ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ – 17

ജി വിജയകുമാർ

മൂന്നാം ഡൂമയുടെ അവസാന സെഷൻ, 1911 ഒക്ടോബർ 15

1905ലെ വിപ്ലവത്തിന്റെ വേലിയിറക്കം

‘”സ്വതന്ത്രമായ ഒരു കർഷകസമൂഹത്തിന്‌ എന്തെങ്കിലുമൊരു പോമേഷ്ചിക്ക് (Pomeshchiki) എന്റർപ്രൈസ് ഇല്ലാതെതന്നെ മുതലാളിത്ത വികാസത്തിനായുള്ള അടിത്തറയാകാവുന്നതാണ്… ഇത്തരമൊരു പാതയിലൂടെയുള്ള മുതലാളിത്ത വികാസം കൂടുതൽ വിപുലമായും സ്വതന്ത്രമായും വേഗത്തിലും ചുറുചുറുക്കോടെയും മുന്നേറും; ആഭ്യന്തര വിപണിയുടെ അതിശക്തമായ വളർച്ചയും മൊത്തം ജനങ്ങളുടെയും ജീവിതനിലവാരത്തിലും പ്രവർത്തന ശേഷിയിലും മുൻകൈയെടുക്കാനുള്ള സന്നദ്ധതയും സാംസ്കാരികനിലവാരത്തിലുണ്ടാകുന്ന മുന്നേറ്റവും മൂലമാണത്.’’
— ലെനിൻ,
Collected Works,
Vol: 13, Page 423

നഗരങ്ങളിലെ തൊഴിലാളിവർഗം നേതൃത്വംനൽകുകയും കർഷകജനത അതിനുപിന്നിൽ അണിനിരക്കുകയുമെന്ന സമീപനമാണ് ലെനിൻ മുന്നോട്ടുവെച്ചത്. ഓരോരോ ഗ്രാമത്തിലായി ചിന്നിച്ചിതറിക്കഴിയുന്ന കർഷകർക്ക് നഗരപ്രദേശങ്ങളിലെ കൂടുതൽ വികസിതമായ വർഗ്ഗങ്ങളുടെ — അതൊന്നുകിൽ ബൂർഷ്വാസിയാകാം അല്ലെങ്കിൽ തൊഴിലാളിവർഗ്ഗമാകാം — നേതൃത്വത്തിൻ കീഴിൽ അണിനിരക്കുമ്പോൾ മാത്രമേ രാഷ്ട്രീയമായി ഫലപ്രദമായ ഒരു ശക്തിയാകാൻ കഴിയൂവെന്ന അടിസ്ഥാന മാർക്സിസ്റ്റ് നിലപാട് പിൻപറ്റിയാണ് ലെനിൻ റഷ്യൻ സമൂഹത്തെയും വിശകലനം ചെയ്തത്.

മുതലാളിത്തം റഷ്യയിലെ കർഷകജനവിഭാഗത്തെ രണ്ടായി ഭിന്നിപ്പിച്ചിരിക്കുന്നതായാണ് ലെനിൻ നിരീക്ഷിച്ചത് — അതിൽ ഒരു വിഭാഗത്തിന് പ്രാഥമികമായും തൊഴിലാളിവർഗ സ്വഭാവമാണുള്ളതെങ്കിൽ മറ്റൊരു വിഭാഗം പ്രാഥമികമായും ബൂർഷ്വാസ്വഭാവത്തിലുള്ളതുമാണ്. ഭാവിയിലുണ്ടാകുന്ന സോഷ്യലിസ്റ്റ് വിപ്ലവത്തിൽ ഈ വിഭജനം നിർണായകമായിരിക്കുമെങ്കിലും സാറിസ്റ്റ് സ്വേച്ഛാധിപത്യത്തിനെതിരായ ജനകീയ വിപ്ലവത്തിൽ, അതായത് ജനാധിപത്യ റിപ്പബ്ലിക് സ്ഥാപിക്കാനുള്ള വിപ്ലവത്തിൽ, ഈ വിഭജനം അത്ര നിർണ്ണായകമല്ല. ജനാധിപത്യ വിപ്ലവത്തിൽ, സാറിസ്റ്റ് സ്വേച്ഛാധിപത്യവാഴ്ചക്കെതിരായ പോരാട്ടത്തിൽ, കർഷകജനതയെ ഒറ്റക്കെട്ടായി തൊഴിലാളിവർഗ്ഗ നേതൃത്വത്തിൽ അണിനിരത്താവുന്നതാണ്‌ എന്ന ആശയമാണ് ലെനിൻ “The Agrarian Programme of Social Democracy in the First Russian Revolution’ എന്ന കൃതിയിൽ മുന്നോട്ടുവെക്കുന്നത്.

