കൃഷിക്കാരുടെ പ്രിയനേതാവ്‌ ടി കെ രാമകൃഷ്ണൻ

കെ ബാലകൃഷ്‌ണൻ

വിപ്ലവപാതയിലെ ആദ്യപഥികർ‐ 81

ർമവെക്കുന്നതിനുമുമ്പേ ഒരു സമരം നടത്തേണ്ടിവന്ന ആളാണ് ടി കെ രാമകൃഷ്ണൻ. വൈക്കം ക്ഷേത്രത്തിന് മുമ്പിലെ കായലിലുണ്ടായിരുന്ന ഒരു വള്ളമായിരുന്നു സമരകേന്ദ്രം. ആദ്യമായി അന്നപ്പശ തട്ടിക്കൊണ്ടായിരുന്നു സമരം. അതായത് ടി കെ രാമകൃഷ്ണന്റെ ചോറൂണ്. വൈക്കത്തപ്പന്റെ മുമ്പിൽവെച്ച് മകന് ചോറുകൊടുക്കണമെന്നതായിരുന്നു മാതാപിതാക്കളുടെ നേർച്ച. അവർണർക്ക് ക്ഷേത്രത്തിനടുത്തേക്ക് പോലും പ്രവേശനമില്ലല്ലോ. തൃപ്പൂണിത്തുറ നടമേൽ വില്ലേജിലെ ഏരൂരിലെ വൈമീതിയിൽ തിരുനിലത്ത് കുഞ്ഞാമൻ‐ഇട്ടി ദമ്പതികൾ മകന് ചോറുകൊടുക്കാൻ ഒരു വള്ളം ഏർപ്പാടാക്കി ക്ഷേത്രാഭിമുഖമാക്കി നിർത്തി അതിൽവെച്ച് ചോറുകൊടുക്കുകയായിരുന്നു. വൈക്കം സത്യാഗ്രഹം നടക്കുന്നതിന് ഒരുവർഷംമുമ്പായിരുന്നു ഈ സവിശേഷ സത്യാഗ്രഹം.

കെ ബാലകൃഷ്ണൻ

കൃഷിയും അല്പസ്വല്പം വൈദ്യവുമാണ് കുഞ്ഞാമന്റെ വരുമാനമാർഗം. കലശലായ നാടകക്കമ്പവുമുണ്ട്. അമ്മ ഇട്ടിയാണെങ്കിൽ കൃഷിക്കാരുടെ വീടുകളിൽനിന്ന് നെല്ലുവാങ്ങി പുഴുങ്ങിക്കുത്തിക്കൊടുക്കും. ചോറുവെക്കാൻ മാത്രം അരി കൂലിയായി കിട്ടും. അങ്ങനെയിരിക്കെ മൂന്നുകുട്ടികൾക്കുകൂടി ജന്മംനൽകിയശേഷം ഇട്ടി മരിച്ചു. അതോടെ രാമകൃഷ്ണനെ അമ്മാവനായ ഇക്കോരൻകുട്ടി പെരുമ്പ്രായിലെ തന്റെ വീട്ടിലേക്ക് കൂട്ടി. കള്ളുഷാപ്പ് കോൺട്രാക്റ്ററും ഇടത്തരം ധനികനുമാണ്. രാമകൃഷ്ണനെ അമ്മാവൻ ഏരൂരിലെ പ്രാഥമികവിദ്യാലയത്തിലും പിന്നീട് തൃപ്പൂണിത്തുറ സംസ്കൃതവിദ്യാലയത്തിലും ചേർത്തു. തൃപ്പൂണിത്തുറ സംസ്കൃതവിദ്യാലയത്തിൽ അവർണർക്കും പ്രവേശനം നൽകാൻ തുടങ്ങിയത് തൊള്ളായിരത്തിമുപ്പതുകളോടെയാണ്. ആദ്യ ബാച്ചുകാരിലൊരാളാണ് ടി.കെ. അവർണർക്ക് സവർണരുടെ ക്ലാസിലിരിക്കാൻ പറ്റില്ല. അതിനായി അയിത്തപ്പുരകൾ വേറെയുണ്ട്. പിൽക്കാലത്ത് സംസ്കൃതകോളേജായി മാറിയ സ്ഥാപനമാണ്. 12 വർഷത്തെ കോഴ്സാണ്. എട്ട് വർഷത്തെ ആദ്യഭാഗം കോഴ്സ് പാസായാൽ സ്കൂൾ അധ്യാപകരാകാം. പ്രശസ്തമാംവിധം പാസായ ടി കെ കോഴ്‌സിന്റെ ബാക്കിഭാഗം വേണ്ടെന്നുവെച്ച് ഒരു സ്കൂളിൽ പ്രഥമാധ്യാപകനായി. പക്ഷേ ഏതാനും ദിവസത്തിനുശേഷം ജോലി ഉപേക്ഷിച്ച് വീണ്ടും പഠിക്കാൻ ചേരുകയായിരുന്നു.

