അടിയന്തരാവസ്ഥ എല്ലാവിധ കലാവിഷ്‌ക്കാരങ്ങൾക്കുമേലും ചങ്ങലയിട്ടു. ഇന്ത്യൻ സിനിമ മരവിച്ചുനിന്നു. ചില സിനിമകൾ നിരോധിക്കപ്പെട്ടു. പല നിർമ്മാതാക്കളും പ്രോജക്ടുകൾ ഉപേക്ഷിച്ചു. പൂർത്തിയായി സെൻസർ ബോർഡിനു മുന്പിലെത്തിയ ചില സിനിമകൾ വെട്ടും കുത്തുമേറ്റ് തിരികെ എഡിറ്ററുടെ മേശമേൽ വീണു.
അടിയന്തരാവസ്ഥയിലെ അതിക്രമങ്ങൾ അന്വേഷിച്ച ജ. ജെ സി ഷാ കമ്മീഷനും കെ കെ ദാസ് കമ്മിറ്റിയും ചലച്ചിത്രമേഖല നേരിട്ട ആക്രമണത്തിന്റെ ചിത്രം വരച്ചിടുന്നുണ്ട്. സെൻസർ സർട്ടിഫിക്കറ്റുകൾ വൈകിച്ചു മാത്രമല്ല. ഷൂട്ടിങ്ങിനുള്ള റോ ഫിലിം നിഷേധിച്ചും പടങ്ങൾ മുടക്കി.
എഴുപതുകൾ ഇന്ത്യൻ സിനിമയ്ക്ക് ഏറെ ഉണർവ്വുണ്ടായ ഘട്ടമാണ്. ഫിലിം ഫൈനാൻസ് കോർപ്പറേഷന്റ (നാഷണൽ ഫിലിം ഡവലപ്പ്മെന്റ് കോർപ്പറേഷന്റെ ആദ്യരൂപം) സഹായത്തോടെ കലാമൂല്ല്യമുള്ള സിനിമകൾ നിർമ്മിക്കപ്പെട്ടിരുന്നു. ആ സഹായങ്ങൾ നിലച്ചു. എഫ്എഫ്സി ചെയർമാൻ ബി കെ കരഞ്ചിയയും ബോർഡംഗം ഹൃഷികേശ് മുഖർജിയും അടക്കം പലരും രാജിവെച്ചു. സെൻസർ ബോർഡിൽ് സിനിമയുമായി തീരെ ബന്ധമില്ലാത്തവർ ചുമതലയേറ്റു. പ്രമുഖ സംവിധായകരുടെ സിനിമകൾക്ക് പോലും അവർ അസംബന്ധമാറ്റങ്ങൾ നിർദേശിച്ചു. ചലച്ചിത്ര പ്രവർത്തകരോട് സർക്കാർ പദ്ധതികളുടെ പ്രചാരകരാകാൻ നിർദേശങ്ങൾ വന്നു. സഹകരിക്കാത്തവർക്ക് ‘ശിക്ഷ’ കിട്ടി.
