ട്രംപിൻ്റെ പേടിസ്വപ്നം; ന്യൂ യോർക്കിലെ ഈ പുരോഗമനവാദി

വി.ബി. പരമേശ്വരൻ

വി ബി പരമേശ്വരൻ

മേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെയും തീവ്രവലതുപക്ഷ രാഷ്ട്രീയക്കാരുടെയും പേടിസ്വപ്നമായി ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയായി സൊഹ്‌റാൻ മംദാനി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ശതകോടീശ്വരന്മാരുടെ ഇഷ്ടക്കാരനും രണ്ട് തവണ ന്യൂയോർക്ക് മേയറുമായ ആൻഡ്രൂ ക്വോമോയെ ഡെമോക്രാറ്റിക്ക് പ്രൈമറിയിൽ തോൽപിച്ചാണ് ഇന്ത്യയിൽ വേരുകളുള്ള ഉഗാണ്ടൻ വംശജനായ മംദാനി സ്ഥാനാർഥിയായി തെരഞ്ഞെടുക്കപ്പെട്ടത്. തീവ്രവലതുപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന ആശയങ്ങളെ എങ്ങിനെ തോൽപിക്കാം എന്ന പാഠം കൂടി മംദാനിയുടെ തെരഞ്ഞെടുപ്പ് വിജയത്തിൽ നിന്നും വായിച്ചെടുക്കാം. ആരലക്ഷം വളൻ്റിയർമാരെ ഉപയോഗിച്ച് ഓരോ വോട്ടറെയും നേരിൽ കാണുന്നതോടൊപ്പം സാമൂഹ്യമാധ്യമങ്ങൾ ഫലപ്രദമായി ഉപയോഗിച്ചുമാണ് മംദാനിയും കൂട്ടരും വൻ മുന്നേറ്റം സൃഷ്ടിച്ചത്. ട്രംപിസം എന്നു കൂടി വിളിക്കപ്പെടുന്ന അമേരിക്കയിലെ തീവ്രവലതുപക്ഷം ശക്തിയാർജിച്ചത് കുടിയേറ്റ വിരുദ്ധത , മുസ്ലിംവിരോധം, ജനക്ഷേമനയങ്ങളോടുള്ള എതിർപ്പ്, കോർപറേറ്റുകളുമായുള്ള അവിഹിതവേഴ്ച തുടങ്ങിയ നയങ്ങൾ ഉയർത്തിപ്പിടിച്ചാണ്. ഈ നയങ്ങളെല്ലാം തുറന്നെതിർക്കുന്ന ജനപക്ഷവേദിയുടെ പ്രതീകമായാണ് സൊഹ്റാൻ മംദാനി അമേരിക്കൻ രാഷ്ട്രീയത്തിൽ ഉയർന്നു വന്നത്.

