അടയുന്ന വാതിലുകൾ നൽകുന്ന സൂചനകൾ

കെ എസ്‌ രഞ്‌ജിത്ത്‌

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 84

കെ എസ്‌ രഞ്‌ജിത്ത്‌

സ്വന്തം രാജ്യത്തെ വ്യവസായത്തെയും തൊഴിലുകളെയും സംരക്ഷിക്കാൻ ഏതെങ്കിലും ഭരണാധികാരി ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിൽ എന്താണ് അപാകത? ഇത്തരമൊരാവശ്യത്തിനായി ഡൊണാൾഡ് ട്രംപ്‌ അമേരിക്കയിൽ ഇറക്കുമതി ചുങ്ക ഉയർത്തുന്നത് തെറ്റാണോ? ഇത്തരമൊരു സമീപനമല്ലേ രാജ്യസ്നേഹിയായ ഒരു ഭരണാധികാരി കൈക്കൊള്ളേണ്ടത്? ഇത്തരത്തിൽ നോക്കിയാൽ ഡൊണാൾഡ് ട്രംപിന്റെ പുത്തൻ താരിഫ് നയങ്ങളെ എങ്ങിനെ വിമർശിക്കാനാവും? ട്രംപ് കൈക്കൊണ്ട പുതിയ താരിഫ് നയങ്ങൾ ശരിയാണോ എന്ന ചോദ്യത്തിന് കേവലമായ യുക്തിയുടെ മണ്ഡലത്തിൽ നിന്നുകൊണ്ട് ആദ്യം ഉത്തരം കണ്ടെത്തേണ്ടതായുണ്ട്. അതുപോലെ നിയോ ലിബറൽ നയങ്ങളിൽ അടിയുറച്ചു വിശ്വസിക്കുകയും അത് നടപ്പിലാക്കുവാൻ ശ്രമിക്കുകയും ചെയ്യുന്നവരാണ് അമേരിക്കയുടെ പുതിയ താരിഫ് നയങ്ങളുടെ മുഖ്യ വിമർശകർ . ഇതേ അമേരിക്കയുടെ കാർമികത്വത്തിലാണ് നിയോ ലിബറൽ നയങ്ങൾ ആവിഷ്കരിക്കരിക്കപ്പെടുന്നതും ലോകത്താകെ അത് നിർബന്ധപൂർവം അടിച്ചേൽപ്പിച്ചതും എന്നത് വേറൊരു കാര്യം. മൂലധനത്തിന്റെയും ചരക്കുകളുടെയും അനിയന്ത്രിതമായ ഒഴുക്കിനുവേണ്ട സാഹചര്യമൊരുക്കുക എന്നതായിരുന്നല്ലോ നിയോലിബറൽ നയങ്ങളുടെ അന്തസ്സത്ത. ഇതിന് വിരുദ്ധമായ നയങ്ങളല്ലേ ട്രംപിന്റെ അമേരിക്ക ഇന്ന് കൈക്കൊണ്ടിരിക്കിരിക്കുന്നത്? പ്രത്യക്ഷത്തിൽ വളരെ വിചിത്രമായ ഒന്നായി തോന്നാവുന്ന ഒരു കാര്യമാണിത്. അതുപോലെ ഡൊണാൾഡ് ട്രംപ് എന്ന വ്യക്തിയുടെ ഭ്രാന്തൻസമീപനങ്ങളായി ഇതിനെ വ്യാഖ്യാനിക്കുന്നവരും ഏറെയാണ്.

