നാഗരികതയുടെ പിരമിഡുകള്‍

ജി പി രാമചന്ദ്രന്‍

ഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് എന്റെ പങ്കാളി എം പി പ്രീതയുടെയും ചിന്ത പബ്ലിഷേഴ്‌സ് മുന്‍ ജനറല്‍ മാനേജരും പ്രമുഖ ചലച്ചിത്ര നിരൂപകനും എഴുത്തുകാരനുമായ സഖാവ് വി കെ ജോസഫിന്റെയും ഒപ്പം  ഈജിപ്തില്‍ രണ്ടാഴ്ചക്കാലത്തോളം വരുന്ന ഒരു യാത്ര നടത്തിയത്. ഇപ്പോള്‍, ഈജിപ്തിലെ തന്നെ എല്‍ഗോന ഫിലിം ഫെസ്റ്റിവലില്‍ ഫിപ്രെസ്‌കി ജൂറിയായി പങ്കെടുക്കുന്നതിനുള്ള ക്ഷണം എനിക്ക്‌ ലഭിച്ചിരിക്കുന്നു. ചെങ്കടല്‍ തീരത്തുള്ള എല്‍ഗോനയില്‍ ഒക്ടോബര്‍ പതിനാറ് മുതല്‍ ഇരുപത്തിനാല് വരെയാണ് ചലച്ചിത്ര മേള. ആ യാത്ര പുറപ്പെടുന്നതിനു മുമ്പ്, ഏപ്രിലിലെ ഈജിപ്ത് യാത്രയുടെ ഒരു സംക്ഷിപ്ത വിവരണം ചിന്ത പ്ലസ് വായനക്കാര്‍ക്കായി നല്കാമെന്ന് വിചാരിക്കുന്നു.
വായനയിലൂടെയും പഠനങ്ങളിലൂടെയും ഓര്‍മ്മയിലും ആലോചനയിലും നിറഞ്ഞുനിന്ന നാടാണ് ഈജിപ്ത്. ഈജിപ്തിനെ ഏറെക്കൂറെ സമഗ്രമായി അറിയുന്നതിനു വേണ്ടി ഒരു യാത്ര നടത്താനുള്ള പ്രേരണയും ധൈര്യവും നല്‍കിയത്, പ്രിയ സുഹൃത്തും എഴുത്തുകാരനുമായ ലുഖ്മാന്‍ എം ആണ്. മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് സ്വദേശിയാണ് ലുഖ്മാന്‍. രാജ്യം മുഴുവനും പരന്നു കിടക്കുന്ന വിശാലവും സമ്പന്നവും വിജ്ഞാനപ്രദവും ഗൗരവപ്രധാനവുമായ രേഖകളും ശില്പങ്ങളും കൊത്തുപണികളും ശിലാലിഖിതങ്ങളും എടുപ്പുകളും ആരാധനാലയങ്ങളും വിഗ്രഹങ്ങളും പിരമിഡുകളും എല്ലാം എല്ലാം നിറഞ്ഞ ഒരു വിസ്മയരാഷ്ട്രമാണ് ഈജിപ്ത്. ബിസി അഞ്ചാം സഹസ്രാബ്ദം (മില്ലെനിയം) മുതല്‍ക്കുള്ള ഈജിപ്തിലെ ചരിത്രം, ഭാഷകള്‍, സാഹിത്യം, മതങ്ങള്‍, വാസ്തുനിര്‍മ്മാണ രീതികള്‍, കല എന്നിവയെ സംബന്ധിച്ച പഠനങ്ങളെ സമഗ്രമായി ഈജിപ്‌തോളജി എന്നാണ് വിളിക്കുന്നത്. ചരിത്രപരവും ഭൂമിശാസ്ത്രപരവുമായി മര്‍മ്മസ്ഥാനത്തുള്ള ഈജിപ്ത്, വിജ്ഞാനത്തിന്റെ കേന്ദ്രബിന്ദുവുമാണെന്നാണിത് കാണിക്കുന്നത്.

