അടിയന്തരാവസ്ഥ: പോസ്റ്റ്‌ കൊളോണിയൽ ഇന്ത്യയിലെ ആദ്യ സ്വേച്ഛാധിപത്യ വാഴ്‌ചയുടെ സാമൂഹിക, സാമ്പത്തിക മാനങ്ങൾ‐ 2

കെ എസ് രഞ്ജിത്ത്

ടിയന്തിരാവസ്ഥയ്ക്കു ശേഷമുള്ള തിരഞ്ഞെടുപ്പിൽ ഏറ്റ തിരിച്ചടി പുതിയ മുദ്രാവാക്യങ്ങളിലേക്ക് തിരിയുവാൻ ഇന്ദിരയെ പ്രേരിപ്പിച്ചു. 1980ൽ തിരിച്ചുവന്ന ഇന്ദിരാഗാന്ധിയ്ക്ക് പഴയ സോഷ്യലിസ്റ്റ് പ്രതിച്ഛായയുടെ ആവശ്യകത ഉണ്ടായിരുന്നില്ല. ഇന്ത്യയിൽ ഇതിനകം പുതുതായി രൂപപ്പെട്ട മധ്യവർഗ്ഗത്തിന്റെ പിന്തുണയാണ് പ്രധാനമായും അവർ ലക്ഷ്യം വെച്ചത്. കടുത്ത ദാരിദ്ര്യത്തിലും നിരക്ഷരതയിലും പെട്ട് വലഞ്ഞിരുന്ന ഗ്രാമീണ ഇന്ത്യയിലെ ദരിദ്രരുടെ വോട്ട് വിലയ്ക്കുവാങ്ങാൻ ഇന്ത്യയിലെ ഭരണവർഗങ്ങൾ മറ്റു പല പുതിയ മാർഗങ്ങളും ഇതിനകം കണ്ടെത്തിക്കഴിഞ്ഞിരുന്നു. ജനവിഭാഗങ്ങളുടെ വർഗപരമായ ഏകീകരണ സാധ്യതകളെ തടയിട്ടുകൊണ്ട് സാമുദായികമായി അവരെ ധ്രുവീകരിക്കുക, അതിനെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുക. കോൺഗ്രസ് തുടങ്ങിവെച്ച ഈ തന്ത്രം പില്കാലത്ത് കോൺഗ്രസിന് തന്നെ തിരിച്ചടിയായി എന്നത് ഇന്ത്യൻ രാഷ്ട്രീയത്തിലെ വിചിത്രമായ ഒരധ്യായമാണ്. കോൺഗ്രസിന്റെ മൃദുവർഗീയതയെ ബിജെപിയുടെ തീവ്രവർഗീയത പാടെ തുടച്ചുനീക്കി. ഇന്ത്യൻ മധ്യവർഗത്തിന് വളരെ പെട്ടെന്ന് തന്നെ ഈ വർഗീയ രാഷ്ട്രീയം പഥ്യമായി.

ഇന്ത്യയിലെ വർഗ രൂപീകരണ ചരിത്രത്തിലൂടെ അല്പം കൂടി പിന്നോക്കം പോയാൽ കാണാവുന്ന മറ്റൊരു സംഗതിയുണ്ട്. ഇവിടേക്ക് കടന്നുവന്ന ബ്രിട്ടീഷുകാർ നേരിട്ട പ്രായോഗിക ബുദ്ധിമുട്ടുകളിൽ പ്രധാനമായ ഒന്നായിരുന്നു തങ്ങളുടെ ഇംഗിതങ്ങൾ നടപ്പിലാക്കാൻ പറ്റിയ ഒരു ഭരണവർഗത്തിന്റെ അഭാവം. അതിനെ മറികടക്കാൻ പല മാർഗങ്ങളും അവർ സ്വീകരിച്ചു. ഇംഗ്ലീഷ് വിദ്യാഭ്യാസം വ്യാപകമായി നടപ്പിലാക്കുക, ജാതീയമായ വേർതിരിവുകൾ മറികടന്ന് അത് എല്ലാവർക്കും പ്രാപ്തമാക്കാൻ ശ്രമങ്ങൾ നടത്തുക. മെക്കാളെയുടെ വിദ്യാഭ്യാസപദ്ധതിയിൽ ഇത് വ്യക്തമായും രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ ജനതയുടെ നിരക്ഷരത തുടച്ചുനീക്കാനോ, അവരുടെ ഉൽപ്പാദനശേഷി വർധിപ്പിക്കാനോ ഉതകുന്ന ഒന്നായിരുന്നില്ല അത്. തങ്ങളുടെ പാദസേവകരായ ഒരു വരേണ്യവർഗത്തെ സൃഷ്ടിച്ചെടുക്കുക. ബ്രിട്ടീഷ് ഭരണയന്ത്രത്തെ ചലിപ്പിക്കാനാവശ്യമായ ഒരു ഗുമസ്തവർഗ്ഗത്തെ സൃഷ്ടിച്ചെടുക്കുക. ഇന്നും നമ്മുടെ വിദ്യാഭ്യാസ ഭരണമേഖലകളിൽ പല തലങ്ങളിലും മെക്കാളെ പ്രഭുവിന്റെ പ്രേതം അലഞ്ഞുതിരിഞ്ഞു നടക്കുന്നത് കാണാം.

