കർണാടക സംസ്ഥാനത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേരോട്ടമുണ്ടാക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച നേതാവാണ് എൻ എൽ ഉപാധ്യായ. സമുന്നതനായ സംഘാടകൻ, പ്രക്ഷോഭകാരി എന്നീ നിലകളിൽ ഉജ്വല വ്യക്തിത്വത്തിനുടമയായ അദ്ദേഹം മികച്ച പ്രഭാഷകനുമായിരുന്നു. സിപിഐ എം രൂപീകരിക്കുന്നതിനു മുന്നോടിയായി അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ നാഷണൽ കൗൺസിലിൽനിന്ന് ഇറങ്ങിവന്ന 32 പേരിൽ ഒരാളാണ് എൻ എൽ ഉപാധ്യായ.
1914 ഏപ്രിലിൽ മംഗലാപുരം ജില്ലയിലെ നന്ദികൂർ ഗ്രാമത്തിൽ ഇടത്തരം കർഷക കുടുംബത്തിലാണ് എൻ എൽ ഉപാധ്യായ ജനിച്ചത്. സ്‌കൂൾ വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ അയിത്തത്തിനെതിരായ ക്യാമ്പയിനുകൾ ഉപാധ്യായയെ ആഴത്തി സ്വാധീനിച്ചിരുന്നു. മനുഷ്യർ മനുഷ്യരോടു കാണിക്കുന്ന തൊട്ടുകൂടായ്‌മയെയും തീണ്ടിക്കൂടായ്‌മയെയും വെറുപ്പോടെയാണ് അദ്ദേഹം വീക്ഷിച്ചത്. അയിത്തത്തിനെതിരായ പ്രസ്ഥാനത്തിൽ സജീവമായി അദ്ദേഹം പ്രവർത്തിച്ചു. സഹപാഠികളിൽ പലരെയും തന്നോടൊപ്പം പ്രക്ഷോഭത്തിൽ അണിനിരത്താനും അദ്ദേഹത്തിന് സാധിച്ചു. സ്‌കൂൾ വിദ്യാർഥിയായിരിക്കെ നല്ലൊരു വായനക്കാരനായിരുന്ന അദ്ദേഹം.
മിശ്രഭോജനമായിരുന്നു അന്നത്തെ ഏറ്റവും ശക്തമായ അയിത്തവിരുദ്ധ പ്രവർത്തനം. അതിൽ ഉപാധ്യായ പതിവായി പങ്കെടുത്തിരുന്നു. സ്വാഭാവികമായും യാഥാസ്ഥിതികരുടെ ശക്തമായ എതിർപ്പ് അദ്ദേഹത്തിന് നേരിടേണ്ടിവന്നു. എന്നാൽ അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് അദ്ദേഹം അതിൽ പങ്കെടുത്തു. അവർണർക്ക് ക്ഷേത്രപ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭങ്ങളിലും അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.
കോളേജ് വിദ്യാഭ്യാസം മംഗലാപുരം സെന്റ് അലോഷ്യസ് കോളേജിലായിരുന്നു. കോളേജ് വിദ്യാഭ്യാസ കാലത്തും ദേശീയ പ്രസ്ഥാനവും സ്വാതന്ത്ര്യസമര പ്രസ്ഥാനവും അദ്ദേഹത്തെ ആകർഷിച്ചു. അതിനൊപ്പം അയിത്തോച്ചാടന പ്രവർത്തനങ്ങളിലും പങ്കെടുത്തു.
ജ്യേഷ്‌ഠസഹോദരന്റെ സംരക്ഷണയിലാണ് ഉപാധ്യായ കഴിഞ്ഞത്. സെന്റ് അലോഷ്യസ് കോളേജിലെ വിദ്യാഭ്യാസത്തിനുശേഷം ഭാവിപരിപാടികൾ ആലോചിക്കുന്ന ഘട്ടത്തിലും അദ്ദേഹം അയിത്തവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറിയില്ല. ഒരുദിവസം ഉപാധ്യായ മിശ്രഭോജനത്തിൽ പങ്കെടുത്തതിനുശേഷം രാത്രി വളരെ വൈകിയാണ് എത്തിയത്. ഇതറിഞ്ഞ ജ്യേഷ്‌ഠൻ, ഉപാധ്യായയെ വളരെയേറെ ശകാരിച്ചു. തികഞ്ഞ മതവിശ്വാസിയും യാഥാസ്ഥിതികനുമായിരുന്നു ജ്യേഷ്‌ഠൻ. അദ്ദേഹത്തിന് അനുജൻ ഇങ്ങനെ ‘‘തലതിരിഞ്ഞു പോകുന്നത്’’ ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല.
