ആഭ്യന്തര വ്യവസായങ്ങളെ സംരക്ഷിക്കാൻ ഇറക്കുമതി ചെയ്യുന്ന ചരക്കുകളുടെ മേൽ പലതരത്തിലുള്ള നിയന്ത്രണങ്ങൾ കൊണ്ടുവരുന്ന ഏർപ്പാട് ദേശരാഷ്ട്രങ്ങൾ രൂപപ്പെട്ട നാളുകൾ മുതൽക്കേ നിലവിൽ ഉണ്ടായിരുന്നതാണ്. അന്താരാഷ്ട്ര വ്യാപാരത്തിന്റെ ചരിത്രത്തോളം തന്നെ ഇത്തരം നിയന്ത്രണങ്ങളുടെ ചരിത്രവും നീളുന്നുണ്ട് . പലപ്പോഴും ഇത് വ്യാപാരയുദ്ധങ്ങൾക്കുതന്നെയും വഴിതെളിച്ചിട്ടുണ്ട് . സാമ്പത്തിക ദേശീയവാദത്തിനും സ്വതന്ത്രവ്യാപാരത്തിനുമിടയിൽ തരാതരംപോലെ ഊയലാടുന്ന രാഷ്ട്രങ്ങളെയാണ് നമുക്ക് ചരിത്രത്തിലേക്ക് നോക്കിയാൽ കാണാൻ കഴിയുക . ഭൗമരാഷ്ട്രീയവും സാമ്പത്തിക രാഷ്ട്രീയ സമ്മർദങ്ങളുമാണ് ഇതിനു വഴിതുറക്കുന്നത്.
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ,കൃത്യമായി പറഞ്ഞാൽ ലോകം നിയോ ലിബറൽ യുഗത്തിലേക്ക് പ്രവേശിക്കുന്ന 1980 കളുടെ മധ്യത്തോടെ ,സ്വതന്ത്ര വ്യാപാരമാണ് ഏറ്റവും മഹത്തായ സാമ്പത്തികനയം എന്നതാണ് ആധിപത്യം പുലർത്തിയിരുന്ന ആഖ്യാനം.
വികസിത രാഷ്ട്രങ്ങളിൽ നിന്നുള്ള മൂലധനത്തിനും ചരക്കുകൾക്കുമായി അവികസിത – വികസ്വര രാഷ്ട്രങ്ങളുടെ വാതായനങ്ങൾ തുറന്നിടുക.സാമ്പത്തിക വളർച്ചയ്ക്കുള്ള ഏക പോംവഴി അതാണ്.ചരക്കുകളുടെ കയറ്റുമതിയിലും ഇറക്കുമതിയിലും ഒരു തരത്തിലുമുള്ള നിയന്ത്രണങ്ങൾ പാടില്ല. ഇവ ദേശാന്തരവ്യാപാരങ്ങൾ മന്ദീഭവിപ്പിക്കും ,സാമ്പത്തിക വളർച്ച മുരടിപ്പിക്കും. എല്ലാത്തരം നിയന്ത്രണങ്ങളും സാമ്പത്തിക ശാസ്ത്രനിയമങ്ങളുടെ ലംഘനമാണ്. അതിനാൽ അത് പാടില്ല.ഇതായിരുന്നു പ്രധാന ആഖ്യാനം .
ലോക വ്യാപാര സംഘടനയുടെയും അന്താരാഷ്ട്രനാണയ നിധിയുടെയുമൊക്കെ സമ്പൂർണ ആധിപത്യം നിലനിൽക്കുന്ന സോവിയറ്റാനന്തര ലോകത്തെ ഈ നയങ്ങൾ അംഗീകരിക്കുകയും പാശ്ചാത്യരാജ്യങ്ങൾ പറയുന്ന സാമ്പത്തികവികസന മന്ത്രങ്ങൾ ഉരുവിട്ട് പഠിക്കുകയും അവ നടപ്പിലാക്കുകയും മാത്രമേ അവികസിത,വികസ്വര രാജ്യങ്ങൾക്കു സാധ്യമായിരുന്നുള്ളൂ.
എന്നാൽ 2008 ലെ സാമ്പത്തിക പ്രതിസന്ധി പൊടുന്നനെ ഈ നയങ്ങളിൽ നിന്നുള്ള പിന്നോക്കം പോകലിന് വഴി തെളിച്ചു. പല രീതിയിലുള്ള വ്യാപാര നിയന്ത്രണങ്ങൾ തിരിച്ചു വന്നു തുടങ്ങി.ലോക ഉല്പാദനക്രമത്തിലും വ്യാപാരത്തിലും തങ്ങൾക്കുള്ള ആധിപത്യം നഷ്ടപ്പെടുമോ എന്ന പാശ്ചാത്യമുതലാളിത്ത ലോകചിന്ത ചരക്കുകളുടെ ഇറക്കുമതിയിലും കയറ്റുമതിയിലും പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അമേരിക്ക അടക്കമുള്ള പാശ്ചാത്യരാജ്യങ്ങളെ പ്രേരിപ്പിച്ചു . ചൈനയുടെ സാമ്പത്തിക വളർച്ചയും ആഗോള ഉല്പാദനത്തിൽ അവർക്കു കൈവന്ന മുന്നേറ്റവും ,അതെ സമയം അമേരിക്കയടക്കമുള്ള പാശ്ചാത്യ മുതലാളിത്ത രാജ്യങ്ങളിൽ സംഭവിച്ച വ്യാവസായിക തകർച്ചയും ഇതിനിടയാക്കി . ഇതിന്റെ ഏറ്റവും ഒടുവിലത്തെ പ്രതിഫലനമാണ് അമേരിക്ക പുതുതായി കൊണ്ടുവന്നിരിക്കുന്ന കയറ്റുമതി -ഇറക്കുമതി സരംക്ഷണ നിയമങ്ങൾ .
സ്വന്തം കമ്പോളങ്ങൾ ചുരുങ്ങുമോ എന്ന യഥാർത്ഥ ഭയത്തെ മറച്ചുവെച്ചുകൊണ്ട് , ദേശസുരക്ഷ , തെറ്റായ കച്ചവട നയങ്ങൾ , ബൗദ്ധിക സ്വത്തവകാശ ലംഘനങ്ങൾ തുടങ്ങിയ ആരോപണങ്ങൾ അമേരിക്ക ഉന്നയിക്കുന്നു. ഇതൊന്നുമല്ലെങ്കിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയെന്ന ആരോപണം ഉയർത്തിയാണ് ചൈനയുടെ മേൽ പല രീതിയിലുള്ള നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ അമേരിക്ക , വിശേഷിച്ചും ട്രംപിന്റെ അമേരിക്ക , തുനിഞ്ഞിറങ്ങിയിരിക്കുന്നത് .
2018 ൽ ട്രംപിന്റെ കാലത്ത് 370 ബില്യൺ ഡോളർ വിലമതിക്കുന്ന ചൈനീസ് ഉത്പന്നങ്ങൾക്കുമേൽ അമേരിക്ക ഇറക്കുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ബൈഡന്റെ കാലത്തും ഈ നിയന്ത്രണങ്ങൾ തുടർന്നു.ഏതാണ്ട് 25 ശതമാനം വരുന്ന നികുതി ഏർപ്പെടുത്തിയ ഈ നടപടിക്കെതിരെ ചൈന അതേപടി തിരിച്ചടിച്ചു . അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന കാർഷിക ഉത്പന്നങ്ങൾക്കുമേൽ നികുതി ഏർപ്പെടുത്തിക്കൊണ്ടായിരുന്നു ഇത് .
നിർമിതബുദ്ധി മേഖലയിൽ ചൈന നടത്തുന്ന മുന്നേറ്റങ്ങളെ തടയുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് സെമി കണ്ടക്ടറുകളും സോഫ്ട്‍വെയറുകയും ചൈനീസ് കമ്പനികൾക്ക് ലഭ്യമാകുന്നത് തടയാനുള്ള നീക്കം അമേരിക്കൻ വാണിജ്യ മന്ത്രാലയം ഏർപ്പെടുത്തുന്നത്. കൂടിയ നിലവാരത്തിലുള്ള ചിപ്പുകൾ നിർമിക്കുന്നതിനുള്ള ലിത്തോഗ്രാഫി യന്ത്രങ്ങൾ വാങ്ങുന്നതിൽ നിന്നും ചൈനയിലെ ഏറ്റവും വലിയ ചിപ്പ് നിർമാണ കമ്പനിയായ സ്മികിനെ (SMIC ) തടയുന്ന നടപടികളും അമേരിക്കൻ ഭരണകൂടം ഈ കാലയളവിൽ ചെയ്തു .
