
ആദിമമനുഷ്യൻ കലയെ തങ്ങളുടെ ജീവിതത്തിന്റെ ഭാഗമായാണ് കണക്കാക്കിയതും, നിത്യജീവിതത്തിലവ ഉപയോഗിച്ചുവന്നതും. മനുഷ്യസംസ്‌കൃതിയുടെ ചരിത്രത്തിനോടൊപ്പം സഞ്ചരിക്കുന്ന ചിത്ര‐ശിൽപകലയ്‌ക്ക് അത്രതന്നെ പാരന്പര്യവുമുണ്ട്. പ്രത്യേകിച്ച് മനുഷ്യജീവിതത്തോട് ചേർന്നുനിന്ന് ശിൽപകല ഉപയോഗകേന്ദ്രീകൃതമാവുകയും അനുഷ്‌ഠാനത്തിലധിഷ്‌ഠിതമാവുകയും വികാസം പ്രാപിക്കുകയും ചെയ്യുന്ന ചരിത്രവും നമുക്കു മുന്നിലുണ്ട്. പ്രകൃതിയുമായി ഇഴചേർന്ന കലയുടെ വികാസപരിണാമഘട്ടങ്ങൾ കലയുടെ ചരിത്രത്തെയും വർത്തമാനത്തെയും കരുത്തുറ്റതാക്കുന്നു. സവിശേഷവും വൈവിധ്യവുമാർന്ന കലാലോകത്തിലൂടെയുള്ള സഞ്ചാരവഴികളിൽ വിപ്ലവകരമായ മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്.
ചിത്രകലയോടൊപ്പം ശിൽപകലയിലുമുളള മുന്നേറ്റങ്ങൾ നവോത്ഥാനകാലത്തിനുശേഷമാണ് സജീവമാകുന്നത്. ഇറ്റലിയടക്കമുള്ള രാജ്യങ്ങളിൽ വൈവിധ്യമാർന്ന ശൈലികൾ സ്വീകരിച്ചുകൊണ്ട് ചിത്ര‐ശിൽപകാരർ രംത്തുവന്നു. വാസ്‌തുശിൽപകലയോട് ഇഴചേരുന്ന ശിൽപരചനകളിൽ പുതുമയാർന്ന മനുഷ്യശരീര (ആരാധനയമായി ബന്ധപ്പെട്ടവ) രൂപങ്ങളും ഉൾപ്പെടുന്നു. ശിൽപകലയിലെ നവീനമായ കാഴ്‌ചാനുഭവങ്ങളിൽ നിയോ ക്ലാസിസവും റൊമാന്റിസിസവും ഇപ്രഷനിസവുമടങ്ങുന്ന കലാപ്രസ്ഥാനങ്ങളുടെ ശൈലീസങ്കേതങ്ങളുമായും ചേർന്നുനിന്നു. പിന്നീട് ക്യൂബിസവും പ്രചാരത്തിലായി. വൈവിധ്യമാർന്ന ശൈലീസങ്കേതങ്ങളിലൂടെ ബ്രിട്ടീഷ് ശിൽപകലയ്‌ക്ക് നവീനമായ കാഴ്‌ചപ്പാടുകളുണ്ടായി. ആധുനിക ശിൽപകലയിലുണ്ടായ മാറ്റങ്ങളിൽ ചിത്രകാരരും മുഖ്യ പങ്കുവഹിച്ചിരുന്നു. പാബ്ലോ പിക്കാസോ, മോദി ഗ്ലിയാനി, ദഗാസ് തുടങ്ങിയ പ്രമുഖ ചിത്രകാരർ അവരുടെ കലാജീവിതത്തിൽ ശിൽപകലയിലും ശ്രദ്ധേയസാന്നിധ്യവുമറിയിച്ചിട്ടുണ്ട്.
