
കേരളത്തിൽ അധികാരത്തിലുള്ള യുഡിഎഫ് സർക്കാർ ഒരു മാസം പിന്നിട്ട ഘട്ടമാണിത്. സാധാരണ ഒരു സർക്കാരിനെ വിലയിരുത്താനുള്ള സമയമല്ല ഈ ഒരു മാസക്കാലം. എന്നാൽ കോൺഗ്രസ്സ് നേതൃത്വം നൽകുന്ന കേരളത്തിലെ യുഡിഎഫ് സർക്കാർ ഒരു അസാധാരണ സർക്കാരാണെന്ന് തെളിയിച്ചു കഴിഞ്ഞിരിക്കുകയാണ്. ഒറ്റമാസം കൊണ്ടു തന്നെ അവർ തങ്ങളുടെ വർഗ്ഗ പക്ഷപാതിത്വം വെളിവാക്കിയിരിക്കുകയാണ്.
നവലിബറൽ പണിപ്പുരയിലെ മൂശയിൽ ഉരുക്കിയെടുക്കപ്പെട്ട ധവളപത്രവും അതിനെ പിൻപറ്റി വന്ന പുതുക്കിയ ബജറ്റുമാണ് യുഡിഎഫ് സർക്കാരിന്റെ നയം വ്യക്തമാക്കിയിരിക്കുന്നത്. കേരളത്തിന്റെ പൊതുസ്വത്ത് സ്വകാര്യ മൂലധനത്തിന് തീറെഴുതാനുള്ള നവലിബറൽ കുറിപ്പടികളാണ് ഈ രണ്ടു ഡോക്യുമെന്റുകളും.
കേരളം ലോകത്തിനു മാതൃകയായത് ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ സാമൂഹിക മേഖലകളിലെ ഉയർന്ന സർക്കാർ മുതൽമുടക്കിലൂടെയും അതുവഴി കൈവരിച്ച ജനക്ഷേമത്തിലൂടെയുമാണ്. സാധാരണക്കാരുടെ ജീവിതനിലവാരം ഉയർത്തുന്നതിൽ പൊതുസംവിധാനങ്ങൾ വഹിച്ച പങ്കു വളരെ വലുതായിരുന്നു.
ജനകീയാസൂത്രണം, ജനാധിപത്യ അധികാരവികേന്ദ്രീകരണം സാമൂഹിക നീതിയിലധിഷ്ഠിതമായ വികസന കാഴ്ചപ്പാട് മുതലായവ കേരളത്തിന്റെ മുന്നേറ്റത്തിനു കരുത്തു പകർന്നു. എന്നാൽ ഈ ദിശയിൽ നിന്നുള്ള തിരിച്ചു നടത്തത്തിനാണ് യുഡിഎഫ് സർക്കാർ അവതരിപ്പിച്ച ധവളപത്രവും ബജറ്റും വഴിവെട്ടുന്നത്.
കേരളത്തിൽ സാമ്പത്തിക പ്രതിസന്ധിയുണ്ട് എന്നു പറഞ്ഞുവെക്കാനുള്ള വ്യഗ്രത ധവളപത്രവും ബജറ്റും വെച്ചുപുലർത്തുന്നുണ്ട്. ധനകാര്യ ഞെരുക്കവും സാമ്പത്തിക പ്രതിസന്ധിയും രണ്ടും രണ്ടാണെന്ന കാര്യം സൗകര്യപൂർവ്വം മറച്ചുവെക്കുന്നതോടൊപ്പം കേരളത്തിന്റെ നിലവിലെ ധനകാര്യ സ്ഥിതിക്കു കാരണക്കാരായ കേന്ദ്ര സർക്കാർ നയങ്ങളെ വെള്ളപൂശുക കൂടി ചെയ്യുന്നുണ്ട് യുഡിഎഫ് സർക്കാർ. സാമ്പത്തിക പ്രതിസന്ധിയെന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ട്
അതിന്റെ മറപറ്റി സർക്കാരിൽ നിക്ഷിപ്തമായ ധനപരമായ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനും ക്ഷേമ, സേവന, വികസന കാര്യങ്ങൾ കൈയൊഴിയാനുമാണ്
ഈ രണ്ടു ഡോക്യുമെന്റുകളും ആത്യന്തികമായി ലക്ഷ്യമിടുന്നത്.
