
രേഖകളില്ലാതെ നമ്മുടെ വ്യവ്യസ്ഥയിൽനിന്നും പുറന്തള്ളപ്പെടുന്ന മനുഷ്യരുടെ പ്രതിനിധികളാണ് ബാലനിലെ അമ്മയും മകനും. ആ അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെയും അതിജീവനത്തിന്റെയും ലോകമാണ് ബാലൻ ദി ബോയ് എന്ന സിനിമ. ഇൗ കഥാപശ്ചാത്തലത്തിൽ തുടക്കം മുതൽ ദുരൂഹമായ ഒരു അന്തരീക്ഷം സംവിധായകനായ ചിദംബരവും തിരക്കഥാകൃത്ത് ജിത്തു മാധവനും ചേർന്ന് സൃഷ്ടിക്കുന്നുണ്ട്. അതേസമയം സ്‌നേഹം എന്ന വാക്കിന്റെ പല അർഥങ്ങളിലേക്കും നമ്മളെ കൊണ്ടുപോകുന്നുമുണ്ട്. ശരിതെറ്റുകൾക്കപ്പുറമുള്ള ലോകമെന്ന യാഥാർഥ്യത്തിന്റെയും അതിജീവനമെന്ന അനിവാര്യതയുടെയുമെല്ലാം കടന്നുവരവുകളുമാണ് ബാലൻ. ‘എന്താണ് നമ്മുടെ പുതിയ കഥ’ എന്ന പലയാവർത്തി കടന്നുവരുന്ന പറച്ചിൽ ഒരേസമയം ഒരു നീറ്റലും ആശ്വാസവുമാണ്. ചിദംബരം എന്ന സംവിധായകന്റെ ക്രാഫ്‌റ്റ്‌മാൻഷിപ്പിന്റെ സിനിമാറ്റിക് അനുഭൂതിയാണ് ബാലൻ. അതിനോളംതന്നെ ജിത്തു മാധവൻ എന്ന എഴുത്തുകാരൻ സൃഷ്ടിച്ച കഥാഭൂമികയുടേയും. ദുരൂഹത നിലനിർത്തുകയും സ്‌നേഹം തെളിഞ്ഞു നിൽക്കുകയും ചെയ്യുന്ന കഥാലോകം ഇരുവരുടെയും കടക്കത്തിൽ പിറന്നതാണ്. ഒരുപക്ഷെ, കാഴ്‌ചയിൽ പലപ്പോഴും നീറ്റൽ കടന്നുവരുകയും എന്നാൽ അതിലൂടെതന്നെ സന്തോഷം സൃഷ്ടിക്കപെടുകയും ചെയ്യുന്ന ഒരു സിനിമാറ്റിക് ഭ്രമമുണ്ട് ബാലനിൽ. ഒരുപക്ഷെ, വളരെ അപൂർവമായി മാത്രം സംഭവിക്കുന്ന ഒന്ന്. അത്രമേൽ സത്യസന്ധമായ വർക്ക് ഓഫ് ആർട്ടാണ്.
‘മഞ്ഞുമ്മൽ ബോയ്സ്’, ‘ജാനെമൻ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രമാണിത്. രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളുടെ സംവിധായകനും തിരക്കഥാകൃത്തുമായ ജിത്തു മാധവൻ തിരക്കഥ ഒരുക്കുന്നു. ഇങ്ങനെ മലയാള സിനിമയിലെ സമീപകാലത്തെ രണ്ടു മികച്ച ആളുകൾ ഒരുമിച്ചൊരുക്കുന്ന ചിത്രം എന്ന പ്രതീക്ഷയ്‌ക്ക് മുകളിലാണ് ബാലൻ കാണുന്നത്. എന്നാൽ, ഇരുവരുടെയും ഇതുവരെയുള്ള രീതികൾ മാറി, പുതു സിനിമാതലം സൃഷ്ടിക്കുകയാണ് ബാലനിൽ. സിനിമയുടെ പൂർണതയ്‌ക്കായി മികച്ച അണിയറ പ്രവർത്തകരും കൂട്ടായി എത്തി. ഷൈജു ഖാലിദ് (ഛായാഗ്രഹണം), സുഷിൻ ശ്യാം (സംഗീതം), വിവേക് ഹർഷൻ (എഡിറ്റിംഗ്). കഥാപാത്രങ്ങളുടെ വൈകാരിക അവസ്ഥകളെയും അവർ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളെയും വളരെ കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കുന്നുണ്ട് ഈ സിനിമ. സുഷിൻ ശ്യാമിന്റെ പശ്ചാത്തലസംഗീതം സിനിമയുടെ മൂഡ് സെറ്റുചെയ്യുന്നുണ്ട്. ചിത്രത്തിലെ അസ്വാഭാവികതയും ആകാംക്ഷയും നിറഞ്ഞ രംഗങ്ങൾക്ക് കൂടുതൽ ഭയവും ആകർഷണീയതയും നൽകാൻ സംഗീതത്തിന് സാധിച്ചു. അതിനൊപ്പം ഷൈജു ഖാലിദിന്റെ ഛായാഗ്രഹണം സിനിമയുടെ ദൃശ്യങ്ങൾ കഥയോട് ചേർത്തുനിർത്തുന്നുണ്ട്. കഥാപാത്രങ്ങൾ അനുഭവിക്കുന്ന ഒറ്റപ്പെടലും ഭയവും പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഷൈജു ഖാലിദിന് കഴിഞ്ഞിട്ടുണ്ട്.
