താരാബായിയുടെ സ്ത്രീപുരുഷതുലനം

ഗീതാനസീർ

ഗീതനസീർ

” ദൈവം മാത്രം പരിപാലിച്ചു വരുന്ന ഒരു തോട്ടമാണ് അവൾ.അവൾക്ക് എന്ത് ചെയ്യാൻ കഴിയും? ഭർത്താവ് മരിച്ചാൽ ഭാര്യയെല്ലാം ഉപേക്ഷിച്ച് ‘ഹരിഹരി ശിവ ശിവ’ എന്ന നാമം ജപിച്ച് ജീവിതം കഴിക്കുകയാണ് വേണ്ടതെങ്കിൽ ഭാര്യ മരിച്ച ഭർത്താവും അങ്ങനെ ചെയ്യാത്തതെന്തുകൊണ്ട്? എന്തിനാണ് അയാൾ പുനർവിവാഹിതനായി സന്തോഷിച്ച് ജീവിക്കുന്നത് ? ശാസ്ത്രങ്ങൾ എഴുതി പിടിപ്പിച്ചവർ എന്തുകൊണ്ടാണ് സ്ത്രീക്കുനേരെ മാത്രം ഇത്തരത്തിൽ ഒരു നിശിത വീക്ഷണം വയ്ക്കുന്നത്? ശാസ്ത്രം എഴുതിയവരുടെ വീടിന് ഏതെങ്കിലും ഒരു സ്ത്രീ തീ കൊളുത്തിയിരിക്കണം. വാസ്തവത്തിൽ വേശ്യാഗൃഹങ്ങൾ നിർമ്മിക്കുന്നതിന് പകരം സർക്കാർ ഓരോ വിധവയ്ക്കും ഓരോ ചെറിയ വീടുണ്ടാക്കുകയും നിങ്ങളെപ്പോലുള്ളവരെ അടച്ചുപൂട്ടാൻ വലിയൊരു ജയിൽ ഉണ്ടാക്കുകയും വേണം. ”
മറാത്തി ഭാഷയിൽ 1882 ൽ താരാബായ്‌ ശിന്ദേ എഴുതിയ ” സ്ത്രീപുരുഷ തുലന ” എന്ന പുസ്തകത്തിലെ വരികളാണിത്. കഥാകാരി മാനസിയാണ് താരാബായ് ശിന്ദയേയും ഈ പുസ്തകത്തെയും മലയാളികൾക്ക്   പരിചയപ്പെടുത്തി തരുന്നത്. ഇന്ത്യയിലെ ആദ്യത്തെ ഫെമിനിസ്റ്റ് പുസ്തകം എന്ന് നിസ്സംശയം വിളിക്കാൻ കഴിയുന്ന ഈ പുസ്തകം മറാത്തിയിൽ നിന്നും നേരിട്ടാണ് മാനസി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്. ഇത് ഒരു വെറും പരിഭാഷ അല്ല. മലയാളത്തിലേക്ക് വിവർത്തനം ചെയ്യും മുൻപ് ഈ ഗ്രന്ഥത്തെക്കുറിച്ചും ഗ്രന്ഥകാരിയെ കുറിച്ചും മാനസി ആഴത്തിൽ പഠനം നടത്തിയിട്ടുണ്ട്.
പതിനെട്ടാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഒരു പുസ്തകം ഏതാണ്ട് 134 വർഷങ്ങൾക്ക് ശേഷമാണ് മാനസി തനത് ഭാഷയായ മറാത്തിയിൽ നിന്നും മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്നത്. ആ പുസ്തകം രചിച്ച ആളുടെ നിശ്ചയദാർഢ്യവും  പുസ്തകത്തിന്റെ ഉള്ളടക്കവുമാകാം ഒരുപക്ഷേ മാനസിയെ ഈ ഉദ്യമത്തിന് പ്രേരിപ്പിച്ചത്. ആമുഖമടക്കം മലയാളത്തിൽ ഏതാണ്ട് 72 പേജ് വരുന്ന ഒരു ലഘുലേഖയുടെ സ്വഭാവമുള്ള ഈ രചനയുടെ പ്രസക്തി എന്തായിരിക്കും? പതിനെട്ടു പത്തൊൻപതു നൂറ്റാണ്ടുകളിലായി രാജ്യത്ത് നിലനിന്ന സ്ത്രീപുരുഷബന്ധങ്ങളെയും അവയിൽ വരുന്ന ലിംഗ അനീതികളെയും ചോദ്യം ചെയ്യുന്ന ” സ്ത്രീ പുരുഷ തുലനം ” രാഷ്ട്രീയപരവും ചരിത്രപരവും മതപരവുമായ സമസ്യകൾ ഉയർത്തുന്നുണ്ട്. അത്യധികം പുരുഷകേന്ദ്രീകൃതമായിരുന്ന അന്നത്തെ സാമൂഹ്യപശ്ചാത്തലത്തിൽ സ്ത്രീയെ പാർശ്വവൽക്കരിക്കാനായി പുരാണേതിഹാസങ്ങളെയും സ്മൃതികളെയും കൂട്ടുപിടിച്ച് ,ഒന്ന് ചിറക് വിടർത്താൻ പോലും അവരെ അനുവദിക്കാതെ കൂട്ടിലടക്കുന്ന അതിനിന്ദ്യവും ക്രൂരവുമായ സാമൂഹ്യവ്യവസ്ഥയിൽ അവയെ നിശിതമായി വിമർശിക്കുന്ന ചോദ്യങ്ങൾ ഉയർത്തിക്കൊണ്ടാണ് താരാബായ് രംഗത്ത് വരുന്നത്.

