സ്കൂൾ ഓഫ് ഡ്രാമയുടെ താളം കൃഷ്ണൻ നമ്പൂതിരി മാഷായിരുന്നുവെങ്കിൽ അതിന്റെ സംഗീതം നമ്പ്യാർ മാഷായിരുന്നുവെന്ന് നിസ്സംശയം പറയാം. ഞാൻ നമ്പ്യാർ മാഷിനെ ആദ്യം കാണുന്നത് സ്കൂൾ ഓഫ് ഡ്രാമയിൽ ചേരുന്നതിനു വേണ്ടി നടന്ന പ്രായോഗിക മുഖാമുഖ പരിപാടിയിൽ പങ്കെടുക്കാൻ ചെന്നപ്പോഴാണ്. അന്ന് പരീക്ഷകരായി ഇരുന്നവരിൽ ശുഭ്രവസ്ത്രധാരിയായി പ്രസന്നവദനനായി കാണപ്പെട്ട ഒരാളെ ശ്രദ്ധിച്ചിരുന്നു. കൃഷ്ണൻ നമ്പൂതിരി മാഷ് പ്രായോഗിക പരീക്ഷകൾ നടത്തിയപ്പോൾ നമ്പ്യാർ മാഷ് ഒന്നോരണ്ടോ നാടക സംബന്ധമായ ലളിതമായ ചോദ്യങ്ങളാണ് ചോദിച്ചത്. അഡ്മിഷൻ കിട്ടി ഉടനെ ഓറിയന്റേഷൻ ശില്പശാലകൾ ആരംഭിച്ചു. ഏറ്റവും ശ്രദ്ധേയമായ ശില്പശാല തെയ്യത്തിന്റേതായിരുന്നു. മാഷായിരുന്നു നേതൃത്വവും പ്രയോഗികപരിശീലനവും തെയ്യാവതരണങ്ങളും നടത്തിയത് കണ്ണൻ പെരുവണ്ണാനായിരുന്നു. ഉത്തര മലബാറിലെ സമ്പന്നമായ നാടോടി പാരമ്പര്യത്തെക്കുറിച്ചും സവിശേഷമായി തെയ്യങ്ങളുടെ പുരാവൃത്തങ്ങളെക്കുറിച്ചും തോറ്റങ്ങളെക്കുറിച്ചും വിശദമായി പിന്നീടുള്ള ക്ലാസ്സുകളിൽ മാഷ് തന്നെ പറഞ്ഞു തന്നിരുന്നു. എങ്കളെ കൊത്ത്യാലും… എന്ന് തുടങ്ങുന്ന പൊട്ടൻ തെയ്യത്തിന്റെ ഒരു തോറ്റം അതിമനോഹരമായി മാഷ് ആലപിച്ചിരുന്നു. ജാതി ഉച്ചനീചത്വത്തിനെതിരെയുള്ള അതിശക്തമായ കീഴാളാവിഷ്കാരമെന്ന നിലയിൽ തെയ്യപുരാവൃത്തങ്ങളെ വ്യാഖ്യാനിക്കാനുള്ള നമ്പ്യാർ മാഷുടെ അസാമാന്യമായ ശേഷിയിൽ ഞങ്ങൾ അത്ഭുതപ്പെട്ടിരുന്നിട്ടുണ്ട്. വാസ്തവത്തിൽ പിന്നീട് ഫോക്ക് ലോറും അപ്ലൈഡ് ഫോക്ക്ലോറും തിയറ്ററും കൂട്ടിച്ചേർത്ത് ജനനയന എന്ന ഫോക്ക് തിയറ്റർ ഗ്രൂപ്പുണ്ടാക്കാനും ഇന്ത്യക്കകത്തും പുറത്തുമായി ശ്രദ്ധേയങ്ങളായ നിരവധി അവതരണങ്ങൾ നടത്താനും സാദ്ധ്യമായത് നമ്പ്യാർ മാഷും സ്കൂൾ ഓഫ് ഡ്രാമയും നട്ടുവളർത്തിയ ഫോക്ക് അടിത്തറ തന്നെയാണ്.

