ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും വേണ്ടി ആയിരക്കണക്കിന് വർഷങ്ങൾക്കുമുൻപ് മുതൽ യോഗ ഒരു ജീവിതശൈലിയായി അനുഷ്ഠിച്ച് വരുന്നുണ്ട്. യോഗ എന്നാൽ കൂടിച്ചേരുക അല്ലെങ്കിൽ സംയോജിക്കുക എന്നാണ് അർഥം, സംസ്കൃതത്തിലെ “യുജ്”എന്ന പദത്തിൽ നിന്നാണ് യോഗ എന്ന വാക്ക് ഉണ്ടായത്. ആരോഗ്യകരമായ ജീവിതത്തിന്റെ കലയും ശാസ്ത്രവുമാണ് യോഗ. മനസ്സും ശരീരവും തമ്മിൽ യോജിപ്പുണ്ടാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അതിസൂക്ഷ്മമായ ഒരു ശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള അച്ചടക്കമാണിത്. യോഗയുടെ സമഗ്രമായ സമീപനം ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഐക്യം കൊണ്ടുവരുന്നു. ഇന്ത്യയുടെ പൗരാണിക പാരമ്പര്യത്തിൽ അയ്യായിരത്തിലേറെ വർഷം പഴക്കമുള്ള മഹത്തായ സംഭാവനയാണ് യോഗ. മനുഷ്യന്റെ ആരോഗ്യപരിപാലനത്തിന്റെ ഭാഗമായി ഇന്ന് ലോകമെമ്പാടും യോഗ വളരെയധികം പ്രചാരം നേടിക്കഴിഞ്ഞു. തുടർച്ചയായ യോഗ പരിശീലനത്തിലൂടെ വ്യക്തിയുടെ പെരുമാറ്റത്തിലും ചിന്താ രീതിയിലും നിലപാടിലും വ്യത്യാസം ഉണ്ടാക്കുവാൻ സാധിക്കുന്നതോടൊപ്പം സംവേദന ശേഷിയും വൈകാരികബുദ്ധിയും വിവേകവും കരുത്തും സഹജാവബോധവും നേടിയെടുക്കുന്നതിനും കഴിയുന്നു. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ളതും അല്ലാത്തതുമായ ഇരുന്നൂറിൽപ്പരം രാജ്യങ്ങളിൽ യോഗാദിനം വളരെ സമുചിതമായ രീതിയിൽ തന്നെ ആഘോഷിച്ചു വരികയാണ്. മനുഷ്യന്റെ ആരോഗ്യത്തിനും നന്മയ്ക്കുമുതകുന്ന സമഗ്രമായ ജീവിതശീലമായി യോഗയെ പരിഗണിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം ഐക്യരാഷ്ട്രസഭയിലെ പൊതുസഭയിൽ അംഗീകരിക്കപ്പെട്ടു. ഇതിന്റെ ഭാഗമായി ഇന്ത്യ ഉൾപ്പെടുന്ന ഉത്തരാർദ്ധഗോളത്തിലെ ഏറ്റവും ദൈർഘ്യമേറിയ പകൽ അനുഭവപ്പെടുന്ന ദിവസമായ ജൂൺ 21 ആണ് അന്തർ ദേശീയ യോഗാദിനമായി തിരഞ്ഞെടുക്കപ്പെട്ടത്. യോഗ നൽകുന്ന സമഗ്രമായ നേട്ടങ്ങളെക്കുറിച്ച് അവബോധം വളർത്തുകയാണ് ഈ ദിനത്തിന്റെ ലക്ഷ്യം. നമ്മുടെ വേഗതയേറിയ ജീവിതത്തിൽ സന്തുലിതാവസ്ഥ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യം ഇത് ഊന്നിപ്പറയുകയും ശാരീരികവും മാനസികവും സാമൂഹികവും വൈകാരികവുമായ വശങ്ങളിൽ ഐക്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. മനഃസാന്നിധ്യം വളർത്തിയെടുക്കാനും മാനസിക സമ്മർദ്ദം കുറയ്ക്കാനും നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യവും ചൈതന്യവും വർദ്ധിപ്പിക്കാനും യോഗ സഹായിക്കുന്നു.