സ്കൂൾജോലി ദിവസങ്ങൾക്കകം ഉപേക്ഷിച്ച് സംസ്കൃതകോളേജിൽ ശാസ്ത്രഭൂഷണം കോഴ്സിന് ചേർന്ന ടി കെ ആ ഘട്ടത്തിലാണ് സാമൂഹ്യരാഷ്ട്രീയകാര്യങ്ങളിൽ കൂടുതൽ തല്പരനാകുന്നത്. 1931‐ൽ ഗുരുവായൂർ സത്യാഗ്രഹവുമായി ബന്ധപ്പെട്ട് എ കെ ജി. തിരുവിതാംകൂറിലേക്ക് നയിച്ച ജാഥക്ക് തൃപ്പൂണിത്തുറയിൽ നൽകിയ സ്വീകരണം ടി കെ നേരിട്ടുകണ്ടിരുന്നു. അന്ന് എ കെ ജി ആഹ്വാനംചെയ്തത് ഇവിടെ ഒരു വായനശാല സ്ഥാപിക്കണമെന്നാണ്. രണ്ടുവർഷം കഴിഞ്ഞാണ് പ്രശസ്തമായ മഹാത്മാ വായനശാലയുടെ തുടക്കം. ആ വായനശാലയുടെ പ്രവർത്തനത്തിൽ കുട്ടിക്കാലത്തേ ടി കെ പങ്കാളിയായി. 1942 ആഗസ്റ്റ് ഒമ്പതിന് ക്വിറ്റ് ഇന്ത്യാസമരം നടക്കുമെന്ന പ്രഖ്യാപനംവന്നതോടെ ടി കെ അതിന്റെ പ്രവർത്തനത്തിൽ വ്യാപൃതനായി. ഒരുവർഷം മുമ്പേതന്നെ കോൺഗ്രസിൽ അംഗമായ ടി കെ രാമകൃഷ്ണൻ സംസ്കൃതപാഠശാലയിലെ മറ്റ് കോൺഗ്രസ് പ്രവർത്തകർക്കൊപ്പം ദേശീയപ്രസ്ഥാനത്തിൽ സജീവമായി. പാഠശാലയിലെ വിദ്യാർഥികളായ എൻ വി കൃഷ്ണവാരിയർ, അദ്ദേഹത്തിന്റെ സഹോദരനും പിൽക്കാലത്ത് കമ്മ്യൂണിസ്റ്റുമായ എൻ വി എസ് വാരിയർ അഥവാ എൻ വി ശങ്കരൻകുട്ടിവാരിയർ എന്നിവരെല്ലാം സഹപ്രവർത്തകരായിരുന്നു. ക്വിറ്റ് ഇന്ത്യാസമരം കഴിഞ്ഞ് അല്പകാലത്തിനകംതന്നെ ടി കെ പൂർണമായും കമ്യൂണിസ്റ്റ് പ്രവർത്തകനായി. പാർട്ടിയുടെ നിർദേശപ്രകാരം മുഴുവൻസമയപ്രവർത്തകനൈാവാൻ പഠനം ഉപേക്ഷിക്കുകയുംചെയ്തു. 12 വർഷത്തെ സംസ്കൃതപഠനം പതിനൊന്നാം വർഷമാണ് ഉപേക്ഷിക്കുന്നത്.