ബാലന്റെ രണ്ടു കാലങ്ങൾ ആദിശേഷൻ, സിനാൻ എന്നിവരാണ് ചെയ്‌തത്. ഫർസാന പാലത്തിങ്കൽ അമ്മയുടെ റോൾ ഇനിയൊരാളെ ആലോചിക്കാൻ കഴിയാത്തവണ്ണം മികച്ചതാക്കി. ഇനിയെന്ത് എന്ന ചോദ്യത്തിനു എന്ത് ചെയ്‌താണെങ്കിലും മുന്നോട്ട് എന്ന തോന്നൽ സൃഷ്ടിക്കുന്ന അമ്മയായി ഫർസാനയുടെ പ്രകടനം അത്രമേൽ കൈയടി അർഹിക്കുന്നുണ്ട്. അമ്മയെ കാത്ത് നിൽക്കുന്ന മകനിൽനിന്നും അമ്മയെ തേടുന്ന മകനിലേക്കുള്ള വളർച്ച സിനിമയുടേത് കൂടിയാണ്. ആദിശേഷന്റെ പ്രകടനം മലയാളത്തിലെ മികച്ച ബാലതാരങ്ങളുടെ പട്ടികയിൽ ഇടംപിടിക്കുന്നതാണ്. ടൊവിനോ തോമസ്, ജീൻ പോൾ ലാൽ, ഗിരീഷ് എ ഡി, ബീന ആന്റണി എന്നിവരാണ് മറ്റു കഥാപാത്രങ്ങളായത്. സൈക്കോളജിക്കൽ ഡ്രാമ-ത്രില്ലർ സ്വഭാവമുള്ള ചിത്രം അസ്വസ്ഥമായ ഒരു കുട്ടിക്കാലത്തിനുശേഷം കാണാതായ തന്റെ അമ്മയെ അന്വേഷിച്ചിറങ്ങുന്ന ഒരു കൗമാരക്കാരന്റെ കഥയാണ് പറയുന്നത്. ഒരു കഥാപാത്രത്തിനു ഒരുപാട് അടരുകളുള്ള, അതിനു പല തരം വായനകൾ സാധ്യമാക്കുന്ന പാത്രസൃഷ്ടിയാണ് ബാലനിലെ അമ്മയും മകനും. തന്റെ ഭൂതകാലത്തിൽനിന്നും രക്ഷപ്പെടാൻ നിരന്തരം പേരും ഐഡന്റിറ്റിയും മാറ്റിക്കൊണ്ടിരിക്കുന്ന ഒരു അമ്മയുടെയും മകന്റെയും കഥയാണ് ഈ സിനിമ. ചിദംബരത്തിന്റെ മുൻ ചിത്രങ്ങളിൽനിന്നും തികച്ചും വ്യത്യസ്തമായ, വളരെ ഗൗരവമേറിയ ഒരു പ്രമേയമാണ് ഈ ചിത്രത്തിനുള്ളത്. ഒരു ലളിതമായ കഥാതന്തുവിനെ വളരെ ആകാംക്ഷാഭരിതമായ രീതിയിൽ അവതരിപ്പിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.