അക്കാലത്തുതന്നെയാണ് ശങ്കരപിള്ള സാറിന്റേയും രാമാനുജൻ സാറിന്റേയും നേതൃത്വത്തിൽ കറുത്ത ദൈവത്തെ തേടി എന്ന നാടകം കൾട്ടിന്റെ ബാനറിൽ അവതരിപ്പിക്കുന്നത് കാണാനിടയായത്. അതിഗംഭീരമായ ആ നാടകത്തിന് ആത്മാവ് പകരുന്നതിൽ കേരളീയമായ സംഗീത പശ്ചാത്തലം ഏറെ സഹായകമായിട്ടുണ്ട്. കറുത്ത ദൈവത്തിന് പശ്ചാത്തല സംഗീതമൊരുക്കുന്നതിന് നേതൃത്വം നൽകിയത് നമ്പ്യാർ സാറായിരുന്നു. അതിനു മുമ്പ് ശങ്കരപിള്ള സാറിന്റെ മൂധേവി തെയ്യം, ബ്രെതോൾഡ് ബ്രെഹ്റ്റിന്റെ ‘തെണ്ടി അഥവാ ചത്ത നായ’, ഫിൻലാന്റിൽ നിന്നുള്ള സംവിധായിക മായ തംബർഗ് ഡയറക്ട് ചെയ്ത ‘ആന്റിഗണി’ എന്നീ നാടകങ്ങളുടെ മ്യൂസിക്ക് ഡിസൈനിങ് നമ്പ്യാർ സർ തന്നെയായിരുന്നു എന്ന് കേട്ടിരുന്നു. ഡ്രമാറ്റിക്ക് ലിറ്ററേച്ചർ ക്ലാസ്സിലും അദ്ദേഹം ഞങ്ങൾക്കു വേണ്ടി ഉത്തര മലബാറിലെ നാടോടിപ്പാട്ടുകൾ പാടിത്തരുമായിരുന്നു. ബ്രഹ്റ്റിന്റെ ‘മദർ കരേജ്’ എന്ന നാടകഗ്രന്ഥം അതിന്റെ രാഷ്ട്രീയ വിവക്ഷ ഒട്ടും ചോർന്നുപോകാതെ തന്നെ അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചിരുന്നത് ഇന്നും ഓർക്കുകയാണ്.

ഞാൻ സ്കൂൾ ഓഫ് ഡ്രാമയിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ പുരോഗമന കലാസാഹിത്യസംഘ പ്രവർത്തനങ്ങളിൽ ഇടപെട്ടുകൊണ്ടിരുന്നു. സംഘത്തിന്റെ ജില്ലാ പ്രസിഡന്റ് അന്ന് നമ്പ്യാർ സർ ആയിരുന്നു. ആ നിലയിൽ കുറേ കാലം ഞങ്ങൾ സഹപ്രവർത്തകരായിരുന്നു. അക്കാലത്ത് പെരുമ്പാവൂരിൽ പു ക സ സംഘടിപ്പിച്ച നാടകശില്പശാലയുടെ ചുമതല നമ്പ്യാർ സാറിനായിരുന്നു. പ്രൊഫ രാമാനുജം, ശങ്കരപിള്ള സർ എന്നിവരെല്ലാം ആ ക്യാമ്പിൽ ക്ലാസ്സെടുത്തിരുന്നു. ഉയർന്ന നിലവാരത്തിൽ തന്നെ ആ ക്യാമ്പ് സംഘടിപ്പിക്കാൻ കഴിഞ്ഞത് നമ്പ്യാർ സാറിന്റെ സംഘാടക മികവുകൊണ്ടായിരുന്നു. അതിനുമുമ്പും കേരളത്തിലങ്ങോളമിങ്ങോളം നിരവധി നാടക ക്യാമ്പുകൾ സംഘടിപ്പിക്കാൻ അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്. മോഹനൻ മാഷ് പ്രസിഡന്റായിരുന്നു കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സാംസ്കാരിക പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട നാടക ക്യാമ്പിന്റെ ചുമതല നിർവഹിച്ചതും അദ്ദേഹമായിരുന്നു. ആ ക്യാമ്പിൽ കെ ടി മുഹമ്മദ്, കുഞ്ഞാണ്ടി, നെല്ലിക്കോട് ഭാസ്കരൻ, പി എം താജ് എന്നീ പ്രഗത്ഭരായ നാടക പ്രവർത്തകരെയെല്ലാം പങ്കെടുപ്പിക്കാൻ കഴിഞ്ഞിരുന്നു. 1982ൽ സംഘടിപ്പിക്കപ്പെട്ട ഒരു തെരുവുനാടക ക്യാമ്പിൽ രാമാനുജൻസർ ശങ്കരപിള്ള സർ എന്നിവരോടൊപ്പം നമ്പ്യാർ സാറും ക്ലാസ്സെടുത്തിരുന്നു. ഒരു കൂട്ടം ഉറുമ്പുകൾ എന്ന നാടകം ക്യാമ്പ് പ്രൊഡക്ഷനായി അന്നവതരിപ്പിച്ചിരുന്നു പി എം താജ് അന്നാ ക്യാമ്പിൽ പഠിതാവായി പങ്കെടുത്തിരുന്നു.