ഈ സംഭവങ്ങൾക്കിടയിൽ മറ്റൊരു സംഭവമുണ്ടായി. അയിത്തവിരുദ്ധജാഥാസമയത്ത് എ കെ ജി നിർദേശിച്ചതനുസരിച്ച് സ്ഥാപിതമായ തൃപ്പൂണിത്തുറ മഹാത്മാവായനശാല പാസാക്കിയ ഒരു പ്രമേയമാണ് പ്രശ്നമായത്. പ്രമേയം ചങ്ങമ്പുഴയ്ക്കെതിരായിരുന്നു. എതിരായിരിക്കുമ്പോഴും ചങ്ങമ്പുഴയോടുള്ള പ്രിയമാണതിൽ പ്രകടമായത്. ചങ്ങമ്പുഴ വിഷാദകാവ്യങ്ങളെഴുതുന്നത് നിർത്തണമെന്നാണ് പ്രമേയത്തിലെ ആവശ്യം. എന്നാൽ ചങ്ങമ്പുഴ കവിതകളെഴുതുന്നത് നിർത്തണമെന്ന നിലയിലാണതിന് പ്രചാരം ലഭിച്ചത്. അതിനെതിരെയും ചങ്ങമ്പുഴ കവിതയിലൂടെ ആഞ്ഞടിക്കുന്നുണ്ട്. രമണൻ, ബാഷ്പാഞ്ജലി എന്നീ കാവ്യപുസ്തകങ്ങളാണ് മഹാത്മാ വായനശാലയുടെ കറന്റ് ഈവന്റ്സ് ക്ലബ്ബിനെ ചൊടിപ്പിച്ചത്‐ അഥവാ സങ്കടപ്പെടുത്തിയത്. 1939‐ലാണ് പ്രമേയം പാസാക്കി ചങ്ങമ്പുഴയ്ക്ക് അയച്ചത്.

വായനശാലയുടെ പ്രമേയത്തെ ചങ്ങമ്പുഴ വിമർശിക്കുന്നത് ഇങ്ങനെ:

‘‘മനസ്സാൽ വാക്കാൽ, കർമശതത്താൽ നിർലജ്ജമീ
മഹിയിൽ മഹാത്മാഖ്യയെ ബലാത്സംഗംചെയ്യാൻ
ഉണ്ടാകാം ചിലരെല്ലാം ഗാന്ധിസൂക്തികൾ തങ്ക‐
ചെണ്ടിട്ടൊരിക്കാലത്തും, കവിതേ, ക്ഷമിക്കൂ നീ,
മയിലാടവേ മരക്കൊന്പുകൾതോറും നിന്ന
മലയാനിലൻ മർമരരാഗം സംവർഷിക്കവേ കുറ്റിക്കാടുകൾക്കുള്ളിൽ കശ്മലസൃഗാലന്മാർ പറ്റിച്ചേർന്നോരിയിട്ടു പുച്ഛിച്ചാൽ ഫലമെന്തേ?’’

എന്നാണ് കവി മറുപടി പറഞ്ഞത്.

തൃപ്പൂണിത്തുറ സംസ്കൃതവിദ്യാലയത്തിൽ വിദ്യാർഥിപ്രസ്ഥാനത്തിന്റെ പ്രധാന നേതാക്കൾ എൻ വി എസ് വാരിയർ, പി ശേഖരൻ, ഇ എസ് ഗോപാലൻ എന്നിവരായിരുന്നു. അണ്ണാമല സർവകലാശാലയിൽ സമരം നടത്തിയ വിദ്യാർഥികൾക്കുനേരെ വെടിവെച്ച മദ്രാസ് പോലീസിന്റെ കിരാതനടപടിയിൽ പ്രതിഷേധിച്ച് സംസ്കൃതകോളേജിൽ സമരം നടന്നു. പഠിപ്പുമുടക്കിന് നേതൃത്വംനൽകിയവരിൽ ടി കെയുമുണ്ടായിരുന്നു. സമരത്തിന് നേതൃത്വം നൽകിയവരിൽ പ്രമുഖരായ എൻ വി എസ് വാരിയർ, പി ശേഖരൻ, ജി എസ് ഗോപാലൻ എന്നിവരെ കോളേജിൽനിന്ന് പുറത്താക്കി. പിന്നീട് ടി കെയുടെ നേതൃത്വത്തിലാണ് വിദ്യാർഥി ഫെഡറേഷൻ പ്രവർത്തിച്ചത്. പി ഭാസ്കരൻ സെക്രട്ടറിയായി കൊച്ചി വിദ്യാർഥിഫെഡറേഷൻ വലിയ ശക്തിയായിക്കൊണ്ടിരിക്കുന്ന കാലമാണ്. ടി കെ ആ സംഘടനയുടെ പ്രവർത്തകസമിതി അംഗമായിരുന്നു.