ഭൂതകാലം കൂടി പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള കലാനിർമിതികളിൽ ശ്രദ്ധേയ സാന്നിധ്യമായി വിശ്വോത്തരരായ ശിൽപികൾ. വിവിധ കലാപ്രസ്ഥാനങ്ങളിലൂടെ വളർന്നവരായിരുന്നു അഗസ്റ്റ് റോഡിൻ ഉൾപ്പെടെയുള്ള കലാകാരർ. കലാബോധത്തിന്റെയും ചിന്തയുടെയും ഭാഷയായിട്ടാണ് അഗസ്റ്റ് റോഡിന്റെ (1849‐1917) ശിൽപങ്ങൾ. അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളിൽ പ്രഥമ സ്ഥാനത്തേക്ക് വളർന്ന കലാകാരിയായിരുന്നു കാമിലി ക്ലാഡൽ. ഫ്രാൻസിൽ 1864 ഡിസംബർ 8ന് ഒരു കർഷകകുടുംബത്തിലാണ് കാമിലിയുടെ ജനനം. കുടുംബാംഗങ്ങളുടെയും മറ്റ് കുടുംബ സൗഹൃദങ്ങളുടെയും മുഖരൂപങ്ങൾ സ്വാഭാവികതയോടെ തയ്യാറാക്കിക്കൊണ്ടാണ് കാമിലി ക്ലാഡൽ ശിൽപരചനയിൽ തുടക്കംകുറിച്ചത്. കുടുംബം ആ രചനകളിൽ അത്ഭുതം കാണിച്ചുവെങ്കിലും ശിൽപകല പഠിപ്പിക്കുന്നതിൽ താൽപര്യം കാട്ടിയില്ല. പിതാവിന്റെ ജോലിയുമായി ബന്ധപ്പെട്ട് പാരീസിലെത്തിയ കാമിലി, 1882ൽ ശിൽപകലയിൽ താൽപര്യമുള്ള വിദ്യാർഥിനികളുടെ കൂട്ടായ്‌മയിൽ ചേർന്ന് കലാപരിശീലനം ആരംഭിച്ചു. ശിൽപി ആൽഫ്രഡ് ബൗച്ചറുടെ നേതൃത്വത്തിലായിരുന്നു പഠനം. അദ്ദേഹം ഇറ്റലിയിൽ ഉപരിപഠനത്തിന് പോകുമ്പോൾ പ്രമുഖ ശിൽപി അഗസ്റ്റ് റോഡിനായിരുന്നു വിദ്യാർഥികൾക്ക് കലാപരിശീലകനായി എത്തിയത്. ശിൽപകലാപഠനത്തിന് നിയോഗിക്കപ്പെട്ട റോഡിൻ മികച്ച കലാവിദ്യാർഥിനിയായ കാമിലിയെ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സുന്ദരിയായ കാമിലി, റോഡിന്റെ പ്രിയ ശിഷ്യയായി മാറുന്നതോടൊപ്പം കലയുടെ ആത്മാവിന്റെ സൂര്യതേജസ്സായ, കുടുംബനാഥൻ കൂടിയായ അഗസ്റ്റ് റോഡിൻ തന്റെ ആരാധ്യപുരുഷനാവുകയായിരുന്നു. മറ്റൊരർഥത്തിൽ 19കാരിയായ കാമിലി ക്ലാഡലുമായി റോഡിൻ പ്രണയത്തിലാവുകയായിരുന്നു. 43 വയസ്സുള്ള റോഡിൻ, കുടുംബജീവിതം നയിക്കുന്ന പിതാവുകൂടിയാണെന്ന സത്യം കാമിലിയുടെ പ്രണയത്തിന് മങ്ങലേൽപ്പിച്ചിരുന്നില്ല. ഇരുവരുടെയും കലാജീവിതത്തെ സന്പന്നമാക്കിയ ശിൽപങ്ങളാണ് പിന്നീട് കലാലോകത്തിന് ഇവർ സംഭാവന നൽകിയത്. റോഡിന്റെ ആശയങ്ങളും കാമിലിയുടെ കരവിരുതും ചേർന്ന നിരവധി മനോഹര ശിൽപങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. ഫ്രഞ്ച് സർക്കാർ അഗസ്റ്റ് റോഡിനെ ഏൽപിച്ച ‘Gates of hell’ എന്ന ശിൽപസമുച്ചയത്തിലെ പ്രധാന മനുഷ്യരൂപങ്ങളൊക്കെ കാമിലി ക്ലാഡിലിന്റെ രചനകളായിരുന്നു. നവീനമായ ബിംബകൽപനയുടെ പൊലിമയും രൂപനിർമിതികളിലെ സവിശേഷതയും കാമിലിയുടെ ശിൽപങ്ങളെ വേറിട്ടതും ശ്രദ്ധേയവുമാക്കുന്നുവെന്ന് കലാസ്വാദകർ വിയിരുത്തി. അഗസ്റ്റ് റോഡിന്റെ രചനകൾ കലാബോധത്തിന്റെയും നവീന ചിന്തയുടെയും ഭാഷയായിരുന്നെങ്കിൽ ക്രിയാത്മകബോധത്തോടെ ലാവണ്യത്തിന്റെ പ്രതിരൂപങ്ങൾ സൃഷ്ടിക്കുകയായിരുന്നു കാമിലി ക്ലാഡൽ. മനുഷ്യശരീര നിർമിതികളിലെ മുഖഭാവങ്ങൾ പ്രതിഫലിപ്പിക്കുന്നതിൽ ശ്രദ്ധേയയായിരുന്ന കാമിലി, ശിൽപത്തിന്റെ പ്രതലം പരുക്കൻ ശൈലിയിലാണ് അവതരിപ്പിച്ചിരുന്നത്. മനുഷ്യശരീരത്തിന്റെ പ്രത്യേക രീതിശാസ്‌ത്രം ശ്രദ്ധയോടെ ആവിഷ്‌കരിക്കുന്നതിൽ കാമിലി ശിൽപകലയിലെ തന്റേതായ സാന്നിധ്യമറിയിക്കുകയായിരുന്നു. കലാസൃഷ്ടികളുടെ നിർമിതിയിലെ അമിതമായ താൽപര്യവും റാേഡിനോടും അദ്ദേഹത്തിന്റെ കലയോടുമുള്ള പ്രണയവും കാമിലി ക്ലാഡലിന്റെ ജീവിതം ഒരുതരത്തിൽ ദുരന്തപൂർണമാക്കുകയായിരുന്നു.
കാമിലിയുടെ ശിൽപങ്ങൾ റോഡിന്റെ ശിൽപങ്ങളെക്കാൾ മികച്ചതെന്ന കലാനിരൂപകരുടെ അഭിപ്രായങ്ങളും ഉയർന്നിരുന്നു. കാമിലിയുടെ ആദ്യകാല ശിൽപങ്ങളിൽ റോഡിന്റെ സ്വാധീനമുണ്ടെങ്കിലും ക്രിയാത്മകവും ലാവണ്യാത്മകവുമായ സമീപനമായിരുന്നു ആ രചനകളുടെ കരുത്ത്. സ്വന്തം ജീവിതത്തിന്റെയും സമൂഹത്തിന്റെയും ഉൾക്കാഴ്‌ചകളുടെ ചലനാത്മകതയായിരുന്നു കാമിലി ക്ലാഡലിന്റെ ശിൽപങ്ങളുടെ പ്രത്യേകത. പാരീസിലും നോട്ടിംഗ്‌ഹാം കാസിലിലും കാമിലിയുടെ ശിൽപപ്രദർശനങ്ങൾ സംഘടിപ്പിക്കപ്പെട്ടു. കാമിലിയും റോഡിനുമായുള്ള ബന്ധത്തിൽ അവർ പലപ്പോഴും ഗർഭിണിയായെങ്കിലും അതൊക്കെ റോഡിന്റെ താൽപര്യപ്രകാരം നശിപ്പിച്ചും. തുടർന്നുള്ള അവരുടെ ജീവിതം താളപ്പിഴകളിലേക്ക് കടക്കുകയുമാണുണ്ടായത്. പത്തുവർഷത്തോളം വീണ്ടും ഒന്നിച്ചു ജീവിച്ചുവെങ്കിലും ആ ബന്ധം തീർത്തും പരാജയത്തിൽ കലാശിച്ചു. പൊരുത്തപ്പെടാനാവത്തവിധം കാമിലിയുടെ ജീവിതവും പ്രണയവും തകർന്നു.