പ്രഭാത് പട്നായിക്

ഇത് സംബന്ധിച്ച് പ്രഭാത് പട്നായിക് നടത്തിയ ഒരു നിരീക്ഷണം ശ്രദ്ധേയമാണ് . “It is important for an intellectual position not only to be right but to be right for the right reasons; and the near-universal condemnation of Donald Trump’s aggressive imposition of tariffs, though right, is right for the wrong reasons”. ഏതെങ്കിലുമൊരു നയത്തെ കേവലമായി ശരിയെന്നോ തെറ്റെന്നോ പറയാനാവില്ല. ശരിയായ കാരണം അതിനു പിന്നിലുണ്ടെങ്കിൽ മാത്രമേ അതിനെ ശരിയെന്നു വ്യാഖ്യാനിക്കാനാവൂ .ഇവിടെ താരിഫ് നിരക്കുകളുയർത്തിയ ട്രംപിന്റെ നയങ്ങൾക്കെതിരെ വ്യാപകമായി ഉയർന്ന വിമർശനങ്ങൾ ശരിയാണ് എങ്കിൽപ്പോലും അവ തെറ്റായ കാരണങ്ങളാലാണ് ഉയർത്തപ്പെട്ടത്. യാതൊരു നിയന്ത്രണങ്ങളുമില്ലാതെയുള്ള അന്തർദേശീയ വ്യാപാരം സാധൂകരിക്കപ്പെടേണ്ട ഒന്നാണ് എന്ന ആശയത്തിൽ ഊന്നി നിന്നുകൊണ്ടാണ് ഈ വിമർശനം. അതിൽ നിന്നും വ്യതിചലിച്ചു എന്നതാണ് ട്രംപിനെതിരെ നിയോലിബറൽ പാളയത്തിൽ നിന്നുതന്നെ ഉയരുന്ന വിമർശനത്തിന്‌ ഇടയാക്കിയിരിക്കുന്നത്. സ്വതന്ത്രവ്യാപാരത്തിന്റെ വക്താക്കളെല്ലാം തന്നെ ആധാരമാക്കുന്ന ഒന്ന്, ഒരു മുതലാളിത്ത ഉല്പാദനക്രമത്തിൻ കീഴിൽ ഡിമാന്റ് എല്ലായ്‌പോഴും പൂർണമായി നിലനിൽക്കും എന്നതാണ്. മൂലധനത്തിൽ മാർക്സ് തന്നെ വിമർശനവിധേയമാക്കിയിട്ടുള്ള ഒന്നാണ് ഈ ആശയത്തെ മുന്നോട്ടുവെയ്ക്കുന്ന സെയ്‌സ് നിയമം (Say’s Law). ഒരു മുതലാളിത്ത വ്യവസ്ഥയിൽ, ഒരു രാജ്യം കൈക്കൊള്ളുന്ന വ്യാപാര നയങ്ങൾ- സ്വതന്ത്ര വ്യാപാരത്തെ പ്രോത്സാഹിപ്പിക്കുന്നതോ ഉയർന്ന താരിഫ് നിരക്കുകൾ ഉപയോഗിച്ച് ഇറക്കുമതിയെ തടയുന്നതോ ആണെങ്കിൽ – ഒരൊറ്റ ലക്ഷ്യമേ ഉള്ളൂ. തങ്ങൾ ഉണ്ടാക്കുന്ന ഉത്പന്നങ്ങൾക്ക് കൂടുതൽ വിപുലമായ കമ്പോളം ഉറപ്പുവരുത്തണം. ഇതാകട്ടെ മറ്റ് രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയ്‌ക്കോ വ്യവസായങ്ങൾക്കോ എന്ത് സംഭവിക്കുന്നു എന്നതിനെ ഒട്ടുംതന്നെ പരിഗണിക്കാതെയാണു താനും. അതിനാൽ സ്വതന്ത്ര വ്യാപാരം എല്ലായ്‌പോഴും എല്ലാവർക്കും ഗുണം ചെയ്യുന്ന ഒന്നാകില്ല. അതിനാൽ സ്വതന്ത്ര വ്യാപാരത്തിൽ നിന്നും ട്രംപ്‌ പിൻവാങ്ങി എന്ന് പറഞ്ഞു വിമർശിക്കുന്ന നിയോ ലിബറൽ വക്താക്കൾ തീർത്തും തെറ്റായ കാരണങ്ങളാലാണ് ഈ വിമർശനം ഉന്നയിക്കുന്നത്.

