സ്ത്രീപക്ഷ സിനിമകളാൽ 
സമ്പന്നമായ മേള

രേണു രാമനാഥ്

കേരളത്തിന്റെ ഇരുപത്തൊമ്പതാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ‘സുവർണ്ണ ചകോരം’ നേടിയ ബ്രസീലിയൻ ചിത്രം ‘മലു’വിന്റെ സംവിധായകൻ പെദ്രോ ഫ്രെയെ ഒരു ഇന്റർവ്യൂവിൽ പറയുന്നുണ്ടായിരുന്നു, ആ ചിത്രം നിർമ്മിക്കുന്നതിനിടയിൽ താൻ പലവട്ടം കരഞ്ഞുപോയിരുന്നെന്ന്.

വളരെ പ്രധാനപ്പെട്ടൊരു കാര്യമാണു പെദ്രോ ഫ്രെയെ എന്ന ചലച്ചിത്രകാരനവിടെ പറഞ്ഞുവെയ്ക്കുന്നത്. സ്വന്തം അമ്മയുടെ ജീവിതകഥ ചലച്ചിത്രമാക്കുമ്പോൾ ഏതൊരു മകനും നേരിടേണ്ടിവരുന്ന ആത്മസംഘർഷത്തെയും വൈകാരികസ്ഫോടനങ്ങളെയും മറയില്ലാതെ തുറന്നുസമ്മതിക്കുക മാത്രമല്ല പെദ്രോ ചെയ്യുന്നത്. കരച്ചിൽ ഒരു പുരുഷനെ സംബന്ധിച്ച് വിലക്കപ്പെട്ടതല്ല എന്ന് വളരെ ലളിതമായി പറയുക കൂടിയാണ്. ഒറ്റനോട്ടത്തിൽ തീർത്തും സാധാരണമെന്നു തോന്നുന്ന ഈയൊരു പ്രസ്താവം, ഇരുപത്തൊമ്പതാമത് IFFK-യിൽ എത്തിയിരുന്ന ഭൂരിപക്ഷമെന്നുതന്നെ പറയാവുന്ന ചിത്രങ്ങളുടെയൊക്കെ പൊതുസ്വഭാവത്തെ മനസ്സിലാക്കാൻ ഏറെ സഹായകമാവുന്നു.

പി കെ റോസി

സ്ത്രൈണതയുടെയും പൗരുഷത്തിന്റെയും വാർപ്പുമാതൃകകളുടെ ഘോഷയാത്ര വാണിജ്യസിനിമയുടെ മാത്രം സവിശേഷതയല്ലെന്ന് ഗൗരവമായി സിനിമയെ സമീപിക്കുന്നവർക്കൊക്കെ അറിയാവുന്നതാണല്ലോ. കാലങ്ങളായി, ‘ആർട്ട് സിനിമ’യിലും, ‘അവാങ് ഗാർഡ് സിനിമ’യിലും, പരീക്ഷണാത്മകചിത്രങ്ങളിലുമെല്ലാം ഈ പുരുഷകേന്ദ്രീകൃതത്വം തീർത്തും സ്വാഭാവികമായൊരു പ്രകൃതിനിയമം പോലെ നിലനിന്നുപോരുന്നുണ്ട്. കേന്ദ്രകഥാപാത്രമായ പുരുഷന്റെ ആത്മസംഘർഷങ്ങളുടെയും സ്വത്വാനേഷണങ്ങളുടെയുമെല്ലാം പശ്ചാത്തലമായി, വേണ്ട നേരത്ത് പിന്തുണ നൽകിക്കൊണ്ട് നിലകൊള്ളുകയെന്നതാണ്- പൊതുവെ സ്ത്രീകഥാപാത്രങ്ങളുടെ ചുമതല. തീർച്ചയായും, അപവാദങ്ങൾ ഇല്ലെന്നല്ല. എങ്കിലും, പൊതുവെയുള്ള രീതി അതാണ്.

