വർഗസമരവും മാധ്യമങ്ങളും‐ 12

കെ എ വേണുഗോപാലൻ

പത്രപ്രവർത്തന ചരിത്രം

ന്ത്യ ബ്രിട്ടീഷ്- കോളനി ആയിരുന്ന കാലത്താണ് നമ്മുടെ പത്രപ്രവർത്തന ചരിത്രം ആരംഭിക്കുന്നത്. ജെയിംസ്- അഗസ്റ്റസ്- ഹിക്കി 1780 ജനുവരിയിൽ ആരംഭിച്ച ബംഗാൾ ഗസറ്റ് ആയിരുന്നു ഇന്ത്യയിൽ ഇറങ്ങിയ ആദ്യത്തെ പത്രം. (1782 മാർച്ച്- 30ന് അതിന്റെ അവസാന പതിപ്പ്- ഇറങ്ങിയതായും ചരിത്രം പറയുന്നുണ്ട്) അതനുസരിച്ച്- രണ്ടര നൂറ്റാണ്ട്- കാലത്തെ ചരിത്രമാണ് ഇന്ത്യയിൽ അച്ചടി മാധ്യമത്തിനുള്ളത്. ബ്രിട്ടീഷ്- ഭരണകാലത്ത്- മാധ്യമങ്ങൾക്ക്- പ്രത്യേക അധികാരങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. വിദേശ ഭരണാധികാരികളുടെ താൽപര്യങ്ങൾക്കിണങ്ങുന്ന വിധത്തിലുള്ള നിയമങ്ങളാണ് അന്ന് പത്രപ്രവർത്തനത്തിന് ഉണ്ടായിരുന്നത്.

ഇന്ത്യ സ്വതന്ത്രമായതിന് ശേഷം രൂപംകൊടുത്ത ഭരണഘടനയിൽ പത്രം എന്ന് പറഞ്ഞില്ലെങ്കിലും മൗലികാവകാശങ്ങളിൽ അഭിപ്രായം പ്രകടിപ്പിക്കുന്നതിനും സംഘംചേരുന്നതിനുള്ള സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടിരുന്നു. അതിനുശേഷം കാലമേറെ കടന്നുപോയി. ഇന്ന് മാധ്യമങ്ങളെക്കുറിച്ച് പറയുമ്പോൾ മാധ്യമസ്വാതന്ത്ര്യത്തേക്കാളേറെ പ്രയോഗിക്കപ്പെടുന്ന പദം ഉത്തരവാദിത്വ (മരരീൗിമേയശഹശേ്യ)മാണ്. ഇത് മാധ്യമ രംഗത്ത് വന്നിട്ടുള്ള വളരെ പ്രധാനപ്പെട്ട ഒരു മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്.

ഇന്ത്യയിലെ പത്രപ്രവർത്തന ചരിത്രം കോളനി വിരുദ്ധ, ദേശീയ വിമോചന സമര ചരിത്രവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. പൊതു ജനാഭിപ്രായം രൂപപ്പെടുത്തുന്നതിലും ജനങ്ങളെ സ്വാതന്ത്ര്യ ബോധമുള്ളവരാക്കി മാറ്റുന്നതിനും പത്രങ്ങൾ വഹിച്ച പങ്കാണ് അവയുടെ അന്തസ്സ് ഉയർത്താൻ സഹായകമായത്. ആധുനിക പത്രപ്രവർത്തനം ഇന്ത്യയിൽ കടന്നുവന്നത് ഇവിടെ യൂറോപ്പ്യൻ സംസ്കാരം കടന്നുവന്നതോടെയാണ്. പോർച്ചുഗീസുകാരാണ് ഇന്ത്യയിൽ ആദ്യമായി അച്ചടിയന്ത്രം കൊണ്ടുവരുന്നത്. ബംഗാളിൽ തമ്പടിച്ചിരുന്ന ക്രിസ്ത്യൻ മിഷനറിമാർ മതപ്രചാരണത്തിനുള്ള ലഘുലേഖകൾ അച്ചടിക്കുന്നതിനായി ഇവ ഉപയോഗപ്പെടുത്തി. അങ്ങനെ ആരംഭിച്ച അച്ചടിയും അതുപയോഗിച്ച് വളർന്നുവന്ന പത്രപ്രസാധന രംഗവും ഇന്ന് ഇന്ത്യയിൽ ജനാധിപത്യ വ്യവസ്ഥയുടെ നാലാം തൂണായി അറിയപ്പെടുന്നിടത്തോളം വളർന്നിരിക്കുന്നു.

