രാവിലെ ഉണര്‍ന്നെണീക്കുന്ന സ്ത്രീകള്‍ പല്ലു തേച്ച്, കാപ്പിയുണ്ടാക്കിക്കുടിച്ച് ഊര്‍ജ്ജം സംഭരിച്ച് പ്രഭാതകര്‍മ്മങ്ങളിലേര്‍പ്പെടുന്നു. എല്ലാവരെയും വിളിച്ചുണര്‍ത്തി അവരെ തയാറാക്കി സ്കൂളിലേയ്ക്കും ഓഫീസിലേയ്ക്കും പറഞ്ഞയച്ച് ഓടി ബസില്‍/ടൂവിലറില്‍ കയറി, തൊഴിലിടത്തിലെത്തി അധ്വാനം തുടരുന്നു. ഒരു മണിയാകുമ്പോള്‍ കൊണ്ടുപോയ പൊതിച്ചോറ് കഴിച്ച് സഹപ്രവര്‍ത്തകരുമായി വര്‍ത്തമാനം പറഞ്ഞ് പണിയെടുത്ത് ക്ഷീണിച്ച് വൈകിട്ട് വീട്ടിലെത്തുന്നു. പിന്നെയും പണിയെടുക്കുന്നു. എല്ലാവരുടെയും ആഹാരമുണ്ടാക്കി തീറ്റിച്ച് കിടത്തുന്നു, കിടക്കുന്നു. ഭര്‍ത്തൃമതിയെങ്കില്‍ കിടക്കയിലും അധ്വാനിക്കുന്നു. ഉറങ്ങുന്നു. രാവിലെ എണീറ്റ് വീണ്ടും ഇതുതന്നെ തുടരുന്നു.
മുതലാളിത്തത്തില്‍ ഒരു സ്ത്രീശരീരം എന്നതിന്റെ അടിസ്ഥാന അനുഭവം ഇതാണ്. ഒരു സ്ത്രീശരീരത്തെ സംബന്ധിച്ചിടത്തോളം ജോലി പലപ്പോഴും ഇരട്ടിയാകുന്നു. രാവിലെയും വൈകുന്നേരവും പിന്നാലെ നടന്നു പരിപാലിക്കേണ്ടി വരുന്ന കുട്ടികളും പങ്കാളിയും. തൊഴിലിടങ്ങളില്‍ അനുസരിപ്പിക്കാനും പ്രസാദിപ്പിക്കാനും ഉന്നത ഉദ്യോഗസ്ഥരുടെ നിര. മെലിഞ്ഞു ക്ഷീണിച്ച ഒരു പാവപ്പെട്ട സ്ത്രീ ശരീരമോ, ദളിത് ശരീരമോ, ആണെങ്കില്‍, ജോലി ഒരു വയലിലോ, ഒരു ഫാക്ടറിയിലോ, ഒരു പൊതു അടുക്കളയിലോ അല്ലെങ്കില്‍ മറ്റൊരു വ്യക്തിയുടെ വീട്ടിലോ ആയിരിക്കും, അപ്പോൾ അവസ്ഥ വീണ്ടും ഗുരുതരമാകുന്നു. രണ്ടായാലും, ഇടതടവില്ലാതെ അധ്വാനിച്ച് സ്വന്തം പേശികളെ ക്ഷീണിപ്പിക്കുകയും കുറഞ്ഞ കൂലിക്ക് വിയര്‍പ്പ് ചൊരിയുകയും ചെയ്യുന്ന ശരീരങ്ങളാണ് മുതലാളിത്ത സമൂഹത്തിലെ സ്ത്രീശരീരം എന്നത്.
ഇത്തരം സ്ത്രീകളില്‍ നിന്നും വ്യത്യസ്തമാണ് മധ്യവര്‍ഗ/ഉപരി വര്‍ഗ വീട്ടമ്മയുടെ ശരീരം. അതിനോടുള്ള മുതലാളിത്തത്തിന്റെ സമീപനവും വ്യത്യസ്തമാണ്. തനിക്കു വേണ്ടി പണിയെടുത്ത സ്ത്രീയുടെ അധ്വാനവും ക്ഷീണവും സൃഷ്ടിച്ച സമ്പത്ത് സൗന്ദര്യവര്‍ധക വസ്തുക്കളിലും മാളുകളിലുമായി ചെലവാക്കുന്നതിലോ ബാങ്കില്‍ നിക്ഷേപിക്കുന്നതിനോ തെറ്റില്ല എന്ന തോന്നല്‍ ഉണ്ടാക്കുന്നതും ഇതേ മുതലാളിത്തമാണ്. ഇവ പലതും നമ്മള്‍ സ്വാഭാവികമായി അംഗീകരിക്കാറുമുണ്ട്.
ഇത് എങ്ങനെ സംഭവിച്ചു എന്നത് പലപ്പോഴും ഒരു സമസ്യയാണ്. നമ്മുടെ ശരീരത്തെയും താല്പര്യങ്ങളെയും പോഷിപ്പിക്കുന്ന മാധ്യമങ്ങള്‍ ഇതിനുത്തരം നല്‍കുന്നില്ല, കുട്ടികള്‍ എന്ന് വിളിക്കപ്പെടുന്ന ശരീരങ്ങള്‍ സഹിക്കുന്ന നിര്‍ബന്ധിത വിദ്യാഭ്യാസത്തിലും ഈ ചോദ്യത്തിന് ഉത്തരം കിട്ടുന്നില്ല. അധ്വാനിച്ചുകൊണ്ടേയിരിക്കുന്ന സ്ത്രീശരീരങ്ങള്‍ ഇതൊട്ടു ചോദ്യം ചെയ്യാറുമില്ല.
ഇത്തരത്തില്‍ സ്ത്രീശരീരത്തിനും നിലനില്‍ക്കുന്ന സാമ്പത്തിക വ്യവസ്ഥക്കും തമ്മിലുള്ള ബന്ധത്തെ, മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍ കാണുകയും, കുറേ ചോദ്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുന്ന ഒരു പുസ്തകമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. കേരളത്തില്‍ വളരെ പ്രകടമായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന “ശരീരമാത്ര” “ലൈംഗികതാമാത്ര” ചര്‍ച്ചകളുടെ ഉപരിപ്ലവ സ്വഭാവവും അതിന്റെ അശാസ്ത്രീയതയും വിളിച്ചു പറയുന്നതാണീ പുസ്തകം.
