എം എൽ എമാർക്ക്, തങ്ങളെ തിരഞ്ഞെടുത്ത ജനങ്ങളോട് പ്രതിബദ്ധത വേണ്ടേ?

പ്രീജിത്‌ രാജ്‌

നങ്ങൾ തങ്ങളുടെ ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്, തങ്ങളുടെ നാടിന്റെ പൊതുവിലുള്ള പുരോഗതിയും വികസനവും ഉറപ്പുവരുത്തുന്ന നിയമനിർമ്മാണ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താനാണല്ലോ. കേരളത്തിലെ നിയമസഭാംഗങ്ങൾ മികവ് പുലർത്തുന്നുണ്ടോ, ഇല്ലയോ എന്നത് ജനങ്ങൾ സാകൂതം ശ്രദ്ധിക്കുന്ന കാര്യമാണ്. തങ്ങൾ പ്രതീക്ഷിക്കുന്ന തരത്തിൽ ഉയരാത്ത നിയമസഭാ സാമാജികരെ തോൽപ്പിക്കുന്ന ജനവികാരവും കേരളത്തിന് അന്യമല്ല. ഇപ്പോഴിത് പറയാൻ കാരണം പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനത്തിൽ യു ഡി എഫ് ജനപ്രതിനിധികൾ തങ്ങളെ തിരഞ്ഞെടുത്തയച്ച ജനങ്ങളോട് നിരുത്തരവാദിത്തം പ്രകടിപ്പിച്ചതിനാലാണ്. എല്ലാ ജനാധിപത്യ മര്യാദകളേയും കാറ്റിൽപ്പറത്തി, നിയമസഭാ നടപടികൾ ബഹിഷ്കരിക്കുകയും നിയമനിർമാണ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിൽക്കുകയുമായിരുന്നു യു ഡി എഫ് എം എൽ എമാർ.

സംസ്ഥാനത്ത് ഒരു നിയമം നിര്‍മ്മിക്കുന്നതിന് വിവിധ ഘട്ടങ്ങള്‍ ഉണ്ട്. ആ ഘട്ടങ്ങള്‍ എല്ലാം തന്നെ സാമാജികര്‍ക്ക് പരിചിതവുമാണ്. എന്നാല്‍, നിയമനിര്‍മ്മാണ പ്രക്രിയയില്‍ എല്ലാ അംഗങ്ങളും ഒരു പോലെ ഭാഗഭാക്കായാല്‍ മാത്രമേ പ്രസ്തുത നിയമനിര്‍മ്മാണം കൊണ്ട് ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കാന്‍ സാധിക്കുകയുള്ളൂ. അത്തരം ഗുണപരമായ ഇടപെടലുകള്‍ ആ നിയമത്തെ പൊതുജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന അര്‍ത്ഥവത്തായ ഒന്നാക്കി മാറ്റാന്‍ സാധിക്കും. ഒരു ബില്‍ നിയമമാക്കുന്നത് വരെയുള്ള പ്രക്രിയയുടെ വിവിധ ഘട്ടങ്ങളില്‍ നിയമസഭാ സാമാജികര്‍ക്ക് ഇടപെടാനും ആ നിയമത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്തുവാനും സാധിക്കും. ആ ഉത്തരവാദിത്തം പ്രതിപക്ഷ നേതാവ് അടക്കമുള്ള യു ഡി എഫ് എം എൽ എമാർ നിർവഹിച്ചിട്ടില്ല എന്നത് കാണാനാവും.

പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനത്തിൽ 21 ബില്ലുകളാണ് നിയമസഭ പാസാക്കിയത്. ജപ്തി ഭീഷണി നേരിടുന്ന പാവപ്പെട്ടവരുടെ കിടപ്പാടം സംരക്ഷിക്കാനുള്ള രാജ്യത്തെ ആദ്യ ബിൽ, 2025ലെ ഏകകിടപ്പാടം സംരക്ഷണ ബിൽ നിയമസഭ പാസാക്കുമ്പോൾ യു ഡി എഫ് എം എൽ എമാർ സഭവിട്ടിറങ്ങി. ബില്ലിന്റെ അവതരണമടക്കമുള്ള നിയമസഭാ നടപടിക്രമങ്ങൾ മുടക്കാൻ വേണ്ടി സഭയുടെ നടുത്തളത്തിലിറങ്ങി ആക്രമണമഴിച്ചുവിട്ടിട്ടും സ്പീക്കർ സഭാനടപടികളുമായി മുന്നോട്ടുപോയപ്പോഴാണ് യു ഡി എഫ് എം എൽ മാർ നിയമസഭയിൽ നിന്നിറങ്ങിപ്പോയത്. വ്യക്തികളുടെ കൈവശം നിയമപ്രകാരമുള്ള അധികഭൂമി ക്രമീകരിച്ചു നൽകുന്നതിനുള്ള 2025ലെ കേരള സ്വകാര്യ കൈവശ അധിക ഭൂമി (ക്രമീകരണ) ബിൽ, കേരള വ്യവസായ ഏകജാലക ക്ലിയറൻസ് ബോർഡുകളും വ്യവസായ നഗരവികസനവും ഭേദഗതി ബിൽ, 2025ലെ കേരള കയർ തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ബിൽ, 2025ലെ മലയാള ഭാഷാ ബിൽ, 2025ലെ സർവ്വകലാശാല നിയമങ്ങൾ (ഭേദഗതി) ബിൽ തുടങ്ങി 21 ബില്ലുകളും സംസ്ഥാനത്തെ ജനങ്ങളെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടവയായിരുന്നു. തീർച്ചയായും ഈ ബില്ലുുകൾ യു ഡി എഫ് എം എൽ എമാരെ തിരഞ്ഞെടുത്ത ജനങ്ങൾക്കു വേണ്ടിയുള്ളതുകൂടിയാണ്. ആ നിയമനിർമാണ പ്രക്രിയയിൽ പങ്കെടുക്കാതെ സഭ വിട്ടിറങ്ങിയവർ നാട്ടിലെ ജനങ്ങളോട് ഉത്തരം പറയേണ്ടതുണ്ട്.

നിയമസഭയിൽ ഒരു നിയമം പാസാക്കുന്നതിന് നടപടിക്രമങ്ങളുണ്ട്. ഒരു പ്രത്യേക വിഷയം സംബന്ധിച്ച നിയമനിര്‍മ്മാണത്തിനുള്ള പ്രൊപ്പോസല്‍ അതുമായി ബന്ധപ്പെട്ട വകുപ്പ് നിയമവകുപ്പിന് നല്‍കുകയും തുടർന്ന് നിയമവകുപ്പ് കരട് ബില്‍ തയ്യാറാക്കി ബില്ലിന്റെ രൂപത്തില്‍ നിയമസഭയിൽ സമർപ്പിക്കുകയും ചെയ്യണം. നിയമസഭ ഈ ബില്‍ ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടു കൂടി പ്രസ്തുത ബില്‍ നിയമസഭയുടെ ഭാഗമാകും. ഈ ബില്‍, കാര്യോപദേശക സമിതി തീരുമാനിക്കുന്ന ദിവസം സഭയില്‍ അവതരണത്തിനെത്തും. ആ ഘട്ടം മുതല്‍ നിയമസഭാ സാമാജികര്‍ക്ക് ബില്ലിന്റെ അല്ലെങ്കിൽ നിയമത്തിന്റെ ചര്‍ച്ചയില്‍ ഇടപെട്ട് ഗുണപരമായ മാറ്റങ്ങള്‍ വരുത്തുവാന്‍ സാധിക്കും. അത്തരത്തിലുള്ള ഇടപെടലുകൾ നടത്താതിരിക്കുമ്പോൾ, തങ്ങൾ പ്രതിനിധീകരിക്കുന്ന ജനങ്ങളെ അപമാനിക്കുകയാണ് നിയമസഭാംഗങ്ങൾ ചെയ്യുന്നത്. ജനങ്ങൾ നിയമസഭാ സാമാജികരെ നിയമസഭയിലേക്ക് അയക്കുന്നത് ആവശ്യമില്ലാത്ത കാര്യങ്ങൾക്ക് നടുത്തളത്തിലിറങ്ങി ബഹളം വെക്കാനല്ല. ദൗർഭാഗ്യവശാൽ യു ഡി എഫ് എം എൽ എമാർ അങ്ങനെയാണ് ചെയ്യുന്നത്.

