
മോദിയും പത്രസമ്മേളനവും
ഗുജറാത്തിൽ 2007ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് രണ്ടാംവട്ടം മുഖ്യമന്ത്രിയായതോടെ മാധ്യമങ്ങൾ മോദിയോടുള്ള നിലപാട് മാറ്റി. അവർ ഗുജറാത്ത് മാതൃകയെക്കുറിച്ച് വാഴ്ത്തിപ്പാടാൻ തുടങ്ങി. ഇതിനിടയിൽ കോർപ്പറേറ്റ് ഹിന്ദുത്വ അവിശുദ്ധ സഖ്യം രൂപപ്പെട്ടിരുന്നു. ഇന്ത്യയിലെ കുത്തകകളും ഹിന്ദുത്വ കാഴ്ചപ്പാടുള്ളവരും സമാന ലക്ഷ്യത്തോടെ മുന്നോട്ടുപോവുക എന്ന സ്ഥിതിയാണ് ഉണ്ടായത്. അതിനുമുമ്പ് കുത്തകകൾ പൊതുവിൽ വർഗീയവാദപരമായ സമീപനം സ്വീകരിച്ചിരുന്നില്ല. ബിജെപി നേതൃത്വം അവരുടെ സാമ്പത്തിക നയം പൂർണമായും നവ ലിബറലിസത്തിന് അനുകൂലമായ വിധം മാറ്റം വരുത്തി. ഇതോടെ ഇന്ത്യൻ കുത്തകകളും വിദേശ കുത്തകളുമൊക്കെ മോദിക്ക് അനുകൂലമായി മാറി. ബംഗാളിൽ നിന്ന് മമതാ ബാനർജിയുടെ സമരത്തെ തുടർന്ന് പുറത്തു പോകേണ്ടി വന്ന ടാറ്റായുടെ നാനോ കാർ ഫാക്ടറി ഗുജറാത്തിൽ നിന്ന് ഉൽപാദനം ആരംഭിച്ചു. സാമ്പത്തിക വിദഗ്ധരും ധനകാര്യ വിദഗ്ധരും വികസന വിദഗ്ധരും ഒക്കെ മോഡിക്ക് വേണ്ടി വാഴ്ത്തു പാട്ടുകൾ ചമച്ചു. നിരവധി മാധ്യമങ്ങളിൽ വിശദമായ പരസ്യങ്ങളും വാർത്തകളും വന്നു.
മോദിയുടെ പബ്ലിക് റിലേഷൻ സംവിധാനം ഗുജറാത്തി മാധ്യമങ്ങളെ പൊതുവിൽ വാടകക്കെടുത്തു. ആപ്കോ വേൾഡ് വൈഡ് എന്ന ആഗോള പരസ്യ സംവിധാനം മോദിക്ക് വേണ്ടി ആഗോളതലത്തിലും ദേശീയതലത്തിലും ഒക്കെ പരസ്യം ചെയ്യാൻ തുടങ്ങി. മോദിയെ ഒരു ആഗോള വ്യക്തിത്വമാക്കി പരസ്യങ്ങളിലൂടെ അവർ വളർത്തിയെടുത്തു. മോദി എന്നതിനർത്ഥം വ്യാപാരം എന്നതായിരുന്നു ടൈം മോദിക്ക് നൽകിയ തലക്കെട്ട്. ഒരു ദശകക്കാലം സംസ്ഥാനത്ത് ഉണ്ടാക്കിയനേട്ടങ്ങളാകെ അവർ അക്കമിട്ട് പ്രചരിപ്പിച്ചു. ടൈമിന്റെ കവർ പേജിൽ വന്ന വാർത്ത ഇന്ത്യൻ മാധ്യമങ്ങളിലും സ്ഥാനം പിടിച്ചു. “മോദിക്ക് പിആർ ഏജൻസി ഇല്ല ” എന്ന് ഒറ്റപാചകത്തിൽ മറുപടി കൊടുത്തുകൊണ്ട് ഈ പരസ്യപ്രളയത്തിന് ഉത്തരവാദി താനല്ല എന്ന് വ്യക്തമാക്കുകയാണ് മോദി ചെയ്തത്.
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മോദിയെ പ്രഖ്യാപിച്ചതോടെ മുഖ്യധാര മാധ്യമങ്ങളെല്ലാം നാടകീയമായി തങ്ങളുടെ നിലപാട് മാറ്റാൻ തുടങ്ങി. ഇക്കാര്യത്തിൽ അച്ചടി മാധ്യമങ്ങളും ഇലക്ട്രോണിക് മാധ്യമങ്ങളും തമ്മിൽ ഒരു വേർതിരിവും ഉണ്ടായിരുന്നില്ല. 2002‐ലെ കലാപങ്ങൾക്ക് ഉത്തരവാദിയെന്ന് അതുവരെ തെളിവുസഹിതം വാദിച്ചു കൊണ്ടിരുന്ന മാധ്യമങ്ങളൊക്കെ അത് വിഴുങ്ങുകയും മോദിയെ വികാസ് പുരുഷനായി വാഴ്ത്തുകയും ചെയ്തു. 2014ലെ തെരഞ്ഞെടുപ്പ് കാലത്ത് നിർണായകമായ ഈ മാറ്റം വരുത്തുന്നതിന് വേണ്ടി കഠിന പരിശ്രമമാണ് ബിജെപി നടത്തിയത്. മതാത്മക ദേശീയത, ഭൂരിപക്ഷ ആക്രമണോത്സുകത എന്നീ വിഷയങ്ങളിൽ നിന്ന് ഗുജറാത്ത് മാതൃകയിലേക്ക് മാധ്യമങ്ങളെ മാറ്റിയെടുക്കുന്നതിന് അവർക്ക് കഴിഞ്ഞു. നവലിബറലിസത്തിന്റെ മാതൃകാ പുരുഷനായി മോദി വാഴ്ത്തപ്പെട്ടു.
