ദിലീപ് സിനിമാ സ്‌കൂൾ ഒരുകാലത്ത് മലയാള സിനിമയുടെ ‘വിജയ’ ഫോർമുലയായിരുന്നു. അത്രകണ്ട് പൊളിറ്റിക്കൽ കറക്ട്‌നെസ് പരിശോധിക്കാത്ത ആ കാലത്ത് ഇവരുടെ സിനിമകൾ വലിയ നേട്ടമുണ്ടാക്കി. സ്ഥിരം ഹിറ്റ് സ്റ്റാറ്റസ് നിലനിർത്തി. ഇത്തരം സിനിമകളിൽ മാത്രം അധികവും അഭയം പ്രാപിക്കുകയായിരുന്നു നമ്മുടെ സിനിമ. സിനിയുടെ മുഖ്യധാരയിലേക്ക് പരീക്ഷണങ്ങൾ, പുതിയ കഥാപരിസരങ്ങൾ എന്നിവ കടന്നുവരുന്നത് വളരെ കുറവായിരുന്നു. ഇത് മാത്രം കിട്ടിയിരുന്ന പ്രേക്ഷകർക്ക് അതിൽ തൃപ്‌തരാകേണ്ടിവന്നു. എന്നാൽ രാഷ്‌ട്രീയ ശരികേടുകളെ വിമർശിക്കാൻ മാറിയ മലയാള സിനിമയ്‌ക്കൊപ്പം പ്രേക്ഷകരുമുണ്ടായി. ആ ഘട്ടത്തിലും തങ്ങളുടെ ഫോർമുലയിൽ തന്നെ സിനിമയെടുക്കുന്ന ദിലീപ് സ്‌കൂൾ തകരാൻ തുടങ്ങി.
ദ്വയാർഥവും സ്‌ത്രീവിരുദ്ധതയും ബോഡി ഷെയിമിങും നിറയുന്ന അധിക്ഷേപങ്ങൾ തമാശയാക്കിയവർ സിനിമയിൽ നിന്ന് സ്വയം പുറന്തള്ളപ്പെട്ടു. അത്തരം സിനിമകൾ കാലാന്ത്യത്തിൽ കുറഞ്ഞു. ഉള്ളവതന്നെ ബോക്‌സോഫീസിൽ തകർന്നടിഞ്ഞു. ദിലീപിന്റെ തകർച്ചയും മലയാള സിനിമയുടെ ന്യൂവേവിന്റെ തുടക്കവും ഒരുമിച്ചാണ് എന്നതാണ് യാഥാർഥ്യം. മലയാളത്തിലെ ഹിറ്റ് സംവിധായകരിൽ ഒരു വിഭാഗവും ഈ ഘട്ടത്തിൽ അപ്രത്യക്ഷമായതും ഇതിന്റെ ഫലമാണ്.
മാറിയ മലയാള സിനിമയ്‌ക്കൊപ്പം മാറിയ പ്രേക്ഷക ആസ്വാദനമാണ് ‘ദിലീപ് സ്‌കൂളി’ന്റെ അന്ത്യത്തിന് വഴിതുറന്നത്. അതിനൊപ്പം ദിലീപിന്റെ പ്രധാന പ്രേക്ഷകരായ കുടുംബം ദിലീപ് സിനിമകളിൽ നിന്ന് അകലംപാലിക്കാൻ തുടങ്ങി. സഹപ്രവർത്തകയ്‌ക്ക് റേപ്പ് ക്വട്ടേഷൻ കൊടുത്ത ക്രിമിനലായത് ഇതിന് തിരിച്ചടി സൃഷ്ടിച്ചു. കേട്ടുകേൾവിയില്ലാത്ത കുറ്റകൃത്യത്തിന്റെ ഭാഗമായത് സ്വാഭാവികമായും ആളുകളിൽ എതിർപ്പുണ്ടാക്കി.
മലയാളത്തിലെ സൂപ്പർസ്റ്റാറുകൾക്ക് മുകളിൽ ആദ്യ ചോയ്‌സായി നിന്നതിൽ നിന്ന് ഇടിവുണ്ടാക്കാൻ അത് കാരണമായി, എന്നാൽ നല്ല സിനിമയുടെ ഭാഗമല്ലാത്ത ഒരാൾക്ക് സമീപകാല മലയാള സിനിമയിൽ നേട്ടമുണ്ടായിട്ടില്ല. പ്രേക്ഷകനെ അവരുടെ സമയം, പണം തുടങ്ങിയവയെ പരിഹസിക്കാത്ത വർക്കുകൾക്ക് മാത്രമാണ് തിയറ്ററിൽ ആളുകയറിയത്. അതേസമയം തന്റെ സോണിന് പുറത്ത് സിനിമ ചെയ്യാൻ ദിലീപിന് കഴിയില്ല. പുതിയ നിരയിലെ മേക്കേഴ്‌സിന് ദിലീപിനെ ആവശ്യവുമില്ല. അതിനാൽ തന്നെ ‘റീ ഇൻട്രൊഡ്യൂസിങ്’ ദിലീപിന് സാധ്യമാകില്ല. ഉള്ളടക്കത്തിൽ മാറ്റത്തിന് ശ്രമിച്ചാലും തന്റെ ഇൻബിൽറ്റ് ശൈലിയിൽ നിന്ന് ദിലീപ് മാറില്ല.
