മൈക്കേൽ പാരൻ്റി : സാമ്രാജ്യത്വവിരുദ്ധ ധൈഷണികതയുടെ മാർക്സിസ്റ്റ് തീപ്പന്തം

പി എസ് പൂഴനാട്

“സാമ്രാജ്യത്വത്തിന്റെ അനിവാര്യമായ ധർമ്മം നാഗരികവത്ക്കരമോ ജനാധിപത്യവത്ക്കരണമോ അല്ല; മറിച്ച് അസമത്വത്തിന്റെ ഒരു ആഗോള വ്യവസ്ഥയെ നിലനിർത്തുക
എന്നതാണ്” – മൈക്കേൽ പാരൻ്റി

ഒന്ന്

2026 ജനുവരി 24- ന് തൻ്റെ തൊണ്ണൂറ്റി രണ്ടാം വയസ്സിൽ ഈ ലോകത്തോട്
വിടപറയുമ്പോൾ മൈക്കേൽ പാരൻ്റി എന്ന മാർക്സിസ്റ്റ് സൈദ്ധാന്തികപ്പോരാളി അവശേഷിപ്പിച്ചുപോയത് സമകാലികസന്ദർഭത്തിൽ ഏറെയൊന്നും സമാനതകളില്ലാത്ത സാമ്രാജ്യത്വവിരുദ്ധ ധൈഷണികതയുടെ തീപ്പന്തങ്ങളെയായിരുന്നു. 1969-ൽ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട കമ്മ്യൂണിസ്റ്റ് വിരുദ്ധജ്വരം (The Anti-communist Impulse ) മുതൽ ഒടുവിൽ പുറത്തുവന്ന ലാഭയുക്തിയുടെ രോഗാണുശാസ്ത്രം (Profit Pathology and Other Indecencies,2015) വരെ നീണ്ടുകിടക്കുന്ന മുമ്പതിലധികം വരുന്ന ധൈഷണിക ഗ്രന്ഥങ്ങളും ആയിരത്തോളം വരുന്ന പ്രബന്ധങ്ങളും ഒട്ടനവധി പ്രഭാഷണങ്ങളും
സാമ്രാജ്യത്വവിരുദ്ധപോരാളികൾക്ക് സമ്മാനിച്ചിട്ടാണ് അദ്ദേഹം യാത്രയായത്. യഥാർത്ഥത്തിൽ ഈ ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും പ്രഭാഷണങ്ങളും അതിൻ്റെ സൂക്ഷ്മാർത്ഥത്തിൽ അമേരിക്കൻ സാമ്രാജ്യത്വത്തിൻ്റെയും അതിൻ്റെ അധീശത്വപ്രത്യയശാസ്ത്രത്തിൻ്റയും  ചരിത്രപരവും സമകാലികവുമായ ഏറ്റവും തീക്ഷ്ണതയാർണ വിമർശനസ്വരൂപങ്ങളാണ്. ലോകസാമ്രാജ്യത്വത്തിൻ്റെ കേന്ദ്രസ്ഥാനമായ അമേരിക്കൻ ഐക്യനാടുകളായിരുന്നു മൈക്കേൽ പാരൻ്റിയുടെ പ്രവർത്തനമേഖല. ഒരു സാധാരണ തൊഴിലാളിവർഗ്ഗകുടുംബത്തിൽ പിറന്ന് വിദ്യാഭ്യാസത്തിൻ്റെ ഔന്നത്യങ്ങളിലേയ്ക്ക്
വളർന്നുവികസിച്ച അദ്ദേഹം യൂണിവേഴ്സിറ്റികളുടെ അകത്തളങ്ങളിൽ ഒതുങ്ങിക്കൂടാൻ കൂട്ടാക്കിയ ഒരു അക്കാദമിക് പണ്ഡിതനായിരുന്നില്ല. മറിച്ച്, ലോകസാമ്രാജ്യത്വത്തിൻ്റെ കേന്ദ്രസ്ഥാനമായ അമേരിക്കൻ ഐക്യനാടുകളും അതിൻ്റെ സഖ്യകക്ഷികളും കെട്ടിപ്പടുത്തുകൊണ്ടിരുന്ന സാമ്രാജ്യത്വത്തിൻ്റെയും മുതലാളിത്തത്തിൻ്റെയും ഫാസിസത്തിൻ്റെയും കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെയും രാഷ്ട്രീയ സമ്പദ്ശാസ്ത്രത്ത അതിൻ്റെ അടിവേരോളം ഇറങ്ങില്ലെന്ന് വിശകലന വിധേയമാക്കാനും സൈദ്ധാന്തികമായി പിഴുതെറിയാനുമായിരുന്നു തൻ്റെ ബൗദ്ധികതയെ 1960-കൾ മുതൽ മരണം വരെ മൈക്കേൽ പാരൻ്റി ഉപയോഗപ്പെടുത്തിക്കൊണ്ടിരുന്നത്.

