ഹെലൻ കെല്ലറുടെ 145‐ാം ജന്മവാർഷികം 2025 ജൂൺ 27ന് ആയിരുന്നു. അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും വ്യാപകമായി അംഗീകരിക്കപ്പെട്ട ഹെലൻ കെല്ലർ ഒരു രാഷ്‌ട്രീയ പ്രവർത്തക കൂടിയായിരുന്നുവെന്ന വസ്‌തുത അവരുടെ വ്യക്തിത്വത്തിന്റെ ഇതരവശങ്ങൾ ഉയർത്തിപ്പിടിക്കുന്നവർ മറയ്‌ക്കുന്നു. ഏറ്റവും പ്രധാനമായി അടിച്ചമർത്തലുകളെയും വിമോചനത്തെയും കുറിച്ചുള്ള മാർക്‌സിസ്റ്റ് ധാരണകളിലേക്കുള്ള വഴി ചൂണ്ടിക്കാണിച്ചവരിൽ ആദ്യപഥികയായിരുന്നു അവർ. ഈ വസ്‌തുത പലപ്പോഴും വൻതോതിൽ അടിച്ചമർത്തപ്പെട്ടിരിക്കുകയാണ്.
സാമ്രാജ്യത്വവിരുദ്ധ
ഹെലൻ കെല്ലർ ഇന്ന് ജീവിച്ചിരിപ്പുണ്ടെന്ന് സങ്കൽപിക്കുക. ഇസ്രയേലും അമേരിക്കയും ഒരു പരമാധികാര രാജ്യമായ ഇറാനുനേരെ യാതൊരു പ്രകോപനവുമില്ലാതെ നിർലജ്ജം നടത്തുന്ന ആക്രമണങ്ങളുടെ പരമ്പര കണ്ടിരുന്നുവെങ്കിൽ അവരുടെ പ്രതികരണം എന്താകുമായിരുന്നു? തങ്ങളുടെ ഭൗമരാഷ്‌ട്രീയ ആധിപത്യം സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന സാമ്രാജ്യത്വശക്തികളുടെ അധിനിവേശത്തെ ഹെലൻ കെല്ലർ അസന്ദിഗ്ധമായും അപലപിക്കുമായിരുന്നു.
യുദ്ധത്തെയും സമാധാനത്തെയും കുറിച്ചുള്ള കെല്ലറുടെ വീക്ഷണങ്ങൾ സോഷ്യലിസ്റ്റ് ആദർശങ്ങളുമായി, സാമ്രാജ്യത്വവിരുദ്ധ ആദർശങ്ങളുമായി ശക്തമായി യോജിക്കുന്നതായിരുന്നു. യുദ്ധത്തോടുള്ള കെല്ലറുടെ ശക്തമായ എതിർപ്പ്, മുതലാളിത്തത്തെയും വർഗചൂഷണത്തെയും കുറിച്ചുള്ള അവരുടെ വിമർശനത്തിൽനിന്ന് വേർതിരിക്കാനാവാത്തതായിരുന്നു. ഭരണവർഗത്തിന്റെ ഒരുപകരണമായാണ് അവർ യുദ്ധത്തെ കണ്ടത്‐ തൊഴിലാളിവർഗത്തിന്റെ ചെലവിൽ തങ്ങളുടെ സമ്പത്തും അധികാരവും സംരക്ഷിക്കാൻ സമ്പന്നർ ഉപയോഗിക്കുന്ന ഒരു ഉപകരണം.