സംസ്കൃതകോളേജിനകത്ത് വിദ്യാർഥികളുടെ വകയായി ടി കെ സെക്രട്ടറിയും എൻ വി കൃഷ്ണൻ ലൈബ്രേറിയനുമായി ഒരു വായനശാലയുണ്ടായിരുന്നു. കേരളഭാഷാപോഷിണി വായനശാല. ഈ വായനശാല കോളേജിന് പുറത്തേക്ക് മാറ്റിസ്ഥാപിച്ച് പൊതുജനങ്ങൾക്കുകൂടി പ്രയോജനപ്പെടുത്തണമെന്ന് പാർട്ടി നിർദേശിച്ചു. വായനശാലായോഗത്തിൽ ഒരുവിഭാഗം എതിർത്തെങ്കിലും ഭൂരിപക്ഷപിന്തുണയോടെ മാറ്റിസ്ഥാപിച്ചു. അത് വലിയ കുഴപ്പത്തിലേക്കുപോയി. 24 മണിക്കൂറിനകം വായനശാല കോളേജിനകത്തേക്ക് മാറ്റണമെന്ന് ശാസനമുണ്ടായി. ടി കെയുടെ നേതൃത്വത്തിലുള്ള സമിതി ആ ശാസന നടപ്പാക്കൻ നിർബന്ധിതമായി. കോളേജിൽനിന്ന് പുറത്താക്കപ്പെട്ടുകൂടാ, അതിനായി തന്ത്രപൂർവം കാര്യങ്ങൾ നീക്കണമെന്ന പാർട്ടിതീരുമാനം അംഗീകരിക്കുകയായിരുന്നു വിദ്യാർഥിഫെഡറേഷൻ. എന്നാൽ പുറത്താക്കിയില്ലെങ്കിലും മികച്ച വിദ്യാർഥിയെന്ന നിലയിൽ ലഭിച്ചുകൊണ്ടിരുന്ന തരക്കേടില്ലാത്ത സ്കോളർഷിപ്പ് ടി കെയ്ക്ക് നഷ്ടപ്പെട്ടു. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം നടക്കുമ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മേലുള്ള നിരോധനം ഭാഗികമായെങ്കിലും പിൻവലിക്കപ്പെട്ടിരുന്നു. ഈ ഘട്ടത്തിൽ തൃപ്പൂണിത്തുറ സംസ്കൃതകോളേജിലെ പാർട്ടി അംഗങ്ങളോട് പഠനം നിർത്തി മുഴുവൻസമയ പ്രവർത്തകരാവാൻ പാർട്ടി നിർദേശിക്കുകയായിരുന്നു.