പക്ഷേ, കേരളത്തിലോ ഇന്ത്യയിലോ മാത്രമല്ല, ലോകസിനിമയിൽ തന്നെ ഈ ജെൻഡർ വാർപ്പുമാതൃകകളോടുള്ള സമീപനത്തിൽ വന്നുകൊണ്ടിരിക്കുന്ന ഗുണപരമായ മാറ്റം ഈ വർഷത്തെ ചലച്ചിത്രമേളയിലെത്തിയ വലിയൊരു വിഭാഗം ചലച്ചിത്രങ്ങളിൽ ദൃശ്യമായിരുന്നു. വാണിജ്യസിനിമാലോകത്തേക്ക് ഈ മാറ്റങ്ങൾ ഇറ്റിറ്റു വീണെത്താൻ ഇനിയും സമയമെടുത്തേക്കും, സ്വാഭാവികമായിട്ടും. പക്ഷേ, ഈയൊരു ദിശയിലുള്ള സ്വാഭാവികമായ ചലനങ്ങൾ ദൃശ്യമായിത്തുടങ്ങി എന്നതാണു പ്രധാനം.

സുവർണ്ണ ചകോരം നേടിയ ‘മലു’വിൽ, സംവിധായകന്റെ അഭിനേത്രിയായിരുന്ന അമ്മയുടെ കഥയവതരിപ്പിക്കുന്നത് മൂന്നു തലമുറകളിലെ സ്ത്രീകൾ തമ്മിലുള്ള സംഘർഷങ്ങളിലൂടെയും പരസ്പരം മനസ്സിലാക്കാൻ അവർ നടത്തുന്ന പരിശ്രമങ്ങളിലൂടെയുമാണ്. ‘മലു’വിലെ പുരുഷകഥാപാത്രങ്ങൾ സ്ത്രീജീവിതങ്ങളുടെ പശ്ചാത്തലം മാത്രമായി നിൽക്കുന്നു.

ഇതേപോലെ പശ്ചാത്തലമായി നിൽക്കുന്ന സൗമ്യരൂപങ്ങളാണു കാനിൽ ഗ്രാൻഡ് പ്രീ നേടിയ പായൽ കപാഡിയയുടെ ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റി’ലെ പുരുഷകഥാപാത്രങ്ങളും. ഈ വർഷം ഐ എഫ് എഫ് കെയിൽ ‘സ്പിരിട്ട് ഓഫ് സിനിമ’ പുരസ്കാരം നൽകി ആദരിക്കപ്പെട്ട പായൽ കപാഡിയയുടെ ചിത്രത്തിൽ പരമ്പരാഗതസങ്കല്പത്തിലുള്ള വില്ലന്മാർ ഇല്ല. ജർമ്മനിയിലേക്ക് പോയതിനുശേഷം അപ്രത്യക്ഷനായ പ്രഭയുടെ ഭർത്താവിനെപ്പോലും അവളെ ഉപേക്ഷിച്ച വില്ലനായിട്ടല്ല അവതരിപ്പിച്ചിട്ടുള്ളത്. എന്തൊക്കെയോ സാഹചര്യങ്ങളിൽപ്പെട്ട് തന്നിലേക്ക് മടങ്ങിയെത്താനാവാതെ പോയ നിസ്സഹായനായിട്ടാണ്- പ്രഭ അയാളെക്കുറിച്ച് നിനയ്ക്കുന്നത്. അതും അവളുടെ സങ്കല്പം മാത്രമാവാം, അല്ലാതെയുമിരിക്കാം. തന്റെതായ നിഗമനങ്ങളിലെത്തിച്ചേരാൻ ഓരോരുത്തർക്കും വഴി തുറന്നു കൊടുക്കുന്നുണ്ട് ‘പ്രഭയായ് നിനച്ചതെല്ലാം.’ വിശ്രുത ചിത്രകാരിയായ നളിനി മലാനിയുടെ ചിത്രപരമ്പരയുടെ പേര് മകളുടെ ചലച്ചിത്രത്തിലെത്തുമ്പോൾ, ചിത്രത്തിന്റെ ദ്വിമാനത്തിനപ്പുറം, മനുഷ്യമനസ്സിന്റെയോ, ജീവിതത്തിന്റെയോ ഒക്കെ നാലാം മാനത്തിലേക്കെത്തുകയാണ്. വിളംബിതതാളത്തിൽ മെല്ലെ ഒഴുകുന്നൊരു നദി പോലെയാണീ സിനിമ. അതിന്റെ താളത്തിലേക്കെത്താൻ കഴിഞ്ഞില്ലെങ്കിൽ അത് അന്യമായിത്തോന്നാനുള്ള സാധ്യതയും ഏറെയാണ്. സൗമ്യതയ്ക്കപ്പുറം സങ്കടങ്ങളെക്കൂടി ഒഴുക്കിക്കൊണ്ടുപോകുന്നുമുണ്ടത്.