കേരളത്തിൽ യുഡിഎഫ് സർക്കാർ പറയുന്ന സാമ്പത്തിക പ്രതിസന്ധി ശരിക്കും നിലവിലുണ്ടോ എന്ന ദിശയിലേക്കുള്ള ചർച്ചകൾ ആവശ്യമുണ്ടെന്നു തോന്നുന്നു. ഫെഡറൽ തത്വങ്ങൾക്കു വിരുദ്ധമായി കേന്ദ്രം വരിഞ്ഞു മുറുക്കുന്നു എന്നത് യാഥാർത്ഥ്യമാണ്. അക്കാര്യം സമ്മതിച്ചു തരാത്തവരാണ് കോൺഗ്രസ്സ്. കേന്ദ്ര നികുതി വിഹിതം ക്രമാനുഗതമായി കുറയുമ്പോഴും തനത് നികുതി വരുമാനം കൂട്ടിയാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോയത്. കഴിഞ്ഞ അഞ്ചുവർഷംകൊണ്ട് 47,000 കോടിയിൽ നിന്നും ഒരു ലക്ഷം കോടിയിലേക്ക് സംസ്ഥാനത്തിന്റെ തനത് വരുമാനം വർദ്ധിപ്പിക്കാൻ എൽഡിഎഫ് സർക്കാരിനു കഴിഞ്ഞു. ഈ സർക്കാർ അധികാരമൊഴിയുമ്പോൾ അയ്യായിരം കോടിയോളം രൂപയായിരുന്നു ഖജനാവിലെ നീക്കിബാക്കി. റിസർവ് ബാങ്ക് തന്നെ സാക്ഷ്യപ്പെടുത്തിയ ഇക്കാര്യം മറച്ചുവെച്ചു കൊണ്ട് ഒരു വ്യാജ നരേറ്റീവ് സൃഷ്‌ടിക്കാനാണ് ധവളപത്രം ശ്രമിച്ചത്.
ഇതിനിടെ പതിനാറാം ധനകാര്യ കമ്മീഷൻ കേരളത്തിനുള്ള കേന്ദ്രവിഹിതത്തിൽ വർദ്ധനവ് വരുത്തിയിട്ടുമുണ്ട്. ഡിവിസിബിൾ പൂളിന്റെ 1.92% ആയിരുന്ന കേരളത്തിന്റെ വിഹിതം ഇപ്പോൾ 2.38 % ആയി. പ്രതിവർഷം 10000 കോടിയിൽ അധികം രൂപയാണ് ഇതിലൂടെ സംസ്ഥാന ഖജനാവിൽ അധികമായി വരാൻ പോകുന്നത്. ആ നിലയ്ക്ക് നോക്കുമ്പോൾ ഒരു സാമ്പത്തിക പ്രതിസന്ധി കേരളത്തിലില്ല എന്ന് നിസ്സംശയം പറയാൻ കഴിയും.
എന്നാൽ കണക്കുകളെ വക്രീകരിച്ചും വളച്ചൊടിച്ചും തെറ്റായ ധാരണ സൃഷ്ടിക്കാനുള്ള ശ്രമമാണ് ധവളപത്രത്തിൽ കണ്ടത്. മാർക്ക് ട്വയിൻ ജനപ്രിയമാക്കിയ ഒരു വാചകമുണ്ട്:
“കള്ളങ്ങൾ, ശുദ്ധകള്ളങ്ങൾ, പിന്നെ സ്ഥിതിവിവരക്കണക്കുകൾ” എന്നാണത്.
വെറുമൊരു കള്ളം പറയുന്നതിനേക്കാൾ എളുപ്പത്തിൽ, കുറച്ചു നമ്പറുകളും ഗ്രാഫുകളും കാണിച്ച് ആളുകളെ പറ്റിക്കാൻ സാധിക്കുമെന്നാണ് മാർക്ക് ട്വയിൻ പറഞ്ഞത്. അത് അന്വർത്ഥമാക്കുന്ന പ്രവൃത്തിയാണ് ധവളപത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർ ചെയ്തത്.
ഖജനാവ് കാലിയാണെന്ന വ്യാജപ്രചരണങ്ങൾക്കുള്ള സൈദ്ധാന്തിക ന്യായീകരണമാണ് ധവളപത്ര വിശാരദന്മാർ രചിച്ചത്.