യൂറോപ്യന്മാരാണ് അച്ചടി ആരംഭിച്ചത് എങ്കിലും ഇന്ത്യക്കാർക്ക് അതിവേഗം തന്നെ അതിന്റെ സവിശേഷതകളും ഗുണഗണങ്ങളും സംബന്ധിച്ച് ധാരണയുണ്ടാക്കാൻ കഴിഞ്ഞു. രാജ്യത്തെ മോചനത്തിലേക്ക് നയിക്കുന്നതിനുള്ള ഒരു ഉപകരണമാക്കി അതിനെ മാറ്റാൻ നമ്മുടെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന് കഴിഞ്ഞു. നിരവധി വിചാരണകളും പീഢനങ്ങളുമൊക്കെ അവർക്ക് നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും അതൊന്നും വിദേശ അടിമത്തത്തിനെതിരായിട്ടുള്ള പോരാട്ടത്തിന് യാതൊരു കുറവും വരുത്തിയില്ല. നിരവധിയായ സാമൂഹിക സാമ്പത്തിക പരിഷ്കാരങ്ങൾ നേടിയെടുക്കുന്നതിനുള്ള ഒരു ഉപകരണമായി പ്രവർത്തിക്കാൻ പത്രങ്ങൾക്ക് കഴിഞ്ഞു. നിശ്ചയദാർഢ്യത്തോടെയുള്ള പ്രവർത്തനമാണ് അതിന് പത്രങ്ങളെ പ്രാപ്തമാക്കിയത്.

ഇരുപതാം നൂറ്റാണ്ട് ആയതോടെ രാജ്യം നേരിടുന്ന വെല്ലുവിളികളെ ചൂണ്ടിക്കാണിക്കുന്ന ഒന്നായി മാധ്യമങ്ങൾ മാറി. ബ്രിട്ടീഷുകാരുടെയും നാടുവാഴി പ്രഭുക്കളുടെയും സാമൂഹിക പ്രവർത്തനങ്ങൾക്ക് പകരം ജനങ്ങളെ ബാധിക്കുന്ന വ്യത്യസ്തങ്ങളായ സാമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങളെ കുറിച്ച് എഴുതാൻ പത്രങ്ങൾ തയ്യാറായി. ഇത് പുതിയൊരു തരം പത്രപ്രവർത്തനത്തിന് തുടക്കം കുറിച്ചു. പൊതുജനക്ഷേമത്തിനും സാമൂഹിക പരിഷ്-കരണത്തിനും വേണ്ടി പോരാടുന്ന പ്രതിബദ്ധതയുള്ള പത്രപ്രവർത്തനമാണ് ഇതിലൂടെ രൂപംകൊണ്ടത്. ഇന്ത്യക്കാരുടെ വിദ്യാഭ്യാസ സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും ശൈശവവിവാഹത്തിനെതിരായും വിധവാ വിവാഹത്തിന് അനുകൂലമായും സതി സമ്പ്രദായത്തിനെതിരായുമുള്ള വാർത്തകളും ലേഖനങ്ങളും വ്യാപകമായി പ്രസിദ്ധീകരിക്കപ്പെട്ടു തുടങ്ങി. സ്വാതന്ത്ര്യസമരനായകർ ആയിരുന്ന തിലകന്റെയും ഗോഖലയുടെയും ഗാന്ധിജിയുടെയും ഒക്കെ നേതൃത്വത്തിൽ ദേശീയ സ്വാതന്ത്ര്യത്തിനും പുരോഗമനാശയങ്ങൾക്കും വേണ്ടി പോരാടുന്ന നിരവധി പത്രങ്ങളും എഴുത്തുകാരും വളർന്നുവന്നു. ജനങ്ങളുടെ പൗരാവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള പോരാട്ടവും പത്രങ്ങളിലൂടെ നടന്നു. “തൂലിക പടവാളാക്കിയ ” നിരവധി എഴുത്തുകാർ ഇക്കാലത്തുണ്ടായി. ഇതിന്റെ ഫലമായി പത്രങ്ങൾക്ക് വൻതോതിൽ ജനപിന്തുണയാർജ്ജിക്കാനായി. പത്രപ്രവർത്തകർക്ക് സമൂഹത്തിന്റെ ആദരവ് നേടാനായി. പൗരസമൂഹത്തിൽ നിന്ന് അന്ന് നേടിയെടുക്കാനായ അംഗീകാരത്തിന്റെ മുകളിലാണ് ഇന്നും മാധ്യമസ്വാതന്ത്ര്യം ഒരു ജനകീയ വിഷയമായി നിലനിൽക്കുന്നത്. സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അവകാശം, ഭരണകൂട അടിച്ചമർത്തലിനും സെൻസർഷിപ്പിനുമെതിരായ പ്രതിരോധം, മൗലികാവകാശങ്ങളുടെ സംരക്ഷണത്തിനുള്ള ഉപകരണം, സ്വതന്ത്രമായി സംസാരിക്കുന്നതിനും ആശയ പ്രകാശനത്തിനുമുള്ള അവകാശങ്ങളോടുള്ള പ്രതിബദ്ധത എന്നിങ്ങനെയൊക്കെയാണ് സാധാരണ ജനം സ്വാതന്ത്ര്യാനന്തരകാലത്ത്- മാധ്യമങ്ങളെയും അവയുടെ അവകാശങ്ങളെയും കുറിച്ച് വിലയിരുത്തിയത്. മാധ്യമസ്വാതന്ത്ര്യത്തിന് വിലങ്ങുവെച്ച ശ്രീമതി ഗാന്ധിയെ അധികാരത്തിൽ നിന്ന് പുറന്തള്ളാൻ ജനങ്ങൾ തയ്യാറായി. ഇന്ത്യൻ ജനാധിപത്യത്തിന്റെ ഓരോ ഘട്ടത്തെയും ഒരു കണ്ണാടി പോലെ പ്രതിഫലിപ്പിക്കാൻ ഇന്ത്യയിലെ അച്ചടി മാധ്യമത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഇക്കാലയളവിൽ മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തനത്തിനും വൻതോതിൽ മാറ്റം സംഭവിച്ചിട്ടുണ്ട്. അതിൽ ഗുണപരവും നിഷേധാത്മകവുമായ വശങ്ങളുണ്ട് എന്നത് കാണാതിരിക്കാനാവില്ല.