ചരിത്രപരമായ സത്യസന്ധതയും വ്യക്തതയും ധീരതയുമായിരുന്നു മൈക്കേൽ പാരൻ്റിയുടെ അന്വേഷണങ്ങളുടെ അകക്കാമ്പായി നിലകൊണ്ടത്. അമേരിക്കൻ സാമ്രാജ്യത്വവും അതിൻ്റെ സഖ്യകക്ഷികളും കെട്ടഴിച്ചുവിട്ടുകൊണ്ടിരുന്ന കമ്യൂണിസ്റ്റ് വിരുദ്ധതയുടെയും അധിനിവേശയുക്തികളുടെയും ബലതന്ത്രങ്ങളെ അതിനിശിതവും നിരന്തരവുമായ വിമർശനത്തിന് വിധേയമാക്കിക്കൊണ്ടായിരുന്നു പാരൻ്റിയുടെ ധൈഷണികജീവിതം എല്ലാ ഘട്ടങ്ങളിലും മുന്നോട്ടുനീങ്ങിയത്.
ധൈഷണികമായ ഒരു തരത്തിലുള്ള അനുരഞ്ജനങ്ങൾക്കും അദ്ദേഹം ഒരുക്കവുമല്ലായിരുന്നു. അതുകൊണ്ടുതന്നെ അമേരിക്കൻ ഭരണകൂടത്തിൻ്റെയും അതിൻ്റെ സ്ഥാപനസാമഗ്രികളുടെയും നിരന്തരമായ വേട്ടയാടലുകൾക്കും ഒഴിവാക്കലുകൾക്കും മിഷേൽ പാരൻ്റി നിരന്തരമെന്നോണം വിധേയനാക്കപ്പെടുകയും ചെയ്തു.

അമേരിക്കൻ സാമ്രാജ്യത്വയുക്തികളെയും അതിൻ്റെ അധിനിവേശതന്ത്രങ്ങളെയും മനുഷ്യാവകാശത്തിൻ്റെയും
ജനാധിപത്യസംസ്ഥാപനത്തിൻ്റെയും ആവിഷ്ക്കാരരൂപങ്ങളായി കണ്ടുകൊണ്ട് ഒരു ബുദ്ധിജീവിയായി അമേരിക്കൻ അക്കാദമികളിൽ ഒതുങ്ങിക്കൂടാൻ എളുപ്പമാണ്. അങ്ങനെയുള്ള ഒരാൾ താനൊരു മാർക്സിസ്റ്റ് ബുദ്ധിജീവിയാണെന്ന് അവകാശപ്പെട്ടാലും അമേരിക്കൻ ഭരണകൂടത്തിന് വലിയ പ്രശ്നമാകാറില്ല.
യഥാർത്ഥത്തിൽ നിലനിൽക്കുന്ന സോഷ്യലിസത്തെ (actually existing socialism) ജനാധിപത്യവിരുദ്ധവും ഏകാധിപത്യപരവും മനുഷ്യാവകാശലംഘനങ്ങളുടെ അവതാരവുമാണെന്ന് വിശേഷിപ്പിച്ചാൽ മാത്രം മതിയാകും. അങ്ങനെയായാൽ നിങ്ങൾ എവിടത്തെ “മാർക്സിസ്റ്റാ”യാലും നിങ്ങൾക്ക് അമേരിക്കയിൽ വമ്പൻ അക്കാദമിക് പദവികളോടെ സെമിനാറുകളിലും പങ്കെടുത്ത് പുസ്തകങ്ങളും അടിച്ചിറക്കി സുഖമായി ജീവിക്കാനാകും. എല്ലാ പ്രമോഷനുകളും ബുദ്ധിജീവിപ്പട്ടങ്ങളും അവർ തന്നെ ബോധപൂർവ്വം ഏർപ്പാടാക്കിത്തരുകയും ചെയ്യും.

എന്നാൽ ക്യൂബയിലും വെനിസ്വലയിലും ചൈനയിലും കൊറിയയിലും വിയറ്റ്നാമിലും ലാവോസിലും യഥാർത്ഥത്തിൽ നിലനിൽക്കുന്നതും സോവിയറ്റ് യൂണിയനിലും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലും യഥാർത്ഥത്തിൽ നിലനിന്നതുമായ സോഷ്യലിസത്തെ  അംഗീകരിക്കുകയാണെങ്കിൽ സാമ്രാജ്യത്വത്തിൻ്റെ ഏറ്റവും വലിയ ശത്രുവായി നിങ്ങൾ മുദ്രകുത്തപ്പെടും. പാശ്ചാത്യ അക്കാദമിക് വേദികളിലൊന്നും നിങ്ങൾക്ക് സ്ഥാനമുണ്ടായിരിക്കില്ല. നിങ്ങൾ എത്ര ഗംഭീരങ്ങളായ പുസ്തകങ്ങളും പ്രബന്ധങ്ങളും രചിച്ചിട്ടുണ്ടെങ്കിലും അതൊന്നും സാമ്രാജ്യത്വനിയന്ത്രിതമായ മാധ്യമലോകത്ത് അതർഹിക്കുന്ന ഒരു വെളിച്ചവും കാണില്ല.