കേരളം കടം കേറി മുടിഞ്ഞു എന്ന വ്യാജോക്തി അതേപടി പകർത്തിവെച്ചിട്ടുണ്ട് ധവളപത്രത്തിൽ. കടത്തെ ആഭ്യന്തര വരുമാനത്തിന്‍റെ അനുപാതമായി കണക്കാക്കാതെ കേവല കണക്കുകൾ നിരത്തി തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കേരളത്തിന്‍റെ ആകെ കടം – ആഭ്യന്തര വരുമാന അനുപാതം 39 ശതമാനം ആയിരുന്നത് കഴിഞ്ഞ 5 വര്‍ഷം കൊണ്ട് 33.6 ശതമാനമായി കുറയുകയാണ് ചെയ്തതെന്ന കാര്യം ധവളപത്രം ബോധപൂർവ്വം മറച്ചുവെക്കുകയാണ്.
കടഭാരത്തിന്റെ കണക്കെടുത്താൽ രാജ്യത്തെ ആദ്യത്തെ പത്തു സംസ്ഥാനങ്ങളില്‍ കേരളമില്ല എന്നതാണ് കാണേണ്ടത്.
റവന്യു കമ്മിയുടെ കാര്യത്തിലും
നവലിബറൽ ചിന്താഗതിക്കാരുടെ സ്ഥിരം പല്ലവി ധവളപത്രത്തിൽ കാണാം. കേരളത്തിന്റെ റവന്യു ചെലവിന്റെ സിംഹഭാഗവും ശമ്പളം, പെൻഷൻ എന്നിവക്കാണെന്ന സന്ദേഹമാണ് ധവളപത്രമെഴുതിയവർ മുന്നോട്ടു വെക്കുന്നത്. ജീവനക്കാരുടെ ശമ്പളവും പെൻഷനും എന്തോ മഹാപാപം പോലെയാണ് കാണുന്നത്. കേരളത്തിന്‍റെ റവന്യു ചെലവിന്റെ സിംഹഭാഗവും ആരോഗ്യം, വിദ്യാഭ്യാസം, പൊതുവിതരണം, പൊതുഗതാഗതം തുടങ്ങിയ മേഖലകളില്‍ ശമ്പളം, പെന്‍ഷന്‍ എന്നിവ കൂടി നൽകാൻ ഉപയോഗിക്കുന്നതാണ്. സാമൂഹ്യ മേഖലയ്ക്കു നല്‍കുന്ന ഈ മുന്‍ഗണനയാണ് കേരള വികസന മോഡലിന്റെ ആണിക്കല്ല്. ആ നിലയ്ക്ക് “ശമ്പളം – പെൻഷൻ ബാധ്യത കൂടുന്നേ” എന്ന മുറവിളിയിൽ ഒരു അർത്ഥവുമില്ല.
പെൻഷനും ശമ്പളവുമാണ് സംസ്ഥാനത്തിന്റെ ധനകാര്യ പ്രതിസന്ധിയുടെ പ്രധാന കാരണം എന്ന വ്യാജപൊതുബോധത്തെ പുൽകിപ്പോകുന്ന ധവളപത്രം ഇക്കാര്യത്തിൽ പിൻപറ്റുന്നത് യാഥാസ്ഥിതിക പൊതുധനകാര്യസമീപനമാണ്.
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ യുഡിഎഫ് സർക്കാർ മുന്നോട്ടുവെക്കുന്ന മറുമരുന്ന് പരിപൂർണ്ണമായ നവലിബറൽ സ്വകാര്യവൽകരണ അജണ്ടയാണ് എന്നകാര്യം ധവളപത്രത്തിൽ നിന്നു വ്യക്തമായിരുന്നു. പബ്ലിക് യൂട്ടിലിറ്റി സർവ്വീസുകളെപ്പോലും ലാഭനഷ്ടക്കണക്കുകളുടെ മാത്രം അടിസ്ഥാനത്തിൽ വിലയിരുത്താനും, അവയെ കോർപ്പറേറ്റുകൾക്ക് തുറന്നുകൊടുക്കാനുമുള്ള നീക്കങ്ങളാണ് ധവളപത്രത്തിലുള്ളത്. സാധാരണക്കാർക്ക് താങ്ങായിരുന്ന സാമൂഹിക സുരക്ഷിതത്വത്തെ ഇല്ലാതാക്കുന്ന
രീതിയിൽ പൊതുവിദ്യാഭ്യാസം, ആരോഗ്യം, വൈദ്യുതി, പൊതുഗതാഗതം മുതലായവയിൽ തുടങ്ങി ഖനനം, തുറമുഖം, ഏവിയേഷൻ എന്നിങ്ങനെ തന്ത്രപ്രധാന മേഖലകളിലുൾപ്പെടെയാണ് ധവളപത്രം സ്വകാര്യവൽക്കരണത്തിനുള്ള പച്ചക്കൊടി ഉയർത്തുന്നത്.