പ്രധാന വാർത്താ സമയങ്ങളിലെല്ലാം അച്ചടി മാധ്യമങ്ങളിലും വിശിഷ്യാ ഇലക്ട്രോണിക് മാധ്യമങ്ങളിലും നിറഞ്ഞുനിന്നത് മോദി മാത്രമായിരുന്നു. കോർപ്പറേറ്റ് കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള മാധ്യമങ്ങളെല്ലാം ഇക്കാര്യത്തിൽ പ്രതിബദ്ധതയോടെയാണ് പ്രവർത്തിച്ചത്. മാധ്യമപ്രവർത്തകനും സാമ്പത്തിക ശാസ്ത്ര വിദഗ്ധനും നിരീക്ഷകനുമൊക്കെയായ പരഞ്ചോയ് ഗുഹ താകുർത്ത പറഞ്ഞത് ഇന്ത്യയിൽ മുമ്പൊരിക്കലും വൻകിട ബിസിനസ്സുകാരും വ്യവസായ പ്രമുഖരും ഒന്നും ഇതുപോലെ പരസ്യമായി മറ്റൊരു സ്ഥാനാർത്ഥിക്കുവേണ്ടി തെരഞ്ഞെടുപ്പ് കാലത്ത് തങ്ങളുടെ വാദമുഖങ്ങൾ ഉയർത്തിയിട്ടില്ല എന്നാണ്.
2014ലെ ബിജെപിയുടെ ലോകസഭാ തെരഞ്ഞെടുപ്പു പ്രവർത്തനം അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിലേത് പോലെയായിരുന്നു. അമേരിക്കയിലേത് പ്രസിഡൻഷ്യൽ ഭരണസമ്പ്രദായമാണ്. അവിടെ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുന്നത് ലോകസഭയോ രാജ്യസഭയോ ഒന്നുമല്ല. ജനങ്ങൾ നേരിട്ടാണ്. അമേരിക്കയിൽ പ്രസിഡണ്ട് ആണ് രാഷ്ട്രത്തലവൻ. ഇന്ത്യയിൽ അത് രാഷ്ട്രപതിയാണ്. അവിടെ നടക്കുന്ന തെരഞ്ഞെടുപ്പിന് സമാനമായി മോദിയെ മാത്രം ഉയർത്തി കാണിച്ചായിരുന്നു ഇവിടത്തെ പ്രചാരവേല. അതിന് അനുയോജ്യമായ വിധത്തിലാണ് മാധ്യമങ്ങൾ പ്രചാരണം നടത്തിയത്. ഇങ്ങനെ ബിജെപി പക്ഷം പിടിച്ച മാധ്യമങ്ങളിലേക്ക് ചർച്ചയ്ക്കായി തങ്ങളുടെ പ്രതിനിധികളെ അയക്കേണ്ടതില്ല എന്ന് കോൺഗ്രസ് തീരുമാനിച്ചു. ഇന്ന് അറിയപ്പെടുന്ന ബിജെപി പക്ഷപാതിയായ അർണബ് ഗോസ്വാമിയാണ് അന്ന് രാഹുൽ ഗാന്ധിയുടെ നേതൃത്വ ഗുണങ്ങളെ തുറന്നു കാണിക്കുന്ന ഒരു അഭിമുഖം സംപ്രേക്ഷണം ചെയ്തത്. അതിനുപകരമായി സി ടിവിയുടെ ഉടമയായ സുഭാഷ് ചന്ദ്ര മോദിക്ക് അവസരം കൊടുത്തു. 2016 ൽ സുഭാഷ് ചന്ദ്ര ബിജെപിയുടെ പിന്തുണയോടെ പാർലമെന്റ് അംഗമായി എന്നത് ചരിത്രം. ഹിന്ദിയിൽ ഏറ്റവും കൂടുതൽ പ്രചാരമുള്ള ദൈനിക് ജാഗരൺ മോദിക്ക് അനുകൂലമായി മുഖപ്രസംഗം എഴുതിയാണ് പിന്തുണ പ്രഖ്യാപിച്ചത്. മോദിയുടെ വിജയത്തെ അവർ വിശേഷിപ്പിച്ചത് ജനങ്ങളുടെ മറുപടി എന്നായിരുന്നു. ദൈനിക് ജാഗരണിന്റെ പിന്തുണ ഹിന്ദി ഹൃദയ ഭൂമിയിൽ മോദിക്ക് വലിയ ഗുണം ചെയ്തു.