എല്ലാ നിലയ്ക്കും തന്ത്രപ്രധാനമായ ഒരു സ്ഥാനമാണ് ചരിത്രത്തിലും ഭൗമനിലകളിലും ഈജിപ്തിനുള്ളത്. ആഫ്രിക്കന്‍ വന്‍കരയിലാണ് ഈജിപ്തിന്റെ ബഹുഭൂരിഭാഗവും സ്ഥിതി ചെയ്യുന്നതെങ്കിലും ഏഷ്യയും യൂറോപ്പുമായുള്ള അതിന്റെ സാമീപ്യം സുപ്രധാനമാണ്. സൂയസ് കനാലിനിപ്പുറമുള്ള സിനായ് പ്രദേശം ഏഷ്യയാണു താനും. അതായത്, ആഫ്രിക്കയിലും ഏഷ്യയിലുമായുള്ള ഒരു രാജ്യമാണ് ഈജിപ്ത് എന്നു ചുരുക്കം. വടക്ക് മെഡിറ്ററേനിയന്‍ കടലും അതിനപ്പുറത്ത് ഗ്രീസും സൈപ്രസും തുര്‍ക്കിയും, വടക്കു കിഴക്ക് പാലസ്തീനിലെ ഗാസയും ഇസ്രായേലും, കിഴക്ക് ചെങ്കടലും (റെഡ്‌സീ) അതിനപ്പുറത്ത് ജോര്‍ദാനും സൗദി അറേബ്യയും, തെക്ക് സുഡാനും പടിഞ്ഞാറ് ലിബിയയുമെല്ലാമായി സങ്കീര്‍ണമായ അതിര്‍ത്തികളാണ് ഈജിപ്തിന്റേത്.
ഈജിപ്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും മരുഭൂമിയാണ്. നൈല്‍ നദിയുടെ ഇരുവശത്തും മെഡിറ്ററേനിയന്‍ കടലിന്റെ തീരത്തും മറ്റും മാത്രമാണ് ജനവാസമുള്ളത്. കൃഷിയും സംസ്‌ക്കാരവും കലയും സാഹിത്യവും സംഘടിത മതവും നഗരവത്ക്കരണവും കേന്ദ്രീകൃത സര്‍ക്കാരും എന്നിങ്ങനെ ആധുനിക കാലത്തെ നിര്‍ണയിക്കുന്ന പല അടിസ്ഥാന ഘടകങ്ങളും തുടക്കം മുതല്ക്കു തന്നെ സജീവമായി പ്രവര്‍ത്തിക്കുന്ന രാജ്യമാണ് ഈജിപ്ത്.
ഖുഫു, കാഫ്ര, മെന്‍കോര എന്നീ മൂന്നു പടുകൂറ്റന്‍ പിരമിഡുകള്‍ ഗിസയില്‍ അടുത്തടുത്തായി നില്‍ക്കുന്നതാണ് പ്രാചീന ഈജിപ്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാഴ്ച. ലക്ഷക്കണക്കിന് കല്ലുകള്‍ ഉപയോഗിച്ച് വര്‍ഷങ്ങള്‍ കൊണ്ടാണ് ഓരോ പിരമിഡുകളും പണിതുണ്ടാക്കിയിട്ടുള്ളത്. അദ്ധ്വാനം, മാനേജ്‌മെന്റ്, അധികാരം, ഗണിതം, എഞ്ചിനീയറിംഗ് എന്നിങ്ങനെ നമുക്കിപ്പോഴും പരിചയമുള്ളതും നമ്മളെ ഇപ്പോഴും നിയന്ത്രിക്കുന്നതുമായ ശാസ്ത്രീയാധുനികതകള്‍ ഒറ്റ നോട്ടത്തില്‍ തന്നെ ഉള്‍വഹിക്കുന്നതും വിനിമയം ചെയ്യുന്നതുമാണ് പിരമിഡുകള്‍. നാലായിരം സ്ഥിരം തൊഴിലാളികള്‍ ഇരുപതു വര്‍ഷമെടുത്താണ് ദ് ഗ്രേറ്റ് പിരമിഡ് എന്നു വിളിക്കപ്പെടുന്ന ഖുഫു എന്ന ഫറോവയുടെ പിരമിഡ് നിര്‍മ്മിക്കുന്നത്. ബിസി 2589 മുതല്‍ 2566 വരെ ഭരിച്ചിരുന്ന അദ്ദേഹം, അഖേത് ഖുഫു അഥവാ ഖുഫുവിന്റെ ചക്രവാളം എന്നറിയപ്പെടുന്ന ഈ പിരമിഡ് നിര്‍മ്മിച്ചത്. ഇവിടെ നിന്ന് നോക്കിയാല്‍ കൈറോ നഗരം നമുക്ക് കാണാം. നാലായിരത്തഞ്ഞൂറ് വര്‍ഷം മനുഷ്യലോകം നിലനിന്നതിന്റെ ഇത്രയും സുവ്യക്തമായ രേഖ, മനുഷ്യരായി ജനിച്ചതിലും ഇവിടെയെത്താന്‍ കഴിഞ്ഞതിലും നമ്മെ കോരിത്തരിപ്പിക്കുക തന്നെ ചെയ്യും.
പിരമിഡുകള്‍ക്കുള്ളില്‍ കയറി കാണാന്‍ സൗകര്യവും പ്രയാസരാഹിത്യവും ഗിസയിലെ ഗ്രേറ്റ് പിരമിഡിനെക്കാളും ഇതേ ഗവര്‍ണറേറ്റിലുള്ള സക്കാറയിലെ യോസര്‍ പിരമിഡിലാണെന്ന് ലുഖ്മാന്‍ പറഞ്ഞതനുസരിച്ച് അവിടെയാണ് ഞങ്ങള്‍ അങ്ങിനെ ചെയ്തത്. ഗിസയിലെ ഖുഫു പിരമിഡില്‍ നൂണു കടക്കാനും തലകുനിച്ചും ഏതാണ്ടിഴഞ്ഞും സഞ്ചരിക്കാന്‍ വളരെ പ്രയാസമാണ്. സക്കാറയിലെ പിരമിഡിലും കുറച്ചു ദൂരം തല കുനിച്ച് നടക്കണം. എന്നാലും താരതമ്യേന ബുദ്ധിമുട്ട് കുറവാണ്. അന്നു കയറാന്‍ കഴിയാത്ത പിരമിഡിനുള്ളില്‍ കുറച്ച് പ്രയാസപ്പെട്ടിട്ടാണെങ്കിലും ഈ ഒക്ടോബര്‍ യാത്രയില്‍ കയറണമെന്നുണ്ട്. അതിനായും അന്ന് കാണാന്‍ പറ്റാതിരുന്ന മറ്റു ചില സ്ഥലങ്ങള്‍ കൂടി കാണാനുമായി, മടക്കയാത്രയുടെ സമയത്ത് രണ്ടു ദിവസം കൈറോവില്‍ തങ്ങുന്നുണ്ട്. ലുഖ്മാന്‍ അപ്പോഴും കൂടെയുണ്ടാവും.
ബിസി 2649 മുതല്‍ 2475 വരെ ഭരിച്ചിരുന്ന യോസര്‍ രാജാവിന്റെ ശവകുടീരവും പിരമിഡുമാണ് സക്കാറയിലുള്ളത്. ഫറോവ എന്നാല്‍ മഹാഗൃഹം എന്നാണര്‍ത്ഥം. ചില ഗവേഷകര്‍ ബിസി 1985 മുതല്‍ക്കുള്ള രാജവംശങ്ങളെയാണ് ഫറോവമാര്‍ എന്നു വിളിക്കുന്നത്. അതെന്തായാലും പ്രാചീന ഈജിപ്തിനെ അഥവാ ബിസി മുന്നൂറില്‍ ആരംഭിച്ച ഗ്രീക്കോ റോമന്‍ കാലഘട്ടത്തിനു മുമ്പുള്ള ഈജിപ്തിനെ ഏതാണ്ട് ഒരു തുടര്‍ച്ചയായി മനസ്സിലാക്കുകയാണെളുപ്പം. വിശദ ഗവേഷണങ്ങള്‍ പല തലങ്ങളിലും പല മട്ടിലും ഇപ്പോഴും നടക്കുകയാണ്. മാത്രമല്ല, ഖനനങ്ങളിലൂടെ പല രേഖകളും ശില്പങ്ങളും ചിത്രങ്ങളും മമ്മികളും എല്ലാം ഇപ്പോഴും കണ്ടെടുക്കപ്പെട്ടു കൊണ്ടിരിക്കുകയുമാണ്.
കൈറോയിൽ നിരവധി മ്യൂസിയങ്ങൾ ഉണ്ട്. രണ്ടു മ്യൂസിയങ്ങൾ ആണിതിൽ ഞങ്ങൾ സന്ദർശിച്ചത്.  ഈജിപ്ഷ്യൻ മ്യൂസിയവും സിവിലൈസേഷൻ മ്യൂസിയവും. ഗിസ പിരമിഡുകൾക്കടുത്തായി പണി പൂർത്തിയായിക്കൊണ്ടിരിക്കുന്ന ഗ്രാന്റ്  ഈജിപ്ഷ്യൻ മ്യൂസിയം എന്ന പുതിയ മ്യൂസിയം കൂടി പ്രവർത്തനക്ഷമമാകുന്നതോടെ കൈറോവിലെ മ്യൂസിയങ്ങൾ വിശദമായി കാണാൻ കൂടുതൽ സമയം ചെലവഴിക്കേണ്ടി വരും. നവംബറിലേ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെടുകയുള്ളൂവെങ്കിലും, ഇപ്പോള്‍ തന്നെ സന്ദര്‍ശകരെ ഭാഗികമായി അനുവദിച്ചു തുടങ്ങിയിട്ടുണ്ട്. ഒക്ടോബര്‍ യാത്രയില്‍ അവിടെയും കയറണം.
 2011ലെ ഭരണ വിരുദ്ധ കലാപത്തിൽ തെഹ്രീർ ചത്വരത്തിനടുത്തുള്ള മ്യൂസിയത്തില്‍ കലാപകാരികള്‍ കടന്നു കയറുകയും രണ്ടു മമ്മികളെ നശിപ്പിക്കുകയും നിരവധി പുരാവസ്തുക്കള്‍ കേടുവരുത്തുകയും ചെയ്തു. ഏതാണ്ട് അമ്പതു വിലകൂടിയ കാഴ്ചവസ്തുക്കള്‍ കൊള്ളയടിക്കപ്പെട്ടതില്‍ ഇരുപത്തഞ്ചെണ്ണമേ വീണ്ടെടുക്കാനായുള്ളൂ. തൂത്തുംഖാമുന്‍ രാജാവിന്റെ സ്വര്‍ണം പൂശിയ രണ്ടു മരപ്രതിമകളും മറ്റും തിരിച്ചെടുത്തവയുടെ കൂട്ടത്തില്‍ പെടും.
പ്രാചീന ഈജിപ്തിലെ പിരമിഡ്, പിരമിഡ് അനന്തര കാലങ്ങളിലെ ഫറോവ ഭരണ ഘട്ടങ്ങളിലെ ശവക്കല്ലറകളില്‍ മമ്മികള്‍ സൂക്ഷിച്ചു വെക്കുന്നത് ഒരു പേടകത്തിനു പുറത്ത് മറ്റൊരു പേടകം അതിനും പുറത്ത് വീണ്ടും മറ്റൊരു പേടകം എന്നിങ്ങനെ പലതായാണ്. ഇതില്‍ മരം കൊണ്ടുള്ളവ മുതല്‍ കല്ലു കൊണ്ടുണ്ടാക്കിയതും സ്വര്‍ണം പൂശിയതും തനിത്തങ്കം കൊണ്ടുണ്ടാക്കിയതു വരെയുണ്ട്. ഓരോ കാലത്തെയും രാജാക്കന്മാരുടെ പ്രൗഢിയെയും അവരുടെ സമ്പദ് ശേഷിയെയും ഇതില്‍ നിന്ന് തിരിച്ചറിയാം. ഇവരുടെ ഭരണ കാലങ്ങളെ ചരിത്രപരമായി രേഖപ്പെടുത്തിയതാണ് സംസ്‌ക്കാര പഠനങ്ങളില്‍ ഏറ്റവും പ്രയോജനകരമായിട്ടുള്ളത്. ചിത്രങ്ങള്‍, ശില്പങ്ങള്‍, കുഞ്ഞു രൂപങ്ങള്‍(മിനിയേച്ചറുകള്‍), കൊത്തുപണികള്‍, തുണികളിലും പേപ്പിറസിലും (പേപ്പറിന്റെ ആദി രൂപം) ഉള്ള എഴുത്തുകള്‍ എന്നിങ്ങനെ സാധ്യമായ എല്ലാ മാര്‍ഗങ്ങളിലും ചരിത്രവും ജീവിതരീതികളും ആയോധനകലകളും കൃഷിയും കലയും എല്ലാം രേഖപ്പെടുത്തി വെച്ചിരിക്കുന്നു. അന്നത്തെ ചരിത്രം മനസ്സിലാക്കാം എന്നതു മാത്രമല്ല, എങ്ങിനെ ചരിത്രം രേഖപ്പെടുത്താം എന്നതും മനസ്സിലാക്കാം എന്നതാണ് ഇതിന്റെ സവിശേഷത.

