കലാലോകത്തോട് വിടപറഞ്ഞ് ഒരുനൂറ്റാണ്ട് കഴിഞ്ഞിട്ടും രാജാരവിവർമയുടെ കലാലോകത്തെയും രചനാശൈലിയെയും കുറിച്ചുള്ള ചർച്ചകളും പഠനങ്ങളും ഇപ്പോഴും തുടരുകയാണ്. കാലഘട്ടത്തിലൂന്നിയുള്ള വ്യത്യസ്‌തമായ രാഷ്‌ട്രീയ‐സാമൂഹ്യ സാംസ്‌കാരിക ചുറ്റുപാടുകളിലും നവീനമായ കലാസങ്കൽപനത്തിന്റെ വെളിച്ചത്തിലുമാണ് രാജാരവിവർമയുടെ കല വിലയിരുത്തപ്പെടുന്നത്; സവിശേഷമായ കാല‐ദേശ‐ചരിത്രപ്രസക്തി ചർച്ചചെയ്യപ്പെടുന്നത്. ഇപ്പോൾ 2025 ഏപ്രിൽ 29ന് അദ്ദേഹത്തിന്റെ 177‐ാം ജന്മവാർഷികമാണ് തിരുവനന്തപുരത്ത് മ്യൂസിയം വകുപ്പ് ആഘോഷിക്കുകയും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ചടങ്ങുകൾ ഉദ്‌ഘാടനം ചെയ്യുകയുമുണ്ടായി.
1897ലാണ് രാജാരവിവർമയുടെ ഏഴ് ചിത്രങ്ങൾ ആദ്യമായി മ്യൂസിയം വകുപ്പിൽ പ്രദർശിപ്പിക്കുന്നത്. പിന്നീട് ചിത്തിരതിരുനാൾ മഹാരാജാവിന്റെ കാലത്താണ് ‘ചിത്രാലയം’ ആർട്ട് ഗ്യാലറി സ്ഥാപിച്ച് രാജാരവിവർമയുടെ ചിത്രങ്ങൾ സ്ഥിരമായി പ്രദർശിപ്പിക്കാൻ തീരുമാനിക്കുന്നത്. പിൽക്കാലത്ത് ആർട്ട് ഗ്യാലറി പരിഷ്‌കരണങ്ങളിലൂടെ വിപുലപ്പെടുത്തുകയും രാജാരവിവർമയുടേതടക്കമുള്ള കൂടുതൽ ചിത്രങ്ങൾ ശേഖരിച്ച് പ്രദർശിപ്പിച്ചുതുടങ്ങിയെങ്കിലും ലോകനിലവാരമുള്ള ആർട്ട് ഗ്യാലറിയായി ഉയർത്തുന്നതിനുള്ള നീണ്ട പരിശ്രമങ്ങൾ പൂവണിയുന്നത് 2023 സെപ്‌തംബറിലാണ്. പുതുക്കിയ ഗ്യാലറി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു. വിശ്വോത്തര ചിത്രകാരനായ രാജാരവിവർമയുടെ ചിത്രങ്ങൾ വേണ്ടവിധം സംരക്ഷിക്കാനും നമ്മുടെ പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും അടയാളപ്പെടുത്തലുകളെ വേണ്ടപോലെ പരിപാലിക്കാനുമുള്ള മ്യൂസിയം ഡയറക്ടർ പി എസ് മഞ്‌ജുളാദേവി അടക്കമുള്ളവരുടെ ശ്രമം തുടരുകയാണ്. അന്തർദേശീയ നിലവാരത്തിലുള്ള നിഴൽ വെളിച്ച സംവിധാനമുൾപ്പെടെയുള്ള സാങ്കേതിക ഘടകങ്ങൾ ഘട്ടംഘട്ടമായി പൂർണതയിലെത്തുകയാണ്. രാജാരവിവർമയുടെ 46 പെയിന്റിംഗുകളും അദ്ദേഹത്തിന്റെ അത്യപൂർവങ്ങളായ പെൻസിൽ ഡ്രോയിംഗുകളും അനുജൻ രാജരാജവർമ, സഹോദരി മംഗളാഭായി തന്പുരാട്ടിയുടെയും സമകാലിക ചിത്രകാരന്മാരുടേതുൾപ്പെടെ 135 ചിത്രങ്ങളാണ് ഗ്യാലറിയിൽ പ്രദർശിപ്പിച്ചിട്ടുള്ളത്. (ആധുനിക ചിത്രകലയുടെ കുലപതിയായ കെ സി എസ് പണിക്കർ ഗ്യാലറിയും മ്യൂസിയം വളപ്പിൽ പ്രത്യേകമായുണ്ട്).
