സംഗീതവും ചിത്രകലയും ശിൽപകലയും നൃത്തവുമൊക്കെ ചേരുന്ന കലാപ്രകടനങ്ങൾ, രൂപപ്പെട്ടുവന്നത് പ്രകൃതിയും മനുഷ്യനും ഇഴചേരുന്ന അനുഷ്‌ഠാനക്രിയകളുടെ ഭാഗമായാണ്. ആനന്ദാനുഭൂതിയിലേക്കും വിശ്വാസപൂർണമായ അനുഷ്‌ഠാനങ്ങളിലേക്കുമുള്ള ജീവിതസാഫല്യമാണ് ഇത്തരം കലാരൂപങ്ങൾ. ജീവിതം പ്രകൃതിയുടെ എല്ലാ ഭാവങ്ങളുമായും പ്രതിപ്രവർത്തിച്ച് ആവിഷ്‌കരിക്കപ്പെടുന്ന കലാരൂപങ്ങളിൽ പ്രത്യേകിച്ച് അനുഷ്‌ഠാന കലാരൂപങ്ങളിൽ പ്രധാനപ്പെട്ടവയാണ് തെയ്യവും പടയണിയും തിറയുമൊക്കെ. മണ്ണും മനുഷ്യനുമായുള്ള ഈ കൂടിച്ചേരൽ നന്മ‐തിന്മകളെ തിരിച്ചറിയുന്ന ശാന്തമായ ജീവിതത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. നമ്മുടെ സംസ്‌കാരവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജൈവഘടകങ്ങളെ (കാവും കുളവുമടക്കം) ചേർത്തുപിടിക്കുന്നവയാണ് നമ്മുടെ സന്പത്തായ നാടൻ കലാരൂപങ്ങൾ/പുരാവൃത്തങ്ങളും അനുഷ്‌ഠാനവും ദൃശ്യകലയും ചേർന്ന് പ്രവർത്തിക്കുന്ന കലാരൂപങ്ങൾ. ഇവിടെ പരാമർശിക്കുന്നത് പടയണിയെക്കുറിച്ചാണ്.
ഗ്രാമജീവിതത്തിന്റെ ജൈവസൗന്ദര്യത്തിന്റെയും പരിശുദ്ധിയുടെയും പൂർണതയാണ് പടയണി അഥവാ പടേനി. ഭദ്രകാളി ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് മധ്യകേരളത്തിൽ പ്രചാരത്തിലുള്ള അനുഷ്‌ഠാന കലാരൂപമാണിത്. വിളവെടുപ്പിന്റെയും വിത്തുവിതയലിന്റെയും ഇടയ്‌ക്കുള്ള കാലത്താണ് പടയണിയുടെ അവതരണം. വിശ്വാസാചാരങ്ങൾക്കൊപ്പം പ്രകൃതിയിൽനിന്നും രൂപപ്പെടുത്തിയ വാദ്യങ്ങളും ചമയങ്ങളുമായി ഭഗവതിയെ/ഭദ്രകാളിയെ ഉത്സവത്തറയിലെത്തിച്ച് തുള്ളിക്കുകയാണ്. പല പുരാവൃത്തങ്ങളിലൂടെ മറ്റ് നിരവധി കഥാപാത്രങ്ങളും പടയണിക്കോലങ്ങളായി പ്രത്യക്ഷപ്പെടുന്നുണ്ട്. ദാരികനെ വധിച്ച ഭദ്രകാളിയുടെ കോപം ശമിപ്പിക്കാൻ ശ്രീപരമേശ്വരനും ദേവന്മാരും കോലംകെട്ടി തുള്ളിയതിന്റെ പുരാവൃത്തമടക്കം പല കഥകളും പടയണി കോലങ്ങളിലുണ്ട്. ഗണപതിക്കോലം, മറുതക്കോലം, മാടൻകോലം, ഭൈരവിക്കോലം, ഗന്ധർവൻകോലം തുടങ്ങി കോലങ്ങൾ തലയിലേറ്റി തപ്പിന്റെയും പാട്ടിന്റെയും താളത്തിനനുസരിച്ച് തുള്ളുന്നു‐ ഒരു ഗ്രാമത്തിന്റെ നന്മയ്‌ക്കും ഐശ്വര്യത്തിനുമായി‐ വിശ്വാസവഴികൾ അങ്ങനെ സഞ്ചരിക്കുന്നു.
