മനുഷ്യർക്കാവണം മുൻഗണന: തെരുവുനായ ഭീഷണിക്ക് അറുതി വരുത്തുക

അനുശ്രീ സി പി

പീപ്പിള്‍സ് ഡെമോക്രസിയില്‍ സുബിൻ ഡെന്നിസ് എഴുതിയ ലേഖനത്തിന്റെ പരിഭാഷ

ന്ത്യയിലുടനീളമുള്ള ജനങ്ങൾക്ക് വലിയ ദുരിതമുണ്ടാക്കുന്ന തെരുവുനായ പ്രശ്നം സുപ്രീം കോടതിയുടെ ഒരു നിർദ്ദേശത്തോടെ വീണ്ടും ശ്രദ്ധ നേടിയിരിക്കുകയാണ്. ഡൽഹി-എൻ.സി.ആർ. മേഖലയിലെ തെരുവുകളിൽ നിന്ന് നായകളെ നീക്കം ചെയ്യാനായിരുന്നു 2025 ഓഗസ്റ്റ് 11-ന് കോടതിയുടെ നിർദ്ദേശം.

തെരുവുനായകളുടെ ശല്യം കാരണം ഓരോ വർഷവും ഇന്ത്യയിൽ ദശലക്ഷക്കണക്കിന് ആളുകൾക്ക് നായയുടെ കടിയേൽക്കുന്നുണ്ട്. ഇത് എണ്ണിയാലൊടുങ്ങാത്തത്ര  ആളുകളില്‍ പരിക്കുകൾ, വൈകല്യങ്ങൾ, മാനസിക പ്രയാസങ്ങൾ, മരണം എന്നിവയ്ക്ക് കാരണമാകുന്നുണ്ട്. ഓഗസ്റ്റ് 11-ലെ നിർദ്ദേശം പിന്നീട് സുപ്രീം കോടതിയിലെ മൂന്നംഗ ബെഞ്ച് തിരുത്തിയെങ്കിലും, കോടതിയുടെ ഈ ഇടപെടൽ തെരുവുനായ ശല്യത്തിന് ഫലപ്രദമായ പരിഹാരങ്ങൾ കണ്ടെത്താനുള്ള ചർച്ചകൾക്ക് വലിയൊരവസരമാണ് നൽകിയത്.

ഇന്ത്യയുടെ പല ഭാഗങ്ങളിലും മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘർഷം വർധിക്കുകയും നിരവധി മനുഷ്യ ജീവനുകളും കന്നുകാലികളും നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ, പൊതുവായി മൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നതിന് ശാസ്ത്രീയമായ സമീപനം അത്യാവശ്യമാണെന്ന കാര്യം ജനശ്രദ്ധയിൽ കൊണ്ടുവരാനും ഈ വിധി അവസരം തുറന്നിടുന്നുണ്ട്.

ഔദ്യോഗിക കണക്കുകൾ പ്രകാരം, 2024-ൽ ഇന്ത്യയിൽ 37 ലക്ഷം (3.7 മില്യൺ) പേർക്കാണ് നായയുടെ കടിയേറ്റത്. പേ വിഷബാധ (റാബിസ്) മൂലമുള്ള മരണസംഖ്യ സംബന്ധിച്ച് വിവിധ കണക്കുകളുണ്ട്. 2025 ജനുവരിയിൽ ‘ദി ലാൻസെറ്റ് ഇൻഫെക്ഷ്യസ് ഡിസീസസ്’ ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് ഇത് പ്രതിവർഷം 5,700 ആണ്. എന്നാൽ ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കുകൾ 18,000 മുതൽ 20,000 വരെയാണ്.

പേ വിഷബാധ മൂലമുള്ള മരണം മാത്രമല്ല ഇവിടുത്തെ പ്രശ്നം. പേ ഇല്ലാത്ത നായകൾ ആക്രമിക്കുന്നതും ജീവന് ഭീഷണിയാകാം. നായയുടെ കടി വേദനാജനകമാണ്, അത് ഗുരുതരമായ പരിക്കുകൾക്കും വൈകല്യങ്ങൾക്കും കാരണമായേക്കാം. കുട്ടികൾ, പ്രായമായവർ, ഭിന്നശേഷിക്കാർ എന്നിവരാണ് തെരുവുനായ ആക്രമണത്തിന് കൂടുതൽ ഇരകളാകുന്നത്.

