ഇക്കണോമിക് നോട്ട് ബുക്ക് 80
തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ കൊളംബസ് കാലുകുത്തുന്നത് അഞ്ചു നൂറ്റാണ്ടുകൾക്കു മുൻപാണ് . കൃത്യമായി പറഞ്ഞാൽ 1492 ൽ . വാസ്കോഡഗാമ കോഴിക്കോട് കാപ്പാട് കപ്പലിറങ്ങുന്നതും ഏതാണ്ട് ഇതേ കാലത്താണ് , 1502 ൽ . അടിമകളെ നിറച്ച ആദ്യ കപ്പൽ ആഫ്രിക്കൻ തീരത്തുനിന്നും അമേരിക്കയിലേക്ക് യാത്ര തിരിക്കുന്നത് 1526 ലാണ് . പോർട്ടുഗീസുകാരുടേതായിരുന്നു ഈ അടിമക്കപ്പൽ . ബ്രിട്ടീഷ് ,സ്പാനിഷ് ,പോർട്ടുഗീസ് തുടങ്ങിയ യൂറോപ്പിലെ ചെറുതും വലുതുമായ എല്ലാ രാഷ്ട്രങ്ങളും ഏഷ്യൻ ആഫ്രിക്കൻ അമേരിക്കൻ രാജ്യങ്ങളെ ഒന്നൊന്നായി തങ്ങളുടെ വരുതിയിലാക്കി. അക്ഷരാർത്ഥത്തിൽ വന്നു ,കണ്ടു ,കീഴടക്കി. തെക്കേ അമേരിക്കയിലെയും ഏഷ്യയിലെയും ആഫ്രിക്കയിലെയും പിൽക്കാല സാമൂഹിക രാഷ്ട്രീയ ചരിത്രത്തെ പാടെ മാറ്റിമറിച്ച കൊളോണിയൽ യുഗത്തിലെ നിഷ്ടൂരമായ ചൂഷണത്തിന്റെ നാന്ദി കുറിക്കലായിരുന്നു ഇത് . സാങ്കേതികവിദ്യകളും ശാസ്ത്രവും മതവും വെടിയുണ്ടകളുമെല്ലാം ഇതിനായി ഒരുപോലെ ഉപയോഗിക്കപ്പെട്ടു . യൂറോപ്പിലെ പോപ്പും രാജാവും ഇതിനായി കൈകോർത്തു . കൊളോണിയലിസം വേരുകളാഴ്ത്തി പടർന്നപ്പോൾ തദ്ദേശീയ ജനതയ്ക്ക് നഷ്ടപ്പെട്ടത് എല്ലാ സ്വാതന്ത്ര്യത്തോടെയും തങ്ങൾ അധ്വാനിച്ചു പോന്നിരുന്ന സ്വന്തം ഭൂമിയും നൂറ്റാണ്ടുകളായി അനുഭവിച്ചു പോന്നിരുന്ന വിഭവങ്ങളുടെ മേലുള്ള നിയന്ത്രണങ്ങളും തനതു സംസ്കാരവുമായിരുന്നു . ഈ പോസ്റ്റ് കൊളോണിയൽ യുഗത്തിൽ പഴയ കൊളോണിയൽ ചൂഷണം പുതിയ രൂപത്തിലും ഭാവത്തിലും തിരിച്ചെത്തുകയാണോ ? ദേശരാഷ്ട്രങ്ങളെക്കാൾ പതിന്മടങ്ങ് ശക്തരായ ആഗോള കോർപ്പറേഷനുകൾ പഴയ കൊളോണിയൽ ചൂഷണത്തിന് പുതിയ ഭാഷ്യങ്ങൾ ചമയ്ക്കുകയാണോ ?
ഡാറ്റ കൊളോണിയലിസം എന്ന പുതിയ സംജ്ഞ സാമൂഹിക വിശകലനത്തിൽ പുതുതായി ഉയർന്നു വന്നത് ഈ പശ്ചാത്തലത്തിലാണ് . പ്രധാനമായും അമേരിക്ക ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഭീമൻ ടെക് കമ്പനികൾ ഏതാണ്ട് സമാനമായ പ്രവർത്തനമാണ് ഫലത്തിൽ നടത്തുന്നത് എന്നതാണ് ഡാറ്റ കൊളോണിയലിസം എന്ന പുതിയ സംജ്ഞ കൊണ്ട് അർത്ഥമാക്കുന്നത് .
