എമ്പുരാൻ : ഒരു പാൻ ഇന്ത്യൻ ഓർമ്മപ്പെടുത്തൽ

സജിത്ത് എം എസ്

 

മുരളി ഗോപിയുടെ രചനയിൽ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത മൂന്ന് ഭാഗങ്ങൾ ഉള്ള ‘ലൂസിഫർ’ എന്ന ചലച്ചിത്രപരമ്പരയുടെ രണ്ടാം ഭാഗമായി പുറത്തു വന്ന സിനിമയാണ് ‘എമ്പുരാൻ’.

മലയാള കച്ചവട സിനിമകളുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രീ – ബുക്കിങ് ടിക്കറ്റ് വില്പന നടന്ന സിനിമ എന്ന നിലയിൽ ‘എമ്പുരാൻ’ ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു.

കേരളത്തിന്റെ മുന്നണി രാഷ്ട്രീയത്തിന്റെ അകത്തളങ്ങളിൽ നടക്കുന്ന അധികാര വടംവലികളുടെയും രാഷ്ട്രീയ പാർട്ടികളിലേക്ക് ഒഴുകുന്ന പണത്തിന്റെയും അധോലോക ചരിത്രം പറയാൻ ശ്രമിക്കുന്ന ചലച്ചിത്ര പരമ്പരയാണ് ‘ലൂസിഫർ’. മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള നായകനും താരശരീരവുമായ മോഹൻലാൽ സ്റ്റീഫൻ നെടുമ്പള്ളി / എബ്രഹാം ഖുറൈഷി – എന്ന കഥാപാത്രത്തെയാണ് സിനിമയിൽ അവതരിപ്പിക്കുന്നത്.

കലാമൂല്യം മുറുകെപ്പിടിക്കുമ്പോഴും ഒരു വ്യവസായം എന്ന നിലയിൽ മലയാള മുഖ്യധാര കച്ചവടസിനിമയെത്തി നിൽക്കുന്ന ഉയരത്തെ അടയാളപ്പെടുത്തുന്ന സിനിമ കൂടിയാണ് ‘എമ്പുരാൻ’.

സിനിമയ്ക്കുള്ളിൽ സങ്കല്പികമായ ഒരു രാഷ്ട്രീയഭൂമിക സൃഷ്ടിച്ചു കൊണ്ട് അതിലൂടെ കേരളത്തിലെ ഇടതു – വലതു മുന്നണികളുടെ രാഷ്ട്രീയപ്രവർത്തനത്തെ രേഖപ്പെടുത്തുന്ന സിനിമയാണ് മുരളി ഗോപി ഇത്തവണയും രചിച്ചത്. എന്നാൽ ഒന്നാം ഭാഗത്തിൽ നിന്ന് വ്യത്യസ്തമായി കേരളത്തിലെ ഇരുകക്ഷി മുന്നണികൾക്കിടയിലേക്ക് കടന്നുകയറി അധികാരം പിടിക്കാൻ ശ്രമിക്കുന്ന മറ്റൊരു വർഗീയകക്ഷിയുടെ കേരളമോഹത്തെ ചിത്രീകരിച്ചതോടെ റിലീസ് ദിവസം തന്നെ സംഘപരിവാർ സോഷ്യൽ മീഡിയ ഹാൻഡിലുകൾ സിനിമയ്ക്ക് എതിരെ വ്യാപകമായ ആക്രമണങ്ങൾ അഴിച്ചു വിട്ടു.

എമ്പുരാൻ കാണിപ്പിച്ച വർഗീയ കലാപ ദൃശ്യങ്ങൾ

‘എമ്പുരാൻ’ സിനിമയുടെ ആരംഭരംഗങ്ങളാണ് സംഘപരിവാർ അനുകൂലികളെ വിറളി പിടിപ്പിച്ചത്. ചില തീർത്ഥാടകർ സഞ്ചരിക്കുന്ന ട്രെയിനിനു തീ പിടിക്കുന്ന ഗ്രാഫിക് ടൈറ്റിൽ രംഗങ്ങൾക്ക് പുറമെ ഉത്തരേന്ത്യയിൽ സംഭവിച്ച ഒരു മുസ്ലിം വിരുദ്ധ കലാപത്തെയാണ് നിർഭയമായി സിനിമ ആവിഷ്കരിച്ചത്.