ചിപ്പ് നിർമാണത്തിലേർപ്പിട്ടിരിക്കുന്ന അമേരിക്കൻ കമ്പനികൾക്ക് 2022 ൽ 52 ബില്യൺ ഡോളർ നൽകിയ അതേ കാലത്താണ് ചൈനീസ് കമ്പനികൾക്കു മേൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്. ചൈനീസ് കമ്പനിയായ ഹുവായിയ്ക്ക് അമേരിക്കൻ ടെലികോം മേഖലയിൽ പ്രവേശനം നിഷേധിച്ചതും ഇതേ കാലത്താണ് . ഏതാണ്ട് ഇതേ നാണയത്തിൽ തിരിച്ചടിക്കാൻ ചൈനയും തയാറായി.ജാപ്പനീസ് കാറുകൾ അമേരിക്കൻ കാർ നിർമാതാക്കൾക്ക് ഭീഷണിയാകുമെന്ന് തോന്നിയ 1980 കളിൽ ഡെട്രോയിറ്റിലെ കാർ നിർമാണവ്യവസായത്തെ സംരക്ഷിക്കാൻ ജാപ്പനീസ് കാറുകളുടെ ഇറക്കുമതിക്കുമേൽ അമേരിക്ക നിയന്ത്രണങ്ങൾ കൊണ്ടുവന്നു.ജപ്പാനും അമേരിക്കയുമായുള്ള വ്യാപാര യുദ്ധത്തിലേക്ക് ഇത് നീങ്ങി .
ചൈനയ്‌ക്കെതിരെ മാത്രമല്ല ആഗോളരാഷ്ട്രീയത്തിൽ തങ്ങളുടെ താല്പര്യങ്ങളെ അനുകൂലിക്കാത്ത എല്ലാ രാജ്യങ്ങളുടെ മേലും അമേരിക്കയും പാശ്ചാത്യമുതലാളിത്ത രാഷ്ട്രങ്ങളും പല തരത്തിലുള്ള വ്യാപാര നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. ദീർഘകാലമായി ക്യൂബയ്‌ക്കെതിരെ തുടരുന്ന ഉപരോധങ്ങൾ മാത്രം മതി സ്വാതന്ത്രവ്യാപാരസിദ്ധാന്തത്തിന്റെ പിന്നിലുള്ള രാഷ്ട്രീയ താല്പര്യങ്ങൾ പുറത്തു കൊണ്ടുവരാൻ.യൂറോപ്യൻ യൂണിയനിൽ നിന്നും കാനഡയിൽ നിന്നുമുള്ള സ്റ്റീൽ ഇറക്കുമതിക്കുമേൽ 25 ശതമാനം താരിഫ് ഏർപ്പെടുത്താൻ അമേരിക്ക തീരുമാനിച്ചതും സമീപകാലത്താണ് . ഇത്തരത്തിൽ തങ്ങളുടെ രാഷ്ട്രീയ ശത്രുക്കളുടെ മേൽ മാത്രമല്ല സൈനിക സഖ്യ രാഷ്ട്രങ്ങൾക്കുമേൽ പോലും വ്യാപാര യുദ്ധങ്ങൾ നടത്താൻ അമേരിക്ക ഒരിക്കലും മടിച്ചിട്ടില്ല. ട്രംപിന്റെ അമേരിക്കയും ബൈഡന്റെയും ഒബാമയുടേയുമൊക്കെ അമേരിക്കയും ഇക്കാര്യത്തിൽ ഒരേ പോലെയാണ് . പ്രസിഡന്റ് കസേരയിൽ ആരിരുന്നാലും സ്വതന്ത്ര വ്യാപാരത്തെക്കുറിച്ച് അമേരിക്ക നടത്തുന്ന വാചാടോപങ്ങൾ പൊള്ളയാണെന്ന് പച്ചയ്ക്ക് കാട്ടിത്തരുന്നവയാണ് ഈ നടപടികൾ .