അതുകൊണ്ടുതന്നെ, പെറ്റിബൂർഷ്വാ കർഷകർക്ക് വിപ്ലവസേനയുടെ നിർണ്ണായകഭാഗമായി മാറാൻ കഴിയുമെന്നും ലെനിൻ ഈ ഗ്രന്ഥത്തിൽ വ്യക്തമാക്കുന്നു. മുതലാളിത്തത്തിലേക്കുള്ള റഷ്യയുടെ പരിവർത്തനത്തിൽ കർഷകജനത 1902 മുതൽതന്നെ കരുത്തരായ പോരാളികളായി മാറുന്നതായും ലെനിൻ നിരീക്ഷിക്കുന്നു. എസ്റ്റേറ്റുടമകളായ പ്രഭുക്കളുടെ ഭൂമി ഏറ്റെടുക്കുന്നതിന് മാത്രമല്ല, അത്തരമൊരു നടപടിയിലൂടെ സാറിസ്റ്റ് വാഴ്ചയുടെ സാമൂഹ്യാടിത്തറ തകർക്കാനും കർഷകർ സന്നദ്ധരാവുകയാണെന്നും ലെനിൻ വ്യക്തമാക്കി. സാമ്പത്തിക മോചനത്തിനായുള്ള ഈ നടപടിക്ക് അതിശക്തവും ഫലപ്രദവുമായ രാഷ്ട്രീയ അനന്തരഫലങ്ങൾ സൃഷ്ടിക്കാൻ കഴിയും. ലെനിന്റെ വാക്കുകൾ ഇങ്ങനെയാണ്: ‘”പഴയ ഭരണസംവിധാനത്തെ, അതായത്‌ നിലവിലുള്ള സൈന്യത്തെയും ഉദ്യോഗസ്ഥമേധാവിത്വ സംവിധാനത്തെയുമാകെ, ഉന്മൂലനം ചെയ്യാതെ കർഷകജനതയ്ക്ക് കാർഷികവിപ്ലവം മുന്നോട്ടു കൊണ്ടുപോകാനാവില്ല; പൊമെഷ്‌ചിക്കിക്ക്‌ (എസ്റ്റേറ്റ് ഉടമകളായ പ്രഭുക്കൾ) ഭൂസ്വത്ത് സംരക്ഷണത്തിന് മുഖ്യമായും ഇവയെയെല്ലാം കൂട്ടുപിടിക്കേണ്ടതുണ്ടെന്നതിനാലാണത്; ഈ സംവിധാനം നിലനിൽക്കുന്നത്‌ ആയിരക്കണക്കിന്‌ ബന്ധനങ്ങൾക്കുള്ളിലാണ്.’’ (ലെനിൻ, Collected Works Vol. 13 പേജ് 349)

പഴയ ഭരണത്തെ ഉന്മൂലനം ചെയ്യുന്നതോടെ റഷ്യ ഒരു കാർഷിക റിപ്പബ്ലിക്കായി മാറും; ഇതാകട്ടെ കർഷകർക്കും തൊഴിലാളികളുടെ വർഗ്ഗസമരത്തിനും മാത്രമല്ല റഷ്യയെ സംബന്ധിച്ചിടത്തോളം പൊതുവെയും നല്ലതായിരിക്കും. റഷ്യയെ മുതലാളിത്തത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിനുള്ള ഏജന്റ് എന്ന നിലയിൽ പെറ്റിബൂർഷ്വാ വിഭാഗത്തിൽപ്പെട്ട കർഷകർക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ലെനിൻ കരുതി. റഷ്യയെ മുതലാളിത്തത്തിലേക്ക് പരിവർത്തനപ്പെടുത്തുകയെന്നത്‌ തികച്ചും അനിവാര്യമാണെന്ന ആശയമാണ് ലെനിൻ മുന്നോട്ടുവെച്ചത്.

ലെനിൻ മുന്നോട്ടുവെച്ച ആശയത്തെ സംബന്ധിച്ച് ലാർസ് ടി ലി ഇങ്ങനെ വിവരിക്കുന്നു: ‘‘കർഷകാധിഷ്ഠിതമായ മുതലാളിത്ത പരിവർത്തനം മാത്രമല്ല സാധ്യമായ ഒരേയൊരു പദ്ധതി‐ വാസ്തവത്തിൽ ഏറെ മർദനപരമായതും പ്രഭുക്കളെ അടിസ്ഥാനമാക്കിയുള്ളതുമായ മുതലാളിത്തം നടപ്പിലാക്കാനാണ് സാറിസ്റ്റ് ഗവൺമെന്റ് തീവ്രമായി ശ്രമിച്ചുകൊണ്ടിരുന്നത് (സ്‌റ്റൊലിപ്പിൻ (Stolypin) പരിഷ്കാരങ്ങൾ എന്നറിയപ്പെട്ടിരുന്നതിനെ ലെനിൻ വ്യാഖ്യാനിച്ചത് ഇങ്ങനെയാണ്). മുതലാളിത്തത്തിലേക്കുള്ള ‘പ്രഷ്യൻ പാത്ത്‌’ പ്രഭുവാഴ്ചയെ അടിസ്ഥാനമാക്കിയ മുതലാളിത്തമാണ്; അതേസമയം കർഷകാധിഷ്ഠിതവും ജനാധിപത്യപരവുമായ മുതലാളിത്തമായിരുന്നു ‘അമേരിക്കൻ പാത’ (Larse T Lie, Lenin Page 99) 1907-ൽ ലെനിൻ എഴുതിയതും 1917നുശേഷം മാത്രം പ്രസിദ്ധീകരിക്കാൻ കഴിഞ്ഞതുമായ T Agrarian Programme of the Social Democracy in the First Russian Revolution 1905‐07 എന്ന ഗ്രന്ഥത്തിൽ ലെനിൻ മുന്നോട്ടുവെച്ച വിശകലനവും കാഴ്ചപ്പാടും ഇങ്ങനെയായിരുന്നു.