2014ലെ പൊതുതെരഞ്ഞെടുപ്പിൽ മോദി ഒരിക്കലും പത്രസമ്മേളനം നടത്തിയില്ല. എന്നാൽ തനിക്ക് അനുകൂലമായ മാധ്യമങ്ങൾക്ക് നിരന്തരം അഭിമുഖങ്ങൾ കൊടുത്തു കൊണ്ടിരുന്നു. മോദിയുടെ ആദ്യത്തെ അഭിമുഖം ഇന്ത്യ ടിവിക്കാണ് അനുവദിക്കപ്പെട്ടത്. അതിന്റെ തലവനായ രജത് ശർമ ബിജെപി അണികളെ കാഴ്ചക്കാരായി ഇരുത്തിയാണ് അഭിമുഖം നടത്തിയത്. മോദിയുടെ ഉത്തരങ്ങൾ എല്ലാം അവർ ഹർഷാരവങ്ങളോടെ സ്വീകരിച്ചു. അതെല്ലാം അതേപടി സംപ്രേക്ഷണം ചെയ്യപ്പെട്ടു. ആസൂത്രിതമായ ഒരു പ്രചാരവേലയായിരുന്നു അത്. ഇന്ത്യ ടിവിയുടെ റേറ്റിംഗ് വൻതോതിൽ വർധിപ്പിക്കാൻ ഇത് ഇടയാക്കി.
“നല്ല കാലം വരുന്നു’, “മോദി സർക്കാർ നിങ്ങൾക്കരികെ’ എന്നിങ്ങനെയുള്ള മോദിയുടെ പ്രചരണ മുദ്രാവാക്യങ്ങൾ സാധാരണക്കാർക്കിടയിൽ കാറ്റു പിടിച്ചു. ബിജെപി അധികാരത്തിൽ വന്നാൽ തങ്ങൾക്ക് അനുകൂലമായ മാറ്റം വരുമെന്ന് ജനങ്ങൾ വിശ്വസിക്കാൻ തുടങ്ങി. പ്രതീക്ഷകളും സ്വപ്നങ്ങളും വാരി വിതറി കൊണ്ടായിരുന്നു മോദിയുടെ പ്രചാരവേല മുന്നോട്ട് പോയത്. ഇതിനെ വെല്ലുവിളിക്കാൻ 2014ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കഴിഞ്ഞില്ല. ടെലിവിഷൻ പരിപാടികളിൽ കൊടുത്ത പരസ്യങ്ങളിലൂടെ ചരിത്രത്തിൽ ആദ്യമായി പ്രായമായവരും ചെറുപ്പക്കാരുമായ 80 കോടി വോട്ടർമാരിലേക്ക് എത്തിച്ചേരാൻ ബിജെപിയുടെ പ്രചരണ പരിപാടിക്ക് കഴിഞ്ഞു. മാധ്യമ തന്ത്രം മെനഞ്ഞത് ബിജെപി നേതാവായിരുന്ന പിയൂഷ് ഗോയൽ ആയിരുന്നു. വാരണാസി മണ്ഡലത്തിൽ മോദിയുടെ പ്രചാരണത്തിനായി ഒരു പ്രത്യേക ടീമിനെ തന്നെ ഏർപ്പാടാക്കി. ആകർഷകങ്ങളായ മുദ്രാവാക്യങ്ങൾ,ടെലിവിഷൻ റേഡിയോ അച്ചടി മാധ്യമം എന്നിവയ്ക്ക് പ്രത്യേകം സംവിധാനങ്ങൾ, എന്നിവയൊക്കെ ലോകത്തിലെ തന്നെ വിദഗ്ധരായ മാധ്യമപ്രവർത്തകരെ ഉപയോഗപ്പെടുത്തിക്കൊണ്ട് ഏർപ്പാടാക്കി.
മോദിയുടെ പ്രസംഗങ്ങൾ രാജ്യമെമ്പാടും സംപ്രേക്ഷണം ചെയ്യുന്നതിനായി ആധുനിക സാങ്കേതിക സംവിധാനങ്ങളെ ഉപയോഗപ്പെടുത്തി. മോദിയുടെ പ്രസംഗങ്ങളുടെ ഓഡിയോ വിഷ്വലുകൾ വിവിധ ടിവി ചാനലുകൾക്ക് സൗജന്യമായി എത്തിച്ചു കൊടുത്തു. ജന്മനാൽ തന്നെ മോദി നേതൃഗുണങ്ങൾ ഉള്ളവനായിരുന്നു എന്ന് പ്രചരിപ്പിക്കാൻ വേണ്ടി “ബാൽനരേന്ദ്ര ” എന്ന പേരിൽ അദ്ദേഹത്തിന്റെ കുട്ടിക്കാലത്തെക്കുറിച്ച് ഒരു പുസ്തകം പ്രസിദ്ധീകരിച്ച് വൻതോതിൽ വിതരണം ചെയ്തു.
ഇംഗ്ലീഷ് മാധ്യമങ്ങൾ അക്കാലത്ത് പൂർണ്ണമായും നവലിബറൽ നയങ്ങൾക്ക് അനുകൂലമായ പ്രചാരവേലയാണ് നടത്തിയത്. അവർ യുപിഎ ഗവൺമെന്റിന്റെ ക്ഷേമപ്രവർത്തനങ്ങൾ എന്ന് വിശേഷിപ്പിക്കാവുന്ന വിദ്യാഭ്യാസ അവകാശം, തൊഴിലുറപ്പ് പദ്ധതി, തൊഴിലവകാശം, ഭക്ഷണം ലഭ്യമാകുന്നതിനുള്ള അവകാശം എന്നിവയെയൊക്കെ കണ്ണുമടച്ചെതിർത്തു. അവയൊക്കെ പോപ്പുലിസ്റ്റ് നയങ്ങളും സമ്പദ് വ്യവസ്ഥക്ക് ദോഷകരവുമാണെന്ന പ്രചാരവേലയാണ് നടത്തിയത്. ഇന്ത്യയിലെ വളർന്നുവരുന്ന പുത്തൻ മധ്യവർഗ്ഗത്തിന്റെ സമീപനവും ഇതുതന്നെയായിരുന്നു.
