ഇമിഗ്രേഷൻ കൗണ്ടറിലെ ക്യാമറയിൽ ഞാൻ നിസ്സഹായനായി നോക്കി നിന്നു. എന്റെ കൂടെവന്നവരെല്ലാം അടുത്ത കൗണ്ടറുകൾ വഴി പുറത്തുകടന്നു. സ്വാഭാവികമായി ഗ്ലാസ് ബോക്സിനുള്ളിലിരിക്കുന്ന മുപ്പത്തിയഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന റഷ്യൻ യുവതിയുടെ സൗന്ദര്യം ഞാൻ ആസ്വദിക്കേണ്ടതാണ്. പക്ഷേ പാസ്പോർട്ട് പിടിച്ചുകൊണ്ട് എന്റെ മുഖത്തേക്കുള്ള അവരുടെ തുറിച്ചുനോട്ടം എന്റെ നെഞ്ചിടിപ്പ് വർദ്ധിപ്പിച്ചു. അവരുടെ കയ്യിലിരുന്ന് കറങ്ങിയ സീൽ മാറ്റിവച്ചുകൊണ്ട് എന്റെ പാസ്സ്പോർട്ടുമായി അവർ ക്യാബിന് വെളിയിലേക്ക് വന്നു. Still need to check you for verification. come in എന്നാജ്ഞാപിച്ചുകൊണ്ട് അവർ അകത്തേക്ക് പോയി. മോസ്കോയിലെ ഡോമോഡിഡോവോ എയർപോർട്ടിൽ നിസ്സഹായനായി ഞാൻ അവരെ പിൻതുടർന്നു. ഞാൻ നോക്കിയപ്പോൾ അടുത്ത ക്യാബിനിൽ നിന്നും പുറത്തേക്കു വന്ന ഉദ്യോഗസ്ഥന്റെ കൂടെ എന്റെ സഹയാത്രികനായ ജിജി കലാമന്ദിറും ഉണ്ടായിരുന്നു. ഭാഗ്യം ഒറ്റയ്ക്കായില്ലല്ലോ.
റഷ്യയിൽ മോസ്കോയിൽ നിന്നും 600 കി.മി. അകലെയായി കിടക്കുന്ന തിരക്കുകൾ ഒഴിഞ്ഞ വലിയ പട്ടണമാണ് വെലിക്കി നോവ്ഗൊരോദ്. വെലിക്കി എന്നാൽ മഹത്തരം (Great) എന്നാണ് അർത്ഥം. അവിടത്തെ ഇരുപത്തി എട്ടാം ദസ്‌തെയെവ്സ്കി അന്താരാഷ്ട്ര നാടകോത്സവത്തിൽ നാടകം അവതരിപ്പിക്കാനുള്ള അവസരം കിട്ടി. കഴിഞ്ഞ വർഷവും റഷ്യൻ കോൺസലായ രതീഷ് സി. നായരുടെ നേതൃത്വത്തിൽ തിരുവനന്തപുരം റഷ്യൻ ഹൗസിന്റെ ചെക്കോവ് ഡ്രാമ ക്ലബ്ബ് ഒരുക്കിയ ദസ്‌തെയെവ്സ്കിയുടെ ‘വെളുത്ത രാത്രികൾ’ (White Nights) നാടകം അവിടെ അവതരിപ്പിച്ചിരുന്നു. കേരള സർവകലാശാലയുടെ പെർഫോമിങ് ആർട്സ് വിഭാഗം മുൻ ഡയറക്റ്ററായിരുന്ന ഡോ.രാജവാര്യരായിരുന്നു സംവിധാനം നിർവഹിച്ചത്. അതിന്റെ വിജയത്തെത്തുടർന്നാണ് ഈ വർഷവും വീണ്ടും അവസരം ലഭിച്ചത്. ഈ വർഷം തിരഞ്ഞെടുത്ത നാടകം ആന്റൺ ചെക്കോവിന്റെ വിവാഹാലോചന (The Proposal) എന്ന നാടകമാണ്. ഇരുപത്തഞ്ചോളം രാജ്യങ്ങൾ പങ്കെടുക്കുന്ന നാടകോത്സവത്തിൽ ഇന്ത്യയിൽ നിന്നും ഞങ്ങളുടെ നാടകം തുടർച്ചയായി രണ്ടാം വട്ടവും തിരഞ്ഞെടുക്കപ്പെട്ടു. അതിന്റെ അഭിമാനത്തിലായിരുന്നു ഏഴുപേരടങ്ങിയ ഞങ്ങളുടെ സംഘം യാത്രയാരംഭിച്ചത്. നാടക സംവിധായകൻ ഡോ. രാജവാര്യർ, അഭിനേതാക്കളായി പ്രവീൺകുമാർ, അരുന്ധതി, പിന്നെ എഴുത്തുകാരനും. സാങ്കേതികവിഭാഗത്തിൽ കണ്ണൻ നായർ, ഡോ.ആരോമൽ റ്റി., ജിജി കലാമന്ദിർ എന്നിവരുണ്ടായിരുന്നു. തിരുവനന്തപുരത്തു നിന്ന് ബഹിറിൻ വഴിയുള്ള മോസ്കോ ഫ്ലൈറ്റാണ് കിട്ടിയത്. ഒക്ടോബർ 30ന് രാത്രി പുറപ്പെട്ട് ലേ ഓവർ ടൈം ഒക്കെ കഴിഞ്ഞ് 31ന് വൈകുന്നേരം 4 മണിക്കാണ് മോസ്കോയിലേക്ക് എത്തിയത്. സാധാരണ താടി വളർത്തി നടക്കുന്ന ഞാൻ പ്രൊപ്പോസൽ നാടകത്തിന്റെ ക്യാരക്റ്റർ മേക്കോവറിന്റെ ഭാഗമായി വലിയ കൃതാവ് വളർത്തുകയും താടിയും മീശയും ഷേവ് ചെയ്യുകയും ചെയ്തിരുന്നു. പാസ്സ്പോർട്ടിലെ രൂപമല്ലാത്തതിനാലാണ് എന്റെ ഇമ്മിേഗ്രേഷൻ നടപടികൾ പൂർത്തിയാക്കാതെ വീണ്ടും പരിശോധനയ്ക്കായി അവരെന്നെ അകത്തേക്ക് കൊണ്ടുപോയത്. മൂന്നുതരത്തിലുള്ള സ്പെഷ്യൽ ചെക്കിങ്ങിലൂടെ ഞങ്ങൾക്ക് കടന്നുപോകേണ്ടി വന്നു. ഇടുങ്ങിയ മുറിയിൽ കൊണ്ടുപോയി ക്യാമറയിൽ ഫിൽറ്ററുകളുടെ സഹായത്തോടെ താടിയും മീശയും വച്ച് പാസ്സ്പോർട്ടിലെ രൂപവുമായി അവർ ഒത്തുനോക്കി. എന്നിട്ടും തൃപ്തിവരാതെ എന്റെ എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഓപ്പൺ ചെയ്യുകയും അതിലെ ഡിപി ചിത്രങ്ങൾ പരിശോധിക്കാനും തുടങ്ങി. എന്റെ ഭാഗ്യദോഷത്തിന് നെറ്റ് ഇല്ലാത്തത്തിനാൽ ഒരു ഡി പി ചിത്രവും ലോഡ് ആയില്ല. നാടകത്തിനായി റഷ്യൻ സർക്കാരിന്റെ അതിഥിയായി എത്തിയതാണെന്നും പാസ്‌പോർട്ടിൽ കഴിഞ്ഞതവണ അടിച്ച വിസ ഉണ്ടെന്നൊക്കെ പറഞ്ഞെങ്കിലും അതൊന്നും അവർക്ക് സ്വീകര്യമായില്ല. മൊബൈൽ ഗാലറിയിലെ ചിത്രങ്ങൾ കാണിക്കാമെന്ന് പറഞ്ഞപ്പോൾ റഷ്യനിൽ എന്തോ പറഞ്ഞിട്ട് സെക്യൂരിറ്റി പുറത്തുനിൽക്കാൻ പറഞ്ഞു. പുറത്ത് എന്നെപ്പോലെ കാത്തുനിൽക്കുന്ന അസർബൈജൻ, ബെലറസ് രാജ്യക്കാരുടെ പേരുകൾ കണ്ടപ്പോൾ മനസിലായി എന്റെ മുസ്ലിം പേരാണ് രൂപമാറ്റത്തോടൊപ്പം കൂടുതലായി എന്നെ കുടുക്കിയതെന്ന്. എന്നാൽ ജിജി കലാമന്ദിർ ഞാനെന്തുപിഴച്ചു എന്ന ഭാവത്തിൽ എന്നെനോക്കിയപ്പോൾ ആ വിഷമഘട്ടത്തിലും ഞങ്ങൾക്ക് പരസ്പരം ചിരിക്കാതിരിക്കാനായില്ല. കഴിഞ്ഞ വർഷം നാടകത്തിന്റെ കോസ്റ്റ്യൂം അടങ്ങിയ സുഹൃത്ത് കണ്ണൻ നായരുടെ ബാഗ് കൺവെയർ ബെൽറ്റിലൂടെ എത്താത്തതിനെ തുടർന്ന് രണ്ട് മണിക്കൂർ വിഷമിച്ചെങ്കിൽ ഈ പ്രാവശ്യം രൂപമാറ്റവും പേരും കാരണം രണ്ട് മണിക്കൂർ പോയിക്കിട്ടി.
മോസ്കോയിൽനിന്നും പുരാതനനഗരമായ നോവ്ഗൊരോദിലേക്ക് അറുനൂറ് കി.മി. ദൂരമുണ്ട്. റഷ്യൻ സർക്കാരിന്റെ അതിഥികളായി എത്തിയതുകൊണ്ട് സ്വീകരിക്കാൻ സംഘാടകർ പുറത്ത് തയ്യാറായി നിൽപുണ്ടായിരുന്നു. ഏഴുമണിക്കൂറാണ് അവിടെനിന്നുള്ള യാത്ര. സീറോ ഡിഗ്രി തണുപ്പായതിനാൽ ഞങ്ങൾ ജാക്കറ്റും ഗ്ലൗസുമൊക്കെ അണിഞ്ഞ് അവരുടെ വണ്ടിയിലേക്ക് കയറി. തിരക്കുള്ള റോഡുകൾ കഴിഞ്ഞ് മോസ്കോയേയും സെന്റ് പീറ്റേഴ്സ്ബർഗ് നഗരത്തെയും ബന്ധിപ്പിക്കുന്ന എം 10 ഹൈവേയിലൂടെ ഞങ്ങളുടെ വാഹനം കുതിച്ചു പായാൻ തുടങ്ങി. ആറു മണിയാണെങ്കിലും ചുറ്റിലും എട്ടുമണിയുടെ പ്രതീതിയായിരുന്നു. ബെർച്ച് മരത്തോപ്പുകളും പൈൻ മരങ്ങളും റോഡിന് ഇരുവശവും ധാരാളമായി കാണാം. ശരത്കാലം അവസാനിച്ച് ശൈത്യകാലത്തിന്റെ തുടക്കമായതിനാൽ മരങ്ങളുടെ ഇലയെല്ലാം മഞ്ഞനിറമായിരുന്നു.
റഷ്യയിലെ ഏറ്റവും പഴക്കമേറിയ നഗരങ്ങളിലൊന്നാണ് വോൾഖോയ് നദിക്കരയിൽ സ്ഥിതി ചെയ്യുന്ന നോവ് ഗൊരോദ്. 1992ൽ യുണെസ്കോ പൈതൃകനഗരമായി സ്ഥിതീകരിച്ച നോവ്ഗൊരോദ് മോസ്കോയുടെ തിരക്കുകൾ ഇല്ലാത്ത, സമാധാനപ്രിയരായ ജനങ്ങളുടെ പട്ടണമാണ്. രാത്രി രണ്ടുമണിയോടെ ഹോട്ടലിൽ എത്തി നടുനിവർത്താൻ കഴിഞ്ഞെങ്കിലും സീറോ ഡിഗ്രി തണുപ്പിൽ മൂടി പുതച്ചുറങ്ങാൻ മനസ്സ് അനുവദിച്ചില്ല. അടുത്ത ദിവസം ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കാണ് ഷോ. രാവിലെ ആറു മണിക്ക് നാടകത്തിന്റെ ക്രമീകരണങ്ങൾക്കായി തിയേറ്ററിൽ എത്തേണ്ടതുണ്ട്.