ഈ ഗ്രന്ഥരചനയ്ക്ക് മുൻപുതന്നെ, 1905 മാർച്ചിൽ വ്‌പെരാദിൽ’ (Vpered) എഴുതിയ, The Revolutionary Democratic Dictatorship of the Proletariat and Peasantry (തൊഴിലാളിവർഗ്ഗത്തിന്റെയും കർഷകജനസാമാന്യത്തിന്റെയും വിപ്ലവജനാധിപത്യ സർവാധിപത്യം) എന്ന ലേഖനത്തിലാണ് ലെനിൻ ആദ്യമായി തൊഴിലാളിവർഗ്ഗത്തിന്റെയും കർഷകജനസാമാന്യത്തിന്റെയും ജനാധിപത്യ സർവാധിപത്യം എന്ന ആശയം മുന്നോട്ടുവെക്കുന്നത്. ഒന്നാം റഷ്യൻ വിപ്ലവത്തിന്റെ വാർത്തകൾ ജനീവയിൽ എത്തുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം ഈ ആശയം അവതരിപ്പിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ഇതിനു പിന്നാലെയാണ്, 1905 ജൂൺ-‐ജൂലൈയിൽ “Two Tactics of Social Democracy in the Democratic Revolution” എന്ന കൃതി രചിച്ചത്. താത്കാലിക വിപ്ലവ ഗവൺമെന്റിനോടും സായുധ കലാപത്തോടുമുള്ള പാർട്ടിയുടെ സമീപനം സംബന്ധിച്ചാണ് ഈ കൃതികളിൽ ലെനിൻ പ്രധാനമായും വിശദീകരിക്കുന്നത്. ‘‘തൊഴിലാളിവർഗ്ഗത്തിന്റെ താത്പര്യം സംരക്ഷിക്കുന്നതിന് ബൂർഷ്വാ വിപ്ലവം തികച്ചും അനിവാര്യമാണ്’’ എന്ന കാഴ്ചപ്പാടാണ് ഈ കൃതികളിൽ ലെനിൻ അവതരിപ്പിക്കുന്നത്. 1905-‐07 കാലത്തെയെന്നപോലെ 1917-ലെയും വിപ്ലവത്തിന്റെ തന്ത്രവും അടവും വ്യക്തമാക്കുന്നതിന് ഈ കൃതികൾ ഏറെ സഹായകമായി.

1905 നവംബറിൽ റഷ്യയിലെത്തിയ ലെനിൻ 1907 ഡിസംബർ വരെ റഷ്യയിലും ഫിൻലാൻഡിലുമായി കഴിഞ്ഞു. കടുത്ത നിയന്ത്രണങ്ങളും പൊലീസ് നിരീക്ഷണവും കാരണം അദ്ദേഹം 1905 ഡിസംബർ 17-ന് ഒളിവിൽ പോയി. 1906 മാർച്ച് മധ്യം മുതൽ ലെനിൻ പ്രധാനമായും ഫിൻലാൻഡ് കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചത്. അവിടെനിന്ന് അദ്ദേഹം അടിക്കടി പാർട്ടി പ്രവർത്തനത്തിനായി സെന്റ് പീറ്റേഴ്സ്ബർഗിലേക്കും മോസ്കോയിലേക്കും യാത്ര ചെയ്തുകൊണ്ടിരുന്നു. മാത്രമല്ല, വിദേശത്ത് പ്രവർത്തിച്ചിരുന്ന പാർട്ടി യോഗങ്ങളിൽ പങ്കെടുക്കാനായി സ്റ്റോക്ക്‌ഹോമിലേക്കും കോപ്പൻഹേഗനിലേക്കും ലണ്ടനിലേക്കും സ്റ്റുട്ട്ഗർട്ടിലേക്കും മറ്റുമെല്ലാം ഫിൻലാൻഡിൽ നിന്നാണ് പോയിരുന്നത്. ഒടുവിൽ 1907 ഡിസംബറിൽ ഫിൻലാൻഡിനോട് വിടപറഞ്ഞ് പശ്ചിമ യൂറോപ്പിലേക്ക് പോയി.