ഫാസിൽ മുഹമ്മദ്

കാനിൽ ഇക്കുറി ‘അൺ സെർട്ടൻ റിഗാർഡ്’ (Uncertain Regard) പുരസ്കാരം നേടിയ ഹിന്ദി ചിത്രമായ ‘ദി ഷെയിം ലസ്’ പക്ഷേ, നേരത്തെപ്പറഞ്ഞ സൗമ്യതയ്ക്ക് കടകവിരുദ്ധമായൊരു കുത്തൊഴുക്കാണ്. ഓരോ ഫ്രെയിമും ബ്ലെയിഡു പോലെ ഉള്ളു കീറിമുറിക്കുന്ന ഈ ചിത്രത്തിന്റെ സംവിധായകൻ ബൾഗേറിയക്കാരനായ കോൺസ്റ്റാന്റിൻ ബോജാനോവ് ആണെന്നത് അല്പം അത്ഭുതകരമായിത്തന്നെ തോന്നും. ഈ വിഭാഗത്തിൽ മികച്ച അഭിനേതാവിനുള്ള പുരസ്കാരം നേടിയ അനസൂയ സെൻ ഗുപ്ത അവതരിപ്പിച്ച രേണുക (നാദിറ) എന്ന ലൈംഗികത്തൊഴിലാളി, ഇന്ത്യൻ സിനിമ ഇന്നു വരെ കണ്ടിട്ടില്ലാത്തൊരു കഥാപാത്രമായി വേറിട്ടു നിൽക്കുന്നു. ഏറെ അടരുകളും ആഴങ്ങളുമുള്ള കഥാപാത്രമാണ് രേണുക.

ഈ ഫെസ്റ്റിവലിൽ, ജൂറി പ്രൈസ്, ഫിപ്രസി അവാർഡ്, ഓഡിയൻസ് പോൾ അവാർഡ്, എഫ് എഫ് എസ് ഐയുടെ കെ. ആർ. മോഹനൻ പുരസ്കാരത്തിൽ പ്രത്യേക പരാമർശം, മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ് പാക് അവാർഡ് എന്നിങ്ങനെ അഞ്ചു പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ‘ഫെമിനിച്ചി ഫാത്തിമ’ ഇന്നുവരെ മലയാളസിനിമ കാണാത്തത്ര ശക്തമായൊരു സ്ത്രീപക്ഷ സിനിമയാണ്. ആലഭാരങ്ങളില്ലാതെ, വളരെ ലാഘവത്തോടെയെന്ന മട്ടിൽ നേർവരയിൽ കഥപറഞ്ഞുകൊണ്ട്, തീർത്തും സാധാരണക്കാരിയായൊരു സ്ത്രീ സ്വന്തം ജീവിതത്തിലെ ചെറിയ ചെറിയ സന്തോഷങ്ങൾ താനർഹിക്കുന്നതാണെന്ന് തിരിച്ചറിയുന്നതും, അതൊക്കെ തിരിച്ചു പിടിക്കാൻ ശ്രമിക്കുന്നതും ‘ഫെമിനിച്ചി ഫാത്തിമ’ യിൽ സംവിധായകൻ ഫസൽ മുഹമ്മദ് വരച്ചുകാണിക്കുന്നു.