സ്വതന്ത്ര വ്യാപാരത്തിന്റെ ചരിത്രത്തിലേക്ക് നോക്കിയാലും കാണാൻ കഴിയുക ഇതേ വസ്തുതകളാണ്. ദേശരാഷ്ട്രങ്ങളുടെ സാമ്പത്തിക മുന്നേറ്റത്തിനുള്ള ഒരേയൊരു പോംവഴി സ്വതന്ത്ര വ്യാപാരത്തെ പ്രോത്സാഹിപ്പിക്കുക മാത്രമാണ് എന്നത് എൺപതുകളുടെ ഉത്തരാർദ്ധത്തിൽ തുടങ്ങി തൊണ്ണൂറുകളോടെ ഏറ്റവും പ്രബലസാമ്പത്തികയുക്തിയായി അവതരിപ്പിക്കപ്പെട്ട ഒന്നാണ് .
അവികസിത , വികസ്വര രാഷ്ട്രങ്ങളേ നിങ്ങൾ നിങ്ങളുടെ രാജ്യത്തിന്റെ സാമ്പത്തിക വാതിലുകൾ മലർക്കെ തുറന്നിടൂ , വിദേശ മൂലധനവും വിദേശ ഉത്പന്നങ്ങളും നിങ്ങളുടെ രാജ്യത്തിലേക്ക് ഒഴുകിയെത്തും . അത് നിങ്ങളുടെ രാജ്യത്ത് വലിയ വികസനക്കുതിപ്പ് സൃഷ്ടിക്കും . വിദേശ ധനമൂലധനത്തിന്റെ ചിറകിലേറി ആധുനിക വ്യവസായങ്ങൾ നിങ്ങളുടെ രാജ്യത്ത് വന്നു നിറയും. ഇറക്കുമതി ചെയ്യപ്പെടുന്ന കുറഞ്ഞ വിലയ്ക്കുള്ള വിദേശ വസ്തുക്കൾ കൊണ്ട് നിങ്ങളുടെ കമ്പോളങ്ങൾ നിറഞ്ഞു കവിയും.അത് നിങ്ങളുടെ അവികസിതാവസ്ഥയെ തുടച്ചു നീക്കും. നിങ്ങളുടെ രാജ്യത്തെ ക്ലാവ് പിടിച്ച് ഇരുണ്ട സമ്പദ്‌വ്യവസ്ഥയെ അത് തിളക്കമുള്ളതാക്കി മാറ്റും.നിയോ ലിബറലിസത്തിന്റെ വികസന മന്ത്രമാണിത്.ഈ വികസന കുറിപ്പടി സ്വീകരിക്കാൻ വിസമ്മതിച്ച രാഷ്ട്രങ്ങളെ വരച്ച വരയിൽ നിർത്താൻ അന്തരാഷ്ട്ര സാമ്പത്തിക കരാറുകൾ നിർമ്മിക്കപ്പെട്ടു .ഇത് സ്വീകരിക്കാൻ വിസമ്മതിച്ചവർ വരട്ടുതത്വവാദികളായി മുദ്രകുത്തപ്പെട്ടു മാറ്റിനിർത്തപ്പെട്ടു. അന്താരാഷ്ട്ര സാമ്പത്തിക സഹായങ്ങൾ ഇവർക്ക് നിരസിക്കപ്പെട്ടു.ലോകവ്യാപാരത്തിന്റെ പട്ടികയിൽ നിന്ന് അവർ നീക്കം ചെയ്യപ്പെട്ടു .
സാമ്പത്തിക വേലിക്കെട്ടുകളുടെ ആവിർഭാവം
ബ്രിട്ടനിൽ 1649 – 58 കാലത്ത് അധികാരത്തിലിരുന്ന ഒലിവർ ക്രോം വെൽ ആണ് മെർക്കറ്റിലിസത്തെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നത് .ഇറക്കുമതി കുറച്ചുകൊണ്ട് കയറ്റുമതി വർധിപ്പിക്കുക എന്നതാണ് ഈ നയത്തിന്റെ കാതൽ . ഇതിനായി നിയമനിർമാണങ്ങൾ നടത്തുകയും വളരെ ഉയർന്ന ഇറക്കുമതിച്ചുങ്കങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു.പോരാത്തതിന് ബ്രിട്ടീഷ് നിർമിതവസ്തുക്കൾ മാത്രമേ ബ്രിട്ടനിലെ കപ്പലുകളിൽ കയറ്റി അയക്കാൻ പാടുള്ളൂ എന്ന നിയമങ്ങളും കർക്കശമായി നടപ്പിലാക്കി.ആധുനിക കാലത്തെ വ്യാപാര നിയന്ത്രണങ്ങളുടെ തുടക്കം കുറിക്കുന്നത് ഇങ്ങിനെയാണ്.