എല്ലാകാലത്തും ഭരണവർഗത്തിന് അവരുടെ ആശയങ്ങൾ നടപ്പിലാക്കാൻ, അധികാരത്തോട് ഒട്ടിനിൽക്കാൻ, അതിന്റെ അപ്പക്കഷണങ്ങൾക്കായി കൊതിയൂറി നില്ക്കാൻ പറ്റിയ ഒരു വിഭാഗത്തെ ആവശ്യമുണ്ടായിരുന്നു. ഇതിന് ഏറ്റവും പറ്റിയത് ഈ മധ്യവർഗ്ഗമായിരുന്നു. സ്വാതന്ത്ര്യപൂർവ കാലത്ത് തുടങ്ങിയ ഈ പ്രക്രിയ പോസ്റ്റ് കൊളോണിയൽ കാലത്ത് ശക്തിപ്പെട്ടു. അടിയന്തരാവസ്ഥയുടെ കാലം അതിന് പുതിയ മാനങ്ങൾ നൽകി. രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാൻ അച്ചടക്കമുള്ള ഒരു ജനതയ്‌ക്കേ കഴിയൂ എന്ന ആശയം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ഭരണകൂടത്തിന്റെ ഏതുതരം പ്രവൃത്തികളെയും അന്ധമായി പിന്തുടരുന്ന ഒരു ജനതയെ സൃഷ്ടിച്ചെടുക്കണം, ഒന്നുകിൽ ബലം പ്രയോഗിച്ച്, അല്ലെങ്കിൽ സാംസ്കാരികമായ സമ്മതിയെ സൃഷ്ടിച്ച്. അടിയന്തിരാവസ്ഥക്കാലത്ത് നടത്തിയ ഏതാണ്ടെല്ലാ പ്രചാരണങ്ങളും ലക്ഷ്യംവെച്ചത് ഇതായിരുന്നു. പാവപ്പെട്ട വഴിയോര കച്ചവടക്കാർ തിങ്ങിനിറഞ്ഞ ദില്ലിയിലെ നിരത്തുകളും അവരുടെ ചേരികളും ഇടിച്ചുമാറ്റി നഗരത്തെ മോടിപിടിപ്പിക്കാൻ സഞ്ജയ് ഗാന്ധി നടത്തിയ കുപ്രസിദ്ധമായ നീക്കങ്ങൾ ലക്ഷ്യംവെച്ചത്, വൃത്തിയും വെടിപ്പും വ്രതമാക്കിയ നവ ഇന്ത്യൻ മധ്യവർഗ മനസ്സിനെയായിരുന്നു. സഞ്ജയ് ഗാന്ധി നേതൃത്വം നൽകിയ നിർബന്ധിത വന്ധ്യംകരണ പ്രോജക്ടും ഇത്തരത്തിലുള്ളതായിരുന്നു. ബംഗാൾ ക്ഷാമകാലത്ത് ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ പട്ടിണികിടന്നു മരിച്ചപ്പോൾ, പന്നിയെപ്പോലെ പെറ്റുപെരുകുന്ന ഇന്ത്യക്കാർ പട്ടിണികിടന്നു മരിക്കുകയാണ് ഭേദം എന്ന് പറഞ്ഞ ചർച്ചിലിന്റെ മനസ്സും നിർബന്ധിത വന്ധ്യംകരണം നടപ്പിലാക്കിയ, ഇംഗ്ലണ്ടിലെ റോൾസ് റോയ്സിൽ ഇന്റേൺഷിപ്പ് കഴിഞ്ഞുവന്ന സഞ്ജയ് ഗാന്ധിയുടെ മനസും തമ്മിൽ വലിയ അന്തരമില്ലായിരുന്നു. നഗരങ്ങളിലെ തങ്ങളുടെ വാസഗൃഹങ്ങൾ കെട്ടിപ്പടുക്കാൻ ഗ്രാമങ്ങളിൽ നിന്ന് കുടിയേറിയ പാവങ്ങൾ പാർക്കുന്ന ചേരികളിൽ മധ്യവർഗ മനസ്സുകളിൽ ഇന്നും ഉല്പാദിപ്പിക്കുന്നത് വെറുപ്പും അറപ്പും മാത്രമാണല്ലോ.