തൊഴിലെടുക്കുന്ന ഒരു സ്ത്രീ ശരീരത്തില്‍ പല കാലങ്ങളിലായി വ്യവസ്ഥിതികള്‍ വരുത്തിയ പരിവര്‍ത്തനത്തെ ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നു. “Beyond the Periphery of the skin” “ചര്‍മത്തിന്റെ പരിധിക്കപ്പുറം” എന്നിതിനെ തര്‍ജ്ജമ ചെയ്യാം. സില്‍വിയാ ഫെഡറിസി എന്ന മാര്‍ക്സിസ്റ്റ് ഫെമിനിസ്റ്റ് എഴുതിയ പല പുസ്തകങ്ങളില്‍ ഒന്നാണിത്. അവര്‍ ഒരു അധ്യാപികയും മാര്‍ക്സിസ്റ്റ് ഫെമിനിസത്തെയും ഫെമിനിസ്റ്റ് വാദത്തെയും ഒന്നിച്ചു കോര്‍ത്തിണക്കി, സമവായം കാണുവാന്‍ ശ്രമിച്ചവരുമാണ്. 1990 കളില്‍ അമേരിക്കയിലെ ആഗോളവത്കരണ വിരുദ്ധ സമരങ്ങളില്‍ നേതൃത്വം വഹിച്ച ഇവര്‍ നൈജീരിയയിലാണ് അധ്യാപികയായി തൊഴിലെടുത്തിരുന്നത് . 1987 മുതല്‍ 2005 വരെ അന്താരാഷ്ട്ര പഠനത്തിലും (International Studies) സ്ത്രീ പഠനത്തിലും (Women Studies) അധ്യാപനം നടത്തിയ ഇവര്‍ രാഷ്ട്രീയ-മീമാംസകോഴ്സുകളും മറ്റും നടത്തിയിട്ടുണ്ട്.
ഏറ്റവും കൂടുതലായി ഇവര്‍ അറിയപ്പെടുന്നത് ‘വീട്ടമ്മമാര്‍ക്ക് വേതനം’ എന്ന പ്രസ്ഥാനത്തിന് തുടക്കം കുറിച്ചവര്‍ എന്ന നിലയിലാണ്.- അക്കാദമികപുസ്തകങ്ങള്‍ താഴെപ്പറയുന്നവയാണ്.
Wages against Housework (1975)
Caliban and the Witches (2004, -60 editions)
Revolutions at point zero-Housework, reproduction and feminist struggle (2012)
Witches, Witch-hunting & women (2018)
Re-enchanting the world- Feminism and the politics of the commons (2018)
Beyond the Periphery of the skin –rethinking, Remaking and Reclaiming the body in the contemporary Capitalism (2020)
Patriarchy and the wage – Notes on Marx, Gender and Feminism (2021)
‘Beyond the Periphery of the Skin- rethinking, Remaking and Reclaiming the body in the contemporary Capitalism (2020)
എന്ന പുസ്തകം ഫെഡറിസി പല സ്ഥലങ്ങളിലായി നടത്തിയ പ്രഭാഷണങ്ങളുടെ സമാഹാരമാണ്. മുതലാളിത്തവ്യവസ്ഥിതിയും സ്ത്രീശരീരവും തമ്മിലുള്ള ബന്ധത്തെ വിളിച്ചു പറയുന്ന ഇതിവൃത്തമാണീ പുസ്തകത്തിലുള്ളത്. മുതലാളിത്ത പൂര്‍വ സമൂഹത്തില്‍, യുദ്ധങ്ങളിലും, witch hunt എന്ന രീതിയില്‍ മന്ത്രവാദിനികളെ കൂട്ടത്തോടെ നശിപ്പിച്ചിരുന്നതുമായ വ്യവസ്ഥിതിയിലും സ്ത്രീ ശരീരം ആക്രമിക്കപ്പെടുകയായിരുന്നു എന്നവര്‍ “Caliban And the witches” എന്ന പുസ്തകത്തിലൂടെ പറഞ്ഞിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഈ പുസ്തകത്തെ കാണേണ്ടത്. Caliban and the witches” എന്ന പുസ്തകത്തില്‍ അവര്‍ പറയുന്നത് വളരെ ചുരുക്കി പ്രതിപാദിച്ചാല്‍ ഈ പുസ്തകം കുറേക്കൂടി നന്നായി ഉള്‍ക്കൊള്ളാന്‍ കഴിയും.
മാര്‍ക്സിന്റെ പ്രാകൃത മൂലധനസഞ്ചയം (Primitive Accumulation) എന്ന സിദ്ധാന്തത്തെ വിമര്‍ശിച്ചുകൊണ്ടാണ് കാലിബാനിന്റെ തുടക്കം, ഫ്യൂഡല്‍ സാമ്പത്തിക വ്യവസ്ഥയില്‍ വന്ന തടസ്സങ്ങളോ ഇടപെടലുകളോ, അല്ല, മുതലാളിത്ത വ്യവസ്ഥയിലേക്ക് നയിച്ചതെന്നും, പകരം, തുടര്‍ച്ചയായി സ്ത്രീ ശരീരത്തിന്മേലുണ്ടായ ആക്രമണങ്ങളിലൂടെ സ്ത്രീയെ അനുസരണയുള്ള തൊഴിലാളികളാക്കി മാറ്റുന്നതില്‍ മുതലാളിത്തം വിജയിച്ചതുകൊണ്ടാണുമാണ് എന്നവര്‍ സമര്‍ത്ഥിക്കുന്നു.
അതിന്റെ തുടര്‍ച്ചയായിട്ടാണ് ഈ പുസ്തകം അവര്‍ രചിച്ചിട്ടുള്ളത്. ഫ്യൂഡല്‍ ബന്ധങ്ങളില്‍ നിന്നും അനുസരണയുള്ള തൊഴിലാളി ശരീരങ്ങളില്‍ നിന്നും ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ശരീരത്തെ എങ്ങനെ ഒരു യന്ത്രമാക്കി പരിശീലിപ്പിക്കുന്നു, എന്നതും അതെങ്ങനെ തൊഴിലാളി വിരുദ്ധമാകുന്നു എന്നതും ഈ പുസ്തകത്തില്‍ നിരീക്ഷണ വിധേയമാകുന്നു.
