അപരത്വം

നവലിബറൽ സാമ്പത്തിക നയങ്ങൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ വരുത്തിയ മാറ്റങ്ങളും പ്രതിസന്ധികളും ഒക്കെയാണ് മുമ്പത്തെ അധ്യായത്തിൽ പാർട്ടി കോൺഗ്രസ് രാഷ്ട്രീയ പ്രമേയത്തിൽ നിന്നുള്ള ഉദ്ധരണികളിലൂടെ നാം പരിശോധിച്ചത്. ഈ കാലഘട്ടത്തിൽ അത് തൊഴിലാളിവർഗ്ഗത്തിന്റെ അവകാശങ്ങൾ വൻതോതിൽ വെട്ടിക്കുറച്ചു; വൻകിട കുത്തകകൾക്ക് നികുതിയിളവുകൾ നൽകുകയും അവരെ കടബാധ്യതയിൽ നിന്ന് ഒഴിവാക്കി കൊടുക്കുകയും ചെയ്തു; ബജറ്റുകളിൽ കമ്മി വെട്ടിക്കുറയ്ക്കുക വഴി സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ ഇല്ലാതാക്കി; ബഹുദേശീയ വിപണന ശൃംഖലകൾക്കു വേണ്ടി ഇറക്കുമതി ഉദാരവൽക്കരിക്കുകയും പ്രാദേശിക ചെറുകിട ഉത്പാദനത്തെ തകർക്കുകയും ചെയ്തു. പൊതുമേഖലയെ നിസ്സാരവിലയ്ക്ക് സ്വകാര്യ കുത്തകകൾക്ക് വിറ്റഴിച്ചു. ഇതിന്റെയൊക്കെ ഭാഗമായി വിലക്കയറ്റം വർദ്ധിക്കുകയും സ്വാഭാവികമായും ദാരിദ്ര്യവും തൊഴിലില്ലായ്‌മയും വർദ്ധിക്കുകയും ചെയ്തു. ചെറുകിട കർഷകർ കുത്തുപാള എടുക്കേണ്ടി വന്നു. വളരെയധികം പേർ ആത്മഹത്യ ചെയ്തു.
നവലിബറൽ നയങ്ങൾ നടപ്പിലാക്കാൻ തുടങ്ങിയപ്പോൾ അവകാശപ്പെട്ടിരുന്നത് സമ്പത്ത് ദരിദ്ര ജനവിഭാഗങ്ങൾക്കിടയിലേക്ക് വ്യാപകമായ തോതിൽ കിനിഞ്ഞിറങ്ങും എന്നായിരുന്നു. ഒരു പുത്തൻ മധ്യവർഗ്ഗം ഉയർന്നുവന്നതല്ലാതെ സാധാരണ ജനതയുടെ കാര്യത്തിൽ മാറ്റമൊന്നും സംഭവിച്ചില്ല. കർഷകത്തൊഴിലാളികളും ദരിദ്ര കർഷകരും ഒക്കെ കുടിയേറ്റ തൊഴിലാളികളായി മാറി. ഭൂരഹിതരുടെയും ഭവനരഹിതരുടെയും എണ്ണം വർദ്ധിച്ചു. ഇതൊക്കെ നവലിബറൽ നയങ്ങളുടെ വിശ്വാസ്യത തകർത്തു. ജനം ഭരണവർഗത്തിനെതിരായി തിരിയാതിരിക്കണമെങ്കിൽ പുതിയ മുഖംമൂടികൾ ആവശ്യമാണെന്ന സ്ഥിതി വന്നു. അങ്ങനെയാണ് നവഫാസിസം അവതരിപ്പിക്കപ്പെട്ടത്.