ദുരിതം പേറുന്നത് പാവപ്പെട്ടവരും ഇടത്തരക്കാരും

തെരുവുനായ ആക്രമണങ്ങളെക്കുറിച്ചുള്ള വാർത്താ റിപ്പോർട്ടുകൾ പരിശോധിച്ചാൽ, ഇത്തരം ആക്രമണങ്ങളിൽ മരിച്ചവരിൽ ഭൂരിഭാഗവും ദരിദ്രരും താഴ്ന്ന ഇടത്തരം വിഭാഗങ്ങളിൽപ്പെട്ടവരുമാണ് എന്ന് മനസ്സിലാക്കാം. ഇവർ നമ്മുടെ രാജ്യത്തെ ജനസംഖ്യയിൽ വലിയൊരു ഭാഗമാണ്. ജോലിസ്ഥലത്തേക്കും ബസ് സ്റ്റോപ്പുകളിലേക്കും മാർക്കറ്റുകളിലേക്കും മറ്റും നടന്നുപോകുന്നതും കൂടുതലും ഇത്തരത്തിലുള്ള സാധാരണക്കാരാണ്. ഈ പാവങ്ങളുടെ വീടുകൾക്ക് തെരുവുനായകളെ ഒരു പരിധി വരെ അകറ്റി നിർത്താൻ മതിലുകളോ വേലികളോ ഉണ്ടാകാനുള്ള സാധ്യതയും കുറവാണ്.

ബാംഗ്ലൂരിൽ വഴിയോര കച്ചവടക്കാരനായ അച്ഛന്റെയും വീട്ടമ്മയായ അമ്മയുടെയും മകളായ നാലു വയസ്സുകാരി ഖദീറ ബാനു വീടിന് പുറത്ത് കളിക്കുന്നതിനിടെ മുഖത്തും മറ്റ് ശരീരഭാഗങ്ങളിലും തെരുവുനായയുടെ കടിയേറ്റ് പേ വിഷബാധയേറ്റ് മരിച്ചു. ഉത്തർപ്രദേശിലെ ബിജ്‌നോർ ജില്ലയിൽ 62 വയസ്സുള്ള മുന്നി ദേവി നെൽപ്പാടത്ത് കള പറിക്കുന്നതിനിടെ കൂട്ടമായെത്തിയ നായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഒഡീഷയിലെ ബൊലാംഗീറിൽ പേ ബാധിച്ച നായയുടെ കടിയേറ്റ് ദേശീയ പാരാ അത്‌ലറ്റായ 33 വയസ്സുള്ള ജോഗേന്ദ്ര ഛത്രിയയും 48 വയസ്സുള്ള കർഷകൻ ഹൃഷികേശ് റാണയും മരണപ്പെട്ടു. കേരളത്തിൽ കൊല്ലത്ത് തെരുവുനായയുടെ കടിയേറ്റ് ഒരു മാസത്തോളം പേ വിഷബാധയുമായി മല്ലിട്ട ഏഴ് വയസ്സുകാരി നിയ, ഇമ്മ്യൂണോഗ്ലോബുലിൻ സിറവും മൂന്ന് ഡോസ് പേ വിഷബാധ വാക്‌സിനും എടുത്തിട്ടും മരണപ്പെട്ടു. കഴിഞ്ഞ മാസങ്ങളിൽ ഇന്ത്യയിൽ തെരുവുനായ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ ചില ഉദാഹരണങ്ങൾ മാത്രമാണിത്.

ഇത്രയേറെ ഭീകരമായ സംഭവങ്ങൾ ഉണ്ടായിട്ടും, പല തെരുവുനായ പക്ഷവാദികളും (Stray dog advocates) ഇരകളെയാണ് കുറ്റപ്പെടുത്തുന്നത്. ‘പ്രകോപിപ്പിച്ചില്ലെങ്കിൽ’ തെരുവുനായകൾ മനുഷ്യരെ ആക്രമിക്കില്ല എന്നാണ് ഇവരുടെ വാദം. എന്നാൽ, സമീപ വർഷങ്ങളിലുണ്ടായ നിരവധി നായ ആക്രമണങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമായത് ഈ വിഷയത്തിൽ ഒരു വഴിത്തിരിവായി. യാതൊരു പ്രകോപനവുമില്ലാതെയാണ് നായകൾ ആളുകളെ ആക്രമിക്കുന്നതെന്ന് ഈ വീഡിയോകൾ വ്യക്തമായി കാണിക്കുന്നു. കുട്ടികളെ തെരുവുനായ കൂട്ടങ്ങൾ ക്രൂരമായി ആക്രമിക്കുന്ന ഭീകരമായ ദൃശ്യങ്ങൾ, തെരുവുനായ ആക്രമണത്തിന്റെ ഇരകളോട് അതുവരെ നിസ്സംഗത പുലർത്തിയിരുന്നവരുടെ പോലും മനസ്സാക്ഷിയെ പിടിച്ചുലച്ചിട്ടുണ്ട്.

