സരോജ്‌ മുഖർജി: അനുശീലൻ സമിതിയിൽനിന്ന്‌ കമ്യൂണിസ്റ്റ്‌ പാർട്ടിയിലേക്ക്‌‐ 3

ഗിരീഷ്‌ ചേനപ്പാടി

1938ൽ ജയിൽമോചിതനായ സരോജിനെ റെയിൽവേ തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കാനാണ്‌ പാർട്ടി നിയോഗിച്ചത്‌. ജയിൽവാസത്തിനിടയിൽ മുടങ്ങിപ്പോയ പ്രവർത്തനങ്ങൾ വേഗത്തിൽ ചെയ്‌തുതീർക്കാൻ അദ്ദേഹം ആഗ്രഹിച്ചു. അതിനായി യൂണിയൻ പ്രവർത്തകരെ മിക്കവരെയും നേരിട്ട്‌ കണ്ടു; യൂണിയന്റെ കമ്മിറ്റികളും ജനറൽ ബോഡികളും വിളിച്ചു. തൊഴിലാളികൾ നേരിടുന്ന അടിയന്തരപ്രശ്‌നങ്ങൾ വിശദമായി അദ്ദേഹം അന്വേഷിച്ചറിഞ്ഞു. പരിഹാര നടപടികളെക്കുറിച്ചും കൂടിയാലോചനകൾ നടത്തി.

ഭവാനി സെന്നും റെയിൽവേ തൊഴിലാളികൾക്കിടയിൽ പ്രവർത്തനങ്ങൾ നടത്താൻ അപ്പോഴേക്കും എത്തിയിരുന്നു. ഇരുവരും ചേർന്നുള്ള പ്രവർത്തനങ്ങൾ ട്രേഡ്‌ യൂണിയൻ രംഗത്ത്‌ വലിയ മുന്നേറ്റമുണ്ടാക്കാനിടയായി.

1938 ആഗസ്‌ത്‌ 28ന്‌ കോൺഗ്രസിന്റെ നേതൃത്വത്തിൽ ബന്തിമുക്തിദിനം ആചരിച്ചു. ബംഗാൾ പിസിസിയുടെ ബന്തിമുക്തി സബ്‌കമ്മിറ്റിയിൽ സരോജിനെ ഉൾപ്പെടുത്തിയിരുന്നു. തൊഴിലാളികളും കർഷകരും കൂടുതലുണ്ടായിരുന്ന പ്രദേശങ്ങളിൽ ബന്തിമുക്തിദിനം വലിയ ചലനങ്ങളാണുണ്ടാക്കിയത്‌.

1939ൽ രണ്ടാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ കമ്യൂണിസ്റ്റ്‌ പാർട്ടി പ്രവർത്തകർ യുദ്ധവിരുദ്ധ പ്രവർത്തനങ്ങളിൽ ജനങ്ങളെ അണിനിരത്തിത്തുടങ്ങി. ബ്രിട്ടീഷ്‌ സാമ്രാജ്യത്വം ഇന്ത്യയെ അനാവശ്യമായി യുദ്ധത്തിലേക്ക്‌ വലിച്ചിഴയ്‌ക്കുകയായിരുന്നു എന്ന അഭിപ്രായമായിരുന്നു പാർട്ടിക്കുണ്ടായിരുന്നത്‌. പാർട്ടിയുടെ നിലപാടിൽ അരിശംപൂണ്ട ബ്രിട്ടീഷ്‌ ഭരണാധികാരികൾ കമ്യൂണിസ്റ്റ്‌ പാർട്ടിയെ നിരോധിച്ചു. കമ്യൂണിസ്റ്റുകാരെ കൂട്ടത്തോടെ അറസ്റ്റ്‌ ചെയ്‌ത്‌ ജയിലിലടച്ചു. കമ്യൂണിസ്റ്റ്‌ പ്രവർത്തകരെയും അനുഭാവികളെയും തെരഞ്ഞുപിടിച്ച്‌ ഭീകരമായി മർദിച്ചു. പാർട്ടി പ്രവർത്തകരെ പരോക്ഷമായെങ്കിലും സഹായിച്ചുവെന്ന്‌ പൊലീസിനു സംശയം തോന്നിയാൽ മതി, അവർ കിരാതമായ ആക്രമണം അഴിച്ചുവിടും. പാർട്ടി പ്രവർത്തനം അസാധ്യമാക്കിത്തീർക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ സർക്കാരും പൊലീസും കമ്യൂണിസ്റ്റ്‌ വേട്ട നടത്തിയത്‌.

