ഫാസിസവും നവ ഫാസിസവും‐ 11

കെ എ വേണുഗോപാലൻ

ഇന്ത്യയിലെ സ്ഥിതി

കെ എ വേണുഗോപാലൻ

സിപിഐ എമ്മിന്റെ 24-‐ാം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് ചർച്ചക്കായി കരട് രാഷ്ട്രീയ പ്രമേയം പുറത്തിറക്കിയതോടെയാണ് നവ ഫാസിസം സംബന്ധിച്ച് ഇന്ത്യയിൽ വളരെ വിശദമായി ഈ വിഷയത്തെ കുറിച്ച് ചർച്ചകൾ നടത്താൻ ആരംഭിച്ചത്. ഇടതുപക്ഷ പാർട്ടികളിൽ നിന്നുപോലും വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ ഉയർന്നുവരികയുണ്ടായി. സിപിഐ എമ്മിൽ പ്രവണതാവാദമാണെന്ന് വരെ വാദിച്ച പണ്ഡിതന്മാരുണ്ട്. എന്നാൽ ഈ കാര്യത്തിൽ കാര്യമായ ഭേദഗതികൾ ഒന്നും കൂടാതെ പാർട്ടി കോൺഗ്രസ് രാഷ്ട്രീയ പ്രമേയം അംഗീകരിച്ചു. പ്രമേയത്തിൽ ‘നവഫാസിസം നവ ലിബറലിസത്തിന്റെ പ്രതിസന്ധിയുടെ ഉൽപ്പന്നവും ഒരു ആഗോള പ്രവണതയുമാണ്’ എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

നമ്മൾ ഇവിടെ നവ ഫാസിസത്തെ കുറിച്ചുള്ള വിശദമായ പഠനമാണ് നടത്തുന്നത് എന്നതിനാൽ ഇപ്പോൾ നവ ലിബറലിസത്തെക്കുറിച്ചും അതിന്റെ പ്രതിസന്ധിയെ കുറിച്ചും വിശദമായ വിലയിരുത്തൽ നടത്തേണ്ടതുണ്ട്. ഇരുപതാം പാർട്ടി കോൺഗ്രസ് അംഗീകരിച്ച ചില പ്രത്യയശാസ്ത്ര പ്രശ്നങ്ങളെ കുറിച്ചുള്ള രേഖയിലാണ് നവലിബറലിസത്തെ കുറിച്ചുള്ള കൃത്യമായ കാഴ്ചപ്പാട് സിപിഐഎം വ്യക്തമാക്കുന്നത്. നമുക്ക് ആദ്യം അത് പരിശോധിക്കാം.

’മുതലാളിത്തത്തിൻ കീഴിൽ മിച്ചമൂല്യം അതിന്റെ ഉല്പാദനപ്രക്രിയയിൽ മാത്രമേ ഉല്പാദിപ്പിക്കാൻ കഴിയൂ. ഇവ എങ്ങനെ സ്വായത്തമാക്കപ്പെടുകയും വിന്യസിക്കപ്പെടുയും ചെയ്യുന്നു എന്നുള്ളത് കൂടുതൽ പണപ്രവാഹത്തെ സൃഷ്ടിച്ചേക്കും. അന്താരാഷ്ട്ര ധനമൂലധനത്തിന്റെ അനുശാസനങ്ങൾക്ക് കീഴിൽ ഉൽപാദന പ്രക്രിയയിലൂടെ തട്ടിയെടുക്കപ്പെടുന്ന മിച്ചം വീണ്ടും ഇങ്ങനെ വിവിധ രീതികളിൽ വിന്യസിക്കപ്പെടുന്നു. അതിനുപുറമേ ഊഹക്ക ച്ചവടത്തിലൂടെ കോർപ്പറേറ്റുകളുടെ വിപണി മൂലധനവൽക്കരണം വിപുലപ്പെടുത്തുന്നതിനുള്ള പുതിയ ധന ഉപകരണങ്ങളുടെ സൃഷ്ടിയിലൂടെ പണപ്രവാഹങ്ങൾക്കുള്ള മാർഗ്ഗങ്ങൾ വളരെയേറെ വിപുലമാക്കപ്പെടുന്നു. അങ്ങനെ ‘കുമിളകൾ’ സൃഷ്ടിക്കപ്പെടുന്നു; അത് താൽക്കാലികമായി സമ്പദ് വ്യവസ്ഥയെ ഊതി വീർപ്പിക്കുന്നു; പക്ഷേ,ഇവ അനിവാര്യമായും പൊട്ടിച്ചിതറുമ്പോൾ സമ്പദ്ഘടന പ്രതിസന്ധിയിൽ അകപ്പെടുന്നു’ എന്നാണ് ഇരുപതാം പാർട്ടി കോൺഗ്രസ് വ്യക്തമാക്കിയത്.

നവഫാസിസം വിവിധ രാജ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്നതിനെ കുറിച്ച് രാഷ്ട്രീയ പ്രമേയത്തിൽ പറയുന്നുണ്ട്. ഫാസിസം രൂപപ്പെട്ട കാലത്ത് ധനമൂലധന ശക്തികൾ പ്രവർത്തിച്ചുവന്നിരുന്നത് ദേശരാഷ്ട്രാടിസ്ഥാനത്തിലായിരുന്നു. എന്നാൽ ഇന്ന് ആ സ്വഭാവത്തിന് മാറ്റം വന്നിട്ടുണ്ട്. ഇക്കാര്യം ഇരുപതാം പാർട്ടി കോൺഗ്രസ് രേഖകളിൽ വ്യക്തമാക്കുന്നുണ്ട്. ‘ഇന്ന് അന്താരാഷ്ട്ര ധനമൂലധനം ലാഭം പരമാവധിയാക്കുന്നതിനുള്ള അതിന്റെ പരിശ്രമത്തിൽ വ്യാവസായിക മൂലധനവുമായും മൂലധനത്തിന്റെ മറ്റു രൂപങ്ങളുമായും കൂട്ടിക്കെട്ടപ്പെടുന്നു. മൂലധന സഞ്ചയത്തിന്റെയും ലാഭം പരമാവധിയിക്കലിന്റെയും തലങ്ങൾ വലിയതോതിൽ വർദ്ധിപ്പിക്കുന്നതിനായി പുതിയ കടന്നാക്രമങ്ങൾ കെട്ടഴിച്ചുവിടുന്നതിന് ഇപ്പോൾ അന്താരാഷ്ട്ര ധനമൂലധനം പൊതുലക്ഷ്യ ബോധത്തോടെ നയിക്കുന്നു’