ഇസ്ലാമിക കാലഘട്ടത്തിന്റെ മഹത്തായ നിര്‍മിതികളായ അല്‍ അസ്ഹര്‍, അല്‍ ഹക്കീം, അല്‍ അഖ്മര്‍, സാലി തലായ്, അല്‍ ഗുയുഷി എന്നീ പള്ളികളും നഗരത്തിന്‍റെ വടക്കുള്ള മതിലുകളും കൈറോവിന്‍റെ കവാടങ്ങളും ശവകുടീരങ്ങളും സെമിത്തേരികളും എല്ലാം  കൈറോവില്‍ നമുക്ക് കാണാന്‍ കഴിയും. അല്‍ അസ്ഹര്‍ പള്ളി തന്നെയാണ് ഇക്കൂട്ടത്തില്‍ ഏറ്റവും പ്രധാനം. ഇസ്ലാമിക വിജ്ഞാനത്തിന്‍റെ സാര്‍വദേശീയ ആസ്ഥാനങ്ങളിലൊന്നാണ് അല്‍ അസ്ഹര്‍. പ്രസിഡണ്ട്‌ ജമാല്‍ അബ്ദുല്‍ നാസറിന്‍റെ കാലത്ത് 1961ല്‍ പബ്ലിക് സര്‍വകലാശാലയായി മാറ്റപ്പെടുന്നതിനു മുമ്പ്, ആരാധനാലയവും ഇസ്ലാമിക സര്‍വകലാശാലയുമായിരുന്നു അല്‍ അസ്ഹര്‍. ടുണീഷ്യയില്‍ പ്രചാരത്തിലുണ്ടായിരുന്ന ശൈലിയിലാണ് അല്‍ അസ്ഹര്‍ പണിതിട്ടുള്ളത്. ഗ്രീക്കോ റോമന്‍ അടക്കമുള്ള മറ്റ് സ്വാധീനങ്ങളും തള്ളിക്കളയാനാവില്ല.

ഞങ്ങള്‍ അല്‍ അസ്ഹറിലെത്തുമ്പോള്‍, അവിടെ സ്ത്രീകളായ പഠിതാക്കള്‍ക്ക് പുരുഷനായ ഉസ്താദ് ഖുര്‍ ആന്‍ ക്ലാസെടുക്കുന്നത് നേരില്‍ കാണുകയുണ്ടായി. അൽ അസ് ഹർ പള്ളിയുടെ പ്രാർത്ഥനാമുറിയും പഠനവേദിയുമാണ് ഞങ്ങള്‍ സന്ദര്‍ശിച്ച ഹാളിലുള്ളത്‌. ഇവിടെ ഫോട്ടോ എടുക്കുന്നതിനോ കാഴ്ചകള്‍ കാണുന്നതിനോ വിലക്കുകളൊന്നുമില്ല. നിസ്ക്കാര സമയങ്ങളില്‍ അതിന്‍റേതായ മര്യാദകള്‍ പാലിക്കണമെന്നു മാത്രം. 1961ല്‍ പബ്ലിക് സര്‍വകലാശാലയായി മാറിയതോടെ മെഡിസിനും എഞ്ചിനീയറിംഗും ബിസിനസുമെല്ലാം അല്‍ അസ്ഹറിന്‍റെ സിലബസില്‍ ഉള്‍പ്പെടുത്തി. നഗരകേന്ദ്രത്തിലെ മുഖ്യ ആകര്‍ഷണമായ അല്‍ അസ്ഹര്‍ പള്ളിയ്ക്കു പുറമെ മറ്റ് വിശാലമായ ക്യാമ്പസുകളും ഈ സര്‍വകലാശാലയ്ക്കുണ്ട്. ഗ്രന്ഥശാലയും ഭരണ വിഭാഗവും മറ്റും ദറാസ ക്യാമ്പസിലാണ് പ്രവര്‍ത്തിക്കുന്നത്.