ഗ്രീഷ്മകാലത്തും ശൈത്യകാലത്തും ഈ രാജ്യം കണ്ടാൽ രണ്ടു രാജ്യങ്ങളാണെന്നേ തോന്നുകയുള്ളു. വസ്ത്രധാരണം മുതൽ ഉപയോഗിക്കുന്ന വാഹനങ്ങൾ തുടങ്ങി എല്ലാം വ്യത്യസ്തമാണ്. റഷ്യക്കാർക്ക് പ്രഭാത ഭക്ഷണം ഏറെ പ്രധാനമാണ്. സൂപ്പിൽ തുടങ്ങി പലതരം വേവിച്ചതും ആവിയിൽ പുഴുങ്ങിയതുമായ മസാലകൾ ചേർക്കാത്ത വ്യത്യസ്തയിനം മാംസങ്ങളിലൂടെ കടന്ന് വിവിധ ബണ്ണുകളും ഫ്രൂട്ട്സുകളും ജ്യൂസുകളിലും അവസാനിക്കുന്ന പ്രഭാത ഭക്ഷണം. ഷോയുടെ അങ്കലാപ്പിൽ ഞങ്ങൾ കിട്ടിയതൊക്കെ ഓർഡർ തെറ്റിച്ച് വാരിവലിച്ചു കഴിച്ചപ്പോൾ ചുറ്റുമുള്ള റഷ്യക്കാർ വളരെ സമയമെടുത്ത് ആസ്വദിച്ചാണ് കഴിക്കുന്നത്. എങ്കിലും സമയത്തിന്റെ കാര്യത്തിൽ അവരുടെ കൃത്യനിഷ്ഠ എടുത്തുപറയേണ്ടതാണ്. യാത്രയിലുടനീളം അവർ പറഞ്ഞ സമയത്തിൽ ആദ്യം എത്താൻ ഞങ്ങൾക്ക് കഴിഞ്ഞില്ലെങ്കിലും പിന്നീട് ആ കൃത്യതയിലേക്ക് ഞങ്ങൾ അവരുടെ ഇടപെടൽ കൊണ്ട് എത്തിച്ചേർന്നു.
മലയാളത്തിൽ അവതരിപ്പിക്കുന്ന നാടകത്തിന് സ്റ്റേജിന്റെ രണ്ടു വശങ്ങളിലായി ഒരുക്കിയ സ്ക്രീനിൽ റഷ്യൻ സബ്ടൈറ്റിൽ പോകുന്നുണ്ടായിരുന്നു. കഴിഞ്ഞ വർഷം ലൈവ് ട്രാൻസിലേഷൻ മെഷീൻ ഒരുക്കിയിട്ടുണ്ടായിരുന്നു. സ്റ്റേജിലെ സെന്റർ മെഷീൻ ഞങ്ങളുടെ മലയാളം സംഭാഷങ്ങൾ പിടിച്ചെടുത്ത് ട്രാൻസിലേറ്റ് ചെയ്ത് ഓരോ പ്രേക്ഷകരുടെയും ചെവിയിലെ ഹെഡ്ഫോണിൽ റഷ്യൻ ഭാഷയിൽ ആ സംഭാഷണങ്ങൾ എത്തിച്ചിരുന്നു. നേരിട്ട് മലയാളം റഷ്യൻ ഭാഷയിലെത്തുമ്പോൾ വാക്കുകളുടെ അർത്ഥങ്ങൾ പലതരത്തിൽ മാറുന്നതിനാൽ ഈ വർഷം നാടകത്തിന്റെ ഇംഗ്ലീഷ് വേർഷൻ അവർക്ക് അയച്ചുകൊടുത്ത് അത് റഷ്യൻ ഭാഷയിലേക്ക് മൊഴിമാറ്റി സബ്ടൈറ്റിൽ തയ്യാറാക്കിയിട്ടുണ്ടായിരുന്നു. ഇന്ത്യക്കാർ ചെരുപ്പുകൾ വീടിനകത്തേക്ക് കയറ്റാത്തത് പോലെ അവർ ജാക്കറ്റുകൾ വീട്ടിലോ തിയേറ്ററിലോ കയറ്റാറില്ല. എന്നാൽ ജക്കാറ്റുകൾ ടോക്കൺ രീതിയിൽ സൂക്ഷിക്കാനുള്ള വിശാലമായ ഇടങ്ങൾ എല്ലായിടത്തും ഒരുക്കിയിട്ടുണ്ട്. ഫോട്ടോയ്ക്ക് പോസ്സ് ചെയ്യുമ്പോൾ ജാക്കറ്റുകൾ മാറ്റിവച്ചിട്ട് അവർ പോസ്സ് ചെയ്യുന്നതിൽ നിന്നും അത് ഔദ്യോഗിക ഫോട്ടോകളിൽ ഒഴിവാക്കണമെന്ന അതിഥ്യ മര്യാദ ഞങ്ങൾ മനസിലാക്കി.