സൊഹ്‌റാൻ മംദാനി

ഇനി കുടിയേറ്റക്കാരനും
മുസ്ലീമുമാണെന്ന് തുറന്നു പറയാം

ഉഗാണ്ടയിലെ കംപാലയിൽ ജനിച്ച് രണ്ട് ദശാബ്ദം മുമ്പ് മാത്രം അമേരിക്കയിൽ കുടിയേറിയ കുടുംബത്തിലെ അംഗമാണ് മംദാനി. അതോടൊപ്പം മുസ്ലീമുമാണ്. കൊളോണിയൽ വിരുദ്ധ സൈദ്ധാന്തികനായ മുഹമ്മദ് മംദാനിയുടെയും പ്രസിദ്ധ സിനിമാ സംവിധായകയും (മിസിസിപ്പി മസാല, മൺസൂൺ വെഡ്ഡിംഗ്) ഇന്ത്യക്കാരിയുമായ മീരാ നായരുടെയും മകനാണ് സൊഹ്റാൻ മംദാനി . താൻ കുടിയേറ്റക്കാരനാണെന്നും  മുസ്ലീം ആണെന്നും അഭിമാനത്തോടെ തുറന്നു പറഞ്ഞു കൊണ്ടാണ് മംദാനി അമേരിക്കയിലെ ഏറ്റവും വലിയ നഗരത്തിലെ ജനങ്ങളെ സമീപിച്ചത്. പലസ്തീൻ അനുകൂല നിലപാട് കൈക്കൊള്ളുന്നതിൽ മറ്റ് ഡെമോക്രാറ്റിക് പാർടി നേതാക്കളിൽ നിന്നും വ്യത്യസ്തമായി ഒരു കുറ്റബോധവും മംദാനി പ്രകടിപ്പിച്ചില്ല. ഇസ്രയേൽ എന്ന രാഷ്ട്രത്തിന് നിലനിൽക്കാൻ അവകാശമുണ്ടെന്നതുപോലെ പലസ്തിനും ഒരു രാഷ്ട്രമായി നിലനിൽക്കാൻ അവകാശമുണ്ടെന്ന് മംദാനി പറഞ്ഞു. ജൂതർക്കെതിരായ ആക്രമണങ്ങൾ പാടില്ല എന്നതുപോലെ പലസ്തീൻകാരും ആക്രമിക്കപ്പെടരുതെന്ന് മംദാനി വാദിച്ചു. ഇസ്രയേൽ ഗാസയിൽ ഇപ്പോൾ നടത്തുന്നത് വർണവിവേചനവും വംശഹത്യയുമാണെന്ന് പറയാനും മംദാനി മടിച്ചില്ല. ഇസ്രയേലിനെതിരെുള്ള BDS പ്രസ്ഥാനത്തിനും അകമഴിഞ്ഞ പിന്തുണയാണ് മംദാനി വാഗ്ദാനം ചെയ്തത്. ഇസ്രയേലിന് ആയുധവും സാമ്പത്തിക സഹായവും നൽകുന്ന അമേരിക്കയുടെയും ഡെമോക്രാറ്റിക് പാർട്ടിയുടെ തന്നെയും പൊതുസമീപനത്തിന് കടകവിരുദ്ധമാണ് മംദാനിയുടെയും അദ്ദേഹം പ്രതിനിധീകരിക്കുന്ന ഡെമോക്രാറ്റിക് പാർട്ടിയിലെ തന്നെ പുരോഗമനപക്ഷമായ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ഓഫ് അമേരിക്കയുടെയും( ഡി എ എസ് ) സമീപനം.

ബെർണി സാൻഡേഴ്സ്

വെർമോണ്ടിലെ സെനറ്റർ ബെർണി സാൻഡേഴ്സ് നയിക്കുന്ന ഈ പ്രസ്ഥാനം പാർടിയെ പുരോഗമന , സോഷ്യൽ ഡെമോക്രാറ്റിക് പാതയിലേക്ക് നയിക്കാനുള്ള സമ്മർദ്ദ ഗ്രൂപ്പായി 1980 മുതൽ പ്രവർത്തിച്ചുവരികയാണ്. ഇപ്പോൾ മൂന്നു സെനറ്റർമാരും ന്യൂ യോർക്കിൽ നിന്നും ഹൗസ് ഓഫ് റപ്രസെൻ്റേറ്റീവിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അലക്സാണ്ട്രിയ ഒകാസിയോ കോർടസും, സംസ്ഥാന നിയമസഭകളിൽ മംദാനി (ക്വീൻസ് മണ്ഡലത്തെ പ്രതിനിധീകരിച്ച് ന്യൂയോർക്ക് സംസ്ഥാന കൗൺസിൽ അംഗമാണ്) ഉൾപ്പെടെ ആറംഗങ്ങളും ഡി എ സിനൊപ്പമുണ്ട്.

