സമാധാനത്തെ ഒരിക്കൽകൂടി പരിഹസിച്ച്‌ നൊബേൽ കമ്മിറ്റി

2025ലെ നൊബേൽ സമാധാന സമ്മാനം മറിയ കൊറീന മച്ചാഡൊയ്‌ക്ക്‌ നൽകാൻ നൊബേൽ കമ്മിറ്റി തീരുമാനിച്ചു. ലോകം അന്ധാളിപ്പോടെ അന്വേഷിച്ചു, ആരാണീ മറിയ കൊറീന മച്ചാഡൊ? ഉത്തരം നൊബേൽ കമ്മിറ്റി തന്നെ നൽകുന്നുണ്ട്‌‐ വെനസ്വേലയിലെ പ്രതിപക്ഷ നേതാവ്‌. ലോകസമാധാനവും വെനസ്വേലൻ പ്രതിപക്ഷനേതാവും തമ്മിലെന്താന്നറിയാൻ തനിക്കു കിട്ടിയ സമ്മാനം അവർ ആർക്കാണ്‌ സമർപ്പിക്കുന്നത്‌ എന്നുമാത്രം നോക്കിയാൽ മതി. നൊബേൽ കമ്മിറ്റിയുടെ തീരുമാനം വന്ന ഉടൻ മച്ചാഡൊ പ്രസ്‌താവിച്ചത്‌ ഈ സമ്മാനം അമേരിക്കയ്‌ക്ക്‌, പ്രസിഡന്റ്‌ ട്രംപിന്‌ സമർപ്പിക്കുന്നൂവെന്നാണ്‌. ഗാസയിൽ പലസ്‌തീൻ ജനതയെ വംശഹത്യ നടത്തുന്ന ബെഞ്ചമിൻ നെതന്യാഹുവിനും തന്റെ മനസ്സുതുറന്നുള്ള അനുമോദനം അറിയിക്കാനും അവർ മറന്നില്ല. അപ്പോൾ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന്‌ എന്തുകൊണ്ടും അവർ അർഹ തന്നെ!

നൊബേൽ സമാധാനസമ്മാനം തനിക്കു വേണമെന്ന്‌ ഒരു ലജ്ജയും കൂടാതെ ആവശ്യമുന്നയിക്കുകയും മറ്റു പലരെയുംകൊണ്ട്‌ പറയിക്കുകയും ചെയ്‌തതാണ്‌ പ്രസിഡന്റ്‌ ട്രംപ്‌. അയാൾ അതിനായി തറവേലകൾ പലതും ചെയ്യുകയുമുണ്ടായി. പക്ഷേ ട്രംപിന്‌ നിരാശപ്പെടേണ്ടിവന്നില്ല. തനിക്കല്ലെങ്കിലും തന്റെ അതേ ജനുസിൽപെട്ട, തന്റെ ആരാധികയായ വെനസ്വേലൻ പ്രതിപക്ഷനേതാവിന്‌ നൽകിയല്ലോ. ട്രംപിനു നൽകിയതുപോലെ ട്രംപ്‌ ആരാധകർക്കും ആശ്വസിക്കാം. അടുത്തത്‌ ട്രംപിനുതന്നെ, അല്ലെങ്കിൽ നെതന്യാഹുവിന്‌ എന്ന്‌ പ്രതീക്ഷ പുലർത്തുകയുമാവാം. ഒരേ തൂവൽപക്ഷികൾക്ക്‌ സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകിയതായും ചരിത്രം അടയാളപ്പെടുത്തുകയും ചെയ്യുമല്ലോ.

എന്താണ്‌ മച്ചാഡൊ വെനസ്വേലയ്‌ക്കും ലോകത്തിനും നൽകിയ, നൽകുന്ന സംഭാവന? ‘പാവാടയുടുത്ത പിനോഷെ’ എന്നും ഇവർ അറിയപ്പെടുന്നുവെന്ന്‌ കേൾക്കുമ്പോൾതന്നെ നമുക്ക്‌ കൃത്യമായ ധാരണയുണ്ടാകും. അതായത്‌, ചിലിയിൽ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഇടതുപക്ഷക്കാരനായ പ്രസിഡന്റ്‌ സാൽവദോർ അലൻഡെയെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കിയ സൈനിക സ്വേച്ഛാധിപതി പിനോഷെയുടെ പുത്തൻ അവതാരത്തിനാണ്‌ 2025ൽ നൊബേൽ സമാധാന സമ്മാനം ലഭിച്ചത്‌. പിനോഷെയ്‌ക്ക്‌ വിജയിക്കാൻ കഴിഞ്ഞു. മച്ചാഡൊ അതിനുള്ള ശ്രമം തുടരുന്നു. അതിന്‌ ആക്കം പകരാനാണ്‌ നൊബേൽ സമ്മാനം എന്ന്‌ വ്യക്തം.