ബാന്ദ്ര, തങ്കമണി തുടങ്ങി സിനിമകളിൽ പോലും ദിലീപ് സ്‌കൂൾ കയറിവന്നു. ദിലീപ് സ്‌കൂൾ സിനിമകളായ കേശു ഈ നാഥൻ, വോയ്‌സ് ഓഫ് സത്യനാഥൻ തുടങ്ങി പ്രിൻസ് ആന്റ് ദി ഫാമിലി വരെ പ്രേക്ഷകർ താൽപര്യം പ്രകടിപ്പിച്ചില്ല. ഒടിടിയിൽ വരെ കാഴ്‌ചക്കാരുണ്ടായില്ല. സാമൂഹ്യ മാധ്യമങ്ങളിൽ ട്രോളുകളേറ്റുവാങ്ങി. കുട്ടികൾ, കുടുംബം എന്നിങ്ങനെ സേഫ് ബെറ്റ് പ്രേക്ഷകരെ ആകർഷിക്കാൻ സിനിമകൾ ചെ്‌യതുനോക്കി. അതെല്ലാം തന്നെയും പൊളിഞ്ഞു. പുതുമയില്ല എന്നതിനപ്പുറം നിലവാരമില്ലായ്‌മയും തിരിച്ചടിയായി. തണ്ണീർ മത്തൻ മുതൽ പ്രേമലു വരെയുള്ള ഗിരീഷ് എ ഡി സിനിമകൾ വിജയിക്കുന്നത് പുതുമയിലല്ല, ക്രാഫ്‌റ്റിലാണ്. ഇതൊന്നുമില്ലാത്ത കാലഹരണപ്പെട്ട സിനിമാ സ്‌കൂളാണ് ദിലീപിന്റേത്.
കേസിൽപ്പെട്ടതുകൊണ്ട് ഒരാൾക്ക് തൊഴിൽ നഷ്ടമാകരുതെന്ന കരുതലിൽ ദിലീപിനെ വെച്ച് സിനിമ ചെയ്‌ത സംവിധായകൻ ബി ഉണ്ണികൃഷ്ണനൊന്നും ദിലീപിനെ രക്ഷിക്കാനായില്ല. നല്ല അഭിപ്രായം ക്രിതൃമമായി സൃഷ്ടിച്ചെടുക്കുന്ന പിആർ വർക്കും വ്യാജ റിവ്യുകളും കൊണ്ടുമൊന്നും സിനിമകളെ രക്ഷിക്കാനാകില്ല. ‘ഞാൻ മലയാള സിനിമയ്‌ക്ക് ഒരുപാട് സംഭാവന ചെയ്‌തതാണ്, എന്റെ സിനിമകളിലൂടെ നാടിന് നികുതി ലഭിച്ചു. നിങ്ങളെ ഒരുപാട് ഞാൻ ചിരിപ്പിച്ചു, ആ ഞാനിപ്പോൾ കരയുകയാണ്. നിങ്ങൾ എന്റെ സിനിമ കാണണം എന്ന് നിലവിളിക്കുന്ന’ ദിലീപും ഈ പിആർ നിർമിതിയുടെ ഭാഗമാണ്. സ്വന്തം സിനിമയുടെ നിർമാതാവായി. ഭാരവാഹിയായി ഇരിക്കുന്ന സംഘടനയെക്കൊണ്ട് ആ സിനിമ വിതരണം ചെയ്യിപ്പിച്ച് നിലനിൽക്കാൻ ശ്രമിക്കുന്ന ദിലീപിന് മലയാള സിനിമയിലും സമുഹത്തിലും സ്ഥാനമുണ്ടാകില്ലെന്ന് പ്രേക്ഷകർ പറയുന്നുണ്ട്.
കേരളത്തിൽ തട്ടിക്കൂട്ട് ഓൺലെെൻ പോർട്ടലുകളും സിനിമ പ്രൊമോഷൻ ഗ്രൂപ്പുകളും കൂണുപോലെ മുളച്ചുപൊന്തിയത് സഹ പ്രവർത്തയ്ക്കെതിരെ റേപ്പ് ക്വട്ടേഷൻ നൽകിയ കേസിൽ ദിലീപ് കുടുങ്ങുമെന്ന് ഉറപ്പായ ഘട്ടത്തിലാണ്. ദിലീപിനെ പാവമാക്കാൻ വാരിയെറിഞ്ഞ പണമായിരുന്നു അതിനുപിന്നിൽ. പിന്നീട് ഇതിൽ പലതും സിനിമ പ്രൊമോഷൻ എന്ന പേരിൽ ഇവിടെ ഇങ്ങനെ നിലനിന്നിരുന്നു. ദിലീപ് സിനിമകൾ വരുമ്പോഴെല്ലാം അവർ നടത്തുന്ന ‘ഓർഗാനിക്കായി’ എന്ന പോലെ സാമൂഹ്യ മാധ്യമങ്ങളിലേക്ക് തള്ളിവിടപ്പെടുന്ന ദിലീപ് ‘നന്മ’കൾ കൊണ്ട് മോശം സിനിമയെ പ്രേക്ഷകരിൽ അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്ന് തിരിച്ചറിയാത്ത സിനിമാക്കാർ ഉള്ളിടത്തോളം കാലം അവർ ഇതേ അച്ചിൽ സിനിമ വാർക്കും. ഇത്തവണ തിരിച്ചെത്താം എന്ന പ്രതീക്ഷയിൽ ‘ദിലീപ് സ്‌കൂൾ’ വക്താക്കൾ സിനിമ ചെയ്യും. എന്നാൽ പ്രേക്ഷകർ നിരാകരണം തുടരുക തന്നെ ചെയ്യും. l