
സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ 79 പോയിന്റ് നേടി കേരളം വീണ്ടും രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തി . ഐക്യരാഷ്ട്ര സഭ 2015 ലാണ് ലോക രാഷ്ട്രങ്ങളുടെ പുരോഗതിക്കായി സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SGDs) എന്ന അജണ്ട മുന്നോട്ടു വച്ചത്. 2030 ആകുമ്പോഴേക്കും ഉണ്ടാക്കിയെടുക്കേണ്ട നേട്ടങ്ങൾ ആണ് ഈ ലക്ഷ്യങ്ങളായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലോകത്തെ 193 രാജ്യങ്ങൾ ഇതിനോട് യോജിച്ചു കൊണ്ട് ലക്‌ഷ്യം നേടാനുള്ള പരിശ്രമത്തിലാണ്. ഇന്ത്യക്കിതിൽ നിർണായകമായ സ്ഥാനം ആണുള്ളത്. കാരണം ലോകജനസംഖ്യയിൽ ആറിൽ ഒന്ന് പേർ ജീവിക്കുന്നത് ഇന്ത്യയിലാണ്. ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. എന്നാൽ ഐക്യരാഷ്ട സഭയുടെ സുസ്ഥിരവികസന ലക്ഷ്യങ്ങൾ സംബന്ധിച്ച കണക്കെടുപ്പിൽ ഇന്ത്യ വളരെ പിന്നിലാണ്. ഇന്ത്യയുടെ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത് നീതി ആയോഗാണ് (National Institute for Transforming India) . യു എൻ മുന്നോട്ടു വച്ചിട്ടുള്ള 17 ലക്ഷ്യങ്ങളിൽ 16 എണ്ണത്തെ സംബന്ധിച്ച് ഓരോ സംസ്ഥാനത്തെ കുറിച്ചും വിശദമായ പഠനം നടത്തിയിരിക്കുന്നു. 17 ആമത്തെ ലക്ഷ്യം മേൽ പറഞ്ഞ 16 ലക്ഷ്യങ്ങൾ നടപ്പാക്കേണ്ട രീതിയെ കുറിച്ച് ആയതു കൊണ്ട് അത് തത്കാലം വിട്ടിരിക്കുകയാണ്. എന്നാൽ 16 ൽ ഒമ്പതിലും ഇന്ത്യ പിന്നിലാണ്.
സാമൂഹ്യവും സാമ്പത്തികവും പാരിസ്ഥികവുമായ അവസ്ഥയനുസരിച്ചാണ് ഓരോ രാജ്യവും ലക്ഷ്യത്തോടടുക്കുന്നുണ്ടോയെന്ന വിലയിരുത്തലാണ് നടത്തുന്നത്. ചെലവ് കുറഞ്ഞ ആരോഗ്യ പരിരക്ഷ , ഗുണനിലവാരമുള്ള വിദ്യാഭ്യാസം , ലിംഗസമത്വം , ശുദ്ധജലത്തിന്റ ലഭ്യത , അരികുവത്കൃത ജനവിഭാഗങ്ങളുടെ ശാക്തീകരണം തുടങ്ങിയ പലതും ഇന്ത്യയുടെ വികസനത്തിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായി നീതി ആയോഗ് റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ കേരളം 16 ൽ 15 ലും മികച്ച പോയിന്റുകൾ ആണ് നേടിയിരിക്കുന്നത്. പല മേഖലകളിലും കേരളം ആഗോള ലക്‌ഷ്യം നേടിക്കഴിഞ്ഞു. 2020 -21 ൽ 75 പോയിന്റോടെ ഒന്നാം സ്ഥാനം കേരളം നേടിയിരുന്നു. അന്ന് ഇന്ത്യയുടെ സ്‌കോർ 66 ആയിരുന്നു. ഇന്ത്യക്ക് ഇത്രയെങ്കിലും സ്‌കോർ ലഭിക്കുന്നതിന് കേരളത്തിന്റെ നിർണായകമായ സ്വാധീനം ആണെന്ന് കാണാം . സംസ്ഥാനങ്ങളുടെ ശരാശരി ആണ് ഇന്ത്യയുടെ സ്‌കോർ ആയി വരുന്നത്. ലക്ഷ്യങ്ങൾ തീരുമാനിച്ചതിലും വിലയിരുത്തൽ രീതിയിലും ചില പോരായ്മകൾ വിദഗ്ദ്ധർ ചൂണ്ടി കാണിച്ചിട്ടുണ്ട്. 28 സംസ്ഥാനങ്ങളും എട്ട് കേന്ദ്ര ഭരണ പ്രദേശങ്ങളും കണക്കെടുപ്പിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ഇന്ത്യയുടെ അപാരമായ വൈവിധ്യവും വൈപുല്യവും നിശ്ചയിക്കപ്പെട്ട സൂചകങ്ങളിൽ പ്രതിഫലിക്കുന്നില്ല എന്നാണ് ഒരു ആരോപണം. പരിമിതികൾ നിലനിൽക്കുമ്പോഴും ഏകദേശ രൂപരേഖ ഈ വിലയിരുത്തലിൽ നിന്നും ലഭിക്കുന്നുണ്ട്.
