ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമക്ക് സെൻസർ ബോർഡ് വിലക്ക് ഏർപ്പെടുത്തിയതിനെ കുറിച്ചുള്ള പ്രതികരണങ്ങളാണ് ചുവടെ .ശീർഷകത്തിൽ ജാനകി വി എന്ന മാറ്റം വരുത്തണമെന്ന് സെൻസർ ബോർഡ് നിർദേശിച്ചു. സീതയുടെ പര്യായം ആയ ജാനകിയെന്ന പേര് ലൈംഗികാതിക്രമം നേരിട്ട ഒരു സ്ത്രീക്ക് ഇടാൻ പാടില്ലെന്നാണ് സെൻസർ ബോർഡിന്റെ വിശദീകരണം. എട്ട് മാറ്റങ്ങൾ കൂടി സെൻസർ ബോർഡ് നിർദേശിച്ചു. ഈ മാറ്റങ്ങളോടെ സിനിമ തീയേറ്ററിൽ എത്തി . പ്രവീൺ നാരായണൻ ആണ് സംവിധായകൻ . സുരേഷ്‌ഗോപിയാണ് നായകൻ .
മാളവിക ബിന്നി
ജാതിഅടിമസമ്പ്രദായം നിലനിന്നിരുന്നപ്പോൾ പണ്ട് പാടത്ത് പണിയെടുത്തിരുന്ന മർദ്ദിത ജാതീവിഭാഗങ്ങൾക്ക് സ്വന്തം മക്കൾക്ക് പേരിടാനുള്ള അധികാരം ഇല്ലായിരുന്നു. ജന്മിമാർ അവർക്ക് തോന്നുന്ന പേരുകളാണ് ഈ മർദ്ദിതസമുദായങ്ങളിലെ കുട്ടികൾക്ക് കൊടുത്തിരുന്നത്. ദളിതർക്ക് സനാതന ധർമ്മത്തിലെ ദൈവങ്ങളുടെ പേരുകൾ ഇടാനുള്ള അവകാശം ബ്രാഹ്മണ്യം നിഷേധിച്ചിരുന്നു. ഇതേ ജാതി ബ്രാഹ്മണ്യമാണ് ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയിലെ ജാനകിയെ വി. ജാനകി ആക്കി മാറ്റിയത്. ഇത് സർഗാത്മക സ്വാതന്ത്രത്തിനെതിരെയുള്ള കടന്നുകയറ്റം മാത്രമല്ല ഹിന്ദുദൈവങ്ങളുടെ പേരുകളുടെ മേലുള്ള അട്ടിപ്പേറവകാശപ്രഖ്യാപനം കൂടിയാണ്. ഭരണകൂട സംവിധാനങ്ങളുടെ കാവിവത്കരണത്തിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണിത്. ഒരു സിനിമാറ്റിക് പ്രതിനിധീകരണത്തിൽ പോലും ഒരു ഹൈന്ദവദേവതയുടെ പേരുള്ള ഒരാളെ മറ്റൊരു മതത്തിലുള്ള വ്യക്തി ചോദ്യം ചെയ്തു കൂട എന്ന തികച്ചും ജനാധിപത്യവിരുദ്ധമായ സന്ദേശമാണ് ഇത് നൽകുന്നത്. ഇത് ഇന്ത്യൻ ഭരണഘടന നൽകുന്ന മൗലീകാവകാശമായ ആർട്ടിക്കിൾ 19-ൽ പറയുന്ന അഭിപ്രായസ്വാതന്ത്രത്തിനുള്ള അവകാശത്തെ ഹനിക്കുന്നതാണ്.