ലോകമെമ്പാടും മൂലധനത്തിന്റെ സ്വതന്ത്രമായ ചലനം ഉറപ്പാക്കുന്ന തലതിരിഞ്ഞ ഭരണക്രമം ഇതിനാൽ സ്ഥാപിതമായിരിക്കുന്നു. അന്തർദേശീയമായി നിലനിന്നിരുന്ന അതിർവരമ്പുകളെയെല്ലാം ലംഘിച്ചു കൊണ്ട് അതിന് ഇന്ന് യാതൊരു പ്രയാസവുമില്ലാതെ ലോകമെമ്പാടും സഞ്ചരിക്കാൻ കഴിയുന്നു. മറുവശത്ത് ജനാധിപത്യത്തിന് അതിർവരമ്പുകൾ നിശ്ചയിച്ചുകൊണ്ടും വരുമാന അസമത്വം വർദ്ധിപ്പിച്ചുകൊണ്ടും സാധാരണ ജനങ്ങളുടെ സ്വതന്ത്രമായ നീക്കങ്ങളെ വൻതോതിൽ നിയന്ത്രിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. മാത്രവുമല്ല ഏഷ്യൻ രാജ്യങ്ങളിൽ മുമ്പത്തെ ഗവൺമെന്റിനാൽ നിയന്ത്രിക്കപ്പെട്ടിരുന്ന മുതലാളിത്ത വ്യവസ്ഥയെക്കാൾ ത്വരിതഗതിയിൽ സാമ്പത്തിക വളർച്ച നേടിയെടുക്കാൻ കഴിയുകയും ചെയ്തിട്ടുണ്ട്. എന്നാൽ അത്തരം വളർച്ചകൊണ്ട് ഭൂരിഭാഗം വരുന്ന ജനങ്ങൾക്കും കാര്യമായ നേട്ടം ഒന്നും ഉണ്ടായിട്ടുമില്ല. അത് വരുമാന അസമത്വം വർദ്ധിപ്പിക്കുകയാണ് പൊതുവിൽ ചെയ്തുകൊണ്ടിരിക്കുന്നത്. ഇത് ജനങ്ങൾക്കിടയിൽ ശക്തമായ എതിർപ്പ് ഉണ്ടാക്കുന്നുണ്ട്. എന്നാൽ ഈ എതിർപ്പിന് മറികടക്കാൻ വളരെ ശക്തമായ ഒരു മറുപടി പറയുകയാണ് നവലിബറലുകൾ ചെയ്തുകൊണ്ടിരിക്കുന്നത്. ത്വരിതഗതിയിലുള്ള വളർച്ച നേടിയെടുക്കുന്നതിന് നൽകേണ്ടി വരുന്ന വിലയായി അതിനെ കണ്ടാൽ മതി എന്നാണ് അവരുടെ പ്രതികരണം. നവലിബറൽ നയങ്ങൾക്ക് എല്ലാവരുടെ ജീവിതത്തിലും നല്ല മാറ്റം ഉണ്ടാക്കാൻ കഴിയും. എന്നാൽ ചിലർക്ക് അത് വേഗത്തിൽ ലഭ്യമാകുന്നുവെന്ന് കണക്കാക്കിയാൽ മതി എന്നാണ് അവരുടെ വാദം.
ഇത് ശരിയല്ല എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഇന്ത്യ. ഇന്ത്യയിൽ സർവതലസ്പർശിയായ വളർച്ച ഇതേവരെ സംഭവിച്ചിട്ടില്ല. അസമത്വം വൻതോതിൽ വർദ്ധിച്ചു; ദാരിദ്ര്യം തീവ്രതരമായി; ചെറുകിട കൃഷിക്കാർക്ക് കൃഷിചെയ്ത് ജീവിക്കാനാവില്ല എന്ന അവസ്ഥ വന്നുചേർന്നു. 1982 ലെ കണക്കനുസരിച്ച്, അതായത് നവലിബറൽ നയങ്ങൾ നടപ്പിലാക്കുന്നതിന് മുമ്പത്തെ കണക്കനുസരിച്ച്, ഏറ്റവും അധികം വരുമാനമുള്ള ഒരു ശതമാനം ആളുകളുടെ പക്കൽ ഉണ്ടായിരുന്ന സ്വത്ത് ദേശീയ വരുമാനത്തിന്റെ ആറു ശതമാനം മാത്രമായിരുന്നു. എന്നാൽ 2014 ആകുമ്പോഴേക്കും അത് 22% ആയി വർധിച്ചു. ഒരു നൂറ്റാണ്ടിനിടയിലെ റെക്കോർഡ് വളർച്ചയായിരുന്നു അവർക്കുണ്ടായത്. ദാരിദ്ര്യം വൻതോതിൽ വർദ്ധിച്ചു. 2200 കലോറി ഭക്ഷണം ലഭിക്കുന്നവർ ദരിദ്രരല്ല എന്ന് കണക്കാക്കിയാൽ 1993‐-94ൽ 58 ശതമാനമായിരുന്നു ഇന്ത്യയിൽ ദരിദ്രർ എങ്കിൽ 2011-‐12 ൽ അത് 68% ആയി വർദ്ധിച്ചു. നഗരപ്രദേശങ്ങളിലും സമാനമായ വളർച്ചയാണ് ഉണ്ടായത്. അവിടെ 2100 കലോറി ആണ് കണക്ക്. ദരിദ്രരുടെ ശതമാനം 57ൽ നിന്ന് 65 ആയി വർദ്ധിച്ചു.