പുറത്തുനിന്ന് കുളിച്ചതിനുശേഷം മാത്രമേ ഉപാധ്യായയെ വീട്ടിലേക്ക് ജ്യേഷ്‌ഠൻ പ്രവേശിപ്പിച്ചുള്ളൂ. തന്റെ ഭാഗത്ത് ഒരു തെറ്റുമില്ലെന്ന് വിശ്വസിച്ച ഉപാധ്യായ അടുത്തദിവസം തന്നെ വീട്ടിൽനിന്നിറങ്ങി ജാംഷെഡ്‌പൂരിലേക്ക് പോയി.
1936ൽ അങ്ങനെ ജാംഷെഡ്‌പൂരിലെത്തിയ ഉപാധ്യായ എഐസിസിയുടെ യോഗത്തിന് സാക്ഷ്യം വഹിച്ചു. ഒരു വളണ്ടിയറായി അദ്ദേഹം യോഗത്തെ സഹായിച്ചു. അന്നത്തെ യോഗവും അതിൽ പങ്കെടുത്ത നേതാക്കളും പ്രവർത്തകരും അവാച്യമായ ആവേശമാണ് യുവാവായ ഉപാധ്യായയിലുണ്ടാക്കിയത്.
ജാംഷെഡ്‌പൂരിൽ അദ്ദേഹം ആഗ്രഹിച്ച ജോലി കിട്ടാതിരുന്നതിനെ തുടർന്ന് അദ്ദേഹം നേരെ ബോംബെയിലേക്ക് വണ്ടികയറി. ഒരു കന്പനിയിൽ അക്കൗണ്ടന്റായി അദ്ദേഹം അവിടെ ജോലിയിൽ പ്രവേശിച്ചു. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിൽ ആകൃഷ്‌ടനായ അദ്ദേഹം നിരവധി കോൺഗ്രസ് നേതാക്കളുമായും കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി നേതാക്കളുമായും പരിചയപ്പെട്ടു. അശോക് മേത്ത, ജയ്‌പ്രകാശ് നാരായൺ തുടങ്ങിയ നേതാക്കളുമായി അദ്ദേഹം അടുത്ത് പരിചയപ്പെട്ടു.
അക്കൗണ്ടന്റിന്റെ ജോലിക്കൊപ്പം വായനയും അദ്ദേഹം മുറുകെപിടിച്ചു. ലൈബ്രറികളിലും മറ്റും മെന്പർഷിപ്പ് എടുക്കുകയും പുസ്‌തകങ്ങൾ പതിവായി വായിക്കുകയും ചെയ്‌തു. പുസ്‌തകങ്ങളോടുള്ള ഉപാധ്യായയുടെ ഈ താൽപര്യം സമാനമനസ്‌കരായ നിരവധി സുഹൃത്തുക്കളെ അദ്ദേഹത്തിന് സമ്മാനിച്ചു. താമസിയാതെ ഒരു സ്റ്റഡി സർക്കിൾ രൂപീകരിക്കുക എന്ന ഒരാശത്തിലേക്ക് അദ്ദേഹവും സുഹൃത്തുക്കളും എത്തി. സോഷ്യലിസത്തോടും കമ്യൂണിസത്തോടുമൊക്കെ ഈ ഗ്രൂപ്പിലെ പലർക്കും ആഭിമുഖ്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അവരുടെ വായനകളിൽ മാർക്‌സിസ്റ്റ് ക്ലാസിക്കുകളും ഉൾപ്പെട്ടിരുന്നു. സോഷ്യലിസത്തോട് ആഭിമുഖ്യം തോന്നിയ ഉപാധ്യായ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി (സിഎസ്‌പി)യുമായി അടുത്തു. സിഎസ്‌പി സംഘടിപ്പിച്ച ചില പഠന ക്ലാസുകളിൽ അദ്ദേഹം പങ്കെടുക്കുകയും ചെയ്‌തു. ബി ടി രണദിവെയുടെ ചില ക്ലാസുകളിൽ പങ്കെടുക്കുകയും അദ്ദേഹവുമായി പരിചയപ്പെടുകയും ചെയ്‌തു.
