
നാടകസാഹിത്യവും നാടകരംഗവും പലവിധത്തിലുള്ള വെല്ലുവിളികൾ നേരിട്ട കാലത്താണ് 1937-ൽ മലയാളത്തിലെ ആദ്യ രാഷ്ട്രീയ നാടകമായ കെ.ദാമോദരന്റെ “പാട്ടബാക്കി ” യുടെ പിറവി.മലയാള സാഹിത്യ രംഗത്ത് വർഗസമരത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കാൻ സഖാവ് ഇ.എം.എസിന്റെ പ്രേരകശക്തിയാലാണ് കെ.ദാമോദരൻ ലക്ഷ്യബോധത്തോടെ ഈ ആദ്യ നാടകമെഴുതിയത്.ജീവൽസാഹിത്യ പ്രസ്ഥാനത്തിന്റെ ആദ്യ സന്തതിയെന്നും ഈ നാടകത്തെ വിശേഷിപ്പിക്കാം.കൃഷിക്കാരുടെ ജീവിതദുരന്തങ്ങളും അവയ്ക്കുള്ള പരിഹാരമാർഗ്ഗങ്ങളുമാണ് നാടകത്തിലൂടെ ചിത്രീകരിച്ചിരിക്കുന്നത്. കഥാഘടനയുടെ ലാളിത്യവും ഉള്ളടക്കത്തിന്റെ സത്യാവസ്ഥയും പാട്ടബാക്കിയെ മലയാളത്തിന്റെ ഏറ്റവും വിജയകരമായ രാഷ്ട്രീയനാടകമാക്കി തീർത്തുവെന്ന് ഉയരുന്ന യവനിക എന്ന ഗ്രന്ഥത്തിൽ സി.ജെ.തോമസ് രേഖപ്പെടുത്തിയിരിക്കുന്നു.
പാട്ടബാക്കിയുടെ രചനയ്ക്ക് പ്രേരകമായ കാര്യങ്ങൾ കെ.ദാമോദരൻ പാട്ടബാക്കിയുടെ ഏഴാം പതിപ്പിൽ പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്. “1937-ൽ ഗുരുവായൂരിൽ നിന്ന് ഏഴു നാഴികയോളം വടക്ക് വൈലത്തൂർ എന്ന സ്ഥലത്ത് വെച്ച് പൊന്നാനി താലൂക്ക് കർഷക സമ്മേളനം നടക്കാൻ പോവുകയാണ്. പ്രാരംഭ പ്രവർത്തനങ്ങൾക്കായി ഒത്തുകൂടിയ നേതാക്കൾ സമ്മേളനം വിജയിപ്പിക്കുന്നതിനെക്കുറിച്ച് കൂടിയാലോചനകൾ നടത്തിക്കൊണ്ടിരിക്കുന്നതിനിടയിൽ ഞാൻ എന്റെ അഭിപ്രായം പറഞ്ഞു. ഒരു നാടകമോ മറ്റെന്തെങ്കിലും കലാപരിപാടികളോ ഉണ്ടെങ്കിൽ കൂടുതൽ കൃഷിക്കാരെ ആകർഷിക്കാനാവും.ഇ.എം.എസ് .നമ്പൂതിരിപ്പാട് പറഞ്ഞു: “നാടകമുണ്ടെന്നറിഞ്ഞാൽ സമ്മേളനത്തിൽ കൂടുതൽ ആളുകൾ പങ്കെടുക്കും. അതു് എന്തെങ്കിലുമൊരു നാടകമായാൽപ്പോര കൃഷിക്കാരുടെ ജീവിതം ചിത്രീകരിക്കുന്നതാവണം. പക്ഷേ, അത്തരമൊരു നാടകം മലയാളത്തിലാരും ഇതേവരെ എഴുതിയിട്ടില്ല.