ചൈനയിൽ പട്ടിണി കുറഞ്ഞതിനു കാരണം നവലിബറൽ നയങ്ങളാണെന്ന് വരെ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്തായാലും ഒരു പുതിയ മധ്യവർഗം വളർന്നുവന്നു എന്നത് നിഷേധിക്കാനാവില്ല. തൊഴിലാളിവർഗ്ഗത്തിന്റെ ഉൽപാദനക്ഷമത വർദ്ധനവായിരുന്നു അതിന്റെ പ്രധാന കാരണം എന്നത് മറച്ചുവെക്കപ്പെട്ടു. വികസനം കിനിഞ്ഞിറങ്ങും എന്ന പ്രതീക്ഷ നിലനിർത്തുന്നതിന് ബൂർഷ്വാ മാധ്യമങ്ങൾ വൻതോതിൽ ഉപയോഗിക്കപ്പെട്ടു.
എന്നാൽ 2008ലെ സാമ്പത്തിക പ്രതിസന്ധി ശക്തിപ്പെടുകയും അമേരിക്കയിൽ ഉയർത്തിക്കൊണ്ടുവന്ന ഹൗസിംഗ് ബബിൾസ് തകരുകയും ലോക സാമ്പത്തിക രംഗത്തു തന്നെ പ്രതിസന്ധിയും മാന്ദ്യവും ഉയർന്നുവരികയും ചെയ്തതോടെ നവലിബറലിസത്തെ കുറിച്ചുള്ള ജനങ്ങളുടെ പ്രതീക്ഷകൾ അസ്തമിക്കാൻ തുടങ്ങി. സമ്പത്ത് കിനിഞ്ഞിറങ്ങും എന്ന പ്രതീക്ഷയുടെ വിശ്വാസ്യത നഷ്ടപ്പെടുകയും നവ ലിബറലിസത്തിന് നിലനിൽക്കണമെങ്കിൽ പുതിയ സാധ്യതകൾ അന്വേഷിക്കേണ്ടതുണ്ടെന്ന് ബോധ്യപ്പെടുകയും ചെയ്തു. അങ്ങനെയാണ് ലോകവ്യാപകമായി നിലനിൽക്കുന്ന ഉദ്ഗ്രഥിക്കപ്പെട്ട കോർപ്പറേറ്റ് മൂലധന ശക്തികളും ദേശരാഷ്ട്രങ്ങളിൽ നിലനിന്നിരുന്ന നവഫാസിസ്റ്റ് ഘടകങ്ങളും തമ്മിൽ ഐക്യപ്പെടാൻ തുടങ്ങിയത്. ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ് തന്നെ വർഗീയ കോർപ്പറേറ്റ് ശക്തികളുടെ അവിശുദ്ധസഖ്യത്തെ കുറിച്ച് എടുത്തുപറഞ്ഞിരുന്നു.