സബ്‌സിഡി നിർത്തലാക്കാനും പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റുതുലയ്ക്കാനുമുള്ള നയപരമായ തീരുമാനങ്ങളിലേക്കു കൂടിയാണ്
ധവളപത്രം വിരൽചൂണ്ടിയത്. ലാഭത്തിലല്ല എന്നു മുദ്രകുത്തി പല പൊതുമേഖലാ സ്ഥാപനങ്ങളെയും വിറ്റഴിക്കാനുള്ള നിർദ്ദേശമാണ് വിദഗ്ദ്ധ സമിതി എഴുതി നൽകിയത്. കരിമണൽ ഉൾപ്പെടെയുള്ള റെയർ എർത്ത് മിനറൽസിന്റെ ഖനനം സ്വകാര്യമേഖലയ്‌ക്ക് തുറന്നു കൊടുക്കാനുള്ള തീരുമാനവും ഇതിന്റെ കൂടെയുണ്ട്. ചുരുക്കി പറഞ്ഞാൽ, കേരളത്തിന്റെ തീരവും തുറമുഖവും വിമാനത്താവളങ്ങളും ആരോഗ്യ-ഊർജ്ജ മേഖലകളും സ്വകാര്യ കുത്തകകൾക്ക് തീറെഴുതാനുള്ള വിദഗ്ദ്ധ നിർദ്ദേശങ്ങളാണ് ധവളപത്രത്തിന്റെ രൂപത്തിൽ വന്നത്. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ ചങ്ങാത്ത മുതലാളിത്തത്തിനിണങ്ങിയ കളമൊരുക്കലാണ് നടന്നത്. അതേ താല്പര്യമാണ് ഇക്കഴിഞ്ഞ ദിവസം അവതരിപ്പിച്ച യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ നമ്മൾ കണ്ടതും.
സ്വകാര്യ മൂലധനത്തിന് കേരളത്തെ തീറെഴുതുന്ന ബജറ്റാണ് ധനകാര്യ വകുപ്പിന്റെ കൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രി അവതരിപ്പിച്ചത്. സകല മേഖലയിലും കോർപ്പറേറ്റ് യുക്തിക്കനുസൃതമായ നയനിലപാടുകളാണ് ഈ ബജറ്റ് പിൻപറ്റുന്നത് എന്ന് കാണാൻ കഴിയും. ധാതു ഖനനം മുതൽ പൊതുജനാരോഗ്യം വരെ നേരത്തെ ധവളപത്രം മുന്നോട്ടു വച്ച അതേ നവലിബറൽ കുറിപ്പടികളാണ് യുഡിഎഫ് സർക്കാർ ബജറ്റിലും ഉൾക്കൊള്ളിച്ചത്. സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി നിർദ്ദേശങ്ങൾ ഒരുപടി കൂടെ കടന്ന് സംസ്ഥാന ബജറ്റിലൂടെ തീരുമാനങ്ങളായി പുറത്തുവന്നിരിക്കുകയാണ്. സമ്പൂർണമായ സ്വകാര്യവൽകരണ അജണ്ടയാണ് വരാൻ പോവുന്നതെന്ന് ബജറ്റ് അടിവരയിട്ടു പറയുന്നു. കേരളത്തിന്റെ മണ്ണും കടലും ആകാശവും പണയം വെക്കുകയാണ്.