പ്രായോഗികമായ വല്ല നിർദ്ദേശങ്ങളുമുണ്ടോ?” – എന്നിട്ട് എന്റെ നേർക്കു തിരിഞ്ഞു കൊണ്ടു ചോദിച്ചു: “തനിക്കൊരു നാടകമെഴുതിക്കൂടെ?” – നിശ്ശബ്ദത .എല്ലാവരും എന്റെ നേരെ നോക്കുന്നു. ഞാൻ പറഞ്ഞു: ” ശ്രമിച്ചു നോക്കാം.” ഇ.എം.എസ്: ” നോക്കാമെന്നു പറഞ്ഞാൽ പോര ഇനി ഒരാഴ്ചയേയുള്ളു. ” ഞാൻ – “ശരി എഴുതാം.”എന്റെ മനസ്സു മന്ത്രിച്ചു: ” കഴിയുമോ? ഏൽക്കേണ്ടിയിരുന്നില്ല.” പക്ഷേഏറ്റു പോയി.അങ്ങനെ രണ്ടു ദിവസംകൊണ്ട് നാടകം എഴുതി തീർത്തു.” (കെ.ദാമോദരന്റെ സമ്പൂർണ കൃതികൾ ഏഴാം ഭാഗത്തിൽ നിന്ന്)
കേരളത്തിൽ വലിയ ചലനം സൃഷ്ടിച്ച ഈ നാടകത്തെക്കുറിച്ച് ജി.ശങ്കരപ്പിള്ള മലയാള നാടക സാഹിത്യ ചരിത്രത്തിൽ ഇങ്ങനെ എഴുതി “സാമൂഹ്യാ സമത്വത്തിന്റെ അതിരിനപ്പുറം മൂലകാരണമായ സാമ്പത്തികാ സമത്വത്തെയാണ് “പാട്ടബാക്കി ‘ യിലൂടെ ദാമോദരൻ ചൂണ്ടിക്കാണിക്കുന്നത്. പിൽക്കാലത്ത് മലയാളത്തിലുണ്ടായ “രാഷ്ടീയ നാടകങ്ങളു’ടെ ചിട്ടയിലും ക്രമത്തിലും നിന്ന് അത്യന്തം വിഭിന്നമാണ് ഈ നാടകം.”

ഉത്തരമലബാറിലെ കൃഷിക്കാർ സ്വന്തം കൈവാളാക്കി ഉപയോഗപ്പെടുത്തിയ ഈ നാടകത്തിൽ കഥാപാത്രങ്ങളായി വേഷമിട്ട നടീനടന്മാരുടെ പേരുകൾ കേരളീയ നാടക ചരിത്രത്തിൽ കണ്ടെന്നു് വരില്ല. രാഷ്ട്രീയ രംഗത്തെ പ്രമുഖരായ ഏ.കെ.ഗോപാലൻ, കെ.പി.ആർ.ഗോപാലൻ, കെ.പി.ഗോപാലൻ, എ.വി.കുഞ്ഞാമ്പു, വിഷ്ണുഭാരതീയൻ, കെ.എ. കേരളീയൻ, സർദാർ ചന്ദ്രോത്ത് കുഞ്ഞുരാമൻ നായർ ,നാരായണൻ നായർ, ഇവരെല്ലാമാണ് പാട്ടബാക്കിയിലെ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നവർ.അഭിനയരംഗത്തേക്ക് സ്ത്രീകൾ കടന്നു വരാത്ത ഒരു കാലമായിരുന്നത്.
