
കാശ്മീരിലെ പഹൽഗാമിൽ പാകിസ്ഥാൻ ഭീകരർ നടത്തിയ ആക്രമണം നമ്മുടെ മുന്നിലേക്ക് രണ്ടു വിഷയങ്ങളാണ് കൊണ്ടുവരുന്നത്. ഒന്ന്, ഭീകരാക്രമണത്തിലൂടെ പഹൽഗാമിലെ ബൈസരൻ പുൽമേടുകളിൽ 26 ഇന്ത്യക്കാരെ നിഷ്ഠൂരമായി വധിച്ച സംഭവം വാസ്തവത്തിൽ പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമായ നടപടിയാണ്. രണ്ടാമത്തേത്, ഇന്ത്യയിലുണ്ടായ ഈ ആക്രമണം പരിശോധിച്ചാൽ കാണാൻ കഴിയുന്നത് ഇന്ത്യ ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് വമ്പിച്ച സുരക്ഷാവീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്നാണ്. ലളിതമായി പറഞ്ഞാൽ 26 വിലപ്പെട്ട ജീവനുകളെ ഭീകരന്മാർക്ക് വെറുതെ എറിഞ്ഞുകൊടുക്കുന്ന ഒരു നടപടിയാണ് ഇന്ത്യ ഗവൺമെന്റിന്റെ ഭാഗത്തുനിന്നുമുണ്ടായത്. എന്നാൽ അതിനെ മറച്ചുവെച്ചുകൊണ്ട്, പാകിസ്ഥാൻ ഭീകരർ മതംതിരിച്ച് ആളുകളെ മാറ്റിനിർത്തി വെടിവെച്ചുകൊന്നതുപോലെ, സ്വന്തം വീഴ്ചകൾ മറച്ചുവെച്ചുകൊണ്ട്, ഇവിടെ ജാതിയും മതവുംപറഞ്ഞ് രാഷ്ട്രീയമായി മുതലെടുക്കാനുള്ളശ്രമം ബിജെപി സർക്കാർ തുടങ്ങികഴിഞ്ഞു. ഈ രണ്ടു കാര്യങ്ങളാണ് നമുക്ക് പരിശോധിക്കേണ്ടത്.
എന്തുകൊണ്ട് പഹൽഗാം?
ഒന്ന്, എന്തുകൊണ്ടാണ് പാകിസ്ഥാൻ ഇപ്പോൾ കാശ്മീരിലെ പഹൽഗാമിലെ ബൈസരൺ താഴ്വരയിൽ ഈ ആക്രമണം നടത്തിയത്? പാകിസ്ഥാൻ രാഷ്ട്രീയമായും സാമ്പത്തികമായും സൈനികമായും സാമൂഹ്യമായും വളരെ വലിയ തകർച്ചയിലാണ്. സാമ്പത്തികപ്രതിസന്ധിമൂലം വേൾഡ് ബാങ്കിൽനിന്ന് വായ്പ എടുക്കുന്നതരത്തിലേക്ക് പാകിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥ തകർന്നിരിക്കയാണ്. ലോകബാങ്ക് സഹായംകിട്ടിയാൽമാത്രം മുന്നോട്ടുപോകാൻ കഴിയുന്നതരത്തിൽ നിൽക്കുന്ന ഒരു സമ്പദ്‌വ്യവസ്ഥയാണ് ഇപ്പോൾ പാകിസ്താന്റേത്. രാഷ്ട്രീയമായി നോക്കിയാൽ, അവിടെ ഒരു സഖ്യകക്ഷി സർക്കാരാണ് നിലനിൽക്കുന്നത്. വളരെ ദുർബലമാണ് ഷഹബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റ്. അതുതന്നെ പട്ടാളത്തിന്റെ സഹായത്തോടുകൂടി നിലവിൽവന്നതാണ്. അതുകൊണ്ടുതന്നെ ഈ ഗവൺമെന്റിനെ നിയന്ത്രിക്കുന്നത് ഇപ്പോൾ പട്ടാളമാണ് . അതിനുപുറമെ, നിരന്തരമായി അവിടെ ഭീകരാക്രമണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. കൂടാതെ, അഫ്ഗാനിസ്ഥാനും പാകിസ്ഥാനുംതമ്മിൽ സായുധസംഘർഷങ്ങൾ നടക്കുകയാണ്. പാകിസ്ഥാന്റെ അയൽക്കാരായ ഇറാനുമായിട്ടും സംഘർഷങ്ങളും യുദ്ധങ്ങളും നടക്കുന്നു. എല്ലാംകൊണ്ടും വളരെ ദുർബലമായിനിൽക്കുന്ന ഒരു രാഷ്ട്രമാണ് പാകിസ്ഥാൻ. ചുരുക്കത്തിൽ സാമ്പത്തികമായും, രാഷ്ട്രീയമായും പ്രതിസന്ധിയിലായ ഒരു രാഷ്ട്രം എന്തുകൊണ്ടാണ് ഇങ്ങനെ ഒരു ഭീകരാക്രമണത്തിന് മുതിർന്നത്?