നാടകം തുടങ്ങും മുൻപ് ഗ്രീൻ റൂം വഴി നോക്കിയപ്പോൾ തണുപ്പ് മൈനസ് നാല് ഡിഗ്രിയാകുകയും മഞ്ഞു പൊഴിയാൻ തുടങ്ങുകയും ചെയ്തു. ഞങ്ങളുടെ നാടകസംഘത്തിലെ സുഹൃത്തുക്കൾ മഞ്ഞുകൊള്ളാൻ പുറത്തേക്ക് പോയെങ്കിലും നാടക കോസ്റ്റുമിൽ ആയതിനാൽ നിസ്സംഗനായി ഗ്രീൻറൂമിന്റെ ജനാലയിലൂടെ അത് നോക്കി ആസ്വദിക്കാനേ എനിക്ക് കഴിഞ്ഞുള്ളു. നാടകം വിജയകരമായി അവതരിപ്പിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. റഷ്യക്കാരനായ ചെക്കോവിന്റെ ക്ലാസ്സിക്കൽ നാടകമായതിനാൽ കഥ അവർക്ക് അറിയാം. അതൊരു ഇന്ത്യൻ സംഘം എങ്ങനെ അവതരിപ്പിക്കും എന്നറിയാനുള്ള കൗതുകം അവർക്ക് കാണുമല്ലോ. തുടക്കത്തിൽ സബ്ടൈറ്റിൽ വായിച്ച് നാടകം കണ്ടെങ്കിലും പൂർണമായി വാചികാഭിനയത്തെക്കാൾ ആംഗീക സാത്വിക ആഹാര്യ അഭിനയത്തിന് മുൻതൂക്കം നൽകി തയ്യാറാക്കിയ നാടകത്തിൽ പിന്നെ സ്ക്രീൻ നോക്കാതെ അവർ ആസ്വദിക്കാൻ തുടങ്ങി. വിചാരിച്ച ഇടങ്ങളിലൊക്കെ സദസ്സിൽ ചിരി പടർന്നത് ഞങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകി. നാടകാവസാനം എല്ലാവരും എഴുന്നേറ്റ് നിന്ന് കയ്യടികളോടെ നാടകം സ്വീകരിക്കുകയും സംഘാടകർ അടുത്ത വർഷത്തേക്കും ക്ഷണം നൽകുകയും ചെയ്തു.
ഒരു മണിക്കൂറുള്ള നാടകാവതരണം കഴിഞ്ഞ് ഗ്രീൻ റൂമിൽ മടങ്ങിയെത്തി വിൻഡോയിലൂടെ കണ്ട കാഴ്ച അക്ഷരാർത്ഥത്തിൽ ഞങ്ങളെ ഞെട്ടിച്ചു കളഞ്ഞു. ചുറ്റിലും വെള്ളപുതച്ചു കിടക്കുന്ന റോഡുകളും മരങ്ങളും ഇരിപ്പിടങ്ങളും. കഴിഞ്ഞ വർഷവും മൈനസ് ഡിഗ്രി തണുപ്പ് ആസ്വദിക്കാൻ കഴിഞ്ഞെങ്കിലും ഇങ്ങനെയൊരു മഞ്ഞുവീഴ്ച കാണുന്നത് ഇപ്പോഴാണ്. ഞങ്ങൾ കൈയ്യിൽ കിട്ടിയ ജാക്കറ്റും പുതച്ചോണ്ട് മഞ്ഞിലേക്ക് ഓടിയിറങ്ങി പരസ്പരം വാരിയെറിഞ്ഞു. മഞ്ഞുവീഴുമ്പോൾ ഏറ്റവും സുന്ദരമായ കാഴ്ചയുള്ളത് കാശ്മീരിലാണെന്ന് നേരത്തെ എവിടേയോ വായിച്ചിട്ടുണ്ടെങ്കിലും അത് നേരിൽ കാണാൻ കഴിയാത്തതിനാൽ ഈ അനുഭവം ഞങ്ങളിൽ വല്ലാത്തൊരു ഉന്മാദം നിറച്ചു. ഇന്ത്യൻ നാടകസംഘം മഞ്ഞിൽ കളിക്കുന്നത് ടൂറിസത്തിന് പ്രാധാന്യം നൽകുന്ന റഷ്യൻ ടെലിവിഷൻ ചാനലുകൾ പ്രത്യേകം പകർത്തുകയും വാർത്തയാക്കുകയും ചെയ്തു.
ഉച്ചയ്ക്കുശേഷം മൂന്നുമണിക്കൂർ അവർ ഞങ്ങളെ നോവ്ഗോരോദ് നഗരം ചുറ്റിക്കാണിച്ചു. അതിൽ ഏറ്റവും പ്രധാനം നോവ്ഗോരോദ് ക്രേംലിനാണ്. ഈ നഗരത്തിന്റെ സാംസ്കാരികവും ചരിത്രപരവുമായ കോട്ടയാണ് ഒൻപതാം നൂറ്റാണ്ടിൽ തടിയിൽ തീർത്ത ക്രേംലിൻ കോട്ട. പതിനഞ്ചാം നൂറ്റാണ്ടിൽ തടി മാറ്റി കല്ലുകളിൽ ഈ കോട്ട പുനർനിർമിച്ചു. ഒരുകാലത്ത് നോവ്ഗോരോദ് റിപ്പബ്ലിക്കിന്റെ മതപരവും രാഷ്ട്രീയപരവുമായ അധികാര സിരാകേന്ദ്രമാണ് നോവ്ഗോരോദ് ക്രേംലിൻ. പത്താം നൂറ്റാണ്ടിൽ നിർമിച്ച സെന്റ് സോഫിയ കത്തീഡ്രൽ ഇതിനകത്താണ് സ്ഥിതി ചെയ്യുന്നത്. റഷ്യൻ കെട്ടിടനിർമാണത്തിന്റെയും കൊത്തുപണികളുടെയും ചിത്രകലയുടെയും മകുടോദാഹരണമാണ് ഈ കത്തീഡ്രൽ. പതിനഞ്ചാം നൂറ്റാണ്ടിൽ നിർമിച്ച മധ്യകാലത്തെ വിവിധതരം ബെല്ലുകളടങ്ങിയ ബെൽ ടവറും ക്ലോക്ക് ടവറും ഏതൊരു സഞ്ചാരിയേയും ആകർഷിക്കുന്നതാണ്. 1862ൽ വെങ്കലത്തിൽ തീർത്ത മില്ലെനിയം ഓഫ് റഷ്യ സ്മാരകം ആയിരം വർഷത്തെ റഷ്യയുടെ ചരിത്രം നൂറോളം ശില്പങ്ങളിൽ തീർത്തിട്ടുള്ള വൃത്താകൃതിയിലുള്ള അതിഗംഭീരമായ സ്മാരകമാണ്. രണ്ടാം ലോകയുദ്ധത്തിൽ നാസിപ്പട ഈ സ്മാരകം തകർത്തെങ്കിലും യു എസ് എസ് ആർ ഭരണത്തിൽ അത് പുനർസൃഷ്ടിക്കുകയും ചെയ്തു. മോസ്കോ ലക്ഷ്യമാക്കി നീങ്ങിയ നാസിപ്പട നോവ്ഗോരോദ് വരെ എത്തുകയും കടുത്ത മഞ്ഞുവീഴ്ചയിൽ പിൻമടങ്ങുകയും ചെയ്തത് ഈ നഗരത്തിൽ നിന്നാണ്. ചരിത്രപരമായി അങ്ങനെയൊരു ഒരു പ്രത്യേകതകൂടി ഈ തണുത്ത നഗരത്തിനുണ്ട്. ക്രേംലിൻ കോട്ടയ്ക്ക് ചുറ്റുമൊഴുകുന്ന വോൾഖോയ് നദിക്കരയിൽ നോക്കിനിൽക്കുമ്പോൾ ഈ ചരിത്രമെല്ലാം നമ്മുടെ മനസിലൂടെ പലതരം വികാരങ്ങളായി ഒഴുകിയിറങ്ങും.