ഇന്ത്യയിൽ നരേന്ദ്രമോദി, ബ്രസീലിൽ ബോൾസനാരോ, തുടങ്ങി അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് വരെ ഭരണാധികാരികളായി ഉയർന്നുവന്നത് ഇക്കാലത്താണ്. മിക്കവാറും എല്ലാ ആധുനിക മുതലാളിത്ത സമൂഹങ്ങളിലും നവഫാസിസത്തിന്റെ വ്യത്യസ്തങ്ങളായ പ്രവണതകൾ നിലവിലുണ്ട്. എന്നാൽ അവ പലതും ആലങ്കാരിക ഘടകങ്ങളെ പോലെയാണ് നിലനിൽക്കുന്നത്. കോർപ്പറേറ്റ് മൂലധന ശക്തികളെ പിന്തുണയ്ക്കുന്നതിന് വേണ്ടി പ്രതിസന്ധിഘട്ടങ്ങളിൽ അവ നിർണായക സ്ഥാനത്ത് വരും. എന്നിട്ട് ധനകാര്യ സ്രോതസ്സുകളുമായി അഭിഗമ്യത സൃഷ്ടിക്കുകയും കോർപ്പറേറ്റ് മാധ്യമങ്ങളെയും മറ്റു മാധ്യമങ്ങളെയുമൊക്കെ ഉപയോഗപ്പെടുത്തിക്കൊണ്ട് നവലിബറൽ നയങ്ങൾക്ക് അനുകൂലമായ അഭിപ്രായ രൂപീകരണം നടത്തുകയും ചെയ്യും.
നവഫാസിസത്തിന്റെ സവിശേഷമായ അടവുകളിൽ ഒന്ന് അവയുടെ ക്ലാസിക് മുൻഗാമികളെപ്പോലെ “അപരത്വത്തെ സൃഷ്ടിക്കലും അതിനെ പൈശാചികവൽക്കരിക്കലുമാണ്. ഇന്ത്യയിൽ ഇത്തരത്തിൽ അപരവൽക്കരിക്കപ്പെടുന്നതിൽ ഒന്നാമതായി നിൽക്കുന്നത് മുസ്ലീങ്ങൾ തന്നെയാണ്. അമേരിക്കയിലും ബ്രസീലിലും ഒക്കെ അത് വംശീയവും ലൈംഗികവുമായ ന്യൂനപക്ഷങ്ങളും കുടിയേറ്റക്കാരുമാണ്. ഇത് രാജ്യത്തിന്റെ സവിശേഷതകൾക്കനുസരിച്ച് മാറിക്കൊണ്ടിരിക്കും. ഇത്തരത്തിലുള്ള അപരവത്കരണവും അവരിൽ ദോഷാരോപണങ്ങൾ നടത്തലും വൈവിധ്യപൂർണ്ണമായ രൂപത്തിലായിരിക്കും നടപ്പിലാക്കപ്പെടുന്നത്. രാജ്യത്ത് നിലനിൽക്കുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് സൂചന നൽകാൻ പോലും അവർ തയ്യാറാവില്ല. ഭൂരിപക്ഷവിഭാഗത്തിന്റെ സ്വാഭിമാനം തിരിച്ചുപിടിക്കുന്നതിലാവും ഊന്നൽ നൽകുന്നത്. അവരുടെ സ്വാഭിമാനം നഷ്ടപ്പെടുന്നതിന് കാരണം ഭൂതകാലത്ത് ഈ ന്യൂനപക്ഷക്കാർ നടത്തിയ ഇടപെടലുകളാണെന്ന ആരോപണമാണ് അവരുന്നയിക്കുക. അല്ലെങ്കിൽ ഭൂരിപക്ഷ സമുദായത്തിന്റെ സ്വാഭിമാനം നഷ്ടപ്പെടുത്തുന്ന വിധത്തിൽ അവരെ സാമ്പത്തികമായി ദുരിതത്തിലാഴ്ത്തിയത് ന്യൂനപക്ഷമാണെന്ന ആരോപണമാവും അവർ ഉന്നയിക്കുക. ഇക്കാര്യത്തിൽ ന്യൂനപക്ഷപ്രീണനം നടത്തുന്ന സമീപനമാണ് ഫാസിസ്റ്റ് ഇതര ഭരണകൂടങ്ങൾ ചെയ്തുവന്നിരുന്നത് എന്ന് ആരോപിക്കാനും അവർ തയ്യാറാവും.