ഇവര്‍ പരമ്പരാഗത മാര്‍ക്സിസ്റ്റ് വാദത്തെയും ആധുനികോത്തര വാദത്തെയും ഒരു പോലെ വിമര്‍ശിക്കുന്നുണ്ട്. മാര്‍ക്സ് സൂചിപ്പിച്ച “അധ്വാന ശക്തി” എന്നത്, ശൂന്യതയില്‍ കാണാന്‍ കഴിയില്ല. അത് വഹിക്കുന്ന ശരീരം കൂടി ഉള്‍കൊള്ളുമ്പോള്‍ മാത്രമേ, നിലനില്‍ക്കുന്ന വ്യവസ്ഥിതിക്ക് അനുയോജ്യമായി, (അത് അടിമത്തമാവാം, ഫ്യൂഡലാവാം, അതുമല്ലെങ്കില്‍ മുതലാളിത്തമാവാം). അനുസരിപ്പിക്കാനും, അടിമപ്പെടുത്താനുമുള്ള അദ്ധ്വാനശക്തി സൃഷ്ടിക്കപ്പെടുകയുള്ളൂ. അതുകൊണ്ട് തന്നെ അധ്വാനം കുടികൊള്ളുന്ന ശരീരം വളരെ പ്രാധാന്യമര്‍ഹിക്കുന്നു, എന്നും ശരീരം ഒരു “വിഷയം” (subject) ആണെന്നും അവര്‍ സമര്‍ത്ഥമായി ഉദാഹരണ സഹിതം വാദിക്കുന്നു.
ഫ്യൂക്കോവിന്റെ ബയോപൊളിറ്റിക്സിനെയും അവര്‍ വിമര്‍ശിക്കുന്നുണ്ട്. ഫ്യൂക്കോവിനുള്ള വിമര്‍ശനത്തിന്റെ ഭാഗമായാണ് അവര്‍ മന്ത്രവാദിനികളുടെ ശാരീരിക ആക്രമണത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്. അക്കാലം മുതല്‍ അതായത്, മനുഷ്യ ജീവന്റെ തുടക്കം മുതല്‍ തന്നെ പ്രശ്നങ്ങള്‍ നേരിടുന്ന ഒരു “വിഷയമാണ്” ശരീരം എന്നതിനെ അവര്‍ സ്ഥിരീകരിക്കുകയാണ്.
നാല് വിഷയങ്ങളെ ചുറ്റിപ്പറ്റിയുള്ള ഉപന്യാസങ്ങളുടെ സമാഹാരമായാണ് “ബിയോണ്ട് ദി പെരിഫെറി ഓഫ് ദി സ്കിന്‍” എഴുതപ്പെട്ടിരിക്കുന്നത്. പുസ്‌തകത്തിന്റെ ആദ്യഭാഗം സമകാലീന ഫെമിനിസത്തിലെ സൈദ്ധാന്തികവും പ്രായോഗികവുമായ നിരവധി പ്രശ്‌നങ്ങളെ നേരിട്ട് അഭിസംബോധന ചെയ്യുന്നു. ശരീരവുമായി ബന്ധപ്പെട്ട് സ്ത്രീവാദത്തില്‍ ഉന്നയിക്കപ്പെട്ട പല സിദ്ധാന്തങ്ങളെയും ഇവര്‍ ഇഴകീറി പരിശോധിക്കുന്നു.
അടിമത്തത്തില്‍ നിന്നുതന്നെ സ്ത്രീകളുടെ ശരീരത്തെ തൊഴിലെടുക്കാനുള്ള അനുസരണ പഠിപ്പിച്ചുതുടങ്ങിയെന്നും, ശരീരം എന്നത് മനസ്സിനെയും ബാധിക്കുന്നതായി പിന്നീട് കാണുകയും ചെയ്തതായി ഇവര്‍ വിവരിക്കുന്നു. ഫ്രോയ്ഡില്‍ നിന്ന് തുടങ്ങി, സ്ത്രീശരീരത്തെയും സ്ത്രീകളെയും കുറിച്ചുള്ള ആധുനിക സങ്കല്‍പ്പങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ മനഃശാസ്ത്രം വഹിച്ച പങ്കിനെക്കുറിച്ച് വിവരിക്കുന്നു. ക്ഷീണം, ആഗ്രഹം, ഭയം, ഉത്കണ്ഠ, വിഷാദം, ലൈംഗികത എന്നിവ എങ്ങനെ മനസ്സുമായി ബന്ധിപ്പിക്കുന്നു എന്നത് ഫ്രോയ്ഡ് മുതല്‍ ഇങ്ങോട്ടുള്ള സിദ്ധാന്തങ്ങളെ അവര്‍ ഉദാഹരിക്കുന്നു. അതായത്, “1987 വരെ സ്വവര്‍ഗരതി ഒരു ക്രമക്കേടായി കണ്ടിരുന്നു. ജെന്‍ഡര്‍ ഡിസ്ഫോറിയ ഒരു മാനസിക വൈകല്യമായി 3 വര്‍ഷം മുമ്പ് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. എന്നാല്‍ മാനസിക വൈകല്യങ്ങളുടെ ഡയഗ്നോസ്റ്റിക് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്കല്‍ മാനുവല്‍ ഇതിനെ ഏറ്റവും പുതിയ ഒരു മാനസിക ക്രമക്കേടായി ആയി തന്നെ ഇന്നും പറയുന്നു.” എന്ന് പറയുന്നതിലൂടെ ഇന്നും ഇത്തരത്തിലുള്ള വ്യവഹാരങ്ങള്‍ നടക്കുന്നുണ്ട് എന്നത് ചൂണ്ടിക്കാണിക്കുകയാണിവര്‍ ചെയ്യുന്നത്.