മുഗൾ സാമ്രാജ്യത്തിന്റെ തകർച്ചയും തെക്കെ ഇന്ത്യയിലെ നാട്ടുരാജ്യങ്ങളിലെ കെടുകാര്യസ്ഥതയും ഭരണത്തിലെന്നപോലെ കലാരംഗത്തും തകർച്ചയുണ്ടാക്കുകയും യൂറോപ്യൻ ചിത്രരചനാശൈലി ഇന്ത്യയിൽ പ്രചാരത്തിലാകുകയും ചെയ്യുന്ന കാലഘട്ടത്തിലാണ് രാജാരവിവർമയുടെ പ്രവേശനം. നവോത്ഥാനകാല ഇറ്റാലിയൻ ചിത്രങ്ങളുടെ പകർപ്പുകൾ കാണുകയും രചനാരീതി മനസ്സിലാക്കുകയും ചെയ്‌ത രവിവർമ ഭാരതീയ ക്ലാസിക്കൽ പാരന്പര്യത്തിന്റെ ഉൾക്കാഴ്‌ച പ്രകടമാക്കുന്ന ശൈലീസങ്കേതങ്ങളുമായി ഇഴചേർന്ന രചനാസമ്പ്രദായമായിരുന്നു സ്വീകരിച്ചത്. വൈവിധ്യമാർന്ന രചനാസങ്കേതം ഭാരതീയ ചിത്രകാരൻ പൂർണമായി സ്വീകരിക്കുമ്പോഴാണ് രാജാരവിവർമ പാശ്ചാത്യ രചനാരീതികളുടെ പ്രത്യേകതകൾ സ്വീകരിച്ചുകൊണ്ട് എണ്ണച്ഛായ രചനയിൽ പുതിയൊരു കാഴ്‌ചയ്‌ക്ക് തുടക്കംകുറിച്ചത്. നിഴലിനും വെളിച്ചത്തിനും ത്രിമാനതയോടെ പുതിയൊരു ചിത്രഭാഷയാണ് രവിവർമ ആവിഷ്‌കരിച്ചത്. നമ്മുടെ നാടിന്റെ നാടൻ കലാരൂപങ്ങളിൽനിന്ന് സ്വാംശീകരിച്ചെടുത്ത നിറപ്രയോഗങ്ങളുടെ പ്രത്യേകതയും പ്രാദേശികമായി രൂപപ്പെട്ടിട്ടുള്ള കലാശൈലികളും രവിവർമയുടെ കലയിൽ ദർശിക്കാവുന്നതാണ്. കലാപഠനം അമ്മാവൻ രാജരാജവർമയിൽ നിന്നാണെങ്കിലും അതിനപ്പുറമുള്ള നിരീക്ഷണപാടവവും പരിശീലനവുമുണ്ടായിരുന്നു. ഏത് വസ്‌തുവിന്റെയും രൂപഘടനയ്‌ക്കും പൂർണതയ്‌ക്കും യഥാതഥമായ ഭാവം പ്രകടമാക്കാൻ ജലച്ചായ രചനയേക്കാൾ എണ്ണച്ചായത്തിന് കഴിയുമെന്നുള്ള പ്രായോഗികമായ അറിവിൽനിന്നാണ് രവിവർമ എണ്ണച്ചായത്തിൽ സജീവമാകുന്നത്. പ്രകൃതിയുടെ ഋതുഭേദങ്ങൾ, പകലിന്റെയും രാത്രിയുടെയും ദൃശ്യവ്യതിയാനങ്ങൾ മനുഷ്യരൂപങ്ങൾ ഇവയൊക്കെച്ചേർന്ന ദൃശ്യയാഥാർഥ്യത്തെ എണ്ണച്ചായത്തിലൂടെ അദ്ദേഹം വരച്ചുകാട്ടി. ഛായാചിത്രങ്ങൾ, പുരാണേതിഹാസ ചിത്രങ്ങൾ, വിഷയാധിഷ്‌ഠിത ചിത്രങ്ങൾ, ഭൂഭാഗചിത്രങ്ങൾ തുടങ്ങിയ വിഭാഗങ്ങളിലൂടെ നൂറുകണക്കിന് ചിത്രങ്ങളാണ് അദ്ദേഹം വരച്ചത്. ലോകമെന്പാടും പ്രശസ്‌തിയാർജിച്ച രാജാരവിവർമയുടെ എണ്ണച്ഛായ ചിത്രങ്ങൾ എക്കാലവും രൂപവർണ പ്രത്യേകതകളാൽ ശ്രദ്ധേയമായിരുന്നു. ചിത്രതലത്തിൽ രൂപങ്ങളുടെ സ്ഥാനം, നിറങ്ങളുടെ ലയനരീതി, പെഴ്‌സ്‌പെക്ടീവ് സിദ്ധാന്തം, നിഴലിന്റെയും വെളിച്ചത്തിന്റെയും അവതരണം, യഥാതഥമായ രൂപനിർമിതിയും പ്രയോഗവും എന്നിവകൊണ്ടും രവിവർമ ചിത്രങ്ങൾ സവിശേഷമാകുന്നു.