എൻജിഒ യൂണിയൻ സമ്മേളനത്തോടനുബന്ധിച്ച് അരങ്ങേറിയ ‘രാവുണ്ണി’ എന്ന നാടകത്തിലും കെ ടി മുഹമ്മദ് സംഗീത നാടക അക്കാദമി പ്രസിഡന്റായിരുന്ന കാലത്ത് അവതരിപ്പിച്ച മുൻഷി പ്രേംചന്ദിന്റെ ‘രംഗഭൂമി’ എന്ന നാടകത്തിലും നമ്പ്യാർ സാറിന്റെ ക്രിയേറ്റീവ് കോൺട്രിബ്യൂഷൻ വലുതായിരുന്നു.

ഒരു നാടക സംവിധായകനെന്ന നിലയിൽ നമ്പ്യാർ സാർ ചെയ്ത മികച്ച നാടകം മഹാകവി കുട്ടമത്തിന്റെ ബാലഗോപാലം എന്ന നാടകമാണ് -സ്കൂൾ ഓഫ് ഡ്രാമയിൽ ഒരു ഓപ്പൺ എയർ അവതരണമായിരുന്നു അത്. കൃഷ്ണകുചേല ബന്ധമായിരുന്നു നാടകമെങ്കിലും നാടക രചനയുടെ കാലം മഹാക്ഷാമത്തിന്റെ കാലമായിരുന്നതിനാൽ നാടകപ്രമേയം ദാരിദ്ര്യമെന്ന പ്രശ്നത്തെയാണ് അഡ്രസ്സ് ചെയ്തത്. അത് ശക്തമായി തന്നെ കമ്മ്യൂണിക്കേറ്റ് ചെയ്യിക്കാൻ നമ്പ്യാർ സാറിന് ഈ അവതരണത്തിലൂടെ സാദ്ധ്യമായി.

വയലാ സാറും നമ്പ്യാർ സാറും അയ്യന്തോൾ അപ്സര ലോഡ്ജിലായിരുന്നു താമസിച്ചിരുന്നത്. പലപ്പോഴും വാടാനപ്പള്ളിയിൽ നിന്ന് അയ്യന്തോളിൽ വന്നിറങ്ങുന്നതും അപ്സരയിൽ നിന്ന് നമ്പ്യാർ മാഷ് ലാലൂർ റോട്ടിൽ എത്തുന്നതും ഒരേ സമയത്തായിരിക്കും.- കണ്ടയുടനെ ചിരിച്ചുകൊണ്ടുള്ള “എന്താ ഇഷ്ടാ’ എന്ന വിളി ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നുണ്ട്. സ്കൂൾ ഓഫ് ഡ്രാമ സമരകാലത്ത് അദ്ദേഹവുമായി സമരച്ചൂടിൽ ചില കോർക്കലുകൾ നടന്നിട്ടുണ്ടെങ്കിലും അതൊന്നും മനസ്സിൽ സൂക്ഷിക്കാതെ സ്നേഹപൂർവ്വമുള്ള പെരുമാറ്റമായിരുന്നു അദ്ദേഹത്തിന്റേത്. റിട്ടയർമെന്റിനു ശേഷം ഫോക്ക്ലോർ അക്കാദമി സെക്രട്ടറി എന്ന നിലയിലും ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചിട്ടുള്ളത്. എന്നും നിസ്വപക്ഷത്ത് നിലയുറപ്പിച്ച ഈ സർഗ്ഗവ്യക്തിത്വം സജീവമായി തന്നെ സാംസ്കാരിക മണ്ഡലത്തിൽ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുകയാണ്. l