രാത്രിയിൽ തിയേറ്റർ ഫെസ്റ്റിവൽ സംഘാടകരുടെ വക പാർട്ടി ഉണ്ടായിരുന്നു. ഏതൊരു ഫെസ്റ്റിവലിലും ഇത്തരം പാർട്ടികൾ ഉണ്ടാകും. അതിൽ വച്ചാണ് മറ്റു നാടക സംഘങ്ങളെയും അവരുടെ നാട്ടിലെ തിയേറ്റർ പ്രവർത്തനങ്ങളെക്കുറിച്ചുമെല്ലാം മനസിലാക്കാൻ സാധിക്കുന്നതും അതോടൊപ്പം നമ്മുടെ തിയേറ്റർ പ്രവർത്തനങ്ങൾ അവരുമായി പങ്കുവയ്ക്കാൻ കഴിയുന്നതും.
പ്രത്യേക രീതിയിൽ പാകം ചെയ്ത വിവിധതരം മാംസങ്ങളും പഴങ്ങളും പച്ചക്കറികളും സൂപ്പുകളുമെല്ലാം മുഖ്യ ആകർഷകങ്ങളായിരുന്നു. ബിയറിനും വൈനിനും ഒപ്പം വിവിധ കമ്പനികളുടെ റഷ്യൻ വോഡ്ക പാർട്ടിക്ക് പലവർണങ്ങൾ നൽകി. രാത്രി 12.30ന് നോവ്ഗോരോദിൽ എത്തിച്ചേരുന്ന സെന്റ് പീറ്റേഴ്സ്ബെർഗിനെയും മോസ്കോയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിനിലായിരുന്നു ഞങ്ങളുടെ മടക്കയാത്ര. ആദ്യമായി ബുള്ളറ്റ് ട്രെയിനിൽ കേറുന്നതുകൊണ്ടും റഷ്യയിലെ ആദ്യ ട്രെയിൻ യാത്ര ആയതിനാലും ഞങ്ങളെല്ലാം വലിയ ആവേശത്തിലായിരുന്നു. മഞ്ഞുവീണ് കിടക്കുന്ന റെയിൽവേ പാളങ്ങളും സ്റ്റേഷനും യൂറോപ്യൻ ആർട്ട് സിനിമകളിലെ കാഴ്ചകളെ ഓർമിപ്പിച്ചു. സമയം പന്ത്രണ്ടായെന്ന് റെയിൽവേ ക്ലോക്ക് അറിയിച്ചപ്പോൾ അതിൽ തന്നെ മൈനസ് അഞ്ചുഡിഗ്രി എന്ന് തണുപ്പിന്റെ കാഠിന്യവും അടയാളപ്പെടുത്തിയിരുന്നു. കാണാൻ ഭംഗിയുള്ളതും ക്യാബിനുകളായി തരംതിരിച്ചതുമായ ബുള്ളറ്റ് ട്രെയിൻ വളരെ വൃത്തിയുള്ളതായിരുന്നു. സൂപ്പുൾപ്പടെ മാംസവും പഴവർഗങ്ങളും ചേർന്ന വിവിധതരം ബണ്ണുകളും ടിക്കറ്റിന്റെകൂടെ സൗജന്യമായി ഞങ്ങളുടെ സീറ്റിൽ ഉണ്ടായിരുന്നു. നാളത്തെ ദിനം മോസ്കോ നഗരം ചുറ്റിക്കാണാമെന്ന സംഘാടകാരുടെ വാക്കുകളിൽ സ്വപ്നം കണ്ട് ഞങ്ങൾ ആ രാത്രി മയങ്ങി.