കെ സച്ചിദാനന്ദൻ
ജാനകിയെന്ന സിനിമാശീർഷകത്തിന് ഏർപ്പെടുത്തിയ വിലക്ക് നമ്മുടെ ഫിലിം സെന്സര്ഷിപ്പിന്റെ സ്വഭാവത്തെയും നമ്മുടെ ജനാധിപത്യത്തിന്റെ ഇപ്പോഴത്തെ ഗതിയേയും ഒരേപോലെ വെളിപ്പെടുത്തുന്നതാണ് .നമുക്കെല്ലാവർക്കും അറിയാവുന്നതു പോലെ ജാനകി കേരളത്തിൽ വളരെ പ്രചാരമുള്ള പേരാണ്. ഞങ്ങളുടെ ഗ്രാമത്തിൽ 20 ജാനകിമാരെയെങ്കിലും എനിക്ക് തന്നെ അറിയാമായിരുന്നു. അത്രയും സാധാരണമായ പേരാണത്. അങ്ങനെയൊരു കഥാപാത്രത്തിന് പേരിട്ടതിന്റെ പേരിൽ ഒരു സിനിമ അല്ലെങ്കിൽ സിനിമ ശീർഷകം സെൻസർ ചെയ്യപ്പെടുക എന്നത് സാധാരണ ജനാധിപത്യത്തിൽ സംഭവിക്കുന്നതേയല്ല. നമ്മുടെ സെൻസർഷിപ്പ് ഏത് കാഴ്ചപ്പാടിൽ നിന്നാണത് നടക്കുന്നതെന്ന് അത് വെളിപ്പെടുത്തുന്നുണ്ട്.
ജാനകി സീതയുടെപര്യായമായതു കൊണ്ടാണ് വിലക്ക് ഏർപ്പെടുത്തിയതെന്നാണ് സെൻസറിന്റെ വിശദീകരണം . നമ്മുടെ എല്ലാ സിനിമകളിലും ധാരാളം കഥാപാത്രങ്ങൾ രാമായണത്തിലെയോ മഹാഭാരതത്തിലെയോ കഥാപാത്രങ്ങളുടെ പേരുള്ളവരായി ഉണ്ട്. .ഒരുപക്ഷെ ഹിന്ദു നാമങ്ങളെടുത്താൽ മിക്കവയും തന്നെ ഏതെങ്കിലും തരത്തിൽ ദേവന്റെയോ ദേവിയുടെയോ പേരുള്ളവയാണ് . നമുക്കെത്ര ശിവന്മാരുണ്ട് , എത്ര വിഷ്ണുമാരുണ്ട് , എത്ര കൃഷ്ണന്മാരുണ്ട്, എത്ര രാധമാരുണ്ട് ,എത്ര പാർവ്വതിമാരുണ്ട് എന്ന് പരിശോധിക്കുമ്പോൾ മനസ്സിലാകും മിക്കവാറും പേരുകൾ ദൈവങ്ങളുടെയോ അവരുടെ പര്യായങ്ങ ളുടെയോ പേരാണെന്ന് . അപ്പോൾ അതിനെ തടയുമ്പോൾ വാസ്തവത്തിൽ രണ്ടു കാര്യങ്ങൾ ഒനാണിച്ചു ചെയ്യുകയാണ് . ഒന്ന് ,ഒരു ഹിന്ദുത്വ ഭരണകൂടം എങ്ങനെയാണ് കലാപരമായ ആവിഷ്കാരസ്വാതന്ത്ര്യത്തെയും സെൻസർഷിപ്പിനെയും കാണുന്നത് എന്ന് . രണ്ടാമത് നമ്മുടെ ജനാധിപത്യം അതിവേഗം ക്ഷയിക്കുകയും അത് ഒരു വിഭാഗത്തിന്റെയോ ,ഒരു മതത്തിന്റെ പോലുമല്ല, ഒരു മതത്തിലെതന്നെ ഒരു ചെറിയ വിഭാഗത്തിന്റെയോ അധീശത്വമായി മാറുകയും ചെയ്തുകൊണ്ടിരിക്കുന്നുവെന്ന് .