ഒരു ബില്‍ പ്രസിദ്ധീകരിച്ച് അതിന്റെ പ്രതി ലഭിക്കുമ്പോള്‍ത്തന്നെ ബില്ലിന്റെ ഉദ്ദേശ്യകാരണങ്ങള്‍ വായിച്ച് നിയമനിര്‍മ്മാണത്തിന്റെ ആവശ്യകത എന്തെന്ന് മനസ്സിലാക്കി, വകുപ്പുകളില്‍ എന്തെല്ലാം നിര്‍ദ്ദേശങ്ങളാണുള്ളത് എന്ന് അപഗ്രഥിക്കണം. ബില്ലിനാധാരമായ വിഷയത്തിന്റെ നാനാവശങ്ങളും ഗഹനമായി മനസ്സിലാക്കി ബന്ധപ്പെട്ടവരില്‍ നിന്നെല്ലാം അഭിപ്രായം തേടി ആവശ്യാനുസരണം ഭേദഗതികള്‍ നിര്‍ദേശിക്കാന്‍ നിയമസഭാംഗത്തിന് സാധിക്കണം. പൊതുജനങ്ങളില്‍ നിന്നും വിഷയ വിദഗ്ധരില്‍ നിന്നും ബില്ലിന്മേല്‍ പ്രതികരണം ആരായാം. ബില്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് ആ ബില്ലിലെ വ്യവസ്ഥകള്‍ ഏതെങ്കിലും രീതിയില്‍ ദോഷകരമാകുന്നതോ, ഭരണഘടനയ്ക്ക് വിരുദ്ധമാകുന്നതോ ആണെന്നു തോന്നിയാൽ ബില്ലിന്റെ അവതരണവേളയില്‍ നിയമസഭാംഗത്തിന് അത് ചൂണ്ടിക്കാട്ടാനാവും. അത്തരത്തിലുള്ള ഇടപെടലിന്റെ നിരവധി ഉദാഹരണങ്ങൾ കാണാനാവും. കേരള കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണ മിശ്രിതം(ഉല്‍പാദനവും, വില്പനയും നിയന്ത്രിക്കല്‍) ബില്ലിന്റെ അവതരണ വേളയില്‍ ബില്ലില്‍ കടന്നുകൂടിയ അപാകത സംബന്ധിച്ച് എൽ ഡി എഫ് എം എൽ എ, മാത്യു റ്റി. തോമസ് ഇടപെട്ടത് ഒരുദാഹരണമാണ്. അന്ന് എം എൽ എ ചൂണ്ടിക്കാട്ടിയ അപാകത സെലക്ട് കമ്മിറ്റി പരിശോധിക്കണമെന്ന് നിയമസഭാ സ്പീക്കര്‍ ആവശ്യപ്പെടുകയും ചെയ്തു. ഇത്തരത്തിലുള്ള ഇടപടലുകൾ നടത്തണമെങ്കിൽ നിയമസഭയിൽ ഇരിക്കണം. നിയമസഭാ നടപടിക്രമങ്ങളുമായി സഹകരിക്കണം. എന്നാൽ, പ്രധാനപ്പെട്ട 21 ബില്ലുകൾ നിയമസഭ പാസാക്കാനൊരുങ്ങുമ്പോൾ കരുതിക്കൂട്ടി പ്രശ്നങ്ങൾ ഉണ്ടാക്കി, നിയമസഭയിൽ നിന്നും പുറത്തിറങ്ങിയ യു ഡി എഫ് എം എൽ മാർ നിയമനിർമ്മാണത്തിന്റെ ഗൗരവത്തെ കാറ്റിൽപ്പറത്തുകയായിരുന്നു.