മച്ചാഡൊ പൊതുരംഗത്ത്‌ അറിയപ്പെടുന്നതുതന്നെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട വെനസ്വേലയിലെ ഹ്യൂഗൊ ഷാവേസിന്റെ ഗവൺമെന്റിനെ അട്ടിമറിക്കാൻ 2002 ഏപ്രിൽ മാസത്തിൽ നടന്ന നീക്കത്തിലൂടെയാണ്‌. പട്ടാളമേധാവികളും അമേരിക്കൻ എംബസി അധികൃതരും വെനസ്വേലയിലെ ചേംബർ ഓഫ്‌ കോമേഴ്‌സുമെല്ലാമായി ഗൂഢാലോചന നടത്തിയതിൽ പ്രമുഖയായിരുന്നു അവർ. ജനകീയ ഇടപെടലിലൂടെ ആ നീക്കം തകർക്കപ്പെട്ടതിനെതുടർന്ന്‌ 2004ലും 2005ലും 2006ലുമെല്ലാം വെനസ്വേലയിൽ കലാപമുണ്ടാക്കാൻ ശ്രമം നടത്തിയതിലും മച്ചാഡൊ മുന്നിലുണ്ടായിരുന്നു. 2006ൽ ഹ്യൂഗൊ ഷാവെസിനെ തിരിച്ചുവിളിക്കാൻ ഹിതപരിശോധനയ്‌ക്ക്‌ അവരുൾപ്പെടെ പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോൾ ഷാവേസ്‌ അതംഗികരിച്ചു തിരഞ്ഞെടുപ്പു നടത്തി. എന്നാൽ അപ്പോഴും ജനവിധി ഷാവേസിനനുകൂലമായിരുന്നു. എന്നിട്ടും മച്ചാഡൊയും കൂട്ടാളികളും അടങ്ങിയില്ല.

ജനാധിപത്യവും സമാധാനവുമെന്നാൽ മച്ചാഡൊ ഉൾപ്പെടെയുള്ള വെനസ്വേലയിലെ പ്രതിപക്ഷത്തിന്‌ ആ രാജ്യത്തിന്റെ എണ്ണയും അമൂല്യങ്ങളായ ധാതുവിഭവങ്ങളും ആഗോള കുത്തകകൾക്ക്‌ കൊള്ളയടിക്കാൻ തുറന്നുകൊടുക്കലാണ്‌. അതെല്ലാം ദേശസാൽക്കരിക്കുകയും ഭൂപരിഷ്‌കരണം നടപ്പാക്കുകയും ജനങ്ങൾക്ക്‌ വിദ്യാഭ്യാസവും ആരോഗ്യവും ഉറപ്പാക്കുകയും രാജ്യത്ത്‌ ദാരിദ്ര്യവും അസമത്വവും ഇല്ലാതാക്കാൻ ശ്രമിച്ചതുമാണ്‌ വെനസ്വേലയിലെ ഷാവേസിനും ഇപ്പോൾ മദുറൊയ്‌ക്കുമെതിരെ കലാപമുണ്ടാക്കാൻ മച്ചാഡൊയെയും കൂട്ടരെയും പ്രേരിപ്പിക്കുന്നത്‌. തിരഞ്ഞെടുപ്പിലൂടെ വെനസ്വേലയുടെ പ്രസിഡന്റാകാൻ മച്ചാഡൊ നടത്തിയ പരിശ്രമം ജനപിന്തുണയില്ലാതെ പൊളിഞ്ഞുപോയി.

