വിദ്വേഷപ്രസംഗത്തിന്റെ വർഗരാഷ്‌ട്രീയം

കെ എ വേണുഗോപാലൻ

പ്പോഴത്തെ ആസാം മുഖ്യമന്ത്രിയായ ഹിമന്ദ ബിശ്വ ശർമ്മ കോൺഗ്രസ് പ്രവർത്തകനായാണ് തെരഞ്ഞെടുപ്പു രാഷ്ട്രീയരംഗത്ത് പ്രത്യക്ഷപ്പെടുന്നത്. 2009ൽ ആസാം ഗണപരിഷത്തിന്റെ നേതാവായിരുന്ന ബ്രിഗു കുമാർ ഫുക്കാനെ പരാജയപ്പെടുത്തിക്കൊണ്ടാണ് അദ്ദേഹം ആസാം നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. 2006ലും 2011ലും ഒക്കെ കോൺഗ്രസ്സുകാരനായി തന്നെ അദ്ദേഹം മത്സരിക്കുകയും ജയിക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല രണ്ടുപ്രാവശ്യം ക്യാബിനറ്റ് മന്ത്രിയുമായി. തരുൺ ഗോഗോയ് ആയിരുന്നു അന്നത്തെ മുഖ്യമന്ത്രി. മുഖ്യമന്ത്രിയുമായുള്ള അഭിപ്രായവ്യത്യാസത്തിന്റെ പേരിൽ മന്ത്രിസഭാംഗത്വം രാജിവച്ചു. 2015 ആഗസ്റ്റ് 23ന് അമിത് ഷായുടെ വസതിയിൽ വച്ച് ബിജെപി അംഗത്വം സ്വീകരിക്കുകയും ചെയ്തു. 2016ൽ ബിജെപി മന്ത്രിസഭയിൽ അംഗമായി. അന്ന് മുഖ്യമന്ത്രിയായിരുന്ന സർബാനന്ദ സോണോവാളിന്റെ രാജിയെ തുടർന്ന് ഹിമന്ദ ബിശ്വ ശർമ്മ ആസാം മുഖ്യമന്ത്രിയായി ചുമതല ഏറ്റെടുത്തു. ഇപ്പോഴും ആസാം മുഖ്യമന്ത്രിയായി തുടരുന്നു.

മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നുകൊണ്ട് നിരവധി ഘട്ടങ്ങളിൽ ഹിമന്ദ ശർമ്മ മുസ്ലീങ്ങൾക്കെതിരായി വിദ്വേഷ പ്രസംഗങ്ങൾ നടത്തിയിട്ടുണ്ട്. സ്വന്തം സംസ്ഥാനത്ത് മാത്രമല്ല സംസ്ഥാനത്തിന് പുറത്തും അത്തരത്തിലുള്ള നിരവധി പ്രസംഗങ്ങൾ നടത്തിയതായി കാണാം. അതൊക്കെ അച്ചടി മാധ്യമങ്ങളിലും ഇലക്ട്രോണിക് മാധ്യമങ്ങളിലും ഡിജിറ്റൽ മാധ്യമങ്ങളിലുമൊക്കെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുമുണ്ട്. അതിലൊക്കെ മുസ്ലിംവിരുദ്ധത വ്യക്തമാണ്. അവരെ ഇന്ത്യയിൽ നിന്ന് ഒഴിവാക്കുന്നതിനും അക്രമണോൽസുകത പ്രോത്സാഹിപ്പിക്കുന്നതിനും ഒക്കെയാണ് ഈ പ്രസംഗങ്ങൾ ഉപയോഗിക്കപ്പെട്ടിട്ടുള്ളത്. ഭരണഘടനാപരമായ ഒരു പദവി വഹിക്കുമ്പോഴാണ് ഇതൊക്കെ അദ്ദേഹം ചെയ്തത്. അതിൽ 2026 ഫെബ്രുവരി മാസം 7‐ാം തീയതി പ്രസിദ്ധീകരിക്കപ്പെട്ട ഒരു വീഡിയോ ഉണ്ട്. ഭാരതീയ ജനതാ പാർട്ടിയുടെ ഔദ്യോഗിക നവമാധ്യമങ്ങളിൽ ഈ വീഡിയോ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. കൃത്രിമമായി നിർമ്മിച്ച രണ്ട് മുസ്ലിം പുരുഷന്മാർക്കെതിരായി ഹിമന്ദ ശർമ വെടിയുതിർക്കുന്നതിന്റെ ചിത്രങ്ങളാണ് അതിലുള്ളത്. “പോയിന്റ് ബ്ലാങ്ക് ഷോട്ട് ’ എന്നും “ദയാരഹിതം’ എന്നുമൊക്കെ വീഡിയോക്ക് നാമകരണം നടത്താനും അത് പ്രസിദ്ധീകരിച്ചവർ തയ്യാറായിട്ടുണ്ട്.