മഹാരാഷ്ട്രയിലെ ബുൾഡാണ എന്ന ചെറിയ പട്ടണത്തിൽ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിൽ ഹെഡ്ക്ലാർക്ക് ആയി ജോലി ചെയ്തിരുന്ന ഹരിഭായി ശിന്ദയുടെ മകളായിരുന്നു താരാബായ്. സാമൂഹിക പരിഷ്കർത്താവ് ജ്യോതിറാവു ഫൂലെയുടെ സത്യാന്വേഷകസമാജത്തിൽ അംഗമായിരുന്നു താരയുടെ പിതാവ്. ഇതൊക്കെയാണെങ്കിലും അക്കാലത്തെ ഏതൊരു ഹിന്ദുസ്ത്രീയെയും പോലെ വീട്ടിൽ അടച്ചിടപ്പെട്ടു തന്നെയാണ് താരയും വളർന്നത്. താര വിവാഹിതയായിരുന്നു എന്നല്ലാതെ മറ്റു വിശദവിവരങ്ങൾ ഒന്നും തന്നെ കൃത്യമായി ആർക്കും അറിയുന്നുണ്ടായിരുന്നില്ല. എന്നാൽ താരതമ്യേന കൂടുതൽ വിദ്യാഭ്യാസവും വീട്ടിനകത്ത് ലഭിച്ച കൂടുതൽ സ്വാതന്ത്ര്യവും സാമൂഹ്യ പരിഷ്കർത്താക്കളുടെ സമ്പർക്കവും മറ്റ് അനുകൂല ഭൗതിക സാഹചര്യങ്ങളും  ഉണ്ടായിരുന്നതിനെ തുടർന്നാണ് താരാബായിക്ക് ഇത്തരമൊരു പുസ്തകം എഴുതാൻ സാധ്യമായതെന്ന് വേണം അനുമാനിക്കാൻ. മറാത്തിയിൽ അച്ചടിച്ച 52 പേജുള്ള പുസ്തകം അക്കാലത്ത് 9 അണക്ക് വിറ്റു എന്നതും അത്ഭുതത്തോടെ മാത്രമേ കാണാൻ പറ്റൂ.കാരണം വായനയും എഴുത്തും പ്രസിദ്ധീകരിക്കലും മറ്റും പുരുഷന്റെ ലോകത്ത് മാത്രം സംഭവിച്ചിരുന്ന ഒരു കാലത്ത് പുരാണേതിഹാസങ്ങളെയും സാമൂഹ്യവ്യവസ്ഥിതിയെയും പുരുഷന്‍ നടപ്പാക്കുന്ന ഇരട്ടത്താപ്പുകളെയും നിശിതമായി വിമർശിക്കാനും പരിഹസിക്കാനും താരാബായ് ധൈര്യപ്പെട്ടത് ഏറ്റവും വിപ്ലവകരമായ പ്രവർത്തനമാണ്. ആധുനിക സമൂഹം മുന്നോട്ടുവയ്ക്കുന്ന തുല്യനീതിയുടെ ആശയങ്ങളെ ഒന്നര നൂറ്റാണ്ടിനു മുൻപ് ഏറ്റവും പ്രതിലോമകരമായ സാമൂഹ്യ വ്യവസ്ഥിതിയിൽ ഉറക്കെ വിളിച്ചു പറയാൻ താരാബായ് കാണിച്ച ധീരത അനന്യസാധാരണമാണ്. ഗുജറാത്തിലെ സൂറത്തിന് അടുത്തുള്ള ഒൽപദ് ഗ്രാമത്തിലെ വിജയലക്ഷ്മി എന്ന ബ്രാഹ്മണവിധവ ഗർഭിണിയാവുകയും പ്രസവിച്ച കുഞ്ഞിനെ ചവറ്റുകൂനയിൽ എറിയുകയും ചെയ്ത സംഭവം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഉണ്ടായ മതവിചാരണയിൽ ക്ഷുഭിതയായാണ് താരാബായ് പൊട്ടിത്തെറിക്കുന്നതും സ്ത്രീപുരുഷതുലനം എന്ന ലഘുലേഖ പുറത്തിറക്കുന്നതും.