എന്തൊക്കെ കാരണങ്ങളാണ് ഇതിലേക്ക് നയിച്ചത് ? ഇന്നത്തെപ്പോലെയുള്ള ആധുനിക ദേശീയതയുടെ ഉല്പന്നമായിരുന്നില്ല അത് . 19 ആം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങൾ വരെ ബ്രിട്ടീഷ് രാഷ്ട്രീയത്തെ നിയന്ത്രിച്ചിരുന്ന വരേണ്യകച്ചവട വർഗ്ഗത്തിന്റെ താല്പര്യങ്ങളാണ് ഇത്തരം നിയമങ്ങൾക്ക് പിന്നിൽ വർത്തിച്ചത് .
1700 ലെ കാലിക്കോ ആക്ട് ബ്രിട്ടനിലേക്കുള്ള കോട്ടൺ തുണിത്തരങ്ങളുടെ ഇറക്കുമതി പൂർണമായും നിരോധിച്ചു. ബ്രിട്ടനിലെ വളർന്നു വരുന്ന കോട്ടൺ വ്യവസായങ്ങളെ ഇന്ത്യയിൽ നിന്നുമുള്ള, വിശേഷിച്ച് ബംഗാളിൽ നിന്നുമുള്ള കോട്ടൺ തുണിത്തരങ്ങളുടെ ഇറക്കുമതിയിൽ നിന്നും സംരക്ഷിക്കാനായിരുന്നു ഈ നിയമങ്ങൾ.വ്യവസായിക വിപ്ലവം ബ്രിട്ടനിൽ അരങ്ങേറുന്നതിനു തൊട്ടുമുന്പായിരുന്നു ഇത്.ബ്രിട്ടനിലെ തുണിവ്യവസായം യന്ത്രവൽക്കരിക്കപ്പെടുകയും അത് തുണിയുൽപ്പന്നങ്ങളുടെ വിലക്കുറവിനിടയാക്കുകയും ചെയ്തതിനെത്തുടർന്ന്, ഇന്ത്യയിൽ നിന്നുമുള്ള തുണി ഇറക്കുമതി ഭീഷണി ഇല്ലാതായതിനു ശേഷമാണ് ഈ നയം ബ്രിട്ടനിൽ തിരുത്തപ്പെട്ടത്. അപ്പോഴേക്കും ബ്രിട്ടനിൽ നിന്നുമുള്ള വില കുറഞ്ഞ യന്ത്രവത്കൃതതുണിത്തരങ്ങളുടെ ഇറക്കുമതി ഇന്ത്യയിലെ കോട്ടൺ തുണി വ്യവസായത്തെ നാമാവശേഷമാക്കിക്കഴിഞ്ഞിരുന്നു.കൊളോണിയൽ സാമ്പത്തിക തന്ത്രങ്ങൾ തിരിച്ചറിഞ്ഞ ഇന്ത്യൻ സ്വാതന്ത്ര്യസമരപ്രസ്ഥാനം വിദേശവസ്ത്രങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം നൽകുന്നത് ഈ പശ്ചാത്തലത്തിലാണ് . ഗാന്ധിജി യന്ത്രവത്കൃതവ്യവസായങ്ങൾക്കെതിരെ ഹിന്ദ് സ്വരാജിൽ സംസാരിക്കുന്നതിന്റെ പശ്ചാത്തലവും ഇതാണ് .