ഇവിടെ പരിശോധിക്കേണ്ട ഒന്നാമത്തെ കാര്യം ഭീകരാക്രമണത്തിന് തെരഞ്ഞെടുത്ത സമയമാണ്. സമയത്തിന്റെ തെരഞ്ഞെടുപ്പിലുള്ള പ്രാധാന്യം എന്താണ്? രണ്ടു കാരണങ്ങളാൽ അത് പ്രധാനമാണ്. ഒന്ന്, ഇന്ത്യൻ പ്രധാനമന്ത്രി സൗദിഅറേബ്യ സന്ദർശിക്കുന്ന സന്ദർഭത്തിലാണ് ഭീകരാക്രമണം നടന്നത്. രണ്ട്, അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഇന്ത്യ സന്ദർശിക്കുന്ന സന്ദർഭത്തിലാണ് ബൈസരൺ പുൽമേടുകളിൽ രക്തംചിന്താൻ ഭീകരർ തീരുമാനിച്ചത്. പാകിസ്ഥാന്റെ ഇപ്പോഴത്തെ സാമ്പത്തിക-രാഷ്ട്രീയനില ഇത്രയും പരുങ്ങലിൽ ആയതിന്റെ പ്രധാനപ്പെട്ട രണ്ട് കാരണക്കാരാണ് അമേരിക്കയും സൗദിഅറേബ്യയും. കഴിഞ്ഞ 70 വർഷമായി പാകിസ്ഥാനെ സാമ്പത്തികമായും സൈനികമായും പിന്തുണച്ചുകൊണ്ടിരുന്നത് അമേരിക്കയും സൗദിഅറേബിയയുമാണ്. എന്നാൽ അഫ്‌ഗാനിസ്ഥാനിൽനിന്നും പിന്മാറിയശേഷം, പാകിസ്ഥാന് സാമ്പത്തികസഹായം നൽകേണ്ടകാര്യമില്ല എന്ന തീരുമാനത്തിലേക്ക് അമേരിക്ക എത്തി. ട്രംപിന്റെ ഒന്നാംഭരണകാലംതൊട്ടാണ് അമേരിക്കയിൽനിന്നുള്ള സാമ്പത്തികസഹായം ഗണ്യമായി കുറഞ്ഞത്. രണ്ടാമത്തെ പ്രധാന സാമ്പത്തികസ്രോതസ്സ് പശ്ചിമേഷൻ രാജ്യങ്ങളാണ്; പ്രധാനമായും സൗദി അറേബ്യയാണ്. സൗദി അറേബ്യയും മുൻകാലത്തെന്നതുപോലെ സാമ്പത്തികസഹായംനൽകാൻ തയാറാകുന്നില്ല. പാകിസ്ഥാനിൽ സാമ്പത്തികപ്രതിസന്ധിയും കടക്കണിയും ഉണ്ടായപ്പോൾ, സൗദിഅറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളോട് സാമ്പത്തികസഹായം അഭ്യർഥിച്ചെങ്കിലും അവർ ആഗ്രഹിച്ച തരത്തിലുള്ള സാമ്പത്തികസഹായങ്ങൾ ഒന്നുംതന്നെ പാകിസ്ഥാന് ലഭിച്ചില്ല. പാകിസ്ഥാൻ ഭരണകൂടത്തിന്റെ പിടിപ്പുകേടുമൂലം ചൈനയിൽനിന്ന്പോലും ഇവർ ആഗ്രഹിക്കുന്ന തരത്തിൽ സഹായം ലഭ്യമാകുന്നില്ല.
