ഫാസിസവും നവഫാസിസവും‐ 10

കെ എ വേണുഗോപാലൻ

സൈനികവൽക്കരണം

കെ എ വേണുഗോപാലൻ

കർന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിന് ഒരു പുനർജന്മം നൽകുക എന്നതാണ് ഫാസിസം ഉദ്ദേശിക്കുന്നത് എന്നാണ് അവർ അവകാശപ്പെട്ടിരുന്നത്. നിലനില്ക്കുന്ന അരാജകവാദപരമായ മുതലാളിത്തത്തിന് ബദലായി അച്ചടക്ക പൂർണമായ സംഘാടനത്തിലൂടെയും വ്യവസ്ഥാപിതത്വത്തിലൂടെയും ഒരു ബദൽ എന്നതായിരുന്നു അവരുടെ വാഗ്ദാനം.

എന്നാൽ പ്രയോഗത്തിൽ ഇത് നേർവിപരീതമായിരുന്നു. മുതലാളിത്തത്തിലെ അരാജകത്വത്തിനും പ്രതിസന്ധിക്കുമൊക്കെ കാരണം അതിലെ ഉല്പാദനോപാധികളുടെ സ്വകാര്യ ഉടമസ്ഥതയായിരുന്നു. അതില്ലാതാക്കിയാലേ അതിന്റെ നാശവും പ്രതിസന്ധിയുമൊക്കെ ഇല്ലാതാക്കാനാവൂ. പക്ഷെ അത് ഫാസിസത്തിന്റെ മുദ്രാവാക്യമായിരുന്നില്ല. മറിച്ച് കമ്യൂണിസ്റ്റുകാരുടേതായിരുന്നു. അത് നടപ്പിലാക്കാനും വിജയിപ്പിക്കാനും കഴിഞ്ഞത് സോഷ്യലിസ്റ്റ് റഷ്യക്കായിരുന്നു. നശീകരണവും കാടത്തവും പ്രതിസന്ധിയുമൊക്കെ ഫാസിസ്റ്റ് രാജ്യങ്ങളിൽ തുടരുകയാണുണ്ടായത്. ഫാസിസം എല്ലായ്പോഴും ശ്രമിക്കുന്നത് മുതലാളിത്ത സമൂഹത്തിലെ വളർന്നുകൊണ്ടിരിക്കുന്ന വൈരുദ്ധ്യങ്ങളെ അക്രമണോത്സുകമായി അടിച്ചമർത്തുന്നതിനും അതിലൂടെ പ്രതിസന്ധികളെ മറികടക്കുന്നതിനുമാണ്.

ഫാസിസ്റ്റ് നേതാവായിരുന്ന ഗോയറിങ്ങ് 1933 മാർച്ച് 17ന് നടത്തിയ പ്രസംഗത്തിൽ ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ട്. ജർമ്മൻ ജനതയുടെ സമ്പന്നതയ്‌ക്ക് അത്യന്താപേക്ഷിതമായ സഹിഷ്ണുത സൃഷ്ടിക്കുന്നതിനായി സമൂഹത്തിലെ വിവിധ തട്ടുകളുടെ വിരുദ്ധതാല്പര്യങ്ങളെ ഒന്നിപ്പിക്കുന്നതിന് ഉരുക്കുമുഷ്ടി ഉപയോഗിക്കാൻ ദേശീയതയിൽ കേന്ദ്രീകരിക്കുന്ന ഭരണകൂടം തയ്യാറാവും ഉരുക്കുമുഷ്ടി പ്രയോഗിക്കുമെന്ന് പറഞ്ഞാൽ അതിന് അർത്ഥം നേർവിപരീതങ്ങളായ വർഗവൈരുധ്യങ്ങളെ ബലം പ്രയോഗിച്ച് ഇല്ലാതാക്കും എന്ന് തന്നെയാണ്.