അമ്മയും മകനും തമ്മിലുള്ള തീവ്രവും സങ്കീർണ്ണവുമായ ബന്ധത്തെ പരമ്പരാഗതമായ സിനിമാറ്റിക് അമ്മ– -മകൻ സ്നേഹത്തിനപ്പുറം, അതിജീവനത്തിന്റെ പശ്ചാത്തലത്തിലാണ് ചിദംബരം പറയുന്നത്. അസ്വസ്ഥവും ഭയപ്പെടുത്തുന്നതുമായ ഒരു ഭൂതകാലത്തിൽനിന്നും രക്ഷപ്പെടാൻ ഓടുന്ന ഇവർക്ക് ഈ ലോകത്തിൽ ഇവർ മാത്രമേയുള്ളൂ. മറ്റാരെയും വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയിൽ അവർ പരസ്പരം തണലാവുന്നു. സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ട്, നിരന്തരം പേരും ഒളിച്ചുവെക്കാൻ ഒരിടവും തെരഞ്ഞുനടക്കുന്ന യാത്രയിൽ അമ്മ മകന് കാവലാളാകുമ്പോൾ, ഒരു ഘട്ടത്തിൽ മകൻ അമ്മയുടെ സംരക്ഷകനായി മാറുന്നുണ്ട്. നിരന്തരമായ ഭയവും ഒളിച്ചോട്ടവും ഇവരുടെ ബന്ധത്തിൽ വലിയ മാനസിക സമ്മർദ്ദങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഈ വൈകാരികമായ വലിഞ്ഞുമുറുക്കങ്ങൾ പുതുമുഖങ്ങളായ ഫർസാനയും ആദിശേഷനും വളരെ സ്വാഭാവികമായി സ്ക്രീനിൽ പ്രതിഫലിപ്പിച്ചിരിക്കുന്നു. ഒരു പ്രത്യേക സാഹചര്യത്തിൽ അമ്മയെ കാണാതാകുന്നതോടെയാണ് സിനിമ ഒരു ത്രില്ലറായി മാറുന്നത്. തന്റെ അമ്മയെ കണ്ടെത്താനായി മകൻ നടത്തുന്ന അന്വേഷണമാണ് ചിത്രത്തിന്റെ രണ്ടാം പകുതി.
സിനിമയിൽ, തുടർച്ചയായി ഐഡന്റിറ്റി മാറ്റി നാടുവിടേണ്ടി വരുന്ന അമ്മയുടെയും മകന്റെയും കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾ വളരെ കുറച്ചാണെങ്കിലും അവരുടെ നിസ്സഹായാവസ്ഥയും ഭയവും തീവ്രമായി അവതരിപ്പിക്കുന്നുണ്ട്. ഒളിച്ചോട്ടത്തിനിടയിൽ മകൻ പേരും പശ്ചാത്തലവും ചോദിക്കുന്ന രംഗങ്ങളും, അടിച്ചമർത്തലുകൾക്കെതിരെ അമ്മ നടത്തുന്ന സംഭാഷണങ്ങളും സിനിമയുടെ വൈകാരിക തലത്തിൽ ഉൗന്നിയാണ്. ഡോളി ജൂണിന്റെ കഥാപാത്രം പറയുന്ന ജീവിത യാഥാർത്ഥ്യങ്ങളും, വാക്കുകളേക്കാൾ നിശ്ശബ്ദതകൊണ്ട് ഭയവും വികാരങ്ങളും പകർന്നുനൽകുന്ന രംഗങ്ങളും ചിത്രത്തിന്റെ സവിശേഷതയാണ്.
സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത അത് വാക്കുകളേക്കാൾ കൂടുതൽ കാര്യങ്ങൾ നിശ്ശബ്ദതയിലൂടെയും സൂചനകളിലൂടെയും പ്രേക്ഷകരിലേക്ക് എത്തിക്കുന്നുവെന്നതാണ്. ചിദംബരത്തിന്റെ സംവിധായക മികവും ഷൈജു ഖാലിദിന്റെ ക്യാമറയും ചേർന്നാണ് ഈ “പറയാതെ പറയുന്ന’ സിനിമാറ്റിക് അനുഭവം ഒരുക്കിയിരിക്കുന്നത്. സിനിമയിൽ വാക്കുകളില്ലാതെ ദൃശ്യങ്ങളിലൂടെ മാത്രം സംവേദനം ചെയ്യപ്പെടുന്ന രംഗങ്ങൾ നിരവധിയാണ്. കഥാപാത്രങ്ങൾ തങ്ങൾ ഭയപ്പെടുന്നുണ്ടെന്ന് ഒരിടത്തും വിളിച്ചുപറയുന്നില്ല. പകരം, ഒരു പുതിയ സ്ഥലത്ത് എത്തുമ്പോൾ അവർ വാതിലുകളും ജനലുകളും അടച്ചിടുന്ന രീതിയും, നേരിയ ഒരു ശബ്ദം കേൾക്കുമ്പോൾപോലും ഞെട്ടിയുണരുന്ന അവരുടെ ശരീരഭാഷയും (അവർ അനുഭവിക്കുന്ന ട്രോമ എത്രത്തോളമുണ്ടെന്ന് പ്രേക്ഷകരിലേക്ക് സന്നിവേശിപ്പിക്കുന്നുണ്ട്. സിനിമയുടെ തുടക്കത്തിൽ കഥാപാത്രങ്ങൾ ഇരുണ്ട നിറങ്ങളിലുള്ള വസ്ത്രങ്ങളാണ് ധരിക്കുന്നത്. അവർ താമസിക്കുന്ന വീടുകൾക്കു പോലും ഇരുണ്ട വെളിച്ചമാണ് നൽകിയിരിക്കുന്നത്. ഇത് അവരുടെ ജീവിതത്തിലെ അനിശ്ചിതത്വത്തെയും നിരാശയെയും സൂചിപ്പിക്കുന്നതാണ്. കഥ മുന്നോട്ടുപോകുമ്പോൾ അവരുടെ മാനസികാവസ്ഥയിലെ മാറ്റങ്ങൾ വെളിച്ചത്തിലും നിറങ്ങളിലും ഉണ്ടാകുന്ന മാറ്റങ്ങളിലൂടെ കാണിക്കുന്നുണ്ട്. പരസ്പരം കെട്ടിപ്പിടിച്ച് സ്നേഹം പ്രകടിപ്പിക്കുന്ന രംഗങ്ങൾ ഈ സിനിമയിൽ കുറവാണ്. എന്നാൽ അവർ ഒരേ പാത്രത്തിൽനിന്നും ഭക്ഷണം പങ്കിട്ടുകഴിക്കുന്ന രീതിയും, അമ്മ ഉറങ്ങുമ്പോൾ മകൻ കാവലിരിക്കുന്ന ദൃശ്യങ്ങളും അവരുടെ ഉള്ളിലെ ആഴത്തിലുള്ള സ്നേഹത്തെയും പരസ്പരാശ്രയത്വത്തെയും വാക്കുകളില്ലാതെ വരച്ചിടുന്നുണ്ട്. ക്യാമറ പലപ്പോഴും കഥാപാത്രങ്ങളെ വളരെ ദൂരെനിന്നും, ജനാലകൾക്കിടയിലൂടെയുമാണ് കാണിക്കുന്നത്. ആരോ അവരെ നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നോ, അല്ലെങ്കിൽ അവർ ഒരു കെണിയിൽ അകപ്പെട്ടിരിക്കുകയാണെന്നോ ഉള്ള ഒരു തോന്നൽ ഈ ദൃശ്യങ്ങളിലൂടെ പ്രേക്ഷകരിൽ ഉണ്ടാക്കുന്നുണ്ട്. സംഗീതം ഇല്ലാത്ത നിമിഷങ്ങളെയാണ് സുഷിൻ ശ്യാം ഈ സിനിമയിൽ ഏറ്റവും മനോഹരമായി ഉപയോഗിച്ചിരിക്കുന്നത്. ഭയപ്പെടുത്തുന്ന രംഗങ്ങളിൽ പെട്ടെന്നുണ്ടാകുന്ന നിശ്ശബ്ദതയുണ്ട് സിനിമയിൽ.