കർഷകരെ സംഘടിപ്പിക്കുന്നതിനുള്ള പ്രവർത്തനമാണ് ടി കെ യെ കമ്മ്യൂണിസ്റ്റ് പാർട്ടി ആദ്യം ഏല്പിച്ചത്. തിരു‐കൊച്ചിയിലെ കിസാൻസഭാപ്രസ്ഥാനത്തെ വളർത്തുന്നതിൽ ടി കെ അക്കാലത്ത് കഠിനാധ്വാനംചെയ്തു. പിന്നീട് ട്രേഡ് യൂണിയൻ രംഗത്തായി പ്രവർത്തനം. കരിങ്കൽതൊഴിലാളിയൂണിയനും ചെത്തുതൊഴിലാളിയൂണിയനും സംഘടിപ്പിക്കുന്നതിലായി ടി കെയുടെ ശ്രദ്ധ. ആർ കൊച്ചുകൃഷ്ണൻ പ്രസിഡന്റും ടി കെ രാമകൃഷ്ണൻ സെക്രട്ടറിയുമായാണ് കണയന്നൂർ താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ രൂപീകരിച്ചത്. താലൂക്കിലെ ാറിയരത്തോളം വരുന്ന കരിങ്കൽതൊഴിലാളികളെ സംഘടിപ്പിച്ച് ടി കെ ഒരു യൂണിയൻ രൂപീകരിച്ചു. ശൂലപാണിവാര്യർ പ്രസിഡന്റും എ ഗോപാലകൃഷ്ണൻ സെക്രട്ടറിയുമായിരുന്നു. അളക്കുന്ന കള്ളിന് കൂടുതൽ വിലകിട്ടണമെന്നാവശ്യപ്പെട്ട് ചെത്തുതൊഴിലാളി യൂണിയൻ സമരം നടത്തി. സമരം തീർക്കാനുള്ള ചർച്ചയിൽ കരാറുകാരെ പ്രതിനിധീകരിച്ചവരിൽ പ്രധാനി ടി കെയുടെ അമ്മാവനായിരുന്നു. തൊഴിലാളികളെ പ്രതിനിധാനംചെയ്ത് ടി കെയും. അത് അസ്വാരസ്യത്തിന് തുടക്കംകുറിച്ചു.

കരിങ്കൽതൊഴിലാളികൾ, ചെത്തുതൊഴിലാളികൾ, ആധുനികവ്യവസായങ്ങളുമായി ബന്ധപ്പെട്ട കമ്പനികളിലെ തൊഴിലാളികൾ എന്നിവരെ സംഘടിപ്പിച്ച് അവകാശസമരങ്ങൾ നടത്തുന്നതിനിടയിൽ ശ്രീനാരായണപ്രസ്ഥാനത്തിന്റെ പ്രവർത്തനത്തിലും ടി കെ സജീവമായി. 1945‐ൽ ടി കെയുടെ നാടായ ഏരൂരിൽ എസ്എൻഡിപി യോഗത്തിന്റെ വാർഷികയോഗം നടന്നപ്പോൾ സംഘാടകരിൽ ടി കെയുമുണ്ടായിരുന്നു. സഹോദരനയ്യപ്പനെ പ്രസിഡന്റായും ടി ആർ കുഞ്ഞയ്യപ്പൻമാസ്റ്ററെ ജനറൽസെക്രട്ടറിയായും തിരഞ്ഞെടുത്ത സമ്മേളനത്തിൽ സംഘടനയുടെ ഓർഗനൈസിങ്ങ് സെക്രട്ടറിയായി തിരഞ്ഞെടുത്തത് കമ്യൂണിസ്റ്റ് നേതാവായ പി ഗംഗാധരനെയാണ്. കമ്യൂണിസ്റ്റ് പാർട്ടിപ്രവർത്തകർക്ക് എസ്എൻഡിപിയിൽ ഭാരവാഹികളായി പ്രവർത്തിക്കാമെന്ന് പാർട്ടി ആയിടെയാണ് തീരുമാനിച്ചത്. കൊച്ചിരാജ്യത്ത് എസ്എൻഡിപി പ്രവർത്തനം വ്യാപകമായത് പാർട്ടി നേരിട്ട് ശാഖകൾ സംഘടിപ്പിക്കാൻ തുടങ്ങിയതോടെയാണ്. കണയന്നൂർ താലൂക്ക് സെക്രട്ടറിയായി ടി കെ രാമകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു. യോഗത്തിന് ഏറ്റവും കൂടുതൽ ശാഖകളുണ്ടായത് കണയന്നൂർ താലൂക്കിലാണ്. ടി കെയുടെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനമാണ് കണയന്നൂർ താലൂക്കിനെ എസ്എൻഡിപി യോഗത്തിന്റെ ഏറ്റവും വലിയ കേന്ദ്രമാക്കിമാറ്റിയത്. സഹോദരൻ അയ്യപ്പന്റെ ഏറ്റവുമടുത്ത സഹപ്രവർത്തകനായിരുന്നു ഇക്കാലത്ത് ടി കെ.