റിയൽ എസ്റ്റേറ്റ് ഭീമന്മാർക്കെതിരെ
പൊരുതാം; ജയിക്കാം

ന്യൂയോർക്കിലെ വോട്ടർമാർ, നേരത്തേ ട്രംപിനെ പിന്തുണച്ചവർ പോലും മംദാനിക്ക് അനുകൂലമായി സംസാരിക്കാൻ തുടങ്ങിയതിന് പ്രധാനകാരണം”ബ്രെഡ് ആൻ്റ് ബട്ടർ” വിഷയങ്ങളെക്കുറിച്ച് മംദാനി സംസാരിച്ചതു കൊണ്ടാണ്. വൈകാരിക തലം ഏറെ യുള്ള വിദ്വേഷരാഷ്ട്രീയത്തിൽ നിന്നും ജനങ്ങളെ അവരുടെ നിത്യജീവിത വിഷയങ്ങളിലേക്ക് ഇറക്കിക്കൊണ്ടുവരാൻ സാധിച്ചാൽ ഇടതുപക്ഷപുരോഗമന പ്രസ്ഥാനങ്ങൾക്ക് തീവ്രവലതുപക്ഷത്തെ , നവഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്താൻ കഴിയുമെന്ന് ഫ്രാൻസിലെന്നപോലെ അമേരിക്കയിലും തെളിയിക്കുകയാണ് മംദാനി.എന്താണ് മംദാനി ഉയർത്തിയ വിഷയങ്ങൾ എന്നു നോക്കിയാൽ ഇക്കാര്യം വ്യക്തമാകും.

ന്യൂയോർക്ക് വാസികളുടെ ഏറ്റവും പ്രധാന പ്രശ്നം താമസമാണ്. 24 ലക്ഷം പേരാണ് വാടകകെട്ടിടത്തിൽ താമസിക്കുന്നത്. രണ്ട് കിടപ്പുമുറിയുള്ള വീടിന് ശരാശരി 5000 മുതൽ 5500 ഡോളർ വരെയാണ് വാടക. (നാല് ലക്ഷം രൂപ മുതൽ 4.75 ലക്ഷം രൂപവരെ ) ഇത്രയും വലിയ തുക വാടകയായി നൽകിയാൽ ഭക്ഷണം, ആരോഗ്യ സുരക്ഷ എന്നിവക്കുള്ള ബജറ്റ് ചുരുക്കുകയോ, രണ്ടോ മൂന്നോ ജോലി നോക്കുകയോ ചെയ്യേണ്ടി വരും. ഇതിനു കഴിയാത്തവർ ന്യൂയോർക്ക് നഗരത്തിന് പുറത്തേക്ക് താമസം തേടേണ്ടി വരും. 2023 ലെ ഒരു പഠനം അനുസരിച്ച് 5 ലക്ഷം കുടുംബങ്ങളാണ് ഉയർന്ന വാടക നൽകാനാകാതെ ന്യൂയോർക്ക് നഗരം വിട്ടുപോയത്. ഈ പ്രതിസന്ധിക്ക് രണ്ട് പരിഹാരമാർഗങ്ങളാണ് മംദാനി മുന്നോട്ടു വെക്കുന്നത്. ഒന്നാമതായി നാല് വർഷത്തേക്ക് വാടക മരവിപ്പിച്ച് നിർത്തുക എന്നതാണ്. അതായത് ഭൂവുടമക്ക് വർഷം തോറും വാടക കൂട്ടാൻ പറ്റില്ല. വാടക നിയന്ത്രിക്കാനുള്ള സമിതിയാണ് Rent Guidlines Board. ഇതിലെ അംഗങ്ങളെ നിശ്ചയിക്കാനുള്ള അധികാരം മേയർക്കാണ്. രണ്ടാമതായി പൊതുഫണ്ട് ഉപയോഗിച്ച് രണ്ട് ലക്ഷം വീടുകൾ നിർമിക്കുക എന്നതാണ്. ഈ സർക്കാർ വീടുകൾ ചുരുങ്ങിയ വാടകക്ക് നൽകുന്ന സ്ഥിതിയുണ്ടാകും. ന്യൂയോർക്കിലെ ജനങ്ങൾ പ്രത്യേകിച്ചും കുടിയേറ്റക്കാർ മത, ദേശ,രാഷ്ട്രീയ ഭേദമന്യെ മംദാനിയെ പിന്തുണക്കാനുള്ള ഏറ്റവും പ്രധാന കാരണം ഇതാണ്.