റെയര്‍ എര്‍ത്ത് ക്രിട്ടിക്കല്‍ മിനറല്‍ കോറിഡോർ പ്രഖ്യാപിച്ചതു വഴി യുഡിഎഫ് സർക്കാർ, തങ്ങൾ കേന്ദ്രം ഭരിക്കുന്ന എൻഡിഎ സർക്കാരിന്റെ പാതയിലാണെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കുകയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ മുൻ ബജറ്റിൽ മുന്നോട്ടു വെച്ച പൊതുമേഖലാധിഷ്ടിതമായ റെയര്‍ എര്‍ത്ത് ഇടനാഴിക്കു പകരം കഴിഞ്ഞ യൂണിയൻ ബജറ്റിൽ പ്രഖ്യാപിച്ച സ്വകാര്യവൽക്കരണത്തിലൂന്നിയ ഖനനമാണ് യുഡിഎഫ് സർക്കാരിന്റെ മനസ്സിൽ. ധാതുഖനനം സ്വകാര്യമേഖലയ്ക്കു വിട്ടുകൊടുക്കാതെ സംരക്ഷിച്ച എൽഡിഎഫ് സർക്കാരിന്റെ നയമല്ല ഇനി മുതൽ കേരളത്തിൽ നടപ്പിലാവുക എന്നു സുവ്യക്തം. സംസ്ഥാന താല്പര്യം ബലികഴിപ്പിച്ചുകൊണ്ട് സ്വകാര്യ കരിമണൽ ലോബിക്കുൾപ്പെടെ പരവതാനി വിരിക്കുകയാണ് യുഡിഎഫ് സർക്കാർ.
ബജറ്റിൽ പറയുന്ന മിഷന്‍ സമുദ്ര, കേരള മാരിടൈം പോളിസി എന്നിവ കേരളത്തിന്റെ തീരത്തെ കുത്തകകൾക്കു തീറെഴുതി നൽകാനുള്ള കുറുക്കുവഴിയാണ്. കടൽ മൊത്തം കുത്തകകൾക്കു ദാനം നൽകിയിട്ട് കടലിന്റെ മക്കളുടെ കണ്ണിൽ പൊടിയിടാൻ ഫിഷറീസ് സബ് പ്ലാൻ പ്രഖ്യാപിക്കുകയാണ്.
സതേൺ കേരള ഇക്കണോമിക് കോറിഡോർ മുന്നോട്ടുവെക്കുന്നതും ചങ്ങാത്ത മുതലാളിത്ത ദാസ്യപ്പണി തന്നെയാണ്.
ബജറ്റിൽ പറഞ്ഞ ഭൂപരിഷ്കരണം 2.0, റിയൽ എസ്റ്റേറ്റ് മാഫിയക്കുവേണ്ടിയുള്ള സർക്കാരിന്റെ കരുതലാണ് കാണിക്കുന്നത്. സ്വകാര്യ കുത്തകകൾക്കുവേണ്ടി ലാന്റ് മാനേജ്‌മെന്റ് നയം ആവിഷ്കരിക്കാനുള്ള നിർദേശം ഭൂപരിഷ്കരണ നിയമത്തെ തന്നെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.
സ്വകാര്യ മൂലധനത്തിന് പലപ്പോഴും പ്രതിബന്ധം സൃഷ്ടിക്കുന്ന ഭൂപരിഷ്കരണ നിയമങ്ങളെ പൊളിച്ചെഴുതുന്നത് ആരുടെ താല്പര്യാർത്ഥമെന്ന് വ്യക്തമാണ്.
ആരോഗ്യ രംഗത്തുൾപ്പെടെ കുത്തക മൂലധനത്തിന് സ്വൈരവിഹാരം നടത്താനുള്ള സൗകര്യമാണ് ബജറ്റിലൂടെ സർക്കാർ ഉറപ്പു വരുത്തുന്നത്. ബജറ്റിൽ പ്രഖ്യാപിച്ച ഹെൽത്ത് & ലൈഫ് സയൻസ് സിറ്റിയും നവലിബറൽ യുക്തിയാണ് പിൻപറ്റുന്നത്. ആശുപത്രി, ഫാർമ മേഖലയിൽ സ്വകാര്യ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് ബജറ്റിലുള്ളത്. കെകെആർ, ബ്ലാക്ക്സ്റ്റോൺ പോലുള്ള ബഹുരാഷ്ട്ര കുത്തകകൾ കേരളത്തിലെ സ്വകാര്യ ആശുപത്രികളിൽ ഓഹരി വാങ്ങിക്കൂട്ടുന്നതിനെ ഇതുമായി ചേർത്തുവായിക്കണം.