വർഗ്ഗങ്ങളെ ഇല്ലാതാക്കിക്കൊണ്ട് വർഗ്ഗസമരം ഇല്ലാതാക്കാനല്ല മറിച്ച് ബലപ്രയോഗത്തിലൂടെ വർഗ്ഗസമരത്തെ ഇല്ലാതാക്കാനാണ് ഫാസിസം മുതിരുന്നത് എന്നതിനാൽ ചൂഷിതവർഗ്ഗത്തിനെ എന്നും ചൂഷിതരാക്കി അടിച്ചമർത്തുന്നതിനാണ് ആത്യന്തികമായി ഫാസിസം ശ്രമിക്കുന്നത്. ചുരുങ്ങിയ കാലത്തേക്ക് അത് വിജയകരമായേക്കാം. പക്ഷേ അത് സമൂഹത്തിനകത്ത് ആഭ്യന്തര യുദ്ധത്തെ ശക്തിപ്പെടുത്തുകയും അതിന്റെ ഭാഗമായി ഏറ്റവും മോശപ്പെട്ട സാമൂഹികശക്തികൾ വളർന്നുവരികയും കൂട്ടായി ഉണ്ടാക്കിയെടുത്ത നേട്ടങ്ങളെയൊക്കെ വർദ്ധിതമായ തോതിൽ നശിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യും. അത് സ്ഥിരീകരിക്കപ്പെടുക എന്നതിനർത്ഥം ലിബറൽ മുതലാളിത്തത്തിന് ബദലായി നിയമപരമായ ഒരു അടിമത്ത വ്യവസ്ഥ വളർന്നുവരലായിരിക്കും.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മുതലാളിത്ത വളർച്ചയുടെ പ്രകടമായ രൂപം “സ്വതന്ത്ര കരാറിന്റേതായിരുന്നുവെങ്കിൽ മുതലാളിത്തം കുത്തക മുതലാളിത്തമായി മാറിയതോടെ അത് പടിപടിയായി അപ്രത്യക്ഷമാവുകയും ബദലായി രണ്ട് രൂപങ്ങൾക്ക് രൂപംകൊടുക്കുകയും ചെയ്തു. അതിലൊന്ന് പൊതു ഉടമസ്ഥതയുടെതായ സോഷ്യലിസം ആയിരുന്നുവെങ്കിൽ രണ്ടാമത്തെത് അടിമത്ത മുതലാളിത്തം ആയിരുന്നു. ഭരണകൂട സഹായത്തോടെയാണ് മുതലാളിത്തം നിലനിൽക്കുന്നതും വളരുന്നതും എന്ന സ്ഥിതിയുണ്ടായി. പണിമുടക്കാനുള്ള അവകാശം പോലും തൊഴിലാളി വർഗ്ഗത്തിന് നഷ്ടപ്പെടുന്ന സ്ഥിതിയും ഉണ്ടായി. ഈ രണ്ടാമത് പറഞ്ഞതിന്റെ തീവ്രവും അക്രമാസക്തവുമായ രൂപമായാണ് ഫാസിസം നിലനിൽക്കുന്നത്.