പടയണിയുടെ നിറസങ്കൽപങ്ങളിൽ മനുഷ്യന്റെ സ്ഥായിയായ ഭാവങ്ങളുമായും പ്രകൃതിയുമായും ചേർന്നുനിൽക്കുന്ന ഘടകങ്ങളാണുള്ളത്. ഒരർഥത്തിൽ ജനകീയ അനുഷ്‌ഠാന കലാരൂപമാണ് പടയണി എന്നു കാണാം. ഗോത്രസമൂഹത്തിന്റെ സൃഷ്ടിയായ പടയണി സാമൂഹ്യ ഐക്യത്തിന്റെയും പ്രതീകമാണ്. പടയണിയുടെ ഭാഷ, താളബോധം, ചിത്രകലാബോധം, അഭിനയബോധം, സൗന്ദര്യബോധം ഇതിനെല്ലാമുപരിയാണ് പ്രകൃതിയുമായുള്ള ബന്ധവും.
പടയണിക്ക് ആവശ്യമുള്ള ചമയങ്ങളെല്ലാം പ്രകൃതിയിൽനിന്നും സംഭരിക്കുന്നവയാണ്. ഓരോ അവതരണത്തിനും വേണ്ട നിറങ്ങളും മറ്റ് വസ്‌തുക്കളും അപ്പപ്പോൾ കണ്ടെത്തുകയും തയ്യാറാക്കുകയുമാണ് ചെയ്യുന്നത്. മുഖം മറയ്‌ക്കുന്ന മുഖാവരണങ്ങൾക്ക് സമാനമോ കിരീടസമാനമോ ആയ രൂപനിർമിതികൾ പച്ചപ്പാളയിലാണ് തയ്യാറാക്കുക. അഞ്ച് നിറങ്ങളാണ് കോലങ്ങളിൽ പ്രധാനമായും വരുന്നത്. പാളയുടെ പച്ച, ചെങ്കല്ല് അരച്ചെടുക്കുന്ന ചുവപ്പ്, മഞ്ഞച്ചർണ്ണയുടെ മഞ്ഞ, അരച്ചെടുക്കുന്ന കരി, പാളയുടെ പുറം ചെത്തിയെടുക്കുമ്പോഴുള്ള വെള്ള എന്നിവയാണ് പടയണിക്ക് ഉപയോഗിക്കുന്ന പ്രധാന നിറങ്ങൾ. അതിമാനുഷസ്വഭാവം പ്രകടമാക്കുന്ന കഥാപാത്രങ്ങളായ യക്ഷി, ഭൈരവി, മറുത, ഗണപതി, മാടൻ തുടങ്ങിയവയുടെ വേഷവും ചമയലും ലൗകികജീവിതവുമായി അടുത്തുനിൽക്കുന്നവയാണ്. മറ്റ് കഥാപാത്രങ്ങൾ ശൈലീവത്‌കരണത്തിന് വിധേയമായ ചമയങ്ങളായിരിക്കും, പ്രത്യേകിച്ച് പാളക്കോലങ്ങളൊക്കെയും.
കഥാപാത്രങ്ങളുടെ സ്വഭാവത്തിനും ഭാവത്തിനുമനുസരിച്ച് ഉദാത്ത കഥാപാത്രങ്ങൾക്ക് പച്ചയും സാത്വിക കഥാപാത്രങ്ങൾക്ക് മഞ്ഞയും രൗദ്രരൂപങ്ങൾക്ക് ചുവപ്പും അധമകഥാപാത്രങ്ങൾക്ക് കറുപ്പും ശാന്തതയ്‌ക്ക് വെളുപ്പ് നിറവുമാണ് ഉപയോഗിക്കുന്നത്. മാടൻ, മറുത പോലുള്ള കോലങ്ങളിൽ നിറവൈവിധ്യമുണ്ടെങ്കിലൂം കുരുത്തോലയുടെ മഞ്ഞയും പാളയുടെ വെള്ളയുമാണ് മുഖ്യനിറങ്ങളായി തെളിയുന്നത്. ദാരികവധത്തിനു ശേഷമുള്ള ഉഗ്രരൂപിയായ ഭദ്രകാളിയാണ് നിണഭൈരവി‐ പേര് സൂചിപ്പിക്കുന്നതുപോലെ ഇതിൽ ചുവപ്പ് നിറത്തിന്റെ ആധിക്യമാണ് പ്രകടമാകുക.