ആസൂത്രണ ബോർഡിനെ
പുനഃസംഘടിപ്പിച്ചുകൊണ്ട് നീതി ആയോഗ് മാതൃകയിൽ അതിനെ ഒരു തിങ്ക് ടാങ്കാക്കി
പരിവർത്തനം ചെയ്യാനാണ് ബജറ്റിലെ നിർദ്ദേശം. ഇതും ധവളപത്രത്തെ പിൻപറ്റിയെടുത്ത തീരുമാനമാണ് എന്ന് ബജറ്റ് പ്രസംഗത്തിൽ തന്നെ വ്യക്തമാക്കുന്നുണ്ട്. നെഹ്‌റു സോവിയറ്റ് യൂണിയനിൽ നിന്നും കടംകൊണ്ട വികസന മാതൃകയായിരുന്നു വികസന ആസൂത്രണ പ്രക്രിയ. ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ ഭാഷയിൽ പറഞ്ഞാൽ, സോവിയറ്റ് യൂണിയനിൽ മഴ പെയ്തപ്പോൾ ഇന്ത്യ പിടിച്ച കുടയായിരുന്നു അത്. ആ ആസൂത്രണപ്രക്രിയയെ ഇന്ത്യ കയ്യൊഴിഞ്ഞത് മോദി സർക്കാരിന്റെ കാലത്താണ്. ആസൂത്രണ കമ്മീഷൻ പിരിച്ചുവിട്ട് അതിനെ നീതി ആയോഗ് എന്ന തിങ്ക് ടാങ്കാക്കി മോദി സർക്കാർ മാറ്റി. അതേ യുക്തിയാണ് നെഹ്‌റുവിന്റെ പിന്മുറക്കാരനെന്ന് സ്വയം വിശേഷിപ്പിക്കുന്ന കേരളത്തിന്റെ മുഖ്യമന്ത്രി ഇപ്പോൾ സ്വീകരിച്ചുകാണുന്നത്. നെഹ്‌റുവിയൻ വികസന കാഴ്ചപ്പാടിന്റെ പ്രധാന ഉപാധിയായ ആസൂത്രണ പ്രക്രിയയെ നെഹ്‌റുവിയൻ സോഷ്യലിസ്റ്റ് എന്ന് ഊറ്റം കൊള്ളുന്ന വ്യക്തി തന്നെ കുഴിച്ചുമൂടുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യത്തിലും ഇതേ നയവ്യതിയാനം കാണാം. നെഹ്‌റൂവിയൻ സോഷ്യലിസം നവലിബറൽ കാപ്പിറ്റലിസത്തിൽ വിലയം പ്രാപിക്കുന്ന കാഴ്ച.
നവലിബറൽ കാലത്ത് ജനപക്ഷ ബദൽ വികസനത്തിനായുള്ള ചാലകശക്തിയായി എൽഡിഎഫ് സർക്കാർ മുന്നോട്ടുവെച്ച കിഫ്‌ബി മാതൃകയെ തകർക്കാനുള്ള വഴിയാണ് ധവളപത്രവും പുതുക്കിയ ബജറ്റും തേടുന്നത്. കിഫ്ബി വഴി നടത്തിയ മൂലധന ചെലവും ത്രിതല പഞ്ചായത്തുകള്‍ വഴി നടത്തുന്ന മൂലധന ചെലവും കണ്ടില്ലെന്നു നടിച്ചാണ് കേരളത്തിന്‍റെ മൂലധന ചെലവ് കുറവാണെന്ന വസ്തുതകളുടെ പിന്‍ബലമില്ലാത്ത വിധിപ്രസ്താവം ധവളപത്രത്തിൽ എഴുതിച്ചേര്‍ത്തിരിക്കുന്നത്. വസ്തുത മറ്റൊന്നാണ്. 2022-23 ല്‍ യഥാര്‍ത്ഥ മൂലധനച്ചെലവ് 21,635 കോടിയായിരുന്നത് 2026-27 ല്‍ 30,969 കോടിയാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കിഫ്‌ബിയെ പറ്റി കേന്ദ്രസർക്കാർ സ്വീകരിക്കുന്ന അതേ നിലപാടിലാണ് യുഡിഎഫ് സർക്കാരുമുള്ളത്. കിഫ്ബി ബാധ്യതയെ പറ്റി പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കാനുള്ള ബജറ്റ് തീരുമാനം കക്ഷിരാഷ്ട്രീയ സങ്കുചിതത്വത്താൽ തീരുമാനിക്കപ്പെട്ടതാണ് എന്നു പറയേണ്ടിവരും.