യൂലിസീസ് മെജിയാസും (Ulises Mejias ) നിക്ക് കോൾഡ്രിയുമാണ് (Nick Couldry ) ഇത്തരമൊരു ശക്തമായ മെറ്റഫർ ആദ്യമായി ഉപയോഗിക്കുന്നത് . The costs of connection , Data Grab എന്നീ കൃതികളിലൂടെയാണ് ഈ ആശയങ്ങളെ വ്യക്തമാക്കാൻ അവർ ശ്രമിക്കുന്നത് .
അഞ്ചു നൂറ്റാണ്ടുകൾക്ക് മുൻപ് ഭൂമിയും അതിലെ വിഭവങ്ങളുമായിരുന്നു കൊളോണിയൽ ചൂഷണത്തിന് പിന്നിലെ പ്രേരകശക്തി എങ്കിൽ ഇന്നത്തെ കാലത്ത് ആ സ്ഥാനത്ത് ഡാറ്റയാണ് കവർന്നെടുക്കപ്പെടുന്നത് എന്നതാണ് അവർ നടത്തുന്ന നിരീക്ഷണം . ഈസ്റ്റ് ഇന്ത്യ കമ്പനി , ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി തുടങ്ങി കൊളോണിയൽ ചൂഷണത്തിനായി രൂപം കൊടുക്കപ്പെട്ട യൂറോപ്യൻ കമ്പനികളാണ് കോളനിരാഷ്ട്രങ്ങളിലെ വിഭവങ്ങൾ ഊറ്റിയെടുക്കുന്നതിന് മുൻപ് ചുക്കാൻ പിടിച്ചതെങ്കിൽ ആ സ്ഥാനത്ത് പ്രധാനമായും അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ആൽഫബെറ്റ് (ഗൂഗിൾ ), മെറ്റ (ഫേസ്ബുക്ക് ) ആപ്പിൾ തുടങ്ങിയ ഭീമൻ ടെക് കമ്പനികളാണ് ഇന്നതിന് നേതൃത്വം കൊടുക്കുന്നത് . എന്താണ് ഇത്തരമൊരു വാദത്തിന്റെ യുക്തി എന്ന് പരിശോധിക്കാം
എന്താണ് ഡാറ്റ ? ഡാറ്റയുടെ സമാഹരണം എങ്ങിനെയാണ് സംഭവിക്കുന്നത് ? അതിന് മൂല്യം കൈവരുന്നത് എങ്ങിനെയാണ് ? ഇത്തരത്തിലുള്ള നിരവധി ചോദ്യങ്ങളിൽ നിന്നുമാണ് ഇത് സംബന്ധിച്ച അന്വേഷണം ആരംഭിക്കുന്നത്. 1990 കളുടെ ആദ്യമാണ് ബിഗ് ഡാറ്റ (Big data ) എന്ന പദം ആദ്യമായി ഉപയോഗിച്ച് തുടങ്ങുന്നത് . ഇന്റെനെറ്റിന്റേയും ഡിജിറ്റൽ സാങ്കേതികവിദ്യകളുടെയും വ്യാപനത്തോടെയാണ് വൻ തോതിലുള്ള ഡാറ്റ സമാഹരണത്തിന്റെ സാദ്ധ്യതകൾ ഉണ്ടാകുന്നത് . ഇന്ന് 550 കോടിയിലധികം ഇന്റർനെറ്റ് ഉപഭോക്താക്കൾ ലോകത്തുണ്ട് ,ഏതാണ്ട് അത്രയും തന്നെ ആൾക്കാർ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുന്നുമുണ്ട് . ഈ ഉപഭോക്താക്കൾ ഓരോരുത്തരം ഉല്പാദിപ്പിക്കുന്ന വിവരങ്ങളുടെ വ്യാപ്തി അളവറ്റതാണ്.