അങ്ങനെ എല്ലാ മേഖലകളിൽനിന്നും സാമ്പത്തികവും രാഷ്ട്രീയവുമായിട്ടുള്ള സഹായമില്ലാതായപ്പോൾ, ദക്ഷിണേഷ്യൻ ഭൂതന്ത്രരാഷ്ട്രീയത്തിൽ അവഗണിക്കാൻ പറ്റാത്ത ഒരു രാഷ്ട്രമാണ് പാകിസ്ഥാനെന്നും, അമേരിക്കയും, സൗദി അറേബ്യയും, ഇന്ത്യയും പാകിസ്ഥാനെ ഗൗരവമായിട്ടെടുക്കണമെന്ന് ബോധ്യപ്പെടുത്തുന്നതിനുള്ള, വാസ്തവത്തിൽ ആത്മഹത്യാപരം എന്ന് പറയാവുന്ന, ഒരു കിരാതനടപടിയാണ് കാശ്മീരിൽ അവർ നടപ്പിലാക്കിയത്.
രണ്ടാമത്തേത്, കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യ, പാകിസ്ഥാനെ വളരെ ഗൗരവത്തിൽ എടുത്തിരുന്നില്ല എന്നതാണ്. അതിന്റെ പ്രധാനകാരണം, പാകിസ്ഥാൻ തന്നെയാണ്. പാകിസ്ഥാനിൽ ഉണ്ടായ ആഭ്യന്തരസംഘർഷങ്ങൾ, ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള ഭരണം അട്ടിമറിക്കപ്പെടുന്നു; ഇമ്രാൻ ഖാൻ പാകിസ്ഥാൻ ഭരണകൂടത്തിനെതിരായി സമരം ചെയ്യുന്നു; പാകിസ്ഥാനിൽതന്നെയുള്ള തെഹ്‌രീ കെ താലിബാൻ എന്ന ഭീകരസംഘടന അവർക്കെതിരായി സമരം ചെയ്യുന്നു എന്നിവയെല്ലാം പാകിസ്ഥാനെ ആഭ്യന്തരമായി ക്ഷീണിപ്പിച്ചു. അതോടൊപ്പം, പാകിസ്ഥാൻ ആഗോളഭീകരവാദത്തിന്റെ തലസ്ഥാനമാണ് എന്ന ആശയം ആഗോളതലത്തിൽ അംഗീകാരം നേടുകയും അവർ ഒറ്റപ്പെടുകയും ചെയ്തപ്പോൾ പാകിസ്ഥാനെ ഇന്ത്യയും ഗൗരവമായി പരിഗണിക്കാതെയായി. അവരെ അങ്ങനെ അവഗണിക്കാൻതുടങ്ങിയതോടെയാണ്, ഇന്ത്യ ഗവൺമെന്റ് ഞങ്ങളെ ശ്രദ്ധിക്കേണ്ടതാണ്, അല്ലെങ്കിൽ ഞങ്ങൾക്ക് ചിലപ്രശ്നങ്ങൾ ഇന്ത്യയിൽ ഉണ്ടാക്കാൻകഴിയും എന്നുകൂടി ബോധ്യപ്പെടുത്തുന്നതിനുവേണ്ടിയിട്ടാണ് കാശ്മീരിലെ പഹൽഗാമിൽ ബൈസരൺ താഴ്വരയിൽ ആക്രമണംനടത്തി നിരപരാധികളായ ആളുകളെ വധിക്കുന്നതിനു ഭീകരർക്ക് പാകിസ്ഥാൻ ഒത്താശനൽകിയത്.
