കലാപരിണാമം ഗോഥിക്‌ കാലത്തിലൂടെ

കാരയ്‌ക്കാമണ്ഡപം വിജയകുമാർ

യൂറോപ്പിലാകെ കലാസാംസ്‌കാരിക വിദ്യാഭ്യാസമേഖല മന്ദീഭവിച്ചിരുന്നത്‌ 5‐ാം നൂറ്റാണ്ടുകളിലെന്നാണ്‌ ചരിത്രം രേഖപ്പെടുത്തുന്നത്‌. യുദ്ധം, അധിനിവേശം, കുടിയേറ്റങ്ങൾ ഇവയൊക്കെച്ചേർന്ന ദോഷഫലങ്ങളാണ്‌ ഇത്തരമൊരു വീഴ്‌ചയ്‌ക്ക്‌ വഴിയൊരുക്കിയത്‌. അതിനുശേഷമൊരു മാറ്റമുണ്ടാകുന്നത്‌ നൂറ്റാണ്ടുകൾക്ക്‌ ശേഷമാണ്‌. ഫ്യൂഡലിസത്തിന്റെ ഭാഗമായിരുന്നു (10‐ാം നൂറ്റാണ്ട്‌) റൊമനെക്‌സ്‌ കാലവും സമൂഹും. നാട്ടുരാജാക്കന്മാരും പ്രഭുക്കന്മാരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ശക്തിയാർജിച്ചപ്പോഴാണ്‌ കേന്ദ്രീകൃത രാജഭരണവും നിയമവും രൂപപ്പെട്ടത്‌. റൊമനെക്‌സ്‌ കാലത്തിന്റെ പതനത്തോടെയാണ്‌ ഗോഥിക്‌ കാലവും കലയും രൂപമെടുക്കുന്നത്‌‐ ശക്തിപ്രാപിക്കുന്നത്‌. പള്ളികൾ ആരാധനലങ്ങൾ ഇവ വിദ്യാഭ്യാസത്തിനും സാംസ്‌കാരികരംഗങ്ങൾകകും ഊന്നൽ നൽകി പഠനസമ്പ്രദായങ്ങളിലൂടെ ഉണർവ്‌ പകരുകയും സജീവമാകുകയും ചെയ്‌തു. പള്ളികളുടെ നിർമാണങ്ങളോടൊപ്പം അവിടെ ചുവർചിത്രങ്ങളും ശിൽപങ്ങളും ധാരാളമായി രചിക്കപ്പെട്ടു. ചെറിയ ചിത്രങ്ങളിൽനിന്ന്‌ മാറി വിശാലമായ ചുവരുകളിൽ ചിത്രം വരയ്‌ക്കാൻ കലാകാരർ ഏറെ താൽപര്യം കാണിക്കുകയും അവസരങ്ങൾ ലഭിക്കുകയും ചെയ്‌തു. വിവിധ ശൈലീസങ്കേതങ്ങളിലൂടെ ചിത്രങ്ങൾ രചിക്കുകയും അവയ്‌ക്ക്‌ ചുറ്റിലുമായി അലങ്കാരപ്പണികളോടെ ഫ്രെയിം തയ്യാറാക്കുകയും ചെയ്യുന്ന രീതിയുമുണ്ടായിരുന്നു. വിശുദ്ധഗ്രന്ഥങ്ങളിൽ വരച്ചിരുന്ന ചെറിയ ചിത്രീകരണങ്ങളോടൊപ്പമുള്ള ലിപിവിന്യാസങ്ങളിലെ സൗന്ദര്യാവിഷ്‌കാരങ്ങളിലും കലാകാരർ ശ്രദ്ധ കേന്ദ്രീകരിച്ചു. വലിയ ചിത്രശിൽപങ്ങളിലെ രേഖീയതാളത്തിന്‌ പ്രാധാന്യമുള്ളതുപോലെ അലങ്കാരകലയും ഇഴചേരുകയായിരുന്നു. കൊട്ടാരങ്ങളിലെ കലാ‐കാവ്യസദസ്സുകളും സജീവമായി. പുരോഹിതസമൂഹത്തിന്റെ പിൻബലവും പള്ളികൾ അതിനുവേണ്ട അന്തരീക്ഷവും ഒരുക്കിയിരുന്നു.