ഇന്റർനെറ്റിലെ വിവിധ വെബ് സൈറ്റുകൾ ഉപയോഗിക്കുമ്പോഴും , വിവിധ മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുമ്പോഴും ഡാറ്റയുടെ സമാഹരണം എന്ന പ്രക്രിയ സംഭവിക്കുന്നു. ഉപഭോകതാക്കൾ അറിഞ്ഞും അറിയാതെയുമാണ് ഈ വിവരങ്ങൾ ഇന്റർനെറ്റിലെ വിവിധ ഇടങ്ങളിലേക്ക് ,അതുവഴി സ്വകാര്യ കമ്പനികളുടെ സെർവർ ഫാമുകളിലേക്കു നിരന്തരം അപ്‌ലോഡ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത് .നമ്മുടെ ശരീരചലനങ്ങളും രക്തസമ്മർദവും ഹൃദയമിടിപ്പും പോലും മനസ്സിലാകുന്ന മൊബൈൽ ഉപകരണങ്ങൾ കൂടി വ്യാപകമായതോടെ ഈ പ്രക്രിയയുടെ വ്യാപ്തിയും വേഗവും പറഞ്ഞറിയിക്കാനാവാത്തവിധം വളർന്നു . ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങളുടെ ഈ അനന്തമായ ശേഖരം പുതിയ വ്യാപാരസാധ്യതകളുടെ ലോകത്തെ അനാവരണം ചെയ്തു . ഇന്ന് ഏറ്റവും ചൂടുപിടിച്ച ചർച്ചകൾ കേന്ദ്രീകരിച്ചിരിക്കുന്ന നിർമിതബുദ്ധിയുടെ ലോകത്തെ സാധ്യമാക്കിയത് പോലും അതിവിപുലമായ ഈ ഡാറ്റശേഖരമാണ് .
വ്യവസായികമുതലാളിത്തത്തിന് അടിത്തറ പാകിയ കോളോണിയലിസത്തിന് നാല് ഘടകങ്ങളാണ് പ്രധാനമായും ഉണ്ടായിരുന്നത് (1 ) അധിനിവേശ രാജ്യങ്ങളിലെ വിഭവങ്ങളുടെ കയ്യടക്കൽ (2 ) ഈ ചൂഷണം നിലനിർത്താനാവശ്യമായ ,അസമത്വങ്ങളെ ഊട്ടിയുറപ്പിക്കുന്ന , സാമൂഹിക സാമ്പത്തിക ബന്ധങ്ങളെ രൂപപ്പെടുത്തൽ (3) ഇത്തരത്തിൽ ചൂഷണം ചെയ്തെടുത്ത വിഭവങ്ങളെ ആഗോളതലത്തിൽ അങ്ങേയറ്റം അസമമായ രീതിയിൽ വിന്യസിക്കൽ (4 ) വളരെ സ്വാഭാവികമായ ഒരു പ്രക്രിയയാണ് കോളോണിയലിസമെന്നും അത് ഒരു അനിവാര്യതയാണെന്നുമുള്ള ധാരണ സ്ഥാപിച്ചെടുക്കൽ . കൊളോണിയൽ ചൂഷണത്തിന്റെ ഈ തലങ്ങൾ പോസ്റ്റ് കൊളോണിയൽ കാലത്ത് പരക്കെ അംഗീകരിക്കപ്പെട്ട സാമൂഹ്യ യാഥാർഥ്യങ്ങളാണ് . ഇതിനു സമാനമായ ഘടനാപരമായ സവിശേഷതകൾ , ഡാറ്റകവർച്ചയിലൂടെ ലോകത്തെ കൈപ്പിടിയിലൊതുക്കിയ ആഗോള ടെക് ഭീമന്മാരുടെ പ്രവൃത്തിയിലുമുണ്ടെന്ന നിരീക്ഷണമാണ് നിക്കും യൂലിസിസും നടത്തുന്നത് .