ഇറാനിലെ ജനങ്ങളോട്‐ പ്രത്യേകിച്ച് തൊഴിലാളിവർഗത്തോടും സ്‌ത്രീകളോടും അരികുവത്‌കരിക്കപ്പെട്ട സമൂഹങ്ങളോടും ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന കെല്ലർ ഇറാനുള്ളിലെ ഏതെങ്കിലും തരത്തിലുള്ള സ്വേച്ഛാധിപത്യത്തെയോ മതപരമായ അടിച്ചമർത്തലുകളെയോ ഒരു കാരണവശാലും അംഗീകരിക്കില്ല. അതേസമയം അമേരിക്കയിലെയും ഇസ്രയേലിലെയും തൊഴിലാളികളോടും പൗരരോടും യുദ്ധത്തെ ചെറുക്കാനും സംഘടിക്കാനും സൈനികമേധാവിത്വത്തെ നിരാകരിക്കാനും ആഹ്വാനം ചെയ്യുകയായിരുന്നു. പലസ്‌തീനിലെ വംശഹത്യ അവസാനിപ്പിക്കാൻ അവർ ആവശ്യപ്പെടുമായിരുന്നു; പലസ്‌തീന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി അവർ നിലകൊള്ളുമായിരുന്നു. ഐക്യദാർഢ്യം, നീതി, സാമ്രാജ്യശിഥിലീകരണം എന്നിവയിലൂടെ സമാധാനത്തിനുള്ള ആഹ്വാനമാണ് ഇന്ന് ഹെലൻ കെല്ലറുടെ ശബ്ദം.
ഒന്നാം ലോകയുദ്ധത്തിൽ അമേരിക്കയുടെ ഇടപെടലിനെ രൂക്ഷമായി വിമർശിച്ച കെല്ലർ, ലാഭക്കൊതിയന്മാർ സമ്പന്നരാകുമ്പോൾ തൊഴിലാളികളെ മരിക്കാൻ അയച്ച ഒരു മുതലാളിത്ത സംരംഭമായി യുദ്ധത്തെ നിരീക്ഷിക്കുകയും അതിനെ ശക്തമായി അപലപിക്കുകയും ചെയ്‌തു. ‘‘യുദ്ധത്തിനെതിരെ പോരാടുക’’ 1916ൽ ഒരു പ്രസംഗത്തിൽ അവർ പ്രഖ്യാപിച്ചു, ‘‘കാരണം നിങ്ങളില്ലാതെ ഒരു യുദ്ധവും നടത്താനാവില്ല’’. കെല്ലറുടെ ശക്തമായ ഈ നിലപാട് അന്ധയും ബധിരയുമായ ഒരു വ്യക്തിയുടെ വ്യക്തിപരമായ വിജയത്തിന്റെ പ്രതീകമായി മാത്രം കെല്ലറെ കാണാൻ ഇഷ്ടപ്പെട്ടവരിൽ നിന്ന് വിമർശനങ്ങൾ ക്ഷണിച്ചുവരുത്തി; അത്തരക്കാരുടെ പിന്തുണ കെല്ലർക്ക് നഷ്ടപ്പെടാൻ ഇടയാക്കി. കെല്ലറുടെ യുദ്ധവിരുദ്ധ പ്രവർത്തനം അവരുടെ സോഷ്യലിസ്റ്റ് വിശ്വാസത്തിൽ ആഴത്തിൽ വേരൂന്നിയതാണ്. അവരുടെ അഭിപ്രായത്തിൽ സമാധാനം എന്നത് സംഘർഷത്തിന്റെ അഭാവം മാത്രമല്ല സാമ്പത്തിക, വംശീയ, ലിംഗാധിഷ്‌ഠിത നീതിയുടെ സാന്നിധ്യം കൂടിയാണ്. അസമത്വവും അക്രമവും നിലനിർത്തുന്ന വ്യവസ്ഥയെ‐ മുതലാളിത്തത്തെ‐ തകർക്കുക എന്നതാണ് കെല്ലറുടെ സമാധാനത്തെക്കുറിച്ചുള്ള ദർശനം.