പിന്നീട് 1917 ഫെബ്രുവരിക്ക് ശേഷമാണ് അദ്ദേഹം വിപ്ലവമുന്നേറ്റം കൊടുമ്പിരിക്കൊണ്ടു നിൽക്കുന്ന റഷ്യയിൽ എത്തുന്നത്. ഒന്നാം റഷ്യൻ വിപ്ലവകാലത്ത് ലെനിൻ അതുമായി ബന്ധപ്പെട്ട രാഷ്ട്രീയവും സംഘടനാപരവുമായ നിരവധി ലേഖനങ്ങൾ എഴുതുകയുണ്ടായി. 1905 നവംബറിൽ, ജനീവയിൽനിന്ന് സെന്റ് പീറ്റേഴ്സ്ബർഗിലെത്തിയ ഉടൻതന്നെ അദ്ദേഹം ഗോർക്കിയുടെ നൊവായ ഷിസ്ൻ (Novaia Zhizn) എന്ന പ്രസിദ്ധീകരണത്തിൽ എഴുതിയ The Reorganisation of the Party എന്ന ലേഖനത്തിൽ പാർട്ടിയുടെ ജനാധിപത്യവൽക്കരണത്തിന്റെ അനിവാര്യതയിലേക്കാണ് വിരൽചൂണ്ടിയത്‌. One Step Forward, Two Step Backward; Two Tactics of Social Democracy എന്നീ കൃതികളിൽ വിശദീകരിച്ച ജനാധിപത്യകേന്ദ്രീകരണം സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തുകയാണ് ചെയ്‌തത്‌. പാർട്ടി സെന്ററിന്റെ പ്രാധാന്യത്തെക്കുറിച്ച് ആവർത്തിച്ച് വ്യക്തമാക്കുന്ന അദ്ദേഹം ഏറ്റവും താഴെയറ്റത്തുള്ള ഘടകത്തിനുവരെ, സാധാരണ അംഗങ്ങൾക്കുപോലും, ഏറ്റവും ഉയർന്ന നേതൃത്വത്തെവരെ സമീപിക്കാനും നയപരമായ വിഷയങ്ങളിലടക്കം അഭിപ്രായങ്ങൾ അറിയിക്കാനുമുള്ള അവകാശം ഉണ്ടായിരിക്കണമെന്നും നേതൃത്വത്തിന്റെ തീരുമാനങ്ങളിൽ മാറ്റംവരുത്തുന്നതിനുവേണ്ടി പോരാടാൻ കഴിയണമെന്നും വാദിക്കുന്ന ലെനിൻ, പക്ഷേ നേതൃതലത്തിലെ തീരുമാനങ്ങൾ അവഗണിച്ച് കീഴ്ഘടകങ്ങൾക്ക്‌ തങ്ങളുടേതായ വഴിയേ നീങ്ങാൻ അവകാശം ഉണ്ടായിരിക്കരുതെന്നും അത് അരാജകത്വമാണെന്നും പാർട്ടിയുടെ ശിഥിലീകരണത്തിന് അതിടയാക്കുമെന്നും വാദിക്കുന്നു.

നവംബർ 13-ന് അദ്ദേഹം പ്രസിദ്ധീകരിച്ച Party Organisation and Party Literature’ (പാർട്ടി സംഘടനയും പാർട്ടി സാഹിത്യവും) എന്ന ലേഖനത്തിൽ മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാട്, എല്ലാ പാർട്ടി പ്രസിദ്ധീകരണങ്ങളും പാർട്ടിയുടെ കേന്ദ്രനയത്തിന് അനുസൃതമായി മാത്രമേ പ്രസിദ്ധീകരിക്കാവൂ എന്നതാണ്. അതായത്, പാർട്ടി പ്രസിദ്ധീകരണങ്ങളിൽ വരുന്ന ഉള്ളടക്കം പൂർണമായും പാർട്ടിയുടെ ഔദ്യോഗിക നയത്തിന് വിധേയമായിട്ടായിരിക്കണം. 1905 ഡിസംബർ മധ്യത്തോടെ നൊവായ ഷിസ്‌നിൽ എഴുതിയ ശ്രദ്ധേയമായ മറ്റൊരു ലേഖനമാണ് Socialism and Religion (സോഷ്യലിസവും മതവും). എല്ലാ രൂപത്തിലുമുള്ള മതത്തെയും രൂക്ഷമായി വിമർശിക്കുന്ന ലെനിൻ പാർട്ടിക്കുള്ളിൽ മതത്തിന് ഒരിടവും ഉണ്ടാവില്ലായെന്നും പറയുന്നു. ഇതിനുപുറമെ ഇതേ വിഷയത്തിൽ The Attitude of the Workers Party Towards Religion (മതത്തോടുള്ള തൊഴിലാളി പാർട്ടിയുടെ സമീപനം) എന്നൊരു ലേഖനവും 1909-ൽ ലെനിൻ എഴുതിയിട്ടുണ്ട്.