ഇപ്പോൾ നിയമസഭ പാസാക്കിയ ബില്ലുകൾ സബ്ജക്ട്/സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കായി അയയ്ക്കണമെന്ന് പ്രമേയത്തിലൂടെ മന്ത്രി ആവശ്യപ്പെട്ടപ്പോൾ, വേണമെങ്കിൽ യു ഡി എഫ് എം എൽ എ മാർക്ക് ഭേദഗതി നോട്ടീസുകള്‍ നല്‍കാൻ സാധിക്കുമായിരുന്നു. പൊതുജനാഭിപ്രായം ആരായുന്നതിനോ, സബ്ജക്ട് /സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയയ്ക്കുന്നതിനോ നിർദേശിക്കുന്നതാണ് ഭേദഗതി പ്രമേയം. ഭേദഗതി നോട്ടീസ് നല്കുന്ന അംഗങ്ങളില്‍ നിന്ന് നറുക്കെടുപ്പിലൂടെ അവസരം ലഭിക്കുന്ന അംഗങ്ങള്‍ക്ക് ബില്ലിന്റെ അവതരണവേളയില്‍ മന്ത്രിയുടെ പ്രമേയം അവതരിപ്പിച്ചതിനുശേഷം തങ്ങളുടെ പ്രമേയങ്ങള്‍ അവതരിപ്പിക്കുന്നതിനും ബില്ലിലെ വ്യവസ്ഥകള്‍ സംബന്ധിച്ച് പൊതുവായ കാര്യങ്ങള്‍ സഭയില്‍ അവതരിപ്പിക്കുന്നതിനും സാധിക്കും. പുതുതായി അവതരിപ്പിക്കുന്ന ബില്ലിന്മേല്‍ നാല് അംഗങ്ങള്‍ക്കും ഭേദഗതി ബില്ലില്‍ രണ്ട് അംഗങ്ങള്‍ക്കും ഇത്തരത്തില്‍ അവസരം ലഭിക്കും.

നിയമനിര്‍മ്മാണ പ്രക്രിയയില്‍ ഏറ്റവും ഫലപ്രദമായി എം എൽ എയ്ക്ക് ഇടപെടാന്‍ കഴിയുന്നത് ആ ബില്ലിന്റെ വകുപ്പു തിരിച്ചുള്ള (Clause by clause) പരിഗണനയിലാണ്. വകുപ്പു തിരിച്ചുള്ള ഭേദഗതി നോട്ടീസ് ബില്‍ പരിഗണിക്കുന്നതിന് രണ്ടു ദിവസം മുന്‍പായി, അല്ലെങ്കില്‍ നിയമസഭാ സ്പീക്കര്‍ അനുവദിക്കുന്ന സമയം വരെ ഏതൊരു എം എൽ എയ്ക്കും നല്‍കാൻ സാധിക്കും. ബില്ലിലെ വകുപ്പുകൾ സൂക്ഷ്മമായി പരിശോധിച്ച് ഭേദഗതികള്‍ നിര്‍ദേശിക്കാൻ പറ്റും.