അതുകൊണ്ടു തന്നെ മംദാനിയെ തോൽപിക്കാൻ രംഗത്തിറങ്ങിയതും റിയൽ എസ്റ്റേറ്റ് ലോബിയാണ്. നിലവിലുള്ള മേയർ എറിക് ആഡംസ് അഭിമാനത്തോടെ പറയാറുള്ളത് “ഞാനാണ് റിയൽ എസ്റ്റേറ്റ് ” എന്നാണ്. റിയൽ എസ്റ്റേറ്റ് ഭീമന്മാരുടെ താത്പര്യമാണ് തൻ്റെ താൽപര്യമെന്നാണ് ഈ പ്രസ്താവന വഴി അദ്ദേഹം മറയില്ലാതെ വ്യക്തമാക്കിയത്. സ്വാഭാവികമായും റിയൽ എസ്റ്റേറ്റ് ഉടമകളുടെ ലാഭം 2024 ൽ മാത്രം 12 ശതമാനം വർധിച്ചു. ഡെമോക്രാറ്റിക് പാർടിയുടെ പ്രൈമറിയിൽ മത്സരിച്ചല്ലെങ്കിലും നവംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കാൻ ഒരുങ്ങുകയാണ് എറിക്ക് ആഡംസ് . മംദാനിയോട് പ്രൈമറിയിൽ മത്സരിച്ച ക്വോമോയും റിയൽ എസ്റ്റേറ്റ് രാക്ഷസന്മാരുടെ ഇഷ്ടതാരമാണ്. റിയൽ എസ്റ്റേറ്റുകാരുടെ സംഘടനയായ ന്യൂയോർക്ക് അപാർട്മെൻ്റ് അസോസിയേഷൻ 25 ലക്ഷം ഡോളറാണ് ക്വോമോയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഭാവന ചെയ്തത്. റിയൽ എസ്റ്റേറ്റ് ഭീമനായ മൈക്കിൾ ബ്ലൂംസ്ബർഗ് 83 ലക്ഷം ഡോളറും നൽകി. രണ്ടരക്കോടി ഡോളറാണ് ക്വോമോക്ക് ലഭിച്ചത്. ശതകോടീശ്വരനും ട്രംപിൻ്റെ അടുത്ത അനുയായിയുമായ ബിൽ അക്ക്മാൻ പറഞ്ഞത് നവംബറിലെ മേയർ തെരഞെടുപ്പിൽ മംദാനിയെ തോൽപ്പിക്കാൻ കെല്പുള്ള സ്ഥാനാർഥിക്ക് പ്രചാരണപ്രവർത്തനങ്ങൾക്കായി ലക്ഷകണക്കിന് ഡോളർ നൽകാൻ തയ്യാറാണെന്നാണ്. തെഞ്ഞെടുപ്പ് പ്രചാരണത്തിന് എന്തിന് ഇത്രയധികം പണം എന്ന ചോദ്യം ഉന്നയിച്ച മംദാനി വലിയ തുകകൾ സ്വീകരിക്കില്ലെന്നും ജനങ്ങൾ നൽകുന്ന നാണയതുട്ടുകൾ മതിയെന്നും നിശ്ചയിച്ചു. 80 ലക്ഷം ഡോളർ ലഭിച്ചതോടെ ഫണ്ട് സ്വരൂപണം നിർത്തിവെച്ചതായി മംദാനി അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണം പണം കൊണ്ടുള്ള ഉത്സവമാക്കാൻ താത്പര്യം കാട്ടാത്ത മംദാനിയുടെ സമീപനവും അദ്ദേഹത്തിൻ്റെ ജനപ്രീതി കൂട്ടാൻ കാരണമായി.

