സ്വയം എരിയാൻ കൂട്ടാക്കാത്ത കുറേ നോവുകളെ പുനരാവിഷ്കരിക്കുകയാണ് കാവ്യരചനയിലൂടെ പൊതുവേ കവികൾ ചെയ്യുന്നതെന്ന് പറയാം. ബാല്യ കൗമാരങ്ങൾക്ക് അക്ഷര വെളിച്ചം പകരുന്ന പാoശാലയിലെയും സംഘടനാ പ്രവർത്തനങ്ങളിലൂടെയുമുള്ള ദൈനംദിന ജീവിതത്തിലെ അനുഭവങ്ങളെ സ്ഫുടം ചെയ്തെടുത്ത് അക്ഷരങ്ങളാൽ കോർത്തെടുക്കുകയാണ് അദ്ധ്യാപികയായ കവി ഒ കെ ജിഷ. സ്വന്തം അനുഭവങ്ങളെ സൗന്ദര്യാത്മകമായി അടയാളപ്പെടുത്തുമ്പോഴും സാമൂഹ്യ പ്രശ്നങ്ങളെ അഡ്രസ്സ് ചെയ്യാനും ഇരിപ്പിടങ്ങൾ പറയാതിരുന്നത് എന്ന കവിതാ സമാഹാരത്തിലെ ഓരോ കവിതയ്ക്കും കഴിയുന്നുണ്ട്. മനസ്സിലെ വിങ്ങലും വിതുമ്പലും വരികളായി പിറക്കുന്നതാണെന്ന് കവി പറയുമ്പോൾ താൻ ജീവിക്കുന്ന അനുഭവപരിസരത്തെയും സാമൂഹ്യ പരിസരത്തെയും കവിതകളായി പകർത്താനുള്ള ആർജവവും ആത്മാർത്ഥതയും നിറഞ്ഞ ശ്രമങ്ങളാണ് കവി നടത്തുന്നതെന്ന് സമാഹാരത്തിനെഴുതിയ കുറിപ്പിൽ നിരൂപകൻ കെ വി സജയും പറയുന്നു. വർത്തമാന ഇന്ത്യൻ അവസ്ഥകളിൽ വേവലാതിപ്പെടുന്ന കവിയുടെ തൂലികയിൽ വികലമാക്കപ്പെടുന്ന ചരിത്രവും വർഗ്ഗീയക്കോമരങ്ങളാൽ തോക്കിനിരയായ ഗൗരീലങ്കേഷുമൊക്കെ കവിതയായി പിറക്കുകയാണ്. ചോരകൊണ്ടും വിയർപ്പു കൊണ്ടും കണ്ണീരുകൊണ്ടും കെട്ടിപ്പടുത്ത സുന്ദര കാവ്യമായ ചരിത്രം, പൊരുതി നേടിയ പൊള്ളുന്ന സത്യമാണെന്നും അതിനെ തകർക്കാൻ അനുവദിക്കരുതെന്നും എത്ര അസത്യങ്ങൾ ചരിത്രമാക്കിയാലും ഏത് കല്ലറകൾ തകർത്തും പുറത്തുവന്ന് ചരിത്രം സത്യം വിളിച്ചു പറയുകതന്നെ ചെയ്യും എന്ന കവിവാക്യങ്ങൾ നമുക്ക് ആവേശം പകരും. രചനയിൽ അഗ്നിസ്ഫുലിംഗങ്ങൾ പടർത്തി നേരിന്റെ സൂര്യബിംബങ്ങളായി മാറിയ ഗൗരി ലങ്കേഷിനെപ്പോലുള്ളവരോട് കവി ഇങ്ങനെ പറയുകയാണ്
നാം കരുതിയിരിക്കണം
നിൻ്റെ ശിരസ്സിനു മീതെ
പതുങ്ങിപ്പറക്കുന്ന അവന്റെ ര
ക്തക്കറയുണങ്ങാത്ത കൊക്കുകൾ
ചുവന്ന കണ്ണുകൾ.
രാജ്യം നേരിടുന്ന ഘോരവിപത്തുകളെ കവിതയിലൂടെ പങ്കുവെക്കുകയാണ് കവി. വിശ്വാസികൾ പാതയോരത്ത് പൊങ്കാലയിടുമ്പോൾ കാണാതെ പോകുന്നത് ഒരുപിടി വറ്റിനുവേണ്ടി കരയുന്ന പട്ടിണിക്കോലങ്ങളായ ഇന്ത്യയിലെ ദരിദ്ര ജനവിഭാഗങ്ങളെയാണെന്ന് ‘പെങ്കാല’ എന്ന കവിത നമ്മെ ഓർമ്മപ്പെടുത്തുന്നു. പൂക്കളും ബലൂണും നദിയും പ്രളയവും അസ്തമയവും മഴയും പ്രമേയമാക്കുമ്പോഴും കവിയുടെ അകക്കണ്ണുകൾ എപ്പോഴും സമൂഹ മനസ്സാക്ഷിയോടൊപ്പമാണെന്ന് കാണാൻ കഴിയും. ‘കലികാലപ്പെയ്ത്ത്’ എന്ന കവിതയിൽ നിരീക്ഷിക്കുന്നതുപോലെ
കൗമാരക്കിനാവുകൾ അപ്പൂപ്പൻതാടികളായി
പടിഞ്ഞാറൻ കാറ്റിലൊഴുകിപ്പോയിരിക്കുന്നു.
പൂമ്പാറ്റച്ചിറകുകൾ സ്റ്റഫ് ചെയ്ത് ഓൺലൈനിൽ വിൽക്കപ്പെടുന്നു.
ഇൻസ്റ്റഗ്രാമിലും മുഖപുസ്തകത്തിലും ഷെയറുകൾ കൊണ്ടും ലൈക്കുകൾ കൊണ്ടും വർണ്ണപ്പകിട്ടുകൾ തീർക്കുകയാണവർ. പുത്തൻ കാലത്തെ അഭിസംബോധന ചെയ്യാനും ഒപ്പം ഇന്നിന്റെ രാഷ്ട്രീയം കൃത്യതയോടെ അടയാളപ്പെടുത്താനും ജിഷയുടെ ആദ്യ സമാഹാരത്തിന് കഴിഞ്ഞിട്ടുണ്ടെങ്കിൽ മലയാള കാവ്യശ്രേണിയിൽ ഈ കവിക്കും ഒരു ഇരിപ്പിടമുണ്ടെന്ന് നിസ്സംശയം പറയാം. l