വിവിധ വിഭാഗങ്ങളിലായി ഉൾക്കൊള്ളിച്ചിട്ടുള്ള 180-ഓളം ചലച്ചിത്രങ്ങളെ മുഴുവൻ വിലയിരുത്തുക അസാധ്യമാണല്ലോ. എങ്കിലും എടുത്തു പറയേണ്ടവ ചിലതുണ്ട്. സ്വന്തം പേരിലെ ‘ഷാഹിദ്’ എന്ന പദം ജർമ്മൻ പൗരത്വം നേടിയ ശേഷം ഔദ്യോഗികരേഖകളിൽ നിന്ന് നീക്കംചെയ്യാനായി നടത്തിയ ശ്രമങ്ങളെ അടിസ്ഥാനപ്പെടുത്തി ഇറാനിയൻ സംവിധായികയായ നർഗീസ് ഷാഹിദ് കൽ ഹോർ ചെയ്ത ‘ഷാഹിദ്,’ ഇറ്റലിയുടെ ചരിത്രത്തിലാദ്യമായി ലൈംഗികാരോപണക്കേസിൽ പ്രമുഖനായൊരു രാഷ്ട്രീയനേതാവിനു ശിക്ഷ നേടിക്കൊടുത്ത നെവങ്ക ഫെർണാണ്ടസ് എന്ന സ്ത്രീയുടെ യഥാർത്ഥജീവിതകഥയെ ആസ്പദമാക്കി ഇസിയാർ ബൊള്ളെയിൻ സംവിധാനം ചെയ്ത ‘അയാം നെവങ്ക,’ ലോകസിനിമയിൽ തന്നെ അധികമൊന്നും ചർച്ചചെയ്തിട്ടില്ലാത്ത പ്രസവാനന്തര വിഷാദരോഗത്തെപ്പറ്റി പറയുന്ന, മാർ കോൾ സംവിധാനം ചെയ്ത സ്പാനിഷ് ചിത്രമായ ‘സാൽ വേ മരിയ,’ കെ. ആർ. മോഹനൻ പുരസ്കാരം നേടിയ ഇന്ദു ലക്ഷ്മിയുടെ ‘അപ്പുറം,’ മികച്ച സംവിധായകനുള്ള രജത ചകോരവും, മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ് പാക്ക് പുരസ്കാരവും നേടിയ ഇറാനിയൻ സംവിധായകൻ ഫർഷദ് ഹഷ്മിയുടെ ‘മി, മറിയം, ദി ചിൽഡ്രൻ ആൻഡ്- 26 അദേഴ്സ്,’ സാങ്കേതികമികവിനുള്ള സ്പെഷ്യൽ ജൂറി പരാമർശം നേടിയ ഈജിപ്ഷ്യൻ സംവിധായികയായ ഹലാ എൽകുസ്സിയുടെ ‘ഈസ്റ്റ് ഓഫ് നൂൺ,’ മലയാളത്തിലെ നവാഗത ഡയറക്ടർക്കുള്ള ഫിപ്രസി അവാർഡ് നേടിയ ജെ. ശിവരഞ്ജിനിയുടെ ‘വിക്ടോറിയ,’ മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ് പാക്ക് സ്പെഷ്യൽ ജൂറി പരാമർശം നേടിയ മിഥുൻ മുരളിയുടെ ‘കിസ്സ് വാഗൺ,’ മികച്ച നവാഗത സംവിധായകർക്കുള്ള രജത ചകോരം നേടിയ സംവിധായകരായ ക്രിസ്റ്റോബെൽ ലിയോണിന്റെയും, ജോക്വിൻ കോച്ചിനയുടെയും ‘ദി ഹൈപ്പർ ബോറിയൻസ്’ തുടങ്ങിയ ചിത്രങ്ങളെല്ലാം ശ്രദ്ധേങ്ങളായിരുന്നു.