ഇത് മുഖ്യമന്ത്രിയായി ചുമതല ഏറ്റെടുക്കുമ്പോൾ നടത്തിയ സത്യപ്രതിജ്ഞക്ക് വിരുദ്ധമാണ്. വർഗീയതയും പ്രാദേശികവാദവും വിഘടനവാദവും ഒക്കെ പ്രചരിപ്പിക്കുന്ന വിധത്തിലാണ് ഈ വീഡിയോകൾ പ്രചരിപ്പിക്കപ്പെട്ടത്. അതുകൊണ്ടാണ് മുഖ്യമന്ത്രിക്ക് എതിരായി എഫ് ഐ ആർ റജിസ്റ്റർ ചെയ്ത് കേസ് എടുക്കാൻ തയ്യാറാവണം എന്ന് സിപിഐ എം സുപ്രിം കോടതിയോട് ആവശ്യപ്പെട്ടത്. സുപ്രിം കോടതി ഇക്കാര്യം ആസാം ഹൈക്കോടതിയിൽ ഉന്നയിക്കുന്നതിന് ആവശ്യപ്പെട്ടിരിക്കുകയാണ്.

ഇവിടെയാണ് വിദ്വേഷപ്രസംഗങ്ങളുടെ രാഷ്ട്രീയം വിശകലന വിധേയമാക്കേണ്ടിവരുന്നത്. അത് ഒരിക്കലും വ്യക്തികളുടെ അസഹിഷ്ണുതയുടെ അനിയന്ത്രിതമായ പ്രകടനമായി കാണാനാവില്ല; മറിച്ച് അതൊരു സംഘടിത രാഷ്ട്രീയ ഉപകരണമാണ്. സമൂഹത്തെ മതം, ജാതി, ഭാഷ, വംശം തുടങ്ങിയ വേർതിരിവുകളിലൂടെ വിഭജിച്ച് അധികാരം നിലനിർത്താനുപയോഗിക്കുന്ന ഭാഷാപരമായ ഒരു ആയുധമാണ് വിദ്വേഷ പ്രസംഗങ്ങൾ. ഇന്ത്യ പോലെ ബഹുമത, ബഹുജാതി, ബഹുഭാഷാ സമൂഹത്തിൽ വിദ്വേഷ പ്രസംഗങ്ങൾ വെറും വാക് പ്രയോഗങ്ങൾ മാത്രമല്ല മറിച്ച് ഭരണഘടനാ മൂല്യങ്ങളോടുള്ള നേരിട്ടുള്ള ഒരു വെല്ലുവിളിയാണത്. ഇവിടെ ഭാഷ നിരപരാധി അല്ല. മറിച്ച് അതൊരു രാഷ്ട്രീയ ഉപകരണമായാണ് പ്രവർത്തിക്കുന്നത്. വിദ്വേഷ ഭാഷ ഒരു അധികാര രൂപമായി, അധികാര ഉപകരണമായി പ്രവർത്തിക്കുകയാണ് ഇവിടെ ചെയ്യുന്നത്. അത് സാമൂഹിക ബന്ധങ്ങളെ തകർക്കുന്ന അധികാരത്തിന്റെ ഭാഷാരൂപമായി പരിണമിക്കുകയാണ് ചെയ്യുന്നത്. അത് പൊതു ഇടത്തിലെ പൗരാവകാശത്തെ തകർക്കുകയും സാമൂഹികമായ ഐക്യബോധത്തെ തകർക്കുകയും ജനാധിപത്യപരമായ സംവാദങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു.