ഒന്നാം റഷ്യൻ വിപ്ലവകാലത്ത് പ്രവാസജീവിതത്തോട്‌ വിടപറ ഞ്ഞ്‌ റഷ്യയിൽ മടങ്ങിയെത്തിയ ലെനിൻ ആദ്യനാളുകളിൽ സംഘടനാവിഷയങ്ങൾ കേന്ദ്രീകരിച്ചാണ് അധികവും എഴുതിയത്. 1917-ലും അദ്ദേഹം ഏറെക്കുറെ ഇതേ ശൈലി തന്നെയാണ്‌ ആവർത്തിച്ചത്. ഏറെ പ്രക്ഷുബ്‌ധവും കലാപകലുഷിതവുമായ ഒരു ഘട്ടത്തിലാണ് ലെനിൻ 1905 നവംബറിൽ സെന്റ് പീറ്റേഴ്സ്ബെർഗിൽ മടങ്ങിയെത്തിയത്. 1906ലും 1907ലും അദ്ദേഹം കേന്ദ്രീകരിച്ചിരുന്നത് ആർഎസ്‌ഡിഎൽപിയിലെ ഇരുവിഭാഗങ്ങളുടെയും യോജിച്ചുള്ള പ്രവർത്തനത്തിലാണ്‌; വിപ്ലവസാഹചര്യത്തിൽ പാർട്ടിയിൽ ഐക്യമുണ്ടാക്കുന്നതിലാണ്‌. പക്ഷേ, അത്‌ വേണ്ടത്ര സഫലമായില്ല. വിപ്ലവ വേലിയേറ്റത്തിന്‌ മങ്ങലേറ്റതോടെ ഡൂമയോടുള്ള സമീപനമെന്തായിരിക്കണം എന്നതിലായിരുന്നു അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത്‌.

രണ്ടാം ഡൂമയുടെ ഘട്ടമായപ്പോൾ, 1907-ൽ സാറിസ്റ്റ് പൊലീസ് ഡൂമയിലെ ആർഎസ്ഡിഎൽപി പ്രതിനിധികൾക്കെതിരെ ക്രിമിനൽ ഗൂഢാലോചനക്കുറ്റം ചുമത്തി ജയിലിലടയ്‌ക്കാനുള്ള നീക്കം ആരംഭിച്ചിരുന്നു. മാത്രമല്ല, കലാപങ്ങൾക്ക്‌ നേതൃത്വം നൽകിയ രഹസ്യ സംഘടനയ്‌ക്കുള്ളിൽ പൊലീസ് ഏജന്റുമാർ നുഴഞ്ഞുകയറി അകത്തുനിന്ന്‌ അതിനെ തകർക്കാനും തുടങ്ങി. കർഷകരെയും തൊഴിലാളികളെയും പട്ടാളക്കാരെയും രഹസ്യമായി സംഘടിപ്പിക്കുകയും അത്തരം നിയമവിരുദ്ധ യോഗങ്ങളിൽ കലാപാഹ്വാനം നടത്തുകയുമാണെന്നെല്ലാമുള്ള കുറ്റങ്ങളാണ്‌ ആർഎസ്‌ഡിഎൽപിക്കുനെരെ പൊലീസ്‌ ചുമത്തിയത്‌. ഡൂമ സ്വയം പിരിഞ്ഞുപോകണമെന്ന സാറിസ്റ്റ് ഗവൺമെന്റിന്റെ തീട്ടൂരം തിരസ്‌കരിച്ച രണ്ടാം ഡൂമയെ പിരിച്ചുവിട്ട് തൽസ്ഥാനത്ത് പുതിയ തിരഞ്ഞെടുപ്പ്‌ നിയമത്തിന്റെ (സാർ ഭരണകൂടത്തിലെ പ്രധാനമന്ത്രിയായിരുന്ന പീറ്റർ സ്‌റ്റൊലിപ്പിൻ 1907 ജൂൺ 3ന് നടത്തിയ അട്ടിമറിയെത്തുടർന്ന് കൊണ്ടുവന്ന നിയമത്തിന്റെ) അടിസ്ഥാനത്തിൽ നടത്തിയ തിരഞ്ഞെടുപ്പിലൂടെ മൂന്നാം ഡൂമ നിലവിൽവന്നതോടെ 1905-ൽ തുടങ്ങിയ വിപ്ലവ മുന്നേറ്റത്തിന് അന്ത്യമായി. തുടർന്നുള്ള ഏതാനും വർഷങ്ങൾ ആർഎസ്ഡിഎൽപിയെ സംബന്ധിച്ചിടത്തോളം പിന്നോട്ടടിയുടെയും റഷ്യക്കുള്ളിൽ നിശ്ചലാവസ്ഥയുടെയും കാലമായിരുന്നു.