പെട്രോ ഫ്രെയേ

ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയ ആൻ ഹുയി, ഉദ്ഘാടനച്ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന ശബാന ആസ്മി, ജൂറിയെ നയിച്ച പ്രശസ്ത ഫ്രഞ്ച് സിനിമാട്ടോഗ്രാഫർ ആഗ്നസ് ഗൊദാർദ്, ഫെസ്റ്റിവൽ ക്യൂറേറ്റർ ഗോൾഡാ സാലെ തുടങ്ങി വനിതകളുടെ സാന്നിധ്യം നിറഞ്ഞുനിന്നിരുന്നു ഈ വർഷത്തെ ഫിലിം ഫെസ്റ്റിവലിൽ. പക്ഷേ, ഏറ്റവും പ്രധാനമായിത്തോന്നിയത്, സിഗ്നേച്ചർ ഫിലിമിൽ പി. കെ. റോസിയ്ക്കു നൽകിയ ആദരവായിരുന്നു. ആദ്യമലയാളചിത്രമായ ജെ. സി. ഡാനിയേലിന്റെ ‘വിഗതകുമാരനി’ലെ നായികാവേഷത്തിൽ അഭിനയിച്ച പി. കെ. റോസിയെ ജാതിഭ്രാന്തുപിടിച്ച സവർണ്ണർ ആട്ടിയോടിച്ചു. ഒരു പുലയസ്ത്രീയെക്കൊണ്ട് സിനിമയിൽ നായർ സ്ത്രീയുടെ വേഷം ചെയ്യിച്ചതിൽ ഈർഷ്യപൂണ്ട ചില നായർ സമുദായാംഗങ്ങൾ, റോസിയുണ്ടെങ്കിൽ ചിത്രത്തിന്റെ ഉദ്ഘാടനപ്രദർശനം ബഹിഷ്കരിക്കുമെന്ന് ഭീഷണിപ്പെടുത്തി. പ്രതിഷേധങ്ങൾ ഭയന്ന് തിരുവനന്തപുരത്തെ കാപ്പിറ്റൽ തിയേറ്ററിൽ നടന്ന ഉദ്ഘാടനത്തിനു സംവിധായകൻ ജെ. സി. ഡാനിയേൽ റോസിയെ ക്ഷണിച്ചില്ല. റോസി ക്ഷണിക്കാതെ തന്നെ ചടങ്ങിനെത്തിയെങ്കിലും, സ്ക്രീനിൽ റോസിയെ കണ്ട് കലിപൂണ്ട സവർണ്ണർ തിയേറ്റർ ആക്രമിക്കുകയും, വെള്ളിത്തിര നശിപ്പിക്കുകയും ചെയ്തു. സവർണ്ണരുടെ ആക്രമണങ്ങൾ ഭയന്ന് റോസി തിരുവനന്തപുരം വിട്ടുപോയി. കേശവപിള്ളയെന്നൊരാളെ വിവാഹം കഴിച്ച് തമിഴ് നാട്ടിൽ സ്വന്തം വ്യക്തിത്വം മറച്ചുവെച്ചുകൊണ്ട് 1988-ൽ മരിക്കുംവരെ ഒതുങ്ങിജീവിച്ചുവെന്നാണറിവ്. അവരുടെ പിൻതലമുറക്കാർക്കു പോലും, മലയാളത്തിലെ ആദ്യത്തെ ചലച്ചിത്രനായികയായിരുന്നു തങ്ങളുടെ മാതാമഹി എന്ന് അറിവില്ലായിരുന്നു.