കർഷക‐തൊഴിലാളി സംഘടനാപ്രവർത്തനത്തിന്റെ ഭാഗമായി ടി കെ കലാസംഘങ്ങൾ രൂപീകരിച്ചു. അവർക്കായി നാടകങ്ങൾ എഴുതി സംവിധാനംചെയ്യുകയും അഭിനയിക്കുകയും ചെയ്തു. കരിങ്കൽതൊഴിലാളികളുടെ ഇടയിലെ പ്രവർത്തനാനുഭവങ്ങൾ ഉൾപ്പെടുത്തി കല്ലിലെ തീപ്പൊരികൾ എന്ന നോവൽ രചിച്ചു. ഗ്രാമത്തകർച്ച, ത്യാഗഭവനം, ആരാധന എന്നീ നാടകങ്ങളും ടി കെ എഴുതിയതാണ്. ഗ്രാമത്തകർച്ച നാലപതുകളിൽ കൊച്ചിമേഖലയിൽ നിരവധി വേദികളിൽ അവതരിപ്പിക്കുകയുണ്ടായി. സാംസ്കാരികരംഗത്തെ തിളക്കമാർന്ന പ്രവർത്തനം പിൽക്കാലത്ത് രണ്ടുതവണ കേരളത്തിന്റെ സാംസ്കാരികമന്ത്രിയെന്ന നിലയിലുള്ള പ്രവർത്തനത്തെ തിളക്കമാർന്നതാക്കി.

1948‐ൽ പാർട്ടി നിരോധിക്കപ്പെട്ടകാലത്ത് ഇന്നത്തെ എറണാകുളം‐കോട്ടയം ജില്ലകളുൾപ്പെട്ട മേഖലയിൽ നേതാക്കളെ ഒളിവിൽ പാർപ്പിക്കുന്നതിലും സ്വയം ഒളിവിൽ കഴിഞ്ഞുകൊണ്ട് പാർട്ടിയും കർഷകപ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിലും ടി കെ ഉജ്ജ്വല പങ്കുവഹിച്ചു. എവിടെയും ഒളിക്കാൻ ഷെൽട്ടർ കിട്ടാതെ ഒരു ഘട്ടത്തിൽ വീട്ടിന്റെ തട്ടിൻപുറത്തുതന്നെ ഒളിച്ചിരുന്നു. പൊലീസെത്തി വീടുവളഞ്ഞ് പിടികൂടി മരടിലെ കസബാ സ്റ്റേഷനിൽ കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു. ബെഞ്ചിൽ കെട്ടിയിട്ട് വരിഞ്ഞുമുറുക്കി ഉളളംകാലിൽ ചൂരൽകൊണ്ടടിച്ചുപൊട്ടിക്കലാണ് പൊലീസിന്റെ ശൈലി. അതുകഴിഞ്ഞ് സബ് ജയിലിലേക്ക്. അക്കാലത്ത് സബ് ജയിലുകളിലെ ഭരണവും പോലീസാണ്. വാഡന്മാരില്ല. 11 മാസത്തോളമാണ് സബ്ജയിലിലടച്ച് പീഡിപ്പിച്ചത്. പിന്നീട് ആറുമാസം വിയ്യൂർ ജയിലിലും. ആ പ്രാവശ്യം ജയിൽമോചിതനായശേഷം വീണ്ടും ഒളിവിൽപോകേണ്ടിവന്നപ്പോൾ ഒരു ഗുഹയിൽ കിടന്നുറങ്ങേണ്ടിവന്ന അനുഭവം. ഒളിവിൽ കഴിയുന്നഘട്ടത്തിൽ വൈപ്പിൻകരയിൽ രണ്ടിടത്തായി ഒളിവിൽകഴിയുകയായിരുന്ന ഇ എം എസ്സിനെയും എൻ സി ശേഖറെയും ഒരു രഹസ്യകേന്ദ്രത്തിൽ എത്തിച്ച അനുഭവമുണ്ട്. അതിനായുള്ള യാത്രയിൽ ടി കെ മാത്രമല്ല ഇ എം എസ്സും തോണിതുഴഞ്ഞതായി ടി കെ അനുസ്മരിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട ഏതോ തീരുമാനമെടുക്കുന്നതിനുള്ള ആലോചനയ്ക്കായി ഇവരെ ഒരേ കേന്ദ്രത്തിലെത്തിക്കാൻ നിർദേശം ലഭിച്ചതിനെ തുടർന്നായിരുന്നു അത്.