1907 അവസാനത്തോടെ റഷ്യയിൽ നിന്ന് പുറത്തുകടന്ന ലെനിൻ ഒരു വർഷത്തോളം ക്രൂപ്‌സ്‌കായയുമൊത്ത്‌ ജനീവയിൽ താമസിച്ചശേഷം 1908 അവസാനം പാരീസിലേക്ക് മാറി. ഈ കാലഘട്ടം ലെനിനെ സംബന്ധിച്ചിടത്തോളം വിവിധ വ്യതിയാനങ്ങൾക്കെതിരായ പോരാട്ടങ്ങളുടെ കാലമായിരുന്നു. അവസരവാദ പ്രവണതകൾക്കും ഇടത്‐-വലത് വ്യതിയാനങ്ങൾക്കുമെതിരെ ലെനിൻ നിരന്തരം പൊരുതി. പാർട്ടി സമ്മേളനങ്ങളും യോഗങ്ങളും മാത്രമല്ല, വിവിധ പ്രസിദ്ധീകരണങ്ങളിൽ എഴുതിയ ലേഖനങ്ങളും ഇതിനുള്ള വേദിയായി.

എന്നാൽ ഈ ദൈനംദിന വിവാദങ്ങൾക്കും വിഭാഗീയതകൾക്കുമെല്ലാമുപരിയായി ഒരു ആന്തരികരാഷ്ട്രീയ ലക്ഷ്യബോധമാണ് ലെനിനെ മുന്നോട്ടുനയിച്ചിരുന്നത്. സാറിസ്റ്റ് വാഴ്ചയ്ക്ക് അറുതിവരുത്താനുള്ള ‘മറ്റൊരു മാർഗം’ സംബന്ധിച്ച തന്റെ ഉള്ളിൽ കെടാതെ ജ്വലിച്ചുനിന്നിരുന്ന ആശയ പദ്ധതിയാണത്. സംഭവഗതികളെ അദ്ദേഹം വ്യാഖ്യാനിച്ചതെല്ലാം, സാറിസ്റ്റ് വാഴ്ചയ്‌ക്ക്‌ അറുതിവരുത്താനുള്ള തന്റെ വിപ്ലവപദ്ധതിയുടെ വിജയം മുൻനിർത്തിയായിരുന്നു. സാർ ഭരണത്തിനെതിരായ ജനകീയമുന്നേറ്റത്തിന് ജനസാമാന്യത്തെയാകെ ആവേശഭരിതരാക്കി അണിനിരത്തുന്നതിന് തൊഴിലാളിവർഗത്തെ സജ്ജരാക്കുക; അതിനാവശ്യമായ പ്രവർത്തനം നടത്താൻ വേണ്ട പ്രൊഫഷണൽ വിപ്ലവകാരികളെ സജ്ജരാക്കുക‐ – ഓരോ ഘട്ടത്തിലും ഈ കടമ നിറവേറ്റേണ്ടതെങ്ങനെയെന്നതിൽ കേന്ദ്രീകരിച്ചായിരുന്നു ലെനിന്റെ ചിന്ത മുഴുവൻ. ഉൾപ്പാർട്ടി പോരാട്ടങ്ങളിലെല്ലാം ലെനിൻ കൈക്കൊണ്ട നിലപാടുകൾ ഈയൊരു ലക്ഷ്യം മുൻനിർത്തിയായിരുന്നു.

സോഷ്യൽ ഡെമോക്രാറ്റുകൾ സദാ ജാഗ്രതയോടെ ഉണർന്നിരിക്കണമെന്നും ഒരു നിമിഷംപോലും തങ്ങളുടെ ലക്ഷ്യത്തിൽനിന്നും പിന്തിരിയാനോ അത് വിസ്മരിക്കാനോ പാടില്ലെന്നും ലെനിൻ വാദിച്ചുകൊണ്ടേയിരുന്നു. ജനാധിപത്യ വിപ്ലവം വിജയിപ്പിക്കുകയെന്നതായിരിക്കണം ആ ലക്ഷ്യം; അതായത്‌ സമ്പൂർണ്ണമായ രാഷ്‌ട്രീയ സ്വാതന്ത്ര്യം നേടിയെടുക്കുക എന്നതാണ്‌, അതിനായി വിട്ടു കൂടാതെ പോരാടുകയെന്നതാണ് ലെനിനും ബോൾഷെവിക് വിഭാഗവും മുന്നോട്ടുവെച്ച ആശയം. എന്നാൽ മെൻഷെവിക്കുകളാകട്ടെ, സ്‌റ്റൊലിപ്പിൻ അട്ടിമറിയെ തുടർന്നുണ്ടായ മൂന്നാം ഡൂമയിലെ പരിമിതികളിൽ ഒതുങ്ങിക്കഴിയാൻ തയ്യാറായിരുന്നു. അതായത്, സ്‌റ്റൊലിപ്പിനും കൂട്ടരും എറിഞ്ഞുകൊടുക്കുന്ന ‘സ്വാതന്ത്ര്യം’ എന്ന പേരിലുള്ള ചില്ലറ ആനുകൂല്യങ്ങളിൽ മെരുങ്ങിനിൽക്കാൻ അവർ തയ്യാറായിരുന്നു. ലെനിനെ സംബന്ധിച്ചിടത്തോളം ഡൂമയിൽ പങ്കെടുക്കണമോ വേണ്ടേയോ എന്നത് അടവുപരമായ ഒരുകാര്യം മാത്രമായിരുന്നു. ജനാധിപത്യം സ്ഥാപിക്കുകയെന്ന ലക്ഷ്യം നിറവേറ്റാൻ വിശാലമായ ജനകീയവിപ്ലവത്തിലൂടെയേ കഴിയൂവെന്നതാണ്‌ ലെനിൻ മുന്നോട്ടുവെച്ച ആശയം. അതിനർത്ഥം പരിമിതമായ സ്വാതന്ത്ര്യം ലഭിച്ചാൽ അതിനോടു പുറംതിരിഞ്ഞു നിൽക്കണമെന്നല്ല.