ഗോദ്ര സംഭവവും അതേത്തുടർന്നുണ്ടായ ഗുജറാത്ത്‌ കലാപത്തെയും അനുസ്മരിപ്പിക്കുന്ന ഈ രംഗങ്ങൾ വ്യപകമായ നിലയിൽ തീവ്രവലതുപക്ഷ വിശ്വസികളെ അലോസരപ്പെടുത്തും വിധം യഥാതഥമായാണ് സിനിമയിൽ ഉള്ളത്. അതിനെ അവർ നേരിടുന്നതാകട്ടെ മോഹൻലാൽ, പൃഥ്വിരാജ്, മുരളി ഗോപി എന്നിവർക്കെതിരെ കേട്ടാലറയ്ക്കും വിധമുള്ള വിദ്വേഷങ്ങളും വെറുപ്പും സാമൂഹ്യമാധ്യമങ്ങളിൽ എഴുതിക്കൊണ്ടാണ്.

2002 ലെ ഗുജറാത്ത്‌ കലാപത്തെ ആ സംഭവം നടക്കുമ്പോൾ ജനിച്ചിട്ട് കൂടിയില്ലാത്ത ഒരു തലമുറയിലേക്ക് വീണ്ടും ഓർമ്മപ്പെടുത്തുന്നു എന്നതാണ് സംഘപരിവാർ ഈ സിനിമയിൽ കണ്ട പ്രശ്നം. ഗുജറാത്ത്‌ കലാപത്തെക്കുറിച്ച് ബി. ബി. സി ചെയ്ത ഡോക്യുമെന്ററി അടക്കം ഇന്ത്യയിൽ നിരോധിച്ച കേന്ദ്ര സർക്കാർ നടപടിയോട് ചേർത്ത് വായിക്കുമ്പോൾ ആണ് ഈ ആക്രമണത്തിന്റെ സാംഗത്യം വെളിപ്പെടുക.

ഗുജറാത്ത്‌ കലാപത്തിന്റെ ചരിത്രം ഏത് നിലയ്ക്കും എത്തി നിൽക്കുക അന്നത്തെ ഗുജറാത്ത്‌ മുഖ്യമന്ത്രിയും ഇന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദിയിലാണ്. ഗുജറാത്ത്‌ കലാപം കൊടുത്ത രാഷ്ട്രീയഇന്ധനമാണ് നരേന്ദ്ര മോദിയുടെ വളർച്ചയുടെ ഒരു അടിസ്ഥാനം.

നാരോദപാട്യ  കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയ ബാബു ഭായ് പട്ടേൽ എന്ന വർഗീയവാദി നേതാവിന്റെ പേരിനോട് സിനിമയിലെ വില്ലനായ ബജ്രംഗിയ്ക്കുള്ള സാദൃശ്യവും ചർച്ചയാണ്. ഒരു വശത്ത് കാൻഫിലിം ഫെസ്റ്റിവലിൽ തിളങ്ങിയ ‘സന്തോഷ്‌’ പോലുള്ള സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിക്കുകയും മറുവശത്ത്  വിദ്വേഷപ്രചരണം ലക്ഷ്യം വച്ചുള്ള ‘കേരള സ്റ്റോറി’, ‘കശ്മീർ ഫയൽസ്’ പോലുള്ള പ്രോപഗണ്ട സിനിമകൾക്ക് സർക്കാർ ഇളവുകൾ നൽകുക എന്നത് കേന്ദ്ര സർക്കാറിന്റെ വർഗീയ അജണ്ടകളുടെ തെളിവ് കൂടിയാണ്.