2025ലെ അന്താരാഷ്ട്ര യോഗദിനത്തിന്റെ ഔദ്യോഗിക തീം ആയ “ഭൂമിക്കും ആരോഗ്യത്തിനും വേണ്ടി യോഗ’ (Yoga for One Earth, One Health) എന്നത് സമകാലിക ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് വെല്ലുവിളികളായ വ്യക്തിഗത ആരോഗ്യം ക്ഷയിക്കുന്നതും പാരിസ്ഥിതികമായ പ്രതിസന്ധികളും ലോകത്തെ ഓർമിപ്പിക്കുന്നു. ഈ തീം കേവലം ഒരു മുദ്രാവാക്യമല്ല, മറിച്ച് യോഗയുടെ ആഴത്തിലുള്ള ദാർശനിക അടിത്തറയെയും ആഗോളതലത്തിൽ ആരോഗ്യത്തെയും പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള സുപ്രധാന പങ്കിനെയും അടിവരയിടുന്നു. വ്യക്തിയുടെ ആന്തരിക ലോകവും ബാഹ്യ ലോകവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെക്കുറിച്ചുള്ള യോഗയുടെ കാഴ്ചപ്പാടാണ് ഈ തീമിന്റെ ദാർശനിക കാതൽ. യോഗദർശനത്തിൽ എല്ലാ ജീവജാലങ്ങളുടെയും നിലനിൽപ്പിന് ആധാരമായ പ്രകൃതിക്ക് പ്രത്യേക സ്ഥാനം നൽകിയിട്ടുണ്ട്. യോഗാസനങ്ങളിൽ പലതിനും പ്രകൃതിയിലെ ജീവജാലങ്ങളുടെയും വസ്തുക്കളുടെയും പേരുകളാണ് നൽകിയിരിക്കുന്നത്. ഇത് പ്രകൃതിയോടുള്ള ആദരവിനെയും സ്നേഹത്തെയും സൂചിപ്പിക്കുന്നു. “ഒരു ഭൂമിക്കും ആരോഗ്യത്തിനും വേണ്ടി യോഗ’ എന്ന തീം പ്രകൃതിയോടുള്ള ഈ സഹാനുഭൂതിയെ വീണ്ടും ഓർമ്മിപ്പിക്കുന്നു. പരിസ്ഥിതി മലിനീകരണം, വനനശീകരണം, കാലാവസ്ഥാവ്യതിയാനം എന്നിവ ഭൂമിയുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നു. ഇത് മനുഷ്യന്റെ ആരോഗ്യത്തിനും ഭീഷണിയുയർത്തുന്നു. യോഗയുടെ തത്വങ്ങളായ അഹിംസ, അപരിഗ്രഹം എന്നിവ പ്രകൃതിയോടുള്ള ചൂഷണ മനോഭാവം മാറ്റാനും പരിസ്ഥിതിയെ സംരക്ഷിക്കാനും ജനങ്ങളെ പ്രേരിപ്പിക്കുന്നു.യോഗയുടെ ദർശനം ലളിതവും സുസ്ഥിരവുമായ ഒരു ജീവിതശൈലിയെ പ്രോത്സാഹിപ്പിക്കുന്നു. അത്യാഗ്രഹം ഒഴിവാക്കുക, ആവശ്യത്തിന് മാത്രം ഉപയോഗിക്കുക, പ്രകൃതി വിഭവങ്ങളെ സംരക്ഷിക്കുക തുടങ്ങിയ യോഗയുടെ തത്വങ്ങൾ പരിസ്ഥിതിസൗഹൃദപരമായ ഒരു ജീവിതം നയിക്കാൻ സഹായിക്കും. ഇന്നത്തെ ആവശ്യങ്ങൾ നിറവേറ്റുന്നതോടൊപ്പം ഭാവി തലമുറയ്ക്ക് വേണ്ടി പ്രകൃതിവിഭവങ്ങളെ സംരക്ഷിക്കേണ്ടത് മനുഷ്യന്റെ കടമയാണ്. യോഗയുടെ തത്വങ്ങൾ വ്യക്തിഗത തലത്തിൽ മാറ്റങ്ങൾ വരുത്താൻ നമ്മെ പ്രേരിപ്പിക്കുകയും സാമൂഹിക തലത്തിൽ വലിയ സ്വാധീനം ചെലുത്തുകയും ചെയ്യും.