മലയാളത്തിലെ ആദ്യത്തെ നായികയോട് സമൂഹം കാണിച്ച നെറികേടിനു ചെറിയൊരു പ്രായശ്ചിത്തമെങ്കിലുമാവുന്നുണ്ട് അഭിരാമി ബോസ് അവതരിപ്പിച്ച പി. കെ. റോസിയുടെ ദൃശ്യമടങ്ങുന്ന ഈ സിഗ്നേച്ചർ ഫിലിം..

Hot this week

ഇന്ത്യ എന്ന ആശയം

GAYATHRI CHAKRAVORTHY SPIVAK- ROMILA THAPPAR `The Idea of India`...

ചലനാത്മകമായ പ്രകൃതിദൃശ്യങ്ങൾ

‌‌‌ഭൂഭാഗ ദൃശ്യരചന (പ്രകൃതിദൃശ്യരചന)യിൽ പുതിയ കാഴ്‌ചപ്പാട്‌ നൽകിയ പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന...

നൃപൻ ചക്രവർത്തി

ബംഗാളിയായി ജനിച്ച, ത്രിപുരയിലെ മഹാഭൂരിപക്ഷം വരുന്ന ആദിവാസികളുടെ വിമോചന നായകനായിരുന്നു നൃപർ...

വർഗസമരവും മാധ്യമങ്ങളും

അധ്യായം 4: ആഗോള അസ്തിത്വങ്ങൾ ആഗോള തലത്തിലുള്ള മാധ്യമങ്ങളുടെ വളർച്ചയുടെ ഭാഗമായി പ്രധാനപ്പെട്ട...

വിശ്വാസി സമൂഹവും ഇടതുപക്ഷവും

സെപ്തംബർ 20-ന് പമ്പയിൽ നടന്ന ആഗോള അയ്യപ്പസംഗമത്തെ ചൂണ്ടിക്കാട്ടി സി പി...

Topics

ഇന്ത്യ എന്ന ആശയം

GAYATHRI CHAKRAVORTHY SPIVAK- ROMILA THAPPAR `The Idea of India`...

ചലനാത്മകമായ പ്രകൃതിദൃശ്യങ്ങൾ

‌‌‌ഭൂഭാഗ ദൃശ്യരചന (പ്രകൃതിദൃശ്യരചന)യിൽ പുതിയ കാഴ്‌ചപ്പാട്‌ നൽകിയ പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന...

നൃപൻ ചക്രവർത്തി

ബംഗാളിയായി ജനിച്ച, ത്രിപുരയിലെ മഹാഭൂരിപക്ഷം വരുന്ന ആദിവാസികളുടെ വിമോചന നായകനായിരുന്നു നൃപർ...

വർഗസമരവും മാധ്യമങ്ങളും

അധ്യായം 4: ആഗോള അസ്തിത്വങ്ങൾ ആഗോള തലത്തിലുള്ള മാധ്യമങ്ങളുടെ വളർച്ചയുടെ ഭാഗമായി പ്രധാനപ്പെട്ട...

വിശ്വാസി സമൂഹവും ഇടതുപക്ഷവും

സെപ്തംബർ 20-ന് പമ്പയിൽ നടന്ന ആഗോള അയ്യപ്പസംഗമത്തെ ചൂണ്ടിക്കാട്ടി സി പി...

ഉമ്മച്ചിതെയ്യം

വടക്കേ മലബാറിൽ കെട്ടിയാടിയിരുന്ന തെയ്യങ്ങളിൽ ഒരു വിഭാഗം മുസ്ലിം തെയ്യങ്ങളുമുണ്ടായിരുന്നു. പയ്യന്നൂരിന്...

കുടുംബശ്രീ: നവയുഗത്തിനായി പുതുവഴിയേ…

ജനകീയാസൂത്രണം ഉഴുതിട്ട മണ്ണിൽ പടർന്നുപന്തലിച്ച "സ്‌ത്രീകൂട്ടായ്മ', കേരളത്തിലെ സാധാരണക്കാരായ സ്‌ത്രീകളെ അടുക്കളയിൽ...
spot_img

Related Articles

Popular Categories

spot_imgspot_img