നമ്മുടെ കാലഘട്ടത്തെ അതിൻ്റെ  ഏറ്റവും തീക്ഷ്ണതയാർന്ന തലങ്ങളിൽ അഭിസംബോധന ചെയ്ത മൈക്കേൽ പാരൻ്റിയുടെ എത്ര പുസ്തകങ്ങളും പ്രബന്ധങ്ങളും മുഖ്യധാരയ്ക്കറിയാം എന്ന് ഒന്നുപരിശോധിച്ചാൽ മാത്രം മതിയാകും ഇംപീരിയൽ തിയതി ഇൻഡസ്ട്രി ( Imperial Theory Industry ) എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് മനസ്സിലാക്കാൻ. എന്നാൽ സാമ്രാജ്യത്വം കാലഹരണപ്പെട്ട ആശയമാണെന്ന് ഒരു പ്രബന്ധമോ പുസ്തകമോ രചിച്ചാൽ രചിക്കുന്നയാൾ എത്ര വലിയ “മാർക്സിസ്റ്റാ”യും ന്യൂയോർക്ക് ടൈംസും ടൈം മാഗസിനും അതിനെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മാനിഫെസ്റ്റോ ആയി കൊണ്ടാടും. അങ്ങനെയാണ് സാമ്രാജ്യത്വം കാലഹരണപ്പെട്ട ആശയമാണെന്നും തൊഴിലാളിവർഗ്ഗം കടലെടുത്തുപോയി എന്നും വാദിച്ച അൻ്റോണിയോ നെഗ്രി എന്ന “മാർക്സിസ്റ്റ്” ചിന്തകൻ കേരളത്തിലുൾപ്പെടെ മധ്യവർഗ്ഗ ബുദ്ധിജീവികളുടെ ഇഷ്ടവിഭവമായി രൂപാന്തരപ്പെട്ടത്. എന്നാൽ ഇത്തരം മധ്യവർഗ്ഗബുദ്ധിജീവികൾ മൈക്കേൽ പാരൻ്റി എന്ന സാമ്രാജ്യത്വവിരുദ്ധ – മാർക്സിസ്റ്റ് ചിന്തകൻ ഇവിടെ
ജീവിച്ചിരുന്നതായിപ്പോലും അറിയണമെന്നില്ല; അറിഞ്ഞിട്ടുമില്ല.

രണ്ട്

മൈക്കേൽ പാരൻ്റി കേവലമൊരു മാർക്സിസ്റ്റ് പണ്ഡിതനോ രാഷ്ട്രീയ ചിന്തകനോ മാത്രമായിരുന്നില്ല. തൻ്റെ മാർക്സിസ്റ്റ്-ലെനിനിസ്റ്റ് അവഹാഗത്തെ സമകാലിക സാമ്രാജ്യത്വത്തിൻ്റെ അധികാരയുക്തികളുമായുള്ള നിരന്തരമായ ഏറ്റുമുട്ടലുകൾക്കുവേണ്ടിയായിരുന്നു അദ്ദേഹം ഉപയോഗപ്പെടുത്തിയത്. വർഗ്ഗത്തിൻ്റെയും വർഗ്ഗസമരത്തിൻ്റെയും സമകാലിക സന്ദർഭങ്ങളുടെ വർദ്ധിതമായ പ്രാധാന്യത്തെ അദ്ദേഹം നിരന്തരം വെളിപ്പെടുത്തിക്കൊണ്ടിരുന്നു. അതോടൊപ്പം മുതലാളിത്തത്തിൻ്റെയും ഫാസിസത്തിൻ്റെയും ചേർച്ചകളെ വെളിച്ചത്തുകൊണ്ടുവരികയും രൂക്ഷവിമർശനത്തിന് വിധേയമാക്കുകയും ചെയ്തു. ഉത്തരാധുനികരുടെ
സാമ്രാജ്യത്വസ്തുതിഗീതങ്ങളിലായിരുന്നില്ല; മറിച്ച്, തൊഴിലാളിവർഗ്ഗപോട്ടങ്ങളുടെ സമരോത്സുകതയിലായിരുന്നു മൈക്കേൽ പാരൻ്റി ആദ്യാവസാനം വരെ വേരുകളാഴ്ത്തിനിന്നത്.