ബാലവിധവകൾ ധാരാളമുണ്ടായിരുന്ന സവർണ്ണഹിന്ദുസമൂഹത്തിൽ വിജയലക്ഷ്മിയുടേതുപോലുള്ള സംഭവങ്ങൾ നിരവധിയായിരുന്നു. സ്മൃതിയുടെയും ശ്രുതിയുടെയും പിൻബലം അവകാശപ്പെട്ട പുരുഷാധിപത്യസാമൂഹികവ്യവസ്ഥ അത്തരത്തിൽപ്പെട്ട അനേകം നിഷ്കളങ്കവിധവകളെ സൃഷ്ടിച്ചിരുന്നു. വിജയലക്ഷ്മിയുടെ കുറ്റവും വിചാരണയും മുൻനിർത്തി അന്നത്തെ മറാത്തി  പത്രങ്ങളിൽ ആധുനികവിദ്യാഭ്യാസം നേടിയ പുരഷന്മാരടക്കം ഉയർത്തിയ പാതിവൃത്യ  ചർച്ചകളാണ് താരാബായിയെ പ്രകോപിപ്പിച്ചത്. ഈ പുസ്തകം വെളിച്ചം കാണുന്നതിനും, ഇംഗ്ലീഷിലും ഒടുവിൽ മലയാളത്തിലും വിവർത്തനം ചെയ്യപ്പെടുന്നതിനും നടന്ന ശ്രമങ്ങൾ മാനസി സവിസ്തരം പുസ്തകത്തിന്റെ ആമുഖത്തിൽ പറയുന്നുണ്ട് . 1882 ൽ ഇറങ്ങിയ പുസ്തകം 1975 വരെ എങ്ങിനെ തമസ്ക്കരിക്കപ്പെട്ടു കിടന്നു? പുസ്തകം രചിച്ചത് സ്ത്രീയല്ലെന്നുള്ള പ്രചരണങ്ങൾ എങ്ങിനെ ഉയർന്നുവന്നു ?എന്നതടക്കം മാനസി വസ്തുനിഷ്ഠമായാണ് അടയാളപ്പെടുത്തുന്നത്. ഇന്ത്യയിലെ ആദ്യത്തെ ഫെമിനിസ്റ്റ് പുസ്തകമായ ‘സ്ത്രീപുരുഷതുലന’ യെയും അതിന്റെ രചയിതാവ് താരാബായ് ശിന്ദയേയും പരിചയപ്പെടുത്തുന്നതിൽ മാനസി വഹിച്ച പങ്ക് നിസ്തുലം. ഇത് തുല്യനീതിയുടെ പോരാട്ട ചരിത്രത്തിലെ ഉജ്ജ്വല ഏടാണ്.മലയാളത്തിൽ 2017ൽ ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്..