അന്താരാഷ്ട്ര യോഗാദിന ചരിത്രം
2014-ൽ ഐക്യരാഷ്ട്രസഭയിലെ പൊതുസഭയെ അഭിസംബോധന ചെയ്യുന്നതിനിടെ യോഗയ്ക്കായി ഒരു അന്താരാഷ്ട്ര ദിനം എന്ന ആശയം ഇന്ത്യ മുന്നോട്ടുവച്ചതാണ് അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ പിറവിക്ക് കാരണമായത്. യോഗ ശാരീരിക വ്യായാമം മാത്രമല്ല ലോകത്തോടും പ്രകൃതിയോടും ഐക്യബോധം കണ്ടെത്തുന്നതിനുള്ള ഒരു ഉപാധി കൂടിയാണ്. മറ്റു ലോകരാജ്യങ്ങളുടെ പിന്തുണകൂടി ലഭിച്ചതോടെ ഇന്ത്യയുടെ നിർദ്ദേശം സ്വീകരിക്കപ്പെട്ടു. 2014 ഡിസംബർ 11-ന് ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലി 69/131 എന്ന നിലയിൽ പ്രമേയം അംഗീകരിക്കപ്പെടുകയും ജൂൺ 21ന് അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിക്കുകയും ചെയ്തു. യോഗയുടെ നിരവധി ഗുണങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനായി എല്ലാ രാജ്യങ്ങളോടും എല്ലാ വർഷവും അന്താരാഷ്ട്ര യോഗ ദിനം സമുചിതമായി ആചരിക്കണമെന്ന് യുഎൻ ആവശ്യപ്പെടുന്നു. ലോകമെമ്പാടുമുള്ള 200ലധികം രാജ്യങ്ങളിൽ യോഗാദിന പരിപാടികൾ വളരെ വിപുലമായ രീതിയിലാണ് ആഘോഷിച്ചു വരുന്നത്.
ആരോഗ്യപരിപാലന മാർഗം
മാനവരാശിയുടെ ക്ഷേമത്തിനും ജീവിത സൗഖ്യത്തിനും ഗുണകരമാകുന്ന സമഗ്ര കർമ്മ പദ്ധതിയാണിതെന്നും ലോകത്ത് ക്രമാതീതമായി വർദ്ധിക്കുന്ന ജീവിതശൈലീരോഗങ്ങളെ പ്രതിരോധിക്കുവാൻ ഉപകാരപ്രദമായ മാർഗമായും യോഗയെ പൊതുവിൽ കരുതാം. ശരീരത്തിനും മനസ്സിനും കരുത്തും ദൃഢതയും വർദ്ധിക്കുവാൻ ഇത് സഹായിക്കുന്നു. സൗഖ്യം അഥവാ വെൽനസ് എന്ന ആത്യന്തിക അവസ്ഥയിലേക്ക് വ്യക്തിയെ നയിക്കുവാൻ കഴിയുന്നു. ഇത്തരത്തിൽ സമാനമായ നേട്ടങ്ങൾ ദിവസേനയുള്ള യോഗ പരിശീലനത്തിലൂടെ നേടുവാൻ കഴിയുന്നതിനാൽ കായികാരോഗ്യപരിപാലന മാർഗ്ഗമായി യോഗയെ സ്വീകരിക്കാവുന്നതാണ്. വിവിധ ശാരീരിക പ്രശ്നങ്ങൾ പരിഹരിക്കുവാനുള്ള ചികിത്സാരീതിയായി ‘യോഗതെറാപ്പി’ എന്ന മേഖല അടുത്തകാലത്തായി വളരെയധികം വികാസം പ്രാപിച്ചിട്ടുണ്ട്. യോഗ ജനകീയമാക്കുന്നതിന്റെ ഭാഗമായി ഇതിനെ ഒരു കായിക ഇനമായി അംഗീകരിച്ചിട്ടുണ്ട്. സ്കൂൾ തലം മുതൽ സർവകലാശാലാതലം വരെയുള്ള വിദ്യാർഥികൾക്ക് വിവിധ കാറ്റഗറി അനുസരിച്ചുള്ള മത്സരങ്ങൾ ഇന്ന് നടന്നുവരികയാണ്. ഇത്തരം മത്സരങ്ങൾ നേരിട്ടും ഓൺലൈൻ രീതിയിലും വിവിധ തലങ്ങളിലായി നടന്നുവരുന്നത് യോഗയുടെ ജനപ്രീതിയും അടിത്തറയും വിപുലപ്പെട്ടതിന്റെ ഉത്തമോദാഹരണമാണ്.