അപ്പോൾ ആ രീതിയിലുള്ള ഹിന്ദുത്വ ഫാസിസത്തിന്റെ വരവിന്റെ സൂചനയാണ് വളരെ ചെറിയ പ്രവർത്തിയായി തോന്നുമെങ്കിലും ജാനകിയെന്ന പേരിനു ഏർപ്പെടുത്തിയ സെൻസർഷിപ്പ്. അത് നമ്മുടെ നാട് എങ്ങോട്ടു പോകുന്നു , ജനാധിപത്യം എങ്ങോട്ടു പോകുന്നു , നമ്മുടെ ഭരണം എങ്ങോട്ടു പോകുന്നു, നമ്മുടെ കലാവിഷ്കാര സ്വാതന്ത്ര്യം എങ്ങോട്ടു പോകുന്നു , നമ്മുടെ ഭരണഘടന എങ്ങോട്ടു പോകുന്നുവെന്നതിന്റെ സൂചനയാണ്. ഭരണഘടനാപരമായ സ്വാതന്ത്ര്യങ്ങളെ പോലും ലംഘിക്കുന്ന തരത്തിലുള്ള അതീവ ഹീനവും ദുരുപദിഷ്ടവുമായ ഒരു പ്രവർത്തനമാണ് ശീർഷ കത്തിന്റെ മേൽ ഏർപ്പെടുത്തിയ സെൻസർഷിപ്പ് .ഇതിൽ ജനാധിപത്യപ്രേമികളായ എല്ലാ മനുഷ്യരും കക്ഷിയോ മതമോ ഒന്നും ആലോചിക്കാതെ തന്നെ പ്രതിഷേധിക്കേണ്ടതാണ് .കാരണം നമ്മുടെ നാട് ഫാഷിസത്തിന്റെ വിളനിലമാകാൻ നാം ആരും തന്നെ ആഗ്രഹിക്കുന്നില്ല .
എസ്. ശാരദക്കുട്ടി
ദൈവങ്ങളുടെ പേരൊക്കെ മനുഷ്യൻ ഇട്ടതാണ് എന്ന് മറന്നുപോയിട്ടാണ് നമ്മളൊക്കെ സംസാരിക്കുന്നത്. ദൈവങ്ങൾക്ക് പേരിട്ടത് മനുഷ്യനല്ലേ? മനുഷ്യരായ എഴുത്തുകാരല്ലേ?
ജാനകി എന്നത് സീതയുടെ കൂടി പേരാണ്. മനുഷ്യൻ കണ്ടെത്തിയ പല സ്ത്രീനാമങ്ങളിൽ ഒന്നു മാത്രമാണത്. അതു കൊണ്ടു തന്നെ മനുഷ്യനിർമ്മിതമായ സാഹിത്യമോ സിനിമയോ ഏതെടുത്താലും അതിലെ സ്ത്രീകളുടെയും പുരുഷൻമാരുടെയും പേരൊക്കെ ഏതെങ്കിലും തരത്തിൽ ദൈവത്തിൻറെ കൂടി പേരുകൾ ആയിരിക്കും.
fire എന്ന ഹിന്ദി സിനിമയിൽ സ്വവർഗ്ഗാനുരാഗികൾക്ക് സീത, രാധ എന്ന പേരിട്ടതും വലിയ വിവാദമായത് ഓർക്കുന്നു.
ജാനകിയെ മറ്റൊരു മതത്തിൽപ്പെട്ട ആള് സഹായിക്കുന്നതായി സിനിമയിൽ കാണുന്നുണ്ട്, അത് തെറ്റായ ധാരണകൾ ഉണ്ടാക്കുമെന്നാണ് മറ്റൊരു പരാമർശം കേട്ടത്. എം.ടിയുടെ നിർമാല്യം സിനിമയിലെ ഭഗവതിയുടെ വിഗ്രഹത്തിന് നേരെ തുപ്പുന്നത് PJ ആൻ്റണി എന്ന ക്രിസ്ത്യാനിയാണ് എന്ന വാദവും ഈയടുത്തിടെ മാത്രമാണ് കേട്ടു തുടങ്ങിയത്. വെളിച്ചപ്പാടായി വന്ന PJ ആൻ്റണിക്ക് അന്നത്തെ സർക്കാർ ഏറ്റവും മികച്ച നടനുള്ള ദേശീയഅവാർഡ് വരെ കൊടുത്തതാണെന്ന് ആലോചിക്കണം. നിർമ്മാല്യത്തിൽ നാരായണി എന്നാണ് വെളിച്ചപ്പാടിൻ്റെ ഭാര്യയുടെ പേര്. നാരായണി എന്ന പേര് എല്ലാവർക്കും അറിയാവുന്നതു പോലെ ലളിതാസഹസ്രനാമത്തിലും ദേവി മാഹാത്മ്യത്തിനും ഒക്കെ പരാശക്തിയുടെ പര്യായമാണ്. എം.