അച്ചടി രംഗത്തുണ്ടായ സാങ്കേതിക മുന്നേറ്റം മാധ്യമങ്ങളുടെ രൂപഭാവങ്ങളിൽ, ഘടനയിൽ ഒക്കെ വലിയ മാറ്റമാണ് ഉണ്ടാക്കിയത്. പത്രങ്ങളുടെ ഡിസൈനിങ്ങിലും ലേ ഔട്ടിലും വലിയ മാറ്റം വരുത്താനും അവയുടെ ആകർഷണീയത വർദ്ധിപ്പിക്കാനും ഇത് സഹായകമായി. കളറിൽ അച്ചടിക്കാൻ കഴിഞ്ഞത് ഈ രംഗത്ത് വലിയ മാറ്റമാണ് ഉണ്ടാക്കിയത്-. മാത്രമല്ല സാമ്പത്തികമായും ഇത് ഗുണകരമായി മാറി. വിവിധ ജില്ലകളിൽ നിന്ന്, വിവിധ സംസ്ഥാനങ്ങളിൽ നിന്നൊക്കെ ഒന്നിലേറെ എഡിഷനുകൾ വളരെ വേഗത്തിൽ കുറഞ്ഞ ചെലവിൽ ആകർഷണീയമായി അച്ചടിച്ച് വിതരണം ചെയ്യാവുന്ന അവസ്ഥ ഉണ്ടായി. വാർത്താവിനിമയ സംവിധാനത്തിൽ വന്ന വളർച്ച, ഗതാഗത സംവിധാനത്തിലുണ്ടായ മാറ്റം ഇതൊക്കെ ഏറ്റവും പിന്നാക്കം നിൽക്കുന്നതും ഒറ്റപ്പെട്ടതുമായ പ്രദേശങ്ങളിൽ സംഭവിക്കുന്ന വാർത്തകൾ പോലും സംഭരിക്കുന്നതിനും നൽകുന്നതിനും സഹായകമായി. അതിന്റെ വേഗത വർദ്ധിച്ചു. തീർത്തും മെച്ചപ്പെട്ട ഉള്ളടക്കവുമായി ദിനപത്രങ്ങൾ ഇറക്കാൻ കഴിഞ്ഞത് അവയുടെ സർക്കുലേഷൻ വൻ തോതിൽ വർദ്ധിപ്പിച്ചു. ശാസ്ത്ര സാങ്കേതിക രംഗത്തുണ്ടായ മുന്നേറ്റം, ഒപ്പം സാക്ഷരതാനിരക്കിന്റെ വളർച്ചയുടെ അടിസ്ഥാനത്തിൽ ദിനപത്ര വായനക്കാരുടെ എണ്ണത്തിലുണ്ടായ വളർച്ച, ആളോഹരി വരുമാനത്തിലുണ്ടായ വളർച്ച, ഇതൊക്കെ പത്രങ്ങളുടെ എണ്ണത്തിലും അവയുടെ സർക്കുലേഷനിലും വർദ്ധന ഉണ്ടാക്കുന്നതിന് സഹായിച്ചു. ഇന്ത്യയിലെ ചില ദിനപത്രങ്ങളുടെ ദൈനംദിന സർക്കുലേഷൻ ആഗോളരംഗത്ത്- പോലും ശ്രദ്ധിക്കപ്പെട്ടു. ഭാഷാ സംസ്ഥാനങ്ങളുടെ രൂപീകരണം ഭാഷാടിസ്ഥാനത്തിലുള്ള പത്രങ്ങളുടെ വളർച്ചയ്ക്ക് സഹായകമാവുകയും അത് വികസനരംഗത്ത് വലിയ സംഭാവന നൽകുകയും ചെയ്തു. ഭാഷാ ദിനപത്രങ്ങൾക്ക് ഇംഗ്ലീഷ് പത്രങ്ങൾക്കൊപ്പം അംഗീകാരം ലഭിക്കുന്ന സ്ഥിതിയുണ്ടായി. പ്രാദേശികമായി പ്രവർത്തിക്കുന്ന പത്രങ്ങൾ പ്രാദേശിക പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതിന് സഹായകമായത് മാത്രമല്ല അവർ ഉയർത്തുന്ന നിർണായക വിഷയങ്ങൾ ദേശീയ ദിനപത്രങ്ങളുടെ ശ്രദ്ധയിൽപ്പെടുന്ന അവസ്ഥയുമുണ്ടായി. ഇന്നത്തെ അച്ചടി മാധ്യമ വായനക്കാർക്ക് ദിനപത്രങ്ങളിൽ നിന്ന് സവിശേഷമായ വിഷയങ്ങളിൽ അടക്കം വിവരം ലഭ്യമാകുന്ന അവസ്ഥയുണ്ട്. മിക്കവാറും അച്ചടി മാധ്യമങ്ങളൊക്കെ തന്നെ അവയുടെ വെബ് എഡിഷൻ പ്രസിദ്ധീകരിക്കുന്നുണ്ട്. വെബ്ബിന്റെ ഒരു ക്ലിക്കിൽ നിന്ന് ലോകത്തെവിടെയും സംഭവിക്കുന്ന ഏതൊരു വിവരവും ലഭ്യമാക്കാവുന്ന അവസ്ഥയാണ് ഇന്നുള്ളത്.