മറ്റ് ജീവിവർഗങ്ങൾക്കും ഭീഷണി

തെരുവുനായകൾ മനുഷ്യരെ മാത്രമല്ല, മറ്റ് ജീവിവർഗങ്ങളെയും ആക്രമിക്കുന്നുണ്ട്. കസ്തൂരിമാൻ (വംശനാശഭീഷണി നേരിടുന്നത്), കൃഷ്ണമൃഗം (വംശനാശഭീഷണി അടുത്തുള്ളത്), ചുവന്ന പാണ്ട (വംശനാശഭീഷണി നേരിടുന്നത്), ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് (അതീവ ഗുരുതരമായ വംശനാശഭീഷണി), കഴുത്തുകറുത്ത കൊക്ക് (വംശനാശഭീഷണി അടുത്തുള്ളത്) എന്നിവയൊക്കെ ഇന്ത്യയിൽ തെരുവുനായകളിൽ നിന്ന് ഭീഷണി നേരിടുന്ന വന്യജീവികളിൽ ചിലതാണ്. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐ.യു.സി.എൻ.) റെഡ് ലിസ്റ്റിൽ പെടുത്തിയിട്ടുള്ള  191-ൽ അധികം ജീവിവർഗങ്ങൾക്ക് നായകൾ ഭീഷണിയാണെന്ന് അവര്‍ പറയുന്നു.

തെരുവുനായകൾ വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നത് ഇന്ത്യയുടെ പല ഭാഗങ്ങളിലും കർഷകരുടെ ശക്തമായ പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്. ഉദാഹരണത്തിന്, തമിഴ്നാട്ടിലെ തിരുപ്പൂർ, ഈറോഡ് ജില്ലകളിലെ കർഷകർ പറയുന്നത് കഴിഞ്ഞ വർഷം ഈ രണ്ട് ജില്ലകളിലായി 2,000-ൽ അധികം വളർത്തുമൃഗങ്ങളാണ് നായ ആക്രമണങ്ങളിൽ ചത്തതെന്നാണ്. ഇതിൽ പ്രതിഷേധിച്ച് തിരുപ്പൂർ ജില്ലയിലെ 27 ഗ്രാമസഭകൾ പ്രമേയങ്ങൾ പാസാക്കുകയും തെരുവുനായ ശല്യത്തിനെതിരെ എല്ലാ ഗ്രാമങ്ങളിലും കരിങ്കൊടി ഉയർത്തുകയും ചെയ്തു.

കേന്ദ്രസർക്കാരിന്റെ മൃഗ ജനന നിയന്ത്രണ (ABC – Animal Birth Control) നിയമങ്ങൾ അനുസരിച്ച് വന്ധ്യംകരണത്തിനും പ്രതിരോധ കുത്തിവെപ്പിനുമായി പിടികൂടുന്ന തെരുവുനായകളെ അതേ പ്രദേശത്ത് തന്നെ തിരികെ വിടണം. 2001-ൽ ആദ്യമായി പുറത്തിറക്കിയ ഈ നിയമങ്ങളാണ് തെരുവുനായ ശല്യം വഷളാക്കാൻ ഒരു കാരണം. കാരണം ഇത് നായ്ക്കളെ ദയാവധം ചെയ്യുന്നതിൽ നിന്ന് തദ്ദേശ സ്ഥാപനങ്ങളെ തടഞ്ഞു. വന്ധ്യംകരണവും പ്രതിരോധ കുത്തിവെപ്പും നായയുടെ കടി തടയുന്നില്ല എന്നതുകൊണ്ടുതന്നെ  മനുഷ്യർക്ക് നേരെയുള്ള ആക്രമണങ്ങൾ തുടർന്നു. കൂടാതെ, ഗണ്യമായ എണ്ണം നായ്ക്കളെ പിടികൂടാൻ കഴിയാത്തതിനാൽ, വന്ധ്യംകരിക്കാത്ത നായകൾ പെട്ടെന്ന് പെരുകുകയും തെരുവുനായകളുടെ എണ്ണം മുൻപത്തേതിനേക്കാൾ ഉയർന്നില്ലെങ്കിൽ പോലും കുറയാതെ തുടരുകയും ചെയ്യുന്നു.