കെല്ലറുടെ പൈതൃകം കേവലം പ്രചോദനാത്മകം മാത്രമല്ല, വിപ്ലവകരവുമാണ്. ദേശസ്‌നേഹപ്രചാരണത്തെ അവർ നിരാകരിക്കുകയും അടിച്ചമർത്തപ്പെട്ടവർക്കിടയിൽ അന്താരാഷ്‌ട്ര ഐക്യദാർഢ്യത്തിനാഹ്വാനം ചെയ്യുകയും ചെയ്‌തു. യുദ്ധത്തെ വീരത്വവുമായും സമാധാനത്തെ നിഷ്‌ക്രിയത്വവുമായും തുലനം ചെയ്യുന്ന തന്റെ കാലത്തെയും നമ്മുടെ കാലത്തെയും പ്രബലമായ ആഖ്യാനത്തെ കെല്ലർ വെല്ലുവിളിച്ചു. നീതിയിലൂടെ സമാധാനം എന്നതിനോടുള്ള ഹെലൻ കെല്ലറുടെ അചഞ്ചലമായ പ്രതിബദ്ധത അവരെ യുദ്ധവിരുദ്ധ പ്രവർത്തനത്തിന്റെ പുരോഗമന പാരമ്പര്യത്തിൽ ഉറപ്പിച്ചുനിർത്തുന്നു.
സാമ്പത്തികശേഷിയുള്ള ഒരു കുടുംബത്തിൽ ജനിച്ച ഹെലന് കേവലം 19 മാസം പ്രായമുള്ളപ്പോൾ ഒരു രോഗം പിടിപെട്ടു. അത് ഹെലനെ അന്ധയും ബധിരയുമാക്കി മാറ്റി. ഹാർവാർഡ് സർവകലാശാലയുടെ വനിതാ ശാഖയായ റാഡ്‌ക്ലിഫ് കോളേജിൽ പഠനത്തിന് ചേരുന്നതിനുമുമ്പ് ഹെലൻ, ബധിരർക്കും അന്ധർക്കും വേണ്ടിയുള്ള നിരവധി സ്ഥാപനങ്ങളിൽ പഠിച്ചു. 1904ൽ അവർ ബിഎ ബിരുദം നേടി. അത്തരമൊരു നേട്ടം കൈവരിക്കുന്ന അന്ധയും ബധിരയുമായ ആദ്യത്തെ വ്യക്തിയായിരുന്നു ഹെലൻ. റാഡ്‌ക്ലിഫിൽ വെച്ചാണ് തന്റെ പിൽക്കാല രാഷ്‌ട്രീയ പ്രവർത്തനങ്ങളെ ആഴത്തിൽ സ്വാധീനിച്ച കാൾ മാർക്‌സിന്റെ ആശയങ്ങൾ ഉൾപ്പെടെ പുരോഗമനാശയങ്ങളുമായി അവർ സമ്പർക്കത്തിലേർപ്പെട്ടത്. ഭിന്നശേഷിക്കാരോടുള്ള സമൂഹത്തിന്റെ പെരുമാറ്റത്തെ മാത്രമല്ല, അസമത്വം നിലനിർത്തുന്ന സാമ്പത്തിക‐സാമൂഹിക വ്യവസ്ഥകളെയും അവർ ചോദ്യംചെയ്യാൻ ആരംഭിച്ചു.
1913ൽ പ്രസിദ്ധീകരിച്ച ‘ഔട്ട് ഓഫ് ദി ഡാർക്ക്: എസ്സേസ്, ലെറ്റേഴ്‌സ് ആൻഡ് അഡ്രസ് ഓൺ ഫിസിക്കൽ ആൻഡ് സോഷ്യൽ വിഷൻ’ എന്ന ലേഖനസമാഹാരത്തിൽ സോഷ്യലിസം, ലിംഗസമത്വം, ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചാണ് കെല്ലർ പരാമർശിക്കുന്നത്. ഈ കൃതിയാവാം ഒരുപക്ഷേ അവരുടെ ഏറ്റവും വ്യക്തമായ രാഷ്‌ട്രീയ ധരണകൾ പ്രതിഫലിപ്പിക്കുന്ന പുസ്‌തകം. എന്നുമാത്രമല്ല, സോഷ്യലിസ്റ്റ് പ്രത്യയശാസ്‌ത്രത്തോടുള്ള അവരുടെ ശക്തമായ പ്രതിബദ്ധതയും ഈ പുസ്‌തകം പ്രകടമാക്കുന്നു.