ടിയെ പോലെയുള്ള മറ്റൊരെഴുത്തുകാരൻ എഴുതിയതാണ് ദേവീ മാഹാത്മ്യവും . അയാളാണ് മനോഹരമായ പേരുകൾ ദേവിക്ക് നൽകിയത്. നാരായണിക്കൊപ്പം സന്ധ്യ നേരത്ത് മുറിക്ക് പുറത്തേക്ക് ഇറങ്ങി വരുന്നത്, ഇപ്പോഴത്തെ സാഹചര്യത്തിൽ ആണെങ്കിൽ ‘അന്യമതസ്ഥൻ’ എന്ന് പറയാവുന്ന ഒരു പുരുഷനാണ്. ‘നാരായണീ എൻറെ നാലു മക്കളെ പെറ്റ നീ തന്നെയോ ഇത് എന്ന് വെളിച്ചപ്പാട് ചോദിക്കുന്നുണ്ട്. ഒന്ന് ആലോചിച്ചു നോക്കൂ ഇന്നായിരുന്നുവെങ്കിൽ നിർമ്മാല്യം തീയേറ്ററിലെത്തുമായിരുന്നോ? മാധവിക്കുട്ടിയുടെ ആദ്യകാല നോവലുകളിൽ ഒന്നാണ് രുഗ്‌മിണിക്കൊരു പാവക്കുട്ടി. ചെറിയ കുട്ടിയായിരിക്കുമ്പോൾ രുഗ്മിണിയെ വേശ്യാലയത്തിലേക്ക് കൊണ്ടുപോകുന്നതും ആ വേശ്യാലയത്തിനുള്ളിൽ നടക്കുന്ന കഥയുമാണ് അത്. ഭഗവാൻ കൃഷ്ണന്റെ ഭാര്യയാണെന്ന് ആരും പറഞ്ഞു കേട്ടിട്ടില്ല. ഇതുപോലെ എത്രയോ ഉദാഹരണങ്ങൾ. സേതുവിൻ്റെ പാണ്ഡവപുരത്തിൽ ജാരന്മാരെ കാത്തിരിക്കുന്ന കഥാപാത്രത്തിന്റെ പേര് ദേവി എന്നാണ്. അന്നൊന്നും നമ്മൾ ആരും അങ്ങനെ ഒന്നും സങ്കുചിതമായി വായിച്ചിട്ടില്ല. ചർച്ച ചെയ്തിട്ടില്ല. ഇത് വലിയ അപകടത്തിലേക്കാണ് പോകുന്നത്. മനോഹരമായ പര്യായങ്ങൾ ദൈവങ്ങൾക്കിട്ടു കൊടുത്തത് ഭാവനാശാലികളായ മനുഷ്യരാണ്. ഭാവനാശാലികളായ എഴുത്തുകാരാണ്.
ഇത് വെറുതെ ട്രോളി പോകേണ്ട ഒരു കാര്യമല്ല ഇത് വളരെ ഗൗരവമുള്ള ഒരു വിഷയമാണ്. പിന്നെ വേറൊന്ന്. ജാനകി എന്നുള്ള പേര് എടുത്താൽ തന്നെ ഏറ്റവും കൂടുതൽ പീഡിതയായ ഏറ്റവും വലിയ ഇരയായ ഒരു സ്ത്രീയുടെ പേരാണത്. ആ സ്ത്രീയുടെ പേര് ഇരയായി ഒരു പെൺകുട്ടിക്ക് കൊടുക്കാൻ പാടില്ല എന്ന് എങ്ങനെ പറയും? സീത അല്ലെങ്കിൽ ജാനകി എന്നു പറയുന്നത് പാട്രിയാർക്കിയുടെ എല്ലാകാലത്തെയും ഏറ്റവും വലിയ ഇരയാണ്. അത് മറക്കാൻ പറ്റുമോ?