സാങ്കേതികവിദ്യയിലെ വളർച്ചയുടെ ഭാഗമായി ഉണ്ടാവുന്ന വികസിതമായ ഉല്പാദനവും ഉല്പാദനശക്തികളുടെ വളർച്ചയും മൂലം മുതലാളിത്ത സമ്പദ് വ്യവസ്ഥയിലുണ്ടായ വൈരുധ്യങ്ങളെ അടിച്ചമർത്താനും അതുവഴി അവയെ ഇല്ലാതാക്കാനുമാണ് ഫാസിസം ശ്രമിക്കുന്നത്. ഈ വൈരുധ്യങ്ങളെ സാമൂഹ്യവൽക്കരണത്തിന്റെ ഉയർന്ന രൂപങ്ങളിലൂടെ പരിഹരിക്കാവുന്നതാണ്. എന്നാൽ അതിന് അവർ സന്നദ്ധരല്ല. അവർക്കാവശ്യം മുതലാളിത്ത വ്യവസ്ഥയുടെ ചങ്ങലക്കെട്ടുക്കൾക്കുള്ളിൽ നിന്നുതന്നെ വൈരുധ്യങ്ങളെ പരിഹരിക്കലാണ്. ഇതിന് യാന്ത്രികമായി ഉല്പാദനശക്തികളെ നിയന്ത്രിക്കേണ്ടതായി വരും. കുത്തകമൂലധനത്തിന് അനുയോജ്യമായവിധം ഉല്പാദനശക്തികളെ ഞെക്കിക്കൊല്ലേണ്ടതായി വരും. ഭരണകൂട ബ്യൂറോക്രസിയെ ഉപയോഗപ്പെടുത്തി പുതിയ വികസനങ്ങളെ തടയേണ്ടതായി വരും. അന്തിമ വിശകലനത്തിൽ മൂലധനവികാസത്തിന് പലപ്പോഴും യുദ്ധത്തെ ആശ്രയിക്കേണ്ടതായി വരും. ഉല്പാദന രംഗത്തെ മത്സരങ്ങൾ പലപ്പോഴും രാജ്യങ്ങൾ തമ്മിലുള്ള യുദ്ധമായി മാറും. ഒന്നും രണ്ടും ലോകയുദ്ധങ്ങളൊക്കെ ഇതിന്റെ ഉദാഹരണങ്ങളാണ്.

ഫാസിസത്തിന്റെ മറ്റൊരു സവിശേഷത മുതലാളിത്തം വളർത്തിയെടുത്ത സാർവ്വദേശീയ സമ്പദ് വ്യവസ്ഥയുടേയും തൊഴിൽ വിഭജനത്തിന്റേയും അടിത്തറ തകർക്കുന്ന പ്രക്രിയ മുമ്പോട്ടു കൊണ്ടുപോകുന്നു എന്നതാണ്. അത് ഒറ്റപ്പെട്ട സാമ്പത്തിക ബ്ലോക്കുകളെ സൃഷ്ടിക്കാനും ദേശീയ സ്വയംപര്യാപ്തത അല്ലെങ്കിൽ സ്വയം പര്യാപ്തതക്ക് ഊന്നൽ നൽകാനും ശ്രമിക്കുന്നു. ഫലത്തിൽ ഇത് ലോക വിപണി സ്വന്തമാക്കിയെടുക്കാനുള്ള നീക്കമായാണ് മാറുന്നത്.

ഈ പിന്തിരിപ്പൻ കാഴ്ചപ്പാടിനർത്ഥം അന്തർദേശീയ വ്യാപാരം, വാർത്താ വിനിമയം എന്നിവയൊക്കെ വെട്ടിക്കുറക്കലും ഉത്പാദന ചെലവ് വർദ്ധിപ്പിക്കലും ജീവിതനിലവാരം വെട്ടിക്കുറക്കലുമാണ്. ഇതോടൊപ്പം മുതലാളിത്ത രാജ്യങ്ങളെ കൊച്ചുകൊച്ചു രാജ്യങ്ങളിലാക്കി അവയുടെ നാലതിരുകൾക്കുള്ളിൽ തളച്ചിടുകയും ചെയ്യുന്നു. വർദ്ധിതമാകുന്ന സാമ്പത്തികയുദ്ധം തുറന്ന സായുധ പോരാട്ടത്തിലേക്ക് നീങ്ങുന്നു.