ഇടപ്പള്ളി പൊലിസ് സ്റ്റേഷൻ ആക്രമണത്തെക്കുറിച്ച് ടി കെ അറിഞ്ഞിരുന്നില്ല. അക്കാലത്ത് പെരുമ്പാവൂർ മേഖലയിൽ ഒളിവിൽ പ്രവർത്തിക്കുകയായിരുന്നു. എന്നാൽ പൊലിസ് സ്റ്റേഷൻ ആക്രമണം നടന്നതിനടുത്ത ദിവസംതന്നെ ടി കെ അറസ്റ്റിലായി. ടി കെയ്ക്കൊപ്പം ഡോ. എം എം വർഗീസും അറസ്റ്റിലായി. ലോക്കപ്പിൽ മൂന്നാംമുറയ്‌ക്ക് വിധേയമാക്കിയശേഷമാണ് കോടതിയിൽ ഹാജരാക്കിയത്. ഒരുവർഷത്തെ തടവുശിക്ഷ ലഭിച്ചു. 1951 അവസാനം പാർട്ടിയുടെമേലുള്ള നിരോധനം പിൻവലിക്കാൻ പോകുന്നതിന്റെ സൂചനകൾ ലഭിച്ചു. ആ വിവരം അറിഞ്ഞതോടെ ആലപ്പുഴയിലെ ഒരു ടാക്കീസിൽ പാർട്ടിയുടെ പൊതുയോഗം നടത്തി. എന്നാൽ പൊലീസെത്തി ടാക്കീസ് വളയുകയും പ്രവർത്തകരെ ആക്രമിക്കുകയും നേതാക്കളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ച് എറണാകുളത്ത് ടി കെയുടെ നേതൃത്വത്തിൽ പോസ്റ്റർ പ്രചരണംനടത്തി. ടി കെയ്ക്കൊപ്പം അതിന് നേതൃത്വം നൽകിയവരിൽ മഹാരാജാസിലെ വിദ്യാർഥിപ്രവർത്തകരുമുണ്ടായിരുന്നു. വിദ്യാർഥിപ്രവർത്തകർക്ക് നേതൃത്വംനൽകിയ കെ സുകുമാരനാണ് പിൽക്കാലത്ത് ജസ്റ്റിസ് കെ സുകുമാരനായിത്തീർന്നത്. ടി കെയെയും സുകുമാരനെയും മറ്റ് പ്രവർത്തകരെയും പൊലീസ് അറസ്റ്റു ചെയ്തെങ്കിലും സുകുമാരനടക്കമുള്ളവർക്ക് പോസ്റ്റർ പ്രചരണത്തിൽ പങ്കില്ലെന്ന് ടി കെ പൊലീസിനോട് ഉറപ്പിച്ചുപറഞ്ഞു. അതിനാൽ അവരെ കേസിൽനിന്നൊഴിവാക്കുകയായിരുന്നു. l

Hot this week

വിവാഹാലോചനയുമായി റഷ്യയിലേക്ക്

ഇമിഗ്രേഷൻ കൗണ്ടറിലെ ക്യാമറയിൽ ഞാൻ നിസ്സഹായനായി നോക്കി നിന്നു. എന്റെ കൂടെവന്നവരെല്ലാം...

നിസ്വവർഗത്തോടൊപ്പം നിലയുറപ്പിച്ച സർഗവ്യക്തിത്വം

സ്കൂൾ ഓഫ് ഡ്രാമയുടെ താളം കൃഷ്ണൻ നമ്പൂതിരി മാഷായിരുന്നുവെങ്കിൽ അതിന്റെ സംഗീതം...