അതേസമയം ട്രംപിന്റെ നയങ്ങളെ പുരോഗമന പക്ഷത്തുനിന്നും എതിർക്കേണ്ടത് മറ്റു കാരണങ്ങളാലാണ്. ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യം അവിടേക്കുള്ള ഇറക്കുമതിക്കെല്ലാം നിയന്ത്രണം ഏർപ്പെടുത്തുക. ഇറക്കുമതി താരിഫുകൾ കുത്തനെ ഉയർത്തുക. അതേസമയം ദരിദ്രരായ വികസ്വര രാജ്യങ്ങൾക്കുമേൽ സ്വതന്ത്ര വ്യാപാര നിയമങ്ങൾ അടിച്ചേൽപ്പിക്കുക. സാമ്രാജ്യത്വത്തിന്റെ ഇരട്ടമുഖമാണിത് വ്യക്തമായും കാട്ടിത്തരുന്നത്.

19‐ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ, നിർമ്മാണ വ്യവസായങ്ങളുടെ കേന്ദ്രസ്ഥാനത്ത് നിലകൊണ്ടിരുന്ന ഘട്ടത്തിൽ, സ്വതന്ത്ര വ്യാപാര നയങ്ങളുടെ അപ്പോസ്തലനായിരുന്നു ബ്രിട്ടൻ. വ്യാപാരത്തിനായി വാതിലുകൾ തുറന്നിടാൻ വേണ്ടി യുദ്ധങ്ങൾപോലും അരങ്ങേറി. ചൈനക്കെതിരെ 1839നും 1860നുമിടയിൽ രണ്ട് യുദ്ധങ്ങളാണ് ബ്രിട്ടൻ ഇത്തരത്തിൽ നടത്തിയത്. അതാകട്ടെ മയക്കുമരുന്നു വ്യാപാരം നടത്താൻ അനുവദിക്കാത്തതിൽ കോളനി രാജ്യങ്ങളിൽ തങ്ങളുടെ വ്യാവസായികോൽപ്പന്നങ്ങൾ നിർബന്ധപൂർവം അടിച്ചേൽപ്പിച്ച ബ്രിട്ടന്റെ നടപടികൾ കുപ്രസിദ്ധമാണ്. മാഞ്ചസ്റ്ററിലെ തുണിമില്ലുകൾ നിർമ്മിച്ച തുണിത്തരങ്ങൾ ഇന്ത്യയിലെ നെയ്ത്തുകാരെ തകർത്തത് സാമ്രാജ്യത്വം സ്വതന്ത്രവ്യാപാരവും തമ്മിലുള്ള അവിഹിതമായ കൈകോർക്കലിന്റെ ഉത്തമോദാഹരണമാണ്. ശക്തരായ രാഷ്ട്രങ്ങൾക്ക് ദുർബലരായ രാഷ്ട്രങ്ങളെ ചൂഷണം ചെയ്യാനുള്ള ഏറ്റവും നല്ല ഉപാധിയായിരുന്നു സ്വതന്ത്ര വ്യാപാരത്തിന്റെ മേലങ്കി. ചൈനയിൽ കറുപ്പ് നിർബന്ധപൂർവം അടിച്ചേൽപ്പിക്കാൻ ശ്രമങ്ങൾ നടക്കുന്ന കാലയളവിലാണ് യൂറോപ്പിൽ നിന്നും ചോളം ഇറക്കുമതി ചെയ്യുന്നത് തടയാൻ വേണ്ടിയുള്ള Corn Laws ബ്രിട്ടൻ നടപ്പിലാക്കുന്നത്. യൂറോപ്പിലെവിടെനോക്കിയാലും സമാനമായ നീക്കങ്ങൾ പല രാഷ്ട്രങ്ങളും സൗകര്യപൂർവം കൈക്കൊണ്ടിരുന്നത് കാണാം.