ഗുരുതരമായ സുരക്ഷാവീഴ്ച
എന്തുകൊണ്ടാണ് ഇത്രയും ഞെട്ടിപ്പിക്കുന്ന, ക്രൂരമായ കൊലപാതകം നടത്തുന്നതിന് ഭീകരന്മാർക്ക് കഴിഞ്ഞത് എന്നുകൂടി പരിശോധിക്കേണ്ടതുണ്ട്. രണ്ട് പ്രധാനപ്പെട്ട കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്. ഒന്ന്, പഹൽഗാമിലെ ബൈസരൻ താഴ്വര ‘മിനി സ്വിറ്റ്‌സർലൻഡ്’ എന്നാണ് അറിയപ്പെടുന്നത്. കാശ്മീർ സന്ദർശിക്കുന്ന വിനോദസഞ്ചാരികൾ പഹൽഗാം സന്ദർശിക്കുമ്പോൾ ഏറ്റവും പ്രധാനമായി പോകുന്ന ഒരു ഇടമാണ് ബൈസരൺ താഴ്വര. മാത്രമല്ല, കേന്ദ്രഗവൺമെന്റിന്റെ നിലപാടുകൾമൂലം തൊഴിലില്ലായ്മ അതിശക്തമായിനിൽക്കുന്ന സാഹചര്യത്തിൽ കാശ്മീരിലെ ജനങ്ങൾ, പ്രത്യേകിച്ച് യുവാക്കൾ, അവരുടെ ജീവിതത്തിന് ആശ്രയിക്കുന്ന ഒരു പ്രധാനപ്പെട്ട മാർഗം വിനോദസഞ്ചാരമേഖലയാണ്. കുറച്ചുനാൾമുമ്പ്, അവിടെ സർക്കാർസർവീസിലേക്ക് 4000 പോസ്റ്റിലേക്ക് സർക്കാർ അപേക്ഷ ക്ഷണിച്ചപ്പോൾ അഞ്ചുലക്ഷം പേരാണ് അപേക്ഷിച്ചത്.
കാശ്മീരിൽ ഇപ്പോൾ സമാധാനം നിലവിൽവന്നിരിക്കുന്നു, അതിനാൽ ഇനി വിനോദസഞ്ചാരത്തിനായി എല്ലാവര്ക്കും കാശ്മീർ സന്ദർശിക്കാമെന്ന് സർക്കാർ പ്രഖ്യാപിച്ച ഈ സ്ഥലത്ത് എന്തുകൊണ്ട് ഇത്രയുമധികം ആളുകൾ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടു; എങ്ങനെയാണ് കൊല്ലപ്പെട്ടത്? സഞ്ചാരികൾ ഈ സ്ഥലത്തെത്തി ആ പ്രദേശത്തിന്റെ മനോഹാരിത ആസ്വദിച്ചുകൊണ്ടിരുന്ന സന്ദർഭത്തിൽ ഭീകരർ ഒളിയിടങ്ങളിൽനിന്നും എത്തുകയായിരുന്നു. അവർ നടന്നു വന്ന് ആളുകളെ തെരഞ്ഞുപിടിക്കുന്നു; അവരുടെ ഐഡി ചോദിക്കുന്നു ;, അവരുടെ മതം ചോദിക്കുന്നു; എന്നിട്ട് പോയിന്റ് ബ്ലാങ്കിൽ അവരെ നിഷ്ഠൂരമായി , മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്നതരത്തിൽ, അവരുടെ ബന്ധുക്കളുടെ മുന്നിൽവെച്ച് , വെടിവെച്ചുകൊല്ലുകയാണ്. ഭീകരർ പെട്ടെന്ന് രംഗത്തുനിന്ന് മറയുകയുംചെയ്തു. ഭീകരർക്ക് ഇത്ര സാവകാശം ഈ കാര്യങ്ങൾ നടപ്പിലാക്കാൻ എന്തുകൊണ്ട്കഴിഞ്ഞു? ഏകദേശം ഒന്നരലക്ഷം സൈനികർ അതിർത്തിയിലും മൂന്നുലക്ഷം സൈനികർ കാശ്മീരിനുള്ളിൽ മറ്റിടങ്ങളിലും വിന്യസിക്കപ്പെട്ടിരിക്കെ, ബൈസൻതാഴ്വരപോലെയുള്ള, ടൂറിസത്തിന് ഏറ്റവുമധികം പ്രാധാന്യമുള്ള പ്രദേശത്ത്, ഇത്രയും സാവകാശം ആക്രമണം നടത്തിക്കൊണ്ടുപോകാൻ ഭീകരർക്ക് എങ്ങനെ കഴിഞ്ഞു? വിനോദസഞ്ചാരത്തിന്റെ കാര്യത്തിൽ ഇത്രമാത്രം പ്രാധാന്യമുള്ള സ്ഥലത്ത് ഒരു പട്ടാളക്കാരൻ പോലും ഇവിടെ വരുന്ന നൂറുകണക്കിനായിട്ടുള്ള ആളുകളുടെ ജീവൻ സംരക്ഷിക്കാൻ ഉണ്ടായിരുന്നില്ല എന്നുള്ളത് വാസ്തവത്തിൽ നമ്മളെ ഞെട്ടിപ്പിക്കേണ്ടതാണ്, ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്.