ഇതുപോലെ ഉണ്ടായ ഗുണകരമായ മറ്റൊരു മാറ്റമാണ് സ്ത്രീകൾ കൂടുതലായി പത്രപ്രവർത്തനരംഗത്തേക്ക് കടന്നുവന്നതും അവർ അനുഭവിക്കുന്ന സാമൂഹ്യ സാമ്പത്തിക പ്രശ്നങ്ങൾ പൊതു ജനശ്രദ്ധയിൽ വന്നതും. മാധ്യമ രംഗത്തുണ്ടായ മുന്നേറ്റം മാധ്യമങ്ങളുടെ പൊതു സ്വകാര്യമേഖലകളിൽ സ്ത്രീ പങ്കാളിത്തം വർധിപ്പിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്.ഒരു ജീവനോപാധിയായി സ്ത്രീകൾക്ക് പത്രപ്രവർത്തനരംഗത്തെ ഉപയോഗിക്കാൻ കഴിഞ്ഞു എന്നത് മാത്രമല്ല ലിംഗ സമത്വത്തിന്റെ പ്രശ്നങ്ങൾ പൊതുജനമധ്യത്തിലേക്ക് ഉയർത്തിക്കൊണ്ടുവരുന്നതിനും ഈ കാലയളവിൽ കഴിഞ്ഞിട്ടുണ്ട് എന്നത് ഒരു നേട്ടമായി തന്നെ കാണണം. വനിതാ മാധ്യമപ്രവർത്തകർ അവരുടെ പ്രതിബദ്ധതയും ശേഷിയും തെളിയിച്ചു എന്ന് മാത്രമല്ല വാർത്താവിശകലനത്തിൽ അവർക്കുള്ള കഴിവും ഈ കാലയളവിൽ പ്രകടമാക്കിയിട്ടുണ്ട്. ലിംഗ സമത്വവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ഒപ്പം സ്ത്രീശാക്തീകരണത്തിന് സഹായകമായ വിഷയങ്ങളിലും കൂടുതൽ പഠനങ്ങളും വിശകലനങ്ങളും ഈ കാലഘട്ടം ആവശ്യപ്പെടുന്നുണ്ട്. ഇതൊക്കെയാണെങ്കിലും മാനേജീരിയയിൽ രംഗത്തും പത്രാധിപസമിതികളിലും ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ സ്ത്രീ പങ്കാളിത്തം ന്യായമായി വന്നിട്ടുണ്ടോ എന്നത് പരിശോധന അർഹിക്കുന്നു.