അല്‍ അസ്ഹറിന്റെ ചുറ്റുമുള്ള നിരവധി തെരുവുകളിലാണ് ഖാന്‍ അല്‍ ഖലീലി എന്ന പ്രസിദ്ധമായ നഗരകേന്ദ്ര വാണിജ്യം നടക്കുന്ന ജില്ല.  മൂന്നോ നാലോ ചതുരശ്ര കിലോമീറ്ററിൽ പരന്ന് വളർന്ന് പല തെരുവുകളായി നാഡിഞരമ്പുകൾ പോലെ കിടക്കുന്ന ഖാന്‍ അല്‍ ഖലീലിയില്‍ പ്രാചീന കാലം മുതല്ക്കുള്ള പല കാലങ്ങളുടെ മുദ്രകള്‍ പതിഞ്ഞുകിടക്കുന്നതു കാണാം. വിസ്മയകരമായ അലങ്കാരപ്പണികളുള്ള മരപ്പെട്ടികള്‍ ഖാന്‍ അല്‍ ഖലീലിയില്‍ വില്പനയ്ക്കു വെച്ചിട്ടുണ്ട്. പല വലിപ്പത്തിലുള്ളവയാണവ. മതാത്മകതയും മതാതീതത്വവും തമ്മിലുള്ള ഒരു സംവാദമാണ് ഈ മരാലങ്കാരപ്പണികള്‍ എന്നാണ് കൈറോയിലെ ഇസ്ലാമിക സ്മാരകങ്ങളെക്കുറിച്ച് വിശദപഠനങ്ങള്‍ നടത്തിയ കരോലിന്‍ വില്ല്യംസിന്റെ നിരീക്ഷണം.
സലാദിന്‍ (സലാഹുദ്ദീന്‍) കോട്ട എന്ന കൈറോവിലെ പ്രസിദ്ധമായ കോട്ടയാണ് ഞങ്ങള്‍ സന്ദര്‍ശിച്ച മറ്റൊരു പ്രധാന കേന്ദ്രം. മുഖാത്തം മലയില്‍ പ്രൗഢിയോടെ നിലക്കൊള്ളുന്ന സലാദിന്‍ കോട്ട, കൈറോയുടെ എന്നതു പോലെ ഈജിപ്തിന്റെയും സൈനിക/സൈനികേതര ഭരണസിരാകേന്ദ്രമായി എഴുനൂറ് വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചു. 1176ല്‍ സലാഹുദ്ദീന്‍ അയൂബിയാണ് മർമപ്രധാനമായ ഈ കോട്ടയുടെ നിര്‍മ്മാണം ആരംഭിച്ചത്. അദ്ദേഹത്തിന്റെ പേരില്‍ തന്നെയാണ് കോട്ട എല്ലാകാലങ്ങളിലും അറിയപ്പെടുന്നതും.
കൈറോയ്ക്കു പുറമെ ലക്‌സര്‍, അസ്വാന്‍, അലെക്‌സാണ്ട്രിയ, സിവ, പോര്‍ട് സെയിദ് എന്നീ നഗരങ്ങളിലെത്തി താമസിച്ച് അവിടെയുള്ള കാഴ്ചകളും ഞങ്ങള്‍ കാണുകയുണ്ടായി.
ലക്‌സറില്‍ രണ്ടു പ്രധാന സ്ഥലങ്ങളാണ് നിര്‍ബന്ധമായും സന്ദര്‍ശിക്കാനുള്ളത്. ഒന്നാമത്തേത് കര്‍ണക് ടെമ്പിളും രണ്ടാമത്തേത് വാലി ഓഫ് കിംഗ്‌സും (രാജാക്കന്മാരുടെ താഴ് വര). മധ്യകാല രാജവംശം, പുതിയ രാജവംശം (മിഡില്‍ ആന്റ് ന്യൂ കിംഗ്ഡംസ്) എന്നീ ഫറോവ കാലങ്ങളില്‍ ഇവിടെയായിരുന്നു ഈജിപ്തിന്റെ തലസ്ഥാനം. ലക്സറിലെ കർണക് ടെമ്പിൾ  ലോകത്തിലെ ഏറ്റവും വലിയ തുറന്ന കാഴ്ചബംഗ്ലാവാണ് (മ്യൂസിയം). പിരമിഡുകളുടെ കാലഘട്ടം കഴിഞ്ഞ് ഫറോവമാർ അവരുടെ ആസ്ഥാനം അപ്പർ ഈജിപ്തിലെ ലക്സറിലേയ്ക്ക് മാറ്റുകയും പുതിയ രീതിയിലുള്ള നിർമ്മാണരീതികൾ ആരംഭിക്കുകയും ചെയ്തു. ബിസി രണ്ടായിരം മുതൽ ബിസി മുന്നൂറ്റമ്പതു വരെയും നീണ്ട കാലഘട്ടം കൊണ്ടാണ് ഈ വിശാലവും മഹത്തുമായ ക്ഷേത്ര നിർമ്മിതി നടന്നത്. ചിത്രലിപികൾ, എഴുത്തുകൾ, ചിത്രകല, ശില്പങ്ങൾ, തൂണുകൾ എന്നിങ്ങനെ കണ്ടാലും മതിവരാത്തതും വിലയിരുത്താൻ അസാധ്യവുമായ നിർമ്മിതികൾ ആണിവിടെ ഉള്ളത്.
പ്രാചീന ഈജിപ്തിലെ ഏറ്റവും സുപ്രധാനമായ മതാരാധാനാ സമുച്ചയമായ കര്‍ണക് ക്ഷേത്രം, ലോകത്തിലെ തന്നെ ഏറ്റവും വലിയ മതസംബന്ധമായ കെട്ടിടക്കൂട്ടവുമാണ്. അമുന്‍ റെ എന്ന ഭൂമിയില്‍ ജീവിച്ച രാജാവായ ദൈവത്തിന്റെയും അദ്ദേഹത്തിന്റെ ഭാര്യ മട്ട്, മകന്‍ ഖോന്‍സു എന്നിവരുടെയും ക്ഷേത്രങ്ങളിവിടെ ഉണ്ട്. അമുന്‍ റെയുടെ ക്ഷേത്രത്തിലെ അതിവിശാലമായ ഹാള്‍ മഹാത്ഭുതം തന്നെയാണ്. ഹൈപ്പോസ്‌റ്റൈല്‍ ഹാള്‍ എന്നു പേരുള്ള ഈ ഹാളിന്റെ വിസ്തീര്‍ണ്ണം അമ്പത്തിനാലായിരും ചതുരശ്ര അടിയാണ്. ഇവിടെ മാത്രം നൂറ്റിമുപ്പത്തിനാല് തൂണുകളുണ്ട്. വാര്‍ഷികാഘോഷങ്ങളും അനുഷ്ഠാനങ്ങളും ആരാധനകളും നടന്നിരുന്ന ക്ഷേത്രവുമാണിത്. ഗ്രീക്കോ റോമന്‍ കാലഘട്ടത്തില്‍ ടോളമിയുടെ പിന്മുറക്കാരും കോപ്ടിക് ക്രിസ്ത്യാനികളും ഇവിടെ കുറെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
പ്രാചീന ഈജിപ്ഷ്യന്‍ ഭാഷയില്‍ കര്‍ണക്കിന്റെ പേര് ഇപെത്സുത് എന്നാണ്. ഏറ്റവും തെരഞ്ഞെടുക്കപ്പെട്ട സ്ഥലം എന്നാണര്‍ത്ഥം. പരമോന്നത ദൈവമായ അമുന്‍ റെ യെ ആരാധിക്കുന്നതിനാണ് പ്രധാനമായും ഈ ക്ഷേത്രം ഉദ്ദേശിച്ചിട്ടുള്ളത്. എന്നാല്‍, ടോളമിയുടെ കാലം വരെ പതിനെട്ടോളം നൂറ്റാണ്ടുകള്‍ പല രാജാക്കന്മാര്‍ ഇവിടെ നിര്‍മ്മാണപ്രവൃത്തികള്‍ നടത്തിയിട്ടുള്ളതിനാല്‍, അവരില്‍ പലര്‍ക്കും പ്രാധാന്യം ലഭിക്കുകയും ചെയ്തിട്ടുണ്ട്. പിരമിഡുകളും ശവകുടീരങ്ങളുമെന്നതു പോലെ ക്ഷേത്രങ്ങളും ഈജിപ്തിലെ പ്രാചീന സംസ്‌കാര സ്മൃതികളുടെ നിര്‍ണായക രേഖകളും നിര്‍മ്മിതികളുമാണ്. ജീവിതത്തെയും മരണത്തെയും സംബന്ധിച്ച് പ്രാചീന ഈജിപ്തില്‍ നിലനിന്നിരുന്ന സങ്കല്പനങ്ങളുടെയും ഭാവനകളുടെയും മഹത്തായ ഒരു വിജ്ഞാന ശേഖരം ലക്‌സറിലെ ശവകുടീരങ്ങളിലും കൊട്ടാരങ്ങളിലുമുണ്ട്. തെബന്‍ നെക്രോപോളീസ് എന്നാണ് ഈ ഭാഗത്തെ വിളിക്കുന്നത്. റംസിസ്  രണ്ടാമന്റെ സ്മൃതിക്ഷേത്രമായ റമീസിയം, വിശിഷ്ടരുടെ താഴ് വര(വാലി ഓഫ് നോബിള്‍സ്), രാജാക്കന്മാരുടെ താഴ് വര(വാലി ഓഫ് കിംഗ്‌സ്) എന്നിവയ്ക്കു പുറമെ ഹാത്‌ഷെസ്പുട്ട് എന്ന ഏക മഹിളാ ഫറോവയുടെ ക്ഷേത്രവും ഇവിടെയുണ്ട്.
പിരമിഡുകളുടെ കാലം കഴിഞ്ഞുള്ള ശവകുടീര നിര്‍മിതികളാണ് ലക്‌സറിനടുത്തുള്ള രാജാക്കളുടെ താഴ് വര(വാലി ഓഫ് കിംഗ്‌സ്)യിലുള്ളത്. തൂത്തംഖാമന്റെ ശവകുടീരവും ഇവിടെയാണുള്ളത്. തുരങ്കങ്ങള്‍ പോലെ തോന്നിക്കുന്ന വഴികളിലൂടെ പോയാല്‍ ഭൂഗര്‍ഭത്തിലുള്ള വലിയ മുറികളിലെത്താന്‍ കഴിയും. ഇവിടെയാണ് മമ്മികളെ അടക്കിയിരുന്നത്. പലതിലും നൂറുകണക്കിന് മുറികളുണ്ടാവും. ഇതില്‍ രാജാക്കളുടെയും രാജ്ഞികളുടെയും മരണാനന്തര ജീവിതത്തിനാവശ്യമായ ഭക്ഷ്യവസ്തുക്കളും മറ്റും ശേഖരിക്കും. ഈ ഭൂഗര്‍ഭാന്തര മുറികളുടെ ചുമരുകളിലും മട്ടുപ്പാവുകളിലും ചിത്രങ്ങളും ശില്പങ്ങളും നിറയെ ഉണ്ട്. രാജാക്കളുടെ താഴ് വരയിലും സക്കാറയിലെ പിരമിഡിനകത്തും കയറി ഇതെല്ലാം വിശദമായി കാണാന്‍ കഴിഞ്ഞു.
പാപ്പിറസ് എന്ന കടലാസിന്റെ (പേപ്പറിന്റെ) ആദ്യരൂപവും ഈജിപ്തിലാണ് നിര്‍മ്മിക്കപ്പെട്ടത്. ചുമരുകളിലും തൂണുകളിലും മട്ടുപ്പാവുകളിലും വഴികളിലും കവാടങ്ങളിലും, ചരിത്രങ്ങള്‍, ഭാവനകള്‍ എന്നിവ രേഖപ്പെടുത്തുന്നതിനു പുറമെ പാപ്പിറസ് ചുരുളുകളിലും ഇവ രേഖപ്പെടുത്തി. മ്യൂസിയങ്ങളില്‍ ഇത്തരം പാപ്പിറസ് ചുരുളുകള്‍ നമുക്ക് കാണാനാകും. മ്യൂസിയങ്ങളിലെ വില്പനശാലകളിലും പുറത്തുള്ള കടകളിലും പാപ്പിറസ് എന്നു പരിചയപ്പെടുത്തുന്ന പ്രതലങ്ങളില്‍ നമ്മുടെ പേര് എഴുതിത്തരുന്ന കൗതുകങ്ങളും വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സ്വര്‍ണ നഗരം എന്നാണ് അസ്വാന്‍ പ്രദേശത്തെ വിശേഷിപ്പിക്കുന്നത്. ഈജിപ്തിലെ സ്വര്‍ണഖനികളില്‍ അധികവും ഇവിടെയായിരുന്നു. ആഫ്രിക്കയിലെ ഏറ്റവും പ്രാചീനമായ നാഗരികതയായ നൂബിയ ഇവിടെയാണ്. നൂബിയന്‍ വംശജര്‍ സഹസ്രാബ്ദങ്ങള്‍ കടന്നിട്ടും അവരുടെ സാംസ്‌ക്കാരിക സവിശേഷതകളില്‍ പലതും ഇപ്പോഴും പിന്തുടരുന്നു. ലിപികളില്ലാതെ വായ്‌മൊഴിയായി മാത്രം നിലനില്ക്കുന്ന അവരുടെ ഭാഷയിലുള്ള ആശയവിനിമയങ്ങള്‍ സാമാന്യരായ മിസ്‌റികള്‍ക്കു പോലും (ഈജിപ്തുകാരെ മിസ്‌റികള്‍ എന്നാണ് വിളിക്കാറുള്ളത്) മനസ്സിലാവില്ല. നൂബിയന്‍ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുക എന്നത് അസ്വാന്‍ സന്ദര്‍ശനത്തിന്റെ ഭാഗമാണ്.
അസ്വാന്‍ നഗരത്തില്‍, നൈല്‍ നദിക്കരയില്‍ നില്ക്കുമ്പോള്‍ നദിയ്ക്കപ്പുറത്ത് പടിഞ്ഞാറു ഭാഗത്തുള്ള ഖ്വുബ്ബെത്ത് എല്‍ ഹവ്വ എന്ന യുനെസ്‌കോ വേള്‍ഡ് ഹെറിറ്റേജ് സൈറ്റ് കാണാം. അസ്വാനിലെത്തിയതിന്റെ പിറ്റേന്നാണ് ഞങ്ങള്‍ നൈല്‍ നദി വഞ്ചിയില്‍ മുറിച്ചു കടന്ന് അവിടേയ്ക്ക് പോയത്. നൂബിയന്‍ ഗ്രാമത്തിലും അവിടെയാണ് പോയത്. കാറ്റിന്റെ താഴികക്കുടം എന്നാണ് ഖ്വുബ്ബെത്ത് എല്‍ ഹവ്വ എന്ന പേരിന്റെ അര്‍ത്ഥം. പ്രാചീന ഈജിപ്തിലെ കുറെയധികം വിശുദ്ധരുടെയും പുരോഹിതരുടെയും ശവക്കല്ലറകളാണവിടെ ഉള്ളത്. ദൂരെ നിന്ന് നോക്കുമ്പോള്‍ ഒരു കപ്പല്‍ പോലെ തോന്നിക്കുന്ന ഖുബതു അബുല്‍ ഹവാ രാത്രിയില്‍ പ്രകാശമാനമാക്കിയിട്ടിരിക്കുന്നത് നൈല്‍ നദിയ്ക്ക് ഇപ്പുറത്തു നിന്ന് കാണുന്നത് വിസ്മയകരമായ കാഴ്ചയാണ്.