അപ്പോഴേക്കും കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ ജില്ലാ സെക്രട്ടറിയായിക്കഴിഞ്ഞിരുന്ന സരോജ്‌ ഒളിവിൽ പ്രവർത്തിക്കാൻ തുടങ്ങി. ഒളിവിലിരുന്നുകൊണ്ട്‌ പരമാവധി സഖാക്കളെ ബന്ധപ്പെടാൻ അദ്ദേഹം ശ്രമിച്ചു. പാർട്ടിയുടെ പ്രവർത്തനങ്ങൾ സാഹസികമായിത്തന്നെ മുന്നോട്ടു കൊണ്ടുപോകാൻ അദ്ദേഹത്തിനു കഴിഞ്ഞു.

1942ൽ സോവിയറ്റ്‌ യൂണിയനുനേരെ ഹിറ്റ്‌ലർ ആക്രമണം അഴിച്ചുവിട്ടതോടെ യുദ്ധത്തിന്റെ സ്വഭാവത്തിൽ മാറ്റം വന്നു. യുദ്ധം ജനകീയയുദ്ധമാണെന്ന കാഴ്‌ചപ്പാടിൽ കമ്യൂണിസ്റ്റ്‌ പാർട്ടി എത്തി. അതോടെ കമ്യൂണിസ്റ്റ്‌ പാർട്ടിക്കു മേലുള്ള നിരോധനം പിൻവലിക്കപ്പെട്ടു. താമസിയാതെ സരോജ്‌ ഉൾപ്പെടെയുള്ള നേതാക്കളും പ്രവർത്തകരും ഒളിവുജീവിതം അവസാനിപ്പിച്ചു. പരസ്യപ്രവർത്തനങ്ങളിലേർപ്പെട്ടു തുടങ്ങിയ സരോജിനെ സംബന്ധിച്ചിടത്തോളം നിരവധി ജോലികൾ ചെയ്‌തുതീർക്കാനുണ്ടായിരുന്നു. തൊഴിലാളികളെയും കർഷകരെയും സംഘടിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ അദ്ദേഹം അഹോരാത്രം മുഴുകി.

കിസാൻസഭയുടെ പ്രവർത്തനങ്ങൾക്ക്‌ സമർഥമായ നേതൃത്വം നൽകിക്കൊണ്ട്‌ സരോജ്‌ കിസാൻ സഭയുടെ സംസ്ഥാനത്തെ തന്നെ പ്രമുഖ നേതാക്കളിലൊരാളായി മാറി.

കനക്‌ മുഖർജി

1942 സരോജിനെ സംബന്ധിച്ചിടത്തോളം വ്യക്തിജീവിതത്തിലും പ്രധാനപ്പെട്ട വർഷമായിരുന്നു. കമ്യൂണിസ്റ്റ്‌ പാർട്ടിയിലെ സഹപ്രവർത്തകയായ കനക്‌ദാസ്‌ ഗുപ്‌തയുമായുള്ള അദ്ദേഹത്തിന്റെ വിവാഹം നടന്നത്‌ ആ വർഷമാണ്‌. ഹൈസ്‌കൂൾ കാലം മുതൽ കമ്യൂണിസ്റ്റ്‌ പാർട്ടിയോട്‌ ആഭിമുഖ്യം പുലർത്തിയ കനക്‌ മുഖർജി പല കമ്യൂണിസ്റ്റ്‌ നേതാക്കളെയും അന്നേ പരിചയപ്പെട്ടിരുന്നു. 1937ൽ മെട്രിക്കുലേഷൻ പാസായതിനുശേഷം കൽക്കത്ത സർവകലാശാലയ്‌ക്കു കീഴിലുള്ള ബത്തൂൺ കോളേജിൽ പ്രവേശനം നേടി. ഈ സമയത്ത്‌ അവർ സ്റ്റുഡന്റ്‌സ്‌ ഫെഡറേഷന്റെ സജീവ പ്രവർത്തകയായി.