പത്രപ്രവർത്തനരംഗത്തെ വളർച്ചയുടെ ഫലമായി ഈ രംഗത്ത് സ്പെഷ്യലൈസേഷൻ ആവശ്യപ്പെടുന്ന പല മേഖലകളും ഉയർന്നു വന്നിട്ടുണ്ട്. വലിയ നഗരങ്ങളിൽ പ്രവർത്തിക്കുകയും സ്പെഷ്യലൈസേഷൻ നടത്തുകയും ചെയ്തിട്ടുള്ള പത്രപ്രവർത്തകർക്ക് നല്ല ശമ്പളം ലഭിക്കുന്നുണ്ട്-. എന്നാൽ വേജ് ബോർഡ് നിശ്ചയിക്കുന്ന ശമ്പളം എല്ലാവർക്കും കിട്ടുന്നില്ല എന്നത് ഒരു വസ്തുതയാണ്. ദൃശ്യമാധ്യമ രംഗത്ത് അങ്ങനെയൊരു പേജ് ബോർഡ് ഇനിയും ഉണ്ടാവേണ്ടിയിരിക്കുന്നു. എന്തായാലും പത്രപ്രവർത്തനം പഠിപ്പിക്കുന്നതിന് ഉതകുന്ന നിരവധി നല്ല നിലവാരമുള്ള സ്ഥാപനങ്ങളിൽ ഇതിനകം ഉയർന്നു വന്നിട്ടുണ്ട്. സർവ്വകലാശാലകളും ജേണലിസം പഠിപ്പിക്കുന്ന കോഴ്സുകൾ നടത്തുന്നുണ്ട്. ഡിഗ്രിതലത്തിലും പീജി തലത്തിലുമുള്ള കോഴ്സുകൾ ലഭ്യമാണ്. ഡിപ്ലോമ കോഴ്സുകളും സ്പെഷ്യലൈസേഷൻ കോഴ്സുകളും ലഭ്യമാണ്. നല്ല കഴിവുള്ള വിദ്യാർത്ഥികൾ തന്നെ ജേണലിസം സ്വന്തം തൊഴിലായി തിരഞ്ഞെടുക്കാൻ മുന്നോട്ട് വരുന്നുണ്ട്. ഇലക്ട്രോണിക് മാധ്യമങ്ങളും ആകർഷണ കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്-. എന്നാൽ ഈ വിഷയങ്ങളൊക്കെ പഠിപ്പിക്കുന്നതിന് പ്രാപ്തരായ അധ്യാപകരെ ഏർപ്പെടുത്താൻ സ്ഥാപനങ്ങൾക്ക് കഴിയുന്നുണ്ടോ എന്ന കാര്യം പരിശോധന അർഹിക്കുന്ന ഒന്നാണ്. മെഡിക്കൽ കൗൺസിലും എൻജിനീയറിങ് കൗൺസിലും ഉള്ളതുപോലെ ഒരു ജേണലിസം കൗൺസിലും സ്ഥാപിക്കേണ്ടത് അനിവാര്യമായിരിക്കുന്നു.