സാമ്രാജ്യത്വത്തെ സാമ്രാജ്യത്വമെന്നും മുതലാളിത്തത്തെ മുതലാളിത്തമെന്നും ഫാസിസത്ത ഫാസിസമെന്നും ഒരു തരത്തിലുള്ള ആടയാഭരങ്ങളുമില്ലാതെ പച്ചയ്ക്ക് തിരിച്ചറിയുകയും വിശകലന വിധേയക്കുകയും ചെയ്തു എന്നതാണ് മൈക്കേൽ പാരൻ്റിയുടെ ഏറ്റവും വലിയ സവിശേഷത. സാമ്രാജ്യത്വത്തെയും മുതലാളിത്തത്തെയും ഫാസിസത്തെയും കുറിച്ച് മുഖ്യധാരയിൽ നിന്നും മായ്ച്ചുകളയപ്പെട്ടുകൊണ്ടിരുന്ന തീക്ഷ്ണയാഥാർത്ഥ്യങ്ങളെയും വസ്തുതകളെയും  ചരിത്രത്തിൽ നിന്നും വീണ്ടെടുക്കാനും സാധാരണ മനുഷ്യരുടെ അവബോധത്തിലേയ്ക്ക് കൊണ്ടുവരാനും പാരൻ്റി ഏറെ പണിപ്പെട്ടിരുന്നു. സങ്കീർണ്ണങ്ങളായ വസ്തുതകളെപ്പോലും സാധാരണ മനുഷ്യരുടെ ഭാഷയിലേയ്ക്ക് എളുപ്പത്തിൽ പരാവർത്തനം ചെയ്യാനും പാരൻ്റിക്ക് കഴിഞ്ഞിരുന്നു. അക്കാദമിക് ബൗദ്ധികതയുടെ നാല് അതിരുകൾക്കപ്പുറം തൊഴിലാളി യൂണിയനുകളിലും തെരുവുകളിലുമായിരുന്നു അദ്ദേഹം കൂടുതൽ സമയവും സംവദിച്ചുകൊണ്ടിരുന്നത്. സാമ്രാജ്യത്വ- മുതലാളിത്ത നിയന്ത്രിതമായ മാധ്യമങ്ങൾ മുഖ്യധാരയിൽ നിന്നും അഴിച്ചുകളയാൻ ശ്രമിച്ചുകൊണ്ടിരുന്ന യാഥാർത്ഥ്യങ്ങളെ ചരിത്രത്തിലേയ്ക്ക് അദ്ദേഹം പുനരാനയിക്കുകയായിരുന്നു.

“മാധ്യമസാക്ഷരത” എന്നത് ഫാഷണബിളായിട്ടുള്ള ഒരു പദാവലിയായി തീരുന്നതിനും എത്രയോ വർഷങ്ങൾക്കുമുമ്പുതന്നെ മാധ്യമങ്ങളുടെ കോർപ്പറേറ്റ് താൽപ്പര്യങ്ങളെയും അതിൻ്റെ രാഷ്രീയ സമ്പദ് ശാസ്ത്രത്തെയും കൃത്യവും വ്യക്തവുമായി തുറന്നുകാട്ടാൻ പാരൻ്റിയ്ക്ക് കഴിഞ്ഞിരുന്നു. യാഥാർത്ഥ്യത്തെ കണ്ടെത്തൽ: വാർത്താമാധ്യമങ്ങളുടെ രാഷ്ട്രീയം ( Inventing Reality: The Politics of News Media,1993 ) എന്ന പുസ്തകം അതിൻ്റെ സാക്ഷ്യപത്രമാണ്.

വാർത്താമാധ്യമങ്ങൾ നമ്മോട് പറയുന്ന കാര്യങ്ങളിൽ എത്രത്തോളം സത്യമുണ്ട്?ലോകത്തെക്കുറിച്ചുള്ള നമ്മുടെ വീക്ഷണത്തെ അത് എങ്ങനെയെല്ലാം നിയന്ത്രിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്നു ? വാർത്താമാധ്യമങ്ങളെക്കുറിച്ചുള്ള ഏറ്റവും പ്രകോപനപരമായ ഒരു വിമർശനപരിപ്രേക്ഷ്യമായിരുന്നു പ്രസ്തുത ഗ്രന്ഥം മുന്നോട്ടുവെച്ചത്. മാധ്യമങ്ങൾ പൊതുജനങ്ങളുടെ യാഥാർത്ഥ്യത്തെക്കുറിച്ചുള്ള ധാരണകളെയും അനുഭവങ്ങളെയും എങ്ങനെയെല്ലാം തകിടം മറിക്കുന്നു എന്നതിനെക്കുറിച്ച് ആ ഗ്രന്ഥം സൂക്ഷ്മമായി അന്വേഷിച്ചു. വാർത്താമാധ്യമങ്ങളെ നിയന്ത്രിക്കുന്നത് ലിബറലുകളും ലിബറൽ അഭിപ്രായങ്ങളുമാണെന്ന വ്യാപകമായ മുൻധാരണയെ മൈക്കേൽ പാരൻ്റി കടന്നാക്രമിക്കുന്നുണ്ട്. അതോടെപ്പം, വാർത്താമാധ്യമങ്ങളെ അമേരിക്കൻ മുതലാളിത്തവ്യവസ്ഥയുടെ ഒരു നിയന്ത്രണസ്ഥാപനമായും (controlling institution ) പാരൻ്റി കൃത്യമായി സ്ഥാനപ്പെടുത്തുന്നു. സമ്പന്നരുടെയും അധികാരികളുടെയും താൽപ്പര്യങ്ങളെ സംരക്ഷിക്കുന്ന ഒരു നിയന്ത്രണസ്ഥാപനം കൂടിയാണത്. എന്നാൽ സാധാരണ മനുഷ്യരെ സേവിക്കുന്ന ഒരു ഉപകരണമായിട്ടാണ് മാധ്യമങ്ങൾ എല്ലായിപ്പോഴും നടക്കിക്കാറുള്ളതെന്നും പാരൻ്റി വ്യക്തമാക്കുന്നുണ്ട്.