1938ൽ കനക്‌ കമ്യൂണിസ്റ്റ്‌ പാർട്ടിയിൽ അംഗമായി. ബംഗാൾ ക്ഷാമകാലത്ത്‌ അവർ ബംഗിയോ മഹിളാ ആത്മരക്ഷാസമിതിയുടെ നേതാവായി പ്രവർത്തിച്ചു. ബംഗാളിലെ ജനങ്ങൾക്കിടയിൽ, വിശേഷിച്ച്‌ ദുരിതം സഹിക്കുന്ന ജനവിഭാഗങ്ങൾക്കിടയിൽ അവർ ആത്മാർഥമായ പ്രവർത്തനം നടത്തി.

കനക്‌ദാസ്‌ ഗുപ്‌ത, വിവാഹത്തോടെ കനക്‌ മുഖർജിയായി മാറി. 1943ൽ ബോംബെയിൽ നടന്ന ആദ്യ പാർട്ടി കോൺഗ്രസിൽ ഇരുവരും പ്രതിനിധികളായിരുന്നു. ഗണതന്തേ മഹിളാ സംസ്ഥാന നേതാവായി പ്രവർത്തിച്ച കനക്‌ നിരവധി പോരാട്ടങ്ങൾക്ക്‌ നേതൃത്വം നൽകി.

1969 മുതൽ 1981 വരെ കൽക്കത്ത വനിതാ കോളേജിൽ ഇംഗ്ലീഷ്‌ പ്രൊഫസറായിരുന്നു കനക്‌. സാഹിത്യമേഖലയിലെ സംഭാവനകൾക്ക്‌ 1998ൽ കൽക്കത്ത സർവകലാശാലയിൽ ഭുവൻ മോഹിനി ദാസി അവാർഡ്‌ അവർക്ക്‌ ലഭിച്ചു.

1978 മുതൽ 1990 വരെ കനക്‌ മുഖർജി രാജ്യസഭാംഗമായിരുന്നു. ജനകീയപ്രശ്‌നങ്ങൾ പഠിച്ച്‌ പാർലമെന്റിൽ അവതരിപ്പിക്കാൻ അസാധാരണമായ മികവാണ്‌ അവർ പ്രദർശിപ്പിച്ചത്‌.

സരോജിന്റെ ജീവിതപങ്കാളി എല്ലാ അർഥത്തിലും അദ്ദേഹത്തിന്റെ ജീവിതയാത്രയിലെ സഖിയായിരുന്നുവെന്ന്‌ സൂചിക്കാനാണ്‌ കനക്‌ മുഖർജിയെക്കുറിച്ച്‌ ഇത്രയും എഴുതിയത്‌. വിവാഹശേഷം ഇരുവരും പാർട്ടിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെയ്‌ക്കുകയായിരുന്നു.

1943ൽ സരോജ്‌ മുഖർജി കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ ബംഗാൾ സംസ്ഥാന എക്‌സിക്യുട്ടീവിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. അതോടെ ബംഗാൾ ഒട്ടാകെയായി അദ്ദേഹത്തിന്റെ പ്രവർത്തനരംഗം. കിസാൻസഭയുടെയും സംസ്ഥാനത്തെ പ്രമഖ നേതാവായി മാറി ഈ കാലഘട്ടത്തിൽ അദ്ദേഹം. 1961ൽ അദ്ദേഹം പാർട്ടിയുടെ നാഷണൽ കൗൺസിൽ അംഗമായും തിരഞ്ഞെടുക്കപ്പെട്ടു.