നാലു ചക്രങ്ങളുള്ള ഒരു വാഹനം എക്കാലവും ഇന്ത്യയിലെ മധ്യവർഗത്തിന്റെ ഒരു സ്വപ്നമായിരുന്നു. സാധാരണക്കാർക്ക് വാങ്ങാൻ പറ്റിയ മാരുതിയെന്ന ചെറിയ കാർ നിർമിക്കാൻ സഞ്ജയ് ഗാന്ധി നടത്തിയ നീക്കങ്ങൾ ഇതിനെ ലക്ഷ്യം വെച്ചുകൊണ്ടായിരുന്നു. ഇതിന് അവലംബിച്ച മാർഗ്ഗങ്ങളാകട്ടെ എല്ലാ അർത്ഥത്തിലും നിയമങ്ങളെയെല്ലാം കാറ്റിൽപറത്തുന്നതും കൊടിയ അഴിമതിക്ക് വളംവെക്കുന്നതുമായിരുന്നു. ആരംഭദശയിൽ തന്നെ സഞ്ജയ് ഗാന്ധിയുടെ മാരുതി പ്രൊജക്റ്റ് തകർന്നടിഞ്ഞിരുന്നു. (ഇന്ദിരാഗാന്ധിയുടെ രണ്ടാം വരവിലാണ് ഈ പ്രൊജക്റ്റ് പുതിയ രീതിയിൽ വീണ്ടും ആരംഭിക്കുന്നത്). തങ്ങൾ സൃഷ്ടിച്ചെടുത്ത മധ്യവർഗ മനസിനെ ലക്ഷ്യമിട്ടുകൊണ്ടാണ് 1977ൽ ഇന്ദിരാഗാന്ധിയുടെ കോൺഗ്രസ് ഇലക്ഷനെ അഭിമുഖീകരിച്ചത്. പക്ഷെ 1971ൽ 354 സീറ്റ് നേടിയ കോൺഗ്രെസ് 1977ൽ 154ൽ ഒതുങ്ങി. ഇവിടെയും ശ്രദ്ധേയമായ ഒരു കാര്യം വടക്കേ ഇന്ത്യയിലെ ദരിദ്ര ജനത കോൺഗ്രസ് ഭരണത്തെ തകർത്തെറിഞ്ഞപ്പോൾ, മലയാളിയുടെ മധ്യവർഗ മനസ്സ് ആ തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയെന്ന സ്വേച്ഛാധിപതിക്കൊപ്പം നില്ക്കാൻ മടികാണിച്ചില്ല എന്നതാണ്.