പഹൽഗാമിന്റെ മറ്റൊരുപ്രത്യേകത, അത് അമർനാഥ് യാത്രനടക്കുന്ന പ്രധാനപ്പെട്ടമാർഗമാണ്. അതുമാത്രമല്ല, അവിടെ ഒരു പ്രധാനപ്പെട്ട വിശ്രമത്താവളവുമുണ്ട്. ജൂലൈമാസം മൂന്നാംതീയതി അമർനാഥ്‌യാത്ര തുടങ്ങുകയാണ്. ഇത്രയും പ്രധാനപ്പെട്ട ഒരു പാതയിലാണ് ഭീകരാക്രമണം ഉണ്ടായിരിക്കുന്നത്. ഇത്തരം ഒരു ഭീകരാക്രമണം പ്രതിരോധിക്കുന്നതരത്തിലുള്ള സേനാവിന്യാസമോ പോലീസിന്റെ സാന്നിധ്യമോ ഉണ്ടായില്ല എന്നുള്ളത് നമ്മുടെ ഗവൺമെന്റിന്റെ (അവിടുത്തെ സുരക്ഷ, കേന്ദ്രഗവൺമെന്റിന്റെ മാത്രംഉത്തരവാദിത്വമാണ്. കാശ്മീർ സർക്കാരിന് അതിൽ ഒരു ചുമതലയുമില്ല.) മാധ്യമങ്ങൾ റിപ്പോർട്ട്ചെയ്തത്, ആഭ്യന്തരമന്ത്രി അമിത്ഷായോട് തന്നെ ബന്ധുക്കൾ മരണപ്പെട്ട ആളുകൾ ചോദിച്ചത് ‘ഞങ്ങളെ നിങ്ങൾ ഇങ്ങോട്ട് വിളിച്ചുവരുത്തിയത് ഇത്രമാത്രം അരക്ഷിതമായ സ്ഥലത്തേക്കാണോ’ എന്നാണ്. കേന്ദ്രഗവൺമെന്റ് പറയുന്നതുപോലെ കാശ്മീരിൽ എല്ലാം സാധാരണനിലയിലായി എന്ന പ്രചാരണം വസ്തുതാപരമല്ലെന്നു വ്യക്തമാകുന്നു ഈ ദുരന്തം.
ഭിന്നിപ്പിക്കൽ രാഷ്ട്രീയം
ഈ ദുരന്തം ഉണ്ടായപ്പോൾ എന്താണ് കേന്ദ്രഗവൺമെന്റ് ചെയ്യാൻ ശ്രമിക്കുന്നത്? ഇതിനെ ഒരു ജാതിയുടെ അല്ലെങ്കിൽ മതത്തിന്റെ പ്രശ്നമായി മാറ്റിക്കൊണ്ട് ജനങ്ങളുടെയിടയിൽ ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയനേട്ടം കൊയ്യാനുള്ള ശ്രമമാണ്. നമ്മൾ കാണേണ്ടകാര്യം, ആളുകളെ രക്ഷപ്പെടുത്താൻ വേണ്ടി ഭീകരന്മാരുടെ കയ്യിൽ നിന്ന് തോക്ക് പിടിച്ചുവാങ്ങി അവരെ തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചത് ആദിൽ ഷാ എന്ന കുതിരവണ്ടിക്കാരനാണ്. ഭീകരന്മാർ അയാളെയുംവധിച്ചു. അതിന്റെ അർഥം, ഭീകരതയെ എതിർക്കുന്നതിന് ജാതിയും മതവും ഒന്നുമില്ല, ഭീകരതയക്കും ജാതിയും മതവും ഒന്നുമില്ല. അതാണ് യാഥാർത്ഥ്യമായിരിക്കേ, ഒരു മുസ്ലിംസഹോദരന്റെ പങ്കിനെ മറച്ചുവെച്ചുകൊണ്ട് മുസ്ലിം-ഹിന്ദു വിഭജനം നമ്മുടെ രാജ്യത്ത് ഉണ്ടാക്കി രാഷ്ട്രീയമായി മുതലെടുക്കാൻ വേണ്ടിയിട്ടുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. സ്വന്തം ഭരണകൂടത്തിന്റെ ഇന്റലിജൻസ് പിഴവ്, സുരക്ഷാ പിഴവ്, ഇതെല്ലാം മറച്ചുവെച്ചുകൊണ്ട് ഇതിനെ രാഷ്ട്രീയമായി വോട്ടാക്കി മാറ്റാനുള്ള ശ്രമമാണ് കേന്ദ്ര ഗവൺമെന്റ് നടത്തുന്നത്. അത് ഇന്ത്യക്കാരും, ലോകത്തുള്ള മുഴുവൻ ആളുകളും തിരിച്ചറിയേണ്ടതുണ്ട്.