ചുരുക്കിപ്പറഞ്ഞാൽ സ്വന്തം രാഷ്ട്രീയഘടനയെയും ജനതയെ ഒട്ടാകെ തന്നെയും യുദ്ധത്തിനുവേണ്ടി സംഘടിപ്പിക്കുകയും ഒന്നിപ്പിച്ചു നിർത്തുകയും ചെയ്യുന്ന ഒരു സിദ്ധാന്തമായി ഫാസിസം മാറുന്നു. ഇതാണ് ഫാസിസം ചരിത്രത്തിൽ വഹിക്കുന്ന പ്രതിവിപ്ലവകരമായ പങ്ക്. ഇറ്റാലിയൻ ഫാസിസമായാലും ജർമ്മൻ ഫാസിസമായാലും ജപ്പാനിൽ രൂപപ്പെട്ട സൈനിക ഫാസിസമായാലും അവയൊക്കെ സ്വന്തം ജനതയെ നയിച്ചത് യുദ്ധത്തിലേക്കാണ്. ഇറ്റാലിയൻ ഫാസിസം അവരുടെ സംഘടനയെയും സാമ്പത്തിക ഘടനയെയും യുദ്ധത്തിനുള്ള തയ്യാറെടുപ്പിൽ കേന്ദ്രീകരിക്കുകയും 1935ൽ എത്യോപയ്ക്കെതിരായ യുദ്ധം ആരംഭിക്കുകയും ചെയ്തു. അന്നുവരെ നിലനിന്നിരുന്ന എല്ലാ സമാധാന കരാറുകൾക്കും വിപരീതമായിരുന്നു അത്. പക്ഷേ അവരുടെ അടുത്ത സുഹൃത്തായ ചർച്ചിൽ അതിനെ അഭിനന്ദിക്കുകയാണ് ചെയ്തത്. എത്യോപ്യയെ മരണക്കെണിയിൽപെടുത്തുന്നതിന് ഇറ്റലിക്ക് കഴിഞ്ഞു എന്നായിരുന്നു ചർച്ചിലിന്റെ അഭിപ്രായം. 1927 മുതൽ 1935 വരെയുള്ള മുസോളിനിയുടെ പ്രസംഗങ്ങളിൽ യുദ്ധത്തിന്റെ വെല്ലുവിളികൾ അടങ്ങിയിരുന്നു. അതായത് ഫാസിസത്തിന്റെ ലക്ഷ്യങ്ങളിൽ ഒന്ന് യുദ്ധമാണ് എന്ന് വെളിവാക്കുന്നതായിരുന്നു എത്യോപ്യക്കെതിരായി നടത്തിയ പോരാട്ടം.

ജർമ്മൻ ഫാസിസത്തിൽ നിന്നുണ്ടായ അനുഭവവും വ്യത്യസ്തമാ യിരുന്നില്ല. സാങ്കേതികവിദ്യ, സാമ്പത്തിക വ്യവസ്ഥ എന്നിവയടക്കം വ്യവസ്ഥയെ ആകെത്തന്നെ മുമ്പെങ്ങും സംഭവിച്ചിട്ടില്ലാത്ത വിധം യുദ്ധസന്നാഹങ്ങൾക്കായി ഉപയോഗപ്പെടുത്തുകയാണ് ഹിറ്റ്ലർ ചെയ്തത്. ഹിറ്റ്ലർക്ക് പിന്നിൽ അദ്ദേഹത്തിന്റെ സൈന്യം ഉറച്ചുനിന്നു. 1935ൽ ചർച്ചിൽ പ്രസ്താവിച്ചത് ജർമ്മനി യുദ്ധസന്നാഹങ്ങൾക്കായി നീക്കിവെക്കുന്നത് 800 ദശലക്ഷം പൗണ്ട് ആണെന്നായിരുന്നു. ബ്രിട്ടീഷു കാരുടെ മൊത്തം ബഡ്ജറ്റ് പോലും അത്രയ്ക്ക് എത്തുമായിരുന്നില്ല. ഇതിങ്ങനെ നിരന്തരം വർധിക്കുകയാണ് പിന്നീട് ചെയ്തത്.