നവോത്ഥാനകാല ചിന്തകളുടെ കാഴ്‌ചപ്പാടിൽ ഗോഥിക്‌ കാലത്തെ പലതരത്തിൽ വിലയിരുത്തപ്പെടുന്നുണ്ടെങ്കിലും ഗോഥ്‌ വർഗക്കാരുടെ കലയുടെ വികാസപരിണാമമാണ്‌ ഗോഥിക്‌ കലയെന്ന വാദത്തിനും പ്രസക്തിയുണ്ട്‌. 12‐14 നൂറ്റാണ്ടുകളിലാണ്‌ ഗോഥിക്‌ ശൈലി ചിത്രശിൽപകലയിൽ അംഗീകരിക്കപ്പെടുന്നത്‌. പുതിയ നഗരങ്ങളും പള്ളികളടക്കമുള്ള ആരാധനാലയങ്ങൾ ഗോഥിക്‌ ശൈലിയിൽ നിർമിക്കപ്പെട്ടു. ഗ്രാമങ്ങളിൽനിന്ന്‌ മാറ്റങ്ങളോടെ പള്ളികളും മറ്റ്‌ മന്ദിരങ്ങളും ധാരാളമായി ഉയർന്നുവരുകയും ചെയ്‌തു. പുരുഷമേധാവിത്വത്തോടെ, സ്‌ത്രീരൂപങ്ങൾ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം ഗോഥിക്‌ കാലത്തും കലയിലും അനുവദിച്ചിരുന്നു. നിയമജ്ഞരും കലാകാരരും അധ്യാപകരും ഭിഷഗ്വരരടക്കമുള്ള ആരോഗ്യപ്രവർത്തകരും ചേർന്ന്‌ സാമൂഹ്യ സാംസ്‌കാരിക വിജ്ഞാനമേഖല പുത്തൻ ഉണർവോടെ ക്രിയാത്മക പ്രവർത്തനങ്ങളിലേർപ്പെട്ടതും ഗോഥിക്‌ കലയ്‌ക്ക്‌ വളരാൻ അവസരമായി. സ്‌ത്രീരൂപങ്ങൾ യഥേഷ്ടം ചിത്ര ശിൽപാവിഷ്‌കാരങ്ങളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. റൊമനെക്‌സ്‌ കാലത്തെ യുദ്ധപശ്ചാത്തല സാഹിത്യരചനകളിൽനിന്ന്‌ മാറി പ്രകൃതിക്കും സൗന്ദര്യബോധത്തിനു പ്രാധാന്യം നൽകുന്ന മനുഷ്യരും പ്രണയവുമൊക്കെ ഉൾച്ചേർന്ന മാനവികതാബോധത്തോടെയുള്ള രചനകൾ ഉണ്ടായിത്തുടങ്ങി. യുദ്ധക്കെടുതികളും ഭീകരതയുമാർന്ന രചനകളിൽനിന്ന്‌ സ്‌നേഹവും ദയയും ജനാധിപത്യബോധവും കലയിലൂടെ കടന്നുവന്നു എന്നതാണ്‌ ഗോഥിക്‌ കാലത്തിന്റെ മറ്റൊരു പ്രത്യേകത. വിവിധ ക്രിസ്‌തീയ ധാരകളുടെ സമ്മേളനകാലവും ഗോഥിക്‌ കലയുടെ വളർച്ചയുടെ കാലവുമായിരുന്നു 12‐14 നൂറ്റാണ്ടുകൾ. അക്കാലത്ത്‌ പൂർത്തിയായ പള്ളികളുടെ നിർമിതികളിലും അവയിലെ അലങ്കാരങ്ങളിലും ഗോഥിക്‌ ശൈലി പ്രകടമായിരുന്നു. വാസ്‌തുശിൽപകലയിലായിരുന്നു ഗോഥിക്‌ ശൈലിയുടെ മകുടോദാഹരണങ്ങൾ നിരവധിയുണ്ടായിരുന്നത്‌.