മാർക്സിസ്റ്റ് കാഴ്ചപ്പാടിയിൽ നിന്ന് നോക്കിയാൽ വിദ്വേഷപ്രസംഗങ്ങൾ ഉപയോഗിക്കപ്പെടുന്നത് വർഗ്ഗ വൈരുദ്ധ്യങ്ങളെ മറച്ചു പിടിക്കുന്ന പ്രത്യയശാസ്ത്രപരമായ ഒരു മുഖാവരണമായിട്ടാണ്. തൊഴിലില്ലായ്മ, വിലക്കയറ്റം, ദാരിദ്ര്യം,സ്വകാര്യവൽക്കരണം തുടങ്ങിയ യഥാർത്ഥ സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടുന്നതിനായി ‘മതത്തിന്റെ ശത്രു’വും ‘ആഭ്യന്തര ശത്രു’വും ഒക്കെയായി ജനവിഭാഗങ്ങളെ ചിത്രീകരിക്കുന്നു. ഇവിടെ വിദ്വേഷം എന്നത് വ്യക്തിഗതമായ വികാരമല്ല മറിച്ച് സംഘടിതമായ ഒരു രാഷ്ട്രീയ തന്ത്രമായാണ് പ്രയോഗിക്കപ്പെടുന്നത്.

സമീപകാലത്ത് നടന്ന ലോക്സഭാ ‐ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഒക്കെ വികസനം,തൊഴിൽ,കാർഷിക പ്രശ്നങ്ങൾ എന്നിവയൊന്നും ചർച്ചാവിഷയമാക്കാതെ മത ചിഹ്നങ്ങൾ,ചരിത്രത്തിന്റെ തിരുത്തി എഴുതൽ, “ദേശഭക്തി’ എന്നിവയൊക്കെയാണ് മുഖ്യ അജണ്ടയായി ഉയർന്നുവന്നത്. തെരഞ്ഞെടുപ്പുരംഗത്ത് ഉയർന്നുവരുന്ന പല പ്രസ്താവനകളിലും ഒരു മതസമൂഹത്തെ ഭീഷണിയായും മറ്റൊന്നിനെ രക്ഷകനായും ആണ് അവതരിപ്പിക്കുന്നത്. ഇത് രാഷ്ട്രീയ ധ്രുവീകരണം സൃഷ്ടിക്കുന്ന ഭാഷാപരമായ നിർമ്മിതിയാണ്. ഇവിടെ വിദ്വേഷ പ്രസംഗം നയപരമായും ഭരണപരമായും സംഭവിച്ച പരാജയങ്ങളെ മറച്ചുവെക്കുന്നതിനായി ഉപയോഗിക്കുന്ന ആയുധമായി, മുഖപടമായി മാറ്റുകയാണ്.

ഇന്ത്യയിലെ ടെലിവിഷൻ വാർത്ത ചാനലുകളിൽ നടക്കുന്ന പല ചർച്ചകളും സംവാദങ്ങളല്ല മറിച്ച് വിചാരണകളാണ്. വസ്തുതകൾ അല്ല വികാരങ്ങളാണ് അതിലൂടെ സംപ്രേഷണം ചെയ്യപ്പെടുന്നത്. ന്യൂനപക്ഷ മത വിഭാഗങ്ങൾ എവിടെയും പ്രതികളായി അവതരിപ്പിക്കപ്പെടുന്നു. ഒറ്റപ്പെട്ട കുറ്റകൃത്യങ്ങളെ പോലും മതപരമായി ബന്ധിപ്പിച്ച് അവതരിപ്പിക്കുന്നത് വ്യക്തിഗതകുറ്റകൃത്യങ്ങളെ സാമൂഹികമായ കുറ്റങ്ങളാക്കി മാറ്റുന്നതിനാണ്. ഇതാണ് വിദ്വേഷ പ്രസംഗത്തിന്റെ അടിസ്ഥാനപരമായ സവിശേഷത. ഇത്തരം മാധ്യമപ്രവർത്തനം നിയമപരമായ വിധി പറയലിന് മുമ്പുതന്നെ സാമൂഹ്യമായ വിധിപ്രസ്താവങ്ങളെ നിർമ്മിക്കുകയാണ് ചെയ്യുന്നത്. ജനാധിപത്യ വ്യവസ്ഥയിൽ മാധ്യമങ്ങൾക്കുള്ള പങ്കിനെ ദുരുപയോഗിക്കുകയാണ് ചെയ്യുന്നത്.