നൂറ്റാണ്ടുകൾക്ക് മുൻപ് അരങ്ങേറിയ ഒരു സാമൂഹികപ്രതിഭാസത്തിന്റെ അതെ ഫ്രെയിം വർക്കിലൂടെ തീർത്തും വ്യത്യസ്‍തമായ ഒരു കാലഘട്ടത്തിലെ മറ്റൊരു സാമൂഹികസാമ്പത്തികപ്രതിഭാസത്തെ മനസിലാക്കാൻ ശ്രമിക്കുക എന്നത് ദുഷ്കരമായ ഒരു വസ്തുതയാണ് . അതിന്റെ സാംഗത്യം സ്വാഭാവികമായും ചോദ്യം ചെയ്യപ്പെടാവുന്ന ഒന്നുമാണ് . പ്രത്യക്ഷത്തിൽ ചൂഷണത്തിന്റെ രീതികളിലെ അന്തരമാണ് ഇതിനു പ്രധാന കാരണം. പടക്കപ്പലുകളിൽ നിന്നും പീരങ്കി വെടിയുണ്ടകൾ ഉതിർത്തും തോക്കും ബയണറ്റുമായി തദ്ദേശീയ നാട്ടുകാരെ വേട്ടയാടിയുമായിരുന്നു പഴയ കൊളോണിയലിസത്തിന്റെ കടന്നുവരവ് . ഭരണകൂടത്തിന്റെ നിയന്ത്രണം അപ്പാടെ കയ്യിലൊതുക്കുകയായിരുന്നു അതിന്റെ രീതി .എന്നാൽ ലിബറൽ ഡെമോക്രസിയുടെ ഈ കാലത്ത് ഈ പ്രയോഗങ്ങളൊന്നും പൊതുവേയില്ല . പക്ഷെ പ്രത്യക്ഷത്തിലെ ഭിന്നസ്വഭാവങ്ങൾ മാറ്റിനിർത്തിയാൽ വലിയ തോതിലുള്ള സമാനതകൾ പഴയ കൊളോണിയൽ ചൂഷണത്തിനും ഡിജിറ്റൽ യുഗത്തിലെ ഡാറ്റയുടെ കവർന്നെടുക്കലിനെ ആസ്പദമാക്കി ഉയർന്നുവന്നിരിക്കുന്ന ആഗോള ഭീമൻകമ്പനികളുടെ പ്രവർത്തനത്തിലും കണ്ടെത്താനാകും . ഇതിന്റെ സാമൂഹിക രാഷ്ട്രീയപ്രത്യാഘാതങ്ങളെ അനാവരണം ചെയ്യുക എന്നതാണ് അവധാനതയോടെ ചെയ്യേണ്ട ഒരു കാര്യം .
അധിനിവേശരാജ്യങ്ങളിൽ നിന്നും കണ്ടെടുക്കപ്പെട്ട അസംസ്കൃത വിഭവങ്ങളായിരുന്നു പഴയ കൊളോണിയൽ ചൂഷണത്തിന്റെ അടിസ്ഥാനം . തങ്ങളുടെ അധീനതയിലുള്ള പ്രദേശങ്ങൾ ലോകത്തെമ്പാടും വികസിപ്പിച്ചുകൊണ്ടും ഈ പുതിയ ഭൂപ്രദേശങ്ങളിലെ പ്രകൃതി വിഭവങ്ങളെയും മനുഷ്യരെയും നഗ്നമായി കൊള്ളയടിച്ചുകൊണ്ടുമാണ് കൊളോണിയലിസം വികസിച്ചതും വ്യവസായിക മുതലാളിത്തത്തിനാവശ്യമായ മൂലധനസഞ്ചയം നടത്തിയതും . ആധുനിക കാലത്തെ മനുഷ്യജീവിതത്തിന്റെ വിവിധ രൂപങ്ങളിൽ – വിദ്യാഭ്യാസം മുതൽ തൊഴിലിടം വരെയും , ആരോഗ്യപരിപാലനവും സാമ്പത്തിക ഇടപാടുകളുടെ നടത്തിപ്പു വരെയും , ഭരണപ്രക്രിയയി – പൊതുവായി സംഭവിക്കുന്ന ഒരു വസ്തുത നിരന്തരമായ ഡാറ്റയുടെ ഉല്പാദനമാണ് ,പല രൂപത്തിലുള്ള അതിന്റെ കയ്യടക്കലാണ് .
ഇന്ന് കടയിൽ പോയി ഒരു സാധനം വാങ്ങി ബില്ലടയ്‌ക്കാൻ തുടങ്ങുമ്പോഴും ആദ്യം നമ്മോടു ആവശ്യപ്പെടുന്നത് നിങ്ങളുടെ ടെലിഫോൺ നമ്പർ പറഞ്ഞു തരുമോ എന്നതാണ് . ഗൂഗിൾ പേ പോലുള്ള എന്തെങ്കിലും യു പി ഐ പേയ്മെന്റ് മാർഗ്ഗത്തിലൂടെയാണെങ്കിൽ ഈ ചോദ്യം ചോദിക്കാതെ തന്നെ ഉത്തരം ആവശ്യമുള്ളവർക്ക് ലഭിക്കും . ഓൺലൈൻ പോർട്ടലുകളിലെ വില്പനയുടെ ഒരു മുന്നുപാധി തന്നെ ഈ ഡാറ്റ കൈമാറ്റമാണ് . ഏതാണ്ട് 