തിരിച്ചടി
ഈ സംഘർഷത്തിന്റെ ഫലമായി ഇന്ത്യയും, തുടർന്ന് പാകിസ്ഥാനും ചില നിലപാടുകൾ എടുത്തിട്ടുണ്ട്. അതിലൊന്ന്, വളരെ കടുത്ത നടപടിയാണ്. അത് സിന്ധുനദീജല കരാർ മരവിപ്പിക്കാനുള്ള തീരുമാനമാണ്.
സിന്ധുനദീജല കരാർ മരവിപ്പിച്ചാൽ, അതിൽ നിന്നും ജലം പാകിസ്ഥാന്റെ പഞ്ചാബ് പ്രവിശ്യയ്ക്ക് ലഭിക്കാതെവന്നാൽ ഇപ്പോൾതന്നെ വളരെയധികം പ്രതിസന്ധി അനുഭവിക്കുന്ന ആ പ്രദേശത്തിന് ബുദ്ധിമുട്ടുണ്ടാകും. മറ്റൊരുകാര്യം, നദീജലക്കരാർ മരവിപ്പിക്കും എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ഈ വെള്ളം അങ്ങോട്ട് ഒഴുകിപോകുന്നതിനെ തടയാനുള്ള സംവിധാനങ്ങൾ നിലവിലില്ല. അതുകൊണ്ടുതന്നെ ഉടനൊന്നും ഈ വെള്ളത്തിന്റെ ഒഴുക്കിനെ തടയാൻ കഴിയില്ല. സിന്ധുനദീജലകരാർ 1960ൽ വേൾഡ്ബാങ്കിന്റെ മധ്യസ്ഥതയിൽ നിലവിൽ വന്ന ഒരു കരാറാണ്. അത്തരമൊരു കരാർ ഏകപക്ഷീയമായി മരവിപ്പിക്കാൻ നമുക്ക് അവകാശമുണ്ടോ ?. തുടർന്നുള്ള പദ്ധതികൾക്ക് നമുക്ക് ലോകബാങ്കിൽനിന്നും ലോണുകൾ കിട്ടാതെവരാം, രണ്ട്, ഇതൊരു അന്തർദേശീയ കരാറാണ്; ഈ അന്തർദേശീയകരാർ നമ്മൾ മരവിപ്പിച്ചാൽ, അന്തർദേശീയ കരാറുകൾ മാനിക്കുന്ന രാജ്യമല്ല ഇന്ത്യ എന്ന പ്രചാരണത്തിന് സാധ്യത കൂടുതലാണ് . മൂന്നാമത്തേത്, പാകിസ്ഥാൻ ഇതിനെതിരായി ആർബിട്രേഷൻ പോകാം. നിലവിൽതന്നെ ഇതുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ ആർബിട്രേഷൻ നടപടിയിലേക്ക് നീങ്ങിയിട്ടുണ്ട്; ഇതിനെതിരായും കേസിന് പോകാനുള്ള സാധ്യതയുണ്ട്.