കിഷോർ കുമാറിന്റെ പാട്ട് വേണ്ട
1976 ഏപ്രിൽ ആദ്യവാരം ഇരുപതിന പരിപാടിക്ക് പിന്തുണ തേടി സിനിമാമേഖലയിൽ ഉള്ളവരുടെ യോഗം മന്ത്രി വി സി ശുക്ല മുംബയിൽ വിളിച്ചു. ഒട്ടേറെ പ്രമുഖർ അണിനിരന്നു. ഗായകനും നടനുമായ കിഷോർകുമാർ വിട്ടുനിന്നു. ഉദ്യോഗസ്ഥർ ബന്ധപ്പെട്ടപ്പോഴും അദ്ദേഹം താൽപ്പര്യക്കുറവറിയിച്ചു. മന്ത്രി വി സി ശുക്ലയുടെ നിർദേശപ്രകാരം വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് സെക്രട്ടറി എസ് എം എച്ച് ബർണി കിഷോർകുമാറിന് വിലക്കേർപ്പെടുത്താൻ ആകാശവാണിക്കും ദൂരദർശനും നിർദേശം നൽകി. മൂന്നുകാര്യങ്ങളാണ് നിർദേശിച്ചത്. 1. ദൂരദർശനിലോ ആകാശവാണിയിലോ കിഷോർകുമാറിന്റെ പാട്ടുകൾ വരരുത്. 2. ദൂരദർശൻ അദ്ദേഹം അഭിനയിച്ച സിനിമകൾ പിടിച്ചുവെക്കണം. 3. അദ്ദേഹത്തിന്റെ ഗ്രാമഫോൺ റെക്കോഡുകളുടെ വിൽപ്പന തടയണം. സിനിമാനിർമ്മാതാക്കൾക്ക് മുന്നറിയിപ്പാകണം നടപടി എന്നും ബർണി കുറിച്ചു. ഗ്രാമഫോൺ വിൽപ്പന നിർത്താൻ എച്ച്എംവിയെ നിർബ്ബന്ധിച്ചു. അവർ വഴങ്ങി. പോളിഡോർ കമ്പനി സഹകരിച്ചില്ല. 1976 മെയ് നാലുമുതൽ വിലക്ക് നിലവിൽ വന്നു. ഷാ കമ്മീഷന്റെ തെളിവെടുപ്പിൽ ശുക്ല ഈ കുറ്റം ഏറ്റെടുക്കുന്നുണ്ട്. വിലക്ക് ഒന്നരമാസത്തിനുശേഷമാണ് നീക്കിയത്.
മറ്റ് പലരും ഇത്തരത്തിൽ പലവിധ പ്രതികാരനടപടികൾ നേരിട്ടു. നടൻ ദേവാനന്ദ് തന്റെ ആത്മകഥയായ ‘റൊമാൻസിങ്ങ് വിത്ത് ലൈഫി’ൽ സ്വന്തം അനുഭവം പറയുന്നുണ്ട്. തന്റെ ചിത്രങ്ങൾ വിലക്കുകയും പേരുപോലും പറയരുതെന്ന് ഔദ്യോഗിക മാധ്യമങ്ങൾക്ക് നിർദേശം നൽകുകയും ചെയ്തതായി അദ്ദേഹം എഴുതുന്നു. വിജയാനന്ദ്, ഫെറോസ് ഖാൻ, അമോൽ പലേക്കർ, ആത്മാ റാം, ശത്രുഘ്നൻ സിൻഹ തുടങ്ങി ഒട്ടേറെപ്പേർ കരിമ്പട്ടികയിലായി.
സ്നേഹലതാറെഡ്ഡി: രക്തസാക്ഷി
അടിയന്തരാവസ്ഥയുടെ രക്തസാക്ഷിയാണ് കന്നഡ നടി സ്നേഹലതാറെഡ്ഡി. അവർ പീഡനം നേരിട്ടത് നടി എന്ന നിലയിൽ ആയിരുന്നില്ലെന്നുമാത്രം. സോഷ്യലിസ്റ്റ് നേതാവ് ജോർജ് ഫെർണാണ്ടസിന്റെ സുഹൃത്തായ കാരണത്താൽ അറസ്റ്റ് ചെയ്ത അവരെ ബാംഗ്ലൂർ സെൻട്രൽ ജയിലിൽ എട്ട് മാസത്തോളം വിചാരണ കൂടാതെ പാർപ്പിച്ചു. കടുത്ത ആസ്ത്മാരോഗിയായിരുന്ന അവർ തീരെ അവശയായിട്ടും വിട്ടയച്ചില്ല. കൃത്യമായ ചികിത്സയും നൽകിയില്ല. രണ്ടുതവണ ആസ്ത്മ കൂടി അബോധാവസ്ഥയിലായി. 1976 മെയ് രണ്ടിന് ജയിലിലടക്കപ്പെട്ട അവർ പരോൾ കിട്ടി പുറത്തുവന്നത് 1977 ജനുവരി പതിനഞ്ചിനാണ്. അഞ്ചുദിവസത്തിനുശേഷം ജനുവരി 20 ന് അന്തരിച്ചു. യു ആർ അനന്തമുർത്തി രചിച്ച സംസ്‌ക്കാര സിനിമയാക്കിയപ്പോൾ പ്രധാന റോളിൽ സ്നേഹലതാറെഡ്ഡി അഭിനയിച്ചിരുന്നു. ഭർത്താവ് പട്ടാഭിരാമ റെഡ്ഡിയായിരുന്നു സംവിധായകൻ. ചിത്രം 1970ൽ ഏറ്റവും മികച്ച സിനിമക്കുള്ള ദേശീയ അവാർഡ് നേടിയിരുന്നു. മരിക്കുമ്പോൾ 45 വയസ് മാത്രമായിരുന്നു അവർക്ക് പ്രായം.