ലെനിൻ എഴുതുന്നു: ‘‘ഒരു മുതലാളിത്തരാഷ്ട്രത്തിൽ തൊഴിലാളിവർഗ്ഗ നേതൃത്വത്തിൽ കർഷകവിപ്ലവം പ്രയാസകരമാണ്; വളരെയേറെ ബുദ്ധിമുട്ടാണ്; എന്നാൽ അത് സാധ്യവുമാണ്. നാം അതിനായി പൊരുതണം. മൂന്നുവർഷത്തെ വിപ്ലവം നമ്മെ പഠിപ്പിച്ചത് ഇതാണ്; നമ്മെ മാത്രമല്ല, ജനസാമാന്യത്തെയാകെ പഠിപ്പിച്ചതും ഇതുതന്നെ. നാം അതിനായി പൊരുതണമെന്നു മാത്രമല്ല, അതിനായി എങ്ങനെ പൊരുതണമെന്നും ഈ അനുഭവം നമ്മെ പഠിപ്പിച്ചു.’’ (ലെനിൻ, Collected Works, Vol: 15, Page 44). 1905 ഡിസംബറിൽ നടന്ന മോസ്കോ കലാപം പോലും പ്രയോജനശൂന്യമെന്നും അടിച്ചമർത്തൽ കണിച്ചുവരുത്തിയത് എന്നുമായിരുന്നു പ്ലെഖാനോവ് ഉൾപ്പെടെയുള്ള മെൻഷെവിക്കുകളുടെ ആഖ്യാനം. പ്ലെഖാനോവിന്റെ ഇക്കാലത്തെ ഏറെ പ്രസിദ്ധമായ ഒരു പരാമർശമുണ്ട്: ‘‘തൊഴിലാളികൾ ആയുധമെടുക്കാൻ പാടില്ലായിരുന്നു.’’ അതിനോടുള്ള ലെനിന്റെ പ്രതികരണം ഇങ്ങനെ: ‘‘ആ വിലയിരുത്തലിലൂടെ പുറത്തുചാടുന്നത്‌ എത്ര വഞ്ചനാപരമായ പരാമർശമാണ്.’’ 1871-ലെ പാരീസ് കമ്യൂണിനുശേഷം തൊഴിലാളിവർഗ്ഗം നടത്തിയ ഏറ്റവും വലിയ വിപ്ലവമുന്നേറ്റമാണ് 1905 ഒക്ടോബറിലെയും ഡിസംബറിലെയും റഷ്യൻ വിപ്ലവം; ബഹുജനങ്ങളുടെ പ്രത്യക്ഷ വിപ്ലവപോരാട്ടമായാണ്‌ തൊഴിലാളിവർഗ്ഗ പാർട്ടി അതിനെ കാണുന്നത്; ഇതിൽനിന്ന് വ്യത്യസ്തമായി വഞ്ചനാപരമായ നിലപാട് സ്വീകരിക്കുന്നതും സോഷ്യലിസത്തെ കൈവെടിയുന്നതും ലജ്ജാകരമാണ്.’’ (ലെനിൻ, Collected Works, Vol: 15, page 60, 61). ലെനിൻ മുമ്പുതന്നെ ഇങ്ങനെ പറഞ്ഞുവച്ചിട്ടുണ്ട്: സ്വാതന്ത്ര്യത്തിന്റെ ആദ്യ മന്ദമാരുതൻ വീശുമ്പോൾതന്നെ, അടിച്ചമർത്തലിന് നേരിയൊരു അയവുവരുമ്പോൾതന്നെ അനിവാര്യമായും നൂറുകണക്കിനും ആയിരക്കണക്കിനും സംഘടനകളും യൂണിയനുകളും പഠനഗ്രൂപ്പുകളും ജനാധിപത്യ വിപ്ലവസ്വഭാവമുള്ള മറ്റു സംരംഭങ്ങളും ഉയർന്നുവരികതന്നെ ചെയ്യും. ഇത് അനിവാര്യമായും മറ്റൊരു കൊടുങ്കാറ്റിന് വഴിയൊരുക്കും; ഒക്ടോബർ‐ഡിസംബർ പോരാട്ടത്തിന്റെ ഒരാവർത്തനം തന്നെയുണ്ടാകും; എന്നാൽ അത് അളക്കാനാവാത്തത്ര വലിയതോതിലുമായിരിക്കും.’’ (Collected Works Vol. 10, page 264). പ്രതിവിപ്ലവത്തിന്റെ സൂചന കണ്ടുതുടങ്ങിയ 1906-ലാണ് ലെനിൻ ഈ വരികൾ എഴുതിയതെങ്കിൽ പ്ലെഖാനോവുമായുള്ള എതിരിടലിന്റെ വാക്കുകൾ ഉയർന്നത് പ്രവാസജീവിതം തുടങ്ങിയശേഷം 1908-ൽ പാരീസിൽ നിന്നാണ്. l
(തുടരും)