തുടർന്ന് എന്താണ് നവലിബറലിസം എന്ന് പ്രമേയം നിർവചിക്കുന്നുണ്ട്. ‘അന്താരാഷ്ട്ര ധനമൂലധനത്തിന്റെ കൽപ്പനകൾ അനുസരിച്ച് ലാഭം പരമാവധിയാക്കുന്നതിന് വേണ്ടി ഇങ്ങനെ ലോകത്തെ പുനക്രമീകരിക്കുന്നതിനെയാണ് നവലിബറലിസം എന്ന് വിശേഷിപ്പിക്കുന്നത്. ചരക്കുകൾക്കും മൂലധനത്തിനും അതിർത്തികളെ മുറിച്ചുകടക്കുന്നതിനുള്ള നിയന്ത്രണങ്ങൾ നീക്കം ചെയ്യുന്ന നയങ്ങളിലൂടെയാണ് ഒന്നാമതായി അത് പ്രവർത്തിക്കുന്നത്. ആഭ്യന്തര അപവ്യവസായവൽക്കരണം ഉളവാക്കിക്കൊണ്ട്, വിശിഷ്യാ വികസ്വരരാജ്യങ്ങളിൽ വ്യാപാര ഉദാരവൽക്കരണം തദ്ദേശീയ ഉത്പാദകരെ പുറന്തള്ളുന്നു. ഉൽപാദനത്തെയും വാണിജ്യ ഇടപാടുകളെയും രാജ്യത്തിന് പുറത്ത് കുടിയിരത്തുന്നത് മൂലം വികസിത രാജ്യങ്ങളിലും ഇത് സംഭവിക്കുന്നു. ഇങ്ങനെ തന്നെ, മൂലധന പ്രവാഹങ്ങളുടെ ഉദാരവൽക്കരണം ബഹുരാഷ്ട കോർപ്പറേഷനുകൾക്ക് വിദേശങ്ങളിൽ ആഭ്യന്തര ഉൽപാദന ആസ്തികൾ (നമ്മുടെ പൊതുമേഖലയെപ്പോലെ) സ്വായത്തമാക്കാൻ അവസരം നൽകുന്നു; ഇത് മൂലധന സഞ്ചയത്തെ വളരെയേറെ വിപുലമാക്കുന്നു.

ലോക സമ്പദ്ഘടനയിൽ മൊത്തം ചോദന നിലവാരം താഴ്ത്തുന്നതിന് ഇടയാക്കുന്ന ധനപരമായ അച്ചടക്കത്തിന്റെ പേരിൽ സർക്കാർ ചെലവുകൾ നിയന്ത്രിക്കുന്നത് പോലെയുള്ള നയങ്ങൾ (ചൂതാട്ട പരമായ ലാഭം വർ ധിപ്പിക്കുന്നതിന് അന്താരാഷ്ട്ര ധനമൂലധനത്തിന് അളവറ്റതോതിൽ പണലഭ്യത ഉണ്ടാക്കിക്കൊണ്ട്) അടിച്ചേൽപ്പിക്കുന്നത്; വികസ്വര രാജ്യങ്ങളിലെ കർഷക ജനതയ്ക്കെതിരായി വ്യാപാര വ്യവസ്ഥകളിൽ മാറ്റം വരുത്തുന്നത്;വികസ്വര രാജ്യങ്ങളിൽ കൂടുതൽ പ്രകടമായി പ്രാബല്യത്തിൽ വരുന്ന വിധത്തിൽ വർദ്ധിച്ച സ്വകാര്യവൽകൃതമായിക്കൊണ്ടിരിക്കുന്ന സമൂഹസേവനങ്ങൾ പ്രദാനം ചെയ്യുന്നതിൽ നിന്ന് സർക്കാർ മേഖല ആഗോളാടിസ്ഥാനത്തിൽ പൂർണമായി പിന്മാറുന്നത്; ലാഭം പരമാവധിയാക്കുന്നതിനായി പൊതു സേവനങ്ങളുടെ വളരെയധികം പുത്തൻ മേഖലകൾ തുറന്നുകൊടുക്കുന്നത് -എന്നിവയാണിന്ന് മൂലധന സഞ്ചയം സുദൃഢമാക്കുന്നതിനുള്ള മറ്റു മാർഗങ്ങൾ. ബൗദ്ധിക സ്വത്തവകാശങ്ങളും അറിവിനുമേലുള്ള കുത്തുക നിയന്ത്രണത്തിന്റെ മറ്റു രൂപങ്ങളും, അറിവിന്റെ ഉത്പാദനത്തിന്റെയും പുനരുപാദനത്തിന്റെയും മേലുള്ള നിയന്ത്രണത്തി ലൂടെ വമ്പിച്ച ലാഭത്തെ സൃഷ്ടിക്കുന്നു. ഇങ്ങനെ സമകാലിക സാമ്രാജ്യത്വത്തിന്റെ പുതിയ സവിശേഷത,ലാഭം പരമാവധിയാക്കുന്ന തിനായി ഇതുവരെ നിലവിലി ല്ലാതിരുന്ന പുതിയ മാർഗങ്ങൾ ബലംപ്രയോഗിച്ചു തുറന്നുകൊടുക്കലാണ്.

ആഗോള ധനമൂലധന ശക്തികളുടെ താല്പര്യത്തിന് വഴങ്ങി അതിന് കീഴ്പ്പെടുന്ന ഓരോ രാജ്യത്തിന്റെയും സാമ്പത്തിക രംഗത്ത് വരുന്ന മാറ്റത്തെക്കുറിച്ചാണ് പ്രമേയം ഇങ്ങനെ ചൂണ്ടിക്കാട്ടിയത്. ഇത് എങ്ങനെയാണ് ഇന്ത്യയിൽ നവലിബറൽ നയങ്ങളുടെ പ്രതിസന്ധിയിലേക്ക് നയിച്ചത് എന്ന് നമുക്ക് തുടർന്ന് പരിശോധിക്കാം.

ഇന്ത്യയിൽ നവലിബറൽ നയങ്ങൾ എങ്ങനെയാണ് ജനങ്ങളെ പ്രതിസന്ധിയിലാഴ്ത്തുന്നതെന്ന് സിപിഐ എംന്റെ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ്സിന്റെ രാഷ്ട്രീയ പ്രമേയം വ്യക്തമാക്കുന്നുണ്ട്. ‘തുടർന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ കാരണം സമ്പദ് ഘടനയിൽ ഉണ്ടായിട്ടുള്ള ചോദനത്തിന്റെ അഭാവമാണ്. അതായത് ജനങ്ങൾക്ക് വേണ്ടത് വാങ്ങൽശേഷി ഇല്ലാത്തതാണ്. ഇന്ത്യൻ ജനതയുടെ ഭൂരിപക്ഷത്തിനും വളരെ തുച്ഛമായ വരുമാനമോ കൂലിയോ കൊണ്ട് ജീവിക്കേണ്ടതായി വരുന്നു. 2023‐-24 ലെ ഗാർഹിക ഉപഭോക്തൃ ചെലവുകളെ കുറിച്ച് അടുത്തകാലത്ത് പുറത്തുവന്ന കണക്കുകൾ കാണിക്കുന്നത്,നാലുപേരുള്ള കുടുംബത്തിന്റെ ഒരു മാസത്തെ ശരാശരി ചെലവ് ഗ്രാമപ്രദേശങ്ങളിൽ 8079 രൂപയും നഗരങ്ങളിൽ 14528 രൂപയും ആണെന്നാണ്. ഇതിനോടൊപ്പം വളർന്നുവന്ന തൊഴിലില്ലായ്മയും നാണയപ്പെരുപ്പവും, പ്രത്യേകിച്ച് ഭക്ഷണസാധനങ്ങളുടെ വിലക്കയറ്റവും കൂടി ചേർന്ന് വരുമാനത്തെ കുറയ്ക്കുന്നു. ദുർബലമായ ചോദനമാണെങ്കിൽ ഉൽപാദനം നടക്കുന്നത് ഉത്പാദനശേഷിയിൽ കുറച്ച് മാത്രമായിരിക്കും. പുതിയ നിക്ഷേപം വഴി ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് താല്പര്യം ഉണ്ടാവുകയുമില്ല. കസ്റ്റംസ് സ്റ്റീരുവകൾ തുടർച്ചയായി കുറയ്ക്കുന്ന സർക്കാർ നടപടി മൂലം ഇറക്കുമതി വർദ്ധിക്കുന്നു. ഇത് ആഭ്യന്തര വ്യവസായത്തെ തകർക്കുകയും സദാ ഉയർന്നുവരുന്ന വ്യാപാരക്കമ്മി സൃഷ്ടിക്കുകയും ചെയ്യുന്നു. സമ്പദ്ഘടനയുടെ ദൗർബ്ബല്യം രൂപയുടെ മൂല്യത്തിൽ ഇടിവ് വരുത്തുന്നു. അത് വീണ്ടും ഇറക്കുമതിയുടെ ചെലവ് വർദ്ധിപ്പിക്കുന്നു. ഇത് തുടർച്ചയായി വ്യാപിക്കുന്ന പ്രതിസന്ധിയിലേക്ക് നയിക്കുന്നു. മോദി സർക്കാരിന് ഇതിനെക്കുറിച്ച് ഒരു തുമ്പും കിട്ടിയിട്ടില്ല, കോർപ്പറേറ്റ് മേഖലയ്ക്ക് നേട്ടങ്ങൾ ഉണ്ടാക്കുന്നതിനുവേണ്ടി നിർലജ്ജം നയങ്ങൾ വളച്ചൊടിക്കാൻ മാത്രമാണ് അവർക്ക് സാധിക്കുന്നത്. അതേസമയം സമ്പദ്ഘടനയിലെ മാന്ദ്യം,കുറഞ്ഞ വരുമാനം, വർദ്ധിക്കുന്ന ചെലവുകൾ, വ്യാപകമായ തൊഴിലില്ലായ്മ എന്നിവ ജനങ്ങളെ ഒഴിയാബാധ പോലെ പിന്തുടരുന്നു. സർക്കാരിൽ നിന്ന് ഒരു പിന്തുണയും അവർക്ക് ലഭിക്കുന്നില്ല.