സോവിയറ്റ് യൂണിയന്റെ തകർക്കൽ, ഗൾഫ് യുദ്ധം, പനാമയിലെ അമേരിക്കൻ സാമ്രാജ്യത്വ അധിനിവേശം, നിക്കരാഗ്വയിലെ കോൺട്രാ യുദ്ധം എന്നിവയുൾപ്പെടെയുള്ള ലോക സംഭവങ്ങളുടെ വാർത്താമാധ്യമ കവറേജുകളെ സൂക്ഷ്മമായി വിശകലനം ചെയ്തുകൊണ്ടാണ് മാധ്യമങ്ങളുടെ യഥാർത്ഥ രാഷ്ട്രീയത്തെയും രാഷ്ട്രീയ സമ്പദ്ശാസ്ത്രത്തെയും പാരൻ്റി തുറന്നുകാട്ടിയത്. അതോടെപ്പം ചില പ്രത്യേക വിവരങ്ങളെ വളച്ചൊടിക്കുകയോ അടിച്ചമർത്തുകയോ ചെയ്തുകൊണ്ട് മാധ്യമങ്ങൾ എങ്ങനെയാണ് പൊതുഅവബോധത്തെയും  മനോഭാവങ്ങളെയും  രൂപപ്പെടുത്തിയെടുക്കുന്നതെന്നും പാരൻ്റി വ്യക്തമാക്കുന്നുണ്ട്. നിഷ്പക്ഷവും സ്വതന്ത്രവുമായ മാധ്യമം എന്ന ലിബറൽ വായാടിത്തത്തിൻ്റെ പൊള്ളത്തരങ്ങളെ അതിഗംഭീരമായി പുറത്തുകൊണ്ടുവരാൻ പ്രസ്തുത ഗ്രന്ഥത്തിലൂടെ മൈക്കേൽ പാരൻ്റിയ്ക്ക് കഴിഞ്ഞു.

മൂന്ന്

ലിബറൽ ജനാധിപത്യത്തിൻ്റെ വർഗ്ഗസ്വഭാവത്തെയും, മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള വായാടിത്തങ്ങൾക്കുള്ളിൽ ഒളിപ്പിച്ചുവെച്ചിട്ടുള്ള അതിക്രൂരമായ മനുഷ്യഹിംസകളെയും അദ്ദേഹം തുന്നുകാട്ടി. ധാർമ്മികതയുടേയും ജനാധിപത്യത്തിൻ്റെയും മുഖംമൂടി അണിഞ്ഞുകൊണ്ടുള്ള സാമ്രാജ്യത്വത്തിൻ്റെ പ്രചാരണ ബലതന്ത്രങ്ങളുടെ പിന്നിലുള്ള യഥാർത്ഥ രാഷ്രീയതാൽപ്പര്യങ്ങളെയും ഒരു വിട്ടുവീഴ്ച്ചയുമില്ലാതെ അദ്ദേഹം തുറന്നെതിർത്തു. പാശ്ചാത്യ മാർക്സിസ്റ്റ് ബുദ്ധിജീവികളിൽ ഭൂരിപക്ഷംപേരും അമൂർത്തവത്ക്കരണത്തിലേയ്ക്കും സംസ്കാരവാദത്തിലേയ്ക്കും പാഠവായനകളിലേയ്ക്കും ചുരുങ്ങിപ്പോയ ഒരു ചരിത്രസന്ദർഭത്തിലായിരുന്നു മൈക്കേൽ പാരൻ്റി എന്ന മാർക്സിസ്റ്റ് ചിന്തകൻ രാഷ്ട്രീയ സമ്പദ്ശാസ്ത്രത്തിൻ്റെയും ചരിത്രപരമായ ഭൗതികവാദത്തിൻ്റെയും വർഗ്ഗവിശകലനത്തിൻ്റെയും അടിത്തറയിൽ ഉറച്ചുനിന്നുകൊണ്ട് സാമ്രാജ്യത്വ- മുതലാളിത്ത പ്രചാരണ സന്നാഹങ്ങളെയും മാധ്യമയുക്തികളെയും അപാരമായ നിലയിൽ അരിഞ്ഞുവീഴ്ത്തിയത്.