റസിഡന്റ്സ് വെൽഫെയർ അസോസിയേഷനുകൾ തെരുവുനായകൾക്ക് ഭക്ഷണം നൽകണമെന്നും എബിസി നിയമങ്ങൾ പറയുന്നുണ്ട്. ഒരു പ്രദേശത്ത് നായകൾക്ക് സ്ഥിരമായി ഭക്ഷണം ലഭിക്കുമ്പോൾ അവ ‘പ്രദേശവാസികളായി’ (Territorial) മാറുകയും, ആ വഴി കടന്നുപോകുന്നവരോട് ആക്രമണ സ്വഭാവം കാണിക്കുകയും ചെയ്യും. തെരുവുനായകൾക്ക് ഭക്ഷണം നൽകുന്നത് അവയുടെ എണ്ണം വർദ്ധിക്കുന്നതിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നു.

മൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നതിന് വൈകാരികമായുള്ളതല്ല , ശാസ്ത്രീയമായ സമീപനമാണ് നമുക്ക് വേണ്ടത്. പല വികസിത രാജ്യങ്ങളിലും ഉടമസ്ഥനില്ലാത്ത നായകളെ ഷെൽട്ടറുകളിലേക്ക് മാറ്റുകയും, ദത്തെടുക്കാൻ അവസരം നൽകുകയും, ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ ആരും ഏറ്റെടുക്കാത്തവയെ ദയാവധം ചെയ്യുകയും ചെയ്യുന്നു.

ചില മൃഗങ്ങളുടെ എണ്ണം പ്രകൃതിപരമായി വർദ്ധിക്കുമ്പോൾ അത് ആവാസവ്യവസ്ഥയ്ക്ക് ദോഷകരമാകുമെന്നും, അത്തരം സാഹചര്യങ്ങളിൽ അവയുടെ എണ്ണം പെട്ടെന്ന് കുറയ്ക്കാൻ നേരിട്ടുള്ള നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും അവിടത്തെ നയരൂപകർത്താക്കൾ തിരിച്ചറിയുന്നു. ഉദാഹരണത്തിന്, കംഗാരുക്കളുടെ എണ്ണം വർദ്ധിക്കുമ്പോൾ അവ ധാരാളം സസ്യങ്ങളെ തിന്നുതീർക്കുകയും പരിസ്ഥിതിക്ക് ദോഷകരമാവുകയും ചെയ്യും. അതിനാൽ, ഓസ്‌ട്രേലിയയിൽ കംഗാരുക്കളെ പതിവായി കൊന്നൊടുക്കാറുണ്ട് (Culling). സമാനമായ കാരണങ്ങളാൽ അയർലൻഡിൽ മാനുകളെയും കൊന്നൊടുക്കുന്നു. 2022-23 കാലയളവിൽ അയർലൻഡിൽ 78,000 കാട്ടുമാനുകളെയാണ് കൊന്നൊടുക്കിയത്.

എന്നാൽ ഇന്ത്യയിൽ, നായകളെ നിയന്ത്രണമില്ലാതെ വിഹരിക്കാൻ അനുവദിക്കുകയാണ്. ഇത് മനുഷ്യരെയും, വളർത്തുമൃഗങ്ങളെയും, മറ്റ് ജീവിവർഗങ്ങളെയും അവ ആക്രമിക്കാൻ കാരണമാകുന്നു. മറ്റ് വന്യമൃഗങ്ങളോടുള്ള നിലവിലെ സമീപനവും സമാനമാണ്.