മഹാകവി കാളിദാസന്റെ കുമാരസംഭവത്തിലെ “ശരീരമാദ്യം ഖലു ധർമ്മ സാധനം” എന്ന പ്രശസ്ത വചനം ആധുനിക കാലത്ത് വളരെയധികം പ്രാധാന്യമർഹിക്കുന്നു. ശരീര പരിരക്ഷയുണ്ടെങ്കിലേ മറ്റു ധർമ്മങ്ങൾ പാലിക്കപ്പെടാൻ സാധിക്കുകയുള്ളൂ എന്നതിനാൽ യോഗയുടെ പ്രാധാന്യം ഇതിൽ കൃത്യമായ രീതിയിൽ പരാമർശിക്കപ്പെടുന്നുണ്ട്. ആധുനിക ലോകത്തിന്റെ മാറ്റം മനുഷ്യ ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്. വ്യക്തിഗതമായ കാര്യങ്ങൾ പോലും നിർവഹിക്കുവാൻ മറ്റുള്ളവരെ ആശ്രയിക്കുന്ന പ്രവണതയും അലസതയും ഇന്ന് കൂടിവരികയാണ്. “അലസമായ മനസ്സ് പിശാചിന്റെ പണിപ്പുരയാണ്’ എന്ന പഴഞ്ചൊല്ല് വർത്തമാനകാല സമൂഹത്തിലെ നിരവധിയാളുകളിൽ പ്രതിഫലിക്കുന്നുണ്ട്. സുഭിക്ഷമായി ഭക്ഷണം കഴിച്ച് ചലനരഹിതരായി വെറുതെയിരിക്കുന്ന ആളുകളിൽ സംഭരിക്കുന്ന അധികോർജ്ജത്തെ ഫലപ്രദമായി വിനിയോഗിക്കുവാൻ സാധിക്കുന്നില്ല എന്നുള്ളത് യാഥാർഥ്യമാണ്. ഇന്ന് സമൂഹത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മൂല്യച്യുതിക്കും തെറ്റായ മനോഭാവത്തിനും ഇതെല്ലാം ഒരു പ്രധാന കാരണമായി കാണേണ്ടിവരും പലപ്പോഴും ജീവിത ശൈലി രോഗങ്ങൾ ഉള്ളവരെയാണ് സാംക്രമികരോഗങ്ങൾ രൂക്ഷമായി ബാധിക്കുന്നത്. ഇത്തരക്കാർ പൊതുവേ യാതൊരുവിധ ശാരീരിക ചലനവും കായികാധ്വാനവും ഇല്ലാതെ പൂർണമായും ശാരീരിക നിശ്ചലാവസ്ഥ പാലിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ജനങ്ങളുടെ ആരോഗ്യപരിപാലന സംവിധാനങ്ങളുടെ ചിലവ് ഗണ്യമായി വർധിച്ചുവരികയാണ്. മനുഷ്യ അധ്വാനത്തിന്റെ ശോഷണത്തിന് കാരണമാകുന്ന ഇത്തരം സംഭവവികാസങ്ങൾ കാലക്രമേണ സമൂഹത്തിന് അധിക ബാധ്യത ഉണ്ടാക്കുമെന്നതിൽ തർക്കമില്ല.