ഒരു പഠനം വ്യക്തമാക്കുന്നത് തെരഞ്ഞെടുപ്പ് സമയത്ത് വാർത്തകളിൽ മോദിക്ക് ലഭിച്ചത് 2575 മിനിറ്റുകൾ ആയിരുന്നു എന്നാണ്. അതായത് ആകെ സമയത്തിന്റെ 33.21%. തൊട്ടടുത്ത എതിരാളിയായ അരവിന്ദ് കെജ്രിവാളിന് ലഭിച്ചതാവട്ടെ 10.31 ശതമാനവും രാഹുൽഗാന്ധിക്ക് ലഭിച്ചത് 4.33 ശതമാനവും ആയിരുന്നു. എന്നാൽ ചാനലുകളും എഡിറ്റർമാരും പ്രചരിപ്പിച്ചത് തങ്ങൾ വാർത്ത പ്രാധാന്യമുള്ള വ്യക്തിക്ക് പ്രാധാന്യം നൽകുക മാത്രമാണ് ചെയ്തത് എന്നാണ്.
നവമാധ്യമങ്ങളിൽ വലിയൊരു വിഭാഗവും മോദിക്ക് പൂർണമായ പിന്തുണ നൽകി. ചരിത്രത്തിൽ അതുവരെ ഒരു വ്യക്തിക്കും കിട്ടാത്ത പരിഗണനയാണ് റേഡിയോ,ടെലിവിഷൻ എന്നിവയിൽ നിന്ന് ലഭ്യമായത്. നവമാധ്യമങ്ങളായ ഫേസ്ബുക്ക്, ട്വിറ്റർ എന്നിവയും മോദിക്ക് വൻ പിന്തുണ നൽകി.
2014 ലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷവും മോദി തന്റെ പ്രവർത്തനരീതിയിൽ മാറ്റം ഒന്നും വരുത്തിയില്ല. 2014 മുതൽ 2019 വരെയുള്ള അഞ്ചു വർഷക്കാലത്തിനിടയിൽ പ്രധാനമന്ത്രി പത്രസമ്മേളനം ഒന്നും നടത്തിയില്ല. പൊതുയോഗങ്ങളിലെ പ്രസംഗങ്ങളിലൂടെയും റേഡിയോ,ടിവി എന്നീ മാധ്യമങ്ങൾ ഉപയോഗിച്ചും തനിക്ക് ജനങ്ങളോട് പറയാനുള്ളതെല്ലാം പറയുക എന്ന സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്. സാമൂഹ്യ മാധ്യമങ്ങളെയും അദ്ദേഹം വളരെ ഫലപ്രദമായി ഉപയോഗിച്ചു. മാസത്തിൽ ഒരിക്കൽ ഓൾ ഇന്ത്യ റേഡിയോയിലൂടെ നടത്തുന്ന മൻകി ബാത്ത് ആയിരുന്നു ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. 2016 നവംബർ എട്ടിന് ഉയർന്ന മൂല്യമുള്ള ചില കറൻസി നോട്ടുകളുടെ നിരോധനം പ്രഖ്യാപിച്ചതും ദൂരദർശനിലൂടെ ആയിരുന്നു.
വാജ്പേയി ഗവൺമെന്റിന്റെ കാലത്തും അതിനുശേഷം ഉള്ള യുപിഎ ഭരണത്തിലും ശക്തരായ പത്രാധിപന്മാരെ പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാക്കളായി നിയോഗിച്ചിരുന്നു. അന്ന് പ്രധാനമന്ത്രിയുടെ മനമറിയാൻ മാധ്യമങ്ങൾ ഇവരെയാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ പ്രതിപക്ഷ നേതാക്കളെ കുറിച്ച് ചില വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി കൊടുത്തിരുന്നു. ഇൻകം ടാക്സ് രേഖകൾ, ഇഡി നടത്തുന്ന പിടിച്ചെടുക്കലുകൾ, ഹവാല പരിപാടികൾ എന്നിവയൊക്കെ ചോർത്തി കിട്ടിയിരുന്നത് ഇങ്ങനെയാണ്. റോബർട്ട് വധേരയുടെ ഇടപാടുകൾ, കർണാടകയിലെ കോൺഗ്രസ് നേതാവായ ശിവകുമാറിന്റെ വീട്ടിൽ നടത്തിയ ഇൻകം ടാക്സ് റെയ്ഡുകൾ തുടങ്ങിയവയൊക്കെ ഇങ്ങനെ പുറത്തുവന്നതാണ്.
പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ജനങ്ങളുമായി പങ്കുവെക്കേണ്ട വിഷയങ്ങളൊക്കെ ട്വീറ്റ ചെയ്യുകയോ പത്രക്കുറിപ്പിറക്കുകയോ മാത്രം ചെയ്യുന്ന സ്ഥിതിയുണ്ടായി. ഏതെങ്കിലും ഒരു വിഷയം അതീവ പ്രാധാന്യമുള്ളതാണെങ്കിൽ അതുമായി ബന്ധപ്പെട്ട കാബിനറ്റ് മന്ത്രി മാധ്യമങ്ങളോട് വിശദീകരിക്കും എന്ന സ്ഥിതിയുണ്ടായി. പ്രധാനമന്ത്രി പത്രസമ്മേളനം ഉപേക്ഷിച്ചതോടെ ഇതാണ് സംഭവിച്ചത്.
പ്രധാനമന്ത്രിക്ക് മാധ്യമ ഉപദേശകർ ഇല്ലാതായതിനാൽ ഏതെങ്കിലും ഒരു വിഷയത്തിൽ കൂടുതൽ വ്യക്തതയോ വിശദാംശങ്ങളോ വേണമെങ്കിൽ ആരെയും സമീപിക്കാൻ ആവില്ല. മന്ത്രിമാരോടും പ്രധാനപ്പെട്ട ബ്യൂറോക്രാറ്റുകളോടും മാധ്യമങ്ങളെ അവഗണിക്കാൻ നിർദ്ദേശിക്കപ്പെട്ടു. 2014 ൽ പ്രധാനമന്ത്രി ആദ്യമായി ബ്യൂറോക്രാറ്റുളൈ അഭിസംബോധന ചെയ്തപ്പോൾ അവരോട് മാധ്യമങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. തന്മൂലം മാധ്യമപ്രവർത്തകർക്ക് ഔദ്യോഗിക പത്രക്കുറിപ്പുകൾ മാത്രം ആശ്രയിക്കേണ്ടതായി വന്നു. മാധ്യമങ്ങളുമായി ബന്ധപ്പെടുന്ന ബ്യൂറോക്രാറ്റുകളിൽ പ്രത്യേകം നിരീക്ഷണം ഏർപ്പെടുത്തി. ഗവൺമെൻറ് നയങ്ങളെ വിമർശിക്കുന്ന മാധ്യമങ്ങളെ നിരീക്ഷണ വലയത്തിലാക്കി. തന്മൂലം മാധ്യമങ്ങൾ ഗവൺമെന്റിനെ വിമർശിക്കുന്നതിൽ സന്തുലിതാവസ്ഥ നിലനിർത്താൻ ശ്രമിച്ചു. “പെയ്ഡ് ജേണലിസ’ത്തിന്റെതായ ഇക്കാലത്ത് മിക്കവാറും മാധ്യമങ്ങൾ ഗവൺമെന്റിനെതിരായ നിലപാട് എടുക്കാതെ ശ്രദ്ധിച്ചു.
മാധ്യമങ്ങളെ അവഗണിക്കുന്ന പ്രധാനമന്ത്രിയുടെ നിലപാട് പിന്തുടരാൻ അദ്ദേഹത്തിന്റെ മന്ത്രിസഭാംഗങ്ങളും തുടർന്ന് തയ്യാറായി. ഔദ്യോഗിക അറിയിപ്പുകളല്ലാതെ മറ്റൊന്നും ലഭിക്കുന്നില്ല എന്ന ആക്ഷേപം മാധ്യമപ്രവർത്തകരിൽ പൊതുവേ വളർന്നുവന്നു. എന്നാൽ അവർ തന്നെ പ്രധാനമന്ത്രിക്ക് ഒപ്പം നിന്ന് സെൽഫി എടുക്കുന്നതിൽ ആഹ്ലാദം കണ്ടെത്തി. ഒപ്പം നിരവധി ചാനലുകൾ പ്രധാനമന്ത്രിയുടെ പ്രസംഗങ്ങൾ ലൈവ് ആയി ടെലികാസ്റ്റ് ചെയ്തു. ചുരുക്കിപ്പറഞ്ഞാൽ പരസ്യം കിട്ടുന്നതിനായി മാധ്യമങ്ങൾ മോദിക്കു മുമ്പിൽ താണു വണങ്ങി നിന്നു. ” ഇന്ത്യൻ മാധ്യമങ്ങൾക്ക് മോദിയെ വേണം;എന്നാൽ മോദിക്ക് ഇന്ത്യൻ മാധ്യമങ്ങളെ വേണ്ട” എന്ന സ്ഥിതിയുണ്ടായി.
മോദി പത്രപ്രവർത്തകർ തനിക്കെതിരെ പക്ഷപാതപരമായാണ് പ്രവർത്തിക്കുന്നത് എന്നൊന്നും പറഞ്ഞില്ല. എന്നാൽ അദ്ദേഹത്തിന്റെ മന്ത്രിമാരും പാർട്ടി നേതാക്കളും സാമൂഹ്യ മാധ്യമങ്ങളിലെ ആരാധകരും ഒക്കെ മാധ്യമങ്ങൾ മോദിക്കെതിരെ പക്ഷപാതപരമായ സമീപനമാണ് എടുക്കുന്നത് എന്ന് നിരന്തരം ആക്ഷേപിച്ചുകൊണ്ടിരുന്നു.