ലോകത്തിലെ ഏറ്റവും പ്രധാന വ്യാവസായിക രാജ്യം എന്ന നില ബ്രിട്ടന് നഷ്ടപ്പെടുന്നതോടെ സ്വതന്ത്ര വ്യാപാര നയങ്ങളിൽ നിന്നും അവർ മെല്ലെ പിൻവാങ്ങുന്നത് കാണാം. 1930കളിൽ മഹാമാന്ദ്യത്തിന്റെ കാലത്ത് ബ്രിട്ടനും അമേരിക്കയുമെല്ലാം തങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കാനുതകുന്ന വ്യാപാര നയങ്ങൾ കൈക്കൊണ്ടു.

രണ്ടാം ലോകയുദ്ധത്തിന്റെ കാലത്ത് നടന്ന ആക്രമണങ്ങളിൽ പലതിന്റെയും പിന്നാമ്പുറത്ത് താരിഫ് നയങ്ങൾ തങ്ങൾക്കനുകൂലമാക്കുക എന്നതായിരുന്നു. സാമ്രാജ്യത്വ ശക്തികൾ തമ്മിൽ നടന്ന യുദ്ധങ്ങളിൽ ഇത് നിർണായക ഘടകമായിരുന്നു. രണ്ടാം ലോകയുദ്ധാനന്തരം മുതലാളിത്തലോകത്തെ ഏറ്റവും പ്രമുഖ സ്ഥാനത്തേക്ക് അമേരിക്ക കടന്നുവന്നു. യുദ്ധത്തിൽ തകർന്ന യൂറോപ്യൻ രാഷ്ട്രങ്ങളെ പുനർനിർമിക്കാൻ എന്ന പേരിൽ തങ്ങൾക്കനുകൂലമായ സ്വതന്ത്ര വ്യാപാര നിയമങ്ങൾ അവർ നടപ്പിലാക്കി. അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിൽ നിലനിന്ന ശീതസമരം ഇതിന് അനുകൂല പശ്ചാത്തലമൊരുക്കി. എന്നാൽ സോവിയറ്റ് യൂണിയന്റെ തകർച്ചയാണ് സ്വതന്ത്ര വ്യാപാരനയങ്ങൾ പൂർണരൂപത്തിൽ നടപ്പിലാക്കുന്നതിലേക്ക് നയിച്ചത്. യാതൊരു തടസ്സവുമില്ലാതെ ഇതുമായി മുന്നോട്ടുപോകുവാൻ അമേരിക്കയ്ക്ക് സാധിച്ചു. ലോക വ്യാപാരക്രമത്തിന്റെ ഏറ്റവും ഉയർന്ന ശ്രേണിയിലേക്ക് അമേരിക്ക ഉയർത്തപ്പെട്ടു. ഇത്‌ നിയോലിബറൽ യുഗത്തിന്റെ ആരംഭം കുറിച്ചു. എല്ലാ വ്യാപാര നിയന്ത്രണങ്ങളും എടുത്തുകളയാനും തങ്ങളുടെ വ്യവസായങ്ങൾക്ക് നൽകിയിരിക്കുന്ന സംരക്ഷണങ്ങളെല്ലാം പിൻവലിക്കാനും വികസ്വര രാജ്യങ്ങൾ നിർബന്ധിതരായി. സ്വതന്ത്ര വ്യാപാരത്തിന്റെ ഈ വിജയഗാഥയാണ് ഇന്ന് വീണുടയുന്നത്.

ഈ കാലത്ത്, കുറഞ്ഞ കൂലി നിലനിൽക്കുന്ന തെക്കൻ രാജ്യങ്ങളിലേക്ക് വ്യവസായങ്ങൾ പറിച്ചുനടാൻ അന്താരാഷ്ട്ര മൂലധന ശക്തികൾ താല്പര്യപ്പെട്ടു. വികസിത രാജ്യങ്ങളിൽ നിന്നും വ്യവസായങ്ങൾ ഇവിടേക്ക് കടന്നുവരും എന്നതായിരുന്നു ഇന്ത്യയടക്കമുള്ള രാജ്യങ്ങളോട് നിയോലിബറൽ നയങ്ങൾ പിന്തുടരാൻ ആവശ്യപ്പെട്ടവർ പറഞ്ഞത്. ഈ സ്വപ്നമാണ് ട്രംപ്‌ ഭരണകൂടം തച്ചുടച്ചിരിക്കുന്നത്.