1908ൽ കെല്ലർ സോഷ്യലിസ്റ്റ് പാർട്ടി ഓഫ് അമേരിക്കയിൽ ചേർന്നു. അതോടെ അവർ തൊഴിലാളികളുടെ അവകാശങ്ങൾ, സ്‌ത്രീകളുടെ വോട്ടവകാശം, ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ, വംശീയസമത്വം എന്നിവയ്‌ക്കായി വാദിക്കുന്ന പൊതുപ്രസംഗങ്ങൾ നടത്താനും ലേഖനങ്ങൾ എഴുതാനും ആരംഭിച്ചു.
ഭിന്നശേഷി: ഒരു സാമൂഹിക‐ സാമ്പത്തിക പ്രശ്‌നം
ഭിന്നശേഷിക്കാരുടെ ദുരവസ്ഥയെക്കുറിച്ച് കെല്ലർ പല തുറന്നുപറച്ചിലുകളും നടത്തിയിട്ടുണ്ട്. വ്യാവസായിക അപകടങ്ങൾ, സുരക്ഷിതമല്ലാത്ത തൊഴിൽസാഹചര്യങ്ങൾ, ആരോഗ്യസംരക്ഷണത്തിലെ അപര്യാപ്‌തതകൾ എന്നിങ്ങനെ കോർപ്പറേറ്റ് അത്യാഗ്രഹവും സർക്കാരിന്റെ അവഗണനയും മൂലം വൈകല്യങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നവരാണ് ഭിന്നശേഷിക്കാരിൽ ഏറെയുമെന്ന് കെല്ലർ കണ്ടെത്തി. ഈ തിരിച്ചറിവ് കെല്ലറെ വല്ലാതെ ഉലച്ചു. വൈകല്യങ്ങൾക്കിടയിലും തന്റെ കുടുംബത്തിന്റെ സാമ്പത്തികശേഷി സ്വയം അഭിവൃദ്ധി പ്രാപിക്കാൻ സഹായിച്ചെങ്കിലും ഭാഗ്യം കുറഞ്ഞ മറ്റു ജീവിതപശ്ചാത്തലങ്ങളിലുള്ളർക്ക് പലപ്പോഴും പിന്തുണയോ പ്രതീക്ഷയോ ലഭിക്കാതെ അവശേഷിക്കുന്നുവെന്ന് കെല്ലർ തിരിച്ചറിഞ്ഞു. ഭിന്നശേഷിയെ ഒരു ആരോഗ്യപ്രശ്‌നമോ വ്യക്തിപരമായ പ്രശ്‌നമോ ആയല്ല അവർ വീക്ഷിച്ചത്. മറിച്ച് ഒരു സാമൂഹിക‐സാമ്പത്തിക പ്രശ്‌നമായി അതിനെ കെല്ലർ കണ്ടു. ദാരിദ്ര്യം, വിദ്യാഭ്യാസവും ആരോഗ്യസംരക്ഷണവും ഫലപ്രദമായ രീതിയിൽ ലഭിക്കാതിരിക്കൽ, വൃത്തിഹീനമായ ജീവിതസാഹചര്യങ്ങൾ, അപകടകരമായ തൊഴിൽസാഹചര്യങ്ങൾ എന്നിവയെല്ലാം ഭിന്നശേഷിക്കു കാരണമാകുന്നതായി കെല്ലർ വാദിച്ചു. ഭിന്നശേഷിക്കാരുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന മിക്കവരും പലപ്പോഴും ഈ യാഥാർഥ്യം ബോധപൂർവം മറച്ചുവെയ്‌ക്കുകയാണ് ചെയ്‌തത്. കെല്ലറുടെ ജീവിതത്തിന്റെ ആരംഭഘട്ടത്തിൽ അമേരിക്കൻ മാധ്യമങ്ങൾ അവരെ പ്രചോദനാത്മക വ്യക്തിത്വമായും വ്യക്തിഗതമായ സ്ഥിരോത്സാഹത്തിന്റെയും ‘‘അമേരിക്കൻ ആത്മാവിന്റെ’’യും പ്രതീകമായുമാണ് ആഘോഷിച്ചത്. മുതലാളിത്തത്തെ ഹെലൻ കെല്ലർ വിമർശിക്കാനും സോഷ്യലിസത്തിനുവേണ്ടി അവർ വാദിക്കാനും തുടങ്ങിയതോടെ മാധ്യമങ്ങളുടെ നിലപാട് ശത്രുതയിലേക്കും അവജ്ഞയിലേക്കും വളരെ വേഗം നീങ്ങി.