ഈ ദോഷകരമായ നയനിലപാടുകൾ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയിലെ കർഷക പ്രസ്ഥാനങ്ങളും കാർഷിക തൊഴിലാളി പ്രസ്ഥാനങ്ങളും പോരാടുകയാണ്. വന്യജീവി ആക്രമണങ്ങളിൽ നിന്ന് മനുഷ്യ ജീവനും സ്വത്തും ഉപജീവനമാർഗ്ഗങ്ങളും സംരക്ഷിക്കുന്നതിനായി ഓൾ ഇന്ത്യ കിസാൻ സഭയും ഓൾ ഇന്ത്യ അഗ്രിക്കൾച്ചറൽ വർക്കേഴ്‌സ് യൂണിയനും പ്രക്ഷോഭത്തിലാണ്. ഇതിനായി 1927-ലെ ഇന്ത്യൻ ഫോറസ്റ്റ് ആക്റ്റ്, 1972-ലെ വന്യജീവി സംരക്ഷണ നിയമം, 1980-ലെ വനസംരക്ഷണ നിയമം എന്നിവ ഭേദഗതി ചെയ്യണമെന്നും, ചില ജീവിവർഗങ്ങളെ (കേരളത്തിലെ കാട്ടുപന്നി പോലെ) ‘ക്ഷുദ്രജീവി’കളായി (Vermin) പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അനുമതി നൽകണമെന്നുമാണ് ഇവരുടെ ആവശ്യം. അതുവഴി അവയെ ശാസ്ത്രീയമായി കൊന്നൊടുക്കാൻ സാധിക്കും.

മനുഷ്യസുരക്ഷയാണ് പരമപ്രധാനം

മനുഷ്യർക്കും മറ്റ് ജീവിവർഗ്ഗങ്ങൾക്കും നായകൾക്ക് പോലും വലിയ ദോഷമുണ്ടാക്കിക്കൊണ്ട് തെരുവുനായകൾക്ക് ഭക്ഷണം നൽകുന്നതും അവയെ തെരുവുകളിൽ തുടരാൻ അനുവദിക്കുന്നതും ‘ദയ’യല്ല. തെരുവുനായകൾ മനുഷ്യരെ ആക്രമിക്കാനും പരിക്കേൽപ്പിക്കാനും കൊല്ലാനും അനുവദിക്കുന്നത് ‘മനുഷ്യത്വപര’വുമല്ല. തെരുവുനായകളുടെ ജീവന് മനുഷ്യജീവിതങ്ങളേക്കാളും മറ്റ് ജീവിവർഗങ്ങളേക്കാളും പ്രാധാന്യം നൽകുന്നത് ശാസ്ത്രീയവുമല്ല.

തെരുവുനായ ശല്യം അവസാനിപ്പിക്കാൻ ഉത്തരവാദിത്തമുള്ള വളർത്തുനായ പരിപാലനം പ്രോത്സാഹിപ്പിക്കുന്നതും നമ്മുടെ തെരുവുകൾ തെരുവുനായ മുക്തമാക്കാൻ ലക്ഷ്യമിടുന്നതുമായ ഒരു നയരൂപീകരണം ആവശ്യമാണ്. പൊതുസ്ഥലങ്ങളിൽ നായകൾക്ക് ഭക്ഷണം നൽകുന്നത് നിരോധിക്കണം. തെരുവുനായകളെ പിടിച്ച് ഷെൽട്ടറുകളിലേക്ക് മാറ്റുകയും, വന്ധ്യംകരിക്കുകയും വാക്‌സിൻ നൽകുകയും ചെയ്ത ശേഷം ദത്തെടുപ്പിനായി വിടണം. നിശ്ചിത സമയപരിധിക്കുള്ളിൽ ദത്തെടുക്കാൻ ആളില്ലാത്തവയെ ദയാവധം നടത്തണം.

ഓഗസ്റ്റ് 11-ലെ നിർദ്ദേശമനുസരിച്ച് ഡൽഹി-എൻ.സി.ആർ. തെരുവുകളിൽ നിന്ന് നായകളെ നീക്കം ചെയ്യുന്നത് സുപ്രീം കോടതിയുടെ ഓഗസ്റ്റ് 22-ലെ ഉത്തരവ് തടഞ്ഞു. എങ്കിലും പുതിയ ഉത്തരവ് പൊതുസ്ഥലങ്ങളിലും തെരുവുകളിലും തെരുവുനായകൾക്ക് ഭക്ഷണം നൽകുന്നത് നിരോധിച്ചിട്ടുണ്ട്. ഇത് ശരിയായ ദിശയിലേക്കുള്ള ഒരു നീക്കമാണ്. കൂടാതെ, ഈ വിഷയത്തിന്റെ വ്യാപ്തി രാജ്യം മുഴുവൻ വ്യാപിപ്പിക്കുകയും എല്ലാ സംസ്ഥാന, കേന്ദ്രഭരണ പ്രദേശ സർക്കാരുകളെയും കേസിൽ കക്ഷികളാക്കുകയും ചെയ്തിട്ടുണ്ട്.