അതുപോലെ, ഇന്ന് സൈദ്ധാന്തികര്‍ ജ്ഞാനനിര്‍മ്മിതിവാദത്തെ (ജുഡിത് ബട്ടലറൂടെ “പ്രകടന സിദ്ധാന്തം”) അമിതമായി ആശ്രയിക്കുന്നു എന്നും മധ്യവര്‍ഗത്തിന്റെയും സമ്പന്നരായ വെള്ളക്കാരുടെയും പ്രത്യുല്‍പാദനത്തിന്റെ തിരഞ്ഞെടുപ്പിലും തുല്യ വേതനത്തിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നതും ഇവരുടെ വിമര്‍ശനമാണ്. സീമോണ്‍ ദി ബുവ്വേ യുടെ അസ്തിത്വ വാദ ചര്‍ച്ചകളുടെ തുടര്‍ച്ചയായിട്ടാണ് അവര്‍ ബട്ട്‌ലറുടെ പ്രകടപരതയെ കാണുന്നത്. അതായത്, എലിസബത്ത് വാറന്‍, ഹിലാരി ക്ലിന്‍റ്റന്‍, അതുപോലെ, സിഇഒ സ്ഥാനങ്ങളില്‍ എത്തിപ്പെട്ട സ്ത്രീകള്‍ എന്നിവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ട് എന്നതു “സ്ത്രീ വിമോചനത്തിലേക്കുള്ള” ആത്യന്തിക പാതയായി കാണുന്ന പുരോഗമന ഫെമിനിസ്റ്റുകള്‍ കറുത്ത വര്‍ഗക്കാരുടെയും സാധാരണ തൊഴിലാളി സ്ത്രീകളുടെയും യഥാര്‍ത്ഥ ഭൗതിക സാഹചര്യങ്ങളെ കാണുന്നില്ല, പകരം, അവയെ അഭിസംബോധന ചെയ്യുന്നു എന്ന പ്രതീതി മാത്രമേ ഉണ്ടാക്കുന്നുള്ളൂ. ബട്ലര്‍ (Butler) പറയുന്ന പ്രകടനപരത നിലനില്‍ക്കുന്നത് വ്യത്യസ്ത വ്യവസ്ഥിതികളിലാണെന്നും അത്തരം വ്യവസ്ഥിതികള്‍ ഉണ്ടാക്കുന്ന “പെരുമാറ്റചട്ടങ്ങള്‍” (norms) ആണ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെന്നും, അതുകൊണ്ട് തന്നെ വ്യവസ്ഥിതിയെ തൊടാതെ, പെരുമാറ്റ ചട്ടങ്ങളെ (norms) മാത്രമായി എടുത്തുകളയുവാനോ, നിര്‍മൂലനം ചെയ്യുവാനോ കഴിയില്ല എന്നും അവര്‍ വാദിക്കുന്നു. ഇത്തരത്തില്‍ ശരീരത്തെ പല രീതികളില്‍ ചര്‍ച്ചക്ക് വിധേയമാക്കുന്ന സിദ്ധാന്തങ്ങളെക്കുറിച്ച് ജാനെറ്റ് സയെഴ്സ്, ഡോണഹാരവെ എന്നിങ്ങനെയുള്ളവർ വിമര്‍ശിക്കുകയും, അവര്‍ മുതലാളിത്തത്തിന്റെ കൗശല തന്ത്രത്തെ കാണാതിരിക്കുകയും ചെയ്യുന്നതിനെ ഇവര്‍ കുറ്റപ്പെടുത്തുന്നു. മാര്‍ക്സിയന്‍ രീതിശാസ്ത്രമനുസരിച്ച് അധ്വാനശക്തിയോടുള്ള കടന്നു കയറ്റമാണ് ഇതെന്ന നിലപാടാണ് അവര്‍ എടുക്കുന്നത്. അതുകൊണ്ട് തന്നെ സിമോണ്‍ ദി ബുവ്വേ മുതല്‍ ബട്ട്‌ലര്‍ വരെയും, ആധുനികോത്തര വിദഗ്ദ്ധരുമൊന്നും തന്നെ ഈ അപകടം തിരിച്ചറിയുന്നില്ല എന്നവര്‍ വ്യാകുലപ്പെടുന്നു.
രണ്ടാമത്തെ ഭാഗം വളരെ ശക്തിയുള്ളതും പ്രധാനപ്പെട്ടതുമാണ്. മുതലാളിത്ത സാങ്കേതികവിദ്യയുടെ ജനാധിപത്യവല്‍ക്കരണത്തിലൂടെ വിമോചനം സാധ്യമാകുമെന്ന പരമ്പരാഗത മാര്‍ക്‌സിസ്റ്റുകളുടെയും ഉത്തരാധുനിക ക്വീര്‍, ട്രാന്‍സ് ഹ്യൂമനിസ്റ്റ് സൈദ്ധാന്തികരുടേയും ആധുനിക കല്പനാശക്തിയെ (Fantasy of Modernity) സ്വീകരിച്ചുകൊണ്ട്, ലിംഗഭേദത്തിന്റെയും ഉത്തരാധുനിക ഫെമിനിസ്റ്റിന്റെയും “പ്രകടന” മാതൃകയുടെ പരാജയങ്ങളെ അഭിസംബോധന ചെയ്യുന്നു. ഫൂക്കോയുടെ “ശരീര”ത്തെക്കുറിച്ചുള്ള പല ധാരണകളെയും ചോദ്യം ചെയ്യുന്നുണ്ട്. ശരീരത്തെക്കുറിച്ചുള്ള പല സിദ്ധാന്തങ്ങളെയും ഇവര്‍ മാര്‍ക്സിസ്റ്റ് കണ്ണടയിലൂടെ നോക്കിക്കാണുന്നുണ്ട്.
ശരീരത്തെക്കുറിച്ചുള്ള ഫെമിനിസ്റ്റ് വ്യവഹാരത്തില്‍ ചരിത്രപരവും സമകാലികവുമായ ചര്‍ച്ചകള്‍നിരത്തി, ഫെഡറിസിയുടെ വാദത്തിനുള്ള സന്ദര്‍ഭം ഒന്നാം ഭാഗം സജ്ജമാക്കുന്നു. ‘തൊഴിലാളികളുടെ ജനസഞ്ചയമാണ് മുതലാളിത്ത ശേഖരണത്തിന്റെ ആധാരം’ എന്ന മാര്‍ക്സിന്റെ “മൂലധനത്തിലെ” വാക്കുകളെ ഉദ്ധരിച്ചു കൊണ്ട് ശരീരങ്ങള്‍ തന്ത്രപരമായി ഉപയോഗിക്കപ്പെട്ട രീതികളെ പ്രതിഫലിപ്പിക്കുന്നു എന്നാണു അവര്‍ പറയുന്നത് മുതലാളിത്ത വികസനത്തില്‍ സ്ത്രീകള്‍ രണ്ടു തരത്തിലുള്ള യന്ത്രവല്‍ക്കരണ പ്രക്രിയയിലൂടെയാണ് കടന്നുപോകുന്നത്. തോട്ടത്തിലും, ഫാക്ടറികളിലും, കഠിനാധ്വാനം ചെയ്യുന്ന തൊഴിലാളികളായി വേതനമുള്ളതും ഇല്ലാത്തതുമായ തൊഴിലെടുക്കുമ്പോള്‍ തന്നെ, അവര്‍ തന്റെ ശരീരത്തില്‍ നിന്നും വേര്‍പെടുത്തപ്പെട്ട്, വെറും പ്രത്യുല്‍പാദന യന്ത്രങ്ങളും, ലൈംഗിക വസ്തുക്കളുമായും പരിണമിപ്പിക്കുന്നു.”