കോർപ്പറേറ്റുകളുടെ മേൽ നികുതി ചുമത്തുന്നതിന് പകരം സർക്കാർ ആദായനികുതിയിൽ നിന്നാണ് കൂടുതൽ നികുതിവരുമാനം ഉണ്ടാക്കുന്നത്. ആദായനികുതിയിൽ നിന്ന് ലഭിക്കുന്ന നികുതി വരുമാനത്തിന്റെ ശതമാനം 2014‐-15ൽ 20.8 ആയിരുന്നത് 2024-25ൽ 30.9 ശതമാനമായി വർധിപ്പിച്ചു. 2017-18 ൽ മൊത്തം നികുതി വരുമാനത്തിന്റെ 32 ശതമാനം കോർപ്പറേറ്റ് നികുതി ആയിരുന്നു. അത് 2024-25 ബജറ്റിൽ 26.5 ശതമാനമായി കുറഞ്ഞു. ഓരോ വർഷവും കോർപ്പറേറ്റ് നികുതി വെട്ടിക്കുറയ്ക്കുന്നത് കാരണം സർക്കാരിന് 1.45 ലക്ഷം കോടി രൂപയുടെ നഷ്ടം ഉണ്ടാകുന്നുണ്ട്. ഇതിൽനിന്ന് സർക്കാരിന് കോർപ്പറേറ്റുകളോടുള്ള പക്ഷപാതിത്വം സ്പഷ്ടമാണ്. ഇതിനുവേണ്ടി സാമൂഹ്യ മേഖലയിലെ ചെലവുകൾ പോലും വെട്ടി കുറയ്ക്കേണ്ടതായി വരുന്നു. കോർപ്പറേറ്റ് നികുതി പോലുള്ള സർക്കാരിന്റെ പ്രോത്സാഹനം ഉണ്ടായിട്ടും സ്വകാര്യ മുതലാളിമാർ നിക്ഷേപം നടത്താൻ തയ്യാറാകുന്നില്ല. കാരണം ഉത്പാദിപ്പിക്കപ്പെടുന്ന വസ്തുക്കൾക്ക് ആവശ്യക്കാരില്ല. ഡിമാൻഡ് അഭാവം ഉണ്ടാകുന്നത് തൊഴിലാളികളുടെ യഥാർത്ഥ വേതനത്തിലെ മാന്ദ്യം കൊണ്ടാണ്.

ഒ ഇ സി ഡി രാജ്യങ്ങൾ സാമൂഹ്യമേഖലയിൽ ജിഡിപിയുടെ 21 ശതമാനം ചെലവാക്കുമ്പോൾ കേന്ദ്രസർക്കാർ ഏഴ് ശതമാനത്തിൽ കുറച്ചു മാത്രമാണ് ചെലവാക്കുന്നത്. ബജറ്റിലെ മൊത്തം ചെലവുകളുടെ വിഹിതം എന്ന നിലയിൽ 2024‐-25ലെ ബജറ്റിൽ സാമൂഹ്യമേഖല ബജറ്റ് വകയിരുത്തൽ 2020-‐21ലെ വകയിരുത്തലിനെ അപേക്ഷിച്ചു 40 ശതമാനത്തോളം കുറവായിരുന്നു. ജിഡിപിയുടെ ശതമാനം എന്ന നിലയിൽ ഇത് നേർപകുതിയായി കുറഞ്ഞു. ഇതിന്റെ ഫലമായി തൊഴിലുറപ്പ് പദ്ധതി, ഭക്ഷ്യ സബ്സിഡി, സാമൂഹ്യക്ഷേമം, വിദ്യാഭ്യാസം, ആരോഗ്യം, വളം സബ്സിഡി തുടങ്ങിയവയ്ക്കായി നീക്കിവെക്കുന്ന പണം വെട്ടി കുറയ്ക്കപ്പെട്ടു. സർക്കാർ പിന്തുണയുടെ അഭാവം സാധാരണക്കാരുടെ ജീവിത ചെലവിന്റെ വർദ്ധനയ്ക്കും വാങ്ങൽ ശേഷിയുടെ കുറവിനും ദാരിദ്രവത്കരണത്തിനും ഇടയാക്കി.