‘ആന്ധി’, ‘നാസ്ബന്ധി’, ‘കിസാ കുർസി കാ’
അടിയന്തരാവസ്ഥയുടെ കടുംവെട്ട് നേരിട്ട ഹിന്ദി ചിത്രങ്ങളിൽ ‘ആന്ധി’, ‘നാസ്ബന്ധി’, ‘കിസ്സാ കുർസി കാ’ എന്നിവ ഉൾപ്പെടുന്നു.ഗുൽസാർ സംവിധാനം ചെയ്ത ആന്ധി അടിയന്തരാവസ്ഥയ്ക്ക് മുമ്പ് 1975 ജനുവരിയിൽ സെൻസർ ബോർഡിന്റെ പ്രദർശനാനുമതി ലഭിച്ച ചിത്രമാണ്. എന്നാൽ പ്രദർശനം തുടങ്ങി 23 ആഴ്ച്ച പിന്നിട്ട സിനിമ ജൂലൈയിൽ നിരോധിക്കാൻ വി സി ശുക്ല നിർദേശം നൽകി. ചിത്രത്തിലെ നായികക്ക് ഇന്ദിരാഗാന്ധിയുമായുണ്ടായിരുന്ന സാദൃശ്യമായിരുന്നു കാരണമായി പറഞ്ഞത് . എന്നാൽ യൂത്ത് കോൺഗ്രസിന്റെ ചരിത്രം സിനിമയാക്കാൻ ആവശ്യപ്പെട്ട് ചിലർ തന്നെ കാണാൻ വന്നെന്നും തന്റെ മറുപടി അവർക്ക് ഇഷ്ടപ്പെട്ടില്ലെന്നും ഗുൽസാർ പിൽക്കാലത്ത് പറഞ്ഞിട്ടുണ്ട്. പിന്നാലെയായിരുന്നു നിരോധനം. അടിയന്തരാവസ്ഥയ്ക്ക് ശേഷം ചിത്രം വീണ്ടും റിലീസ് ചെയ്തു. ദൂരദർശനിലും വന്നു.

കിസ്സാ കുർസി കാ എന്ന ചിത്രം നേരിട്ടത് ഭീകരാക്രമണമാണ്. അമൃത് നഹാത സംവിധാനം ചെയ്ത ഈ ചിത്രം സഞ്ജയ് ഗാന്ധിക്കെതിരെ എന്നു തോന്നാവുന്ന ചില വിമർശനങ്ങൾ ഉന്നയിക്കുന്ന ആക്ഷേപഹാസ്യ സിനിമയായിരുന്നു. ചില കട്ടൊക്കെ വന്നെങ്കിലും യു സർട്ടിഫിക്കറ്റ് കിട്ടി. അതിനിടയിൽ അടിയന്തരാവസ്ഥ വന്നു. 1975 ജൂലൈ 11 ന് ചിത്രത്തിന്റെ പ്രിന്റുകൾ പിടിച്ചെടുക്കാൻ വി സി ശുക്ല നിർദേശം നൽകി. നിർമ്മാതാവ് സുപ്രീംകോടതിയെ സമീപിച്ചു. കേസ് നീണ്ടു. നവംബർ 17 നു സിനിമ കാണാൻ കോടതി തീരുമാനിച്ചു. എന്നാൽ ചിത്രത്തിന്റെ പ്രിന്റ് തിരിച്ചെടുക്കാൻ കഴിയാത്തവിധം നഷ്ടപ്പെട്ടതായി അന്ന് സർക്കാർ കോടതിയെ അറിയിച്ചു. അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന സിബിഐ അന്വേഷണത്തിൽ, അന്ന് സഞ്ജയ് ഗാന്ധിയുടെ പൂർണ്ണ നിയന്ത്രണത്തിലായിരുന്ന മാരുതി ഉദ്യോഗ് ലിമിറ്റഡിന്റെ വളപ്പിൽ നിന്ന് ഫിലിം സൂക്ഷിച്ചിരുന്ന പെട്ടി കിട്ടി. ചിത്രത്തിന്റെ പ്രിന്റ് അവിടെ വെച്ച് കത്തിച്ചുകളയുകയായിരുന്നുവെന്ന് കണ്ടെത്തി. കേസിൽ സഞ്‌ജയ് ഗാന്ധിയും വി സി ശുക്ലയും ജയിലിൽ ആകുകയും ചെയ്‌തു. അടിയന്തരാവസ്ഥക്ക് ശേഷം വീണ്ടും ചിത്രീകരിച്ചാണ് ആ സിനിമ പുറത്തിറങ്ങിയത്.
ആന്ദോളൻ എന്ന സിനിമയും അടിയന്തരാവസ്ഥയ്ക്കു മുമ്പേ സെൻസർ അംഗീകാരം ലഭിച്ച ചിത്രമായിരുന്നു. 1942 ലെ ക്വിറ്റ് ഇന്ത്യാസമരമായിരുന്നു വിഷയം. പക്ഷെ അതിനും പിടിവീണു. വിപ്ലവപ്രവർത്തനവും ഒളിവു ജീവിതവുമൊക്കെ വെട്ടിക്കളയാൻ നിർദേശം പോയി. അത്തരം രംഗങ്ങൾ ജനങ്ങളെ അടിയന്തരാവസ്ഥക്കെതിരെ സമരസജ്ജരാക്കും എന്ന് സർക്കാർ ഭയന്നു. അതുപോലെ വാട്ടർഗേറ്റ് സംഭവം വിഷയമായ ‘ഓൾ ദ പ്രസിഡന്റ്സ് മെൻ’ എന്ന ഇംഗ്ലീഷ് ചിത്രവും പ്രദർശന വിലക്ക് നേരിട്ടു.സർക്കാരിനെതിരെ ചിന്തിക്കാൻ ജനങ്ങളെ സിനിമ പ്രേരിപ്പിക്കും എന്നായിരുന്നു ആശങ്ക.അമിതാബ് ബച്ചനടക്കമുള്ള താരനിരയുമായിറങ്ങിയ ‘നാസ്ബന്ധി’ എന്ന ആക്ഷേപഹാസ്യ ചിത്രവും അടിയന്തരാവസ്ഥക്കാലത്ത് നിരോധിക്കപ്പെട്ടു. സർക്കാരിന്റെ നിർബ്ബന്ധിത വന്ധ്യംകരണത്തെ കളിയാക്കിയതായിരുന്നു കാരണം.
സിനിമകൾ സെൻസറിങ്ങിനു വൈകിച്ചും അസാധ്യമായ കട്ടുകൾ നിർദേശിച്ചും അപകടം പിടിച്ച സിനിമകൾ പുറത്തുവരുന്നത് തടയാൻ സർക്കാരിനായി. നിർമ്മാതാക്കൾ റിസ്ക്ക് എടുക്കാൻ വിസമ്മതിച്ചു. ഒരു ദിവസം റിലീസ് വൈകിയാൽ 20000 രൂപവരെ പ്രതിദിന നഷ്ടം വരുമെന്ന സ്ഥിതിയിലായിരുന്നു അവർ.