Hot this week

പ്രകൃതിയിലെ വിസ്മയങ്ങൾ – Stilt-legged flies

Micropezidae എന്ന കുടുംബത്തിൽപ്പെട്ട ഒരിനം യഥാർത്ഥ ഈച്ചകളാണ് Stilt-legged flies. മെലിഞ്ഞ...

നിറങ്ങൾ തൻ നൃത്തം – കെ ജി സുബ്രഹ്മണ്യൻ

ലോകപ്രശസ്തചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം ‘ കൂത്തുപറമ്പ്...

ഹിംസയുടെ തിരക്കാഴ്‌ച

മലയാള സിനിമയുടെ ഉള്ളടക്കത്തിലേക്ക്‌ അടുത്ത കാലത്തായി രൂക്ഷമായ വയലൻസും രക്തച്ചൊരിച്ചിലും കടന്ന്‌...

28ഓ 14ഓ വലുത് ?

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയായി ഏറ്റവും കൂടുതൽ കാലം ജയിൽവാസം അനുഭവിച്ചതാര് എന്ന...

Topics

പ്രകൃതിയിലെ വിസ്മയങ്ങൾ – Stilt-legged flies

Micropezidae എന്ന കുടുംബത്തിൽപ്പെട്ട ഒരിനം യഥാർത്ഥ ഈച്ചകളാണ് Stilt-legged flies. മെലിഞ്ഞ...

നിറങ്ങൾ തൻ നൃത്തം – കെ ജി സുബ്രഹ്മണ്യൻ

ലോകപ്രശസ്തചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം ‘ കൂത്തുപറമ്പ്...

ഹിംസയുടെ തിരക്കാഴ്‌ച

മലയാള സിനിമയുടെ ഉള്ളടക്കത്തിലേക്ക്‌ അടുത്ത കാലത്തായി രൂക്ഷമായ വയലൻസും രക്തച്ചൊരിച്ചിലും കടന്ന്‌...

28ഓ 14ഓ വലുത് ?

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയായി ഏറ്റവും കൂടുതൽ കാലം ജയിൽവാസം അനുഭവിച്ചതാര് എന്ന...

നികുതിവല ഭേദിക്കുന്ന വമ്പന്‍ സ്രാവുകള്‍

ജൂലൈ 31 ന് അവസാനിച്ച ആദായനികുതി റിട്ടേണ്‍ സമര്‍പ്പണത്തിന്‍റെ തിരക്കില്‍ നിന്ന്...

കായികപ്രകടനവും  ജനിതകഘടകങ്ങളുടെ സ്വാധീനവും

കായികരംഗത്തെ മികവും അതിശയകരമായ പ്രകടനവും കേവലം കഠിനപരിശീലനം, സമീകൃതപോഷകാഹാരം, മാനസികദൃഢത, ശാസ്ത്രീയമായ...

സവർക്കർ വീരനല്ല, ദേശീയവഞ്ചകനും അധമനായ ഭീരുവുമാണ്

വിദ്യാർത്ഥികൾക്കുള്ള സ്വാതന്ത്ര്യക്വിസ്സിനായി സവർക്കറെ ത്യാഗവര്യനായ സ്വാതന്ത്ര്യസമരസേനാനിയായി ആദർശവൽക്കരിക്കുന്ന ചോദ്യം തയ്യാറാക്കിയ സ്‌കൂൾ...
spot_img

Related Articles

Popular Categories

spot_imgspot_img