കെല്ലറോടുള്ള മാധ്യമങ്ങളുടെ പൊടുന്നനെയുള്ള ഈ നിലപാടു മാറ്റം ഇന്നും നിലനിൽക്കുന്ന ഒരു പ്രധാന യാഥാർഥ്യത്തെ എടുത്തുകാണിക്കുന്നു: നിഷ്‌ക്രിയത്വത്തെയും സ്ഥിരോത്സാഹത്തെയും കുറിച്ചുള്ള സമൂഹത്തിന്റെ പ്രതീക്ഷകൾക്ക് അനുസൃതമായി ഭിന്നശേഷി വ്യക്തികൾ പ്രവർത്തിക്കുമ്പോൾ മാത്രമേ അവർ ആഘോഷിക്കപ്പെടുകയുള്ളൂ. രാഷ്‌ട്രീയ അഭിപ്രായങ്ങൾ, പ്രത്യേകിച്ച് പുരോഗമന അഭിപ്രായങ്ങൾ ഒരിക്കൽ അവർ പ്രഖ്യാപിച്ചുകഴിഞ്ഞാൽ അവഗണിക്കപ്പെടുകയോ മോശക്കാരായി ചിത്രീകരിക്കപ്പെടുകയോ ചെയ്യുന്നു.
1914ൽ ഡെട്രോയിറ്റ് ഫ്രീ പ്രസ്, കെല്ലറെക്കുറിച്ചെഴുതിയതിങ്ങനെയാണ്: വലിയ വൈകല്യങ്ങൾക്കിടയിലും മാന്യമായി പോരാടുന്ന ഒരു സമൂഹത്തിലെ അംഗമെന്ന നിലയിലുള്ള വെളിച്ചത്തിൽ കെല്ലർ പൊതുജനങ്ങൾക്കു മുന്പിൽ പ്രത്യക്ഷപ്പെടുകയും നിർഭാഗ്യവാന്മാർക്കും നിർഭാഗ്യവതികൾക്കും തന്റെ മാതൃകയിലൂടെ പ്രചോദനം നൽകുകയും ചെയ്യുന്നിടത്തോളം കാലം അവർ വിലപ്പെട്ട ഒരു ജോലിയാണ് ചെയ്യുന്നത്. എന്നാൽ എല്ലാ രാഷ്‌ട്രീയ, സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ചും സംസാരിക്കാൻ അവർ ആരംഭിക്കുന്ന നിമിഷം അവരുടെ അറിവിന്റെയും വിധിന്യായത്തിന്റെയും ശേഖരത്തിന് ആനുപാതികമായ ഒരു പരിഗണനയാണ് അവർക്ക് ലഭിക്കുക.