പ്രകൃതിവിഭവങ്ങളും പൊതു ആസ്തികളും വൻകിട മുതലാളിമാർ ക്ക് കൈമാറുന്ന വിധത്തിൽ മൊത്തം സാമ്പത്തിക മാനേജ്മെന്റിനെ പുനഃസംഘടിപ്പിക്കുന്നതിനുള്ള ഒരുകൂട്ടം നയങ്ങളാണ് മോദി ഗവൺമെന്റ് ആവിഷ്കരിച്ച ത്.നാഷണൽ ഹൈവേ,റെയിൽവേ, വിമാനത്താവളങ്ങൾ, പൈപ്പ് ലൈനുകൾ സംപ്രേഷണ ലൈനുകൾ തുടങ്ങിയ ഇടനാഴികൾ അടക്കമുള്ള വൻതോതിൽ വികസിപ്പിച്ചെടുത്ത ഭൂസ്വത്തുക്കളുടെ കുത്തകാവകാശം ദീർഘകാല പാട്ടം എന്ന പേരിൽ സ്വകാര്യ മുതലാളിമാർക്കും ധനകാര്യ കമ്പനികൾക്കും നൽകുന്ന നാഷണൽ മോണിറ്റൈസേഷൻ പൈപ്പ് ലൈൻ പദ്ധതി 2021‐22ലെ ബജറ്റിലാണ് അവതരിപ്പിച്ചത്.ദേശീയ പശ്ചാത്തല സൗകര്യ പൈപ്പ് ലൈൻ വഴി വൻതോതിൽ ഗവൺമെൻറ് നിക്ഷേപങ്ങൾ പാശ്ചാത്തല സൗകര്യ വികസനത്തിന് നൽകി. ആ പ്രോജക്ടുകളിൽ നിന്ന് വൻതോതിൽ പണം വാരി കൂട്ടുന്നത് ഇന്ത്യയിലെ 5 അതിഭീമൻ കോർപ്പറേറ്റുകളാണ്. മറ്റൊരു സവിശേഷത രാജ്യത്തിന്റെ പ്രകൃതി വിഭവങ്ങൾ വിദേശികളും സ്വദേശികളുമായ സ്വകാര്യ ഇടപാടുകാർക്ക് കൈമാറ്റം ചെയ്യുന്ന പിടിച്ചെടുക്കൽ വഴികളാണ്. 2019ൽ അംഗീകരിക്കപ്പെട്ട ദേശീയ ധാതു നയമനുസരിച്ച് ഇരുമ്പയിര്, കൽക്കരി, ബോക്സൈറ്റ് തുടങ്ങിയ പ്രകൃതിവിഭവങ്ങൾ ഖനനം ചെയ്യുന്നതിന് വിഭവപ്രദേശങ്ങളെ ധാതു ബ്ലോക്കുകളാക്കി തിരിച്ച് ലേലത്തിന് നൽകുന്ന രീതി നിലവിൽ വന്നു. അതിൽ ഏറ്റവും ഒടുവിലത്തെ നീക്കം ലിഥിയം, കോബാൾട്ട് മുതലായ ധാധുക്കൾ ഖനനം ചെയ്യാൻ സ്വകാര്യമേഖലയെ അനുവദിക്കുന്നതിനായി ഖനികളും ധാതുക്കളും (വികസനവും നിയന്ത്രണവും) നിയമത്തിൽ വരുത്തിയ ഭേദഗതിയാണ്. അവസാനമായി മൂലധന നിക്ഷേപത്തിന് പ്രോത്സാഹനം നൽകുന്നതിനായി മാറ്റം വരുത്തിയ പ്രത്യേക പ്രോത്സാഹന പാക്കേജ് പദ്ധതിയായും പലതരത്തിലുള്ള മേഖലാതല ഉത്പാദനബ ന്ധിതമായ പ്രോത്സാഹനമായും കോർപ്പറേറ്റുകൾക്ക് നേരിട്ട് ഫണ്ട് കൈമാറ്റം ചെയ്യുന്നതിനുള്ള സംവിധാനങ്ങളും നടപ്പിലാക്കി യിരിക്കുന്നു. ചില വൻ ബിസിനസ് ഹൗസുകളാണ് ഇതിന്റെ നേട്ടങ്ങൾ മുഴുവൻ കൊയ്യുന്നത്. 5 വൻ ബിസിനസ് കോർപ്പറേഷനുകൾ -അംബാനി, അദാനി, ടാറ്റ, ആദിത്യ ബിർള, ഭാരതി ടെലികോം -ധനകാര്യേതര മേഖലയിലെ ആസ്തികളുടെ 20 ശതമാനത്തിലധികം കയ്യാളുന്നവരാണ്. ഇന്ത്യയിൽ ഇപ്പോൾ നടക്കുന്ന സമ്പത്തിന്റെ കേന്ദ്രീകരണത്തിന്റെയും കുത്തകവൽക്കരണത്തിന്റെയും തോത് എത്രമാത്രമാണെന്ന് ഇത് വ്യക്തമാക്കുന്നു.

ലോകത്തിൽ വെച്ച് ഏറ്റവും അസമത്വമുള്ള രാഷ്ട്രങ്ങളിൽ ഒന്നായി ഇന്ത്യ മാറിയിരിക്കുന്നു. ലോക അസമത്വ റിപ്പോർട്ട് അനുസരിച്ച് 2022‐23 നകം ജനസംഖ്യയിലെ ഉയർന്ന ഒരു ശതമാനം പേർ എല്ലാ വരുമാനത്തിന്റെയും 22.6 ശതമാനം കയ്യടക്കുകയും രാഷ്ട്രത്തിന്റെ സമ്പത്തിന്റെ 40.1 ശതമാനത്തിന്റെ ഉടമകൾ ആവുകയും ചെയ്യുന്നു. ഇത് ഇന്ത്യ ചരിത്രത്തിൽ തന്നെ ഏറ്റവും ഉയർന്ന തോതാണ്. ബ്രിട്ടീഷ് കാലഘട്ടത്തെക്കാൾ അധികമാണിത്. ഇന്ത്യയിൽ മുകൾത്തട്ടിലുള്ള ഒരു ശതമാനത്തിന്റെ വരുമാനത്തിലുള്ള വിഹിതം ലോകത്തിൽ തന്നെ ഏറ്റവും ഉയർന്നതാണ്. അത് ദക്ഷിണാഫ്രിക്ക, ബ്രസീൽ, അമേരിക്ക എന്നിവയെക്കാളും മുകളിലാണ്. ഇന്ത്യയിലെ താഴെത്തട്ടിൽ ഉള്ള 50 ശതമാനത്തിന് ആകെ സമ്പത്തിന്റെ 3% മാത്രമേ കൈവശമുള്ള. മോദി ഭരണകാലത്ത് തീവ്രമായ സമ്പത്തിന്റെ കേന്ദ്രീകരണം ഉണ്ടായതിന് മറ്റൊരു തെളിവു കൂടെയുണ്ട്. ശതകോടീശ്വരന്മാരെ സംബന്ധിച്ച് ഫോബ്സ് മാസിക തയ്യാറാക്കിയ പട്ടികയിൽ 2014ൽ നൂറുശതകോടീശ്വരരാണ് ഉണ്ടായിരുന്നത്. ആ വർഷമാണ് മോദി പ്രധാനമന്ത്രിയാകുന്നത്. അത് 2024ൽ ഇരട്ടിച്ച് 200 പേരായി. ഇത് കൂടാതെ അവരിൽ സമ്പന്നരായ നൂറുപേർക്കുള്ള സമ്പത്ത് മൊത്തം എടുത്താൽ ഒരു ലക്ഷം കോടി ഡോളർ കടക്കും. ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്. മോദി ഗവൺമെന്റിന്റെ 10 വർഷത്തെ ഭരണത്തിന്റെ മുഖമുദ്രയാണിത്.

മോദി ഗവൺമെന്റിന്റെ നവലിബറൽ കോർപ്പറേറ്റ് അനുകൂല നയങ്ങളുടെ ഫലമായി ഏറ്റവുമധികം ദുരിതമനുഭവിക്കേണ്ടിവന്നത് കാർഷികമേഖലയാണ്. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് മോദി അധികാരത്തിൽ വന്ന 2014 മുതൽ കണക്കുകൾ ലഭ്യമായ 2022 വരെ 1,00,474 കർഷകരും കർഷക തൊഴിലാളികളും ആത്മഹത്യ ചെയ്യാൻ നിർബന്ധിതരായി. കടബാധ്യതയായിരുന്നു മുഖ്യകാരണം. 2024ലെ ലോക പട്ടിണി സൂചിക അനുസരിച്ച്, 127 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 105-ാമതാണ്. ഈ കാലയളവിൽ ഗുരുതരമായി മാറിയ കാർഷിക പ്രതിസന്ധിയുടെ ചില അടിസ്ഥാന കാരണങ്ങൾ താഴെ പറയുന്നു:

എ) കാർഷിക ചെലവുകൾ വൻതോതിൽ വർദ്ധിക്കുന്നു. ഇതിനു കാരണം ഗവൺമെന്റിന്റെ സബ്സിഡികളുടെ വെട്ടിക്കുറക്കലും കാർഷികവിഭവങ്ങളുടെ ഉൽപാദനത്തിന് കോർപ്പറേറ്റുകൾക്ക് നൽകുന്ന പ്രോത്സാഹ നവുമാണ്.

