്ന ഡിവെെഎഫ്ഐയുടെ മഹത്തായ കർമപരിപാടിയും ഭാവനാപൂർണമായ പ്രവർത്തനങ്ങൾക്ക് ഉദാഹരണമാണ്. ഇത്തരത്തിൽ അനേകം പുതിയ പ്രവർത്തന -സമരമാതൃകകൾ വികസിപ്പിച്ചെടുക്കേണ്ടതുണ്ട്. എല്ലാ തലങ്ങളിലും ഇത്തരത്തിൽ അന്വേഷണമാതൃകകൾ വികസിപ്പിച്ചെടുക്കണം.
??എഴുപതുകളിലെ പ്രക്ഷുബ്ധമായ ലോകരാഷ്ട്രീയമാണ്, ഇടതുപക്ഷ മുന്നേറ്റങ്ങളാണ്, നിങ്ങളെപ്പോലുള്ള അക്കാലത്തെ യുവതലമുറയെ രാഷ്ട്രീയത്തിലേക്ക് ആകർഷിച്ചത് .അത്തരമൊരു ആകർഷണീയത രാഷ്ട്രീയത്തോട് ഇന്നത്തെ യുവതലമുറയ്ക്കുണ്ടോ . ഈ പുതുതലമുറയുടെ ചിന്തകളോടും ആഗ്രഹങ്ങളോടും എങ്ങിനെയാണ് സംവദിക്കുവാൻ കഴിയുക?
കാലവും സമൂഹിക സാഹചര്യങ്ങളും നിരന്തരം മാറിക്കൊണ്ടിരിക്കുമല്ലോ. ആ മാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് സമൂഹത്തിലെ പൊതുപ്രവണതകൾ കൃത്യമായി തിരിച്ചറിഞ്ഞുകൊണ്ടുവേണം പുതുതലമുറയെ ആകർഷിക്കുവാൻ. പുതുതലമുറയുടെ അഭിരുചികൾ, സംഭാഷണ ,പെരുമാറ്റ രീതികൾ ഇതിലൊക്കെ മാറ്റം വന്നിട്ടുണ്ട്. അതേസമയം ഇന്ത്യയിലെ ഓരോ സംസ്ഥാനത്തും ഇതിലെല്ലാം പൊതുപ്രവണതകൾ കണ്ടുവരുന്നുമുണ്ട്, വ്യത്യസ്തകളുമുണ്ട്. ഒരു സംസ്ഥാനത്തിനുള്ളിൽത്തന്നെ വ്യത്യാസങ്ങളും കാണാം. ചെറുപ്പക്കാരുടെയും സമൂഹത്തിൽ പൊതുവെയുമുള്ള യുവതയുടെയും താൽപ്പര്യങ്ങളും ആകാംക്ഷകളും എന്തൊക്കെയാണെന്ന് വർഗബഹുജന സംഘടനകൾ കണ്ടുപിടിക്കണം. തൊഴിലില്ലായ്മ ഒരു പ്രശ്നമാണെങ്കിൽ ഇഷ്ടപ്പെട്ട തൊഴിൽ രണ്ടാമത്തേതാണ്. സാംസ്കാരിക ,കായിക ജീവിതത്തിനുള്ള അവസരവും പ്രധാനമാണ്. മദ്ധ്യവർഗവൽക്കരണം നടക്കുന്നു. അത് ശ്രദ്ധിക്കുന്നതിനിടയിൽ അടിത്തട്ടിൽ അടിഞ്ഞുകൂടുന്ന യുവാക്കളുടെ ജീവിതപ്രയാസങ്ങൾ ശ്രദ്ധിക്കപ്പെടാതിരുന്നുകൂടാ.
70കൾ വളരെ പ്രക്ഷുബ്ധമായിരുന്നു. ഇന്നും ലോകത്തിന്റെ പല കോണുകളിലും ശക്തമായ ഇടതുപക്ഷപ്രസ്ഥാനങ്ങളും പോരാട്ടങ്ങളും പൊട്ടിപ്പുറപ്പെടുന്നുണ്ട്. ലാറ്റിനമേരിക്കയിലും യൂറോപ്പിലും ആഫ്രിക്കയിലും യുഎസ്എയിലും ഏഷ്യയിലും ചെറുതും വലുതുമായ ജനകീയസമരങ്ങളും മുന്നേറ്റങ്ങളുമുണ്ട്. തീവ്ര വലതുപക്ഷവൽക്കരണപ്രവണതകൾ മാത്രമല്ല ഉള്ളത്. ശ്രീലങ്കയും നേപ്പാളും ഉദാഹരണം. ഇതൊക്കെ ചെറുപ്പക്കാർക്ക് സ്വീകാര്യമായ ഭാഷയിൽ വിശദീകരിച്ചുകൊടുക്കാനാകണം അവർ പറയുന്നതുകേൾക്കാൻ ക്ഷമ കാണിക്കാതെ അവരോട് അതിദീർഘമായി ഉപയോഗിച്ചു തേഞ്ഞ ഭാഷയിൽ സംസാരിച്ചുകൊണ്ടിരുന്നാൽ അവർ അവരുടെ വഴിക്കു പോകും.
(തുടരും )