രാജ്യക്ഷേമത്തെ മുൻനിർത്തിയാണ് എല്ലാ പൗരാവകാശങ്ങളും രാഷ്ട്രീയ സ്വാതന്ത്ര്യവും മാധ്യമസ്വാതന്ത്ര്യവും അടിയന്തിരാവസ്ഥാ കാലഘട്ടത്തിൽ വിലക്കപ്പെട്ടത്. Nation building എന്ന മുദ്രാവാക്യമാണ് രാജ്യത്ത് എവിടെയും മുഴങ്ങിക്കേട്ടത്. സ്വേച്ഛാധിപതിയായ ഭരണാധികാരി നടത്തുന്ന എല്ലാ നിയമലംഘനങ്ങളും ന്യായീകരിക്കപ്പെട്ടത് ഈ മുദ്രാവാക്യത്തെ മുൻനിർത്തിയാണ്. സങ്കുചിത ദേശീയവാദത്തെ മുൻനിർത്തിയുള്ള രാഷ്ട്രീയ കരുനീക്കങ്ങൾക്ക് ഇന്ത്യയിൽ തുടക്കംകുറിച്ചതും അടിയന്തിരാവസ്ഥയാണെന്ന് വേണമെങ്കിൽ പറയാം. ഇതാകട്ടെ നമ്മുടെ മധ്യവർഗമനസ്സിന് ഏറ്റവും സ്വീകാര്യമായ ഒന്നായി മാറി. പിൽകാലത്ത് സംഘപരിവാർ രാഷ്ട്രീയത്തെ മുന്നോട്ടുനയിച്ച ഏറ്റവും ശക്തമായ മുദ്രാവാക്യമായും അത് മാറി.

സാമ്പത്തികമായും രാഷ്ട്രീയമായും നെഹ്രുവിയൻ സാമൂഹിക സാമ്പത്തിക യുഗത്തിന്റെ അന്ത്യത്തിന് തുടക്കമിട്ടതും അടിയന്തിരാവസ്ഥയാണ്. സോഷ്യലിസമെന്ന വാചകക്കസർത്ത് ഒരു വശത്ത് നടക്കുമ്പോൾ തന്നെ യഥാർത്ഥ സാമ്പത്തിക പ്രക്രിയയിൽ നിന്നും സ്റ്റേറ്റ് പിന്മാറുന്ന പ്രക്രിയ അണിയറയിൽ നടക്കുകയായിരുന്നു. അതോടൊപ്പം സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തിൽ ക്രോണി ക്യാപിറ്റലിസത്തിന്റെ ബീജാവാപവും അടിയന്തിരാവസ്ഥാകാലത്ത് നടന്നു. മാരുതിയുടെ സ്ഥാപനവുമായി ബന്ധപ്പെട്ടു നടന്ന എല്ലാ നീക്കങ്ങളും ഇതിലേക്ക് വിരൽചൂണ്ടുന്നവയാണ്. പാശ്ചാത്യ ജനാധിപത്യത്തെ ഒരു മേമ്പൊടിയായിട്ടാണെങ്കിലും നെഹ്റു എക്കാലവും പാടിപ്പുകഴ്ത്തിയിരുന്നു. നെഹ്രുവിന്റെ ഈ ലിബറൽ ജനാധിപത്യ സമീപനങ്ങളും രാജ്യത്തുനിന്നും തുടച്ചുനീക്കപ്പെട്ടു. രാജ്യപുരോഗതിയുടെ പേരിൽ നടന്ന ഈ കുരുതികളെല്ലാം തന്നെ ഇന്ത്യൻ മധ്യവർഗ മനസ്സിന് ഏറെ സ്വീകാര്യമായി മാറി. അന്നും അതിനുശേഷവും ഇന്ത്യൻ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന നിർണായക ഘടകമായി അങ്ങിനെ അടിയന്തിരാവസ്ഥ മാറി. l

Hot this week

അതിനിർണയവാദം

മനുഷ്യർ നടത്തുന്ന പ്രവർത്തനങ്ങൾ അവരുടെ സ്വമേധയാ ഉള്ള തീരുമാനങ്ങളാൽ മാത്രം നിശ്ചയിക്കപ്പെടുന്നതാണോ....

വരയാണ്‌ ലഹരി: വരയുത്സവം

വികസനവഴികളിൽ നഷ്ടമാകുന്ന പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്‌പര്യത്തിന്റെയും സാംസ്‌കാരിക ഭൂമികയുടെയും കാഴ്‌ചകളിലേക്ക്‌/ചിന്തകളിലേക്ക്‌...