ചതഞ്ഞരഞ്ഞ ‘കബനീനദി’
മലയാളത്തിൽ സംവിധായകൻ പവിത്രൻ നിർമ്മിച്ച് പി എ ബക്കർ സംവിധാനം ചെയ്ത് ടി വി ചന്ദ്രൻ അഭിനയിച്ച ‘കബനീനദി ചുവന്നപ്പോൾ’ വെട്ടി നാശമാക്കി. സെൻസർ ബോർഡിന് സമർപ്പിച്ച ചിത്രത്തിൽ നിന്നും ആയിരത്തി എണ്ണൂറ് അടി ബോർഡ് നീക്കി. ചിത്രം റിലീസ് ആയപ്പോൾ തിരുവനന്തപുരത്തെ ഒരു തിയറ്ററിലെ പ്രൊജക്ടർ റൂമിൽ കയറി വന്നു പോലീസ് കത്രിക വെച്ചു. മലയാളത്തിൽ, ചിലപ്പോൾ ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യത്തെ അനുഭവമായിരിക്കാം അതെന്ന് ടി വി ചന്ദ്രൻ ഒരഭിമുഖത്തിൽ പറയുന്നുണ്ട്. തുടർന്ന് പവിത്രൻ പ്രതിഷേധിക്കുകയും പ്രിന്റ് തിയറ്ററിൽ നിന്നും തിരിച്ചെടുക്കുകയുമുണ്ടായി.
പക്ഷേ 1975ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സംവിധായകനും മികച്ച രണ്ടാമത്തെ ചലച്ചിത്രത്തിനും ഉള്ള പുരസ്കാരം ‘കബനീനദി ചുവന്നപ്പോൾ നേടി. ഒരു നക്സലൈറ്റ് കഥയ്ക്ക് എന്തുകൊണ്ട് അവാർഡ് കൊടുത്തു എന്നു സാംസ്കാരിക വകുപ്പിന്റെ ചുമതല വഹിക്കുന്ന കെ. കരുണാകരനോട് പത്രലേഖകർ ചോദിച്ചപ്പോൾ “ഒരുവൻ നക്സലൈറ്റായാൽ അവനെ വെടിവെച്ചുകൊല്ലും എന്ന ഗുണപാഠം ഈ ചിത്രത്തിലുണ്ട്’ എന്നായിരുന്നു. മറുപടി.
ഒരുവശത്ത് ഈ ആക്രമണം നടക്കുമ്പോൾ ഇഷ്ടക്കാരുടെ സിനിമകൾക്ക് സർക്കാർ പ്രോത്സാഹനവും നൽകി. സർക്കാർ പരിപാടികളെയും പ്രധാനമന്ത്രിയെയും മകൻ സഞ്ജയ് ഗാന്ധിയെയും പ്രശംസിച്ചവർക്ക് ഫിലിംസ് ഡിവിഷൻ വഴിയും മറ്റ് സർക്കാർ സംവിധാനങ്ങൾ വഴിയും ഡോക്കുമെന്ററികളും ഹ്രസ്വചിത്രങ്ങളും നിർമ്മിക്കാൻ പണം കിട്ടി. സാധാരണ നൽകുന്നതിൽ പല മടങ്ങ് പണം നൽകി വ്യക്തികൾ നിർമ്മിച്ച ചിത്രങ്ങൾ പലതും വാങ്ങിയതിന്റെ തെളിവും പിന്നീട് ഷാ കമ്മീഷന്റെ അന്വേഷണത്തിൽ പുറത്തുവന്നു.ഇൻഡസ് വാലി ടു ഇന്ദിരാഗാന്ധി എന്ന പേരിലുള്ള ഡോക്യുമെന്ററി അന്നത്തെ കണക്കിൽ വൻതുകയായ 11.90 ലക്ഷം രൂപ കൊടുത്താണ് വാങ്ങിയത്. ന്യൂസ്റീലുകളിൽ 20 മിനിറ്റ് വരെ സഞ്ജയ് ഗാന്ധിയുടെ സന്ദർശന പരിപാടികൾ കടന്നുകയറി.