ലൂസിഫറിൽ നിന്ന് എമ്പുരാനിലേക്ക്

നെടുമ്പള്ളി നിയോജക മണ്ഡലത്തിലെ സ്റ്റീഫൻ നെടുമ്പള്ളി എന്ന ഐ. യു. എഫ് നേതാവിനെയും അയാളെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകളുമാണ് ‘ലൂസിഫർ’ എന്ന ആദ്യ ചിത്രം പറഞ്ഞത്. രണ്ടാം ഭാഗത്ത് സ്റ്റീഫൻ ഇല്ലാത്ത കേരളരാഷ്ട്രീയത്തിന്റെ അഞ്ചു വർഷങ്ങൾക്കിപ്പുറമുള്ള കഥയാണ് സിനിമ പറയുന്നത്.

ഒന്നാം ഭാഗത്തിനുണ്ടായിരുന്ന വളരെ ആഴത്തിലുള്ള  തിരക്കഥ പക്ഷേ രണ്ടാം ഭാഗത്തിൽ എത്തിയപ്പോൾ ചിലയിടങ്ങളിൽ പാളിപോകുന്നുണ്ട്. ജതിൻ രാമദാസ്, ഗോവർദ്ധൻ അടക്കം ആദ്യ ഭാഗത്ത്‌ മികച്ചു നിന്ന കഥാപാത്രങ്ങൾക്ക് രണ്ടാം ഭാഗത്ത് മികവോ വ്യക്തതയോ ഉണ്ടായില്ല. എങ്കിലും മഞ്ജു വാര്യർ അവതരിപ്പിച്ച പ്രിയദർശിനി രാമദാസ്, സായി കുമാർ ചെയ്ത മഹേഷ വർമ, ബൈജുവിന്റെ മുരുകൻ തുടങ്ങിയ കഥാപാത്രങ്ങൾ മികവും കയ്യടിയും നേടി.

അന്താരാഷ്ട്ര തലത്തിൽ ലോകത്തെ തന്നെ സാമ്പത്തിക ക്രയവിക്രയങ്ങളും കുറ്റകൃത്യങ്ങളും നിയന്ത്രിക്കുന്ന ഒരു നെക്സസിന്റെ തലതൊട്ടപ്പനാണ് എമ്പുരാനിൽ ‘എബ്രഹാം ഖുറൈഷി’. മോഹൻലാൽ എന്ന താരശരീരത്തെ ആരാധകർക്കും പ്രേക്ഷകർക്കും ആഘോഷിക്കാൻ പാകത്തിന് തന്നെയാണ് സംവിധായകൻ പുതിയ സിനിമയിലും അവതരിപ്പിച്ചത്. അന്താരാഷ്ട്ര നിലവാരത്തിൽ, ഒരു ഹോളിവുഡ് ആക്ഷൻ സിനിമയെ അനുസ്മരിപ്പിക്കുന്ന നിലയിൽ ഉള്ള പല രംഗങ്ങളുടെയും ചിത്രീകരണം സിനിമയുടെ ഏറ്റവും വലിയ മികവാണ്. ആ നിലയിൽ പുതിയ തലമുറയെ അടക്കം സിനിമ രസിപ്പിക്കും. സിനിമയുടെ രസച്ചരടിനോട് ചേർന്ന് നിൽക്കുന്ന നിലയിൽ സംഗീതം ഒരുക്കാൻ പക്ഷേ ‘ലൂസിഫറി’ലേതു പോലെ ദീപക് ദേവിന് ഈ സിനിമയിൽ ആയില്ല.

ആരാധകർക്ക് ആഘോഷിക്കാൻ ഉള്ള ഒരു കാർണിവൽ സ്വഭാവമുള്ള സിനിമയാണ് ‘എമ്പുരാൻ’. വർഗീയ ശക്തികൾ കേരളം പിടിക്കാൻ പണത്തിന്റെയും മക്കൾ രാഷ്ട്രീയത്തിന്റെയും മറ്റും പിൻബലത്തോടെ വരുമ്പോൾ ഭയന്ന് നിഷ്‌ക്രിയരായി നിൽക്കുന്നവരാണ് ഇടതുപക്ഷം എന്ന യാഥാർഥ്യവിരുദ്ധമായൊരു നരേറ്റീവ് ആണ് സിനിമ പറയുന്നത്.  ആരോഗ്യപരമായ വിമർശനങ്ങളും സംവാദങ്ങളും ഉണ്ടാകേണ്ടതിന് പകരം തീവ്രവലതുപക്ഷത്തെ വിമർശിച്ചതിന്റെ പേരിൽ സിനിമ ആക്രമിക്കപ്പെടുന്നതിനെതിരെ രാഷ്ട്രീയനേതാക്കൾ അടക്കം രംഗത്ത് വന്നിട്ടുണ്ട്.