ബി) മൊത്തം ഉൽപാദന ചെലവിന്റെ ഒന്നര ഇരട്ടിയെങ്കിലും സംഖ്യ മിനിമം താങ്ങുവിലയായി നടപ്പിലാക്കാൻ കേന്ദ്ര ഗവൺമെന്റ് വിസമ്മതിക്കുന്നത് കാരണം കാർഷിക വിളകളുടെ വിലയിൽ അപേക്ഷികമായ തോതിൽ വർദ്ധനവ് ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല വില ഇടിയുകയും ചെയ്യുന്നു.

സി) കാലാവസ്ഥാ വ്യതിയാനം കാരണം കൂടുതൽ തീക്ഷണമാകുന്ന പ്രകൃതിദുരന്തങ്ങൾ മൂലം വൻതോതിലുള്ള വിളനാശം ഉണ്ടാകുന്നുണ്ട്. അത് സൃഷ്ടിക്കുന്ന നഷ്ടം പരിഹരിക്കുന്നതിന് ആവശ്യമായ ഇൻഷുറൻസ് സംരക്ഷണം കർഷകർക്ക് ലഭിക്കുന്നില്ല. മാത്രമല്ല,പ്രധാനമന്ത്രിയുടെ ഫസൽ ഭീമാ യോജന (പി.എം.എഫ്.ബി.വൈ) കർഷകരെ സംബന്ധിച്ചിടത്തോളം പ്രഹസനമായി മാറുകയാണ്. ഇൻഷുറൻസ് കമ്പനികളെ സംബന്ധിച്ചാകട്ടെ 25% ത്തോളം ശരാശരി മൊത്തം ലാഭം ലഭിക്കുന്ന ഒരു ഐശ്വര്യ പദ്ധതി മാത്രമാണത്.

ഡി) കോർപ്പറേറ്റുകൾക്ക് അനുകൂലമായും കർഷകർക്ക് എതിരായും പ്രവർത്തിക്കുന്ന ബാങ്ക് വായ്പാനയം കർഷകരെ ദുരാഗ്രഹികളായ സ്വകാര്യ പണമിടപാടുകാരുടെ പിടിയിലൊതുക്കുകയും കടക്കെണിയിൽ പെടുത്തുകയും ചെയ്യുന്നു.

കാർഷിക പ്രതിസന്ധിയുടെയും കർഷകരുടെ ഗൗരവതരമായ ദുരവസ്ഥയുടെയും മറ്റൊരു കാരണം കൃഷിയിലും അനുബന്ധ മേഖലകളിലും പൊതു മുതൽമുടക്ക് വെട്ടിക്കുറയ്ക്കുന്നതാണ്.കേന്ദ്ര ബജറ്റിൽ കൃഷിക്കും അനുബന്ധ മേഖലകൾക്കും നീക്കിവെച്ച തുക 2019 ൽ 5.44 ശതമാനമായിരുന്നത് 2024 ൽ 3.15 ശതമാനമാക്കി വെട്ടിക്കുറച്ചു. രാസവളം സബ്സിഡിയും ഭക്ഷ്യസബ്സിഡിയും വെട്ടിക്കുറച്ചു. തൊഴിലുറപ്പ് പദ്ധതിക്ക് നീക്കിവെച്ച തുക 86,000 കോടി രൂപയാണ്. കഴിഞ്ഞവർഷം ഈ പദ്ധതിയിൽ ചെലവഴിച്ചതിലും കുറവാണിത്. പി എം കിസാൻ സമ്മാൻ നിധി, പി എം ഫസൽ ഭീമാ യോജന എന്നിവയിലും മറ്റു പദ്ധതികളിലും വെട്ടിക്കുറവുണ്ടായി. കാർഷിക ഗവേഷണ വികസന പദ്ധതികൾക്കും അവയുടെ വ്യാപനത്തിനുമുള്ള പണവും ഇല്ലാതായിരിക്കുകയാണ്. ബഹുരാഷ്ട്ര കുത്തകകളെയാണ് ഇത് സഹായിക്കുന്നത്.

കേന്ദ്ര ഗവൺമെന്റിന്റെ പ്രധാന ലക്ഷ്യം ഇരപിടിയൻ കാർഷിക ബിസിനസുകാരെ സഹായിക്കുന്നതിനായി നടത്തുന്ന കൃഷിയുടെ കോർപ്പറേറ്റ് വൽക്കരണമാണ്. വൈദ്യുതി സ്വകാര്യവൽക്കരിക്കപ്പെടുകയാണ്. വൈദ്യുതി ഭേദഗതി നിയമം, സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കാനുള്ള നീക്കങ്ങൾ,അദാനി പവർ എന്ന കമ്പനിയുടെ വർദ്ധിച്ചുവരുന്ന സ്വാധീനം, റിലയൻസ് പവർ,ടാറ്റാ പവർ തുടങ്ങിയവ ഇതിലേക്കാണ് വിരൽചൂണ്ടുന്നത് ഗ്രാമീണ -നഗര ഉപഭോക്താക്കളുടെമേൽ വൈദ്യുതി താരിഫുകളും വൻതോതിൽ വർദ്ധിക്കുകയാണ്. ജലസേചനമേഖലയുടെ അവസ്ഥയും ഇതുതന്നെയാണ്. ഡിജിറ്റലൈസേഷന്റെ പേരിൽ ഗ്രാമീണ ദരിദ്രരുടെ അവകാശങ്ങളുടെമേൽ ഗവൺമെന്റ് അതിശക്തമായ ആക്രമമാണ് അഴിച്ചുവിട്ടിരിക്കുന്നത്. ഇത് തൊഴിലുറപ്പ് തൊഴിലാളികളുടെ അവസ്ഥയിൽ പ്രകടമാണ് കഴിഞ്ഞ രണ്ടു വർഷങ്ങളിലായി എട്ടു കോടിയോളം തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ രജിസ്ട്രേഷൻ റദ്ദാക്കി. നിയമവിരുദ്ധമായ രീതിയിൽ അവർക്ക് അവകാശപ്പെട്ട തൊഴിലാനുകൂല്യങ്ങൾ നിഷേധിച്ചു. ഗ്രാമീണ ഭൂരഹിതരുടെ എണ്ണവും കൃഷിഭൂമിയുടെ ഉടമാവകാശത്തിൽ ഉള്ള അസമത്വവും വൻതോതിൽ വർദ്ധിച്ചു. 2019- 21ൽ നടത്തിയ അഞ്ചാമത് നാഷണൽ ഫാമിലി ഹെൽത്ത് സർവ്വെ അനുസരിച്ച് 47.8% ഗ്രാമീണ വീട്ടുടമകളുടെ കയ്യിൽ കൃഷിഭൂമി ഒന്നും ഉണ്ടായിരുന്നില്ല. ഗ്രാമീണ വീട്ടുടമകളിൽ മുകൾത്തട്ടിലുള്ള 20% പേർ 82% ഭൂമിയുടെയും ഉടമകളായിരുന്നു.