മാധ്യമങ്ങളുടെ ഇന്നത്തെ പ്രധാന വരുമാനം പരസ്യത്തിൽ നിന്നുതന്നെയാണ്. വൻ നഗരങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ 70‐80 ശതമാനം വരുമാനവും പരസ്യത്തിൽ നിന്നാണ് ലഭിക്കുന്നത്. ഇതിന്റെ ഫലമായി പല വൻ പത്രങ്ങളിലും വാർത്തകൾക്കുപരിയായി സ്ഥലം മാറ്റിവയ്ക്കപ്പെടുന്നത് പരസ്യത്തിനാണ്. പരസ്യവും വാർത്തയും തമ്മിലുള്ള അനുപാതത്തിൽ പിന്നോട്ട് പോകുന്നത് വാർത്താ വിഭാഗമാണ്. പരസ്യ ദാതാക്കൾക്ക്- പത്രങ്ങളുടെ നയരൂപീകരണത്തിലും കാഴ്ചപ്പാടിലുമൊക്കെ സ്വാധീനം ചെലുത്തുന്നതിന് കഴിയുന്നു. കോർപ്പറേറ്റുകൾക്ക് അവരുടെ ഉൽപ്പന്നങ്ങൾ ജനങ്ങൾക്കിടയിൽ പരിചയപ്പെടുത്തുന്നതിനുള്ള പ്രധാന മാർഗ്ഗം പരസ്യമായതിനാൽ മാധ്യമങ്ങളുടെ പരസ്യ വരുമാനം വൻതോതിൽ വർദ്ധിക്കുന്നു. പേജുകൾ വർദ്ധിപ്പിച്ചാലും വിലകുറച്ചു വിൽക്കുന്നതിന് കഴിയുന്നു. സപ്ലിമെന്റുകൾ പ്രത്യേകം വിലയീടാക്കാതെ കൊടുക്കാനാവുന്നു. ചുരുക്കിപ്പറഞ്ഞാൽ സർക്കുലേഷനിലും പരസ്യ വരുമാനത്തിലും ഉണ്ടാകുന്ന വൻവർദ്ധന നല്ല ലാഭം കിട്ടുന്ന ഒരു ബിസിനസ്സാക്കി മാധ്യമ നടത്തിപ്പിനെ മാറ്റിയിരിക്കുന്നു.

അന്വേഷണാത്മക പത്രപ്രവർത്തനം ഇന്ന് സ്റ്റിംഗ്- ഓപ്പറേഷന്റെ രൂപത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. ഇത് മാധ്യമ ചരിത്രത്തിൽ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിച്ചിരിക്കുന്നു. സമൂഹത്തിന്റെ കാവൽപ്പട്ടിയായി പ്രവർത്തിക്കാൻ മാധ്യമങ്ങൾക്കുള്ള കഴിവ് വർദ്ധിപ്പിച്ചിരിക്കുന്നു. എന്നാൽ ഇതിനൊരു മറുവശം കൂടിയുണ്ട്. ഇത് ഉപയോഗിച്ച് ബ്ലാക്ക് മെയിലിംഗ് നടത്തി പണം തട്ടുന്നവരും ഇന്ന് വളർന്നു വന്നിട്ടുണ്ട്. പക വീട്ടാനും പ്രതിച്ഛായ തകർക്കാനുമൊക്കെ ഇത് ഉപയോഗിക്കുന്നവരും ഇന്നുണ്ട്. തേൻ കെണി ഇതിന്റെ മറ്റൊരു ദുരുപയോഗമാണ്. കേരളത്തിൽ ഒരു ടിവി ചാനൽ ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരു മന്ത്രിക്ക് തേൻകെണി ഒരുക്കിയതും കേസായതും ഒക്കെ അനുഭവപാഠമാണ്.  സാമൂഹ്യപ്രതിബദ്ധതയോടെ അന്വേഷണാത്മക പത്രപ്രവർത്തനം നടത്തുന്നവർക്ക് ഇന്ന് പത്രാധിപന്മാരെക്കാൾ വലിയ സ്വാധീനം പൊതുസമൂഹത്തിൽ ലഭ്യമാകുന്ന സ്ഥിതിയുണ്ട്. ലേഖനങ്ങളേക്കാൾ ശ്രദ്ധ ഇത്തരം റിപ്പോർട്ടുകൾക്ക് ലഭിക്കുന്നുമുണ്ട്.