ഈജിപ്തിനും സുഡാനിലുമായി പരന്നു കിടക്കുന്ന അസ്വാന്‍ ഹൈഡാമും നാസര്‍ തടാകവും ഇരുപതാം നൂറ്റാണ്ടിലെ സുപ്രധാനമായ ഒരു ചരിത്ര-രാഷ്ട്രീയ ഘട്ടത്തിന്റെ കാലികാടയാളമാണ്. അതോടൊപ്പം, അസ്വാന്‍ ഡാം പൂര്‍ത്തിയാവുമ്പോള്‍ വെള്ളത്തിനടിയിലായിപ്പോകുമായിരുന്ന അബു സിംബല്‍, ഫിലെ എന്നീ ഫറോവക്കാലത്തെ ക്ഷേത്രങ്ങള്‍ ഉയര്‍ന്ന ദ്വീപുകള്‍ കണ്ടെത്തി അവിടേയ്ക്ക് മാറ്റി സ്ഥാപിച്ചത് കാണാനും നേരിട്ട് അറിയാനും സാധിക്കുന്നു എന്നതും പ്രധാനമാണ്. റംസീസ് രണ്ടാമന്റെ കാലത്താണ് അബു സിംബല്‍ ക്ഷേത്രം പണിതത്. നൂബിയ ഈജിപ്ഷ്യന്‍ സാമ്രാജ്യത്തിന്റെ ഭാഗമാണെന്ന് സ്ഥാപിക്കുന്നതിനാണ് ഈ പടുകൂറ്റന്‍ ക്ഷേത്രം ഇവിടെ പണിതതെന്ന് നിരീക്ഷിക്കപ്പെടുന്നു. അബു സിംബലില്‍ നിന്ന് സുഡാനിലേയ്ക്ക് അധികം ദൂരമില്ല.
അസ്വാന്‍ അണക്കെട്ട് പണിയുന്നതിനായി നല്‍കിയ സാമ്പത്തിക സഹായ വാഗ്ദാനത്തില്‍ നിന്ന് അമേരിക്കയും ബ്രിട്ടനും 1956 ജൂലൈ 19നാണ് പിന്‍വാങ്ങുന്നത്. അസ്വാന്‍ ഹൈ ഡാം വരുന്നതോടെ, സ്വതന്ത്ര ഈജിപ്ഷ്യന്‍ റിപ്പബ്ലിക്ക് കൂടുതല്‍ സാമ്പത്തിക സ്വാശ്രയത്വത്തോടെയും ഭക്ഷ്യസുരക്ഷയോടെയും അഭിവൃദ്ധിയിലെത്തുമെന്ന ഉറപ്പുള്ളതുകൊണ്ടാണ് പ്രസിഡണ്ട് നാസര്‍ ആ പദ്ധതിയുമായി മുന്നോട്ടു പോയത്. അപ്പോഴാണ് പാശ്ചാത്യ ശക്തികള്‍ ചരിത്രപരമായ ഈ വഞ്ചന നടത്തിയത്. സോവിയറ്റ് യൂണിയന്‍ മുഴുവന്‍ സാമ്പത്തിക സഹായവും ഈ അവസരത്തില്‍ ഈജിപ്തിന് നല്‍കാമെന്നേറ്റു. കമ്യൂണിസ്റ്റല്ലെങ്കിലും സോഷ്യലിസ്റ്റ് ആശയങ്ങളോട് ആഭിമുഖ്യമുണ്ടായിരുന്ന പ്രസിഡണ്ട് നാസര്‍, ഈ പശ്ചാത്തലത്തിലാണ് സൂയസ് കനാല്‍ ദേശസാല്‍ക്കരിക്കുന്നത്. സൂയസ് കനാലും കാണാന്‍ ഞങ്ങള്‍ പോകുകയുണ്ടായി. പോര്‍ട് സെയിദ് എന്ന നഗരത്തില്‍ ചെന്ന് സൂയസ് കനാല്‍ ജങ്കാറില്‍ മുറിച്ചു കടന്നു.
1971 ജനുവരി 15നാണ് അസ്വാന്‍ ഹൈ ഡാം ഔപചാരികമായി ഉദ്ഘാടനം ചെയ്തത്. യുഎസ്എസ് ആറിന്റെ സമ്പൂര്‍ണ സാമ്പത്തിക സഹായത്തോടെ പണിത ഡാമിന്റെ ഉദ്ഘാടനവേളയില്‍ അനാവരണം ചെയ്യപ്പെട്ട പടുകൂറ്റന്‍ ശില്പനിര്‍മ്മിതി ഡിസൈന്‍ ചെയ്തത് റഷ്യന്‍ ആര്‍ക്കിടെക്റ്റുകളായ യൂറി ഓമെല്‍ച്ചെങ്കോയും പാവ്‌ലോവ് പീറ്ററുമാണ്. ലോകമെമ്പാടും മനുഷ്യജീവിതത്തെ അടിസ്ഥാനപരമായി സഹായിക്കുന്ന നിരവധി കാര്യങ്ങൾ ആണ് യു എസ്‌ എസ് ആർ നിർവഹിച്ചിരുന്നത്. ഇന്ത്യയിലും നമുക്കതിന്റെ നിറഞ്ഞ ഉദാഹരണങ്ങൾ ഉണ്ട്. ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ ലോകാനുഭവങ്ങളും അന്താരാഷ്ട്ര അടയാളങ്ങളുമാണവ. വിശുദ്ധ ഖുര്‍ ആനില്‍ നിന്നുള്ള, ജലത്തില്‍ നിന്ന് നാം എല്ലാത്തിനും ജീവന്‍ നല്‍കി എന്ന സൂക്തം പ്രവേശനകവാടത്തില്‍ തന്നെ എഴുതി വെച്ചിട്ടുണ്ട്. അതിനു താഴെ, സോവിയറ്റുകാരും ഈജിപ്ഷ്യന്‍സും കൈ കൂപ്പി ദൈവത്തോട് മഴയ്ക്കായി പ്രാര്‍ത്ഥിക്കുന്നു. അവരുടെ കൈകളുടെ ഇടയിലൂടെ മഴ പെയ്ത് നൈല്‍ നദിയിലേയ്ക്ക് പതിക്കുന്നു. ഇതിന്റെ വലതു ഭാഗത്ത് ഈജിപ്തിന്റെ പ്രസിഡണ്ടുമാരായിരുന്ന ജമാല്‍  അബ്ദെല്‍  നാസറിന്റെയും മൊഹമ്മദ് അന്‍വര്‍ എല്‍സദാത്തിന്റെയും ഛായാപടങ്ങളും അവരുടെ വാക്കുകള്‍ അറബിലെഴുതിയതുമാണുള്ളത്. ഇടതുഭാഗത്താകട്ടെ, ഈ വാക്കുകളുടെ റഷ്യന്‍ പരിഭാഷയും സോവിയറ്റ് യൂണിയന്റെ പതാകയും. വര്‍ഷങ്ങള്‍ കൊണ്ട് നാം കെട്ടിപ്പടുത്ത അറബ് സോവിയറ്റ് സൗഹൃദം കരുത്തുള്ളതായിത്തീര്‍ന്നിരിക്കുന്നു. അതിന്റെ അടയാളമാണ് ഈ അസ്വാന്‍ ഹൈ ഡാം. (പ്രസിഡണ്ടിന്റെ വാക്കുകളില്‍ പ്രധാനം ഇതാണ്.)
മറ്റൊരു കാര്യം ശ്രദ്ധിക്കാനുള്ളത്  ഒരു വിശാല അറബ് രാഷ്ട്രം അല്ലെങ്കില്‍ രാഷ്ട്ര സമുച്ചയം രൂപീകരിക്കാന്‍ അറബ് ദേശീയതയുടെ വക്താവും നേതാവുമായിരുന്ന ജമാല്‍  അബ്ദെല്‍  നാസര്‍ ആഹ്വാനം ചെയ്തിരുന്നു എന്നതാണ്. യുണൈറ്റഡ് അറബ് റിപ്പബ്ലിക്ക് എന്നായിരുന്നു അക്കാലത്ത് (1958-1971) ഈജിപ്തിന്റെ പേര്. ഇപ്പോഴത്തെ  സിറിയയും ഈ റിപ്പബ്ലിക്കിന്റെ ഭാഗമായിരുന്നു. ഇപ്പോള്‍ അറബ് റിപ്പബ്ലിക്ക് ഓഫ് ഈജിപ്ത് എന്നാണ് ഈജിപ്തിന്റെ ഔദ്യോഗിക രാഷ്ട്രനാമം. അറബ് ലീഗ് എന്ന സംയുക്ത രാഷ്ട്ര പ്രസ്ഥാനം ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. അതിന്റെ ആസ്ഥാനം കൈറോ ആണ്. സൗദി അറേബ്യയും യു എ ഇയുമടക്കം ഇരുപത്തി രണ്ട് രാഷ്ട്രങ്ങളാണ് നിലവില്‍ അറബ് ലീഗിലുള്ളത്.
അറബ് ദേശീയത തന്നെയാണ് പലസ്തീന്‍ സമരത്തിന്റെയും അന്തസ്സത്ത. യുണൈറ്റഡ് അറബ് റിപ്പബ്ലിക്ക് നിലവിലുണ്ടായിരുന്നപ്പോള്‍ ആ രാഷ്ട്രത്തിന്റെ ഭാഗമായിരുന്നു ഗാസ മുനമ്പ്. സൂയസ് കനാല്‍ ദേശസാല്‍ക്കരണത്തെ തുടര്‍ന്ന് രൂപപ്പെട്ട സംഘര്‍ഷത്തിനിടയിലാണ് ഗാസയിലെ യുഎആര്‍ അധികാരം നഷ്ടമായത്. ഈജിപ്ത് ഇസ്രായേല്‍ സംഘര്‍ഷവും യുദ്ധങ്ങളും എല്ലാം ഇതിന്റെ തുടര്‍ച്ചകള്‍. ഈ യുദ്ധത്തിലുണ്ടായ പരാജയത്തെ തുടര്‍ന്ന് പ്രസിഡണ്ട്  നാസര്‍ അധിക കാലം ജീവിച്ചിരുന്നില്ല. കൈറോവിലെ സലാവുദ്ദീന്‍ കോട്ട സന്ദര്‍ശിച്ചപ്പോള്‍ അവിടത്തെ മ്യൂസിയത്തിലുള്ള പ്രസിഡണ്ട് ജമാല്‍ അബ്ദെല്‍ നാസറിന്റെ പ്രതിമയ്ക്കു മുമ്പില്‍ നിന്ന് ഞങ്ങള്‍ ഫോട്ടോയെടുത്തിരുന്നു.
അസ്വാനിലെ യുനെസ്‌കോ സംരക്ഷണ പരിസരത്തെ അബുസിംബല്‍ മുതല്‍ ഫിലെ വരെയുള്ള നൂബിയന്‍ സ്മാരകങ്ങള്‍ എന്നാണ് സാമാന്യമായി നാമകരണം ചെയ്തിരിക്കുന്നത്. പുരാവസ്തു സംരക്ഷണം, അണക്കെട്ടുകളടക്കമുള്ള ആധുനിക സാങ്കേതിക നിര്‍മ്മിതികളുടെ അനിവാര്യത, മാനവികതയോടുള്ള ആത്മാര്‍ത്ഥമായ സമീപനം എന്നിങ്ങനെ സമാധാനത്തിലും തുല്യ നീതിയിലുമധിഷ്ഠിതമായ ക്ഷേമ രാഷ്ട്രസങ്കല്‍പത്തിന്റെ ഒരടയാളം കൂടിയായി അബു സിംബലിനെയും ഫിലെയെയും കണക്കാക്കാം.
കാറ്റിന്റെ താഴികക്കുടം എന്നു കൂടി പേരുള്ള ഖുബതു അല്‍ ഹവാ എന്ന വിശുദ്ധരുടെയും പുരോഹിതരുടെയും ശവകുടീര സമുച്ചയവും നൈല്‍ നദിയ്ക്കക്കരെയാണുള്ളത്. 2022ലെ കണക്കനുസരിച്ച് നൂറിലധികം ശവക്കല്ലറകള്‍ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ചുമരുകളില്‍ നിരവധി എഴുത്തുകളും ചിത്രപ്പണികളുമുണ്ട്. വിശുദ്ധരും പുരോഹിതരും സൈനിക മുന്നേറ്റങ്ങളെ സാധൂകരിക്കുന്നതും വാണിജ്യത്തിന്റെ പ്രാധാന്യം വിശദീകരിക്കുന്നതുമെല്ലാമാണ് എഴുത്തുകളിലുള്ളതെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചു. മലയ്ക്കു മുകളിലാണ് ശവകുടീരങ്ങളുള്ളത്. അവിടേയ്ക്കുള്ള വഴികള്‍ ചവിട്ടുപടികളായി ചിട്ടപ്പെടുത്തിയിട്ടുണ്ട്. അത് പില്‍ക്കാലത്ത് നിര്‍മ്മിച്ചതാണോ എന്നറിയില്ല. നടന്നു കയറാന്‍ വിഷമിക്കും എന്നു തോന്നുമെങ്കിലും വലിയ പ്രയാസമുണ്ടായില്ല.
ഖുബതു അല്‍ ഹവായ്ക്കു മുകളില്‍ കയറിയാല്‍ നൈല്‍ നദിയുടെയും അസ്വാന്‍ നഗരത്തിന്റെയും മനോഹരമായ കാഴ്ച ലഭിക്കും. ഫറോവമാരുടെ കാലം മുതല്‍ ഗ്രീക്കോ റോമന്‍ കാലഘട്ടം വരേയ്ക്കും ഗവര്‍ണര്‍മാര്‍, മറ്റുയര്‍ന്ന ഉദ്യോഗസ്ഥര്‍, പുരോഹിതര്‍ എന്നിവരുടെ അന്ത്യവിശ്രമസ്ഥലമാണ് ഖുബതു അല്‍ ഹവ. ഷെയ്ക്ക് അലി അബു അല്‍ ഹവായുടെ ശവകുടീരമാണ് മലയ്ക്ക് ഏറ്റവും മുകളില്‍ ഉള്ളത്. അതുകൊണ്ടാണ് ഖുബതു (അബു) അല്‍ ഹവാ എന്ന പേര് വന്നത്.മെംഫിസ് കേന്ദ്രീകരിച്ചു ഫറോവ ഭരണം നടക്കുന്ന സമയത്ത്, വിദൂര സ്ഥലമായ അസ്വാനിലെ കാര്യങ്ങൾ നിയന്ത്രിക്കാൻ ഗവർണർമാരെ ചുമതലപ്പെടുത്തിയിരുന്നു. അവരുടെ ശവകുടീരങ്ങൾ ആണ് ഇവിടെയുള്ളത്‌.