തൊഴിലാളികൾ കൃഷിയിലേക്ക് തിരിച്ചുവന്നതോടെ ഗ്രാമീണ ദരിദ്രരുടെ സ്ഥിതി വീണ്ടും മോശമായിരിക്കുകയാണ്. യഥാർത്ഥ ഗ്രാമീണ കൂലി നിരക്കുകൾ 0.4 ശതമാനം കുറഞ്ഞു. യഥാർത്ഥ കാർഷിക കൂലനിരക്കുകൾ 0.2 ശതമാനം മാത്രമാണ് ഉയർന്നത്. ഗ്രാമീണ തൊഴിലാളികളുടെ യഥാർത്ഥ കൂലിയിൽ വന്ന ഇടിവ് ഗ്രാമീണ സമ്പന്ന കൂട്ടുകെട്ട് ഗ്രാമീണ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിൽ വന്ന തീവ്രതയെയാണ് കാണിക്കുന്നത്. ദരിദ്രരായ കുടിയാൻ കർഷകരും ഈ പ്രതിസന്ധിയുടെ ഭാരം പേറുന്നവരാണ്. കാർഷിക കെടുതികൾ കർഷക തൊഴിലാളികളുടെ ആത്മഹത്യകളുടെ വർദ്ധനയിലേക്കും നയിക്കുന്നു. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2022ൽ 6087 കർഷക തൊഴിലാളികൾ ആത്മഹത്യ ചെയ്തു. 2021നേക്കാൾ 5563 ആത്മ ഹത്യകൾ അധികമാണ് 2022ൽ നടന്നത്.

ഈ കാലയളവിൽ തൊഴിലാളിവർഗ്ഗം പ്രക്ഷോഭങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങളുടെ നേരെയുള്ള രണ്ടും കൽപ്പിച്ചുള്ള ആക്രമണങ്ങളാണ് കണ്ടത്. യോജിച്ചുള്ള ട്രേഡ് യൂണിയൻ സമരങ്ങളുടെ ശക്തി മൂലം കുപ്രസിദ്ധമായ നാല് തൊഴിൽ നിയമങ്ങൾ നടപ്പിലാക്കുന്നത് വൈകിപ്പിച്ചിട്ടുണ്ട്. എങ്കിലും കൂലിക്ക് ആളുകളെ നിയമിക്കുന്ന രീതികളിൽ ചൂഷണം വർദ്ധിപ്പിക്കുന്ന വിധത്തിലുള്ള മാറ്റങ്ങൾ വരുത്തുമെന്ന് മോദി ഗവൺമെന്റും പല സംസ്ഥാന ഗവൺമെന്റുകളും ഉറപ്പാക്കിയിട്ടുണ്ട്. നവ ലിബറൽ നയങ്ങളുടെ അവശ്യഘടകമായ തൊഴിലുകളുടെ കരാർവൽക്കരണ പ്രക്രിയ ശക്തിപ്പെട്ടിരിക്കുകയാണ്. 2018ൽ മാനുഫാക്ചറിങ് മേഖലയിൽ കരാർ തൊഴിലാളികളുടെ എണ്ണം 36.38 ശതമാനമായിരുന്നത് 2023 ൽ 40.72 ശതമാനമായി വർദ്ധിച്ചിരിക്കുന്നു. 2014- 15 മുതൽ 2020-2021 വരെയുള്ള കാലയളവിൽ സംഘടിത മേഖലയിലെ കൂലി വർദ്ധന ഞെട്ടിപ്പിക്കുന്ന വിധം 6% ആയി കുറഞ്ഞു. അതിനു മുമ്പുള്ള 6 വർഷങ്ങളിൽ 10.1ശതമാനം വർദ്ധനയാണ് രേഖപ്പെടുത്തിയിരുന്നത്. വൻതോതിൽ ഉള്ള വിലക്കയറ്റത്തിന്റെ തോത് കൂടെ പരിഗണിക്കുമ്പോൾ തൊഴിലാളികളുടെ യഥാർത്ഥ കൂലി കുറഞ്ഞിരിക്കുകയാണ്. വ്യവസായമേഖലയിലെ ചൂഷണത്തെ കാണാനുള്ള മറ്റൊരു വഴി കൂട്ടിച്ചേർക്കുന്ന മൂല്യത്തിൽ കൂലിയുടെ പങ്ക് കണക്കുകൂട്ടുകയാണ്. 2020 മുതൽ ഇത് 18.9% ആയിരുന്നത് 2023 ൽ 15.9% ആയി കുറഞ്ഞു. അതേ കാലയളവിൽ ലാഭത്തിന്റെ വിഹിതം 38.7 ശതമാനത്തിൽ നിന്ന് 51.9% ആയി വർധിച്ചു.

രാജ്യത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളിലും മിനിമം കൂലി നൽകുന്നില്ല. ചില സംസ്ഥാനങ്ങളിൽ തൊഴിൽസമയം 12 മണിക്കൂറും അതിൽ കൂടുതലുമായി നിരന്തരം വർദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അധികസമയം ജോലി ചെയ്യുന്നതിന് ഓവർടൈം കൂലി നൽകുന്നില്ല. യൂണിയനുകൾ രൂപീകരിക്കാനുള്ള അവകാശവും ആക്രമണത്തിനിരയാകുന്നു. ബിസിനസ് സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിന് വേണ്ടി ഗവൺമെന്റുകൾ വൻ കമ്പനികളോടൊപ്പം നിൽക്കുകയാണ്. ഇത് വിലപേശൽ ശേഷി കുറയ്ക്കുന്നു. മറുവശത്ത് തൊഴിലില്ലായ്മയും വർദ്ധിക്കുകയാണ്. സംഘടിക്കാൻ ശ്രമിക്കുന്ന കരാർ തൊഴിലാളികൾ പിരിച്ചുവിടപ്പെടുന്നു.

ഗിഗ് സാമ്പത്തിക സേവനങ്ങൾ അടക്കമുള്ള ചില്ലറ വ്യാപാര മേഖലയുടെ വളർച്ച 77 ലക്ഷം പേരെ കരാർ തൊഴിലാളികളായും അസ്ഥിര തൊഴിലാളിക ളായും സ്വതന്ത്ര തൊഴിലാളികളായും നിയമിക്കുന്നു. ആമസോൺ, ഫ്ളിപ്കാർട്ട്, സ്വിഗ്ഗി, സൊമാറ്റോ, ഊബർ, ഇതുപോലുള്ള മറ്റു കമ്പനികളെല്ലാം ഇങ്ങനെ ചെയ്യുന്നുണ്ട്. ഇങ്ങനെ വളർന്നുവരുന്ന തൊഴിൽ സേനയ്ക്ക് നിർബന്ധിതമായി ബാധകമായതോ പ്രത്യേകമായതോ ആയ തൊഴിൽ നിയമങ്ങൾ നിലവിലില്ല. അവരെ ഏറ്റവും ഭീതിതമായ സാഹചര്യങ്ങളിലേക്കാണ് ഇത് തള്ളിവിടുന്നത്.

സ്ത്രീ തൊഴിലാളികൾ ഭൂരിപക്ഷമുള്ള സ്കീം തൊഴിലാളികളെ കൈകാര്യം ചെയ്യുന്ന കേന്ദ്ര ഗവൺമെന്റിന്റെ രീതി അവരുടെ തൊഴിലാളി വിരുദ്ധ നിലപാടുകൾ വ്യക്തമാക്കുന്നതാണ്. ലക്ഷക്കണക്കിന് സ്ത്രീകൾ സ്വന്തമായി വരുമാനമുണ്ടാക്കാൻ തുനിഞ്ഞിറങ്ങുന്നതിന്റെ ഭാഗമായാണ് അവർ അംഗൻവാടികൾ, പാചക തൊഴിലാളികൾ, ആശ മുതലായ സേവനത്തുറകളിലേക്ക് കടന്നുവരുന്നത്. ഈ സ്ത്രീകളെ നിർലജ്ജം ചൂഷണം ചെയ്യുകയും അവർക്ക് മിനിമം കൂലി, പെൻഷൻ മുതലായ മിനിമം അവകാശങ്ങൾ നിഷേധിക്കുകയുമാണ് കേന്ദ്ര ഗവൺമെന്റ് ചെയ്യുന്നത്. മോദി ഗവൺമെന്റ് തൊഴിലാളിവർഗ വിരുദ്ധതയുടെ മൂർധന്യത്തിലാണെന്നാണ് ഇത് തെളിയിക്കുന്നത്.