തുടര്‍ന്ന്,മൂലധനത്തിന്റെ വളര്‍ച്ചയെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കറുത്ത സ്ത്രീശരീരങ്ങളുടെ പ്രത്യുൽപാദനം അടിമപ്പെടുത്തി, നിര്‍ബന്ധമായ വന്ധ്യംകരണം, ഗര്‍ഭനിരോധനത്തിനുള്ള മാര്‍ഗങ്ങളുടെ പരീക്ഷണം എന്നിവയുടെയും ചരിത്രങ്ങള്‍ ഫെഡറിസി നിരത്തുന്നു. വര്‍ഗപരവും, ജന്‍ഡര്‍പരവും, വംശീയവുമായ പ്രകടമായ വിഭജനം എങ്ങനെ മുതലാളിത്ത ചംക്രമണത്തിനുപയോഗിക്കപ്പെട്ടു എന്നത് പരിശോധിക്കേണ്ടതാണ് എന്നവര്‍ ആവശ്യപ്പെടുന്നു. മുതലാളിത്തത്തിന് തൊഴിലാളികള്‍ വേണം, കൂടാതെ, ഉപഭോക്താക്കളും പട്ടാളവും വേണം. അതുകൊണ്ട് തന്നെ, ജനസഞ്ചയം എന്നത് ഒരു രാഷ്ട്രീയ അജണ്ടയാണ്. അതുകൊണ്ടാണ് ഗര്‍ഭചിദ്രത്തിനുള്ള അവകാശം എന്നത് ഒരു പോരാട്ടമായി മാറിയത് എന്നവര്‍ ഓര്‍മ്മിപ്പിക്കുന്നു. ശരീരം പോരാട്ടത്തിനുള്ള ഉപാധിയാവേണ്ടതുണ്ട് എന്ന അവരുടെ നിരന്തരമായ അഭിപ്രായം, ആദ്യ അദ്ധ്യായം തൊട്ടുതന്നെ തുടര്‍ച്ചയായി പറഞ്ഞു വരുന്നുണ്ട്. രണ്ടാം ഭാഗത്തിന്റെ ആദ്യഭാഗം മുഴുവനും മുതലാളിത്തം എങ്ങനെയാണ് ശരീരത്തെ വിവിധ രീതിയില്‍ അതിന്റെ വികസനത്തിനായി ഉപയോഗിച്ചത് എന്നത് ഉദാഹരണ സഹിതം പറയുന്നു. ഗര്‍ഭനിരോധന മാര്‍ഗങ്ങളുടെ പരീക്ഷണം, (Depo Provera, നെറ്റ്-എന്‍)കൂടാതെ, ഗര്‍ഭ പാത്രങ്ങളുടെ പുറത്തുള്ള ഗര്‍ഭധാരണം, IVF, ഷൂലമിത് ഫയര്‍സ്ടോനെപ്പോലുള്ളവര്‍ ആവശ്യപ്പെട്ടപോലെ ടെസ്റ്റ് ട്യൂബ് ശിശുക്കള്‍, എന്നിങ്ങനെ സ്ത്രീശരീരം, പരീക്ഷണശാലയായും, സ്‌ത്രീശരീരത്തെ മുറിവേല്‍പ്പിച്ചും ചരിത്രം മുന്നേറുമ്പോള്‍, ഗര്‍ഭധാരണവും, പ്രസവവും, വേണമോ, വേണ്ടയോ എന്നത് സ്ത്രീകളുടെ തീരുമാനമായിരിക്കണം എന്ന് സ്ത്രീപ്രസ്ഥാനങ്ങള്‍ക്ക് പറയേണ്ടി വരുന്ന സ്ഥിതിയുണ്ടാവുകയാണ് ചെയ്തത് എന്ന് അവര്‍ പറയുന്നു.
വൈദ്യരംഗവും, മരുന്ന് വ്യവസായവും, സ്ത്രീകളുടെ ഗര്‍ഭ പാത്രത്തിന്റെയും മുലപ്പാലിന്റെയും ഉടമസ്ഥത സ്ത്രീകള്‍ക്കോ അതോ വൈദ്യരംഗത്തിലെ ഡോക്ടര്‍മാര്‍ക്കോ, എന്നരീതിയില്‍ വേദനയില്‍ പുളയുന്ന സ്ത്രീകളെ ചീത്ത വിളിച്ചും, പരിഹസിച്ചും, പുച്ചിച്ചും ശസ്ത്രക്രിയ ചെയ്തും, വന്ധ്യംകരിച്ചും ശരീരത്തെ “സ്വതന്ത്രമാക്കുന്നു” എന്നാണു മുതലാളിത്തം നമ്മെ പറഞ്ഞു വിശ്വസിപ്പിച്ചത്. ബഹുരാഷ്ട്ര കമ്പനികളും, കോര്‍പ്പറേറ്റുകളും സ്ത്രീശരീരത്തെ നിയന്ത്രിച്ചതിന്റെ പാരമ്യത്തില്‍ എത്തിയ സമയമായിരുന്നു അത് എന്നും അവര്‍ ഓര്‍മിപ്പിക്കുന്നു. അതിന്റെ വിമര്‍ശനമായി അവര്‍ പറയുന്നത്, മരുന്ന് വ്യവസായ രംഗത്തും, ഗവേഷണ രംഗത്തും, ലാഭം ഉണ്ടാക്കാനും മറ്റുമായി എങ്ങനെ തൊഴിലെടുക്കുന്ന സ്ത്രീ ശരീരം ഉപയോഗിക്കപ്പെട്ടു എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അല്ല ഉണ്ടായത്, മറിച്ചു സ്ത്രീ ശരീരത്തിന്റെ വ്യത്യസ്തതയും, വ്യതിരിക്തതയും ചര്‍ച്ച ചെയ്യപ്പെടുകയും, ആണധികാരം എങ്ങനെ അതിനെ ചൂഷണം ചെയ്യുന്നു എന്നതും മാത്രമാണ്.