അശോകൻ ചരുവിൽ
ദൈവത്തിൻ്റെ പേര് കഥാപാത്രങ്ങൾക്ക് നൽകുന്നതിലെ വിലക്കാണ് ജാനകി സിനിമക്കു നേരെ ഉണ്ടായിരിക്കുന്നത്. തൊടുപുഴയിലെ അധ്യാപകൻ ടി.ജെ.ജോസഫിൻ്റെ കൈ വെട്ടിയ സംഭവത്തെ ഇത് ഓർമ്മിപ്പിക്കുന്നു. ഏതോ കഥയിലെ ഭ്രാന്തൻ കഥാപാത്രത്തിന് മുഹമ്മദ് എന്നു പേരു നൽകി എന്നതായിരുന്നു അവിടത്തെ കുറ്റാരോപണം. അന്ന് എഴുതിയ കൈ വെട്ടിയത് സമൂഹത്തിന് (മതത്തിനും) പുറത്തുള്ള ഒരു പറ്റം മതഭീകരർ ആയിരുന്നുവെങ്കിൽ ഇന്ന് കൊടുവാളുമായി നിൽക്കുന്നത് വ്യവസ്ഥാപിത സംവിധാനങ്ങളാണ്. സർഗ്ഗാത്മകതയിൽ ഭരണകൂടത്തിൻ്റെ ഇടപെടൽ അതവിടം കൊണ്ട് അവസാനിക്കുകയില്ല. വീട്ടിലേക്കാണ്, മനുഷ്യൻ്റെ ജീവിതത്തിലേക്കാണ് ആ കത്തി നീണ്ടുവരുന്നത്. അന്തസ്സോടെ ജീവിക്കണം എന്നാഗ്രഹിക്കുന്നവർ ഉദാസീനത പുലർത്താൻ പാടില്ല.
കെ ഇ എൻ കുഞ്ഞഹമ്മദ്
സാമ്പ്രദായികമായ ഏത് പേരിലും മതത്തിന്റെ കരട് അല്ലെങ്കിൽ മുരട് കാണും . അതൊന്നും കഥാപാത്രങ്ങളായോ കലാസൃഷ്ടികളുടെ പേരായോ ഇടാൻ പാടില്ലെന്ന് വന്നാൽ നമ്മൾ വല്ലാതെ കുഴങ്ങും! നവഫാസിസം പൊരുളിനെ മാത്രമല്ല വെറുമൊരു പേരിനെയും വിടാൻ പോകുന്നില്ല . നമ്പറാക്കാമെന്ന് വച്ചാൽ ‘3 ‘ മുതൽ ’13 ‘ വരെ അപകടകാരികളാണ്.’ x ‘ ‘y ‘ എന്നാക്കാമെന്നു വച്ചാൽ അതൊക്കെയും വൈദേശികമാണ് . ആംഗ്യങ്ങളെ കൊണ്ട് അടയാളപ്പെടുത്താമെന്നു വച്ചാൽ കൂപ്പുന്നതും കാൽക്കൽ കെട്ടി മറിഞ്ഞു വീഴുന്നതും അതിന്റെ പെരുക്കങ്ങളുമല്ലാത്തതെല്ലാം ആര്ഷസംസ്കാരസമീപനത്തിൽ പാതകങ്ങളാകും !ഇത്തരമൊരു പശ്ചാത്തലത്തിൽ ഇടാൻ പറ്റുന്നതും പറ്റാത്തതുമായ പേരുകളുടെ ഒരു പട്ടിക ഉടൻ പുറത്തിറങ്ങുമെന്നു പ്രതീക്ഷിക്കുന്നതിനോളം മഹത്വം മറ്റെന്തുണ്ടാവാൻ!
‘വി ‘ എന്ന ഇംഗ്ലീഷ് ഇനിഷ്യൽ മാറ്റി ,തത്തുല്യമായൊരു സംസ്കൃതം ഇനിഷ്യൽ നൽകുന്നതാവും സ്വാഗതാർഹം !