ചിത്രകല സാമാന്യജനങ്ങളിലേക്ക് എത്തിക്കുക എന്ന ചിന്തയിൽനിന്നാണ് കുറഞ്ഞ വിലയ്‌ക്ക് ചിത്രങ്ങൾ നൽകുവാനായി ചിത്രങ്ങൾ അച്ചടിക്കാനുള്ള ശ്രമമാരംഭിച്ചത്. 1894ൽ പൂനയ്‌ക്കടുത്ത് ലോണാവാലയിൽ ലിത്തോഗ്രാഫിക് പ്രസ് സ്ഥാപിക്കുകയും സ്വദേശത്തും വിദേശത്തും ചിത്രങ്ങളുടെ പ്രിന്റുകൾ എത്തിക്കുവാനും അവ വീടുകളിൽ വാങ്ങി സൂക്ഷിക്കുകയും ചെയ്യുന്ന സാംസ്‌കാരികമായ മാറ്റത്തിനും വഴിയൊരുങ്ങി. ജർമൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ലിത്തോഗ്രഫി പ്രിന്റുകൾ എടുത്തിരുന്നത്. (1796ൽ അലോയിസ് സെനെ ഹെൽഡർ ആണ് ലിത്തോഗ്രഫി കണ്ടുപിടിച്ചത്. മിനുസമാർന്ന ചുണ്ണാന്പുകല്ലിൽ അറബിക് ലായനി, ഗം, വെള്ളം എന്നിവ ഉപയോഗിച്ചുള്ള സാങ്കേതികവിദ്യയിലൂടെയാണ് പ്രിന്റിനുവേണ്ടിയുള്ള ‘മുദ്ര’കൾ തയ്യാറാക്കിയിരുന്നത്) ഏഴുനിറങ്ങളിലുള്ള കല്ലച്ചുകൾ കൊണ്ട് ശ്രമകരമായ സാങ്കേതിക പ്രവൃത്തികളിലൂടെയമാണ് രവിവർമ ചിത്രങ്ങളുടെ പ്രിന്റുകൾ തയ്യാറാക്കിയതും ഇന്ത്യയിലും വിദേശത്തുമായി ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിന് പരിശ്രമിച്ചതും.
അക്കാലത്ത് രാജാരവിർമ പ്രിന്റുകൾക്ക് ഉപയോഗിച്ചതും അദ്ദേഹത്തിന്റെ കരസ്‌പർശമേറ്റതുമായ പഴയ ലിത്തുകൾ ചരിത്രം പേറുന്ന കലയുടെ അദ്ധ്യായങ്ങളാണ്. ലോണാവാലയിൽ കേന്ദ്ര ലളിതകലാ അക്കാദമിയുടെ ചിത്രകലാ ക്യാന്പിനെത്തിയ ചിത്രകാരനായ എബി എൻ ജോസഫ് (ഇപ്പോൾ ലളിതകലാ അക്കാദമി സെക്രട്ടറി) രവിവർമയുടെ സ്റ്റുഡിയോ, പ്രസ് എന്നിവ പ്രവർത്തിച്ചിരുന്ന ശേഷിക്കുന്ന സ്ഥലങ്ങൾ കാണുകയുണ്ടായി. അവിടെയുണ്ടായിരുന്ന തദ്ദേശവാസികൾ ലിത്തോഗ്രഫി പ്രിന്റിനുപയോഗിച്ചിരുന്ന ഒരു ശിലാപാളി അദ്ദേഹത്തിന് സമ്മാനിക്കുകയായിരുന്നു. നാളുകൾക്കുശേഷം അദ്ദേഹമത് രാജാരവിവർമ ഗ്യാലറിക്ക് നൽകുകയാണുണ്ടായത്. വ്യക്തിപരമായി സൂക്ഷിക്കുന്നതിനേക്കാൾ സംസ്ഥാനത്തിന്റെ കലാശേഖരത്തിനൊപ്പം ചേരുമ്പോഴാണ് കൂടുതൽ ആളുകൾ കാണുകയും ലിത്തോഗ്രഫി പ്രിന്റിംഗിനെക്കുറിച്ച് മനസ്സിലാക്കുകയും അതിനുള്ള അവസരമുണ്ടാകുകയും ചെയ്യുമെന്ന ബോധ്യത്തിലാണ് എബി എൻ ജോസഫ് ആർട്ട് ഗ്യാലറിക്ക് ഇത് സമ്മാനിച്ചത്. ഇപ്പോൾ പ്രസ്‌തുത ശിലാപാളി തിരുവനന്തപുരം മ്യൂസിയത്തെ രാജാരവിവർമ ചിത്രങ്ങളോടൊപ്പം ഗ്യാലറിയിൽ സൂക്ഷിക്കുന്നു, പ്രദർശിപ്പിച്ചിരിക്കുന്നു.
ലൈറ്റിംഗ് അടക്കമുളള സംവിധാനങ്ങളിൽ പൂർണത പകരുന്ന ഗ്യാലറിയിൽ രാജാരവിവർമയുടെ ഈ വർഷത്തെ ജന്മദിനാഘോഷവും വിപുലമായി ആചരിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അനുസ്‌മരണ ചടങ്ങുകൾ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള കലാസ്വാദകരും കലാവിദ്യാർഥികളടക്കമുള്ള ജനസഹസ്രം ഗ്യാലറിയിലെത്തുന്നു. വിശ്വോത്തരനായ കലാകാരന്റെ ചിത്രതലങ്ങളിൽ മനസർപ്പിക്കാൻ. l