രാവിലെ ആറുമണിക്കു തന്നെ മോസ്കോ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എത്തിച്ചേർന്നു. ഞങ്ങളെ കാത്ത് മോസ്കോ നഗരം ചുറ്റിക്കാണിക്കാൻ സംഘാടകർ ഏർപ്പെടുത്തിയ ഗൈഡുകൾ‐ നാഥലിയയും വലേറിയയും‐ പുറത്തുതന്നെ ഉണ്ടായിരുന്നു. രണ്ടുപേരും തിയേറ്റർ മാനേജ്മെന്റ് കോഴ്സ് പഠിക്കുന്നവരാണ്. തിയേറ്റർ മേക്കിങ്ങിനേക്കാളും തിയേറ്റർ, സിനിമ മാനേജ്മെന്റ് ക്യുറേറ്റർ കോഴ്സുകളാണ് റഷ്യൻ സർക്കാർ പ്രോത്സാഹിപ്പിക്കുന്നതെന്ന് അവരിൽ നിന്നും മനസിലാക്കാൻ സാധിച്ചു. ഞങ്ങളുടെ ലഗേജുകൾ മെട്രോ സ്റ്റേഷനിലെ ലോക്കറിൽ സൂക്ഷിച്ച ശേഷം തുടർന്നുള്ള ഞങ്ങളുടെ യാത്ര മെട്രോയിലും ബസ്സുകളിലുമായിരുന്നു. മെട്രോ വഴിയുള്ള യാത്ര ഞങ്ങളെ ഞെട്ടിക്കുക തന്നെ ചെയ്തു. ലോകത്തിലെ വലിയ മെട്രോകളിലൊന്നായ മോസ്കോ മെട്രോ നെറ്റ്‌വർക്ക് വെറും യാത്രചെയ്യുന്നതിനപ്പുറം അവരുടെ കലാസാംസ്കാരിക ജീവിതത്തിന്റെ അടയാളപ്പെടുത്തലുകൾ കൂടിയാണ്. പതിനാലു ലൈനുകളിലായി ഇരുനൂറ്റിയമ്പത് സ്റ്റേഷനുകൾ ബന്ധിപ്പിച്ചുകിടക്കുന്ന ഈ മെട്രോ നെറ്റ്‌വർക്ക് നാനൂറ്റിയമ്പത് കി. മി. വ്യാപിച്ചു കിടക്കുന്നു. ഓരോ മെട്രോ സ്റ്റേഷനും ഭൂമിക്കടിയിലെ കൊട്ടാരങ്ങൾ എന്നുതന്നെ പറയാം. യു എസ് എസ് ആറിന്റെ പ്രതാപകാലത്ത് പണിതീർത്ത ഭൂരിഭാഗം സ്റ്റേഷനുകളിലും അവരുടെ കലാസാംസ്കാരിക അടയാളപ്പെടുത്തലുകൾ മുതൽ സർ ചക്രവർത്തിമാരുടെയും അതിനുമുൻപുള്ള പല രാജഭരണങ്ങളുടെയും അവശേഷിപ്പുകൾ മോസൈക് ആയും മാർബിളായും ചിത്രരൂപത്തിൽ ആലേഖനം ചെയ്തിരിക്കുന്നത് കാണാം. ഓരോ സ്റ്റേഷനും ഓരോരോ തീമുകളിലാണ് നിർമ്മിച്ചിരിക്കുന്നത്. ഈ അടുത്ത കാലത്തായി നിർമിച്ച സ്റ്റേഷനുകളിൽ റഷ്യൻ മ്യൂച്വറിസ്റ്റിക് ഡിസൈനും ആസ്വദിക്കാൻ സാധിക്കും. മിക്ക സ്റ്റേഷനുകളും അൻപത് മുതൽ എൺപത്തിനാല് മീറ്റർ വരെ ഭൂമിക്കടിയിലാണ് സ്ഥിതി ചെയ്യുന്നത്. എലെവേറ്ററുകളും റാമ്പുകളും വഴി ഈ ടണലുകളെ ബന്ധിപ്പിച്ചിരിക്കുന്നു. യുദ്ധകാലത്ത് ബോംബുകളിൽ നിന്നും മിസൈലുകളിൽ നിന്നും രക്ഷനേടാനും ഈ ഭൂഗർഭപാതകൾ അവരെ സഹായിക്കുന്നു. മോസ്കോയിലെ ആദ്യ മെട്രോ വന്നത് 1935 ലാണെന്ന് കേട്ട ഞങ്ങളുടെ കിളിപോയെന്നു തന്നെ പറയാം. കാരണം അതേകാലത്തിൽ വൈദേശിക ആധിപത്യത്തിന് കീഴിലായിരുന്ന നമ്മുടെ നാട്ടിൽ റോഡുകൾ പോലും വളരെ വിരളമായിരുന്നല്ലോ. ലോകത്തിലെ ഏറ്റവും വലിയ രാജ്യമായ റഷ്യയിൽ ആ കാലത്ത് ഭാവിയിലേക്ക് വേണ്ടി ഇങ്ങനെ ഭൂഗർഭപാതകളിലൂടെ മെട്രോ നെറ്റ്‌വർക്ക് വികസിപ്പിച്ച യു എസ് എസ് ആറിലെ നേതാക്കളുടെ ദീർഘവീക്ഷണത്തെ നമിക്കാതെ വയ്യ. ഏഴു മില്യൺ ജനങ്ങൾ നിത്യവും ഉപയോഗിക്കുന്ന ഈ മെട്രോ സബ്‌വേ ഇന്ന് ഏറ്റവും വേഗതയേറിയതും ചെലവ് കുറഞ്ഞതുമായ യാത്രാ മാർഗം മാത്രമല്ല, ലക്ഷക്കണക്കിന് വിനോദസഞ്ചാരികളെ അമ്പരപ്പിച്ചു കൊണ്ടിരിക്കുന്ന റഷ്യൻ കലാ സാംസ്കാരിക ദൃഷ്ടാന്തങ്ങളുടെ നേർസാക്ഷ്യം കൂടിയാണ്.