സാമൂഹ്യ മാധ്യമ വേദികളിൽ വ്യാജ വാർത്തകൾ, ട്രോളുകൾ, കപട സാംസ്കാരിക പ്രവർത്തകർ, വിദ്വേഷ സംഘങ്ങൾ എന്നിവ ചേർന്ന് പുതിയൊരു രാഷ്ട്രീയ സംഭവം രൂപപ്പെടുത്തിയെടുക്കുന്നു. വിദ്വേഷം ഇന്ന് കൂടുതൽ കാഴ്ചക്കാരെയും കൂടുതൽ പങ്കുവെക്കലുകളെയും നേടിയെടുക്കുന്ന ഒരു ഉള്ളടക്കമായി മാറി തീരുകയോ മാറ്റി തീർക്കുകയോ ചെയ്യപ്പെട്ടിരിക്കുന്നു. ഇതുവഴി വിദ്വേഷം തന്നെ വിറ്റഴിക്കപ്പെടാവുന്ന ഒരു ചരക്കായി മാറിയിരിക്കുന്നു.

ഇന്ത്യൻ ഭരണഘടന സമത്വവും മതനിരപേക്ഷതയും അഭിപ്രായ സ്വാതന്ത്ര്യവും ഉറപ്പു നൽകുന്ന ഒരു സംവിധാനമാണ്. എന്നാൽ വിദ്വേഷപ്രസംഗങ്ങൾ നടത്തുന്ന ഭരണപക്ഷ നേതാക്കൾക്കെതിരായ നിയമപ്രയോഗം ഇന്ന് മൃദുവൽക്കരിക്കപ്പെട്ടിരിക്കുന്നു എന്നാണ് ഹിമന്ദ ബിശ്വ ശർമയുടെ കേസ് വ്യക്തമാക്കുന്നത്. ഭരണകൂടത്തെ വിമർശിക്കുന്ന ശബ്ദങ്ങൾ ദേശദ്രോഹമായി വ്യാഖ്യാനിച്ച് അടിച്ചമർത്തപ്പെടുകയും വിദ്വേഷ പ്രസംഗം നടത്തുന്ന ഹിന്ദുത്വ നേതൃത്വം ശിക്ഷ ഇല്ലാതെ കേസിൽ പ്രതിപോലും ആക്കപ്പെടാതെ രക്ഷപ്പെടുകയും ചെയ്യുന്നു. ഇത് നിയമത്തെ നീതിയുടെ ഉപകരണമാക്കാതെ അധികാരത്തിന്റെ ഉപകരണമാക്കി മാറ്റിക്കൊണ്ടിരിക്കുന്നു.

ജനാധിപത്യം എന്നത് വ്യത്യസ്തതകളുടെ സഹവർത്തിത്വമാണ്. എന്നാൽ വിദ്വേഷ പ്രസംഗം എന്നത് വ്യത്യസ്തതകളുടെ നിഷേധവും ശത്രുത സൃഷ്ടിക്കലുമാണ്. വിദ്വേഷപ്രസംഗങ്ങൾ ന്യൂനപക്ഷങ്ങളെ ഭീതിയിലാഴ്ത്തുകയും സമൂഹത്തെ ധ്രുവീകരിക്കുകയും ആക്രമണത്തിന് മാനസികാടിത്തറ ഒരുക്കുകയും ചെയ്യുന്നു. വാക്കുകൾ ആക്രമണത്തിന് വഴിമരുന്നിടുമ്പോൾ അത് വെറും അഭിപ്രായപ്രകടനമല്ല മറിച്ച് വാക്കുകൾ കൊണ്ടുള്ള ആക്രമണം തന്നെയാണ്.

വിദ്വേഷ പ്രസംഗങ്ങളെ ചെറുക്കുക എന്നത് ഇന്നത്തെ ഇന്ത്യയിലെ രാഷ്ട്രീയവും സാംസ്കാരികവുമായ പോരാട്ടത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. ഇന്ത്യയിൽ ഇന്നത്തെ സാഹചര്യത്തിൽ ആവശ്യമായത് യഥാർത്ഥ വൈരുദ്ധ്യം എന്നത് സാമ്പത്തിക അസമത്വത്തിലാണ്, ചൂഷണാധിഷ്ഠിത സമ്പദ് വ്യവസ്ഥയിലാണ് എന്ന് തിരിച്ചറിയുന്നതിലാണ്. അന്റോണിയോ ഗ്രാംഷി പറഞ്ഞതുപോലെ ആധിപത്യം നിലനിൽക്കുന്നത് ബലപ്രയോഗം കൊണ്ട് മാത്രമല്ല ഭാഷയും സംസ്കാരവും വഴി കൂടെയാണ്. അതിനാൽ പ്രതിരോധവും സാംസ്കാരികമായിരിക്കണം. വിദ്വേഷ പ്രസംഗങ്ങൾക്കെതിരായ നിലപാട് ഒരു നൈതിക നിലപാട് മാത്രമല്ല അതൊരു രാഷ്ട്രീയ ജനാധിപത്യ സാധ്യത കൂടെയാണ്. l

Hot this week

ലെനിൻ സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 19

ബോഗ്‌ദനോവിനും കൂട്ടർക്കുമെതിരായ ആശയസമരം ‘‘ഇല്ലിച്ചിനെ ഗോർക്കി, കാപ്രിയിലേക്ക്‌ ക്ഷണിച്ചു (അക്കാലത്ത്‌ അവിടെയാണ്‌ ബോഗ്‌ദനോവും...