1820 നു ശേഷമാണ് മറ്റു പാശ്ചാത്യയൂറോപ്യൻരാജ്യങ്ങളും വടക്കേഅമേരിക്കയും ആഭ്യന്തരവ്യവസായങ്ങളെ സംരക്ഷിക്കാനുതകുന്ന സംരക്ഷണനയങ്ങൾ ദേശീയ തലത്തിൽ നടപ്പിലാക്കുന്നത്.അക്കാലത്തു രൂപം കൊണ്ട ദേശീയതാ സങ്കൽപ്പങ്ങളാണ് ഇവിടങ്ങളിൽ ഇതിനു വഴി തെളിച്ചത്. പ്രൊട്ടെക്ഷനിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന്റെ പ്രധാന വക്താവായിരുന്നു ഫ്രഡറിക് ലിസ്റ്റ് ( 1789 -1846). കടുത്ത ദേശീയവാദിയായിരുന്നു ഇദ്ദേഹം.ലിസ്റ്റിന്റെ ദേശീയതാസങ്കല്പങ്ങൾക്ക് പിന്നിലുള്ള താല്പര്യങ്ങളെ മാർക്സ് നിശിതമായ വിമർശനാത്മകപരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. പിൽക്കാലത്ത് അമേരിക്കയിലേക്ക് താമസംമാറ്റിയ ലിസ്റ്റ് അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ആൻഡ്രൂ ജാക്‌സന്റെ അടുത്ത സുഹൃത്തും സാമ്പത്തിക ഉപദേഷ്ടാവുമായി.ലിസ്റ്റിന്റെ പ്രസിദ്ധമായ പുസ്തകം National System of Political economy പുറത്തു വരുന്നത് 1840 ലാണ്.ഇതിനെയാണ് മാർക്സ് നിശിതമായ വിമർശനപഠനത്തിനിരയാക്കുന്നത്.ലാഭം മാത്രം ലക്ഷ്യമിട്ട് മൂലധന താല്പര്യങ്ങൾ സംരക്ഷിക്കാൻ മാത്രം ഉണ്ടാക്കിയിട്ടുള്ളതാണ് അന്നത്തെ ദേശീയതാസങ്കൽപ്പങ്ങൾ എന്നതായിരുന്നു മാർക്സിന്റെ വിമർശനത്തിന്റെ കാതൽ.
വ്യവസായികമുന്നേറ്റത്തിന് തുടക്കമിടുന്ന 1815 നും 1846 നുമിടയിലാണ് സാമ്പത്തികചരിത്രത്തിൽ ഏറെ പ്രസിദ്ധമായ ചോള നിയമങ്ങൾ ( Corn Laws ) ബ്രിട്ടൻ കൊണ്ടുവരുന്നത്.ഭക്ഷ്യവസ്തുക്കളും കാർഷികോത്പന്നങ്ങളും വിദേശത്തു നിന്നും ഇറക്കുമതി ചെയ്യുന്നത് നിരോധിക്കുന്ന നിയമമായിരുന്നു അത്.ആഭ്യന്തര കർഷകരുടെ താല്പര്യങ്ങൾ സംരക്ഷിക്കാനായിരുന്നു ഈ നിയമങ്ങൾ നടപ്പിലാക്കിയത്.അന്ന് ഭരണത്തിൽ മേൽകൈ ഫ്യൂഡൽ പ്രഭുക്കൾക്കായിരുന്നു എന്നതാണ് ഇത്തരമൊരു നിയമം പാസാക്കുന്നതിന് വഴിതെളിച്ചത് .ബ്രിട്ടനിൽ വളർന്നു വന്നിരുന്ന വ്യവസായികളും അവരെ ചുറ്റിപ്പറ്റിയുള്ള മധ്യവർഗവും അക്കാലത്ത് ഇതിനെ എതിർത്തിരുന്നു.ചോളം വിദേശത്തുനിന്നും കുറഞ്ഞ വിലയ്ക്ക് ഇറക്കുമതി ചെയുന്നത് ആദ്യം നിരോധിച്ചു.തുടർന്ന് ഇറക്കുമതിക്ക് വളരെ ഉയർന്ന ചുങ്കം ഏർപ്പെടുത്തി.ഭൂഉടമകളുടെ ലാഭവും അധികാരത്തിന്മേലുള്ള പിടിയും ശക്തമാക്കുന്നതിന് ഈ നിയമം വഴി തെളിച്ചു.ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റത്തിന് വഴി തെളിച്ചിട്ടും ഈ നിയമങ്ങൾ തുടർന്നു.പിന്നീട് 1845 നും 1852 നുമിടയിൽ അയർലണ്ടിലുണ്ടായ കൊടിയ ഭക്ഷ്യക്ഷാമമാണ് ഈ നിയമം ലഘൂകരിക്കുന്നതിന് വഴി തെളിച്ചത്.10 ലക്ഷം ആൾക്കാരുടെ മരണത്തിനും ഏതാണ്ട് അത്രയും ആൾക്കാരുടെ പലായനത്തിനും ഇടയാക്കിയ കൊടിയക്ഷാമമായിരുന്നു അത് . ഇതിനെത്തുടർന്ന് ചോളനിയമങ്ങൾക്കെതിരായ പ്രക്ഷോഭങ്ങൾ ബ്രിട്ടനിൽ ഉണ്ടാവുകയും ഒടുവിൽ നിയമം പിൻവലിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചേരുകയും ചെയ്തു .