അടിയന്തരാവസ്ഥയിലെ എല്ലാ ’ജാഗ്രതകൾക്കും നടുവിലും സെൻസറെ മറികടന്ന് ചില ചിത്രങ്ങൾ പ്രദർനത്തിനെത്തി. വിഖ്യാത സംവിധായകൻ മൃണാൾ സെന്നിന്റെ ‘മൃഗയ’ എന്ന ഹിന്ദി സിനിമ അത്തരത്തിലൊന്നായിരുന്നു. സ്വന്തം രാഷ്ട്രീയ നിലപാടുകൾ സിനിമയ്ക്കുള്ളിലും പുറത്തും ഉറക്കെപറയാൻ മടിയില്ലാത്ത ആ മാർക്‌സിസ്റ്റിന്റെ സിനിമ എങ്ങനെ അടിയന്തരാസ്ഥയുടെ കടുത്ത സെന്സറിംഗ് കടന്നു പുറത്തെത്തും എന്ന് പലരും ശങ്കിച്ചു. പക്ഷെ ചിത്രം പരിക്കില്ലാതെ പുറത്തിറങ്ങി. അടിയന്തരാവസ്ഥയിൽ തന്നെ തീയറ്ററിലെത്തി. 1976 ജൂണ് ആറിന്.സെൻസർമാർക്ക് ആ സിനിമയുടെ രാഷ്ട്രീയം തിരിഞ്ഞില്ല എന്നുവേണം കരുതാൻ. ബ്രിട്ടീഷ് കാലമായിരുന്നു ‘മൃഗയ’യുടെ പശ്ചാത്തലം.അനീതിക്കെതിരെ പൊരുതുന്ന ഘിനുവ സോറൻ എന്ന ഗിരിവർഗ പോരാളിയുടെ കഥയിലെ വ്യംഗ്യം സെൻസറുടെ കത്രികയിൻ നിന്നു തെന്നിപ്പോയി.പക്ഷേ കഥയിലെ രാഷ്ട്രീയം ആർക്കും മനസ്സിലാകാതെ പോകരുത് എന്ന വാശി മൃണാൾ സെന്നിന് ഉണ്ടായിരുന്നിരിക്കണം. സിനിമയുടെ അവസാന ഷോട്ട് അദ്ദേഹം അതിനായി കരുതിവെച്ചു.ഘിനുവ സോറന്നെ തൂക്കിലേറ്റുന്ന ആ അന്ത്യദൃശ്യത്തിൽ നിന്ന് സിനിമ കുതറുന്നത് ചടുല സംഗീതത്തിലേക്കാണ്. തുടർന്ന് വലിയഅക്ഷരത്തിൽ STAND UP എന്ന ആജ്ഞ സ്ക്രീനിൽ എത്തുന്നു. ഒപ്പം ഈ വരികളും.REMEMBER THE MATRYRS
WHO LOVED LIFE AND FREEDOM
IN MEMORY OF THEM
STAND UP.ജീവിതത്തെയും സ്വാതന്ത്ര്യത്തെയും സ്നേഹിച്ചതിനാൽ രക്തസാക്ഷി ആകേണ്ടിവന്നവരെ ഓർത്തുകൊണ്ട് എഴുന്നേല്ക്കാനുള്ള ആ ആഹ്വാനം അന്നത്തെ അടച്ചുകെട്ടിയ രാഷ്ട്രീയ അന്തരീക്ഷത്തിൽ പലരുടെയും രക്തം തിളപ്പിച്ചു.അടിയന്തരാവസ്ഥ അവസാനിച്ച ശേഷമാണ് 1976 ലെ സിനിമയ്‌ക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചത്. 1977നവംബറിൽ. മികച്ച ചിത്രമായി ‘മൃഗയ’ തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ബോളിവുഡ് നടനായി ഉയർന്ന മിഥുൻ ചക്രവർത്തിയുടെ ആദ്യ ചിത്രമായിരുന്നു അത്.ആ വർഷത്തെ മികച്ച നടനുള്ള പുരസ്‌ക്കാരം മിഥുൻ ചക്രവർത്തി നേടി. നായിക മമത ശങ്കറുടെയും ആദ്യചിത്രം.