നിയമസഭ പാസാക്കുന്ന ഒരു ബില്ല് കുറ്റമറ്റതായി മാറുന്നത്, ബില്ലിന്റെ വകുപ്പു തിരിച്ചുള്ള പരിഗണനാ വേളയില്‍ എം എൽ എ തന്റെ ഭേദഗതി മൂവ് ചെയ്ത്, ആ ഭേദഗതിയുടെ അനിവാര്യത സഭയെ ബോധ്യപ്പെടുത്തുന്നതിലൂടെയും ചുമതലയുള്ള മന്ത്രി ഈ ഭേദഗതി ആവശ്യമുള്ളതാണോ ഇല്ലയോ എന്ന് വ്യക്തമാക്കുകയും എം എൽ എ പറഞ്ഞ കാരണം അര്‍ത്ഥവത്തായതാണെങ്കില്‍ അത് സ്വീകരിക്കുകയും ചെയ്യുന്നതിലൂടെയാണ്. അപ്പോഴാണ് ബില്ലിന്റെ വകുപ്പുതിരിച്ചുള്ള ഭേദഗതി നിര്‍ദ്ദേശങ്ങള്‍ ക്രിയാത്മകമാകുന്നത്. ഇത്തരത്തിലുള്ള ഭേദഗതികള്‍ അവതരിപ്പിക്കാന്‍ അംഗവും ഇതിനു മറുപടി പറയാനും ഈ ഭേദഗതികള്‍ വേണമെങ്കില്‍ സ്വീകരിക്കാനും മന്ത്രിയും വളരെ ഗൃഹപാഠം ചെയ്യേണ്ടതായുണ്ട്. യു ഡി എഫ് എം എൽ മാരിൽ ഭൂരിഭാഗവും ഇത്തരം കാര്യങ്ങളോട് പുറംതിരിഞ്ഞു നിൽക്കുന്നവരാണ്. യു ഡി എഫുകാർ കൊട്ടിഘോഷിച്ചുകൊണ്ടുവന്ന് എം എൽ എ ആക്കിയ മുൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഇപ്പോൾ നിയമസഭയിൽ പോലും വരാറില്ല.

കേരളത്തിന്റെ ചരിത്രത്തിൽ ഇന്നുവരെ ഇത്തരത്തിൽ ഉത്തരവാദിത്തരഹിതമായ പ്രവർത്തനം കാഴ്ചവെക്കുന്നൊരു പ്രതിപക്ഷം ഉണ്ടായിട്ടില്ല. കോൺഗ്രസും അവർ നയിക്കുന്ന ഐക്യജനാധിപത്യ മുന്നണിയും തകർന്നിരിക്കുന്നു എന്നതിന് ഉദാഹരണമായി നിയമസഭാ പ്രകടനങ്ങളെ വിലയിരുത്താനാവും. കോൺഗ്രസിന്റെ ഇത്തരം രീതികളോട് മുസ്ലീംലീഗ് അടക്കമുള്ള ഘടകകക്ഷികൾക്ക് വിയോജിപ്പാണുള്ളത്. മറ്റു മാർഗങ്ങൾ മുന്നിലില്ലാത്തതു കൊണ്ടാണ് അവർ മിണ്ടാതിരിക്കുന്നത്. നിയമസഭയിൽ അടിയന്തിര പ്രമേയത്തിനുള്ള നോട്ടീസ് കൊടുക്കാതെ, ചോദ്യോത്തര വേളയടക്കമുള്ള സഭാ നടപടികൾ സ്തംഭിപ്പിക്കുന്ന പ്രതിപക്ഷ നേതാവിന്റേയും കോൺഗ്രസിന്റേയും പ്രവണത ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് മുസ്ലീംലീഗിലെ മുതിർന്ന നേതാക്കൾ വിലയിരുത്തുന്നത്. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ നിയമസഭയിൽ നടത്തുന്ന പ്രതിലോമകരമായ ഇടപെടലുകളിൽ നിന്നു വിട്ടുനിൽക്കാനും യു ഡി എഫ് ഘടകകക്ഷികൾക്ക് സാധിക്കുന്നില്ല. എന്തായാലും നിയമസഭയിലെ യു ഡി എഫ് എം എൽ എമാരുടെ പ്രകടനം ജനങ്ങളോടും ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയാണ്. ഇതിന് കേരളം മറുപടി നൽകുമെന്നതിൽ സംശയം വേണ്ട. l

Hot this week

ലെനിൻ: സെെദ്ധാന്തിക
തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 3

കുടുംബം, ബാല്യം 1922ൽ സോവിയറ്റ് യൂണിയനിൽ നടന്ന സെൻസസിൽ വ്യക്തിഗതമായ വിവരങ്ങൾ രേഖപ്പെടുത്താനെത്തിയ...