അതേസമയം അനാവശ്യമായ സിനിമാറ്റിക് ആർഭാടങ്ങളോ നാടകീയതയോ ഇല്ലാതെ, ജീവിതത്തോട് ഏറ്റവും അടുത്തുനിൽക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇത് പ്രേക്ഷകന് കഥാപാത്രങ്ങളോട് കൂടുതൽ ആത്മബന്ധം തോന്നിപ്പിക്കും. ഷൈജു ഖാലിദിന്റെ ക്യാമറയും ലൈറ്റിംഗും കഥാപാത്രങ്ങളുടെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് ഉപയോഗിച്ചിരിക്കുന്നത്. ഇരുണ്ട ഷേഡുകളും ഫ്രെയിമിംഗും സിനിമയുടെ മിസ്റ്ററി സ്വഭാവം നിലനിർത്തുന്നുണ്ട്. വൻകിട താരങ്ങളെ മുൻനിർത്തി ബിഗ് ബജറ്റിൽ ഒരുക്കുന്നതിനു പകരം, കഥാപാത്രങ്ങൾക്ക് ഏറ്റവും അനുയോജ്യരായ പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി മാറ്റിയതാണ് സിനിമയുടെ ഏറ്റവും വലിയ വിജയം. കാസ്റ്റിങ് ഡയറക്ടർ എന്ന നിലയിൽ ഗണപതിയുടെ വിജയമാണിത്.
ചിത്രം കുറ്റകൃത്യങ്ങളെ മഹത്വവൽക്കരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ല. പകരം, കുറ്റകൃത്യങ്ങളുടെ അനന്തരഫലങ്ങളെയും അതിലേക്ക് നയിക്കുന്ന സാഹചര്യങ്ങളെയും കുറിച്ചുള്ള ഒരു മനഃശാസ്ത്രപരമായ വിശകലനമാണ് നടത്തുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ ചെയ്യുന്ന തെറ്റായ കാര്യങ്ങളെ ഹീറോയിസം ആയിട്ടല്ല സിനിമ അവതരിപ്പിക്കുന്നത്. മറിച്ച്, ആ തീരുമാനങ്ങൾ അവരുടെ ജീവിതത്തെ എത്രത്തോളം ദുസ്സഹമാക്കുന്നു എന്ന് കാണിക്കുകയാണ്. ഒളിച്ചോട്ടവും കുറ്റബോധവും കാരണം അമ്മയും മകനും അനുഭവിക്കുന്ന കടുത്ത മാനസിക സംഘർഷങ്ങളും ഭയവുമാണ് സിനിമയുടെ ഭൂരിഭാഗം സമയവും ദൃശ്യവൽക്കരിക്കുന്നത്. ഇത് കുറ്റകൃത്യങ്ങളിലേക്കുള്ള ആകർഷണമല്ല, മറിച്ച് അതിന്റെ ഭീകരതയാണ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. മനഃപൂർവം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ക്രിമിനലുകളല്ല അവർ. മറിച്ച്, ജീവൻ നിലനിർത്താനും രക്ഷപ്പെടാനുംവേണ്ടി അവർ എടുക്കേണ്ടിവരുന്ന നിർബന്ധിത തീരുമാനങ്ങളെയാണ് സിനിമ ചർച്ച ചെയ്യുന്നത്. ഒരു തെറ്റ് മറ്റൊന്നിലേക്ക് എങ്ങനെ നയിക്കുന്നുവെന്നും, അതിൽ നിന്നും രക്ഷപ്പെടുക എത്രത്തോളം അസാധ്യമാണെന്നും സിനിമ വരച്ചിടുന്നുണ്ട്. ഇത് പ്രേക്ഷകരിൽ കുറ്റകൃത്യങ്ങളോട് അനുഭാവമല്ല, മറിച്ച് കഥാപാത്രങ്ങളുടെ നിസ്സഹായാവസ്ഥയോടുള്ള സഹതാപമാണ് ഉണ്ടാക്കുന്നത്. കുറ്റകൃത്യങ്ങളിൽ അകപ്പെട്ടുപോകുന്ന മനുഷ്യരുടെ പതർച്ചയും അതിജീവനത്തിനായുള്ള കഷ്ടപ്പാടുകളും റിയലിസ്റ്റിക്കായി വരച്ചുകാട്ടുകയാണ് ബാലൻ.