യോഗ ഒളിമ്പ്യാഡ്
രാജ്യത്തുടനീളമുള്ള സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ യോഗ പ്രോത്സാഹിപ്പിക്കുന്നതിനും സ്കൂൾ പാഠ്യപദ്ധതിയിൽ യോഗയെ സമന്വയിപ്പിക്കുന്നതിനുമുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമായാണ് യോഗ ഒളിമ്പ്യാഡ് സംഘടിപ്പിക്കുന്നത്. യോഗയുടെ പ്രയോജനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും സമഗ്രമായ വികസനത്തിനായി യോഗ സ്വീകരിക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് പ്രാഥമിക ലക്ഷ്യം.സ്കൂൾ, ജില്ല, സംസ്ഥാനം, ദേശീയം തുടങ്ങിയ വിവിധ ഘട്ടങ്ങളിലൂടെ തിരഞ്ഞെടുത്ത ഇന്ത്യയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ യോഗ ഒളിമ്പ്യാഡിൽ മത്സരിക്കും. എസ്‌സിഇആർടിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന യോഗ ഒളിമ്പ്യാഡിൽ സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 224 യോഗാ പ്രതിഭകളാണ് പങ്കെടുക്കുന്നത്. 2016 മുതൽ ആരംഭിച്ച യോഗ ഒളിമ്പ്യാഡ് കോവിഡ് മൂലം 2 വർഷം തടസ്സപ്പെട്ടുവെങ്കിലും 2022 മുതൽ കൂടുതൽ സജീവമായി നടത്തുകയാണ്. യോഗയുടെ പ്രചാരവും പ്രസക്തിയും സമൂഹമാകെ വ്യാപിക്കുകയും അതിലൂടെ സ്കൂൾ വിദ്യാർത്ഥികളിൽ ആരോഗ്യപരിപാലനത്തിന്റെ മികച്ച സന്ദേശം പകരുവാനും യോഗ ഒളിമ്പ്യാഡിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നു. സംസ്ഥാനതല യോഗ ഒളിമ്പ്യാഡിന് നേതൃത്വം നൽകുന്നത് SCERT കേരളമാണ്. സംസ്ഥാനതലത്തിൽ വിജയികൾ ആകുന്ന ഏറ്റവും മികച്ച പ്രതിഭകൾ NCERT നടത്തുന്ന ദേശീയ യോഗ ഒളിമ്പ്യാഡിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കും. ഈ വർഷത്തെ ദേശീയ യോഗ ഒളിമ്പ്യാഡ് കന്യാകുമാരിയിലെ വിവേകാനന്ദ കേന്ദ്രത്തിൽ വച്ച് 2025 ജൂൺ 14 മുതൽ 18 വരെ നടക്കും. 2021-‐22 അധ്യയനവർഷത്തിൽ ഡൽഹിയിൽ വച്ച് നടന്ന ദേശീയ യോഗാ ഒളിമ്പ്യാഡിൽ കേരളം ഓവറോൾ ചാമ്പ്യന്മാരായിരുന്നു.
ലോകത്തുള്ള വ്യത്യസ്ത ജാതി, മത, വർഗ്ഗ, വർണ്ണ വിഭാഗത്തിൽപ്പെടുന്നവരും വിഭിന്ന സംസ്കാരങ്ങളിൽ ജീവിക്കുന്നവരുമായ ജനങ്ങൾക്കിടയിൽ സംഭവിക്കുന്ന എല്ലാത്തരം സംഘർഷങ്ങളെയും സമചിത്തതയോടെ പരിഹരിക്കുവാനുള്ള സമീപനം യോഗ പകർന്നുനൽകുന്നു. 