കോവിഡ് കാലഘട്ടത്തിൽ ഇന്ത്യയിലെ കുടിയേറ്റ തൊഴിലാളികളുടെ ദയനീയാവസ്ഥ ഉയർത്തിക്കാട്ടപ്പെട്ടു. അന്ന് 12 കോടി തൊഴിലാളികളെയാണ് ദാരുണമായ വിധത്തിൽ അത് ബാധിച്ചത്. എങ്കിലും ഇന്ത്യയിലെ കുടിയേറ്റ തൊഴിലാളികളെക്കുറിച്ച് വിശ്വാസയോഗ്യമായ സ്ഥിതിവിവരക്കണക്കുകൾ ഇപ്പോഴും ലഭ്യമല്ല. അവരുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട് എന്നാണ് ചില ഔദ്യോഗിക കണക്കുകൾ അവകാശപ്പെടുന്നത്. എന്നാൽ കാർഷിക കെടുതിയുടെ വ്യാപനവും കാർഷിക തൊഴിലാളികളുടെ കുറവും കുറഞ്ഞ കൂലിയും ഗ്രാമീണ ഇന്ത്യയിൽ മറ്റ് ബദൽ തൊഴിലുകൾ ലഭ്യമല്ലാത്തതു കൊണ്ടും ഹ്രസ്വകാലത്തേക്ക് നാട്ടിൽ നിന്ന് വന്നും പോയും തൊഴിൽ ചെയ്യുന്നവരും ദീർഘകാലത്തേക്ക് നാടുവിടുന്നുവരുമായി കുടിയേറ്റ തൊഴിലാളികളുടെ എണ്ണം വർദ്ധിക്കാനാണ് സാധ്യത. കോവിഡ് കാലത്ത് പലവിധ വാഗ്ദാനങ്ങളും നൽകിയെങ്കിലും കുടിയേറ്റക്കാരുടെ ദാരുണാവസ്ഥയിൽ ഒരു കുറവും ഉണ്ടായിട്ടില്ല. അവർ കരാറുകാരുടെ ആശ്രിതർ മാത്രമാണ്. അവർക്ക് ഉള്ള ഗവൺമെന്റ് പിന്തുണ വളരെ തുച്ഛമാണ്, അല്ലെങ്കിൽ തീരെ ഇല്ല എന്ന് തന്നെ പറയാം. സ്ത്രീ കുടിയേറ്റ തൊഴിലാളികളെയാണ് ഇത് ഏറ്റവും അധികം ബാധിച്ചിരിക്കുന്നത്.

അത്യാവശ്യ ഭക്ഷ്യവസ്തുക്കളുടെ തുടർച്ചയായ വിലക്കയറ്റം മൂലം കുടുംബ ബജറ്റുകൾ തകർക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. തൊഴിലെ ടുക്കുന്നവരുടെ താഴ്ന്ന വേതനം കാരണം അവ നേരത്തെ തന്നെ തീരെ കുറവായിരുന്നു. ഉപഭോക്തൃവില സൂചിക അനുസരിച്ചുള്ള പൊതുവില ക്കയറ്റം കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ 20% ആയിരുന്നെങ്കിൽ ഭക്ഷ്യവില 26% ആണ് വർദ്ധിച്ചത്. മിക്കവാറും ജനങ്ങൾ അവരുടെ വരുമാനത്തിന്റെ പകുതിയോളം ഭക്ഷണത്തിന് ചെലവാക്കുന്നവരാണ്. അതുകൊണ്ട് ഈ വിലക്കയറ്റം നിർദാക്ഷിണ്യം ജീവിത ചെലവ് വർദ്ധിപ്പിക്കുന്നു. മോദി ഗവൺമെന്റിന്റെ തീരുമാനങ്ങൾ മൂലം ഭക്ഷണം കൂടാതെ നിരവധി അത്യാവശ്യ വസ്തുക്കളുടെ വിലയും വർദ്ധിപ്പിച്ചിട്ടുണ്ട്. ഉദാഹരണത്തിന് വില നിയന്ത്രിക്കാൻ വേണ്ടി നിയോഗിക്കപ്പെട്ട ഗവൺമെന്റ് സംവിധാനം നിരവധി മരുന്നുകളുടെ വില വർദ്ധിപ്പിക്കാനുള്ള അനുവാദം നൽകിയിട്ടുണ്ട്. പല ഉൽപ്പന്നങ്ങളുടെയും വില ഗവൺമെന്റ് തന്നെ ഉയർത്തുന്നുണ്ട്. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലക്കയറ്റം. മോദി ഗവൺമെന്റ് ഈടാക്കുന്ന ഉയർന്ന എക്സൈസ് ഡ്യൂട്ടി കാരണമാണ് പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വിൽപ്പന വില ഉയർന്നുനിൽക്കുന്നത്. കഴിഞ്ഞ മാസങ്ങളിൽ ക്രൂഡോയിലിന്റെ അന്താരാഷ്ട്ര വില 18% കുറഞ്ഞപ്പോഴാണ് ഇത്. ഇന്ധനവില വർദ്ധന ഗതാഗത ചിലവിന്റെ വർദ്ധനയ്ക്ക് കാരണമായി. ഇത് മറ്റു പല കാര്യങ്ങൾക്കൊപ്പം ഭക്ഷണ പദാർത്ഥങ്ങളുടെ ഉയർന്ന വിലയ്ക്ക് ഇടയാക്കുകയും ജനങ്ങൾ ഈ ഭാരം മുഴുവൻ താങ്ങേണ്ടി വരികയും ചെയ്തു. പാചകവാതക സബ്സിഡി അതിനോടൊപ്പം അവസാനിപ്പിക്കപ്പെട്ടു. അതിന്റെ ഫലമായി പാചകവാതകത്തിന്റെ വിലയും വൻതോതിൽ വർദ്ധിച്ചു. ചുരുക്കത്തിൽ വിഭവങ്ങൾ സ്വന്തം ഖജനാവിലേക്കോ, വൻകിട ബിസിനസുകാർക്കോ, മൊത്തവ്യാപാരികൾക്കോ, കൈമാറുന്നതിനു വേണ്ടി വിലകൾ കൈകാര്യം ചെയ്യുന്ന ഗവൺമെന്റ് സാധാരണ ജനങ്ങളെ പിഴിഞ്ഞെടുക്കുകയാണ്.