റിലീസ് ആയി രണ്ട് ദിവസത്തിനുള്ളിൽ നൂറു കോടി രൂപ കളക്ട് ചെയ്ത ‘എമ്പുരാൻ’ മലയാള സിനിമയുടെ വളർച്ചയെ അടയാളപ്പെടുത്തുന്നുണ്ട്. പ്രോപഗണ്ട സിനിമകൾ ചെയ്തു രാഷ്ട്രീയലാഭം കൊയ്യുന്ന വലതുപക്ഷത്തിനെതിരെ നിർഭയമായ നിലയിൽ രാഷ്ട്രീയം പറയാനും സിനിമയ്ക്ക് സാധിക്കുന്നുണ്ട്. ‘എമ്പുരാൻ’ നൽകുന്ന തീയറ്റർ അനുഭവം വ്യക്തിപരമായി പല അഭിപ്രായങ്ങൾ ഉണ്ടാക്കുമെങ്കിലും ഒരു പാൻ ഇന്ത്യൻ മലയാള സിനിമ എന്ന നിലയിൽ സിനിമയുടെ രാഷ്ട്രീയനിലപാട് ശക്തമാണ്. അത് മതവർഗീയതക്കും  അപരവിദ്വേഷത്തിനുമെതിരായ കേരളത്തിന്റെ പൊതുനിലപാട് കൂടിയാണ്.

സിനിമ പുറത്തിറങ്ങിയതിന് പിന്നാലെയുണ്ടായ സംഘപരിവാർ ആക്രമണത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം കുടുംബസമേതം സിനിമ തീയേറ്ററിൽ പോയി കാണുകയും സിനിമയ്ക്ക് പിന്തുണ അറിയിക്കുകയും ചെയ്തത് കലയോടുള്ള കേരളീയ പൊതുസമൂഹത്തിന്റെ സഹിഷ്ണുതയുടെ പ്രഖ്യാപനമാണ്.

എന്നാൽ സംഘപരിവാർ ആക്രമണങ്ങളും വിദ്വേഷവും സമൂഹത്തിൽ ഉണ്ടാക്കുന്ന വെറുപ്പിനെ ഖേദപ്രകടനത്തിലൂടെയാണ് മോഹൻലാൽ അടക്കമുള്ള അണിയറ പ്രവർത്തകർ നേരിട്ടത്. സിനിമയ്ക്ക് 17 കട്ട്‌വരുത്തി രണ്ടു മിനിറ്റ് കുറച്ചും വില്ലന്റെ പേരു മാറ്റിയും  റീസെൻസറിങ്ങിനു തയാറായത്  ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഗൗരവതരമായ ചർച്ചകൾക്ക് വഴിതുറന്നു

ഈ നിലയിൽ ഒരു ചലച്ചിത്രമെന്നതിലുപരി ‘എമ്പുരാൻ’ എന്ന സിനിമ കൂലംകുഷമായ  രാഷ്ട്രീയചർച്ചകൾക്ക് വഴിയിട്ട ഒരു വാർത്താസംഭവത്തിന്റെ സ്വഭാവം കൈവരിച്ചു. സംഘപരിവാറിന്റെ ഭയത്തെ ഈ സിനിമ ഒരു സുപ്രധാന  വാർത്തയാക്കി തീർത്തു.