ജി പി രാമചന്ദ്രൻ
ഇന്ത്യയിലെ സിനിമാ സെൻസർഷിപ്പിനെക്കുറിച്ച് ചരിത്രപരവും പ്രത്യയശാസ്ത്രപരവുമായ ഒരു പരിശോധന ആണ് നടത്തേണ്ടത്. ഇപ്പോൾ നടക്കുന്ന വാദവിവാദങ്ങൾ ആ ദിശയിൽ സഞ്ചരിക്കുന്നതായി കാണുന്നില്ല. ബ്രിട്ടീഷുകാർ ലൈംഗിക ദൃശ്യതയെ കേന്ദ്രമാക്കി വിക്ടോറിയൻ സദാചാര വീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ സെൻസർഷിപ്പ് വ്യവസ്ഥകൾ ആണിവിടെ ലിഖിതവും അലിഖിതവുമായി നടപ്പിലാക്കിക്കൊണ്ടിരുന്നത്. ഇപ്പോൾ പക്ഷെ അതിന്റെ വിചാരമാതൃക രാഷ്ട്രീയമായി മാറിയിരിക്കുന്നു. ഇതിനു കാരണം ഭരണഘടനാ സ്ഥാപനങ്ങളെ നിയന്ത്രിക്കുകയും നിർണയിക്കുകയും ചെയ്യുന്ന നവഫാസിസമാണ്.
ഇപ്പോൾ ജെ എസ് കെ വിഷയത്തിൽ സെൻസർബോർഡിനെതിരെ സമരം ചെയ്യുന്ന സിനിമാസുഹൃത്തുക്കളെ ഞാൻ പിന്തുണയ്ക്കുന്നു. എന്നാൽ എനിയ്ക്ക് ചില ചോദ്യങ്ങളുണ്ട്. എമ്പുരാൻ എന്ന മലയാള വാണിജ്യ സിനിമ കണ്ട ഏറ്റവും വലിയ റിലീസ് സമയത്ത് ആ ഉത്പന്നത്തെ സംരക്ഷിക്കാൻ ഈ സുഹൃത്ത് കൂട്ടായ്മ എന്തുകൊണ്ട് തയ്യാറായില്ല. എമ്പുരാൻ നിർമ്മിച്ച ഗോകുലം ഗോപാലന്റെ ആപ്പീസുകൾ ഇഡി റെയിഡ് ചെയ്തപ്പോൾ ഈ സുഹൃത്തുക്കൾ എന്തുകൊണ്ട് ഇഡി ആപ്പീസിനു മുമ്പിൽ ഒരു ധർണ നടത്തിയില്ല. ഇതിനുള്ള ഉത്തരം അവരിലൊരാൾ തന്നെ തന്നു: ശ്രീ സുരേഷ് കുമാർ പറയുന്നത് എല്ലാത്തിന്റെയും തുടക്കം എമ്പുരാനിൽ നിന്നായിരുന്നു. അതുകൊണ്ടാണ് സെൻസർ ബോർഡ് ഈ വിധത്തിൽ ജെ എസ് കെയിൽ അമിതജാഗ്രത കാണിക്കുന്നത് എന്നാണദ്ദേഹം പറഞ്ഞത്. അതായത് എമ്പുരാൻ ആദ്യരൂപത്തിലോ വെട്ടിയ രൂപത്തിൽ പോലുമോ ഇറങ്ങാൻ പാടില്ലായിരുന്നുവെന്ന്.
തപസ്യയുടെ ജനറൽ സെക്രട്ടറി ആണ് സെൻസർ ബോർഡ് അംഗം എന്നും അദ്ദേഹത്തെ വിളിച്ച് വിശദീകരണം ചോദിക്കും എന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ എമ്പുരാന് സർട്ടിഫിക്കറ്റ് കൊടുത്ത സാഹചര്യത്തിൽ പ്രഖ്യാപിച്ചിരുന്നു.
ഇത് വളരെ പ്രധാനമാണ്. തപസ്യയുടെ ജനറൽ സെക്രട്ടറി അടക്കമുള്ളവർ സെൻസർ ബോർഡ് അംഗങ്ങൾ ആയി നിയമിക്കപ്പെടുമ്പോൾ എന്ത് പരിശീലനം ആണ് ഇവർക്ക് കൊടുക്കുന്നത്? ഇതറിയാൻ താല്പര്യമുണ്ട്.