എന്നാൽ 1890 ൽ സ്ഥിതി മാറി.വടക്കേ അമേരിക്കയിൽ നിന്നും ജർമനിയിൽ നിന്നുമുള്ള ഇറക്കുമതി ബ്രിട്ടനിലെ വ്യവസായങ്ങളെ സാരമായി ബാധിച്ചു . അതുപോലെ 1860 കൾക്ക് ശേഷം വളർന്നു വരുന്ന തങ്ങളുടെ ആഭ്യന്തര വ്യവസങ്ങളെ സംരക്ഷിക്കാനും അവയുടെ ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്താനും ജർമനിയും ഫ്രാൻസും അമേരിക്കയും ഉയർന്ന ഇറക്കുമതിച്ചുങ്കങ്ങൾ ഏർപ്പെടുത്തി. 1930 കളിലെ ആഗോളമാന്ദ്യത്തോടെ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമായി. തകർന്നടിഞ്ഞ ആഭ്യന്തര വ്യവസായങ്ങളെ പുനർ നിർമിക്കുക ,കുത്തനെ ഇടിഞ്ഞ ചോദനകളെ തിരിച്ചു പിടിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളിലേക്ക് ശ്രദ്ധ മുഴുവനും തിരിഞ്ഞു.ഒന്നാം ലോകയുദ്ധാനന്തരം വളർന്നു വന്ന ദേശീയതയെ അടിസ്ഥാനമാക്കിയ രാഷ്ട്രീയചിന്താഗതികൾ ഇതിനു കൂടുതൽ കരുത്തു പകർന്നു. ആഭ്യന്തരമായി മൂർഛിച്ചു വന്ന വൈരുധ്യങ്ങളെയും വർഗസംഘർഷങ്ങളെയും മെരുക്കിയെടുക്കാൻ എല്ലാ വികസിത രാഷ്ട്രങ്ങൾക്കും ദേശീയതയുടെ രാഷ്ട്രീയം ഒരു പ്രധാന കരുവായി.
രണ്ടാം ലോകയുദ്ധം കാര്യങ്ങൾ വീണ്ടും വഴിതിരിച്ചു വിട്ടു.യുദ്ധം പാശ്ചാത്യ മുതലാളിത്തത്തിന് ലോകസമ്പദ്‌വ്യവസ്ഥയിൽ മേൽക്കോയ്മ നൽകി.അതുപോലെ തകർന്നടിഞ്ഞ പാശ്ചാത്യ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥകളെ പുനർനിർമിക്കാനും കോളനിയുഗാന്തരമുള്ള ലോകവ്യാപാരത്തെ തങ്ങളുടെ വരുതിയിൽ നിർത്താനും ലക്ഷ്യമിട്ട് 1944 ൽ രൂപീകരിക്കപ്പെട്ട ബ്രെട്ടൻവുഡ്‌സ് കരാറും പാശ്ചാത്യ മേൽക്കോയ്മയുടെ പുതിയ യുഗത്തിന് തുടക്കമിട്ടു . അതേസമയം കൊളോണിയൽ നുകത്തിൽ നിന്നും വിടുതൽ നേടിയ പുതിയ രാഷ്ട്രങ്ങൾ തങ്ങളുടെ ആഭ്യന്തര വ്യവസായങ്ങൾ വളർത്തിയെടുക്കാനും ആഭ്യന്തരഉല്പന്നങ്ങൾക്ക് വിപണി കണ്ടെത്താനും ശക്തമായ സാമ്പത്തിക നടപടികൾ കൈക്കൊണ്ടു.ഇത് ഇവിടങ്ങളിൽ ഉയർന്ന ഇറക്കുമതിച്ചുങ്കങ്ങൾ ഏർപ്പെടുത്തുന്നതിനിടയാക്കി.സ്വന്തന്ത്ര വ്യാപാരം ആരുടേയും പ്രധാന മുദ്രാവാക്യമല്ലാതായി.സോവിയറ്റ് യൂണിയനും ചൈന അടക്കമുള്ള സോഷ്യലിസ്റ്റ് രാജ്യങ്ങളും തങ്ങളുടെ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാൻ ശ്രമിച്ചതും ആഭ്യന്തരവിപണി ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു. കയറ്റുമതി ഉന്മുഖവികസനതന്ത്രങ്ങൾ ഇവരുടെ അജണ്ട അല്ലായിരുന്നു .