ലോകമുതലാളിത്തത്തിൻ്റെ കേന്ദ്രസ്ഥാനത്തിരുന്നുകൊണ്ട്, മാർക്സിസ്റ്റ് വിശകലനത്തിൻ്റെ യഥാർത്ഥ രാഷ്ട്രീയതാൽപ്പര്യങ്ങളെ സാമ്രാജ്യത്വവിമർശനത്തിൻ്റെ കേന്ദ്രസ്ഥാനത്തേയ്ക്ക് കൊണ്ടുവന്നു എന്നതുകൊണ്ടുതന്നെ, മൈക്കേൽ പാരൻ്റിയ്ക്ക് അക്കാദമികമായി വലിയ വില നൽകേണ്ടതായും വന്നു. മുഖ്യധാരാ അക്കാദമികളുടെ അകത്തളങ്ങളിൽ നിന്നും അദ്ദേഹം പ്രാന്തവത്ക്കരിക്കപ്പെടുകയും ബോധപൂർവ്വം ഒഴിവാക്കപ്പെടുകയും ചെയ്തു. അക്കാദമികമായ മെരിറ്റിൻ്റെ അഭാവമായിരുന്നില്ല കാരണം. മറിച്ച് സാമ്രാജ്യത്വത്തിൻ്റെ മുഖ്യധാരായുക്തികളുമായും അതിൻ്റെ പ്രത്യയശാസ്ത്രവുമായും അനുസരണയോടെ കഴിഞ്ഞുകൂടാൻ പാരൻ്റി ഒരുക്കമല്ലായിരുന്നു. സ്ഥാപനങ്ങളിലെ സ്ഥാനക്കയറ്റങ്ങൾക്കുവേണ്ടിയോ പൊതുസ്വീകാര്യതയ്ക്കുവേണ്ടിയോ തൻ്റെ സാമ്രാജ്യത്വവിരുദ്ധചിന്തയെ നേർപ്പിക്കാൻ അദ്ദേഹം തയ്യാറല്ലായിരുന്നു.
സാമ്രാജ്യത്വത്തെ ധാർമ്മികമായ ഒരു തെറ്റായോ ഒരു കുഴപ്പമായിട്ടോ ഒരു നയവ്യതിയാനമായിട്ടോ അല്ല പാരൻ്റി നോക്കിക്കണ്ടത്. മറിച്ച്, സാമ്രാജ്യത്വമെന്നത് ഒരു വ്യവസ്ഥയാണ് ; കൊള്ളയടിയുടെ ഒരു ഘടനയാണത്. അതുകൊണ്ടുതന്നെ സാമ്രാജ്യത്വത്തിനെതിരായ പ്രതിഷേധമെന്നത് ചരിത്രപരമായ അനിവാര്യതയാണ്.

മുതലാളിത്തലോകത്തിലെ ലിബറൽ ജനാധിപത്യത്തെക്കുറിച്ചുള്ള മൈക്കേൽ പാരൻ്റിയുടെ കടുത്തവിമർശനങ്ങൾ ഏറെ പ്രധാനപ്പെട്ട ഒന്നാണ്. 1974 – ൽ പ്രസിദ്ധികരിക്കപ്പെട്ട കുറച്ചുപേർക്കു മാത്രമുള്ള ജനാധിപത്യം (Democracy for the Few ) എന്ന സുപ്രധാനമായ ഗ്രന്ഥത്തിലൂടെയാണ് ലിബറൽ ജനാധിപത്യത്തിൻ്റെ നാനാവശങ്ങളെ പാരൻ്റി സൂക്ഷ്മവിശകലനത്തിന് വിധേയമാക്കുന്നത്. മുതലാളിത്ത ജനാധിപത്യമെന്നത് എല്ലാവർക്കും എല്ലാവിധ ഐശ്വര്യങ്ങളും പ്രദാനം ചെയ്യുന്ന ഒരു നിഷ്പക്ഷ വ്യവസ്ഥയല്ലെന്ന് പാരൻ്റി  വളരെ സമർത്ഥമായി തെളിയിക്കുന്നുണ്ട്. എല്ലാതരത്തിലുള്ള മുതലാളിത്ത ജനാധിപത്യങ്ങളും സൂക്ഷ്മാർത്ഥത്തിൽ വർഗ്ഗാടിസ്ഥാനത്തിൽ തുന്നിച്ചേർക്കപ്പെട്ട ജനാധിപത്യങ്ങളാണ്. അതുകൊണ്ടുതന്നെ സാമ്പത്തികാധികാര ശക്തികളാണ്,  എന്തു രീതിയിലുള്ള രാഷ്ട്രീയ തീരുമാനങ്ങളാണ് പുറത്തുവരേണ്ടതെന്ന് ആത്യന്തികമായി തീരുമാനിക്കുന്നത്. അതായത് ലിബറൽ ജനാധിപത്യമെന്നത് വർഗ്ഗനിരപേക്ഷമായ ഒന്നല്ല. തെരഞ്ഞെടുപ്പുകളും കോടതികളും മാധ്യമങ്ങളും ഭരണകൂടസ്ഥാപനങ്ങളും എങ്ങനെയൊക്കെയാണ് മൂലധനത്തിൻ്റെ താൽപ്പര്യങ്ങളെ സേവിക്കുന്നതെന്നും പാരൻ്റി വിശദീകരിക്കുന്നുണ്ട്. ഈ മൂലധന താൽപ്പര്യപ്രകാരം ജനകീയമായ താൽപ്പര്യങ്ങൾ ഒന്നുകിൽ അടിച്ചമർത്തപ്പെടുന്നു അല്ലെങ്കിൽ നേർപ്പിക്കപ്പെടുകയോ നിയന്ത്രിക്കപ്പെടുകയോ ചെയ്യുന്നു. സ്വത്തുടമാബന്ധങ്ങൾക്ക് ഭീഷണിയാകാത്തിടത്തോളം മാത്രമേ ലിബറൽ ജനാധിപത്യം നിലനിൽക്കുകയുള്ളൂ. ആരാണോ സമ്പത്തിനെ ( productive wealth ) കൈക്കലാക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് അവരായിരിക്കും രാഷ്ട്രത്തിൻ്റെ രാഷ്ട്രീയജീവിതത്തിലും ആധിപത്യം പുലർത്തുന്നത്.