1893 ലെ ചരിത്രപ്രസിദ്ധമായ ചിക്കാഗോ സർവ്വമത പ്രസംഗത്തിൽ പാശ്ചാത്യലോകത്തിന് യോഗയെ പരിചയപ്പെടുത്തുന്നതിൽ സ്വാമിവിവേകാനന്ദൻ വഹിച്ച പങ്കു വളരെ നിസ്തുലമാണ്. അന്തർദേശീയതലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഈ സമ്മേളനം യോഗയുടെ വളർച്ചാവികാസത്തിന് നിർണായക വഴിത്തിരിവായിരുന്നു. ഇന്ത്യയുടെ ഭാവിയെക്കുറിച്ചുള്ള നൂതന കാഴ്ചപ്പാടുകൾ രൂപപ്പെടുത്തുന്നതിൽ യുവജനങ്ങൾക്ക് വലിയ പ്രാധാന്യം നൽകണമെന്ന് അദ്ദേഹം നിരന്തരം ആവശ്യപ്പെട്ടിരുന്നു. “എഴുന്നേൽക്കൂ, ഉണരൂ, ലക്ഷ്യം നേടുംവരെ പരിശ്രമിക്കു’ എന്ന അദ്ദേഹത്തിന്റെ ആഹ്വാനം യുവജനങ്ങളെ എല്ലായ്‌പോഴും ഉത്തേജിപ്പിക്കുന്ന വാചകമാണ്. വിവേകാനന്ദന്റെ വിദ്യാഭ്യാസ സങ്കൽപ്പം പരിവർത്തനാത്മകമാണ്. “മനുഷ്യനിൽ അന്തർലീനമായിരിക്കുന്ന പൂർണ്ണതയുടെ പ്രകാശനമാണ് വിദ്യാഭ്യാസം’ എന്ന് അദ്ദേഹം ലോകത്തോട് വിളിച്ചുപറഞ്ഞു. കേവലം പുസ്തകങ്ങളിൽ നിന്നുള്ള വിജ്ഞാനം നേടുന്നതിനപ്പുറം വ്യക്തിയുടെ ശാരീരികവും മാനസികവും സാമൂഹികവും ബൗദ്ധികവും ധാർമ്മികവുമായ സമഗ്രമായ വികസനം ലക്ഷ്യമിട്ടുള്ളതായിരിക്കണം വിദ്യാഭ്യാസമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. യോഗയുടെ അന്തസത്ത വിദ്യാർത്ഥികളിലേക്കും എത്തിക്കുന്നതിന് വേണ്ടി സംസ്ഥാന,ദേശീയ പാഠ്യപദ്ധതികളിൽ പ്രധാന ഉള്ളടക്കം മേഖലയായി ഇത് ഉൾപ്പെടുന്നുണ്ട്. രാജ്യത്തെ പ്രധാനപ്പെട്ട സർവ്വകലാശാലകളും കലാലയങ്ങളും യോഗയുമായി ബന്ധപ്പെട്ട ബിരുദ, ബിരുദാനന്തര കോഴ്സുകളും ഗവേഷണ പഠനങ്ങളും നടത്തിവരുന്നുണ്ട്. മതനിരപേക്ഷ കാഴ്ചപ്പാടും മാനവികമായ മൂല്യങ്ങളും സമൂഹത്തിൽ വ്യാപിപ്പിക്കുന്നതിൽ യോഗ വഹിച്ചിട്ടുള്ള പങ്ക് ചെറുതല്ല. ഇന്ന് ലോകവ്യാപകമായി മാനുഷിക മൂല്യച്യുതികൾ സംഭവിക്കുമ്പോൾ അതിനെതിരായ ബദൽ സന്ദേശങ്ങളാണ് യോഗ ലോകത്തിന് കാട്ടിക്കൊടുക്കുന്നത്. യോഗയെ വർഗീയവൽക്കരിക്കുവാനും സ്വജന പക്ഷപാതത്തോടുകൂടിയ ബോധപൂർവ്വമായ ഇടപെടൽ നടത്തുവാനും വലിയൊരു വിഭാഗം മതതീവ്രവാദികൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ അതിന് ബദലായി യോഗയെ മതനിരപേക്ഷവും ജനാധിപത്യവത്കൃതവും ആക്കുവാനുള്ള തീവ്രമായ ശ്രമങ്ങളും ജനാധിപത്യ വിശ്വാസികളുടെ ഭാഗമായി നടന്നുവരുന്നത് പ്രതീക്ഷയേകുന്നു. യോഗയുടെ ആത്യന്തികമായ അന്തസത്ത യോഗ ഒളിമ്പ്യാഡിലൂടെ പൊതു വിദ്യാലയങ്ങളിലെ കുട്ടികൾക്ക് വിനിമയം ചെയ്യപ്പെടുന്നതിലൂടെ മനുഷ്യ സ്നേഹത്തിന്റെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ജയപരാജയങ്ങളെ കൃത്യമായി ഉൾക്കൊള്ളുവാനുള്ള ശേഷി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഉദാത്തമായ മാതൃക സൃഷ്ടിക്കുവാൻ കഴിയുന്നു.