റെഡ് സ്ക്വയറും അതിന്റെ ചുറ്റുമുള്ള റഷ്യൻ ഭരണ സിരാകേന്ദ്രമായ മോസ്കോ ക്രേംലിനും അതിനടുത്തു തന്നെ റഷ്യ എന്നു കേൾക്കുമ്പോൾ ഏതൊരാളുടെയും മനസ്സിൽ ആദ്യം തെളിഞ്ഞു വരുന്ന സെന്റ് ബസിൽസ് കത്തീഡ്രലും ക്രേംലിൻ ടവർ ക്ലോക്കും ലെനിന്റെ ശവകുടീരവും സ്റ്റേറ്റ് ഹിസ്റ്റോറിക്കൽ മ്യൂസിയവുമെല്ലാം കണ്ടപ്പോൾ സ്കൂൾ കാലത്തിൽ റഷ്യൻ ചരിത്രം പഠിച്ചപ്പോൾ മനസ്സിൽ കണ്ട സ്ഥലങ്ങളിൽ ഞങ്ങൾ നേരിട്ടെത്തി ആ ചരിത്ര മുഹൂർത്തങ്ങളിലേക്ക് കണ്ണി ചേരുകയാണല്ലോ എന്ന ചിന്തയിൽ വിഭ്രാത്മകമായ മനസ്സുമായി കാണുന്ന കാഴ്ചകളെല്ലാം മായക്കാഴ്ചകളായി അനുഭവവേദ്യമായി. സവാള കമിഴ്ത്തിയത് പോലുള്ള ഡൂമുകളോട് കൂടിയ സെന്റ് ബസിൽസ് കത്തീഡ്രൽ നേരിട്ടു കാണണമെന്ന് കുഞ്ഞുനാൾ മുതൽ ആഗ്രഹിച്ചതായിരുന്നു. മുരളി കൃഷ്ണന്റെ ചെറുകഥയായ സോവിയറ്റ് സ്റ്റേഷൻ കടവ് അതേ പേരിൽ ഞാൻ മലയാളത്തിലെ ആദ്യ ടൈം ട്രാവൽ നാടകമാക്കി 2022 ൽ അവതരിപ്പിച്ചിരുന്നു. അതിലെ കേന്ദ്രകഥാപാത്രമായ ചീരാണി രവി ടൈം മെഷിനിൽ കേറി 1980 കളിലെ മോസ്കോയിലെ ക്രെംലിനിൽ എത്തുന്ന രംഗമുണ്ട്. ആ നാടകം ചെയ്യുമ്പോൾ ഞാൻ സ്വപ്നേപി കരുതിയിരുന്നില്ല അതേ ക്രെംലിന്റെ മുൻപിൽ ഞാൻ ഇത്രവേഗം എത്തിച്ചേരുമെന്ന്. അവിടെ നിന്നും നേരെ പോയത് മോസ്കോ ആർട്ട് തിയേറ്ററിലേക്ക് ആയിരുന്നു. നാടകക്കാരെല്ലാം കാണാൻ ഏറെ കൊതിക്കുന്ന ഇടമാണ് റെഡ് സ്ക്വയറിൽ നിന്നും നടന്നെത്താൻ കഴിയുന്ന ദൂരത്തിൽ സ്ഥിതിചെയ്യുന്ന മോസ്കോ ആർട്ട് തിയേറ്റർ. പത്തൊൻപതാം നൂറ്റാണ്ടിൽ സ്റ്റാനിസ്ലാവ്സ്കിയും ഡാൻചേങ്കോയും ചേർന്ന് തുടങ്ങിയ ഈ അഭിനയ പരിശീലനസ്കൂൾ മുന്നോട്ടുവച്ച അഭിനയ പാഠങ്ങൾ ലോകം മുഴുവനുമുള്ള തിയേറ്റർ‐ സിനിമാ പ്രവർത്തകർ ഏറ്റെടുക്കുകയുണ്ടായി. മേലോഡ്രാമയുടെ അതിഭാവുകത്വത്തിൽ വിദേശീയർ ആസ്വദിച്ചിരുന്ന ഓപ്പറകളും നാടകങ്ങളും മനസിലാക്കി യഥാതഥ രീതിയിലുള്ള ഒരു അഭിനയ സമ്പ്രദായം കൊണ്ടുവന്നത് സ്റ്റാനിസ്ലാവ്സ്കിയും ഡാൻചേങ്കോയുമാണ്. ആന്റൺ ചെക്കോവിന്റെ നാടകങ്ങളിലൂടെ അവർ ആ രീതികൾ ലോകനാടകവേദിക്ക് പരിചയപ്പെടുത്തിക്കൊടുത്തു. മോസ്കോ ആർട്ട് തിയേറ്ററിന് മുൻപിൽ തന്നെ ഈ രണ്ടു സ്ഥാപക അംഗങ്ങളുടെ പ്രതിമയും അല്പം മാറി ചെക്കോവിന്റെ പ്രതിമയും കാണാം. മലയാളിയുടെ പൊതുസ്വഭാവമായ സാമാന്യത്തിൽ കവിഞ്ഞുള്ള കൗതുകവും ആ നിമിഷത്തിൽ ജീവിക്കുകയെന്ന ചിന്തയും സ്വാതന്ത്ര്യബോധവും കൊണ്ട് ആർട്ട് തിയേറ്ററിന് മുൻപിൽ തന്നെ ഞങ്ങൾ നാടകത്തിന്റെ കുറെ ഭാഗങ്ങൾ സ്പോട്ടിൽ അവതരിപ്പിക്കുകയും അതുകണ്ട് അവിടെക്കൂടിയ ആൾക്കാർ ക്ലാപ് ചെയ്തും ചിരിച്ചുകൊണ്ടും ഞങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഏതൊരു മനുഷ്യനും അവനിലെ കലാപരമായ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള ഇടങ്ങളായി റഷ്യൻ തെരുവുകൾ രൂപപ്പെട്ടിട്ടുണ്ട്. പല ഇടങ്ങളിലും ഒറ്റയ്ക്കിരുന്ന് ഗിറ്റാറും വയലിനും വായിക്കുന്ന തെരുവ് കലാകാരരെ കാണാം. സംഗീതത്തിന് അനുസരിച്ച് നൃത്തംചെയ്യുന്ന പട്ടിക്കുട്ടിയെ വേറൊരിടത്ത് കാണാൻ സാധിച്ചു. മിക്ക സബ്‌വേയിലും ഒറ്റയ്ക്കിരുന്ന് ചിത്രങ്ങൾ വരയ്ക്കുന്ന കലാകാരരേയോ പാട്ടുകൾ പാടുന്ന ഗായകരെയോ കാണാൻ സാധിക്കും. തിരക്കിൽ പായുന്ന മോസ്കോ നഗരത്തിലെ ജനങ്ങൾ അതിനിടയിലും അവർക്കു മുൻപിൽ കുറച്ച് നിമിഷങ്ങൾ നിൽക്കുകയും എന്തെങ്കിലും സംഭാവനകൾ നൽകുകയും ചെയ്യുകയെന്നത് അവർക്കിടയിലെ കലാകാരർക്ക് അല്ലെങ്കിൽ കലാസൃഷ്ടികൾക്ക് അവർ നൽകുന്ന പ്രാധാന്യം, അവബോധം എല്ലാം തിരിച്ചറിയാൻ കഴിയുന്നതാണ്. ഞങ്ങളുടെ ഗൈഡായ ഇരുപത്തിരണ്ടുകാരി വലേറിയ സാമ്പത്തിക ബുദ്ധിമുട്ടുള്ളപ്പോൾ തന്റെ ഗിറ്റാറുമായി തെരുവിൽ ഇറങ്ങാറുണ്ടെന്ന് അഭിമാനത്തോടെ പറഞ്ഞു.