സൈനിക അട്ടിമറികൾക്കും രാജ്യത്ത്‌ കലാപമഴിച്ചുവിട്ട്‌ സമാധാനജീവിതം അസാധ്യമാക്കിയതിനുമാണ്‌ നൊബേൽ കമ്മിറ്റി ഈ വർഷം ‘സമാധാന’ത്തിനുള്ള സമ്മാനം നൽകിയതെന്നു വ്യക്തം. അമേരിക്കയോട്‌ അവർ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്‌ വെനസ്വേലയ്‌ക്കു നേരെ സൈനികാക്രമണം നടത്തി ഇടതുപക്ഷഭരണം അവസാനിപ്പിക്കണമെന്നാണ്‌. ഇപ്പോൾ ട്രംപ്‌ അതിനാണ്‌ നീക്കം നടത്തുന്നതും. അപ്പോൾ സമാധാനത്തിനുള്ള നൊബേൽ സമ്മാനം യുദ്ധത്തിനാണ്‌ നൽകുന്നത്‌. യൂറോപ്യൻ യൂണിയനോടും അമേരിക്കയോടും വെനസ്വേലയ്‌ക്കുമേൽ ഉപരോധമേർപ്പെടുത്തി ആ രാജ്യത്തെ ജനങ്ങളെ പട്ടിണിക്കിട്ടും ചികിത്സ കിട്ടാതെയും ഇഞ്ചിഞ്ചായി കൊല്ലണമെന്ന ആഹ്വാനമാണ്‌ സാന്പത്തികശാസ്‌ത്രത്തിൽ ബിരുദാനന്തരബിരുദം കൂടിയുള്ള, ഈ എഞ്ചിനീയർ നടത്തുന്നത്‌. മാത്രമല്ല, 2024ൽ അവർ ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിനോട്‌ ആവശ്യപ്പെട്ടത്‌ ഗാസയിൽ നടത്തുന്നതുപോലെ വെനസ്വേലയിലും ബോംബാക്രമണം നടത്തണമെന്നാണ്‌. അമേരിക്കയിൽ പ്രവാസികളായി കഴിഞ്ഞിരുന്ന വെനസ്വേലക്കാരെ ട്രംപ്‌ ഭരണം പിടികൂടി എൽ സാൽവദോറിലെ പീഡന ക്യാന്പുകളിൽ അടച്ച്‌ കൊല്ലാക്കൊല ചെയ്‌തതിനെയും ന്യായീകരിക്കാൻ മച്ചാഡൊയ്‌ക്ക്‌ മടിയുണ്ടായില്ല. ഇതെല്ലാമാണ്‌ സമാധനത്തിന്‌ നൊബേൽ സമ്മാനം നേടിയ ഈ വനിതയുടെ സവിശേഷതകൾ. അങ്ങനെ സ്വീഡനിലെ നൊബേൽ കമ്മിറ്റി തങ്ങളുടെ സാമ്രാജ്യത്വ പക്ഷപാതിത്വം ഒരിക്കൽകൂടി തെളിയിച്ചിരിക്കുന്നു.

2009ൽ അമേരിക്കൻ പ്രസിഡന്റായിരുന്ന ബറാക്‌ ഒബാമയ്‌ക്കായിരുന്നു സമാധാന സമ്മാനം നൊബേൽ കമ്മിറ്റി നൽകിയത്‌. ഇതേ ഒബാമ തന്നെയാണ്‌ ലിബിയയ്‌ക്കുമേൽ ആക്രമണം നടത്തി, അവിടത്തെ ഭരണാധികാരി കേണൽ ഗദ്ദാഫിയെ കൊലപ്പെടുത്തുകയും ആയിരക്കണക്കിനാളുകളെ കൊന്നൊടുക്കുകയും ആ രാജ്യത്തെതന്നെ തകർക്കുകയും ചെയ്‌തത്‌; ഇറാഖിലും അഫ്‌ഗാനിസ്താനിലും സൈനികാക്രമണം തീവ്രമാക്കിയത്‌, ഏഷ്യയിൽ കേന്ദ്രീകരിക്കുകയെന്ന പദ്ധതിയിലുടെ ചൈനയെ വലയം ചെയ്യാനായി സൗത്ത്‌ ചൈന കടലിൽ സൈനിക കേന്ദ്രീകരണം നടത്തിയതും ഒബാമയുടെ ഭരണകാലത്തെ സമാധാന നീക്കങ്ങളിൽപെടുന്നു!