ഉപാധ്യായ ബോംബെയിലെത്തിയ 1936 കാലത്ത് കമ്യൂണിസ്റ്റ് പാർട്ടിയുടെ ആസ്ഥാനം അവിടെയായിരുന്നു പ്രവർത്തിച്ചിരുന്നത്. പാർട്ടി ആസ്ഥാനത്ത് ഇടയ്‌ക്കിടയ്‌ക്ക് സന്ദർശനം നടത്തുക എന്നത് അദ്ദേഹത്തിന്റെ ശീലമായിരുന്നു. പാർട്ടി നേതാക്കളായ പി സി ജോഷി, എസ് ജി സർദേശായി, എസ് എസ് മിറാജ്‌കർ തുടങ്ങിയവർ പലപ്പോഴും അവിടെയുണ്ടാകും. ഈ നേതാക്കളുമായി മിക്കപ്പോഴും സംസാരിക്കാനവസരം ലഭിക്കും. ഓഫീസിലെത്തുന്ന ചുറുചുറുക്കുള്ള ഈ യുവാവുമായി സംസാരിക്കാനും സോഷ്യലിസ്റ്റ് ആശയങ്ങളെക്കുറിച്ചും മാർക്‌സിസ്റ്റ് ദർശനങ്ങളെക്കുറിച്ചും വിശദീകരിക്കാനും നേതാക്കൾക്കും നല്ല താൽപര്യമായിരുന്നു. ബി ടി രണദിവെയുടെ ക്ലാസുകളിൽ ഉപാധ്യായ സ്ഥിരം സാന്നിധ്യമായിരുന്നു.
1939 അവസാനമായപ്പോഴേക്കും ഉപാധ്യായ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. ട്രേഡ് യൂണിയൻ രംഗത്ത് പ്രവർത്തിക്കാനായിരുന്നു പാർട്ടി നിർദേശം. പ്രസ് തൊഴിലാളികളെയും ടെക്‌സ്‌റ്റൈൽ തൊഴിലാളികളെയും സംഘടിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ അദ്ദേഹം വ്യാപൃതനായി. കോൺഗ്രസിനകത്തും കമ്യൂണിസ്റ്റുകാർ അക്കാലത്ത് പ്രവർത്തിച്ചിരുന്നു. കോൺഗ്രസിന്റെ ജില്ലാ കമ്മിറ്റിയിലേക്ക് ഉപാധ്യായ മത്സരിച്ച് ജയിച്ചു. അദ്ദേഹം ഡിസിസി സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. ബോംബെ പ്രൊവിൻഷ്യൽ കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ അദ്ദേഹം ശരിക്കും അട്ടമറി വിജയമാണ് നേടിയത്. സിഎസ്‌പിയുടെ അന്നത്തെ പ്രമുഖ നേതാക്കളിലൊരാളായ അശോക് മേത്തയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
രണ്ടാം ലോകയുദ്ധം ആരംഭിച്ചതോടെ ബ്രിട്ടീഷ് സർക്കാർ കമ്യൂണിസ്റ്റ് വേട്ടയും ശക്തിപ്പെടുത്തി. സാമ്രാജ്യത്വം അടിച്ചേൽപിച്ച യുദ്ധത്തിനെതിരെ ബഹുജനങ്ങളെ അണിനിരത്തുന്ന പ്രവർത്തനത്തിൽ കമ്യൂണിസ്റ്റുകാർ മുഴുകിയതാണ് സർക്കാരിനെ പ്രകോപിപ്പിച്ചത്. പാർട്ടി പ്രവർത്തകർ ഒളിവിലാണ് പ്രവർത്തിച്ചത്. ഒളിവിലിരിക്കെ 1940 മെയിൽ ഉപാധ്യായ പൊലീസിന്റെ പിടിയിലായി. ഏതാണ്ട് രണ്ടരവർഷക്കാലത്തോളം അദ്ദേഹത്തിന് നാസിക് ജയിലിൽ കഴിയേണ്ടിവന്നു.