കഴിഞ്ഞ ചില വർഷങ്ങളിലായി രാജ്യത്തെ തൊഴിൽ പ്രതിസന്ധി ബഹുമുഖമായ രീതിയിൽ വഷളായിരിക്കുകയാണ്.മഹാമാരിക്ക് ശേഷം വന്നതായി കൊട്ടിഘോഷിക്കപ്പെട്ട വീണ്ടെടുപ്പ് ഇതുവരെ യാഥാർത്ഥ്യമാ യിട്ടില്ല. തൊഴിലില്ലായ്മയുമായി ബന്ധപ്പെട്ട ഗവൺമെൻറ് കണക്കുകളിൽ 2023 24 പൊതുവിലുള്ള തൊഴിലില്ലായ്മയുടെ തോത് മൂന്ന് ശതമാനം മാത്രമാണ് എന്നാണ് കാണിക്കുന്നത്. എന്നാൽ മറ്റു വിലയിരുത്തലുകൾ ഉദാഹരണത്തിന് സിഎംഐഇയുടെ കണക്കുകൾ 2024 സെപ്റ്റംബറിൽ തൊഴിലില്ലായ്മ 8% ആണെന്ന് കണ്ടെത്തുന്നു. അതിനു മുമ്പുള്ള പല മാസങ്ങളിലും 6- 9% ആയിരുന്നതിനുശേഷമാണ് ഇത്. ഗവൺമെൻറ് തന്നെ രേഖപ്പെടുത്താൻ നിർബന്ധിക്കപ്പെടുന്നത് 15-29 വയസ്സിനിടയിലുള്ള യുവാക്കളിൽ പൊതു തൊഴിലില്ലായ്മ നിരക്ക് 10 ശതമാനത്തിൽ അധികമാണ് എന്നാണ്. നഗരങ്ങളിൽ ഈ തോത് 15 ശതമാനത്തിൽ അധികമാണ്. ഇന്നത്തെ സാഹചര്യത്തിന്റെ യഥാർത്ഥ ചിത്രം ഇത് പുറത്തു കൊണ്ടുവരുന്നില്ല. തൊഴിൽ ചെയ്യാൻ കഴിയുന്ന പ്രായത്തിൽ പെട്ടവർ കൂലി എത്ര കുറവാണെങ്കിലും, തൊഴിൽ സാഹചര്യം എത മോശമാണെങ്കിലും അത്തരം തൊഴിലുകൾ സ്വീകരിക്കുന്നത് അവരുടെ നിലനിൽപ്പിനായാണ്; ഇത്തരക്കാരെയും തൊഴിലുള്ളവർ’ ആയാണ് കണക്കാക്കുന്നത്. ഇത് മറച്ചുവെക്കപ്പെട്ട,വേഷം മാറിയ തൊഴിലില്ലായ്മ മാത്രമാണ്. കഴിഞ്ഞ വർഷങ്ങളിലെ ഗൗരവമുള്ള മറ്റൊരു പ്രവണതയ്ക്ക് മഹാമാരിക്ക് ശേഷം വേഗത വർദ്ധിച്ചിട്ടുണ്ട്. കൃഷി ചെയ്യുന്നവരുടെ എണ്ണത്തിൽ വന്ന വർദ്ധനയാണിത്. വ്യവസായ തൊഴിലുകൾ കുറയുകയാണ്. സ്ഥിരവും വരുമാനദായകവും സുരക്ഷിതവുമായ തൊഴിലുകൾ നൽകുന്നതിന് പകരം ഗവൺമെന്റ് നയങ്ങൾ മുൻപുണ്ടായിരുന്ന പ്രവണതകളെ കീഴ്മേൽ മറിക്കുകയാണ്. ഇപ്പോൾ തന്നെ വൻതോതിൽ ആശേഷിയുള്ള കുറഞ്ഞ വരുമാനവും സീസൺ അനുസരിച്ചുള്ള തൊഴിലും മാത്രമുള്ള കാർഷിക മേഖലയിലേക്ക് ജനങ്ങളെ തള്ളിവിടുകയാണ്. l

Hot this week

വയനാട് ടു അഹമ്മദാബാദ് – റീൽ പോലെ കറങ്ങിയ സൈക്കിൾ

കേരള രാജ്യാന്തര ഡോക്യുമെൻ്ററി - ഹ്രസ്വചിത്രമേളയിൽ ശ്രദ്ധേയമായി മാറിയ 'എ ബ്രീഫ്...

അതിനാൽ പൊരുതുക, പൊരുതിക്കൊണ്ടേയിരിക്കുക

ലോകത്തെ ചലച്ചിത്രമേളകളിൽ ശ്രദ്ധേയമായ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 17ാമത്...

ഡെന്മാർക്കിലെ ജനിതകപഠനം ഉയർത്തുന്ന നൈതികപ്രശ്നങ്ങൾ

ഡെന്മാർക്ക് സർക്കാരും ജനങ്ങളും അഭിമാനം കൊള്ളുന്ന ഒന്നാണ് അവരുടെ ഡാനിഷ് റെജിസ്റ്ററി...

കലയുടെ സൗന്ദര്യാനുഭവങ്ങൾ

കല ഏതുവിഭാഗമായാലും സാഹിത്യമായാലും സംഗീതമായാലും ചിത്രകലയായാലുമൊക്കെ അവയുടെ അന്തർധാരയായി വർത്തിക്കുന്നത്‌ ആശയവിനിമയമാണ്‌....

കെട്ടുകാഴ്ചയായി ചുരുങ്ങുന്ന കൂലി

സ്ഥിരം ശൈലി പടങ്ങളിൽനിന്ന്‌ തമിഴ്‌ സിനിമയ്‌ക്ക്‌ മാറ്റമുണ്ടായത്‌ പുതു തലമുറ സംവിധായകരിലൂടെയാണ്‌....

Topics

വയനാട് ടു അഹമ്മദാബാദ് – റീൽ പോലെ കറങ്ങിയ സൈക്കിൾ

കേരള രാജ്യാന്തര ഡോക്യുമെൻ്ററി - ഹ്രസ്വചിത്രമേളയിൽ ശ്രദ്ധേയമായി മാറിയ 'എ ബ്രീഫ്...

അതിനാൽ പൊരുതുക, പൊരുതിക്കൊണ്ടേയിരിക്കുക

ലോകത്തെ ചലച്ചിത്രമേളകളിൽ ശ്രദ്ധേയമായ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 17ാമത്...

ഡെന്മാർക്കിലെ ജനിതകപഠനം ഉയർത്തുന്ന നൈതികപ്രശ്നങ്ങൾ

ഡെന്മാർക്ക് സർക്കാരും ജനങ്ങളും അഭിമാനം കൊള്ളുന്ന ഒന്നാണ് അവരുടെ ഡാനിഷ് റെജിസ്റ്ററി...

കലയുടെ സൗന്ദര്യാനുഭവങ്ങൾ

കല ഏതുവിഭാഗമായാലും സാഹിത്യമായാലും സംഗീതമായാലും ചിത്രകലയായാലുമൊക്കെ അവയുടെ അന്തർധാരയായി വർത്തിക്കുന്നത്‌ ആശയവിനിമയമാണ്‌....

കെട്ടുകാഴ്ചയായി ചുരുങ്ങുന്ന കൂലി

സ്ഥിരം ശൈലി പടങ്ങളിൽനിന്ന്‌ തമിഴ്‌ സിനിമയ്‌ക്ക്‌ മാറ്റമുണ്ടായത്‌ പുതു തലമുറ സംവിധായകരിലൂടെയാണ്‌....

അതിജീവനത്തിന്റെ വിജയഗാഥ : മഞ്ജുനാഥ് മഞ്ചമ്മയായി മാറിയ കഥ

കർണാടകയിലെ ബെല്ലാരി ജില്ലയിൽ മഞ്ജുനാഥ ഷെട്ടിയായി ജനിച്ച്, പിന്നീട് പതിനാറാം വയസ്സിൽ...

ബദൽ

ഇന്ത്യയിൽ അധികാരത്തിൽ ഇരിക്കുന്ന ബിജെപി ഗവൺമെന്റ് നവ ഫാസിസ്റ്റ് പ്രവണതകൾ പ്രകടിപ്പിക്കുന്നു...

തൊഴിൽ ഉറപ്പിക്കാൻ ആലപ്പുഴ വഴി

2024 ഒക്ടോബറിൽ ഡോ. ടി എം തോമസ് ഐസക് വിളിച്ചു ചേർത്ത...
spot_img

Related Articles

Popular Categories

spot_imgspot_img