പാകിസ്ഥാൻ പ്രതികരിച്ചിരിക്കുന്നത് സിന്ധുനദീജലകരാർ മരവിപ്പിക്കാനുള്ളശ്രമം ഒരു യുദ്ധസമാനമായ തീരുമാനമാണ്; വെള്ളത്തെ ആയുധവൽക്കരിച്ചുകൊണ്ട് ജനങ്ങളെ പ്രയാസപ്പെടുത്താനുള്ള ശ്രമമാണ് ഇന്ത്യ നടത്തിയിരിക്കുന്നതെന്നാണ്. അതുകൊണ്ട് പാകിസ്ഥാൻ ഇന്ത്യയുമായി ഉണ്ടാക്കിയിട്ടുള്ള എല്ലാകരാറുകളും പിൻവലിക്കുകയാണ്. അതിൽ ഏറ്റവും പ്രധാനമായി അവർ പറഞ്ഞിരിക്കുന്നത് സിംലാകരാറാണ്. 1972ൽ ഉണ്ടായ സിംലാകരാർ പിൻവലിക്കുന്നകൊണ്ട് ഇന്ത്യക്ക് പ്രയാസം ഉണ്ടാവേണ്ട കാര്യമില്ല. കാരണം സിംലാകരാറിന്റെ ഏറ്റവുംപ്രധാനപ്പെട്ട രണ്ട് കാര്യങ്ങളിൽ ആദ്യത്തേത് കാശ്മീർപ്രശ്നം സമാധാനപരമായി പരിഹരിക്കും എന്നതാണ്. അതിനുശേഷം ശേഷം പാകിസ്ഥാന്റെ പിന്തുണയോടെ കാശ്മീരിൽ എന്തുമാത്രം ആക്രമണങ്ങൾ നടക്കുകയുണ്ടായി. മറ്റൊന്ന്, അതിർത്തിരേഖ ഞങ്ങൾ മാനിക്കും എന്നുള്ളതാണ്. അതിർത്തിരേഖ മാനിക്കുന്ന ഒരു കാര്യമേ പാകിസ്ഥാന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. 2021ൽ സമാധാനം ഉറപ്പാക്കും എന്നു പറഞ്ഞ് നിയന്ത്രണരേഖക്കരാർ കൊണ്ടുവരികയും അത് കുറച്ചുനാൾ പാലിക്കുകയും ചെയ്തെങ്കിൽ, അത് ലംഘിക്കുന്നകാഴ്ചയാണ് ഇപ്പോൾ കണ്ടത്.
ഈ രണ്ടുരാജ്യങ്ങളും ഇപ്പോൾ ഏതാണ്ടൊരു സംഘർഷത്തിന്റെ പാതയിലാണ്. ഇന്ത്യ, പാകിസ്ഥാനിലേക്ക് കടന്നുകയറി ആക്രമണം നടത്താനുള്ള കാര്യങ്ങൾ ആലോചിക്കുന്നുണ്ടെന്ന വാർത്തകൾ വരുന്നുണ്ട്. അതിനെ പ്രതിരോധിക്കാൻ പാകിസ്ഥാൻ സേനാവിന്യാസം തുടങ്ങിയിരിക്കുന്നു.
യുദ്ധം ഒന്നിനും പരിഹാരമല്ല. രണ്ട് രാജ്യങ്ങളും തമ്മിലേതെല്ലാം മേഖലകളിലുള്ള ചർച്ചകളിലൂടെ ഈ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്ന് ആലോചിക്കണം. പ്രശ്നപരിഹാരത്തിന് അത് മാത്രമാണ് പോംവഴി . അല്ലെങ്കിൽ, ദുർബലമായ രാജ്യമാണെങ്കിലും പാകിസ്ഥാന് വീണ്ടും വീണ്ടും നമ്മുടെരാജ്യത്ത് പ്രശ്നങ്ങൾ സൃഷ്ട്ടിക്കാൻ കഴിയും. അത് പരിഹരിക്കണമെങ്കിൽ രാജ്യങ്ങൾക്കിടയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാനുള്ള മാർഗങ്ങൾ അന്വേഷിക്കുക മാത്രമാണ് സംഘർഷങ്ങൾക്കും, നിരപരാധികളുടെ ജീവൻ നഷ്ടപെടാതിരിക്കാനുമു ള്ള ശാശ്വതമായ പരിഹാരം.