ഹിറ്റ്‌ലറുടെ നേതൃത്വത്തിലുള്ള ജർമൻ സൈന്യം സോവിയറ്റ് യൂണിയനെ ആക്രമിച്ചതോടെ യുദ്ധത്തിന്റെ സ്വഭാവത്തിൽ മാറ്റം വന്നതായി കമ്യൂണിസ്റ്റ് പാർട്ടി നിരീക്ഷിച്ചു. അതോടെ പാർട്ടിക്കുമേലുള്ള നിരോധനം പിൻവലിക്കാൻ സർക്കാർ തയ്യാറായി. അതോടെയാണ് ഉപാധ്യായ ഉൾപ്പെടെയുള്ള നേതാക്കളും പ്രവർത്തകരും ജയിൽമോചിതരായത്.
1937‐38 കാലത്ത് ബാംഗ്ലൂരിലും മൈസൂറിലുമായി കമ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു സെൽ പ്രവർത്തിച്ചിരുന്നു. അഞ്ചംഗങ്ങളായിരുന്നു അതിലുണ്ടായിരുന്നത്. ബോംബെയിലെ കമ്യൂണിസ്റ്റ് പാർട്ടി ആസ്ഥാനവുമായി അവർ നിരന്തരം ബന്ധപ്പെട്ടിരുന്നു. മേൽപറഞ്ഞ അഞ്ചുപേരിൽ തന്നെ ഒരാൾ അറസ്റ്റ് ചെയ്യപ്പെട്ടു. രണ്ടുപേർ പാർട്ടി വിട്ടുപോവുകയും ചെയ്‌തു. അതോടെ കർണാടകത്തിൽ പ്രവർത്തിക്കാൻ ഉപാധ്യായയെ പാർട്ടി നേതൃത്വം നിയോഗിച്ചു.
കർണാടകത്തിലെത്തിയ ഉപാധ്യായ ആദ്യം വിദ്യാർഥികളെയാണ് സംഘടിപ്പിച്ചത്. അന്ന് വിദ്യാർഥി സംഘടനയിലൂടെ പൊതുപ്രവർത്തനരംഗത്തു വന്ന പലരും പിന്നീട് പാർട്ടി നേതൃത്വത്തിലേക്ക് ഉയർന്നു. നരസിംഹൻ, എം എസ് കൃഷ്‌ണൻ, സൂര്യനാരായണ റാവു… അങ്ങനെ പലരും.
കോലാർ സ്വർണഖനി ഉൾപ്പെടെ പല സ്ഥലങ്ങളിലും ട്രേഡ് യൂണിയനുകൾ ശക്തിപ്പെടുത്താൻ അദ്ദേഹം കഠിനാധ്വാനം ചെയ്‌തു. അതിന് മികച്ച ഫലവുമുണ്ടായി. യൂണിയൻ ശക്തവും സജീവവുമാുമായി. പഴയ മൈസൂർ സംസ്ഥാനത്ത് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഘടകം രൂപീകരിക്കാൻ അദ്ദേഹത്തിന്റെ ഉത്സാഹംമൂലം സാധിച്ചു.
1945ൽ കർണാടകത്തിലെ ധാർവാഡ് ജില്ലയിലെ ഹൂബ്ലിയിലേക്ക് കമ്യൂണിസ്റ്റ് പാർട്ടിയുടെ ആസ്ഥാനം മാറ്റി. റെയിൽവേ തൊഴിലാളികളെ സംഘടിപ്പിക്കാൻ അദ്ദേഹം മുൻകൈയെുത്തു. കമ്യൂണിസ്റ്റ് പാർട്ടിക്ക് ആശയപ്രചരണം നടത്താൻ പത്രവും മറ്റ് പ്രസിദ്ധീകരണവും അനിവാര്യമാണ്. ഈ തിരിച്ചറിവ് ആദ്യംമുതൽക്കേ അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ശ്രമഫലമായാണ് ‘ജനശക്തി’ എന്ന പത്രം ഹൂബ്ലിയിൽനിന്ന് പുറത്തിറക്കിയത്. ‘ചിരസ്‌മരണ’ ഉൾപ്പെടെ നിരവധി പ്രശസ്‌ത കൃതികളുടെ കർത്താവായ നിരഞ്‌ജനയായിരുന്നു അതിന്റെ പത്രാധിപർ. ജനശക്തി പുറത്തിറങ്ങി ഒരുവർഷമായപ്പോഴക്കും നിരഞ്‌ജന അറസ്റ്റ് ചെയ്യപ്പെട്ടു. അതോടെ പത്രം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാതെ താൽക്കാലികമായി പ്രസിദ്ധീകരണം നിർത്തി. പിന്നീട് 1952ലാണ് പത്രം പുനഃപ്രസിദ്ധീകരിച്ചത്. കന്നട ഭാഷ സംസാരിക്കുന്ന നാട്ടുരാജ്യങ്ങൾ ചേർത്ത് കർണാടക സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നടന്ന പ്രക്ഷോഭത്തിൽ ഉപാധ്യായയും സജീവമായി പങ്കെടുത്തു. ആ പ്രക്ഷോഭത്തിന്റെ ഫലമാണ് ഇന്നത്തെ കർണാടക സംസ്ഥാനം. പതിനഞ്ചു നാട്ടുരാജ്യങ്ങൾ ചേർത്താണ് കർണാടക സംസ്ഥാനം രൂപീകരിച്ചത്.