എന്നാൽ 1980 കളുടെ ഉത്തരാർധത്തോടെ സ്ഥിതിഗതികൾ വീണ്ടും മാറി . ലോക രാഷ്ട്രീയത്തിൽ തങ്ങൾക്കു കൈവന്ന മുൻകൈ ഉപയോഗപ്പെടുത്തി പുതിയ താരിഫ് യുഗം സൃഷ്ടിക്കാൻ അന്താരാഷ്ട്ര വ്യാപാരസ്ഥാപനങ്ങളെ പശ്ച്യാത്യമൂലധന ശക്തികൾ ശ്രമിച്ചു.ഇത് നിയോലിബറൽ യുഗത്തിന് നാന്ദി കുറിച്ചു. ഇറക്കുമതി ചുങ്കങ്ങൾ ഏർപ്പെടുത്തി ആഭ്യന്തരവ്യവസായങ്ങളെ സംരക്ഷിക്കാൻ അവികസിത വികസ്വര രാഷ്ട്രങ്ങൾ ശ്രമിക്കുന്നത് മഹാപാതകമായി ചിത്രീകരിക്കപ്പെട്ടു.നിർമിത വസ്തുക്കളുടെ പ്രധാന ഉല്പാദകരും വിതരണക്കാരും പാശ്ചാത്യ രാഷ്ട്രങ്ങൾ മാത്രമാണ് എന്ന നിലയിലേക്ക് കാര്യങ്ങൾ മാറി.അവർക്കാവശ്യമായ അസംസ്കൃതവസ്തുക്കൾ കയറ്റി അയക്കുകയോ കുറഞ്ഞ നിരക്കിൽ തൊഴിൽശക്തി പ്രദാനം ചെയ്യുകയോ മാത്രമായി മൂന്നാംലോക രാഷ്ട്രങ്ങളുടെ നില ചുരുങ്ങി.നിയോലിബറൽ ആഖ്യാനങ്ങൾ വെള്ളം ചേർക്കാതെ വിഴുങ്ങുന്ന ധനമന്ത്രിമാരും രാഷ്ട്രമേധാവികളും വികസ്വരരാഷ്ട്രങ്ങളിൽ അധികാരത്തിലെത്തി. ഏതാണ്ട് ലോകം മുഴുവനും ഈ പ്രത്യയശാസ്ത്രത്തിന് പാടെ അടിപ്പെട്ട നാളുകളായിരുന്നു കഴിഞ്ഞ കാൽനൂറ്റാണ്ട് . എന്നാൽ ചരിത്രം ഒരിക്കലും അവസാനിക്കുന്നില്ല എന്ന് ഈ ദശകം വീണ്ടും നമുക്ക് കാട്ടിത്തരുന്നു.ആഭ്യന്തര വ്യവസായങ്ങൾ സംരക്ഷിക്കാൻ താരിഫുകളും നിയന്ത്രണങ്ങളും വീണ്ടും ഏർപ്പെടുത്തുന്ന പാശ്ചാത്യമുതലാളിത്തലോകത്തെയാണ് ഇന്ന് നാം കാണുന്നത് . അതിന്റെ പ്രതിഫലനം മാത്രമാണ് ട്രംപിന്റെ നേതൃത്വത്തിൽ ഇന്ന് അമേരിക്ക നടപ്പിലാക്കുന്ന വ്യാപാര യുദ്ധങ്ങൾ . സാമ്രാജ്യത്വ മൂലധനത്തിന്റെ താല്പര്യങ്ങൾ എന്തുവിലകൊടുത്തും സംരക്ഷിക്കുക എന്നതിൽപ്പരം മറ്റ് ഉദ്ദേശങ്ങളൊന്നും തന്നെ അതിനില്ല .