ഫ്രാൻസിൽ വാസ്‌തുകലയിലും ശിൽപകലയിലും ഗോഥിക്‌ ശൈലി കൂടുതൽ വികാസം പ്രാപിക്കുകയുണ്ടായി. പള്ളികളിലെ മുഖപ്പുകൾ, വാതിലുകൾ, വിശാലമായ മുറികളിലെ തൂണുകളടക്കമുള്ള നിർമിതികളിൽ ക്രിസ്‌തുവിന്റെ ജനനം മുതൽ അന്ത്യവിധിയടക്കമുള്ള പീഡാനുഭവങ്ങളും വർഗാരോഹണം, ഉയർത്തെഴുന്നേൽപ്പ്‌ തുടങ്ങിയ ദൃശ്യങ്ങളും ശിൽപരൂപങ്ങളായി ആവിഷ്‌കരിച്ചിരുന്നു. 12 മാസത്തിൽ ഓരോ മാസവും മനുഷ്യരേർപ്പെടുന്ന തൊഴിലുകളെ സംബന്ധിച്ച ആശയങ്ങൾ ശിൽപഭാഷയായും പള്ളികളിൽ പ്രപഞ്ചത്തിന്റെ അന്തസത്ത സൂചിപ്പിക്കുംവിധം അവതരിപ്പിച്ചു. ഭൂമിയും സ്വർഗവും തമ്മിലുള്ള ബന്ധത്തിന്റെ അടയാളപ്പെടുത്തലുകളാണ്‌ ഈ ശിൽപങ്ങളെന്ന്‌ അക്കാല ജനത വായിച്ചിരുന്നു. വാതിലുകളോട്‌ ഫ്രെയിമിനോട്‌ ചേർന്ന തൂണുകളിൽനിന്ന്‌ പുറത്തേക്ക്‌ തള്ളിനിൽക്കുന്നതുമായ ശിൽപങ്ങളാണ്‌ അധികവും. സ്വതന്ത്രമായ ശിൽപം എന്ന സങ്കൽപത്തിനപ്പുറം വാസ്‌തുരൂപവുമായി ബന്ധപ്പെട്ട്‌ ഭിത്തി പ്രതലത്തിൽനിന്ന്‌ തള്ളിനിൽക്കുന്നവയാണവ. കാഴ്‌ചക്കാരിലേക്ക്‌ ഇറങ്ങിച്ചെല്ലുന്നതുപോലെ സ്ഥല‐വ്യാപ്‌തബോധം പ്രകടമാക്കുന്നവയാണ്‌ പ്രസ്‌തുത ശിൽപങ്ങൾ. ഗോഥിക്‌ ശിൽപങ്ങളിൽ ദൃശ്യമാകുന്ന മറ്റൊരു പ്രത്യേകത രൂപങ്ങളിലണിഞ്ഞിരിക്കുന്ന വസ്‌ത്രങ്ങളിലെ ചുളുക്കുകളും മടക്കുകളുമാണ്‌. ത്രിമാനസ്വഭാവമുള്ള വസ്‌ത്രങ്ങൾ ശരീരത്തോട്‌ ചേർന്നുനിൽക്കുമ്പോഴും പ്രത്യേക താളക്രമത്തിൽ സൗന്ദര്യാത്മകമായി അവതരിപ്പിക്കുകയായിരുന്നു ഗോഥിക്‌ ശൈലിയുടെ പ്രത്യേകത. കടൽ തിരമാലകളുടെ തരംഗാകൃതിപോലെ താളാത്മകമായ വസ്‌ത്ര ചുളിവുകൾ ചുവരിൽനിന്നും തൂണുകളിൽനിന്നും വിട്ടുപോരാൻ മടിക്കുന്ന ശിൽപങ്ങളിൽ കാണാം. നവോത്ഥാനകലയിലേക്ക്‌ നയിക്കാനുള്ള വഴിയൊരുക്കൽ കൂടിയായിരുന്നു ഗോഥിക്‌ ശൈലിയിലുള്ള ചിത്ര‐ശിൽപങ്ങൾ. നവോത്ഥാനകാല ഗ്രീക്ക്‌ കലാചിന്തകളിലും ചിത്ര ശിൽപ രചനകളിലും ദൃശ്യമാകുന്ന യഥാതഥമായ കാഴ്‌ചാനുഭവങ്ങൾക്ക്‌ തുടക്കം കുറിക്കാൻ ഗോഥിക്‌ കാല സംഭാവനകൾ സഹായകമായി.