1953 ഡിസംബർ 27 മുതൽ 1954 ജനുവരി 4 വരെ മധുരയിൽ ചേർന്ന മൂന്നാം പാർട്ടി കോൺഗ്രസ്, ഉപാധ്യായയെ കേന്ദ്രകമ്മിറ്റി അംഗമായി തിരഞ്ഞെടുത്തു. നാൽപതംഗങ്ങളായിരുന്നു കേന്ദ്രകമ്മിറ്റിയിൽ. ഒന്പതംഗങ്ങളടങ്ങിയ പൊളിറ്റ് ബ്യൂറോയെയും ആ സമ്മേളനം തിരഞ്ഞെടുത്തു.
1956 ഏപ്രിലിൽ പാലക്കാട്ട് നടന്ന നാലാം പാർട്ടി കോൺഗ്രസിലും കേന്ദ്രകമ്മിറ്റി അംഗമായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1958 ഏപ്രിൽ 6 മുതൽ 13 വരെ അമൃത്‌സറിൽ ചേർന്ന അഞ്ചാം പാർട്ടി കോൺഗ്രസിലാണ് നേതൃത്വത്തിന്റെ ഘടനയിൽ മാറ്റം വരുത്തിയത്. അതുവരെ കേന്ദ്രകമ്മിറ്റിയും പൊളിറ്റ് ബ്യൂറോയുമായിരുന്നു പരമോന്നത നേതൃഘടന. അഞ്ചാം കോൺഗ്രസോടെ കേന്ദ്ര സെക്രട്ടറിയറ്റ്, നാഷണൽ കൗൺസിൽ എന്നിങ്ങനെയായി നേതൃത്വത്തിന്റെ ഘടന. 101 അംഗങ്ങളടങ്ങിയ നാഷണൽ കൗൺസിലിലേക്ക് ഉപാധ്യായ തിരഞ്ഞെടുക്കപ്പെട്ടു.
1961 ഏപ്രിൽ 7 മുതൽ 16 വരെ വിജയവാഡയിൽ ചേർന്ന ആറാം കോൺഗ്രസും അദ്ദേഹത്തെ നാഷണൽ കൗൺസിൽ അംഗമായി തിരഞ്ഞെടുത്തു. 110 അംഗങ്ങളായിരുന്നു അന്നത്തെ നാഷണൽ കൗൺസിലിൽ ഉണ്ടായിരുന്നത്. 1962ൽ പാർട്ടി ജനറൽ സെക്രട്ടറി അജയഘോഷ് അന്തരിച്ചതിനെ തുടർന്ന് എസ് എ ഡാങ്കെയെ ചെയർമാനായും ഇ എം എസിനെ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു. 1964 ഏപ്രിൽ 14ന് ചേർന്ന നാഷണൽ കൗൺസിലിൽനിന്ന് ഇറങ്ങിപ്പോന്ന 32 പേരിൽ ഒരാൾ ആർ എൽ ഉപാധ്യായയായിരുന്നു.
ഏഴാം പാർട്ടി കോൺഗ്രസ് ആണല്ലോ സിപിഐ എം രൂപീകരിക്കപ്പെട്ടതിനുശേഷമുള്ള ആദ്യ കോൺഗ്രസ്. പ്രഥമ കേന്ദ്രകമ്മിറ്റിയിലേക്ക് ഉപാധ്യായ തിരഞ്ഞെടുക്കപ്പെട്ടു.
സിപിഐ എം കെട്ടിപ്പടുക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് അദ്ദേഹം പിന്നീട് നടത്തിയത്. 1989 മെയ് 26ന് എൻ എൽ ഉപാധ്യായ അന്തരിച്ചു. l