റാലി തടയാൻ സിനിമ
സിനിമകൾക്കെതിരെ കടുത്തനീക്കങ്ങൾ നടത്തുന്നതിനിടയിൽ ഒരു സിനിമയെ അടിയന്തരാവസ്ഥക്കെതിരായ നീക്കം തടയാൻ പരിചയാക്കാനും സർക്കാർ തുനിഞ്ഞു. ഇതിന്റെ വിശദ ചിത്രം ദാസ് കമ്മിറ്റി റിപ്പോർട്ടിലുണ്ട്.
അടിയന്തരാവസ്ഥയുടെ അന്ത്യനാളുകളിലായിരുന്നു അത്. ഇളവുകൾ വന്നിരുന്നു. 1977ഫെബ്രുവരി ആറിന് ഡൽഹിയിൽ ജയപ്രകാശ് നാരായണൻ ഒരു പ്രതിപക്ഷ റാലി പ്രഖ്യാപിച്ചിരുന്നു. അക്കാലത്ത് തീയറ്ററിലല്ലാതെ സിനിമ കാണാൻ ഏക അവസരം ഞായറാഴ്ച്ച വൈകിട്ട് ദൂരദർശനിൽ വരുന്ന ഹിന്ദി സിനിമയാണ്. അന്ന് ‘വഖ്ത്’ എന്ന ചിത്രമാണ് കാണിക്കാനിരുന്നത്. എന്നാൽ ഫെബ്രുവരി അഞ്ചിന് രാത്രി ഏഴരയ്ക്ക് മന്ത്രി വി സി ശുക്ലയുടെ ഓഫീസിൽ നിന്ന് ദൂരദർശനിലെ ഉന്നതർക്ക് അറിയിപ്പ് കിട്ടി. ‘വഖ്ത്’ വേണ്ട; പകരം ഹിറ്റ് ചിത്രമായ ‘ബോബി’ കാണിക്കണം എന്നായിരുന്നു ആജ്ഞ. രാത്രി പത്തിന്റെ വാർത്തയ്ക്കൊപ്പം സിനിമ മാറുന്ന കാര്യം അനൗൺസ് ചെയതു. കൂടുതൽ കാണികൾ ഉണ്ടാകാനിടയുള്ള സിനിമ കാണിച്ചാൽ റാലി്ക്ക് ആളുകുറയും എന്നായിരുന്നു പ്രതീക്ഷ.
അന്ന് സിനിമകാണിക്കാൻ പ്രിന്റു തന്നെ വേണം. ബോംബേയിൽ നിർമ്മാതാക്കളെ ബന്ധപ്പെട്ടു. പിറ്റേന്ന് ഉച്ചയോടെ ഡൽഹിയിലെ വിതരണക്കാരനെ കണ്ടെത്തി. ചിത്രം ചാന്ദ്‌നി ചൗക്കിലെ ഒരു ഗോഡൗണിൽ നിന്നുകിട്ടി. പലയിടത്തും പൊട്ടൽവീണ ‘ബോബി’ ഒടുവിൽ കാണിക്കുക തന്നെ ചെയ്തു. ‘വക്ത്’ കാണിക്കാൻ കഴിയാതിരുന്നതിനു കാരണമുണ്ടാക്കാൻ ആ സിനിമയുടെ പ്രിന്റ് കേടാണെന്ന് രേഖപ്പെടുത്താനും പ്രിന്റിൽ കേടുവരുത്താനും നിർദേശമുണ്ടായിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ അതിന്നു തയ്യാറായില്ലെന്ന് റിപ്പോർട്ടിലുണ്ട്. ഏതായാലും ‘ബോബി’ പ്രദർശിപ്പിച്ചെങ്കിലും റാലി വൻവിജയമായി. ഇന്ദിരാഗാന്ധിയുടെ ഭരണം അവസാനിപ്പിച്ച 1977 ലെ തെരഞ്ഞെടുപ്പിലേക്കുള്ള ജനമുന്നേറ്റത്തിന്റെ തുടക്കമാകുകയും ചെയ്തു.