1964ൽ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ നാഷണൽ കൗൺസിലിൽനിന്ന്‌ ഇറങ്ങിവന്നവരിൽ ഒരാൾ സരോജ്‌ മുഖർജിയായിരുന്നു. ആ വർഷം ഒക്ടോബർ 31 മുതൽ നവംബർ 7 വരെ കൽക്കത്തയിലാണ്‌ പാർട്ടിയുടെ ഏഴാം കോൺഗ്രസ്‌ നടന്നത്‌. ആ സമ്മേളനത്തിലാണ്‌ സിപിഐ എം രൂപീകരിക്കപ്പെട്ടത്‌. പാർട്ടിയുടെ പ്രഥമ കേന്ദ്രകമ്മിറ്റിയിലേക്ക്‌ സരോജ്‌ തിരഞ്ഞെടുക്കപ്പെട്ടു.

1971 മുതൽ 77 വരെ സരോജ്‌ ലോക്‌സഭാംഗമായി പ്രവർത്തിച്ചു. കാട്‌വ പാർലമെന്റ്‌ മണ്ഡലത്തിൽനിന്നാണ്‌ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്‌. മികച്ച പാർലമെന്റേറിയൻ എന്ന നിലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പാർട്ടി സംഘടനയ്‌ക്ക്‌ സരോജിന്റെ സേവനം കൂടുതൽ ആവശ്യമുണ്ടെന്ന്‌ പാർട്ടി വിലയിരുത്തി. അതുകൊണ്ടാണ്‌ പാർലമെന്ററി രംഗത്ത്‌ അദ്ദേഹം പിന്നീട്‌ പ്രവർത്തിക്കാതിരുന്നത്‌.

വലതുപക്ഷ‐ഇടതുപക്ഷ വ്യതിയാനങ്ങൾക്കെതിരെ സരോജ്‌ എന്നും ശക്തമായ നിലപാടാണ്‌ എടുത്തിട്ടുള്ളത്‌. മാർക്‌സിസം‐ലെനിനിസത്തിലുള്ള അദ്ദേഹത്തിന്റെ ആഴത്തിലുള്ള അറിവും വിപുലമായ വായനയും അതിന്‌ അദ്ദേഹത്തിന്‌ കരുത്ത്‌ നൽകി.

1982ൽ പ്രമോദ്‌ ദാസ്‌ ഗുപ്‌ത അന്തരിച്ചു. അതോടെ സിപിഐ എം ബംഗാൾ സംസ്ഥാന സെക്രട്ടറിയായി സരോജ്‌ മുഖർജി തിരഞ്ഞെടുക്കപ്പെട്ടു. 1985ൽ കൽക്കത്തയിൽ ചേർന്ന 12‐ാം പാർട്ടി കോൺഗ്രസ്‌ അദ്ദേഹത്തെ പൊളിറ്റ്‌ ബ്യൂറോ അംഗമായി തിരഞ്ഞെടുത്തു. മരിക്കുന്നതുവരെ അദ്ദേഹം പാർട്ടിയുടെ പിബി അംഗമായും സംസഥാന സെക്രട്ടറിയായും പ്രവർത്തിച്ചു. ഇടതുപക്ഷ മുന്നണിയുടെ ചെയർമാനായും അദ്ദേഹം ഈ കാലയളവിൽ പ്രവർത്തിച്ചു.

ട്രേഡ്‌ യൂണിയനിസത്തിന്റെ എബിസി, സ്വത്രന്ത്ര്യസമരം, രംഗീപൂരിലെ പോരാട്ടം, കഴിഞ്ഞകാല കഥകൾ (രണ്ട്‌ വാല്യങ്ങൾ) എന്നിവയാണ്‌ സരോജിന്റെ പ്രധാനപ്പെട്ട കൃതികൾ. നിരവധി ലേഖനങ്ങളും ലഘുലേഖകളും അദ്ദേഹം രചിച്ചിട്ടുണ്ട്‌.

1990 ഫെബ്രുവരി 10ന്‌ സരോജ്‌ മുഖർജി അന്ത്യശ്വാസം വലിച്ചു. l

Hot this week

മാറുന്ന മലയാള സിനിമയുടെ കാഴ്ച

മലയാള സിനിമയുടെ വിഷ്വൽ നരേറ്റീവിനെ റീഡിസൈൻ ചെയ്‌ത സംവിധായകനാണ്‌ ഖാലിദ്‌ റഹ്‌മാൻ....