തീവ്രവും ശക്തവുമായ ഈ പുനരായുധീകരണവും, ജനസംഖ്യയെ ആകെ സൈനികവൽക്കരിക്കലും, സമ്പദ് വ്യവസ്ഥയെ യുദ്ധോന്മുഖമാക്കി മാറ്റലും ഫാസിസ്റ്റ് രാഷ്ട്രങ്ങളുടെ മാത്രം സവിശേഷതയായിരുന്നില്ല. ഇത് ഏറിയും കുറഞ്ഞും സാമ്രാജ്യത്വ രാജ്യങ്ങൾക്കൊക്കെ ബാധകമായിരുന്നു. എന്നാൽ സമാനതകളില്ലാത്ത തീവ്രതയാണ് ഇക്കാര്യത്തിൽ ഫാസിസ്റ്റ് രാജ്യങ്ങളിൽ അനുഭവപ്പെട്ടത്. പാർലമെന്ററി ജനാധിപത്യ വ്യവസ്ഥ നിലനിനില്ക്കുന്ന രാജ്യങ്ങളെയാകെ ശത്രുതാപരമായി കാണുന്ന അവസ്ഥയിലേക്ക് ഇത് മാറി.

പുനരായുധീകരണത്തിന്റെ ഭാഗമായി താൽക്കാലികമായിട്ടാണെങ്കിലും ഫാസിസം ജനതയുടെ പുനരുജ്ജീവനത്തിനായി നിലകൊള്ളുന്നു എന്ന പ്രതീതി ജനിപ്പിക്കാൻ അവർക്ക് കഴിഞ്ഞു. കൂടുതൽ സാമ്പത്തിക സ്ഥിരതയുള്ള രാജ്യങ്ങൾ ഫാസിസ്റ്റ് രാജ്യങ്ങളാണ് എന്ന തോന്നലുളവായി. എന്നാൽ ഈ രാജ്യങ്ങളുടെ ദീർഘകാല-ഇടക്കാല ബാധ്യതകൾ വൻതോതിൽ വർദ്ധിക്കാൻ തുടങ്ങി. യുദ്ധോപകരണമാണ് നിർമ്മിച്ചിരുന്നത് എന്നതിനാൽ അതിൽനിന്ന് ലാഭം ഉണ്ടാക്കാൻ പറ്റുമായിരുന്നില്ല. ജനങ്ങളിൽനിന്ന് വൻതോതിൽ നികുതി പിരിക്കേണ്ടതായി വന്നു. ജനം നിത്യജീവിത ചെലവുകൾ കുറയ്ക്കാൻ നിർബന്ധിതമായി. സാധാരണ മനുഷ്യ ജീവിതം യുദ്ധകാലാവസ്ഥയിലേക്ക് മാറി.

ഇതൊക്കെയാണ് രണ്ടാം ലോക യുദ്ധത്തിലേക്ക് നയിച്ചത്. യുദ്ധത്തെ മഹത്വവൽക്കരിച്ചിരുന്ന ഫാസിസ്റ്റ് ഭരണാധികാരികൾക്ക് രൂക്ഷമായ പരാജയത്തെ നേരിടേണ്ടതായി വന്നു. അവരെ പരാജയത്തിലേക്ക് നയിച്ചതിൽ സോവിയറ്റ് യൂണിയനും കമ്മ്യൂണിസ്റ്റ് പാർട്ടിയും നിർണായകമായ പങ്കാണ് വഹിച്ചത്. മുതലാളിത്തത്തിന്റെ നാശം അതിന്റെ തീവ്രവും അക്രമാസക്തവുമായ സ്ഥിതിയിൽ എത്തിച്ചേരുന്നതാണ് ഫാസിസം എന്ന് തെളിയിക്കപ്പെട്ടു. l

Hot this week

ലോറ മൾവി: ദൃശ്യാനന്ദവും സിനിമാഖ്യാനവും

ലിംഗപദവിയിലെ അസമത്വങ്ങൾക്ക് ബഹുവിധമായ പരിമാണങ്ങളുണ്ട്. ഇത്തരം അസമത്വങ്ങൾ ചിലപ്പോൾ സ്പഷ്ടമായി കാണാവുന്ന...