വിദേശകാര്യ സ്റ്റേറ്റ് മന്ത്രിയും മുൻ സൈനിക മേധാവിയുമായ വി കെ സിങ് മാധ്യമപ്രവർത്തകരെ പ്രസ്റ്റിട്യൂട്സ് എന്ന ദുരർത്ഥമുള്ള പ്രയോഗം ഉപയോഗിച്ചാണ് നേരിട്ടത്. അതിനെതിരെ ശക്തമായ വിമർശനം ഉയർന്നപ്പോൾ അദ്ദേഹം ആ പ്രയോഗത്തിന് മാപ്പ് പറഞ്ഞു. മോദിക്കെതിരായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു പ്രക്രിയയാക്കി മാറ്റിക്കൊണ്ടിരുന്നു. മോദിയെ വിമർശിക്കുന്ന മാധ്യമപ്രവർത്തകരെല്ലാം ഭീഷണിക്ക് വിധേയരായി.
അതിന്റെ ഏറ്റവും നല്ല ഉദാഹരണമായിരുന്നു എൻ ഡി ടി വി പ്രമോട്ടർമാർക്കെതിരായി നടന്ന സിബിഐ റെയ്ഡ്. എതിർക്കുന്ന മാധ്യമങ്ങളെ തിരഞ്ഞുപിടിച്ചു നിശബ്ദരാക്കുകയായിരുന്നു ലക്ഷ്യം. മാധ്യമസ്വാതന്ത്ര്യത്തിനെതിരായ ആക്രമണമായിരുന്നു അത്. അവസാനം എൻ ഡി ടി വി അദാനി ഗ്രൂപ്പ് വിലക്കെടുത്തു. അതോടെ ടെലിവിഷൻ രംഗത്തെ മോഡിയുടെ ഏറ്റവും വലിയ വിമർശകർ അപ്രത്യക്ഷരായി. ഇത് കണ്ട് ഭയപ്പെട്ട മോഡിയുടെ എതിരാളികൾ തങ്ങളുടെ എതിർപ്പ് മയപ്പെടുത്തി.
ഇടതുപക്ഷ ബുദ്ധിജീവികളെ അർബൻ നക്സൽ എന്ന് പേരിട്ടു വിളിച്ച് ജയിലടക്കുന്ന സ്ഥിതിയും ഇതിനിടയിൽ ഉണ്ടായി. ഗിരീഷ് കർണാട് ഇതിനെതിരെയാണ് മി ടു അർബ്ബൻ നക്സൽ എന്ന മുദ്രാവാക്യമുയർത്തി പ്രതിഷേധിച്ചത്.
2019ലെ തെരഞ്ഞെടുപ്പ് പ്രചാരണം പൂർണമായും ആസൂത്രണം ചെയ്യപ്പെട്ടത് മതാത്മക ദേശീയതയുടെ അടിസ്ഥാനത്തിലായിരുന്നു. അതിന്റെ അടിസ്ഥാനത്തിലുള്ള മുദ്രാവാക്യങ്ങളാണ് രൂപപ്പെടുത്തപ്പെട്ടത്. തെരഞ്ഞെടുപ്പ് കാലത്ത് ഉയർത്തപ്പെട്ട മുദ്രാവാക്യങ്ങളിൽ കൂടുതലായി പ്രയോഗിക്കപ്പെട്ട ഒരു പദമായിരുന്നു ചൗക്കീദാർ എന്നത്. ബാങ്കുകൾ കുത്തകകൾക്ക് വൻതോതിൽ വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട് നിരവധി അഴിമതി ആരോപണങ്ങളും സ്വജനപക്ഷപാതപ്രയോഗങ്ങളും ഒക്കെ അന്ന് പുറത്തുവന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ രാഹുൽ ഗാന്ധി ചൗക്കീദാർ ചോർ ഹെ എന്ന മുദ്രാവാക്യമുയർത്തി. മോദി കള്ളൻ എന്നായിരുന്നു സൂചിപ്പിക്കപ്പെട്ടത്. എന്നാൽ രാഹുൽ അത് തെളിച്ചു പറഞ്ഞില്ല. മുദ്രാവാക്യം ജനങ്ങളുടെ ഭാവനയെ ഉണർത്തി. പൊതുയോഗത്തിൽ വച്ച് രാഹുൽ ചൗക്കീദാർ എന്ന് പറഞ്ഞു നിർത്തിയാൽ ജനം ചോർ ഹേ എന്ന് ഉറക്കെ വിളിച്ചു പറയുന്ന സ്ഥിതിയുണ്ടായി. എന്നാൽ ഈ മുദ്രാവാക്യം മോദിക്ക് അനുകൂലമായി വ്യാഖ്യാനിക്കപ്പെടുന്നതാണ് പിന്നീട് കണ്ടത്. ചോർ ഹി ചൗക്കീദാർ സെ ദർത്താ ഹെ (കള്ളൻ കാവൽക്കാരനെ ഭയപ്പെടുന്നു) എന്ന് മോദി തിരിച്ചടിച്ചു.