ഈ വളർച്ചയുടെയൊക്കെ ഫലമായി രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവും സാമൂഹ്യവും സാംസ്കാരികവും ഒക്കെയായ അജണ്ട രൂപീകരിക്കുന്നതിൽ ഇന്ന് മാധ്യമങ്ങൾക്ക് നിർണായകമായ പങ്കു നിർവഹിക്കാനാവുന്നുണ്ട്. 1990 കളോടെ ഇലക്ട്രോണിക്, ഓൺലൈൻ മാധ്യമ രംഗത്ത് ഒരു വൻസ്ഫോടനം തന്നെയാണ് ഇന്ത്യയിൽ സംഭവിച്ചത്. ജനങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ രൂപീകരിക്കുന്നതിൽ,അഭിപ്രായ രൂപീകരണത്തിലൊക്കെ വലിയ പങ്കാണിന്ന് നവമാധ്യമങ്ങൾ അടക്കമുള്ള മാധ്യമരംഗം നിർവഹിക്കുന്നത്. നേരിട്ട് കാണാവുന്നതുമൂലം ദൃശ്യമാധ്യമങ്ങൾക്ക് അച്ചടി മാധ്യമങ്ങളെക്കാൾ ജനങ്ങളെ സ്വാധീനിക്കാനും അവർക്കിടയിൽ അഭിപ്രായ രൂപീകരണം നടത്താനും കഴിയുന്നുണ്ട്. അതുകൊണ്ടുതന്നെ അച്ചടി മാധ്യമങ്ങൾ ഇന്ന് വൻ പരിവർത്തനത്തിന് വിധേയമായി കൊണ്ടിരിക്കുകയാണ്. ഉദാരവൽക്കരണവും ആഗോളവൽക്കരണവും ഇലക്ട്രോണിക് മാധ്യമങ്ങളിൽ നിന്നുള്ള മത്സരവുമൊക്കെ അച്ചടി മാധ്യമങ്ങളെ വൻതോതിലുള്ള ആഘാതങ്ങൾക്ക് വശംവദരാക്കുന്നുണ്ട്. അത് പുതിയ സാങ്കേതിക വിദ്യകളെ ഉപയോഗപ്പെടുത്താനും വിപണി ശക്തികളെക്കുറിച്ച് പഠിക്കാനുമൊക്കെ അവരെ നിർബന്ധിതരാക്കുന്നു. പുതിയ മാനേജ്മെൻറ് സംവിധാനവും പുതിയ ഉള്ളടക്കങ്ങളുമൊക്കെ അവതരിപ്പിക്കാൻ അവർ നിർബന്ധിതരാകുന്നു. അതല്ലാതെ അവർക്ക് നിലനിൽക്കാനാവില്ല എന്നതാണ് സ്ഥിതി. നിലനിൽപ്പിന് അനുയോജ്യമായത് കണ്ടെത്താനും ഒപ്പം ഡിജിറ്റൽ വിതരണ സംവിധാനം ഉപയോഗപ്പെടുത്താനും പരസ്യ വരുമാനം വർദ്ധിപ്പിക്കാനുമൊക്കെ പുതിയ മാർഗ്ഗങ്ങൾ തേടേണ്ടതായി വരുന്നു. ഒപ്പം നാലാംതൂണായി നിലനിൽക്കുന്നതിന് അല്ലെങ്കിൽ അങ്ങനെ വരുത്തുന്നതിന് ശ്രമിക്കുന്നു. എന്നാൽ ദൗർഭാഗ്യകരമെന്ന് പറയട്ടെ ആ ശ്രമം വേണ്ടത്ര വിജയിക്കുന്നില്ല; അല്ലെങ്കിൽ പൂർണ്ണമായും പരാജയപ്പെടുന്നു.

വാർത്തകളുടെ ഉള്ളടക്കം സമ്പന്നമാക്കുകയും മെച്ചപ്പെട്ട ഭരണത്തിനുവേണ്ടി ഗൗരവപ്പെട്ട പ്രശ്നങ്ങൾ അവതരിപ്പിക്കുകയും സാമൂഹ്യ സാമ്പത്തിക അസമത്വങ്ങൾ ഇല്ലാതാക്കുന്നതിന് വേണ്ടി പ്രവർത്തിക്കുകയുമാണ് നാലാംതൂൺ എന്ന നിലയിൽ മാധ്യമങ്ങൾ നിർവഹിക്കേണ്ട കടമ. എന്നാൽ ഇതിനു പകരം വിപണി ശക്തികളുടെ താല്പര്യത്തിന് വഴങ്ങി, ലാഭം മോഹിച്ച്, വാർത്തകളെ പൈങ്കിളി വൽക്കരിക്കുകയും വിഭ്രമാത്മകമാക്കുകയുമാണ് ഇന്ന് മാധ്യമങ്ങൾ ചെയ്യുന്നത്. വാർത്തകളുടെ സത്യാനന്തരവൽക്കരണമാണ് മാധ്യമങ്ങൾ ഇന്ന് അനുവർത്തിച്ചു വരുന്നത്. കോർപ്പറേറ്റ് താൽപര്യങ്ങൾക്ക് വശംവദമായി വാർത്തകൾ സൃഷ്ടിക്കുന്നവരും അവരുടെ പ്രചാരണോപാധിയായി പ്രവർത്തിക്കുന്നവരും ഇന്ന് മാധ്യമ രംഗത്തുണ്ട്. l

Hot this week

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 11

ലെനിന്റെ വിപ്ലവപദ്ധതിയും ഇസ്‌ക്രയും ‘‘1905ൽ ലെനിന്റെ ആദ്യകാല സഹപ്രവർത്തകനും പിൽക്കാലത്തെ കടുത്ത...