സിനിമ ഉപരിപ്ലവമായ ഒരു ത്രില്ലർ എന്നതിനപ്പുറം, വളരെ ശക്തമായ ചില സാമൂഹിക‐രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. ഒരു സർവൈവൽ ഡ്രാമയിലൂടെ സിനിമ പ്രധാന രാഷ്ട്രീയ ചിന്തകൾ മുന്നോട്ടുവെക്കുന്നുണ്ട്. നിയമ വ്യവസ്ഥയ്ക്കും വ്യവസ്ഥാപിത സമൂഹത്തിനും പുറത്തുനിൽക്കേണ്ടിവരുന്ന മനുഷ്യരുടെ അതിജീവന പോരാട്ടമാണ് സിനിമയുടെ ആശയാടിത്തറ. ഒരു കുറ്റകൃത്യത്തിനുശേഷം ജയിൽമോചിതരാകുന്ന അമ്മയും മകനും സമൂഹത്തിൽ നേരിടുന്ന അരികുവൽക്കരണവും ഒറ്റപ്പെടലും സിനിമ തുറന്നുകാട്ടുന്നു. പൊതുസമൂഹം അടിച്ചേൽപ്പിക്കുന്ന സാമൂഹിക ധാർമികതയ്ക്കപ്പുറം, ജീവനോടെ ഇരിക്കുക എന്നതുതന്നെ പ്രധാനമായി മാറുന്നുണ്ട്. പരമ്പരാഗത സിനിമകളിലെ എപ്പോഴും മറ്റുള്ളവരുടെ സഹായംതേടുന്ന നിസ്സഹായയായ ഒരു അമ്മയെയല്ല ഇതിൽ ഫർസാന പാലത്തിങ്കലിന്റെ കഥാപാത്രം പ്രതിനിധീകരിക്കുന്നത്. തന്റെ മകനെ ഒരു അടിമയോ ക്രൂരനോ ആക്കി മാറ്റില്ലെന്ന അമ്മയുടെ ഉറച്ച തീരുമാനം പുരുഷാധിപത്യ വ്യവസ്ഥിതിക്കെതിരെയുള്ള ഒരു രാഷ്ട്രീയ നിലപാടാണ്. സ്വന്തം ജീവിതത്തിന്റെ തീരുമാനങ്ങൾ സ്വന്തമായി എടുക്കുന്ന സ്ത്രീയുടെ ‘ഏജൻസി’ ചിത്രം ഉയർത്തിപ്പിടിക്കുന്നു.
നിരന്തരം തങ്ങളുടെ പേരും നാടും ഒളിച്ചുവെച്ച്, പുതിയ ഐഡന്റിറ്റികൾ നിർമിച്ച് ജീവിക്കേണ്ടിവരുന്ന മനുഷ്യരുടെ അവസ്ഥ സിനിമ ഗൗരവമായി ചർച്ച ചെയ്യുന്നുണ്ട്. ഔദ്യോഗിക രേഖകളോ കൃത്യമായ മേൽവിലാസമോ ഇല്ലാത്ത സാധാരണക്കാരായ മനുഷ്യരെ ഭരണകൂട വ്യവസ്ഥകളും സമൂഹവും എങ്ങനെയാണ് ഒരു ഭീഷണിയായി കാണുന്നതെന്നും അവരെ എങ്ങനെ അന്യവൽക്കരിക്കുന്നുവെന്നും സിനിമ അടിവരയിടുന്നു. പൊലീസ് സംവിധാനങ്ങളും നിയമവ്യവസ്ഥയും എപ്പോഴും എല്ലാവർക്കും ഒരേപോലെയല്ല നീതി നടപ്പാക്കുന്നത് എന്ന യാഥാർത്ഥ്യം സിനിമ സൂചിപ്പിക്കുന്നുണ്ട്. കുറ്റവാളികളായി മുദ്രകുത്തപ്പെട്ടവരോട് സമൂഹം കാണിക്കുന്ന വിവേചനവും, അവരെ വീണ്ടും കുറ്റകൃത്യങ്ങളിലേക്ക് തള്ളിവിടുന്ന സാഹചര്യങ്ങളും സിനിമയിലെ പൊലീസിന്റെയും മറ്റ് കഥാപാത്രങ്ങളുടെയും ഇടപെടലുകളിലൂടെ വ്യക്തമാക്കുന്നു. നിയമം, വ്യവസ്ഥാപിത ധാർമികത, സ്ത്രീ സ്വാതന്ത്ര്യം എന്നിവയെ അതിജീവനത്തിന്റെ കണ്ണിലൂടെ പുനർനിർവചിക്കുന്ന ഒരു ശക്തമായ രാഷ്ട്രീയമാണ് ചിദംബരവും ജിത്തു മാധവനും ചിത്രത്തിലൂടെ പങ്കുവെക്കുന്നത്. l