ഫ്രീ ആൻ്റ് ഫാസ്റ്റ് ബസ് സർവീസ്

മംദാനിയുടെ മറ്റൊരു പ്രധാന വാഗ്ദാനമാണ് “ഫ്രീ ആൻ്റ് ഫാസ്റ്റ് ബസ് സർവീസ്” എന്നത് . സൗജന്യവും വേഗത്തിലെത്തുന്നതുമായ ബസ് സർവീസ് വരുമാനം കുറഞ്ഞവർക്ക് വളരെ ആശ്വാസകരമാണ്. വാടക കൂടുതലായതിനാൽ നഗരപ്രാന്തങ്ങളിൽ താമസിക്കാൻ നിർബന്ധിക്കപ്പെട്ടവർക്ക് വലിയ ആശ്വാസമായിരിക്കും ഇത്തരം ബസ് സർവീസ്. ഈ പദ്ധതി യാഥാർഥ്യമാകണമെങ്കിൽ 7 കോടി ഡോളർ ചെലവാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. നിലവിൽ വിദ്യാർഥികൾക്ക് ന്യൂയോർക്കിൽ ബസ് യാത്ര സൗജന്യമാണ്. വയോജനങ്ങൾക്കും അംഗപരിമിതർക്കും പകുതി ചാർജ് നൽകിയാൽ മതി. അത് വിപുലപ്പെടുത്തി എല്ലാവർക്കും സൗജന്യയാത്ര ഉറപ്പുവരുത്താൻ കഴിയുമെന്നാണ് മംദാനിയുടെ വാദം. ഇതോടൊപ്പം ജോലിക്കാരായ രക്ഷിതാക്കൾക്ക് കുട്ടികളെ വളർത്താൻ കോർപറേഷൻ സഹായം ഉറപ്പുവരുത്തുമെന്നും മംദാനി വാഗ്ദാനം ചെയ്തു. അഞ്ച് മാസം മുതൽ 5 വയസ്സു വരെയുള്ള കുട്ടികളെ വളർത്താനാണ് സഹായം ലഭ്യമാക്കുക.വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ അത് തടഞ്ഞു നിർത്താൻ കോർപറേഷൻ നേതൃത്വത്തിൽ പലചരക്ക് കടകൾ (മാവേലി സ്‌റ്റോറിന് സമാനം) തുറക്കുമെന്നും ആക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ കമ്യൂണിറ്റി സേഫ്റ്റി ഡിപ്പാർട്ട്മെൻ്റിന് തുടക്കമിടുമെന്നും വിദ്വേഷ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാനായി പുതിയ ഏജൻസിക്ക് രൂപം നൽകുമെന്നും മംദാനി പറയുന്നു.