മനുഷ്യർക്കാവണം മുൻഗണന: തെരുവുനായ ഭീഷണിക്ക് അറുതി വരുത്തുക

പീപ്പിള്‍സ് ഡെമോക്രസിയില്‍ സുബിൻ ഡെന്നിസ് എഴുതിയ ലേഖനത്തിന്റെ പരിഭാഷ ഇന്ത്യയിലുടനീളമുള്ള ജനങ്ങൾക്ക് വലിയ...

തപോമയിയുടെ അച്ഛൻ ആദരിക്കപ്പെടുമ്പോൾ 

ഗോപാൽ ബറുവ എന്ന വയോവൃദ്ധൻ ഗൂഢചിഹ്നങ്ങളാലും നിഗൂഢതകളാലും രൂപപ്പെട്ട ഒരു ദുരൂഹവ്യക്തിത്വമാണ്...

ഇന്ത്യ എന്ന ആശയം

GAYATHRI CHAKRAVORTHY SPIVAK- ROMILA THAPPAR `The Idea of India`...

ചലനാത്മകമായ പ്രകൃതിദൃശ്യങ്ങൾ

‌‌‌ഭൂഭാഗ ദൃശ്യരചന (പ്രകൃതിദൃശ്യരചന)യിൽ പുതിയ കാഴ്‌ചപ്പാട്‌ നൽകിയ പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന...

Topics

ലെനിൻ: സെെദ്ധാന്തിക
തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 3

കുടുംബം, ബാല്യം 1922ൽ സോവിയറ്റ് യൂണിയനിൽ നടന്ന സെൻസസിൽ വ്യക്തിഗതമായ വിവരങ്ങൾ രേഖപ്പെടുത്താനെത്തിയ...

മനുഷ്യർക്കാവണം മുൻഗണന: തെരുവുനായ ഭീഷണിക്ക് അറുതി വരുത്തുക

പീപ്പിള്‍സ് ഡെമോക്രസിയില്‍ സുബിൻ ഡെന്നിസ് എഴുതിയ ലേഖനത്തിന്റെ പരിഭാഷ ഇന്ത്യയിലുടനീളമുള്ള ജനങ്ങൾക്ക് വലിയ...

തപോമയിയുടെ അച്ഛൻ ആദരിക്കപ്പെടുമ്പോൾ 

ഗോപാൽ ബറുവ എന്ന വയോവൃദ്ധൻ ഗൂഢചിഹ്നങ്ങളാലും നിഗൂഢതകളാലും രൂപപ്പെട്ട ഒരു ദുരൂഹവ്യക്തിത്വമാണ്...

ഇന്ത്യ എന്ന ആശയം

GAYATHRI CHAKRAVORTHY SPIVAK- ROMILA THAPPAR `The Idea of India`...

ചലനാത്മകമായ പ്രകൃതിദൃശ്യങ്ങൾ

‌‌‌ഭൂഭാഗ ദൃശ്യരചന (പ്രകൃതിദൃശ്യരചന)യിൽ പുതിയ കാഴ്‌ചപ്പാട്‌ നൽകിയ പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന...

നൃപൻ ചക്രവർത്തി

ബംഗാളിയായി ജനിച്ച, ത്രിപുരയിലെ മഹാഭൂരിപക്ഷം വരുന്ന ആദിവാസികളുടെ വിമോചന നായകനായിരുന്നു നൃപർ...

വർഗസമരവും മാധ്യമങ്ങളും

അധ്യായം 4: ആഗോള അസ്തിത്വങ്ങൾ ആഗോള തലത്തിലുള്ള മാധ്യമങ്ങളുടെ വളർച്ചയുടെ ഭാഗമായി പ്രധാനപ്പെട്ട...

വിശ്വാസി സമൂഹവും ഇടതുപക്ഷവും

സെപ്തംബർ 20-ന് പമ്പയിൽ നടന്ന ആഗോള അയ്യപ്പസംഗമത്തെ ചൂണ്ടിക്കാട്ടി സി പി...
spot_img

Related Articles

Popular Categories

spot_imgspot_img