‘‘ബധിരർക്കും മൂകർക്കും അന്ധർക്കും വെളിച്ചത്തിലേക്ക് വഴികാട്ടാൻ പാടുപെടുന്ന ഹെലൻ കെല്ലർ പ്രചോദനമാണ്. ഹെലൻ കെല്ലർ സോഷ്യലിസം പ്രസംഗിക്കുന്നു; ഹെലൻ കെല്ലർ കോപ്പർ സമരത്തിന്റെ ഗുണങ്ങൾ വിവരിക്കുന്നു; ഹെലൻ കെല്ലർ അമേരിക്കൻ ഭരണഘടനയെ പുച്ഛിക്കുന്നു. ഈ ഭാഗങ്ങൾ പരിശോധിക്കുമ്പോൾ ഹെലൻ കെല്ലർ സഹതാപം അർഹിക്കുന്നു. ഹെലൻ കെല്ലർ അവരുടെ ആഴത്തിന് അപ്പുറമാണ്. നിശ്ചയദാർഢ്യത്തിനോ ശാസ്‌ത്രത്തിനോ മറികടക്കാൻ കഴിയാത്ത പരിമിതികളുടെ വൈകല്യത്തോടെയാണ് കെല്ലർ സംസാരിക്കുന്നത്. അവരുടെ അറിവ് ഏതാണ്ട് പൂർണമായും സൈദ്ധാന്തികമാണ്, തീർച്ചയായും അത് അങ്ങനെയായിരിക്കണം. നിർഭാഗ്യവശാൽ ഈ ലോകവും അതിന്റെ പ്രശ്‌നങ്ങളും വളരെ പ്രായോഗികമാണ്.’’ അത്തരം വിമർശനങ്ങൾക്ക് മറുപടിയായി കെല്ലർ എഴുതി: എനിക്ക് പത്രപ്രവർത്തകരെ ഇഷ്ടമാണ്. എനിക്ക് അവരിൽ പലരെയും അറിയാം. രണ്ടോ മൂന്നോ എഡിറ്റർമാർ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്. മാത്രമല്ല, അന്ധർക്കുവേണ്ടി ഞങ്ങൾ ചെയ്യാൻ ശ്രമിക്കുന്ന പ്രവർത്തനങ്ങളിൽ പത്രങ്ങൾ വലിയ സഹായമാണ് ചെയ്‌തത്. അന്ധർക്കുവേണ്ടിയും ഉപരിപ്ലവമായ മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുവേണ്ടിയും സഹായം നൽകുന്നതിന് അവർക്ക് യാതൊരു ചെലവുമില്ല. എന്നാൽ സോഷ്യലിസം! ഓ… അത് വ്യത്യസ്‌തമായ കാര്യമാണ്! അത് എല്ലാ ദാരിദ്ര്യത്തിന്റെയും എല്ലാ ജീവകാരുണ്യപ്രവർത്തനങ്ങളുടെയും വേരുകളിലേക്ക് പോകുന്നു. പത്രങ്ങളുടെ പിന്നിലെ പണശക്തി സോഷ്യലിസത്തിനെതിരാണ്. തങ്ങളെ പോറ്റുന്ന കൈകളോട് അനുസരണയുള്ള എഡിറ്റർമാർ സോഷ്യലിസത്തെ തകർക്കാനും സോഷ്യലിസ്റ്റുകളുടെ സ്വാധീനം തകർക്കാനും ഏതറ്റംവരെയും പോകും’’.
ന്യൂയോർക്ക് ടൈംസ് ഹെലനെ ഒരു ഭ്രഷ്‌ടയായി മുദ്രകുത്തിയപ്പോൾ അവർ മറുപടി നൽകിയത് ഇങ്ങനെയാണ്: ‘‘ഞാൻ ഒരു നിറത്തിന്റെയും വസ്‌ത്രത്തിന്റെയും ആരാധകയല്ല. എന്നാൽ ചുവന്ന പതാക എനിക്കിഷ്‌ടമാണ്. അത് എന്നെയും മറ്റ് സോഷ്യലിസ്റ്റുകളെയും പ്രതീകവത്‌കരിക്കുന്നതാണ്. എന്റെ പഠനമുറിയിൽ ഒരു ചെന്പതാക തൂക്കിയിട്ടിരിക്കുന്നു. കഴിയുമെങ്കിൽ ഞാൻ സന്തോഷത്തോടെ ‘‘ടൈംസി’ന്റെ ഓഫീസിന് അപ്പുറത്തേക്ക് അതുമായി മാർച്ച് ചെയ്യും, ചെയ്യണം. ടൈംസിൻെറ എല്ലാ റിപ്പോർട്ടർമാരെയും ഫോട്ടോഗ്രാഫർമാരെയും ഈ കാഴ്‌ച പരമാവധി പ്രയോജനപ്പെടുത്താൻ അനുവദിക്കുക. ‘ടൈംസി’ന്റെ സഹജമായ രീതിയനുസരിച്ച് അവർക്ക് എന്നെ ബഹുമാനിക്കാനും എന്നോട് സഹാനുഭൂതി പ്രകടിപ്പിക്കാനുമുള്ള എല്ലാ അവകാശവും ഞാൻ നഷ്ടപ്പെടുത്തി. എന്നെ സംശയത്തോടെയാണ് അവർ വീക്ഷിക്കുന്നത്. എന്നിട്ടും ടൈംസിന്റെ എഡിറ്റർ എന്നെക്കൊണ്ട് ഒരു ലേഖനം അദ്ദേഹത്തിനുവേണ്ടി എഴുതിക്കാൻ ആഗ്രഹിക്കുന്നു. ഞാൻ സംശയിക്കപ്പെടുന്ന വ്യക്തിത്വത്തിനുടമയാണെങ്കിൽ അദ്ദേഹത്തിനുവേണ്ടി എഴുതാൻ എന്നെ എങ്ങനെ വിശ്വസിക്കും? ഒരു മുതലാളിത്ത എഡിറ്റർ സന്പന്നരുടെ താൽപര്യം സംരക്ഷിക്കുന്നത് ലക്ഷ്യമാക്കി സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെ അപലപിക്കാൻ ശ്രമിക്കുമ്പോൾ അയാൾ അനുഭവിക്കുന്ന ധാർമികച്യുതി, യുക്തിഭംഗം, മോശം പെരുമാറ്റം എന്നിവയൊക്കെ എന്നെപ്പോലെ നിങ്ങളും ആസ്വദിക്കുന്നുവെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഞങ്ങൾക്ക് സഹതാപത്തിന് അർഹതയില്ല. എന്നാലും ഞങ്ങളിൽ ചിലർക്ക് അദ്ദേഹത്തിന്റെ പത്രത്തിന് പണം സന്പാദിക്കാൻ സഹായകമായ ലേഖനങ്ങൾ എഴുതാൻ കഴിയും. കുപ്രസിദ്ധനായ ഒരു കൊലപാതകിയുടെ കുറ്റസമ്മതത്തിൽ നിന്ന് അയാൾ കണ്ടെത്തുന്ന അതേ മൂല്യം ഒരുപക്ഷേ ഞങ്ങളുടെ അഭിപ്രായങ്ങൾക്ക് ഉണ്ടായിരിക്കാം. ഞങ്ങൾ നല്ലവരല്ല, എന്നാൽ ഞങ്ങൾ രസികരാണ്’’.
ധൈര്യത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും ബൗദ്ധിക വൈഭവത്തിന്റെയും ഒരു ശാശ്വത പ്രതീകമായി ഹെലൻ കെല്ലർ തുടരുന്നു. എന്നിരുന്നാലും അവരുടെ പാരന്പര്യത്തെ ഒരു പ്രചോദനാത്മക വ്യക്തിത്വമായി മാത്രം ചുരുക്കുന്നത് അപമാനകരമാണ്. ഹെലൻ കെല്ലർ ഒരു വിപ്ലവകാരിയായിരുന്നു‐ വ്യക്തിപരമായ പ്രതിബന്ധങ്ങളെ മറികടക്കുക മാത്രമല്ല, മറ്റുള്ളവർ നേരിടുന്ന പ്രതിബന്ധങ്ങളെ വെല്ലുവിളിക്കാൻ തന്റെ അനുഭവവും കാഴ്‌ചപ്പാടുകളും ഉപയോഗിച്ചയാളുമാണ് അവർ. ഭിന്നശേഷി, ആക്ടിവിസം, നീതിക്കുവേണ്ടി ശരിക്കും പോരാടുന്നതിന്റെ അർഥം എന്നിവയെക്കുറിച്ചുള്ള നമ്മുടെ ധാരണകളെ പുനർവിചിന്തനത്തിന് വിധേയമാക്കാൻ നമ്മെ പ്രേരിപ്പിക്കുന്നതാണ് ഹെലൻ കെല്ലറുടെ ജീവിതം. ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ, ആരോഗ്യസംരക്ഷണം, സാന്പത്തിക അസമത്വം എന്നിവ ഇപ്പോഴും പ്രധാനപ്പെട്ട വിഷയങ്ങളായിരിക്കുമ്പോൾ ഹെലൻ കെല്ലറുടെ പ്രവർത്തനങ്ങൾ വളരെ പ്രസക്തമായി തുടരുന്നു. l