കെ. എം. സലിംകുമാർ: സത്യനീതികൾക്കായുള്ള സമരജീവിതം

സലിംകുമാർ നമ്മോടു പറയുന്നത് നീതിക്കും സത്യത്തിനും വേണ്ടിയുള്ള നിരന്തര ജീവിതപ്പോരാട്ടമാണ്. സമഗ്രാധിപത്യ...

ലോറ മൾവി: ദൃശ്യാനന്ദവും സിനിമാഖ്യാനവും

ലിംഗപദവിയിലെ അസമത്വങ്ങൾക്ക് ബഹുവിധമായ പരിമാണങ്ങളുണ്ട്. ഇത്തരം അസമത്വങ്ങൾ ചിലപ്പോൾ സ്പഷ്ടമായി കാണാവുന്ന...

ഫാസിസവും നവഫാസിസവും‐ 10

സൈനികവൽക്കരണം തകർന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിന് ഒരു പുനർജന്മം നൽകുക എന്നതാണ് ഫാസിസം ഉദ്ദേശിക്കുന്നത്...

Topics

അതിനിർണയവാദം

മനുഷ്യർ നടത്തുന്ന പ്രവർത്തനങ്ങൾ അവരുടെ സ്വമേധയാ ഉള്ള തീരുമാനങ്ങളാൽ മാത്രം നിശ്ചയിക്കപ്പെടുന്നതാണോ....

വരയാണ്‌ ലഹരി: വരയുത്സവം

വികസനവഴികളിൽ നഷ്ടമാകുന്ന പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്‌പര്യത്തിന്റെയും സാംസ്‌കാരിക ഭൂമികയുടെയും കാഴ്‌ചകളിലേക്ക്‌/ചിന്തകളിലേക്ക്‌...

കെ. എം. സലിംകുമാർ: സത്യനീതികൾക്കായുള്ള സമരജീവിതം

സലിംകുമാർ നമ്മോടു പറയുന്നത് നീതിക്കും സത്യത്തിനും വേണ്ടിയുള്ള നിരന്തര ജീവിതപ്പോരാട്ടമാണ്. സമഗ്രാധിപത്യ...

ലോറ മൾവി: ദൃശ്യാനന്ദവും സിനിമാഖ്യാനവും

ലിംഗപദവിയിലെ അസമത്വങ്ങൾക്ക് ബഹുവിധമായ പരിമാണങ്ങളുണ്ട്. ഇത്തരം അസമത്വങ്ങൾ ചിലപ്പോൾ സ്പഷ്ടമായി കാണാവുന്ന...

ഫാസിസവും നവഫാസിസവും‐ 10

സൈനികവൽക്കരണം തകർന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിന് ഒരു പുനർജന്മം നൽകുക എന്നതാണ് ഫാസിസം ഉദ്ദേശിക്കുന്നത്...

അടിയന്തരാവസ്ഥ: പോസ്റ്റ്‌ കൊളോണിയൽ ഇന്ത്യയിലെ ആദ്യ സ്വേച്ഛാധിപത്യ വാഴ്‌ചയുടെ സാമൂഹിക, സാമ്പത്തിക മാനങ്ങൾ‐ 1

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 88 1975‐77 കാലയളവിൽ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഭരണകൂടം നടപ്പിലാക്കിയ...

റോന്തിലെ ‌ഉള്ളുല‌യ്‌ക്കുന്ന കാഴ്ചകൾ

കാഴ്‌ച പരിസരത്തിലേക്ക്‌ പ്രേക്ഷകനെ ഉൾച്ചേർക്കുന്ന ആഖ്യാനഘടനയാണ്‌ ഓരോ ഷാഹി കബീർ സിനിമകളും....

ഡി വെങ്കിടേശ്വര റാവു

1917 ജൂൺ ഒന്നിന്‌ ആന്ധ്രപ്രദേശിലെ വാറംഗൽ ജില്ലയിലെ ഇംഗുർത്തി ഗ്രാമത്തിലാണ്‌ ദേവുലപ്പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img