വാടക ഗര്‍ഭധാരണത്തിന്റെ (Surrogacy) വാണിജ്യവല്കരണം മുതല്‍ സൗന്ദര്യത്തിന്റെയും തൊഴിലാളികളുടെ കാര്യക്ഷമതയുടെയും മുതലാളിത്ത മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി നമ്മുടെ ശരീരം പുനര്‍നിര്‍മ്മിക്കാനുള്ള പുതിയ ആവശ്യകതകള്‍ വരെ, പുതിയ വിപണി മുന്നോട്ടുവെക്കുകയായിരുന്നു. ഇത്തരം ആവശ്യകതകള്‍ പരിഹരിക്കുന്നതിലെ പരാജയങ്ങളെ ഫെഡറിസി വിമര്‍ശിക്കുന്നു. അതിസമ്പന്നരായ വെള്ളക്കാരുടെ ആവശ്യാനുസരണം കറുത്ത നിറമുള്ള പാവപ്പെട്ട സ്ത്രീകള്‍ നല്‍കുന്ന ഒരു സേവനമായി, അതായത്, ശരീരത്തിന്മേല്‍ നിര്‍ബന്ധിക്കപ്പെടുന്ന ഒരു സേവനമായിട്ടാണ് വാടക ഗര്‍ഭധാരണത്തെ ഫെഡറിസി കാണുന്നത്.
മൂന്നാം ഭാഗം, ശരീരത്തെ ചരിത്രപരമായി അധ്വാനശക്തിയായി രൂപാന്തരപ്പെടുത്തിയ വഴികള്‍ വിമർശനാത്മകമായി പരിശോധിക്കുന്നു. ശരീരം ‘അദ്ധ്വാനശക്തിയുടെ നിലനില്‍പ്പിന്റെ അവസ്ഥ’ (പേജ് 78) എന്നതിനെക്കുറിച്ച് സംസാരിക്കുമ്പോള്‍, ശരീരങ്ങളെ കൂടുതല്‍ ‘ഉല്‍പാദനക്ഷമതയുള്ളതും’ അധ്വാനത്തിന് അനുയോജ്യവുമാക്കാന്‍ ശാസ്ത്രം ഉപയോഗിച്ച വഴികളിലേക്ക് വിരല്‍ ചൂണ്ടാന്‍ അവര്‍ ലോകയുദ്ധം, കൊളോണിയലിസം, ഹോളോകോസ്റ്റ് എന്നിവയുടെ ചരിത്രങ്ങളെ ഉദ്ധരിക്കുന്നു. ഈ സന്ദര്‍ഭത്തില്‍, വിവാഹം എന്ന സ്ഥാപനത്തിലൂടെയും ലൈംഗികതൊഴില്‍ ശിക്ഷാര്‍ഹമാക്കുന്നതിലൂടെയും സ്ത്രീകളുടെ അധ്വാനത്തെ നിയന്ത്രിക്കുന്നതിനുള്ള ഒരു മാര്‍ഗമായി ലൈംഗികതയുടെ ഉപയോഗത്തെ അവര്‍ പരാമര്‍ശിക്കുന്നു. ലൈംഗിക തൊഴിലും ശരീരവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വളരെ വിശദമായിതന്നെ ഇവര്‍ ഈ മൂന്നാംഭാഗത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ലൈംഗിക തൊഴില്‍ ഏറ്റെടുക്കേണ്ടി വരുന്ന സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെ കാണാതിരിക്കുകയും, മുതലാളിത്തം നല്‍കുന്ന കുറഞ്ഞ കൂലി പ്രശ്നവല്‍ക്കരിക്കുകയും ചെയ്യുന്നില്ല, പകരം സദാചാരം എന്ന വിഷം കുത്തിവെക്കുകയും ചെയ്യുന്നു. ശരി, തെറ്റ് എന്നിവ തീരുമാനിക്കുന്നത് പോലും ഇവരുടെ കയ്യിലാകുന്ന സ്ഥിതിവിശേഷത്തെ അവര്‍ വിശദമായിത്തന്നെ പ്രതിപാദിക്കുന്നുണ്ട്. അവസാനമായി നാലാം ഭാഗം, ശരീരത്തെ വീണ്ടെടുക്കുന്നതിലെ സ്ത്രീവാദ വ്യവഹാരത്തിലും വഴക്കങ്ങളിലും പ്രയോഗത്തിലും ഊന്നിക്കൊണ്ടു മുന്നോട്ടുള്ള വഴികളിലേക്ക് വിരല്‍ ചൂണ്ടുന്നു, പരാശ്രയമില്ലാതെ, ‘അദ്ധ്വാനശക്തിയായി പ്രവര്‍ത്തിക്കാനുള്ള നമ്മുടെ ശേഷിയെ, അത് നടപ്പിലാക്കുന്ന ശരീരങ്ങളെ നിര്‍വചിക്കാന്‍ ഇന്ന് നമുക്ക് കഴിയുന്നില്ല. കാരണം, മുതലാളിത്തത്തിന്റെ അച്ചടക്കപരവും യന്ത്രവല്‍ക്കരിക്കപ്പെട്ടതും ചരക്കുവല്കരിക്കുന്നതുമായ പ്രത്യാഘാതങ്ങള്‍ക്കെതിരെ നമ്മുടെ ശരീരത്തിന് പ്രതിപ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല. നമുക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ ചെറുത്തുനില്‍പ്പിന്റെ ഉറവിടം എന്ന നിലയില്‍ ശരീരം മാറണമെന്ന് അവര്‍ നിര്‍ദ്ദേശിക്കുന്നു. വേദനയെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനും അതിന്റെ പരിധികളുടെ പുനര്‍വിചിന്തനത്തിലൂടെ നമ്മുടെ ശരീരങ്ങളെ പുനര്‍നിര്‍മ്മിക്കുന്നതിനും അവര്‍ ആഹ്വാനം ചെയ്യുന്നു. ‘ചര്‍മ്മത്തിന്റെ പരിധികള്‍’ ശരീരത്തെ “അടച്ചു കെട്ടുന്ന”, “പൊതിഞ്ഞു വെക്കുന്ന” ഒന്നായിട്ടല്ല അവര്‍ സങ്കല്‍പ്പിക്കുന്നത്, മറിച്ച് നമുക്ക് ചുറ്റുമുള്ള ലോകവുമായി ബന്ധപ്പെടുന്നതിനും അത് പ്രഭാവം പരത്തുന്ന പുതിയ വഴികള്‍ സ്ഥാപിക്കാന്‍ നമ്മെ പ്രാപ്തരാക്കുന്ന ഒന്നായിട്ടുമാണ്.