ബിസി മുന്നൂറ്റി മുപ്പത്തി ഒന്നില്‍ സ്ഥാപിക്കപ്പെട്ട അലെക്‌സാണ്ട്രിയ ഈജിപ്തിലെ രണ്ടാമത്തെ നഗരമാണ്. അലെക്‌സാണ്ട്രിയ എന്ന പേരില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി നഗരങ്ങളുണ്ട്. എല്ലാം അലെക്‌സാണ്ടര്‍ സ്ഥാപിച്ചതാണ്. എന്നാല്‍ അക്കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട നഗരം ഈജിപ്തിലെ മെഡിറ്ററേനിയന്‍ സമുദ്രത്തിന്റെ തീരത്തുള്ള അലെക്‌സാണ്ട്രിയ തന്നെയാണ്.

അലെക്‌സാണ്ട്രിയയിലെത്തിയ ഉടനെ തന്നെ ഞങ്ങള്‍ കാറ്റകോംബ്‌സ് ഓഫ് കോം എല്‍ ഷോഫാഖ എന്ന പുരാവസ്തു കേന്ദ്രമാണ് സന്ദര്‍ശിച്ചത്. മധ്യകാലത്തെ ഏഴത്ഭുതങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന ഈ ചരിത്രസ്മാരകം ഭൂമിക്കടിയിലെ ഒരു ശവകുടീരനഗരമാണ്.