ഏറെ ആഘോഷിച്ച സമാധാന സമ്മാനങ്ങളാണ്‌ മ്യാൻമറിലെ ആങ്‌സാൻ സൂകിക്കും ബംഗ്ലാദേശിലെ സാന്പത്തികശാസ്‌ത്രജ്ഞൻ യൂനുസിനും നൽകപ്പെട്ടത്‌. എന്നാൽ സൂകിയുടെ ഭരണത്തിലാണ്‌ രോഹിംഗ്യൻ ജനതയെ കൂട്ടക്കൊല നടത്തിയതും അവരെ ആട്ടിയോടിച്ചതുമെന്ന കാര്യം മറക്കാനാവില്ല. യൂനുസാകട്ടെ, ഇപ്പോൾ ബംഗ്ലാദേശിൽ സ്വേച്ഛാധിപത്യ വാഴ്‌ച നടത്തുകയാണ്‌.

മഹാത്മാഗാന്ധിക്ക്‌ സമാധാനത്തിനുള്ള സമ്മാനം നൽകാൻ തയ്യാറാകാത്ത നൊബേൽ കമ്മിറ്റി മറിയ മച്ചാഡൊയ്‌ക്കും ഒബാമയ്‌ക്കും നൽകിയതിൽ അത്ഭുതപ്പെടേണ്ട. പോളണ്ടിലെ ലെ വലേസയ്‌ക്കും ഗോർബച്ചേവിനും ദലായ്‌ലാമയ്‌ക്കും നൊബേൽ സമാധാനസമ്മാനം നൽകിയതിൽനിന്നുതന്നെ നൊബേൽ കമ്മിറ്റിയുടെ രാഷ്‌ട്രീയ നിലപാട്‌ വ്യക്തമാകുന്നു.

1973ൽ അമേരിക്കൻ സ്‌റ്റേറ്റ്‌ സെക്രട്ടറി ഹെൻറി കിസിഞ്ചർക്കും വിയറ്റ്‌നാം വർക്കേഴ്‌സ്‌ പാർട്ടി പൊളിറ്റ്‌ ബ്യൂറോ അംഗം ലെ സക്‌ തൊയ്‌ക്കുമായി നൽകാൻ നൊബേൽ കമ്മിറ്റി തീരുമാനിച്ചെങ്കിലും ലെ സക്‌ തൊ അത്‌ തനിക്ക്‌ വേണ്ടെന്ന്‌ പ്രസ്‌താവിച്ച്‌ നൊബേൽ കമ്മിറ്റിയെ പരിഹാസ്യരാക്കിയ കാര്യവും വിസ്‌മരിക്കാനാവില്ല. 1972ൽ വിയറ്റ്‌നാമിൽ വെടിനിർത്തലിനായി കൂടിയാലോചന നടത്തിയതിന്റെ പേരിലായിരുന്നു കിസിഞ്ചർക്കും വിപ്ലവകാരിയായ തോയ്‌ക്കും സമാധാനസമ്മാനം നൽകാൻ നൊബേൽ കമ്മിറ്റി തീരുമാനിച്ചത്‌. നൊബേൽ സമിതിയുടെ രാഷ്‌ട്രീയ പക്ഷപാതിത്വത്തിനെതിരെ ആഞ്ഞടിക്കുകയായിരുന്നു വിയറ്റ്‌നാം വിമോചന പോരാളിയും കമ്യൂണിസ്റ്റ്‌ നേതാവുമായ ലെ സക്‌തൊ. തനിക്കു കിട്ടിയ സമ്മാനം സ്വീഡിഷ്‌ അക്കാദമിക്കു മുന്നിൽ സക്‌തൊ വലിച്ചെറിഞ്ഞു. അപ്പോൾ സമാധാനം എന്ന ആശയത്തെതന്നെ ആവർത്തിച്ച്‌ വികലവും പരിഹാസ്യവുമാക്കുകയാണ്‌ സ്വീഡിഷ്‌ അക്കാദമി. അതിന്റെ തുടർച്ചയാണ്‌ മച്ചാഡൊയ്‌ക്കുള്ള ഈ വർഷത്തെ സമ്മാനം. l

Hot this week

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 11

ലെനിന്റെ വിപ്ലവപദ്ധതിയും ഇസ്‌ക്രയും ‘‘1905ൽ ലെനിന്റെ ആദ്യകാല സഹപ്രവർത്തകനും പിൽക്കാലത്തെ കടുത്ത...