ഗോഥിക്‌ കാലത്തിന്റെ രണ്ടാംഘട്ടം പള്ളിനിർമാണവുൾപ്പെടെയുള്ള വാസ്‌തുശിൽപകലയ്‌ക്കാണ്‌ പ്രാധാന്യം കൊടുത്തത്‌. സിമട്രിക്കലായ ശിൽപനിർമിതി പ്രത്യേകതയായി കാണാമെങ്കിലും തൂണുകളിലെ രചനാരീതി എടുത്തുപറയേണ്ടവയാണ്‌. നിരനിരയായ തൂണുകളിലെ ശിൽപങ്ങൾ പലതും പരസ്‌പരം സംവദിക്കാൻ തയ്യാറാകുന്നതുപോലെയാണ്‌ കാണാനാവുക. ശിൽപങ്ങളിലെ വസ്‌ത്രച്ചുളിവുകൾ കുറേക്കൂടി സ്വാഭാവികതയിലേക്കും അതേസമയം അതിശയോക്തിയിലേക്കും നമ്മെ നയിക്കുന്നു.

ഫ്രാൻസിൽ സെന്റ്‌ ലൂയിയുടെ കാലത്താണ്‌ കല പ്രത്യേകിച്ച്‌ ഗോഥിക്‌ കാലം കൂടുതൽ ശക്തിപ്രാപിച്ചത്‌. സെന്റ്‌ ലൂയി പള്ളിനിർമാണം, ശിൽപനിർമാണം, ഗ്രന്ഥശേഖരണം എന്നിവയിലൊക്കെ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്‌തിരുന്നു. ശവകുടീരത്തിലും ശിൽപങ്ങളുടെ നിർമിതിക്ക്‌ അദ്ദേഹം അനുമതി നൽകി. പ്രമുഖരുടെ മരണാനന്തരചടങ്ങിലെ വിലാപയാത്രകൾ റിലീഫ്‌ ശിൽപങ്ങളായി ചെയ്‌തിട്ടുള്ള മന്ദിരങ്ങളും പള്ളികളും ഇപ്പോഴും ഫ്രാൻസിൽ നിലനിൽക്കുന്നുണ്ട്‌. ഇംഗ്ലണ്ട്‌, സ്‌പെയിൻ, ഇറ്റലി, ഫ്രാൻസ്‌ തുടങ്ങിയ രാജ്യങ്ങളിൽ ഗോഥിക്‌ ശൈലി സ്വീകരിച്ചുള്ള ശിൽപനിർമിതികളും വാസ്‌തുകലയ്‌ക്ക്‌ ഉദാഹരണങ്ങളായ പള്ളികളും മകുടോദാഹരണങ്ങളായി ഇന്നും നമുക്ക്‌ കാണാം. ഇറ്റാലിയൻ നവോത്ഥാനകാല കലയ്‌ക്ക്‌ തുടക്കം കുറിക്കാനും ഗോഥിക്‌ ശൈലിക്ക്‌ കഴിഞ്ഞു എന്നതാണ്‌ യാഥാർഥ്യം. l

Hot this week

ഡെന്മാർക്കിലെ ജനിതകപഠനം ഉയർത്തുന്ന നൈതികപ്രശ്നങ്ങൾ

ഡെന്മാർക്ക് സർക്കാരും ജനങ്ങളും അഭിമാനം കൊള്ളുന്ന ഒന്നാണ് അവരുടെ ഡാനിഷ് റെജിസ്റ്ററി...

കലയുടെ സൗന്ദര്യാനുഭവങ്ങൾ

കല ഏതുവിഭാഗമായാലും സാഹിത്യമായാലും സംഗീതമായാലും ചിത്രകലയായാലുമൊക്കെ അവയുടെ അന്തർധാരയായി വർത്തിക്കുന്നത്‌ ആശയവിനിമയമാണ്‌....