അക്കാലയളവിലാണ് The girl with a bunch of wheat, Waltz, La-‐valse, Clotho, Lapetite, The Implover തുടങ്ങിയ ശ്രദ്ധേയങ്ങളായ ശിൽപങ്ങൾ അവർ തയ്യാറാക്കിയത്.
റോഡിനുമായി പിരിഞ്ഞശേഷം കാമിലിയുടെ പ്രദർശനങ്ങളിലെ conversationalist, The wave എന്നീ ശിൽപങ്ങൾ അവരെ പ്രശസ്‌തിയിലേക്കുയർത്തി. അഗസ്റ്റ് റോഡിനേയും ഒപ്പം ജീവിച്ച (ഭാര്യ!) റോസയേയും കാമിലിയേയും പ്രതീകവത്‌കരിക്കുന്ന ഒരു ശിൽപം കാമിലി തയ്യാറാക്കി. അത് ഫ്രഞ്ച് സർക്കാർ കാസ്റ്റ് ചെയ്യാൻ തീരുമാനിക്കുകയും റോഡിൻ തന്റെ സ്വാധീനമുപയോഗിച്ച് അത് തടയുകയും ചെയ്‌തു. ഇതോടെ കാമിലിയെ കാണാനുള്ള റോഡിന്റെ അവസരവും അവർ തടയുകയുണ്ടായി. തുടർന്ന് മാനസികാസ്വാസ്ഥ്യമുണ്ടായ അവർ തന്റെ സ്റ്റുഡിയോയിലുള്ള സ്വന്തം ശിൽപങ്ങൾ പലതും നശിപ്പിക്കുകയുണ്ടായി. വൃദ്ധരായ മാതാപിതാക്കളിൽ (റോഡിനുമായുള്ള ബന്ധത്തിന്റെ പേരിൽ മാതാവ് മകളെ ഉപേക്ഷിച്ച മട്ടായിരുന്നു) അച്ഛനും സഹോദരൻ പോൾ ക്ലാഡലും വല്ലപ്പോഴും കാമിലിയെ സന്ദർശിച്ചിരുന്നു. റോഡിൻ ആശുപത്രിയിൽ കാമിലിയെ കാണാൻ എത്തിയെങ്കിലും അവർ അദ്ദേഹത്തിന് സന്ദർശനാനുമതി നൽകിയിരുന്നില്ല.
മുപ്പതുവർഷത്തിലധികം മാനസികരോഗവുമായി മല്ലിട്ട് തടങ്കലിൽ കഴിഞ്ഞതുപോലെ ആശുപത്രിയിൽ കഴിയുമ്പോഴും റോഡിനെ കാണാനോ, റോഡിന് തന്നെ കാണാനോ അവർ അനുവദിച്ചിരുന്നില്ല. അത്യപൂർവമായ വിധിയായിരുന്നു കാമിലി ക്ലാഡലിന്റെ ജീവിതത്തിലുടനീളം സംഭവിച്ചത്.
റോഡിൻ മരിച്ച് 26 വർഷങ്ങൾക്കു ശേഷമാണ് കാമിലി വിടപറയുന്നത് (1943). റോഡിന്റെ ശിൽപങ്ങൾ പ്രദർശിപ്പിച്ചിരുന്ന മ്യൂസിയത്തിൽ കാമിലി ക്ലാഡലിന്റെ ശിൽപങ്ങൾ പ്രദർശിപ്പിക്കാൻ, റോഡിൻ ജീവിച്ചിരുന്നപ്പോൾ തന്നെ ഒരുഭാഗം ഒഴിച്ചിട്ടിരുന്നു. എന്നാൽ പ്രദർശനത്തിന് കാമിലി അനുവാദം നൽകിയിരുന്നില്ല. 1951ൽ അവരുടെ മരണശേഷമാണ് സഹോദരൻ പോൾ ക്ലാഡൽ, കാമിലിയുടെ ശിൽപങ്ങൾ റോഡിൻ മ്യൂസിയത്തിന് നൽകിയത്.
കാമിലി ക്ലാഡലിന്റെ കലാജീവിതത്തെ പ്രതിപാദിക്കുന്ന ചലച്ചിത്രവും പുസ്‌തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. l