ചരിത്രത്തിലെ ചില ആവർത്തനങ്ങൾ കൗതുകകരമാണ്. വി.ഡി. സതീശൻ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ടതിനു തൊട്ടുപിന്നാലെ ആദ്യം ഓടിയെത്തിയത് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എ.കെ. ആന്റണിയെ കാണാനായിരുന്നു. ആ കൂടിക്കാഴ്ചയിൽ പുതിയ മുഖ്യമന്ത്രിയെ ചേർത്തുനിർത്തിക്കൊണ്ട് ആന്റണി ജനങ്ങളോട് പറഞ്ഞത് ഒരു പ്രധാന കാര്യമാണ്. പുതിയ ഭരണാധികാരിക്ക് കുറച്ചു “സമയം” നൽകണം. ഒപ്പം ഒരു മുന്നറിയിപ്പും അദ്ദേഹം നൽകി. “മുണ്ടു മുറുക്കിയുടുക്കാനും” “കയ്പ്പുനീർ കുടിക്കാനും” ജനങ്ങൾ തയാറാകണം.
ഇതേ വാക്കുകൾ മുൻപും ഭരണാധികാരികളിൽ നിന്നുണ്ടായിട്ടുണ്ട്. 2002-ൽ എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കേരളക്കര ഈ വാക്കുകൾ അവസാനമായി കേട്ടത്. ചരിത്രത്തിലെ ചില ആവർത്തനങ്ങൾ കൗതുകകരമാണ് എന്നു ഞാൻ മുൻപു സൂചിപ്പിച്ചത് ഇതുമായി ബന്ധപ്പെട്ടാണ്.
ലോകബാങ്ക് – എഡിബി നിബന്ധനകൾക്ക്
വഴങ്ങിക്കൊണ്ട് നവലിബറൽ നയങ്ങൾ നടപ്പാക്കാനാണ് ആന്റണിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ അന്ന് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് മോഡെർനൈസിംഗ് ഗവണ്മെന്റ് പ്രോഗ്രാം എന്ന് ഓമനപ്പേരിട്ട ഭരണ നവീകരണ പരിപാടി കേരളത്തിൽ നടപ്പിലാക്കാൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് 2002 ൽ എകെ ആന്റണി സർക്കാർ ചെലവ് ചുരുക്കൽ നയം പ്രഖ്യാപിച്ചത്. എഡിബി ലോണിന്റെ നിബന്ധനകൾ പ്രകാരം തസ്തികകൾ വെട്ടിച്ചുരുക്കൽ, ലീവ് സറണ്ടർ ആനുകൂല്യം നിഷേധിക്കൽ, കോൺട്രിബ്യുട്ടറി പെൻഷൻ അടിച്ചേൽപ്പിക്കൽ, സ്കൂളുകൾ അനാദായകരമാണെന്ന് മുദ്രകുത്തി അടച്ചുപൂട്ടൽ തുടങ്ങിയ നിരവധി പിന്തിരിപ്പൻ ജനവിരുദ്ധ നയങ്ങളിലേക്കാണ് സർക്കാർ പിന്നീട് കടന്നത്. ആ സർക്കാർ നയത്തെ അനുസ്മരിപ്പിക്കുന്ന തീരുമാനങ്ങളാണ് ഇപ്പോൾ പുതിയ യുഡിഎഫ് സർക്കാരിൽ നിന്നും ധവള പത്രം, ബജറ്റ് എന്നിവയിലൂടെ പുറത്തുവന്നിരിക്കുന്നതും.