എന്നാൽ തങ്ങൾക്ക് നഷ്ടപ്പെട്ട വ്യവസായങ്ങളും തൊഴിലും തിരിച്ചുപിടിക്കുക എന്ന ഏക ലക്ഷ്യമല്ല ട്രംപിന്റെ നീക്കങ്ങൾക്കു പിന്നിൽ. ലോകത്തെ ഏറ്റവും കടബാധ്യതയുള്ള രാജ്യം എന്ന സ്ഥാനത്താണ് ഇന്ന് അമേരിക്ക. ഗുരുതരമായ കറന്റ് അക്കൗണ്ട് കമ്മി ലഘൂകരിക്കാൻ വ്യാപാര നിയന്ത്രണങ്ങൾ സഹായിക്കും എന്നതാണ് പ്രധാന ലക്ഷ്യം. എന്നാൽ ഒരു നൂറ്റാണ്ടു മുൻപത്തെ നിലയിലല്ല ഇന്ന് ലോകം. തെക്കൻ രാജ്യങ്ങളിലേക്ക് വൻതോതിൽ കയറ്റുമതി നടത്തി വ്യാപാരമിച്ചം ഉണ്ടാക്കാവുന്ന സ്ഥിതിയിലല്ല ലോകം. ഇന്ന് കോളനികളില്ല. തങ്ങൾക്കിഷ്ടമുള്ള രീതിയിൽ ഉത്പന്നങ്ങൾ മറ്റൊരു രാഷ്ട്രത്തിനുമേലും അടിച്ചേൽപ്പിക്കാനാവില്ല. ജനരോഷത്തെ അവഗണിച്ചു മുന്നേറാൻ അമേരിക്കയ്ക്കും ബ്രിട്ടനുമൊന്നും ഒരു പരിധിക്കപ്പുറം കഴിയില്ല.

ട്രംപ്‌ സ്വീകരിച്ചിരിക്കുന്ന നയങ്ങളോട് നാം എന്ത് സമീപനം കൈക്കൊളളും? വ്യാപാരകേന്ദ്രം വടക്കുനിന്നും തെക്കോട്ടു നീങ്ങുന്ന കാഴ്ചയാണ് ട്രംപിനെ പ്രധാനമായും അലോസരപ്പെടുത്തുന്നത്. തങ്ങളുടെ കുത്തകയെന്ന് വിചാരിച്ചിരുന്ന പല മേഖലകളിലും ഏഷ്യൻ രാജ്യങ്ങൾ മുൻകൈ നേടിയിരിക്കുന്നു. നിയോ ലിബറൽ നയങ്ങളുമായി ഇനിയും മുന്നോട്ടുപോകുവാൻ ആവില്ല എന്ന യാഥാർഥ്യത്തിലേക്ക് ഇത് ലോകത്തെ എല്ലാ രാഷ്ട്രങ്ങളെയും മെല്ലെ അടുപ്പിച്ചിരിക്കുകയാണ്. l

Hot this week

കെ. എം. സലിംകുമാർ: സത്യനീതികൾക്കായുള്ള സമരജീവിതം

സലിംകുമാർ നമ്മോടു പറയുന്നത് നീതിക്കും സത്യത്തിനും വേണ്ടിയുള്ള നിരന്തര ജീവിതപ്പോരാട്ടമാണ്. സമഗ്രാധിപത്യ...

ലോറ മൾവി: ദൃശ്യാനന്ദവും സിനിമാഖ്യാനവും

ലിംഗപദവിയിലെ അസമത്വങ്ങൾക്ക് ബഹുവിധമായ പരിമാണങ്ങളുണ്ട്. ഇത്തരം അസമത്വങ്ങൾ ചിലപ്പോൾ സ്പഷ്ടമായി കാണാവുന്ന...