അമേരിക്കയുടെ വിദേശനയം എന്തുതന്നെയായാലും അതിൻ്റെ ആഭ്യന്തരനയം ജനാധിപത്യമൂല്യങ്ങളിലധിഷ്ഠിതമാണ് എന്നു പറഞ്ഞു സമാശ്വസിക്കുന്ന സാമ്രാജ്യത്വപ്രത്യയശാസ്ത്രവാഹകരും ലിബറൽ ജനാധിപത്യവാദികളും നമുക്കു ചുറ്റും യഥേഷ്ടമുണ്ട്. ഇത്തരം ലിബറൽ ജനാധിപത്യവാദികൾ പലപ്പോഴും വാദിക്കാറുള്ളതുപോലെ അമേരിക്കൻ വിദേശനയം അത്രയ്ക്ക് നിഷ്ക്കളങ്കമോ ഒരു വഴിതെറ്റലോ മാത്രമാണോ ? എന്തു കൊണ്ടാണ് അമേരിക്കൻ ഭരണകൂടം വിദേശത്തുള്ള ഏകാധിപതികളെ പിന്തുണയ്ക്കുന്നത് ? അമേരിക്ക അതിൻ്റെ വിഭവങ്ങളിൽ ഭൂരിപക്ഷവും എന്തുകൊണ്ടാണ് ആണവായുധങ്ങളെ കുന്നുകൂട്ടുന്നതിനുവേണ്ടി വിനിയോഗിക്കുന്നത് ? എന്തുകൊണ്ട് യുദ്ധങ്ങൾക്കും അധിനിവേശങ്ങൾക്കും പകരം ലോകസമാധാനത്തിനുവേണ്ടി അമേരിക്ക പ്രവർത്തിക്കുന്നില്ല ?

വാളും ഡോളറും (The Sword and the Dollar , 1989) എന്ന പുസ്തകത്തിലൂടെ ഈ ചോദ്യങ്ങൾക്ക് മൈക്കേൽ പാരൻ്റി മറുപടി പറയുന്നുണ്ട്. അമേരിക്കൻ വിദേശനയത്തിൻ്റെ നിഗൂഢമായ മാനങ്ങളെ ഈ പുസ്തകത്തിലൂടെ പാരൻ്റി തുറന്നുകാട്ടുന്നു. അമേരിക്കയെ ഏത് പാർട്ടി ഭരിക്കുന്നു എന്നത് ഒരു പ്രശ്നമല്ല. ഏത് പാർട്ടി ഭരിച്ചാലും അമേരിക്കൻ കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന ബഹുരാഷ്ട്രക്കുത്തകകളുടെ താൽപ്പര്യമായിരിക്കും അമേരിക്കൻ ഭരണകൂടം സംരക്ഷിക്കുന്നത്. കാരണം അമേരിക്കയെ നിയന്ത്രിക്കുന്നത് ഈ ബഹുരാഷ്ട്രകുത്തകകളാണ്. അവരുടെ താൽപ്പര്യമാണ് അമേരിക്കയുടെ വിദേശനയമായി പുറത്തുവരുന്നത്. ആ വിദേശനയത്തിൻ്റെ അടിസ്ഥാനമാകട്ടെ ഇത്തരം ബഹുരാഷ്ട്രകുത്തകകൾക്ക് വിലപിടിപ്പുള്ള വിദേശക്കമ്പോളങ്ങളും പ്രകൃതിവിഭവങ്ങളും  കുറഞ്ഞ കൂലിയുള്ള വിദേശ അധ്വാനവും പിടിച്ചെടുത്തുകൊടുക്കുക എന്നതാണ്. എങ്ങനെയാണ് ബഹുരാഷ്ട്ര കുത്തകകളുടെ സ്വകാര്യതാൽപ്പര്യങ്ങൾ അമേരിക്കൻ ഭരണകൂടത്തിൻ്റെ താൽപ്പര്യങ്ങളായി പരിവർത്തിക്കുന്നതെന്ന് മൈക്കേൽ പാരൻ്റി ഏറ്റവും കൃത്യമായി പുറത്തുകൊണ്ടുവരുന്നു. അതുകൊണ്ടുതന്നെ ലോകസമാധാനത്തിനുള്ള ഏറ്റവും വലിയ ഭീഷണി ഈ അമേരിക്കൻ സാമ്രാജ്യത്വമാണെന്നും മൈക്കേൽ പാരൻ്റി അടിവരയിടുന്നു.