റഷ്യൻ അനുഭവങ്ങൾ ഓർത്തെടുക്കുമ്പോൾ ഞെട്ടിച്ച ഒരു കാര്യം റോഡുകളിലെ നിയമങ്ങൾ അവർ അനുസരിക്കുന്ന രീതികളാണ്. റോഡിൽ പ്രാധാന്യം വാഹനങ്ങൾക്കല്ല മറിച്ച് കാൽനട യാത്രക്കാർക്കാണ്. നമ്മൾ റോഡ് മുറിച്ചുകടക്കാൻ തുടങ്ങുന്നുവെന്നു കണ്ടാൽ എത്ര വേഗത്തിൽ വരുന്ന വാഹനവും നിർത്തിത്തരും. അതുപോലെ രാത്രി ഒരു മണിക്കും രണ്ട് മണിക്കും ഒഴിഞ്ഞ റോഡിലെ സീബ്ര ക്രോസ്സിംഗ് വരകളിൽ പച്ച ലൈറ്റ് കാത്ത് റോഡ് മുറിച്ചുകടക്കാൻ നിൽക്കുന്ന കാൽനടയാത്രക്കാരെ അത്ഭുതത്തോടെയാണ് ഞങ്ങൾ നോക്കിയത്. സമയനിഷ്ഠയും റോഡ് നിയമങ്ങൾ പാലിക്കുന്നതിലുമൊക്കെ അവർക്ക് മുൻപിൽ തലകുനിച്ച് നിൽക്കാനേ നമുക്ക് കഴിയൂവെന്ന തിരിച്ചറിവിൽ ഞങ്ങൾ മടക്കയാത്രക്കായി ഒരുങ്ങി. റഷ്യയിലെ ഏറ്റവും വലിയ വിമാനത്താവളമായ മോസ്കോയിലെ ഷെർമേത്യാവ്യൂ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൃത്യസമയത്ത് അവർ ഞങ്ങളെ ഡ്രോപ്പ് ചെയ്തു. 4മണിക്കൂർ ആയിരുന്നു ഞങ്ങളുടെ ഗൈഡുകളുടെ ഡ്യൂട്ടി ടൈം. എന്നാൽ അവർ അപ്പോഴേക്കും 9 മണിക്കൂറോളം ഞങ്ങളെ നയിച്ച്, കൂടെ ഉണ്ടായിരുന്നു. ഞങ്ങളുടെ കൂട്ടത്തിൽ ഒരാളുടെ ബാഗ് ഇടയ്ക്ക് ഏതോ മെട്രോ സ്റ്റേഷനിൽ നഷ്ടപ്പെട്ടപ്പോൾ ഞങ്ങളോട് ഒരു വാക്കുപോലും പറയാതെ അത് തേടി നഥാലിയ പോയിരുന്നു. നാഥലിയ എവിടെ എന്നന്വേഷിച്ചപ്പോഴാണ് ബാഗ് തേടി പോയ കാര്യം വലേറിയ ഞങ്ങളോട് പങ്കുവയ്ക്കുന്നത്. ഏറെ രസകരമായ നാടകാനുഭവങ്ങൾക്കപ്പുറം ആതിഥ്യമര്യാദയാൽ റഷ്യക്കാരും ഞങ്ങളെ പുതിയ ചില പാഠങ്ങൾ പഠിപ്പിച്ചു. അബുദാബി വഴി ഇന്ത്യയിലേക്കുള്ള എത്തിഹാദ് എയർവെയ്‌സിൽ ഇരിക്കുമ്പോൾ ഞാൻ ചിന്തിച്ചത് കാറൽ മാർക്സിന്റെ മനസ്സിൽ വിരിഞ്ഞ സോഷ്യലിസ്റ്റ് ആശയം ആദ്യമായി പ്രായോഗികമായപ്പോൾ രൂപംകൊണ്ട യു എസ് എസ് ആർ എന്ന സ്വപ്നഭൂമികയും അവിടെനിന്നിറങ്ങുന്ന ബാലസാഹിത്യ കഥകളാൽ സമ്പന്നമായ ഞങ്ങളുടെ ചെറുപ്പകാലവും ആ പുസ്തകങ്ങളുടെ മണവും അന്നുമുതലേ ആ ഇടങ്ങൾ കാണണമെന്നുള്ള മോഹവും പൂർത്തിയായ, കഴിഞ്ഞ ദിനങ്ങളെക്കുറിച്ചായിരുന്നു. ബക്കറ്റ് ലിസ്റ്റിലെ ഒരു സ്വപ്നം കൂടി പൂർത്തീകരിച്ച സന്തോഷനിർവൃതിയിൽ ആ മണ്ണിനോട് ഞങ്ങൾ വിടപറഞ്ഞു. അപ്പോഴും എന്റെ ഹാൻഡ് ബാഗിൽ ആ നാടിന്റെ ഓർമകൾ സൂക്ഷിക്കാനായി പറിച്ചെടുത്ത പൈൻ മരത്തിന്റെ ഇതളുകളും ബാർച്ച് മരത്തിന്റെ ഇലകളുമുണ്ടായിരുന്നു… “ഐ ആം ഫ്രം ഇന്ത്യ’ എന്ന് പറയുമ്പോൾ തന്നെ “ഓഹ്! ഇന്ത്യൻസ്, വി ആർ ബ്രദേഴ്സ് എന്ന് തിരിച്ചു പറയുന്ന പ്രിയ റഷ്യക്കാരേ സ്പെസിബ (നന്ദി)… l