ലക്ഷ്യം 1
ദാരിദ്ര്യം ഇല്ല
ഇന്ത്യ 72
കേരളം 81
യുപി 57
ഗുജറാത്ത് 79
ബീഹാർ 39
ലക്ഷ്യം 2
വിശപ്പ് ഇല്ല
ഇന്ത്യ 52
കേരളം 84
ഗുജറാത്ത് 41
മധ്യപ്രദേശ് 48
ലക്ഷ്യം 3
നല്ല ആരോഗ്യവും സ്വാസ്ഥ്യവും
ഇന്ത്യ 77
കേരളം 80
മധ്യപ്രദേശ് 56
ലക്ഷ്യം 4
ഗുണമേന്മ വിദ്യാഭ്യാസം
ഇന്ത്യ 61
കേരളം 82
ഗുജറാത്ത് 58
യുപി 54
ബീഹാർ 32
ലക്ഷ്യം 5
ലിംഗസമത്വം
ഇന്ത്യ 49
കേരളം 66
ഗുജറാത്ത് 52
തമിഴ് നാട് 53
ലക്ഷ്യം 6
ശുദ്ധജലവും ശുചിത്വവും
ഇന്ത്യ 89
കേരളം 87
പഞ്ചാബ് 74
രാജസ്ഥാൻ 60
ലക്ഷ്യം 7
വിലകുറഞ്ഞ, ശുദ്ധമായ ഊർജം
ഇന്ത്യ 96
കേരളം 100
ഗുജറാത്ത് 98
ലക്ഷ്യം 8
മാന്യമായ തൊഴിലും സാമ്പത്തിക വളർച്ചയും
ഇന്ത്യ 68
കേരളം 74
മധ്യപ്രദേശ് 64
യുപി 60
ലക്ഷ്യം 9
വ്യവസായം , അടിസ്ഥാന സൗകര്യം , ഇന്നവേഷൻ
ഇന്ത്യ 61
കേരളം 69
ഗുജറാത്ത് 61
യുപി 53
ലക്ഷ്യം 10
കുറഞ്ഞ അസമത്വം
ഇന്ത്യ 65
കേരളം 71
ഗുജറാത്ത് 69
യുപി 66
ലക്ഷ്യം 11
സുസ്ഥിരനഗരങ്ങളും സമൂഹങ്ങളും
ഇന്ത്യ 83
കേരളം 84
രാജസ്ഥാൻ 75
യുപി 57
ലക്ഷ്യം 12
ഉത്തരവാദിത്തപരമായ ഉപഭോഗവും ഉത്പാദനവും
ഇന്ത്യ 78
കേരളം 53
ഗോവ 47
ലക്ഷ്യം 13
കാലാവസ്ഥാ വ്യതിയാനം
ഇന്ത്യ 67
കേരളം 80
യുപി 52
ലക്ഷ്യം 14
ജലത്തിനടിയിലെ ജീവിതം
കേരളം 51
ഗുജറാത്ത് 5
ലക്ഷ്യം 15
കരഭൂമിയിലെ ജീവിതം
ഇന്ത്യ 75
കേരളം 88
ഗുജറാത്ത് 76
യുപി 70
ലക്ഷ്യം 16
സമാധാനം ,നീതി ,ശക്തമായ സ്ഥാപനങ്ങൾ
ഇന്ത്യ 74
കേരളം 82
യുപി 77
നവകേരളം എന്ന ലക്ഷ്യത്തിലേക്കുള്ള കേരളത്തിന്റെ പ്രയാണം ശരിയായ ദിശയിലാണെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. സാമൂഹ്യവും സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്നവരെ മുഖ്യധാരയിലേക്ക് കൊണ്ട് വരാനും അസമത്വം കുറക്കുവാനും അതിദരിദ്ര്യം ഇല്ലാതാക്കുവാനും സംസ്ഥാന സർക്കാർ എടുക്കുന്ന നടപടികൾക്ക് നീതി ആയോഗ് തന്നെ അംഗീകാരം നൽകിയിരിക്കുന്നു . ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിന് ഐക്യരാഷ്ട്ര സഭ നിശ്ചയിച്ചിരിക്കുന്നത് 2030 ആണ്. അടുത്ത അഞ്ചു വർഷത്തിനിടയിൽ കേരളത്തിന് അഭിമാനകരമായി മുന്നേറാൻ കഴിയും എന്നുറപ്പാണ്. ഇന്ത്യയിലെ ഭൂരിപക്ഷം സംസ്ഥാനങ്ങളും പ്രത്യേകിച്ച് ബീഹാർ ,രാജസ്ഥാൻ, മധ്യപ്രദേശ് , ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ ലക്ഷ്യസ്ഥാനത്തിനു വളരെ പിന്നിലാണ്. 16 ൽ ഒമ്പതിലും ഇന്ത്യ പിന്നിലാണ്. 2047 ലെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കാണ് തങ്ങൾ നീങ്ങുന്നതെന്ന അവകാശവാദങ്ങൾ പൊള്ളയാണെന്നു തെളിയിക്കുന്നത് കേന്ദ്ര സർക്കാരിന്റെ തന്നെ സ്ഥിതിവിവരകണക്കാണ് .