അടിയന്തരാവസ്ഥ: പോസ്റ്റ്‌ കൊളോണിയൽ ഇന്ത്യയിലെ ആദ്യ സ്വേച്ഛാധിപത്യ വാഴ്‌ചയുടെ സാമൂഹിക, സാമ്പത്തിക മാനങ്ങൾ‐ 1

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 88 1975‐77 കാലയളവിൽ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഭരണകൂടം നടപ്പിലാക്കിയ...

റോന്തിലെ ‌ഉള്ളുല‌യ്‌ക്കുന്ന കാഴ്ചകൾ

കാഴ്‌ച പരിസരത്തിലേക്ക്‌ പ്രേക്ഷകനെ ഉൾച്ചേർക്കുന്ന ആഖ്യാനഘടനയാണ്‌ ഓരോ ഷാഹി കബീർ സിനിമകളും....

ഡി വെങ്കിടേശ്വര റാവു

1917 ജൂൺ ഒന്നിന്‌ ആന്ധ്രപ്രദേശിലെ വാറംഗൽ ജില്ലയിലെ ഇംഗുർത്തി ഗ്രാമത്തിലാണ്‌ ദേവുലപ്പള്ളി...

എ ഐ ആറിലൂടെ അടിയന്തരാവസ്ഥാ പ്രഖ്യാപനം നടത്തുന്ന ഇന്ദിരാഗാന്ധി

എ ഐ ആറിലൂടെ അടിയന്തരാവസ്ഥാ പ്രഖ്യാപനം നടത്തുന്ന ഇന്ദിരാഗാന്ധി

Topics

ലോറ മൾവി: ദൃശ്യാനന്ദവും സിനിമാഖ്യാനവും

ലിംഗപദവിയിലെ അസമത്വങ്ങൾക്ക് ബഹുവിധമായ പരിമാണങ്ങളുണ്ട്. ഇത്തരം അസമത്വങ്ങൾ ചിലപ്പോൾ സ്പഷ്ടമായി കാണാവുന്ന...

അടിയന്തരാവസ്ഥ: പോസ്റ്റ്‌ കൊളോണിയൽ ഇന്ത്യയിലെ ആദ്യ സ്വേച്ഛാധിപത്യ വാഴ്‌ചയുടെ സാമൂഹിക, സാമ്പത്തിക മാനങ്ങൾ‐ 1

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 88 1975‐77 കാലയളവിൽ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഭരണകൂടം നടപ്പിലാക്കിയ...

റോന്തിലെ ‌ഉള്ളുല‌യ്‌ക്കുന്ന കാഴ്ചകൾ

കാഴ്‌ച പരിസരത്തിലേക്ക്‌ പ്രേക്ഷകനെ ഉൾച്ചേർക്കുന്ന ആഖ്യാനഘടനയാണ്‌ ഓരോ ഷാഹി കബീർ സിനിമകളും....

ഡി വെങ്കിടേശ്വര റാവു

1917 ജൂൺ ഒന്നിന്‌ ആന്ധ്രപ്രദേശിലെ വാറംഗൽ ജില്ലയിലെ ഇംഗുർത്തി ഗ്രാമത്തിലാണ്‌ ദേവുലപ്പള്ളി...

എ ഐ ആറിലൂടെ അടിയന്തരാവസ്ഥാ പ്രഖ്യാപനം നടത്തുന്ന ഇന്ദിരാഗാന്ധി

എ ഐ ആറിലൂടെ അടിയന്തരാവസ്ഥാ പ്രഖ്യാപനം നടത്തുന്ന ഇന്ദിരാഗാന്ധി
spot_img

Related Articles

Popular Categories

spot_imgspot_img