Hot this week

കണ്ണേറ്

തെയ്യവും തിറയും മലബാറിൽ മാത്രമായി അവതരിപ്പിക്കുന്ന കലാരൂപങ്ങൾ ആയിരുന്നെങ്കിൽ കണ്ണേറ് എന്ന...

എസ്ഐആർ ചെറിയ മീനല്ല!

ഇലക്ഷൻ കമ്മീഷൻ എസ്ഐആറിന്റെ കാര്യത്തിൽ അനുവർത്തിച്ചുവരുന്ന വഴിവിട്ട പോക്കിനെ സുപ്രീംകോടതി അതിനിശിതമായ...

ശ്യാമിലി ഗുപ്ത

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ആഴത്തിൽ ബന്ധമുള്ള കുടുംബത്തിലാണ് ശ്യാമിലി ഗുപ്ത ജനിച്ചത്. ജയന്ത്‌ദാസ്...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ – 17

1905ലെ വിപ്ലവത്തിന്റെ വേലിയിറക്കം ‘"സ്വതന്ത്രമായ ഒരു കർഷകസമൂഹത്തിന്‌ എന്തെങ്കിലുമൊരു പോമേഷ്ചിക്ക് (Pomeshchiki)...

വർഗസമരവും മാധ്യമങ്ങളും‐ 20

മോദിയും പത്രസമ്മേളനവും ഗുജറാത്തിൽ 2007ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് രണ്ടാംവട്ടം മുഖ്യമന്ത്രിയായതോടെ...

Topics

കണ്ണേറ്

തെയ്യവും തിറയും മലബാറിൽ മാത്രമായി അവതരിപ്പിക്കുന്ന കലാരൂപങ്ങൾ ആയിരുന്നെങ്കിൽ കണ്ണേറ് എന്ന...

എസ്ഐആർ ചെറിയ മീനല്ല!

ഇലക്ഷൻ കമ്മീഷൻ എസ്ഐആറിന്റെ കാര്യത്തിൽ അനുവർത്തിച്ചുവരുന്ന വഴിവിട്ട പോക്കിനെ സുപ്രീംകോടതി അതിനിശിതമായ...

ശ്യാമിലി ഗുപ്ത

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ആഴത്തിൽ ബന്ധമുള്ള കുടുംബത്തിലാണ് ശ്യാമിലി ഗുപ്ത ജനിച്ചത്. ജയന്ത്‌ദാസ്...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ – 17

1905ലെ വിപ്ലവത്തിന്റെ വേലിയിറക്കം ‘"സ്വതന്ത്രമായ ഒരു കർഷകസമൂഹത്തിന്‌ എന്തെങ്കിലുമൊരു പോമേഷ്ചിക്ക് (Pomeshchiki)...

വർഗസമരവും മാധ്യമങ്ങളും‐ 20

മോദിയും പത്രസമ്മേളനവും ഗുജറാത്തിൽ 2007ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് രണ്ടാംവട്ടം മുഖ്യമന്ത്രിയായതോടെ...

അയ്യപ്പൻ തെയ്യം

  മലബാറിൽ കെട്ടിയാടുന്ന തെയ്യങ്ങളിൽ ഏറെ പുതുമയാർന്ന വിഭാഗത്തിൽപ്പെട്ട ഒന്നാണ് അയ്യപ്പൻ തെയ്യം....

പ്രഭയും ഡെലുലുവും തീർക്കുന്ന മായ

  മലയാളത്തിലെ ഏറ്റവും ജനപ്രിയമായ സിനിമ സ്വഭാവത്തിനെ പുതിയ കാലത്തിനനുയോജ്യമായ രീതിയിൽ പുതുക്കി...

മോദി വാഴ്ചയിൽ ശിഥിലമാകുന്ന ഇന്ത്യൻ രൂപ

ഒരു മനുഷ്യന്റെ ശാരീരിക ആരോഗ്യം പോലെതന്നെയാണ് ഒരു രാജ്യത്തിന്റെ സാമ്പത്തിക ആരോഗ്യവും....
spot_img

Related Articles

Popular Categories

spot_imgspot_img