മല്ലു സ്വരാജ്യം

തെലങ്കാന സമരനായികയും സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ തലമുതിർന്ന നേതാവുമായിരുന്നു മല്ലു...

ദിലീപ്  കേസിന്റെ പ്രാധാന്യവും  നൈതികപ്രശ്നങ്ങളും

ദിലീപ് കേസ്‌  എന്നറിയപ്പെടുന്ന കൊട്ടേഷൻ ബലാത്സംഗസംഭവം നിയമ ,സാമൂഹ്യ,ലിംഗനീതി,മനുഷ്യാവകാശ  ചരിത്രത്തിൽ പല...

കതിർക്കനമുള്ള പെണ്ണുങ്ങളുടെ ലോകം

കെ.ആർ. മീരയുടെ കൃതികളിലെ പെൺമയുടെ ഈടുവെപ്പുകളെക്കുറിച്ച് പി.കെ. അനിൽകുമാർ രചിച്ച പഠനഗ്രന്ഥമാണ്...

ജീവിതവും കുറ്റാന്വേഷവും ഉൾച്ചേരുന്ന കാന്ത

1950 കാലഘട്ടത്തിലെ മദ്രാസിലെ സിനിമാമേഖലയാണ്‌ കാന്തയുടെ പശ്ചാത്തലം. തമിഴ്‌ സിനിമയിലെ താരമായ...

Topics

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 11

ലെനിന്റെ വിപ്ലവപദ്ധതിയും ഇസ്‌ക്രയും ‘‘1905ൽ ലെനിന്റെ ആദ്യകാല സഹപ്രവർത്തകനും പിൽക്കാലത്തെ കടുത്ത...

മല്ലു സ്വരാജ്യം

തെലങ്കാന സമരനായികയും സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ തലമുതിർന്ന നേതാവുമായിരുന്നു മല്ലു...

ദിലീപ്  കേസിന്റെ പ്രാധാന്യവും  നൈതികപ്രശ്നങ്ങളും

ദിലീപ് കേസ്‌  എന്നറിയപ്പെടുന്ന കൊട്ടേഷൻ ബലാത്സംഗസംഭവം നിയമ ,സാമൂഹ്യ,ലിംഗനീതി,മനുഷ്യാവകാശ  ചരിത്രത്തിൽ പല...

കതിർക്കനമുള്ള പെണ്ണുങ്ങളുടെ ലോകം

കെ.ആർ. മീരയുടെ കൃതികളിലെ പെൺമയുടെ ഈടുവെപ്പുകളെക്കുറിച്ച് പി.കെ. അനിൽകുമാർ രചിച്ച പഠനഗ്രന്ഥമാണ്...

ജീവിതവും കുറ്റാന്വേഷവും ഉൾച്ചേരുന്ന കാന്ത

1950 കാലഘട്ടത്തിലെ മദ്രാസിലെ സിനിമാമേഖലയാണ്‌ കാന്തയുടെ പശ്ചാത്തലം. തമിഴ്‌ സിനിമയിലെ താരമായ...

വർഗസമരവും മാധ്യമങ്ങളും‐ 12

പത്രപ്രവർത്തന ചരിത്രം ഇന്ത്യ ബ്രിട്ടീഷ്- കോളനി ആയിരുന്ന കാലത്താണ് നമ്മുടെ പത്രപ്രവർത്തന ചരിത്രം...

പോൾ ഗോഗിനും സ്വതന്ത്രചിന്തയുടെ ആവിഷ്‌കാരങ്ങളും

സാമ്പ്രദായിക രീതിയിൽനിന്ന്‌ മാറി ടാഹിറ്റിയിലെ കറുത്ത മനുഷ്യരെ ചേർത്തുപിടിക്കുകയും അവരുടെ ജീവിതവഴികളോടൊപ്പം...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 10

ഇസ്‌ക്രാദിനങ്ങൾ ‘‘ലെനിനെ സംബന്ധിച്ചിടത്തോളം യൂറോപ്യൻ ജീവിതം ഒരു ഒഴിവുകാലം ചെലവഴിക്കലായിരുന്നില്ല. അദ്ദേഹം റഷ്യയ്‌ക്കു...
spot_img

Related Articles

Popular Categories

spot_imgspot_img