പൗരാണികമായ ശവകുടീരങ്ങളുടെ ഒരു സമുച്ചയമായ ഈ ശവക്കോട്ടയില്‍ ആധുനികമായ സെമിത്തേരിയില്‍ കാണാറുള്ളതു പോലെ നിരനിരയായും മേല്‍ക്കു മേലായും ഉള്ള ശവക്കല്ലറകളാണുള്ളത്. ഫറോവമാര്‍ ഒറ്റ പടുകൂറ്റന്‍ പിരമിഡിലും രാജാക്കളുടെ താഴ് വരയിലും ഖുബതു അല്‍ ഹവയിലുമൊക്കെയുള്ള ശവക്കല്ലറകളിലും ഓരോരോ ആളുകളുടെ മമ്മികളാണ് സംസ്‌ക്കരിച്ചിരുന്നതെങ്കില്‍ ഇവിടെ ആയിരക്കണക്കിന് ആളുകളെ ഒറ്റ ശവക്കോട്ടയില്‍ അടുത്തടുത്തായി സംസ്‌ക്കരിച്ചിരിക്കുന്നു. ഫറോവ കാലത്തു നിന്ന് ഗ്രീക്കോ റോമന്‍ കാലഘട്ടത്തിലേയ്ക്കുള്ള ഒരു സംക്രമണഘട്ടത്തിന്റെ സ്മാരകം കൂടിയായി കാറ്റകോംബ്‌സ് ഓഫ് കോം എല്‍ ഷോഫാഖയെ കണക്കുകൂട്ടാം. സമുദ്രത്തിനു തൊട്ടടുത്ത് ഭൂമിക്കടിയിലാണ് ഈ ശവക്കോട്ട സജ്ജീകരിച്ചിരിക്കുന്നത്. ഇവിടെ ഖനനം ഒരു പ്രത്യേക പ്രതലത്തില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. അതിലും താഴേയ്ക്ക് കുഴിച്ചാല്‍ കടല്‍ കയറി വരുമെന്നും ഇപ്പോഴത്തെ സ്മാരകമടക്കം നശിച്ചുപോയേക്കാമെന്നും കരുതുന്നതു കൊണ്ടു കൂടിയാണ് ഇവിടെ ഖനനം നിര്‍ത്തിവെച്ചിരിക്കുന്നത്.
അലെക്‌സാണ്ട്രിയ യൂറോപ്പിനെ പലമട്ടിലും ഓര്‍മ്മിപ്പിക്കുന്ന ഒരു നഗരമാണ്. ഇവിടത്തെ പടുകൂറ്റന്‍ ലൈബ്രറി നശിച്ചുപോയി. അതിനു പകരം മറ്റൊരു ആധുനിക ഗ്രന്ഥശാല ഇവിടെ പടുത്തുയര്‍ത്തിയിട്ടുണ്ട്. ഗ്രീക്കോ റോമന്‍ മ്യൂസിയം വിസ്മയകരമായ കാഴ്ച തന്നെയാണ്. മെഡിറ്ററേനിയന്‍ കടലോരത്തു കൂടെ ഡബിള്‍ ഡക്കര്‍ ബസ്സില്‍ സാധാരണ ടിക്കറ്റെടുത്ത് നഗരക്കാഴ്ചയുടെ മാസ്മരികമായ അനുഭവം നുകര്‍ന്നു. നഗരത്തില്‍ ട്രാമുകളുമുണ്ട്.
അലെക്‌സാണ്ട്രിയയിലെ ഗ്രീക്കോ റോമന്‍ മ്യൂസിയത്തില്‍ ഏതാണ്ട് നാല്പതിനായിരത്തോളം പുരാവസ്തു ശേഖരങ്ങള്‍ ഉണ്ട്. ഇതില്‍ ശില്പങ്ങളും നിലാലങ്കാരങ്ങളും മരത്തിന്മേലുള്ള കൊത്തുപണികളും നാണയങ്ങളും എല്ലാമുണ്ട്. ജമാല്‍ അബ്ദുല്‍ നാസര്‍ തെരുവിലാണ് മ്യൂസിയം. ബിസി മൂന്നാം നൂറ്റാണ്ടു മുതല്‍ എഡി ഏഴാം നൂറ്റാണ്ടു വരെയുള്ള കാലഘട്ടത്തെയാണ് ഗ്രീക്കോ റോമന്‍ കാലഘട്ടം എന്നു പറയുന്നത്. ഗ്രീക്ക് ഭരണത്തിന്റെ തൊട്ടു പുറകെ റോമന്‍ ഭരണാധികാരികള്‍ ഈജിപ്തിനെ അധീനപ്പെടുത്തി. ഇവയൊന്നിച്ചാണ് കണക്കാക്കുന്നതെങ്കിലും അവയ്ക്കിടയില്‍ പ്രകടമായ വ്യത്യാസങ്ങളുണ്ട്. ഗ്രീക്ക് മനോഭാവമായിരുന്നില്ല റോമന്‍ ഭരണക്കാരുടേത്. അപ്പോഴേക്കും ക്രിസ്തുമതം പ്രചാരത്തിലാവുകയും ചെയ്തിരുന്നു. ഫറോവ കാലഘട്ടത്തിലെ മത-ദൈവ സങ്കല്പങ്ങളെ നിഷേധിക്കേണ്ട ബാധ്യത ക്രിസ്തു മതപ്രചാരകര്‍ക്ക് വന്നു ചേര്‍ന്നു. ഇതനുസരിച്ചുള്ള കുറെ തുടച്ചുമാറ്റലുകലും നശീകരണങ്ങളും അക്കാലത്ത് നടന്നിട്ടുണ്ട്.
ആപ്പിസ് എന്ന പരിശുദ്ധ കാളയുടെ കറുത്ത കരിങ്കല്ലിലുള്ള പ്രതിമ, മമ്മികള്‍, അലെക്‌സാണ്ടറുടെയും ടോളമിയുടെയും ക്ലിയോപാട്രയുടെയും പൂര്‍ണകായ ശില്പങ്ങളും ശിരസ്സുകളും, ഡയോക്ലിഷ്യന്‍ ചക്രവര്‍ത്തിയുടെ ശില്പം,  എല്ലാമുണ്ട് ഈ മ്യൂസിയത്തില്‍. 1890ഓടെ നിലവില്‍ വന്ന ഈ മ്യൂസിയം പിന്നീടുള്ള കാലത്ത് വിപുലപ്പെടുത്തി.
ബി സി രണ്ടാം നൂറ്റാണ്ടു മുതല്‍ എഡി മൂന്നാം നൂറ്റാണ്ടു വരെ ലോകത്ത് ഏറ്റവും പ്രധാനപ്പെട്ട വൈജ്ഞാനിക നഗരം അലെക്‌സാണ്ട്രിയ ആയിരുന്നു. എഡി ഏഴാം നൂറ്റാണ്ടില്‍ ഈജിപ്ത് മുസ്ലിം രാജാക്കന്മാരുടെ ഭരണത്തിന്‍ കീഴിലാവുന്നതു വരെയും അലെക്‌സാണ്ട്രിയ ഈജിപ്തിന്റെ തലസ്ഥാനമായി തുടര്‍ന്നു. ഫറോവമാരുടെ കാലത്ത് ഇപ്പോഴത്തെ വിശാല കൈറോവിലുള്ള മെംഫിസും ലക്‌സറുമായിരുന്നു ഈജിപ്തിന്റെ ഭരണാസ്ഥാനങ്ങള്‍. പില്‍ക്കാലത്തെ മുസ്ലിം, ആധുനിക കാലത്ത് അത് വീണ്ടും കൈറോ ആയി മാറി.
അലെക്‌സാണ്ട്രിയയില്‍ നിന്ന് മര്‍സ മെത്രൂഹിലേയ്ക്ക് മുന്നൂറോളം കിലോമീറ്റര്‍ ദൂരമാണുള്ളത്. അല്‍ ആലമീന്‍ സിറ്റി  അടക്കമുള്ള നിരവധി ചെറുതും വലുതുമായ പുതിയ നഗരങ്ങളുള്ള ഈ ഹൈവേ മെഡിറ്ററേനിയന്‍ കടലിന്റെ തീരത്തു കൂടിയാണ് പോകുന്നത്. മെര്‍സാ മെത്രൂഹിലാണ് ക്ലിയോപാട്ര ബീച്ചുള്ളത്. മെര്‍സാ മത്രൂഹില്‍ നിന്ന് മുന്നൂറോളം കിലോമീറ്റര്‍ മരുഭൂമിയിലൂടെ യാത്ര ചെയ്താലാണ് സിവ മരുപ്പച്ചയിലെത്തുക. ഇത്രയും ദൂരം മരുഭൂമിയിലൂടെ യാത്ര ചെയ്യുമ്പോള്‍, ഇതുപോലെ പച്ചപ്പും സസ്യ ജന്തുജാലങ്ങളും വെള്ളവും മനുഷ്യജീവിതവും എല്ലാമുള്ള ഒരു നഗരം ഇവിടെയുണ്ടാവും എന്ന് നമുക്ക് സങ്കല്പിക്കാനേ സാധിക്കില്ല. ലോകത്തെ  ഏറ്റവും മനോഹരമായ മരുപ്പച്ചകളിലൊന്നാണ് സിവ. ആയിരത്തി തൊള്ളായിരത്തി എണ്‍പതുകള്‍ വരെയും സിവാ മരുപ്പച്ചയിലേയ്ക്ക് ടാര്‍ റോഡുകള്‍ ഇല്ലായിരുന്നു. ഒട്ടകപ്പുറത്ത് യാത്ര ചെയ്തു മാത്രമേ ഇവിടെ എത്താനാവുമായിരുന്നുള്ളൂ. ഈ അവസ്ഥ മരുപ്പച്ചയിലെ നിവാസികളുടെ സംസ്‌ക്കാരത്തെയും ഭാഷയെയും എല്ലാം കലര്‍പ്പില്ലാത്ത വിധത്തില്‍ അതുല്യമാക്കിയിട്ടുണ്ട്.  സവിശേഷമായ ഭാഷയും പാരമ്പര്യങ്ങളും എല്ലാം കാത്തു സൂക്ഷിക്കപ്പെടുന്നു.
ശാലി  കോട്ട എന്നു പേരുള്ള ഉപേക്ഷിക്കപ്പെട്ട കോട്ടയാണ് സിവാ നഗരത്തിലെ പ്രധാന കാഴ്ച. കല്ലുകൊണ്ട് കെട്ടിയുണ്ടാക്കിയ ഈ കോട്ടയുടെ ചുമരുകള്‍ മണ്ണും ചെങ്കല്‍പ്പൊടിയും ചേര്‍ന്ന് ചെത്തിത്തേച്ചിട്ടുണ്ട്. അഞ്ചു നിലകളിലായി നിരവധി എടുപ്പുകള്‍ ആണ് കോട്ടയ്ക്കുള്ളത്. എല്ലാം ചേര്‍ന്നു ചേര്‍ന്നാണ്. ചില അറകള്‍ തുറന്നും മറ്റു ചിലത് പനയോല കൊണ്ട് മറച്ചുമാണുള്ളത്. ശാലി കോട്ടയ്ക്ക് ഏതാണ്ട് ആയിരം വര്‍ഷത്തെ പഴക്കമുണ്ട്. ഇവിടെയായിരുന്നു എണ്ണൂറു വര്‍ഷത്തോളം സിവാ മരുപ്പച്ചയിലെ ജനങ്ങള്‍ താമസിച്ചിരുന്നത്.  1926ല്‍ പെയ്ത കനത്ത മഴയിലുണ്ടായ പ്രളയത്തെത്തുടര്‍ന്നാണ് കോട്ട ഉപേക്ഷിച്ച് അവര്‍ മറ്റു സ്ഥലങ്ങളിലേയ്ക്ക് മാറിയത്. അതിനു മുമ്പ് സ്ഥലവാസികള്‍ കുടുംബസമേതം ഈ കോട്ടയ്ക്കകത്തെ വീടുകളില്‍ താമസിച്ചിരുന്നു. ഒരു പള്ളിയും ഇതിനകത്തുണ്ട്. ആ പള്ളി ഇപ്പോഴും ആരാധനയ്ക്കായി ഉപയോഗിക്കുന്നുണ്ട്. നാട്ടുകാര്‍ പക്ഷെ എല്ലാവരും നഗരത്തിന്റെ മറ്റു പ്രദേശങ്ങളിലേയ്ക്ക് താമസം മാറ്റി.
ഒരിക്കല്‍ സന്ദര്‍ശിച്ചു കഴിഞ്ഞാല്‍ പിന്നെയും പിന്നെയും പോകാന്‍ തോന്നിക്കുന്ന തരത്തില്‍ മായികവും കാന്തികവുമായ ഒരാകര്‍ഷണം ഈജിപ്തിനുണ്ട്. ആദ്യ യാത്രയില്‍ പോകാന്‍ സാധിക്കാത്ത ഹുര്‍ഗാദയിലും എല്‍ ഗോനയിലും ചെങ്കടല്‍ തീരത്തും പോയി വരുമ്പോള്‍ കൂടുതല്‍ വിശേഷങ്ങള്‍ പങ്കു വെയ്ക്കാം. l