ടെയ്‌ലറിസ്റ്റ് ലേബര്‍ ഭരണകൂടങ്ങളുടെ പശ്ചാത്തലത്തില്‍ ശരീരത്തെ യന്ത്രമെന്ന രൂപകവുമായി ബന്ധപ്പെടുത്താന്‍ ഫെഡറിസി മുന്‍കാലങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ടെക്‌നോ-കോര്‍പ്പറേറ്റ് ബോഡിയുടെ ചിഹ്ന ശാസ്ത്രം (Semiotics) ഈ പുസ്തകത്തില്‍ വീണ്ടും വ്യത്യസ്തമായി ഉപയോഗിക്കുന്നു. കോര്‍പറേറ്റ് അതിരുകളുടെ വര്‍ദ്ധിച്ചുവരുന്ന ബയോമെഡിക്കലൈസേഷന്‍ അവര്‍ പരിശോധിക്കുന്നു, കൂടാതെ ജീന്‍ എഡിറ്റിംഗ്, അസിസ്റ്റഡ് റീപ്രൊഡക്ഷന്‍, ലിംഗമാറ്റ ശസ്ത്രക്രിയ എന്നിവയുടെ പ്രതിഭാസങ്ങള്‍ ഉദ്ധരിക്കുന്നു.
വളരെ വിശാലമായ വീക്ഷണത്തോടുകൂടി ലിംഗഭേദത്തെക്കുറിച്ചുള്ള ചരിത്രപരവും രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ നിഗമനങ്ങളെ ഈ പുസ്തകം ഉള്‍ക്കൊള്ളുന്നു. അവരുടെ ഉപന്യാസങ്ങള്‍ സംക്ഷിപ്തവും ഉദ്വേഗജനകവുമാണ്, സ്ത്രീകളുടെ പ്രസ്ഥാനത്തിന്റെ ചരിത്രങ്ങളെ സ്ത്രീവാദ വ്യവഹാരത്തിലെ പ്രതിനിധാനത്തിന്റെ നിലവിലെ പ്രതിസന്ധികളുമായി ബന്ധിപ്പിക്കുന്നു, അവിടെ ശരീരത്തിനുള്ള സൂചനകള്‍ കൂടുതല്‍ വ്യാപിക്കുന്നതായി വായനക്കാര്‍ക്ക് തോന്നുന്നുണ്ട്.
എന്നത്തേക്കാളും, “ശരീരം’ ഇന്ന് തീവ്രവും സ്ഥാപനപരവുമായ രാഷ്ട്രീയത്തിന്റെ കേന്ദ്രമാണ്. ഫെമിനിസ്റ്റ്, വംശീയ വിരുദ്ധ, ട്രാന്‍സ്, പാരിസ്ഥിതിക പ്രസ്ഥാനങ്ങള്‍- എല്ലാം ശരീരത്തെ അതിന്റെ വിവിധ പ്രകടനങ്ങളില്‍ ഭരണകൂടവുമായുള്ള ഏറ്റുമുട്ടലിന്റെ ഒരു അടിത്തറയായും പരിവര്‍ത്തനാത്മക സാമൂഹിക ആചാരങ്ങള്‍ പ്രചരിപ്പിക്കാനുള്ള ആയുധമായും കാണുന്നു. അതേസമയം, മുതലാളിത്ത വികസനത്തില്‍ നവലിബറല്‍ വഴിത്തിരിവ് സൃഷ്ടിച്ച പ്രത്യുല്‍പാദന പ്രതിസന്ധിയുടെയും സ്ഥാപനപരമായ അടിച്ചമര്‍ത്തലുകളുടെയും പൊതു അക്രമങ്ങളുടെയും അന്താരാഷ്ട്ര കുതിച്ചുചാട്ടത്തിനും ശരീരം ഒരു സൂചനയായി മാറുകയാണ്.
ബിയോണ്ട് ദി പെറിഫെറി ഓഫ് ദി സ്കിന്‍ എന്ന പുസ്തകത്തില്‍, ആജീവനാന്ത ആക്ടിവിസ്റ്റും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എഴുത്തുകാരിയുമായ സില്‍വിയ ഫെഡെറിസി ഈ സങ്കീര്‍ണ്ണമായ പ്രക്രിയകളെ പരിശോധിക്കുന്നു.
2015-ല്‍ സാന്‍ഫ്രാന്‍സിസ്കോയില്‍ വെച്ച് അവര്‍ നടത്തിയ മൂന്ന് തകര്‍പ്പന്‍ പ്രഭാഷണങ്ങളെ അടിസ്ഥാനമാക്കി, ഫെഡറിസി ഇന്ന് ശരീരത്തെ പുരോഗമന തീവ്രവാദപരമായ ഭാവനയില്‍ വിഭാവനം ചെയ്യുന്ന അതിലൂടെ നിയന്ത്രിക്കുന്ന നവ ലിബറല്‍ മാതൃകകളെ നിരീക്ഷിക്കുന്നു. അതുപോലെ തന്നെ പുതിയ അച്ചടക്കം പഠിപ്പിക്കുന്ന ഭരണകൂടങ്ങളും മൂലധനവും നമ്മുടെ അനുദിനം വര്‍ദ്ധിച്ചുവരുന്ന കലാപത്തിനെതിരെ പ്രതികരിക്കുന്നു. ഈ പ്രക്രിയയില്‍, സമകാലിക സമൂലമായ രാഷ്ട്രീയ പദ്ധതികള്‍ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട ചില ചോദ്യങ്ങളെ അവര്‍ മുന്നോട്ടു വെക്കുന്നു.
എന്താണ് ശരീരം?
സാമൂഹിക/രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ഒരു വിഭാഗമെന്ന നിലയില്‍ ഇന്ന് “ശരീരം’ കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്?
ഏത് പ്രക്രിയകളിലൂടെയാണ് ഇത് രൂപീകരിക്കുന്നത്? നമ്മുടെ ശരീരം “അടച്ചിരിക്കുന്ന” ഉപകരണങ്ങളെ എങ്ങനെ പൊളിക്കുകയും അവയെ ഭരിക്കാനുള്ള നമ്മുടെ കഴിവ് കൂട്ടായി വീണ്ടെടുക്കുകയും ചെയ്യാം?
ഇന്ന് ശരീരം ചര്‍ച്ച ചെയ്യുന്നതിലെ പ്രശ്നങ്ങള്‍ അവരുടെ ആകുലതയായി മാറുന്നത് വായനക്കാര്‍ക്ക് കാണാം. മൊത്തത്തില്‍, മുതലാളിത്തം നമ്മുടെ ശരീരത്തെ നിയന്ത്രിക്കുന്ന വഴികളെക്കുറിച്ച് വിമര്‍ശനാത്മകമായി ചിന്തിക്കാന്‍ വായനക്കാരെ വെല്ലുവിളിക്കുന്ന ശക്തവും ചിന്തോദ്ദീപകവുമായ ഒരു പുസ്തകമാണ് “ചര്‍മ്മത്തിന്റെ പരിധിക്കപ്പുറം’ എന്ന പുസ്തകം. ഫെമിനിസം, മാര്‍ക്‌സിസം, വിമര്‍ശന സിദ്ധാന്തം എന്നിവയില്‍ താല്‍പ്പര്യമുള്ള ഏതൊരാളും നിര്‍ബന്ധമായും വായിക്കേണ്ട ഒന്നാണ്.