കേരളത്തിൽ മറ്റൊരു നാടകത്തിനും അവകാശപ്പെടാനാവാത്ത അനേകം രണ മുദ്രകൾ പതിഞ്ഞ നാടകമാണ് പാട്ടബാക്കി.ഇതിന്റെ ഓരോ രംഗാവതരണവും ഓരോ സമരരംഗത്തിന്റെ ഊഷ്മാവുണർത്തുന്നതായിരുന്നു. ഇതിലഭിനയിച്ച നടന്മാരെയെല്ലാം പോലീസ് അറസ്റ്റു ചെയ്തു ലോക്കപ്പിലാക്കി. പോലീസിന്റെ പിടിയിൽ നിന്നും രക്ഷപ്പെടാത്ത ഒരു നടന്മാരും ഇല്ലാ എന്നതാണു് സത്യം .ഓരോ അവതരണം കഴിയുമ്പോഴും നാടകം പൂർണമാക്കാൻ കഴിയുമോ എന്നഭയം നടന്മാർക്കുണ്ടായിരുന്നു. നാടകം പൂർണമായി തിരശ്ശീല താഴ്ന്ന് അണിയറയിലെത്തുന്ന നടന്മാർ വേഷംപോലും അഴിച്ചുമാറ്റാതെ ശത്രുവിന്റെ ഒരു കോട്ട കീഴടക്കിയ ഭാവത്തോടെ പോലീസിനെ ഭയന്ന് ഓരോ നടനും ഓരോ വഴിക്കും സ്ഥലം വിട്ടിരുന്നു. ഈ നാടകത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങുന്ന രംഗമുണ്ട്. ആരംഗത്തിന്റെ പേരിൽ, രാജദ്രോഹക്കുറ്റത്തിന് രചയിതാവായ കെ.ദാമോദരന് മൂന്ന് വർഷത്തെ തടവുശിക്ഷ ലഭിച്ചു.നാടക രചനയുടെ പേരിൽ, ജയിൽ ശിക്ഷ ലഭിക്കുന്ന ആദ്യത്തെ എഴുത്തുകാരൻ കെ.ദാമോദരനാണ്. നാടകാഭിനയത്തിന്റെ പേരിൽ പൊലീസ് സ്റ്റേഷൻ കയറേണ്ടി വന്ന ആദ്യത്തെ അഭിനേതാക്കളും ഈ നാടകത്തിൽ അഭിനയിച്ചവരാണ്. കേരളത്തിൽ പൊലീസ് അധികാരം ഉപയോഗിച്ച് നാടകാഭിനയത്തിന് ആദ്യമായി വിലക്കു കല്പിക്കുന്നതും ഈ നാടകത്തിനാണ്. പൊലീസിന്റെ വിലക്കുകൂടാതെ ജന്മിയുടെ അനൗദ്യോഗികമായ വിലക്കുമുണ്ടായിരുന്നു.എന്നാൽ ഇത് ഞങ്ങളുടേതാണ് എന്ന ബോധത്തോടെ ഒരു നാടകത്തിന് പ്രേക്ഷകർ കാവലിരുന്ന് രക്ഷിച്ച ആദ്യത്തെ നാടകവും പാട്ടബാക്കി തന്നെ. നാടക ചരിത്രകാരന്മാരുടെ ശ്രദ്ധയിൽ പെടാത്ത കാര്യമാണിവ( തായാട്ട് ശങ്കരൻ – പാട്ടബാക്കി).

ഇന്ത്യ സ്വതന്ത്രമാകാത്ത കാലമായിരുന്നത്. കമ്യൂണിസ്റ്റ് പാർട്ടി രൂപികരിക്കുക പോലും ചെയ്തിട്ടില്ല. സംഘടിതമായ കർഷക പ്രസ്ഥാനത്തിന്റെ ചെറുനാമ്പുകൾ അന്നത്തെ ചിറക്കൽ താലൂക്കിന്റെ ചില ഭാഗങ്ങളിൽ രൂപപ്പെട്ടു വരികയായിരുന്നു.എല്ലാ വിധത്തിലും പ്രതികൂലമായ സാഹചര്യമാണ് ഈ നാടകത്തിന് നേരിടാനുണ്ടായിരുന്നത്. മൂലധനമിറക്കി, ഒരു നാടക സംഘത്തിന് തുടക്കം കുറിക്കുന്നതിനെക്കുറിച്ച് ആരും ആലോചിച്ചിട്ടുപോലുമില്ല. തുടർച്ചയായി റിഹേഴ്സൽ നടത്തി പരിശീലനം നേടാനുള്ള സാഹചര്യവുമില്ലായിരുന്നു. ആകാലത്താണ് പാട്ടബാക്കി അരങ്ങിലെത്തുന്നത്.