ഫാസിസവും നവഫാസിസവും‐ 10

സൈനികവൽക്കരണം തകർന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിന് ഒരു പുനർജന്മം നൽകുക എന്നതാണ് ഫാസിസം ഉദ്ദേശിക്കുന്നത്...

അടിയന്തരാവസ്ഥ: പോസ്റ്റ്‌ കൊളോണിയൽ ഇന്ത്യയിലെ ആദ്യ സ്വേച്ഛാധിപത്യ വാഴ്‌ചയുടെ സാമൂഹിക, സാമ്പത്തിക മാനങ്ങൾ‐ 1

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 88 1975‐77 കാലയളവിൽ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഭരണകൂടം നടപ്പിലാക്കിയ...

റോന്തിലെ ‌ഉള്ളുല‌യ്‌ക്കുന്ന കാഴ്ചകൾ

കാഴ്‌ച പരിസരത്തിലേക്ക്‌ പ്രേക്ഷകനെ ഉൾച്ചേർക്കുന്ന ആഖ്യാനഘടനയാണ്‌ ഓരോ ഷാഹി കബീർ സിനിമകളും....

Topics

കെ. എം. സലിംകുമാർ: സത്യനീതികൾക്കായുള്ള സമരജീവിതം

സലിംകുമാർ നമ്മോടു പറയുന്നത് നീതിക്കും സത്യത്തിനും വേണ്ടിയുള്ള നിരന്തര ജീവിതപ്പോരാട്ടമാണ്. സമഗ്രാധിപത്യ...

ലോറ മൾവി: ദൃശ്യാനന്ദവും സിനിമാഖ്യാനവും

ലിംഗപദവിയിലെ അസമത്വങ്ങൾക്ക് ബഹുവിധമായ പരിമാണങ്ങളുണ്ട്. ഇത്തരം അസമത്വങ്ങൾ ചിലപ്പോൾ സ്പഷ്ടമായി കാണാവുന്ന...

ഫാസിസവും നവഫാസിസവും‐ 10

സൈനികവൽക്കരണം തകർന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിന് ഒരു പുനർജന്മം നൽകുക എന്നതാണ് ഫാസിസം ഉദ്ദേശിക്കുന്നത്...

അടിയന്തരാവസ്ഥ: പോസ്റ്റ്‌ കൊളോണിയൽ ഇന്ത്യയിലെ ആദ്യ സ്വേച്ഛാധിപത്യ വാഴ്‌ചയുടെ സാമൂഹിക, സാമ്പത്തിക മാനങ്ങൾ‐ 1

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 88 1975‐77 കാലയളവിൽ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഭരണകൂടം നടപ്പിലാക്കിയ...

റോന്തിലെ ‌ഉള്ളുല‌യ്‌ക്കുന്ന കാഴ്ചകൾ

കാഴ്‌ച പരിസരത്തിലേക്ക്‌ പ്രേക്ഷകനെ ഉൾച്ചേർക്കുന്ന ആഖ്യാനഘടനയാണ്‌ ഓരോ ഷാഹി കബീർ സിനിമകളും....

ഡി വെങ്കിടേശ്വര റാവു

1917 ജൂൺ ഒന്നിന്‌ ആന്ധ്രപ്രദേശിലെ വാറംഗൽ ജില്ലയിലെ ഇംഗുർത്തി ഗ്രാമത്തിലാണ്‌ ദേവുലപ്പള്ളി...

എ ഐ ആറിലൂടെ അടിയന്തരാവസ്ഥാ പ്രഖ്യാപനം നടത്തുന്ന ഇന്ദിരാഗാന്ധി

എ ഐ ആറിലൂടെ അടിയന്തരാവസ്ഥാ പ്രഖ്യാപനം നടത്തുന്ന ഇന്ദിരാഗാന്ധി
spot_img

Related Articles

Popular Categories

spot_imgspot_img