2014ൽ താൻ ചൗക്കീദാർ ആണെന്നും അഴിമതിക്കെതിരായി ഉറച്ചുനിന്നു ജനങ്ങളെ സേവിക്കുമെന്നുമാണ് മോദി പറഞ്ഞിരുന്നത്. ട്വിറ്ററിൽ അദ്ദേഹത്തിന്റെ പേര് നരേന്ദ്രമോദി എന്നത് മാറ്റി ചൗക്കീദാർ മോദി എന്നാക്കി. ഇതിനെ തുടർന്ന് പ്രമുഖ ബിജെപി നേതാക്കൾ എല്ലാവരും തങ്ങളുടെ പേരിനോടൊപ്പം ചൗക്കീദാർ എന്ന് കൂട്ടിച്ചേർത്തു. ആക്ഷേപങ്ങളെ ആഭരണങ്ങളാക്കി മാറ്റുകയാണ് മോദി ചെയ്തത്. 2019 മാർച്ച് 20ന് നടത്തിയ പ്രസംഗത്തിൽ ആരോപണങ്ങളെ ആഭരണങ്ങൾ ആക്കി മാറ്റാൻ ബിജെപി പ്രവർത്തകർക്ക് കഴിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചൗക്കീദാർ എന്നാൽ ഗാന്ധിജിയുടെ ട്രസ്റ്റി ഷിപ്പാണെന്ന് വ്യാഖ്യാനിച്ചു. വിശ്വസ്തനായ കാവൽക്കാരൻ എന്ന് പറയുന്നത് സാധാരണ ജനങ്ങളെയാണെന്നും അവരെല്ലാം കള്ളന്മാരാണെന്ന് പറയുന്നതിലൂടെ രാഹുൽ ഗാന്ധി ആക്ഷേപിക്കുന്നത് സാധാരണ ജനങ്ങളെയാണെന്നും മോദി വ്യാഖ്യാനിച്ചു. എന്തായാലും 2019 ലെ തെരഞ്ഞെടുപ്പിൽ മോദി ഏറ്റവും കൂടുതൽ ഉപയോഗിച്ച പദം ചൗക്കീദാർ എന്നായിരുന്നു.
പക്ഷപാതിത്വം കാണിക്കാത്ത മാധ്യമപ്രവർത്തകർക്ക് അഭിമുഖം നൽകാൻ തയ്യാറാണെന്ന് മോദി പ്രഖ്യാപിച്ചു. ഏഷ്യൻ ന്യൂസ് ഇന്റർനാഷണൽ (എ എൻ ഐ)എന്ന മാധ്യമ സ്ഥാപനത്തിന്റെ പത്രാധിപയായ സ്മിത പ്രകാശിനാണ് 2019 ജനുവരി ഒന്നിന് മോദി ആദ്യ അഭിമുഖം നൽകിയത്. ഈ അഭിമുഖം മോദിക്ക് വലിയ ഗുണം ചെയ്തു. വിവിധ ഹിന്ദി ചാനലുകളിൽ ഇത് പ്രക്ഷേപണം ചെയ്തു. 60 ലക്ഷം പേർ ഹിന്ദി ചാനലുകളിലൂടെ മാത്രം ഈ അഭിമുഖം കണ്ടു എന്നാണ് പിന്നീട് വെളിപ്പെടുത്തപ്പെട്ടത്. എൻഡിടിവിയിലൂടെ ഇതിന് മറുപടി നൽകാൻ രാഹുൽ ഗാന്ധി ശ്രമിച്ചെങ്കിലും അത് കാറ്റ് പിടിച്ചില്ല.
അങ്ങനെയിരിക്കുമ്പോഴാണ് 2019 ഫെബ്രുവരി 14ന് ജമ്മു കാശ്മീരിൽ 40 സിആർപിഎഫ് ജവാന്മാർ ഭീകരവാദികളാൽ കൊലചെയ്യപ്പെട്ടത്. ഇത് പാക്കിസ്ഥാനിൽ നിന്നുള്ള ഭീകരവാദികളുടെ ആക്രമണമായിരുന്നു. അതിന്റെ ചിത്രങ്ങൾ ദൃശ്യമാധ്യമങ്ങളിൽ ആവർത്തിച്ചു കാണിച്ചു കൊണ്ടിരുന്നു. ഇത് ജനങ്ങളിൽ സങ്കുചിത ദേശീയ ബോധമുയർത്തുകയും അത് മോദിക്കനുകൂലമായി മാറുകയും ചെയ്തു. ഇതിന് മോദി നൽകിയ തിരിച്ചടി ജനങ്ങൾ വാഴ്ത്തിപ്പാടി. പാക്കിസ്ഥാൻ അതിർത്തികടന്ന് കടന്നാക്രമണം നടത്തി കൊണ്ടാണ് തിരിച്ചടി ഉണ്ടായത്. മോദി തന്റെ പ്രസംഗങ്ങളിൽ എല്ലാം പാകിസ്ഥാൻ ഭീകരവാദത്തിനെ പരാജയപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം എടുത്തു പറഞ്ഞു. ഗുജറാത്തിലെ ജാംനഗറിൽ പ്രസംഗിക്കുമ്പോൾ കൊച്ചി എന്ന് പറയേണ്ടതിന് പകരം കറാച്ചി എന്ന് പറഞ്ഞ അനുഭവം ഉണ്ടായി. എന്തായാലും പാക്കിസ്ഥാൻ വിരുദ്ധത തെരഞ്ഞെടുപ്പിൽ മോദിക്ക് അനുകൂലമാക്കി മാറ്റാൻ മാധ്യമങ്ങൾക്ക് കഴിഞ്ഞു.