മല്ലു സ്വരാജ്യം

തെലങ്കാന സമരനായികയും സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ തലമുതിർന്ന നേതാവുമായിരുന്നു മല്ലു...

ദിലീപ്  കേസിന്റെ പ്രാധാന്യവും  നൈതികപ്രശ്നങ്ങളും

ദിലീപ് കേസ്‌  എന്നറിയപ്പെടുന്ന കൊട്ടേഷൻ ബലാത്സംഗസംഭവം നിയമ ,സാമൂഹ്യ,ലിംഗനീതി,മനുഷ്യാവകാശ  ചരിത്രത്തിൽ പല...

കതിർക്കനമുള്ള പെണ്ണുങ്ങളുടെ ലോകം

കെ.ആർ. മീരയുടെ കൃതികളിലെ പെൺമയുടെ ഈടുവെപ്പുകളെക്കുറിച്ച് പി.കെ. അനിൽകുമാർ രചിച്ച പഠനഗ്രന്ഥമാണ്...

ജീവിതവും കുറ്റാന്വേഷവും ഉൾച്ചേരുന്ന കാന്ത

1950 കാലഘട്ടത്തിലെ മദ്രാസിലെ സിനിമാമേഖലയാണ്‌ കാന്തയുടെ പശ്ചാത്തലം. തമിഴ്‌ സിനിമയിലെ താരമായ...

Topics

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 11

ലെനിന്റെ വിപ്ലവപദ്ധതിയും ഇസ്‌ക്രയും ‘‘1905ൽ ലെനിന്റെ ആദ്യകാല സഹപ്രവർത്തകനും പിൽക്കാലത്തെ കടുത്ത...

മല്ലു സ്വരാജ്യം

തെലങ്കാന സമരനായികയും സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ തലമുതിർന്ന നേതാവുമായിരുന്നു മല്ലു...

ദിലീപ്  കേസിന്റെ പ്രാധാന്യവും  നൈതികപ്രശ്നങ്ങളും

ദിലീപ് കേസ്‌  എന്നറിയപ്പെടുന്ന കൊട്ടേഷൻ ബലാത്സംഗസംഭവം നിയമ ,സാമൂഹ്യ,ലിംഗനീതി,മനുഷ്യാവകാശ  ചരിത്രത്തിൽ പല...

കതിർക്കനമുള്ള പെണ്ണുങ്ങളുടെ ലോകം

കെ.ആർ. മീരയുടെ കൃതികളിലെ പെൺമയുടെ ഈടുവെപ്പുകളെക്കുറിച്ച് പി.കെ. അനിൽകുമാർ രചിച്ച പഠനഗ്രന്ഥമാണ്...

ജീവിതവും കുറ്റാന്വേഷവും ഉൾച്ചേരുന്ന കാന്ത

1950 കാലഘട്ടത്തിലെ മദ്രാസിലെ സിനിമാമേഖലയാണ്‌ കാന്തയുടെ പശ്ചാത്തലം. തമിഴ്‌ സിനിമയിലെ താരമായ...

പോൾ ഗോഗിനും സ്വതന്ത്രചിന്തയുടെ ആവിഷ്‌കാരങ്ങളും

സാമ്പ്രദായിക രീതിയിൽനിന്ന്‌ മാറി ടാഹിറ്റിയിലെ കറുത്ത മനുഷ്യരെ ചേർത്തുപിടിക്കുകയും അവരുടെ ജീവിതവഴികളോടൊപ്പം...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 10

ഇസ്‌ക്രാദിനങ്ങൾ ‘‘ലെനിനെ സംബന്ധിച്ചിടത്തോളം യൂറോപ്യൻ ജീവിതം ഒരു ഒഴിവുകാലം ചെലവഴിക്കലായിരുന്നില്ല. അദ്ദേഹം റഷ്യയ്‌ക്കു...

ബാബ്‌റി മസ്ജിദ്: നിരന്തരം ഇന്ത്യക്കാരെ ഓർമ്മിപ്പിക്കുന്നത്

ഇന്ത്യൻ ഫാസിസത്തിന്റെ കാലാൾപ്പടയായ ആർഎസ്എസ് നേതൃത്വം നൽകിയ കർസേവകർ ബാബ്‌റി മസ്ജിദ്...
spot_img

Related Articles

Popular Categories

spot_imgspot_img