പത്തുവർഷം നവലിബറൽ നയങ്ങളോട് ചെറുത്തു നിന്ന് കേരളത്തിന്റേതായ വികസന ബദലൊരുക്കിയാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടു പോയത്. പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം, സാമൂഹ്യക്ഷേമ പെൻഷനുകൾ, ലൈഫ് മിഷൻ ഭവന പദ്ധതി മുതലായവയിലൂടെ കോർപ്പറേറ്റ് കേന്ദ്രീകൃത സാമ്പത്തിക നയങ്ങൾക്ക് വിരുദ്ധമായി ജനപക്ഷ വികസന കാഴ്ചപ്പാട് ഇടതുപക്ഷം മുന്നോട്ടുവെച്ചു. കേന്ദ്ര സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുമ്പോൾ, കേരളം ചെയ്തത് എന്തായിരുന്നുവെന്ന് മറന്നു പോവരുത്. കേന്ദ്ര സർക്കാർ അടച്ചുപൂട്ടാൻ വെച്ച വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് പോലുള്ള സ്ഥാപനങ്ങൾ ഏറ്റെടുത്ത് അവയെ സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളാക്കി മാറ്റുകയാണ് എൽഡിഎഫ് സർക്കാർ ചെയ്തത്.
കേരളത്തിൽ യുഡിഎഫ് ഭരണം നിലവിൽ വന്നതോടെ ആ ബദൽ ആണ് അവസാനിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങൾ ബാധ്യതയാണെന്ന് ഭരണാധികാരികൾ തന്നെ പറഞ്ഞുവെക്കുന്ന നിലയിലേക്ക് കേരളം വന്നു പതിച്ചിരിക്കുകയാണ്. കമ്പോളം സർവ്വതും തീരുമാനിക്കുന്ന
പഴയ ഇരുണ്ട കാലത്തിലേക്കുള്ള തിരിച്ചുപോക്കാണുണ്ടായിരിക്കുന്നത്.
അക്ഷരാർത്ഥത്തിൽ നവലിബറൽ അജൻഡയുടെ തിരിച്ചുവരവാണ് നടന്നിരിക്കുന്നത്.
2035 വരേയ്ക്കുള്ള കേരളത്തിൻ്റെ സമഗ്ര വികസനത്തിൻ്റെ ബ്ലൂപ്രിൻ്റ് ആവിഷ്‌ക്കരിച്ച സർക്കാരാണ് എൽ ഡി എഫ് സർക്കാർ. അതാകട്ടെ, മധ്യവരുമാന രാഷ്ട്രങ്ങളുടെ ജീവിത നിലവാരത്തിലേക്ക് കേരളത്തിൻ്റെ ജീവിത നിലവാരത്തെ ഉയർത്തുന്നതുമാണ്.
എന്നാൽ അതു മുന്നോട്ടു കൊണ്ടുപോകാൻ ആവശ്യമായ നടപടികളുടെ സൂചനപോലും ഇപ്പോഴവതരിപ്പിച്ച ബജറ്റിലോ സർക്കാരിന്റെ നയപ്രഖ്യാപനത്തിലോ ഉണ്ടായിരുന്നില്ല എന്നതും കാണണം. ക്ഷേമ-ആശ്വാസ നടപടികളും അതോടൊപ്പം വികസന നടപടികളും ഒരുമിച്ചു കൊണ്ടുപോകുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ദ്വിമുഖ സമീപനത്തെയാണ് പുതുതായി അധികാരത്തിലേറിയ സർക്കാർ കയ്യൊഴിയുന്നത്. ഭാവനാദാരിദ്ര്യവും ആത്മാർത്ഥതയില്ലായ്മയും നിഴലിക്കുന്ന ഇപ്പോഴവതരിപ്പിച്ച ബജറ്റും വ്യാജനരേറ്റീവ് സൃഷ്ടിക്കാൻ മാത്രം കൊണ്ടുവന്ന ധവളപത്രവും വഴി, വരാനിരിക്കുന്ന വലിയ നവലിബറൽ പരിഷ്കാരങ്ങളുടെ നാന്ദിയാണ് ഇവിടെ കുറിക്കപ്പെട്ടത്. അതിനെ ചെറുത്തു തോൽപ്പിക്കാനുള്ള ഉത്തരവാദിത്തം ഇടതുപക്ഷത്തിനു തന്നെയാണ് എന്ന കാര്യത്തിൽ സംശയമില്ല.
(എകെജി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗം)