500 ദശലക്ഷം യു പി ഐ പേയ്‌മെന്റുകളാണ് ഇന്ത്യയിൽ മാത്രം ദിനംപ്രതി നടക്കുന്നത് എന്നോർക്കുക . ഈ ഓരോ ഇടപാടുകളും ഡാറ്റ ഉല്പാദിപ്പിക്കുന്നു . ഇവയുടെ ആകെയുള്ള വലുപ്പം അവിശ്വനീയമാംവിധം ബൃഹത്താണ് . ബിഗ്‌ഡേറ്റ സാങ്കേതിക വിദ്യകളുടെ കടന്നുവരവ് സംഭവിക്കുന്നത് ഈ പശ്ചാത്തലത്തിലാണ് . നിർമിതബുദ്ധി സങ്കേതങ്ങൾ ഈ വിശകലത്തിന് പുതിയ മാനങ്ങൾ നൽകി . ഉപഭോക്തൃ രീതികളും സമ്പ്രദായങ്ങളും ഉപഭോക്താവിന്റെ സ്വഭാവവുമെല്ലാം അനായാസം കണ്ടെത്താം എന്ന് വന്നു . എ ഐ സങ്കേതങ്ങളുപയോഗിച്ച് ഈ ഡാറ്റയെ വിശകലനവിധേയമാക്കിയാൽ ഒരു വ്യക്തിയുടെ താല്പര്യങ്ങൾ അയാളുടെ ഉപഭോഗരീതികളിലൂടെ അനായാസം മനസ്സിലാക്കാം . അയാൾ ഉപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങളിലൂടെ അയാൾക്ക് ഇപ്പോഴുള്ള താല്പര്യങ്ങളെ ഊട്ടി വളർത്താം . അല്ലെങ്കിൽ അതിനെ പ്രത്യേക പാറ്റേണുകളിലൂടെ വികസിപ്പിക്കാം . ഒരാളുടെ സ്വഭാവത്തെത്തന്നെ രൂപപ്പെടുത്താം .
മനുഷ്യൻ ഏർപ്പെടുന്ന ബഹുമുഖമായ പ്രക്രിയകളിൽ ഒന്ന് മാത്രമാണ് ആവശ്യമുള്ള വസ്തുക്കളുടെ വാങ്ങൽ . അതല്ലാതെയുള്ള നിരവധി കാര്യങ്ങളാണ് അയാൾ ദിനംപ്രതി ഡിജിറ്റൽ ഇന്റർഫേസിലൂടെ നടത്തുന്നത് . വിവിധ സാമൂഹ്യമാധ്യമങ്ങലൂടെ മറ്റുള്ളവരുമായി സമ്പർക്കത്തിലേർപ്പെടുക , ഇന്റർനെറ്റിലെ വിഡിയോകളും ചിത്രങ്ങളും ആസ്വദിക്കുക , ഡിജിറ്റൽ പേയ്‌മെന്റുകൾ നടത്തുക . ഇതെല്ലം ചെയ്യുമ്പോഴും ഡാറ്റയുടെ ഉല്പാദനം അനുസ്യുതം നടക്കുന്നുണ്ട് . നമുക്ക് പോലും കൃത്യമായി മനസിലാക്കാൻ കഴിയാത്ത നമ്മുടെ മനോവ്യാപാരങ്ങൾ കണ്ടെത്താൻ നിരന്തരം നാം പ്രക്ഷേപിക്കുന്ന ഈ ഡാറ്റയുടെ വിശകലനത്തിലൂടെ സാധിക്കും . ഇത് സാധിക്കുന്നു എന്ന് മാത്രമല്ല ഇന്നത്തെ ലോകത്തെ ഏറ്റവും വിലപിടിച്ച ചരക്കുകളിലൊന്നായി ഈ ഡാറ്റ മാറിത്തീരുകയും ചെയ്തിരിക്കുന്നു . ലാഭം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഏതാനും കമ്പനികളുടെ കൈവശം ഈ ഡാറ്റ വന്നു ചേർന്നിരിക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത് . ഡിജിറ്റൽ യുഗത്തെ ചലിപ്പിക്കുന്ന സുപ്രധാന ഇന്ധനമായി ഈ ഡാറ്റ മാറിയിരിക്കുന്നു . അതിന്റെ അവകാശികളാകട്ടെ ഏതാനും ഈ ഭൂഗോളത്തിന്റെയാകെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്ന ഏതാനും സ്വകാര്യ കമ്പനികളും . ഡാറ്റ കൊളോണിയലിസം എന്ന പ്രയോഗത്തെ വെറുമൊരു വാചക കസർത്തു മാത്രമായി തള്ളിക്കളയാൻ വയ്യാത്ത ഒന്നാക്കി മാറ്റുന്നത് ഈ സാഹചര്യമാണ് .
(തുടരും )