ക്ലാസിക്കൽ ഫാസിസത്തിലേതു പോലെ തന്നെ അപരനെ ആക്രമിക്കുന്നതിന് മുൻകൈയെടുക്കുക മാത്രമല്ല, അവരെ വിമർശിക്കുന്നവരെയെല്ലാം ദേശവിരുദ്ധരായി പ്രഖ്യാപിക്കുകയും അവർക്കെതിരായി ആക്രമണങ്ങൾ കെട്ടഴിച്ചുവിടുകയും ചെയ്യും. അവരാണ് ഭരണത്തിലെങ്കിൽ ഭരണകക്ഷിയുടെ നയങ്ങളെ എതിർക്കുന്നവരെല്ലാം രാജ്യത്തെ വഞ്ചിക്കുന്നവരും ഒറ്റുകാരും ആണെന്ന് വരെ അവർ പ്രചരിപ്പിക്കും. പ്രതിപക്ഷ പാർട്ടികൾ എല്ലാതരത്തിലുമുള്ള ദുഷ്ടപ്രവൃത്തികളും ചെയ്യുന്നവരായി ആരോപിക്കപ്പെടും. ബ്രസീലിൽ ലുലക്കെതിരായി ഇതാണ് നടന്നത്. അവർ സമൂഹത്തിലാകെ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കും; അതിനായി വിചാരണ കൂടാതെ ആളുകളെ ജയിലിലടയ്ക്കും. നീതിന്യായ സംവിധാനത്തിനെ സ്വപക്ഷത്തിന്റെ വാക്താക്കളാക്കി മാറ്റുന്നതിനുള്ള എല്ലാ ശ്രമങ്ങളും നടത്തും. ഭരണഘടനാപരമായി പൗരന്മാർക്ക് ലഭ്യമായിട്ടുള്ള അവകാശങ്ങൾ റദ്ദാക്കും. അവർ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുന്ന ഇടങ്ങളിൽ ജയം നേടുന്ന പാർട്ടി നേതാക്കളെ ഭയപ്പെടുത്തി നവ ഫാസിസ്റ്റ് പാർട്ടിയിലേക്ക് കാലുമാറ്റം നടത്തുന്നതിന് ശ്രമിക്കും. എതിരാളികളെ ആക്രമിക്കുന്നതിന് തെരുവുകളിൽ ഗുണ്ടാസംഘങ്ങളെ ഉപയോഗിക്കും. സാമൂഹ്യമാധ്യമങ്ങൾ ഉപയോഗിച്ച് എതിരാളികൾക്കെതിരായി വൻതോതിൽ കള്ളപ്രചാരണം നടത്തും. എതിരഭിപ്രായം പറയുന്നവർക്കെതിരായി വ്യാജമായ കുറ്റാരോപണങ്ങൾ ചമയ്ക്കും. ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വതന്ത്രമായ നിലനിൽപ്പിനെ തന്നെ ഇല്ലാതാക്കും. ഇതിനെയെല്ലാം അനുസരണയോടെയും വഴക്കത്തോടെയും പിന്തുണയ്ക്കുന്ന ഒരു നവമാധ്യമവിഭാഗത്തിനെ പണം കൊടുത്തും അല്ലാതെയുമൊക്കെ വളർത്തിയെടുക്കുകയും നിരന്തരമായി ഉപയോഗപ്പെടുത്തുകയും ചെയ്യും. ഇതിലൂടെയൊക്കെ ദശകങ്ങളായി തൊഴിലാളിവർഗ്ഗം പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങൾ അവരിൽ നിന്ന് കവർന്നെടുക്കുന്നതിന് കോർപ്പറേറ്റുകളെ സഹായിക്കും. l