പണം കണ്ടെത്താം
ജനക്ഷേമ പദ്ധതികൾക്ക്

മംദാനിയുടെ ജനപ്രിയ പദ്ധതികൾ സാമ്പത്തികമായി നടപ്പിലാക്കാൻ കഴിയാത്തവയാണെന്നാണ് ട്രംപും ന്യൂയോർക്ക് ടൈംസ്, ന്യൂയോർക്ക് പോസ്റ്റ്, അറ്റ്ലാൻ്റ , ഫോക്സ് ന്യൂസ് തുടങ്ങിയ മാധ്യമങ്ങളും പറയുന്നു. മംദാനിയുടെ പദ്ധതികൾ യാഥാർഥ്യമാകണമെങ്കിൽ 10 ബില്യൺ ഡോളറെങ്കിലും വേണമെന്നും അതെവിടുന്ന് ഉണ്ടാക്കും എന്ന ചോദ്യം ഉയർത്തിയാണ് ഈ പദ്ധതികളൊന്നും നടക്കില്ലെന്ന തീർപ്പ് കൽപിക്കാൻ വലതുപക്ഷവും അവരെ പിന്തുണക്കുന്ന മാധ്യമങ്ങളും തയ്യാറാകുന്നത്. എന്നാൽ ഈ പണസമാഹരണം എങ്ങിനെ നടത്തുമെന്ന വ്യക്തമായ ഉത്തരവും മംദാനി നൽകുന്നുണ്ട്. പണം ഉള്ളവരിൽ നിന്നും അധികം പിരിച്ചെടുത്ത് പണമില്ലാത്തവർക്ക് നൽകുമെന്ന വിശദീകരണമാണ് മംദാനിയുടേത്. 1980 കളിൽ ഒരു ശതമാനത്തിൻ്റെ കൈകളിൽ മൊത്തം നഗര വരുമാനത്തിൻ്റെ 22 ശതമാനമായിരുന്നെങ്കിൽ 2022 ൽ അത് 36 ശതമാനമായി വളർന്നു. ന്യൂ യോർക്ക് നഗരത്തിലെ ലക്ഷാധിപതികളുടെ എണ്ണത്തിൽ 48 ശതമാനം വളർച്ചയാണുണ്ടായത്. ഈ പശ്ചാത്തലത്തിൽ ഈ വിഭാഗത്തിൽ നിന്നും കൂടുതൽ നികുതി ഈടാക്കണമെന്ന ബദൽമാർഗമാണ് മംദാനി മുന്നോട്ടു വെച്ചത്. പ്രധാനമായും മൂന്ന് നിർദ്ദേശങ്ങളാണ് മുന്നോട്ടു വെക്കപ്പെട്ടത്. ഒന്നാമതായി ഒരു വർഷം 10 ലക്ഷം ഡോളർ വരുമാനമുള്ളവരിൽ നിന്നും രണ്ട് ശതമാനം അധികനികുതി പിരിച്ചെടുത്താൽ വർഷം നാല് ബില്യൺ ഡോളർ അധിക വരുമാനം നേടാം. രണ്ടാമതായി കോർപറേറ്റ് ടാക്സ് നിലവിലുള്ള 6.5 % ത്തിൽ നിന്നും 11.5 % ആയി ഉയർത്തിയാൽ 5 ബില്യൺ ഡോളർ കൂടി നേടാം. മൂന്നാമതായി കടപരിധി 40 ബില്യൺ ഡോളറിൽ നിന്നും 70 ബില്യൺ ഡോളറായി ഉയർത്തുക എന്നതാണ്. (ഫെഡറൽ സർക്കാരിൻ്റെ അനുവാദം വേണം.)
ഇതോടെ സമ്പന്നർ ന്യൂ യോർക്ക് വിടുമെന്നും അതോടെ നഗരം നശിക്കുമെന്നുമുള്ള പ്രചാരണം വലതുപക്ഷം കൊഴുപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. “നൂറു ശതമാനം കമ്യൂണിസ്റ്റ് ഭ്രാന്തനാണെന്ന് ” ട്രംപ് ഒരു വശത്ത് ആക്ഷേപിക്കുമ്പോൾ “ലിറ്റിൽ മുഹമ്മദ്” “ജിഹാദി ഭീകരവാദി ” “ഹമ്മാസ് ഭീകരവാദി ” എന്നിങ്ങനെ വിദ്വേഷ രാഷ്ട്രീയപരാമർശങ്ങളും മംദാനിക്കെതിരെ ഉയർന്നു. കുടിയേറ്റം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട ഭരണാധികാരികളാണ് മംദാനിയെ പോലുള്ളവരുടെ ഉയർച്ചക്ക് കാരണമെന്ന ആഖ്യാനമാണ് ഇപ്പോൾ ഉയരുന്നത്. നിയമവിരുദ്ധമായി കൂടിയേറിയവനാണ് മംദാനിയെന്നും എല്ലാ രേഖകളും പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്നും ആവശ്യമെങ്കിൽ നാടുകടത്തുമെന്നും ട്രംപ് തന്നെ പറയുന്ന സ്ഥിതിയുണ്ടായി. തൻ്റെ രാഷ്ട്രീയത്തെ എതിർത്താൽ നാടുകടത്തുമെന്നാണ് ട്രംപ് പറഞ്ഞു വെച്ചത്. മംദാനി മേയറായാൽ ന്യൂയോർക്കിനുള്ള സാമ്പത്തിക സഹായം വെട്ടി കുറക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി. സോഷ്യലിസ്റ്റ് ഇടതുപക്ഷ ആശയങ്ങളെ വലതുപക്ഷക്കാരും നവഫാസിസ്റ്റുകളും കോർപറേറ്റ് മുതലാളിത്തവും എത്ര മാത്രം ഭയക്കുന്നുവെന്ന് മംദാനിക്കെതിരായ അവരുടെ പ്രസ്താവനകളും നടപടികളും സൂചിപ്പിക്കുന്നു. സോഷ്യലിസത്തിന് മരണമില്ലെന്ന വ്യക്തമായ സന്ദേശമാണ് ന്യൂ യോർക്കിൽ നിന്നും ഉയരുന്നത്.