മനുഷ്യന്റെ ജീവനും ഉപജീവനമാർഗ്ഗത്തിനും മുന്‍ഗണന നൽകുന്ന ഒരു നയ സമീപനവും, ഈ സമീപനത്തെ അടിസ്ഥാനമാക്കി നിയമപരമായ ചട്ടക്കൂടുകൾ, പ്രത്യേകിച്ച് എ.ബി.സി. നിയമങ്ങൾ പരിഷ്കരിക്കുന്നതും അടിയന്തരമായി ആവശ്യമാണ്. l

Hot this week

തപോമയിയുടെ അച്ഛൻ ആദരിക്കപ്പെടുമ്പോൾ 

ഗോപാൽ ബറുവ എന്ന വയോവൃദ്ധൻ ഗൂഢചിഹ്നങ്ങളാലും നിഗൂഢതകളാലും രൂപപ്പെട്ട ഒരു ദുരൂഹവ്യക്തിത്വമാണ്...

ഇന്ത്യ എന്ന ആശയം

GAYATHRI CHAKRAVORTHY SPIVAK- ROMILA THAPPAR `The Idea of India`...

ചലനാത്മകമായ പ്രകൃതിദൃശ്യങ്ങൾ

‌‌‌ഭൂഭാഗ ദൃശ്യരചന (പ്രകൃതിദൃശ്യരചന)യിൽ പുതിയ കാഴ്‌ചപ്പാട്‌ നൽകിയ പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന...

നൃപൻ ചക്രവർത്തി

ബംഗാളിയായി ജനിച്ച, ത്രിപുരയിലെ മഹാഭൂരിപക്ഷം വരുന്ന ആദിവാസികളുടെ വിമോചന നായകനായിരുന്നു നൃപർ...

വർഗസമരവും മാധ്യമങ്ങളും

അധ്യായം 4: ആഗോള അസ്തിത്വങ്ങൾ ആഗോള തലത്തിലുള്ള മാധ്യമങ്ങളുടെ വളർച്ചയുടെ ഭാഗമായി പ്രധാനപ്പെട്ട...

Topics

തപോമയിയുടെ അച്ഛൻ ആദരിക്കപ്പെടുമ്പോൾ 

ഗോപാൽ ബറുവ എന്ന വയോവൃദ്ധൻ ഗൂഢചിഹ്നങ്ങളാലും നിഗൂഢതകളാലും രൂപപ്പെട്ട ഒരു ദുരൂഹവ്യക്തിത്വമാണ്...

ഇന്ത്യ എന്ന ആശയം

GAYATHRI CHAKRAVORTHY SPIVAK- ROMILA THAPPAR `The Idea of India`...

ചലനാത്മകമായ പ്രകൃതിദൃശ്യങ്ങൾ

‌‌‌ഭൂഭാഗ ദൃശ്യരചന (പ്രകൃതിദൃശ്യരചന)യിൽ പുതിയ കാഴ്‌ചപ്പാട്‌ നൽകിയ പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന...

നൃപൻ ചക്രവർത്തി

ബംഗാളിയായി ജനിച്ച, ത്രിപുരയിലെ മഹാഭൂരിപക്ഷം വരുന്ന ആദിവാസികളുടെ വിമോചന നായകനായിരുന്നു നൃപർ...

വർഗസമരവും മാധ്യമങ്ങളും

അധ്യായം 4: ആഗോള അസ്തിത്വങ്ങൾ ആഗോള തലത്തിലുള്ള മാധ്യമങ്ങളുടെ വളർച്ചയുടെ ഭാഗമായി പ്രധാനപ്പെട്ട...

വിശ്വാസി സമൂഹവും ഇടതുപക്ഷവും

സെപ്തംബർ 20-ന് പമ്പയിൽ നടന്ന ആഗോള അയ്യപ്പസംഗമത്തെ ചൂണ്ടിക്കാട്ടി സി പി...

ഉമ്മച്ചിതെയ്യം

വടക്കേ മലബാറിൽ കെട്ടിയാടിയിരുന്ന തെയ്യങ്ങളിൽ ഒരു വിഭാഗം മുസ്ലിം തെയ്യങ്ങളുമുണ്ടായിരുന്നു. പയ്യന്നൂരിന്...
spot_img

Related Articles

Popular Categories

spot_imgspot_img