പാക്കിസ്ഥാനിലെ ബാലാക്കോട്ടിൽ ഇന്ത്യൻ ആക്രമണം മൂലം പാക്കിസ്ഥാന് യഥാർത്ഥത്തിൽ ഉണ്ടായ നഷ്ടമെന്ത് എന്ന ചോദ്യത്തിനെ പോലും ദേശവിരുദ്ധ രാഷ്ട്രീയത്തിന്റെ ഭാഗമാക്കി ചിത്രീകരിക്കാനാണ് ബിജെപി ശ്രമിച്ചത്. മോദി ഇതിനിടയിൽ സൈനികരെ രാഷ്ട്രീയവൽക്കരിക്കുന്നതിനുവേണ്ടി ശ്രമിച്ചു. ഉത്തർപ്രദേശിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മോദിജി കി സേന (മോദിയുടെ പട്ടാളം) എന്നാണ് ഇന്ത്യൻ സേനയെ വിശേഷിപ്പിച്ചത്. കാലത്ത് രാജസ്ഥാൻ ഗവർണറായിരുന്ന കല്യാൺ സിംഗ് ഗവർണർ ആയിരുന്നു കൊണ്ട് തന്നെ താൻ ഒരു ബിജെപി പ്രവർത്തകനാണെന്നും മോദിജി വീണ്ടും ജയിച്ചു പ്രധാനമന്ത്രി ആവണമെന്നാണ് ആഗ്രഹിക്കുന്നത് എന്നും പരസ്യമായി പ്രഖ്യാപിച്ചു. പക്ഷേ ഒരു നടപടിയും ഉണ്ടായില്ല. അതാണ് ബിജെപി വന്നതിനുശേഷം ഉള്ള ഇന്ത്യൻ രാഷ്ട്രീയത്തിന്റെ അവസ്ഥ.
തന്റെ ഭരണത്തിനിടയിൽ ഒരു പത്രസമ്മേളനവും നടത്താത്ത ആദ്യത്തെ പ്രധാനമന്ത്രി മോദി ആയിരിക്കും. അദ്ദേഹത്തിന്റെ സാമൂഹ്യ മാധ്യമ സന്ദേശങ്ങളെയും വീഡിയോ പ്രഭാഷണങ്ങളെയും കോൺഗ്രസ് കണ്ടത് വെറും “ആത്മഭാഷണ “ങ്ങളായാണ്.
2019 ഏപ്രിൽ 8നാണ് ബിജെപി അവരുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കിയത്. 90 മിനിറ്റ് നീണ്ടുനിന്ന പരിപാടിയായിരുന്നു അത്. അപ്പോഴെങ്കിലും പ്രധാനമന്ത്രി തങ്ങളുമായി സംവദിക്കാൻ തയ്യാറാവുമെന്ന് മാധ്യമപ്രവർത്തകർ മോഹിച്ചിരുന്നെങ്കിലും അത് വെറും വ്യാമോഹം മാത്രമായി മാറി. പ്രചാരണം അവസാനിച്ചത് 2019 മെയ് 18നായിരുന്നു. അന്ന് ബിജെപിയുടെ കേന്ദ്ര ആസ്ഥാനത്ത് മോദിയും അമിത് ഷായും ചേർന്ന് പത്രസമ്മേളനം നടത്തി. എന്നാൽ അന്നും ചോദ്യങ്ങൾക്കൊന്നും ഉത്തരം പറയാൻ മോദി തയ്യാറായില്ല. ആ ചുമതല പാർട്ടി പ്രസിഡണ്ടായിരുന്ന അമിത് ഷാക്ക് നൽകി കളമൊഴിയുകയാണ് മോദി ചെയ്തത്. ചുരുക്കിപ്പറഞ്ഞാൽ മൻകി ബാത്തിന്റെ ടെലിവിഷൻ രൂപമായിരുന്നു മോദിയുടെ പത്രസമ്മേളനത്തിലെ പങ്കാളിത്തം.
മോദി പത്രസമ്മേളനം നടത്തിയില്ല എങ്കിലും തനിക്ക് വേണ്ടപ്പെട്ടവർക്ക് ചില കാര്യങ്ങൾ ചോർത്തി നൽകുന്നതിനുള്ള സംവിധാനം ഒരുക്കിയിരുന്നു. ഇത്തരം വിവരങ്ങൾ എല്ലാ മാധ്യമങ്ങളും പങ്കുവയ്ക്കുകയും ചെയ്തിരുന്നു. എന്തായാലും റാഫേൽ കുംഭകോണം സംബന്ധിച്ച വാർത്തകൾ ജനം വിശ്വസിച്ചില്ല. ജനം മോദിക്ക് വോട്ട് ചെയ്തു. മോദിയുടെ തിരിച്ചുവരവിനെ മാധ്യമങ്ങൾ ആഘോഷമാക്കി. മോദിയും അമിത് ഷായും ഒന്നിച്ചു നിൽക്കുന്ന പടം കൊടുത്തു ന്യൂ ഇന്ത്യൻ എക്സ്പ്രസ് അതിന് നൽകിയ തലവാചകം ട്രിപ്പിൾ ടൺ എന്നായിരുന്നു. ബിജെപി അന്ന് മുന്നൂറുലധികം സീറ്റ് നേടിയതിനെയാണ് അവർ ആഘോഷമാക്കിയത്. പ്രധാനപ്പെട്ട കുത്തക പത്രങ്ങളെല്ലാം മോദിയുടെ വിജയം ആഘോഷമാക്കി. സബ് കാ സാത്ത്, സബ് കാ വികാസ്, സബ്കാ വിശ്വാസ് എന്ന മുദ്രാവാക്യം മോദി അവതരിപ്പിക്കുന്നത് ഇക്കാലത്താണ്. l