Hot this week

കണ്ണേറ്

തെയ്യവും തിറയും മലബാറിൽ മാത്രമായി അവതരിപ്പിക്കുന്ന കലാരൂപങ്ങൾ ആയിരുന്നെങ്കിൽ കണ്ണേറ് എന്ന...

എസ്ഐആർ ചെറിയ മീനല്ല!

ഇലക്ഷൻ കമ്മീഷൻ എസ്ഐആറിന്റെ കാര്യത്തിൽ അനുവർത്തിച്ചുവരുന്ന വഴിവിട്ട പോക്കിനെ സുപ്രീംകോടതി അതിനിശിതമായ...

ശ്യാമിലി ഗുപ്ത

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ആഴത്തിൽ ബന്ധമുള്ള കുടുംബത്തിലാണ് ശ്യാമിലി ഗുപ്ത ജനിച്ചത്. ജയന്ത്‌ദാസ്...

മൈക്കേൽ പാരൻ്റി : സാമ്രാജ്യത്വവിരുദ്ധ ധൈഷണികതയുടെ മാർക്സിസ്റ്റ് തീപ്പന്തം

"സാമ്രാജ്യത്വത്തിന്റെ അനിവാര്യമായ ധർമ്മം നാഗരികവത്ക്കരമോ ജനാധിപത്യവത്ക്കരണമോ അല്ല; മറിച്ച് അസമത്വത്തിന്റെ ഒരു...

വർഗസമരവും മാധ്യമങ്ങളും‐ 20

മോദിയും പത്രസമ്മേളനവും ഗുജറാത്തിൽ 2007ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് രണ്ടാംവട്ടം മുഖ്യമന്ത്രിയായതോടെ...

Topics

കണ്ണേറ്

തെയ്യവും തിറയും മലബാറിൽ മാത്രമായി അവതരിപ്പിക്കുന്ന കലാരൂപങ്ങൾ ആയിരുന്നെങ്കിൽ കണ്ണേറ് എന്ന...

എസ്ഐആർ ചെറിയ മീനല്ല!

ഇലക്ഷൻ കമ്മീഷൻ എസ്ഐആറിന്റെ കാര്യത്തിൽ അനുവർത്തിച്ചുവരുന്ന വഴിവിട്ട പോക്കിനെ സുപ്രീംകോടതി അതിനിശിതമായ...

ശ്യാമിലി ഗുപ്ത

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ആഴത്തിൽ ബന്ധമുള്ള കുടുംബത്തിലാണ് ശ്യാമിലി ഗുപ്ത ജനിച്ചത്. ജയന്ത്‌ദാസ്...

മൈക്കേൽ പാരൻ്റി : സാമ്രാജ്യത്വവിരുദ്ധ ധൈഷണികതയുടെ മാർക്സിസ്റ്റ് തീപ്പന്തം

"സാമ്രാജ്യത്വത്തിന്റെ അനിവാര്യമായ ധർമ്മം നാഗരികവത്ക്കരമോ ജനാധിപത്യവത്ക്കരണമോ അല്ല; മറിച്ച് അസമത്വത്തിന്റെ ഒരു...

വർഗസമരവും മാധ്യമങ്ങളും‐ 20

മോദിയും പത്രസമ്മേളനവും ഗുജറാത്തിൽ 2007ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് രണ്ടാംവട്ടം മുഖ്യമന്ത്രിയായതോടെ...

അയ്യപ്പൻ തെയ്യം

  മലബാറിൽ കെട്ടിയാടുന്ന തെയ്യങ്ങളിൽ ഏറെ പുതുമയാർന്ന വിഭാഗത്തിൽപ്പെട്ട ഒന്നാണ് അയ്യപ്പൻ തെയ്യം....

പ്രഭയും ഡെലുലുവും തീർക്കുന്ന മായ

  മലയാളത്തിലെ ഏറ്റവും ജനപ്രിയമായ സിനിമ സ്വഭാവത്തിനെ പുതിയ കാലത്തിനനുയോജ്യമായ രീതിയിൽ പുതുക്കി...

മോദി വാഴ്ചയിൽ ശിഥിലമാകുന്ന ഇന്ത്യൻ രൂപ

ഒരു മനുഷ്യന്റെ ശാരീരിക ആരോഗ്യം പോലെതന്നെയാണ് ഒരു രാജ്യത്തിന്റെ സാമ്പത്തിക ആരോഗ്യവും....
spot_img

Related Articles

Popular Categories

spot_imgspot_img