Hot this week

കഥാവശേഷിപ്പുകൾക്ക് അന്ത്യംകുറിക്കുന്ന ‘ശുഭം’ 

   ഇന്റർനെറ്റിന്റെ സാധ്യതകൾ ഇന്ത്യൻ ഗ്രാമങ്ങളിലേക്ക് കടന്നു കയറുന്നതിന് മുൻപുള്ള ഒരു...

ഇന്ത്യൻ അർദ്ധഫാസിസ്റ്റ്-നവഫാസിസ്റ്റ് വാഴ്ചയുടെ ചരിത്രം

അടിയന്തരാവസ്ഥ @50 അർദ്ധഫാസിസത്തിൽ നിന്ന് ഫാസിസത്തിലേക്ക്       1975 ലെ പ്രഖ്യാപിത...

അർദ്ധ ഫാസിസത്തിൽ നിന്ന് ഫാസിസത്തിലേക്ക്

മാധ്യമങ്ങൾക്ക് സമ്പൂർണ  സെൻസർഷിപ്പ്  പ്രതിപക്ഷ നേതാക്കൾ ഒന്നടങ്കം അറസ്റ്റിൽ . എതിർ ശബ്ദങ്ങളൊന്നാകെ...

എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായി ആദർശ്‌ എം സജിയെയും ജനറൽ സെക്രട്ടറിയായി ശ്രീജൻ...

Topics

കഥാവശേഷിപ്പുകൾക്ക് അന്ത്യംകുറിക്കുന്ന ‘ശുഭം’ 

   ഇന്റർനെറ്റിന്റെ സാധ്യതകൾ ഇന്ത്യൻ ഗ്രാമങ്ങളിലേക്ക് കടന്നു കയറുന്നതിന് മുൻപുള്ള ഒരു...

ഇന്ത്യൻ അർദ്ധഫാസിസ്റ്റ്-നവഫാസിസ്റ്റ് വാഴ്ചയുടെ ചരിത്രം

അടിയന്തരാവസ്ഥ @50 അർദ്ധഫാസിസത്തിൽ നിന്ന് ഫാസിസത്തിലേക്ക്       1975 ലെ പ്രഖ്യാപിത...

അർദ്ധ ഫാസിസത്തിൽ നിന്ന് ഫാസിസത്തിലേക്ക്

മാധ്യമങ്ങൾക്ക് സമ്പൂർണ  സെൻസർഷിപ്പ്  പ്രതിപക്ഷ നേതാക്കൾ ഒന്നടങ്കം അറസ്റ്റിൽ . എതിർ ശബ്ദങ്ങളൊന്നാകെ...

എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായി ആദർശ്‌ എം സജിയെയും ജനറൽ സെക്രട്ടറിയായി ശ്രീജൻ...

അടിയന്തരാവസ്ഥ: പോസ്റ്റ്‌ കൊളോണിയൽ ഇന്ത്യയിലെ ആദ്യ സ്വേച്ഛാധിപത്യ വാഴ്‌ചയുടെ സാമൂഹിക, സാമ്പത്തിക മാനങ്ങൾ‐ 2

അടിയന്തിരാവസ്ഥയ്ക്കു ശേഷമുള്ള തിരഞ്ഞെടുപ്പിൽ ഏറ്റ തിരിച്ചടി പുതിയ മുദ്രാവാക്യങ്ങളിലേക്ക് തിരിയുവാൻ ഇന്ദിരയെ...

അതിനിർണയവാദം

മനുഷ്യർ നടത്തുന്ന പ്രവർത്തനങ്ങൾ അവരുടെ സ്വമേധയാ ഉള്ള തീരുമാനങ്ങളാൽ മാത്രം നിശ്ചയിക്കപ്പെടുന്നതാണോ....

വരയാണ്‌ ലഹരി: വരയുത്സവം

വികസനവഴികളിൽ നഷ്ടമാകുന്ന പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്‌പര്യത്തിന്റെയും സാംസ്‌കാരിക ഭൂമികയുടെയും കാഴ്‌ചകളിലേക്ക്‌/ചിന്തകളിലേക്ക്‌...
spot_img

Related Articles

Popular Categories

spot_imgspot_img