ആധുനിക ലോകത്തെ ജോലിത്തിരക്കിനിടയിൽ ശരീരത്തിന്റെ ആവശ്യകതകളടക്കം പ്രാധാന്യമുള്ള പല കാര്യങ്ങളെയും നാം അവഗണിക്കാറാണ് പതിവ്. ശാസ്ത്രീയമായ ഡയറ്റ് പ്ലാനുകളെയും വ്യായാമ പദ്ധതികളെയും കുറിച്ചുള്ള ചിന്തകളെ മാറ്റിവെച്ചുകൊണ്ട് അടുത്ത ദിവസം നടക്കാനിരിക്കുന്ന ജോലിത്തിരക്കിനെപറ്റിയുള്ള വേവലാധികളായിരിക്കും മനസിനെ എല്ലായ്പ്പോഴും അലട്ടിക്കൊണ്ടിരിക്കുന്നത്. സ്ഥിരമായ യോഗപരിശീലനത്തിലൂടെ ശരീര വഴക്കം വർദ്ധിപ്പിക്കുവാനും പേശികളുടെ കരുത്തും സ്ഥിരതയും നേടിയെടുത്തുകൊണ്ട് സന്ധി വേദന, പേശിവേദന, നടുവേദന തുടങ്ങിയ പ്രശ്നങ്ങൾ ക്രമേണ കുറയ്ക്കുവാനും സഹായിക്കുന്നു. യോഗാപരിശീലനം ഹൃദയശ്വസന ക്ഷമതയെ ഏറ്റവും മികച്ച രീതിയിലാണ് സ്വാധിനിക്കുന്നത്. പ്രാണായാമ മാർഗങ്ങൾ സ്വായത്തമാക്കുന്നതിലൂടെ ശ്വാസോച്ഛ്വാസ രീതികളുമായി കൂടുതൽ ഇടപഴകാനാകും. ശ്വസന വ്യായാമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ശാരീരിക സമ്മർദ്ദത്തെ ഫലപ്രദമായി കൈകാര്യം ചെയ്യാൻ കഴിയുന്നു. ആസ്ത്മ, വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങൾ എന്നിവയുള്ളവർക്ക് ശ്വസന വ്യായാമങ്ങൾ ചെയ്യുന്നത് വഴി ആരോഗ്യ ശൈലിയിൽ വലിയ വ്യത്യാസമുണ്ടാക്കിയെടുക്കാനാകുന്നു. ദിവസവും കൃത്യമായ ഉറക്കവും വിശ്രമവും ലഭിച്ചെങ്കിൽ മാത്രമേ ശരീരത്തെ എപ്പോഴും ആരോഗ്യമുള്ളതാക്കി നിലനിർത്താനാവുകയുള്ളൂ. ഉറങ്ങാനായി ഗുളികകളെ ആശ്രയിക്കുന്നവർ യോഗ ജീവിതത്തിന്റെ ഭാഗമാക്കുന്നത്തിലൂടെ ഇത്തരം പ്രശ്നങ്ങളെ അനായാസം പരിഹരിക്കുവാനാകും. ആരോഗ്യസംരക്ഷണം വ്യക്തിഗത ഉത്തരവാദിത്തമാണെന്ന ചിന്ത ഓരോരുത്തരിലും ഉണ്ടാകുമ്പോൾ മാത്രമാണ് വ്യായാമത്തിന്റെ ഭാഗമായി യോഗയും പരിശീലിക്കാൻ താല്പര്യം കാട്ടുന്നത്.കരുത്തും കായികക്ഷമതയും കരസ്ഥമാക്കിക്കൊണ്ട് ആധുനികതയുടെ ഉത്പന്നമായ ജീവിതശൈലി രോഗങ്ങൾക്കെതിരെയുള്ള പോരാട്ടം നടത്തി വിജയം കരസ്ഥമാക്കുന്നതിന് നിരന്തരമായ പരിശ്രമം അനിവാര്യം ആയേ മതിയാകൂ. യോഗയിലൂടെ മുന്നോട്ടു വയ്ക്കുന്ന ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളും പൂർണമായ തലത്തിൽ ഉൾക്കൊണ്ട് ആരോഗ്യ പൂർണമായ ജീവിതം നയിക്കുവാൻ എല്ലാ വിഭാഗം ജനങ്ങൾക്കും സാധിക്കട്ടെയെന്ന് ആത്മാർഥമായി ആഗ്രഹിക്കാം. l