Hot this week

മാറുന്ന മലയാള സിനിമയുടെ കാഴ്ച

മലയാള സിനിമയുടെ വിഷ്വൽ നരേറ്റീവിനെ റീഡിസൈൻ ചെയ്‌ത സംവിധായകനാണ്‌ ഖാലിദ്‌ റഹ്‌മാൻ....

ഉരുകുന്ന മഞ്ഞും ഉരുകാത്ത നൊമ്പരങ്ങളും

കൂട്ടുകുടുംബത്തിന്റെയും പരിചിതമായ ഭൂഭാഗങ്ങളുടെയും പരിധിവിട്ട്‌ ഒരു വടക്കേ ഇന്ത്യൻ സുഖവാസകേന്ദ്രത്തിന്റെ പശ്ചാത്തലം...

എൻ ശങ്കരയ്യ: സമരരംഗത്തെ നിറസാന്നിധ്യം

സിപിഐ എം തമിഴ്‌നാട്‌ സംസ്ഥാന സെക്രട്ടറി, അവിഭക്ത കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ ദേശീയ...

അടയുന്ന വാതിലുകൾ നൽകുന്ന സൂചനകൾ

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 84 സ്വന്തം രാജ്യത്തെ വ്യവസായത്തെയും തൊഴിലുകളെയും സംരക്ഷിക്കാൻ ഏതെങ്കിലും ഭരണാധികാരി...

കലാപരിണാമം ഗോഥിക്‌ കാലത്തിലൂടെ

യൂറോപ്പിലാകെ കലാസാംസ്‌കാരിക വിദ്യാഭ്യാസമേഖല മന്ദീഭവിച്ചിരുന്നത്‌ 5‐ാം നൂറ്റാണ്ടുകളിലെന്നാണ്‌ ചരിത്രം രേഖപ്പെടുത്തുന്നത്‌. യുദ്ധം,...

Topics

മാറുന്ന മലയാള സിനിമയുടെ കാഴ്ച

മലയാള സിനിമയുടെ വിഷ്വൽ നരേറ്റീവിനെ റീഡിസൈൻ ചെയ്‌ത സംവിധായകനാണ്‌ ഖാലിദ്‌ റഹ്‌മാൻ....

ഉരുകുന്ന മഞ്ഞും ഉരുകാത്ത നൊമ്പരങ്ങളും

കൂട്ടുകുടുംബത്തിന്റെയും പരിചിതമായ ഭൂഭാഗങ്ങളുടെയും പരിധിവിട്ട്‌ ഒരു വടക്കേ ഇന്ത്യൻ സുഖവാസകേന്ദ്രത്തിന്റെ പശ്ചാത്തലം...

എൻ ശങ്കരയ്യ: സമരരംഗത്തെ നിറസാന്നിധ്യം

സിപിഐ എം തമിഴ്‌നാട്‌ സംസ്ഥാന സെക്രട്ടറി, അവിഭക്ത കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ ദേശീയ...

അടയുന്ന വാതിലുകൾ നൽകുന്ന സൂചനകൾ

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 84 സ്വന്തം രാജ്യത്തെ വ്യവസായത്തെയും തൊഴിലുകളെയും സംരക്ഷിക്കാൻ ഏതെങ്കിലും ഭരണാധികാരി...

കലാപരിണാമം ഗോഥിക്‌ കാലത്തിലൂടെ

യൂറോപ്പിലാകെ കലാസാംസ്‌കാരിക വിദ്യാഭ്യാസമേഖല മന്ദീഭവിച്ചിരുന്നത്‌ 5‐ാം നൂറ്റാണ്ടുകളിലെന്നാണ്‌ ചരിത്രം രേഖപ്പെടുത്തുന്നത്‌. യുദ്ധം,...

ഫാസിസം: ഉത്ഭവം,വളർച്ച

ഫാസിസവും നവഫാസിസവും -4 കമ്മ്യൂണിസം ഉണ്ടാക്കിയ  അനന്തരഫലങ്ങളിലൊന്നായി ചിലർ ഫാസിസത്തെ വിശേഷിപ്പിക്കാറുണ്ട്. 1933ൽ...
spot_img

Related Articles

Popular Categories

spot_imgspot_img