കെട്ടുകാഴ്ചയായി ചുരുങ്ങുന്ന കൂലി

സ്ഥിരം ശൈലി പടങ്ങളിൽനിന്ന്‌ തമിഴ്‌ സിനിമയ്‌ക്ക്‌ മാറ്റമുണ്ടായത്‌ പുതു തലമുറ സംവിധായകരിലൂടെയാണ്‌....

അതിജീവനത്തിന്റെ വിജയഗാഥ : മഞ്ജുനാഥ് മഞ്ചമ്മയായി മാറിയ കഥ

കർണാടകയിലെ ബെല്ലാരി ജില്ലയിൽ മഞ്ജുനാഥ ഷെട്ടിയായി ജനിച്ച്, പിന്നീട് പതിനാറാം വയസ്സിൽ...

ബദൽ

ഇന്ത്യയിൽ അധികാരത്തിൽ ഇരിക്കുന്ന ബിജെപി ഗവൺമെന്റ് നവ ഫാസിസ്റ്റ് പ്രവണതകൾ പ്രകടിപ്പിക്കുന്നു...

Topics

ഡെന്മാർക്കിലെ ജനിതകപഠനം ഉയർത്തുന്ന നൈതികപ്രശ്നങ്ങൾ

ഡെന്മാർക്ക് സർക്കാരും ജനങ്ങളും അഭിമാനം കൊള്ളുന്ന ഒന്നാണ് അവരുടെ ഡാനിഷ് റെജിസ്റ്ററി...

കലയുടെ സൗന്ദര്യാനുഭവങ്ങൾ

കല ഏതുവിഭാഗമായാലും സാഹിത്യമായാലും സംഗീതമായാലും ചിത്രകലയായാലുമൊക്കെ അവയുടെ അന്തർധാരയായി വർത്തിക്കുന്നത്‌ ആശയവിനിമയമാണ്‌....

കെട്ടുകാഴ്ചയായി ചുരുങ്ങുന്ന കൂലി

സ്ഥിരം ശൈലി പടങ്ങളിൽനിന്ന്‌ തമിഴ്‌ സിനിമയ്‌ക്ക്‌ മാറ്റമുണ്ടായത്‌ പുതു തലമുറ സംവിധായകരിലൂടെയാണ്‌....

അതിജീവനത്തിന്റെ വിജയഗാഥ : മഞ്ജുനാഥ് മഞ്ചമ്മയായി മാറിയ കഥ

കർണാടകയിലെ ബെല്ലാരി ജില്ലയിൽ മഞ്ജുനാഥ ഷെട്ടിയായി ജനിച്ച്, പിന്നീട് പതിനാറാം വയസ്സിൽ...

ബദൽ

ഇന്ത്യയിൽ അധികാരത്തിൽ ഇരിക്കുന്ന ബിജെപി ഗവൺമെന്റ് നവ ഫാസിസ്റ്റ് പ്രവണതകൾ പ്രകടിപ്പിക്കുന്നു...

തൊഴിൽ ഉറപ്പിക്കാൻ ആലപ്പുഴ വഴി

2024 ഒക്ടോബറിൽ ഡോ. ടി എം തോമസ് ഐസക് വിളിച്ചു ചേർത്ത...

കോളേജ് ഓഫ് എഞ്ചിനീയറിംഗ് ട്രിവാൺഡ്രം (സിഇടി) ക്യാമ്പസ് റിക്രൂട്ട്മെന്റിന്റെ മാതൃക

എഞ്ചിനീയറിംഗ് വിദ്യാഭ്യാസം നടത്താനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾ പ്രവേശനം ലഭിക്കാനായി പരിഗണിക്കുന്ന ഒന്നാമത്തെ സംസ്ഥാനതല...

ദിൻകർ മേത്ത

കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ കാര്യമായ വേരോട്ടമുണ്ടാക്കാൻ സാധിച്ച സംസ്ഥാനമല്ല ഗുജറാത്ത്‌. എങ്കിലും ഗുജറാത്തിൽ...
spot_img

Related Articles

Popular Categories

spot_imgspot_img