Hot this week

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 11

ലെനിന്റെ വിപ്ലവപദ്ധതിയും ഇസ്‌ക്രയും ‘‘1905ൽ ലെനിന്റെ ആദ്യകാല സഹപ്രവർത്തകനും പിൽക്കാലത്തെ കടുത്ത...

മല്ലു സ്വരാജ്യം

തെലങ്കാന സമരനായികയും സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ തലമുതിർന്ന നേതാവുമായിരുന്നു മല്ലു...

ദിലീപ്  കേസിന്റെ പ്രാധാന്യവും  നൈതികപ്രശ്നങ്ങളും

ദിലീപ് കേസ്‌  എന്നറിയപ്പെടുന്ന കൊട്ടേഷൻ ബലാത്സംഗസംഭവം നിയമ ,സാമൂഹ്യ,ലിംഗനീതി,മനുഷ്യാവകാശ  ചരിത്രത്തിൽ പല...

കതിർക്കനമുള്ള പെണ്ണുങ്ങളുടെ ലോകം

കെ.ആർ. മീരയുടെ കൃതികളിലെ പെൺമയുടെ ഈടുവെപ്പുകളെക്കുറിച്ച് പി.കെ. അനിൽകുമാർ രചിച്ച പഠനഗ്രന്ഥമാണ്...

ജീവിതവും കുറ്റാന്വേഷവും ഉൾച്ചേരുന്ന കാന്ത

1950 കാലഘട്ടത്തിലെ മദ്രാസിലെ സിനിമാമേഖലയാണ്‌ കാന്തയുടെ പശ്ചാത്തലം. തമിഴ്‌ സിനിമയിലെ താരമായ...

Topics

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 11

ലെനിന്റെ വിപ്ലവപദ്ധതിയും ഇസ്‌ക്രയും ‘‘1905ൽ ലെനിന്റെ ആദ്യകാല സഹപ്രവർത്തകനും പിൽക്കാലത്തെ കടുത്ത...

മല്ലു സ്വരാജ്യം

തെലങ്കാന സമരനായികയും സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ തലമുതിർന്ന നേതാവുമായിരുന്നു മല്ലു...

ദിലീപ്  കേസിന്റെ പ്രാധാന്യവും  നൈതികപ്രശ്നങ്ങളും

ദിലീപ് കേസ്‌  എന്നറിയപ്പെടുന്ന കൊട്ടേഷൻ ബലാത്സംഗസംഭവം നിയമ ,സാമൂഹ്യ,ലിംഗനീതി,മനുഷ്യാവകാശ  ചരിത്രത്തിൽ പല...

കതിർക്കനമുള്ള പെണ്ണുങ്ങളുടെ ലോകം

കെ.ആർ. മീരയുടെ കൃതികളിലെ പെൺമയുടെ ഈടുവെപ്പുകളെക്കുറിച്ച് പി.കെ. അനിൽകുമാർ രചിച്ച പഠനഗ്രന്ഥമാണ്...

ജീവിതവും കുറ്റാന്വേഷവും ഉൾച്ചേരുന്ന കാന്ത

1950 കാലഘട്ടത്തിലെ മദ്രാസിലെ സിനിമാമേഖലയാണ്‌ കാന്തയുടെ പശ്ചാത്തലം. തമിഴ്‌ സിനിമയിലെ താരമായ...

വർഗസമരവും മാധ്യമങ്ങളും‐ 12

പത്രപ്രവർത്തന ചരിത്രം ഇന്ത്യ ബ്രിട്ടീഷ്- കോളനി ആയിരുന്ന കാലത്താണ് നമ്മുടെ പത്രപ്രവർത്തന ചരിത്രം...

പോൾ ഗോഗിനും സ്വതന്ത്രചിന്തയുടെ ആവിഷ്‌കാരങ്ങളും

സാമ്പ്രദായിക രീതിയിൽനിന്ന്‌ മാറി ടാഹിറ്റിയിലെ കറുത്ത മനുഷ്യരെ ചേർത്തുപിടിക്കുകയും അവരുടെ ജീവിതവഴികളോടൊപ്പം...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 10

ഇസ്‌ക്രാദിനങ്ങൾ ‘‘ലെനിനെ സംബന്ധിച്ചിടത്തോളം യൂറോപ്യൻ ജീവിതം ഒരു ഒഴിവുകാലം ചെലവഴിക്കലായിരുന്നില്ല. അദ്ദേഹം റഷ്യയ്‌ക്കു...
spot_img

Related Articles

Popular Categories

spot_imgspot_img