ആത്മനൊമ്പരങ്ങളുടെ നേർക്കാഴ്‌ചകൾ

സ്വയം എരിയാൻ കൂട്ടാക്കാത്ത കുറേ നോവുകളെ പുനരാവിഷ്കരിക്കുകയാണ് കാവ്യരചനയിലൂടെ പൊതുവേ കവികൾ...

അതിരുകൾക്കപ്പുറമുള്ള കലാലോകം

ചേർത്തുനിർത്തലിന്റെയും ഒഴിവാക്കലിന്റെയും അതിരുകൾ എങ്ങനെ രൂപപ്പെടുന്നുവെന്ന ചിന്ത പങ്കുവയ്‌ക്കുകയാണ്‌ ദർബാർ ഹാൾ...

ചോരചിന്തിയ കുട്ടംകുളം സമരവും സാമൂഹ്യ‐രാഷ്ട്രീയ മുന്നേറ്റങ്ങളും

ചരിത്രപ്രസിദ്ധമായ കുട്ടംകുളം സമരത്തിന്റെ 79-‐ാം വാർഷികദിനമായിരുന്നു ഈ ജൂലായ് 6. കൂട്ടംകുളത്ത്...

Topics

വിവാഹാലോചനയുമായി റഷ്യയിലേക്ക്

ഇമിഗ്രേഷൻ കൗണ്ടറിലെ ക്യാമറയിൽ ഞാൻ നിസ്സഹായനായി നോക്കി നിന്നു. എന്റെ കൂടെവന്നവരെല്ലാം...

നിസ്വവർഗത്തോടൊപ്പം നിലയുറപ്പിച്ച സർഗവ്യക്തിത്വം

സ്കൂൾ ഓഫ് ഡ്രാമയുടെ താളം കൃഷ്ണൻ നമ്പൂതിരി മാഷായിരുന്നുവെങ്കിൽ അതിന്റെ സംഗീതം...

ആത്മനൊമ്പരങ്ങളുടെ നേർക്കാഴ്‌ചകൾ

സ്വയം എരിയാൻ കൂട്ടാക്കാത്ത കുറേ നോവുകളെ പുനരാവിഷ്കരിക്കുകയാണ് കാവ്യരചനയിലൂടെ പൊതുവേ കവികൾ...

അതിരുകൾക്കപ്പുറമുള്ള കലാലോകം

ചേർത്തുനിർത്തലിന്റെയും ഒഴിവാക്കലിന്റെയും അതിരുകൾ എങ്ങനെ രൂപപ്പെടുന്നുവെന്ന ചിന്ത പങ്കുവയ്‌ക്കുകയാണ്‌ ദർബാർ ഹാൾ...

ചോരചിന്തിയ കുട്ടംകുളം സമരവും സാമൂഹ്യ‐രാഷ്ട്രീയ മുന്നേറ്റങ്ങളും

ചരിത്രപ്രസിദ്ധമായ കുട്ടംകുളം സമരത്തിന്റെ 79-‐ാം വാർഷികദിനമായിരുന്നു ഈ ജൂലായ് 6. കൂട്ടംകുളത്ത്...

കാഴ്‌ചയിലെ അപൂർവ നിമിഷങ്ങൾ

പ്രകൃതിയും മനുഷ്യനും മറ്റ്‌ ജീവജാലങ്ങളുമൊക്കെച്ചേരുന്ന രൂപങ്ങളിൽ പ്രകാശനിർണയത്തിലൂടെ ലഭ്യമാകുന്ന വർണസങ്കലനത്തെ സൂക്ഷ്‌മമായി...

ജാനകിvs ജാനകി വി : അപായമണിമുഴക്കം പ്രമുഖരുടെ പ്രതികരണം

ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമക്ക്   സെൻസർ ബോർഡ് ...

ഫാസിസവും നവഫാസിസവും‐ 12

അപരത്വം നവലിബറൽ സാമ്പത്തിക നയങ്ങൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ വരുത്തിയ മാറ്റങ്ങളും...
spot_img

Related Articles

Popular Categories

spot_imgspot_img