പലതരം ജിഹാദുകൾ

ഇന്ത്യയിൽ വിദ്വേഷ പ്രസംഗങ്ങളുടെ എണ്ണത്തിൽ 2023 നെ അപേക്ഷിച്ച് 2025ൽ 97...

വിപഞ്ചികയുടെ അമ്മക്ക് പറയാനുള്ളത് 

സാർവ്വദേശീയ വനിതാദിനത്തിൽ സ്ത്രീപദവിയെ കുറിച്ച് ഒരു തുറന്ന  ചർച്ച ആവാമെന്നാണ് തോന്നുന്നത്...

സ്ത്രീപക്ഷനവകേരളം :സാദ്ധ്യതകൾ വെല്ലുവിളികൾ 

'സ്ത്രീപക്ഷ നവകേരളം' എന്ന ധീരമായ മുദ്രാവാക്യം മുന്നോട്ടു വച്ചു കൊണ്ട് ചരിത്രം...

കനൽ വഴികളിലെ നിഴൽ ജീവിതങ്ങൾ

 ഒരു ശലഭമായിരുന്നു വില്ലൻ. സംഭവം നടന്നത് അമേരിക്കയിലെ ഹാർവാർഡിലാണ്. അധികകാലമായില്ല, 1947-ൽ....

Topics

ലെനിൻ സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 19

ബോഗ്‌ദനോവിനും കൂട്ടർക്കുമെതിരായ ആശയസമരം ‘‘ഇല്ലിച്ചിനെ ഗോർക്കി, കാപ്രിയിലേക്ക്‌ ക്ഷണിച്ചു (അക്കാലത്ത്‌ അവിടെയാണ്‌ ബോഗ്‌ദനോവും...

പലതരം ജിഹാദുകൾ

ഇന്ത്യയിൽ വിദ്വേഷ പ്രസംഗങ്ങളുടെ എണ്ണത്തിൽ 2023 നെ അപേക്ഷിച്ച് 2025ൽ 97...

വിപഞ്ചികയുടെ അമ്മക്ക് പറയാനുള്ളത് 

സാർവ്വദേശീയ വനിതാദിനത്തിൽ സ്ത്രീപദവിയെ കുറിച്ച് ഒരു തുറന്ന  ചർച്ച ആവാമെന്നാണ് തോന്നുന്നത്...

സ്ത്രീപക്ഷനവകേരളം :സാദ്ധ്യതകൾ വെല്ലുവിളികൾ 

'സ്ത്രീപക്ഷ നവകേരളം' എന്ന ധീരമായ മുദ്രാവാക്യം മുന്നോട്ടു വച്ചു കൊണ്ട് ചരിത്രം...

കനൽ വഴികളിലെ നിഴൽ ജീവിതങ്ങൾ

 ഒരു ശലഭമായിരുന്നു വില്ലൻ. സംഭവം നടന്നത് അമേരിക്കയിലെ ഹാർവാർഡിലാണ്. അധികകാലമായില്ല, 1947-ൽ....

ഇറ്റ് ഫോക്ക്: വർത്തമാന ലോകാവസ്ഥയിലേക്ക് തുറക്കുന്ന ജാലകം

ഇൻ്റർനാഷണൽ തിയറ്റർ ഫെസ്റ്റിവെൽ, ഭരത് മുരളി പ്രസിഡൻ്റായിരിക്കുമ്പോൾ സംഗീത നാടക അക്കാദമിയുടെ...

പോരാടേണ്ട അവസ്ഥയുണ്ടെങ്കിൽ പോരാടി തന്നെ മുന്നോട്ടു പോണം

  സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച നടിയുടെ അഭിനയ സ്വപ്നങ്ങളുടെ തുടക്കം എവിടെ...
spot_img

Related Articles

Popular Categories

spot_imgspot_img