മഞ്ഞയും ചുവപ്പും അമ്മദൈവാരാധനയുമായി ബന്ധപ്പെട്ട നിറങ്ങളാണ്. ചുവപ്പ് നിറം ഇവിടെ ഫലഭൂയിഷ്‌ഠതയുടെ വർണമാണ്. മഞ്ഞനിറത്തിന്റെ മഞ്ഞൾപ്പൊടി പ്രസവാനന്തര ശുശ്രൂഷയ്‌ക്ക് അണുലേപനമായും ഗ്രാമജീവിതത്തിന്റെ ഭാഗമാകുന്നു. അതുകൊണ്ടു കൂടിയാണ് ചുവപ്പുനിറം ഋതുകാലത്തെയും മഞ്ഞനിറം പ്രസൂതികാലത്തെയും പ്രതിനിധീകരിക്കുന്നതായി സൂചിപ്പിക്കുന്നത്. ഓരോ നിറത്തിനും ഓരോ ഭാവങ്ങളുണ്ട്. നാട്യശാസ്‌ത്രത്തിൽ അഷ്‌ടരസങ്ങളെ നിറങ്ങളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു‐ എട്ടു നിറങ്ങളിലൂടെ. ശൃംഗാരത്തിന് പച്ചയും ഹാസ്യത്തിന് വെളുപ്പും വീരത്തിന് സ്വർണമഞ്ഞയും രൗദ്രത്തിന് ചുവപ്പും കരുണത്തിന് തവിട്ടും ഭയത്തിന് കറുപ്പും ബീഭത്സത്തിന് നീലയും ആശ്ചര്യത്തിന് മഞ്ഞയും നിറങ്ങളാണ് അഷ്ടരസങ്ങളുടെ വർണരാശികൾ. നിറങ്ങൾക്ക് പൊതുവായ ഭാവഗുണങ്ങൾ നൽകിയിട്ടുണ്ടെങ്കിലും ഓരോ നിറത്തിന്റെയും പശ്ചാത്തലമായ ഭാവങ്ങളിൽ നിന്നും മാറിയ നിറപ്രയോഗം പടയണിയുടെ ചില കോലങ്ങളിൽ കാണാമെന്നതും പടയണിയുടെ നിറസങ്കലനത്തിലെ സവിശേഷതയും പ്രത്യേകതയുമാണ്.
നമ്മുടെ സംസ്‌കാരത്തിന്റെയും പാരന്പര്യത്തിന്റെയും ശീലങ്ങളിൽനിന്നും പ്രകൃതിയുമായുള്ള ഇഴചേരലിലൂടെയും നാടൻ കലാരൂപങ്ങളിൽ നിന്നുമൊക്കെ സ്വാംശീകരിക്കപ്പെടുന്ന നിറസങ്കൽപങ്ങളാണ് ഇന്ന് നമ്മുടെ നിത്യജീവിതത്തിലും സജീവമായി കാണാവുന്നത്. ദുഃഖസൂചകമായി കറുപ്പും വിപ്ലവാശയങ്ങൾക്ക് ചുവപ്പും സമാധാനത്തിന് വെളുപ്പുനിറവും ശുഭകാര്യങ്ങൾക്ക് മഞ്ഞയുമൊക്കെ നാം ഉപയോഗിച്ചുവരുന്നത് നമ്മുടെ നാടിന്റെ സാംസ്‌കാരികത്തനിമയിൽനിന്ന് ആവാഹിച്ചെടുത്ത വർണസങ്കൽപങ്ങൾ തന്നെയാണെന്ന കാര്യത്തിൽ സംശയമില്ല. l