ഉരുകുന്ന മഞ്ഞും ഉരുകാത്ത നൊമ്പരങ്ങളും

കൂട്ടുകുടുംബത്തിന്റെയും പരിചിതമായ ഭൂഭാഗങ്ങളുടെയും പരിധിവിട്ട്‌ ഒരു വടക്കേ ഇന്ത്യൻ സുഖവാസകേന്ദ്രത്തിന്റെ പശ്ചാത്തലം...

എൻ ശങ്കരയ്യ: സമരരംഗത്തെ നിറസാന്നിധ്യം

സിപിഐ എം തമിഴ്‌നാട്‌ സംസ്ഥാന സെക്രട്ടറി, അവിഭക്ത കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ ദേശീയ...

അടയുന്ന വാതിലുകൾ നൽകുന്ന സൂചനകൾ

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 84 സ്വന്തം രാജ്യത്തെ വ്യവസായത്തെയും തൊഴിലുകളെയും സംരക്ഷിക്കാൻ ഏതെങ്കിലും ഭരണാധികാരി...

കലാപരിണാമം ഗോഥിക്‌ കാലത്തിലൂടെ

യൂറോപ്പിലാകെ കലാസാംസ്‌കാരിക വിദ്യാഭ്യാസമേഖല മന്ദീഭവിച്ചിരുന്നത്‌ 5‐ാം നൂറ്റാണ്ടുകളിലെന്നാണ്‌ ചരിത്രം രേഖപ്പെടുത്തുന്നത്‌. യുദ്ധം,...

Topics

മാറുന്ന മലയാള സിനിമയുടെ കാഴ്ച

മലയാള സിനിമയുടെ വിഷ്വൽ നരേറ്റീവിനെ റീഡിസൈൻ ചെയ്‌ത സംവിധായകനാണ്‌ ഖാലിദ്‌ റഹ്‌മാൻ....

ഉരുകുന്ന മഞ്ഞും ഉരുകാത്ത നൊമ്പരങ്ങളും

കൂട്ടുകുടുംബത്തിന്റെയും പരിചിതമായ ഭൂഭാഗങ്ങളുടെയും പരിധിവിട്ട്‌ ഒരു വടക്കേ ഇന്ത്യൻ സുഖവാസകേന്ദ്രത്തിന്റെ പശ്ചാത്തലം...

എൻ ശങ്കരയ്യ: സമരരംഗത്തെ നിറസാന്നിധ്യം

സിപിഐ എം തമിഴ്‌നാട്‌ സംസ്ഥാന സെക്രട്ടറി, അവിഭക്ത കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ ദേശീയ...

അടയുന്ന വാതിലുകൾ നൽകുന്ന സൂചനകൾ

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 84 സ്വന്തം രാജ്യത്തെ വ്യവസായത്തെയും തൊഴിലുകളെയും സംരക്ഷിക്കാൻ ഏതെങ്കിലും ഭരണാധികാരി...

കലാപരിണാമം ഗോഥിക്‌ കാലത്തിലൂടെ

യൂറോപ്പിലാകെ കലാസാംസ്‌കാരിക വിദ്യാഭ്യാസമേഖല മന്ദീഭവിച്ചിരുന്നത്‌ 5‐ാം നൂറ്റാണ്ടുകളിലെന്നാണ്‌ ചരിത്രം രേഖപ്പെടുത്തുന്നത്‌. യുദ്ധം,...

ഫാസിസം: ഉത്ഭവം,വളർച്ച

ഫാസിസവും നവഫാസിസവും -4 കമ്മ്യൂണിസം ഉണ്ടാക്കിയ  അനന്തരഫലങ്ങളിലൊന്നായി ചിലർ ഫാസിസത്തെ വിശേഷിപ്പിക്കാറുണ്ട്. 1933ൽ...
spot_img

Related Articles

Popular Categories

spot_imgspot_img