1985-ലെ “എ സൈബർഗ് മാനിഫെസ്റ്റോ: ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ സയൻസ്, ടെക്നോളജി, സോഷ്യലിസ്റ്റ്-ഫെമിനിസം’ എന്ന ലേഖനത്തിൽ ഡോണ ഹാരാവേയുടെ സൈബർഗിനെക്കുറിച്ചുള്ള ആശയം, ചിന്തോദ്ദീപകവും സ്വാധീനിക്കുന്നതുമായ ആശയമാണ്.
മനുഷ്യനെയും യന്ത്രഘടകങ്ങളെയും സംയോജിപ്പിക്കുന്ന ഒരു ഹൈബ്രിഡ് എന്റിറ്റിയാണ് സൈബർഗ്.
സൈബോർഗ് സാങ്കേതികവിദ്യയുമായി ആഴത്തിൽ സംയോജിപ്പിച്ചിരിക്കുന്നു, അത് അതിന്റെ അവിഭാജ്യഘടകമായി മാറുന്നു.
പേസ്മേക്കറുകളും ഇംപ്ലാന്റുകളും: പേസ്മേക്കറുകൾ, കോക്ലിയർ ഇംപ്ലാന്റുകൾ, അല്ലെങ്കിൽ മറ്റ് മെഡിക്കൽ ഇംപ്ലാന്റുകൾ എന്നിവയുള്ള ആളുകളെയും സൈബർഗുകളായി കണക്കാക്കാം.
വെർച്വൽ റിയാലിറ്റിയും ഗെയിമിംഗും: ഗെയിമർമാരെയും വെർച്വൽ റിയാലിറ്റി ഉപയോക്താക്കളെയും സൈബർഗുകളായി കണക്കാക്കാം, കാരണം അവർ സാങ്കേതികവിദ്യയെ അവരുടെ അനുഭവങ്ങളുമായി സമന്വയിപ്പിക്കുന്നു.
മുതലാളിത്തവും ശരീരവും തമ്മിലുള്ള ബന്ധത്തെ പര്യവേക്ഷണം ചെയ്യുന്ന ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. നമ്മുടെ ശരീരങ്ങളെ നിയന്ത്രിക്കേണ്ടതും ലാഭത്തിനായി ചൂഷണം ചെയ്യേണ്ടതുമായ യന്ത്രങ്ങളായി കാണുന്ന ഒരു സമൂഹത്തെ മുതലാളിത്തം സൃഷ്ടിച്ചുവെന്ന് ഫെഡറിസി വാദിക്കുന്നു. മുതലാളിത്തം ഫെമിനിസത്തെ സഹകരിപ്പിച്ച രീതിയെയും അവര്‍ വിമര്‍ശിക്കുന്നു, അടിച്ചമര്‍ത്തലിന്റെ അടിസ്ഥാന ഘടനകളെ വെല്ലുവിളിക്കാതെ തൊഴില്‍ ശക്തിയുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് നിരവധി ഫെമിനിസ്റ്റുകള്‍ വാദിക്കുന്നു.
നമ്മുടെ ശരീരം നമ്മുടേതല്ല, മറിച്ച് മുതലാളിത്ത ശക്തികളാല്‍ നിയന്ത്രിക്കപ്പെടുന്നു എന്ന ആശയമാണ് പുസ്തകത്തിന്റെ പ്രധാന പ്രമേയങ്ങളിലൊന്ന്. ഇത് നമ്മുടെ ശരീരത്തെ വാങ്ങാനും വിൽക്കാനും കഴിയുന്ന ചരക്കുകളായി കാണുന്ന അവസ്ഥയിലേക്ക് നയിച്ചുവെന്ന് ഫെഡറിസി വാദിക്കുന്നു. മുതലാളിത്തം അടിച്ചമർത്തലിന്റെ പുതിയ രൂപങ്ങൾ സൃഷ്ടിച്ച വഴികളും അവർ പര്യവേക്ഷണം ചെയ്യുന്നു, ഉദാഹരണത്തിന്, സറോഗേറ്റുകളെ ചൂഷണം ചെയ്യുക, ശരീരഭാഗങ്ങളെ ചരക്കുവല്‍ക്കരിക്കുക.
പുസ്തകം ചില വിമർശനങ്ങൾ ഏറ്റുവാങ്ങി, ചില നിരൂപകർ ഫെഡറിസി ഒരു ട്രാൻസ്-എക്‌സ്‌ക്ലൂഷനറി റാഡിക്കൽ ഫെമിനിസ്റ്റ് (TERF) ആണെന്ന് ആരോപിച്ചു. എന്നിരുന്നാലും, ഈ വിമർശനങ്ങൾ ഫെഡറിസിയുടെ വാദങ്ങളെ തെറ്റായി വായിക്കുന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് തോന്നുന്നു, കൂടാതെ അവരുടെ വ്യക്തിത്വം പരിഗണിക്കാതെ തന്നെ എല്ലാ സ്ത്രീകളെയും ബാധിക്കുന്ന അടിച്ചമർത്തലിന്റെ അടിസ്ഥാന ഘടനകളെ അവർ വിമർശിക്കുന്ന രീതികളെ അവഗണിക്കുന്നു.
മൊത്തത്തിൽ, മുതലാളിത്തം നമ്മുടെ ശരീരത്തെ നിയന്ത്രിക്കുന്ന വഴികളെക്കുറിച്ച് വിമർശനാത്മകമായി ചിന്തിക്കാൻ വായനക്കാരെ വെല്ലുവിളിക്കുന്ന ശക്തവും ചിന്തോദ്ദീപകവുമായ ഒരു പുസ്തകമാണ് “ചർമ്മത്തിന്റെ ചുറ്റളവിന് അപ്പുറം’. ഫെമിനിസം, മാർക്‌സിസം, വിമർശന സിദ്ധാന്തം എന്നിവയിൽ താൽപ്പര്യമുള്ള ഏതൊരാളും നിർബന്ധമായും വായിക്കേണ്ട ഒന്നാണ്. l