ജന്മിക്ക് പാട്ടമളക്കാൻ ബാക്കി വന്നതുകൊണ്ടുണ്ടായ കുടുംബത്തകർച്ചയും തുടർന്നുള്ള സദാചാരത്തിന്റെ തകർച്ചയുമാണ് ഇതിലെ പ്രമേയം. തലേവർഷത്തെ മഴക്കെടുതി കാരണം ജന്മിക്ക് പാട്ട നെല്ല് ഒപ്പിച്ചു കൊടുക്കാൻ കഴിഞ്ഞില്ല. ചേറോട്ടി അമ്മയും മകൻ കിട്ടുണ്ണിയും യുവതിയായ മകൾ കുഞ്ഞിമാളുവും ഇളയ കുട്ടിയായ ബാലനും അടങ്ങിയ കുടുംബമാണിത്. കിട്ടുണ്ണിക്ക് ഒരു കമ്പനിപ്പണിയുണ്ട്. പക്ഷേ, ആ കുടുംബത്തിന്റെ പട്ടിണി മാറ്റാൻ തുച്ഛമായ കമ്പനിക്കൂലി തികയില്ല. അമ്മയുടെ വേദന മൂകമാണ്. അനുജത്തിയുടെ കീറിപ്പിന്നിയ ബ്ലൗസ് സ്വന്തം ദൈന്യത്തെ വിളിച്ചു പറയുന്നു. അനിയന്റെ വിശപ്പിന് കരച്ചിലിന്റെ നാവുണ്ട്. ഈ കഷ്ടപ്പാടിന്റെ മധ്യത്തിലാണ് പാട്ടം പിരിവിന് കാര്യസ്ഥൻ രാമൻ നായരുടെ കലിതുള്ളൽ.പലരോടും കടംചോദിച്ച് ഗതിമുട്ടിയപ്പോൾ കിട്ടുണ്ണി പറ്റുക Sയിൽനിന്ന് ഒരു പിടി അരി കട്ടു .അതിന് ആറു മാസത്തെ ജയിൽശിക്ഷ വിധിച്ചു. കുഞ്ഞിമാളുവിൽ നോട്ടമിട്ടിരുന്ന കാര്യസ്ഥൻ രാമൻ നായർ തന്റെ ഉദ്ദേശം നടക്കാതെ വന്നപ്പോൾ ഉള്ളിൽ പക പെരുകി കുടുംബത്തെ പാട്ടബാക്കിയുടെ പേരിൽ തെരുവിലിറക്കി.അനാഥയായ അമ്മ പട്ടിണിക്കിരയായി വഴിയരുകിൽ കിടന്ന് മരിച്ചു. മകൾ വേശ്യാവൃത്തി സ്വീകരിച്ച് അനുജനെ പോറ്റി. ജയിൽ ജീവിതം കഴിഞ്ഞ് പുറത്തു വന്ന കിട്ടുണ്ണിക്ക് കാണാൻ കഴിഞ്ഞത് തകർന്ന കുടുംബത്തിന്റെ പൊട്ടിപ്പൊളിഞ്ഞ അവശിഷ്ടങ്ങളാണ്.വീട്ടു സാധനങ്ങൾ തല്ലിത്തകർത്ത് തെരുവിലേക്ക് ഒരു കുടുംബത്തെ ഇറക്കിവിട്ടപ്പോൾ ഇവരെ രക്ഷിക്കാൻ അന്നവിടെ ഒരു കൃഷിക്കാരും മുന്നോട്ടുവന്നില്ലയെന്നത് അന്നത്തെ സാമൂഹ്യ യാഥാർഥ്യമായിരുന്നു. തന്നെ ചവിട്ടി ഇറക്കിയ മനയ്ക്കൽ ചെന്ന് മാപ്പു പറഞ്ഞ് അഭയം തേടാൻ മകളെ ഉപദേശിച്ചു കൊണ്ട് കണ്ണടയ്ക്കുന്ന അമ്മ അന്നത്തെ നിസ്സഹായരായ കർഷകകുടുംബത്തിന്റെ പ്രതീകമായിരുന്നു. അതനുസരിക്കാത്ത മാളുക്കുട്ടിയുടെ പ്രതിജ്ഞ പുതിയൊരു ചെറുത്തു നില്പിന്റെ തുടക്കമായിരുന്നു. ജയിലിൽ വെച്ച് കർഷകരെല്ലാം ഒന്നിക്കണമെന്ന ആശയം ആദ്യമായി കിട്ടുണ്ണി ഉയർത്തി. ഇതിലൂടെ ഇതിവൃത്തത്തിന് വിപ്ലവ മൂർച്ച വരുത്തുകയായിരുന്നു നാടകകൃത്ത് ചെയ്തത്.പൊലീസും ജയിലും ഉപരിവർഗത്തിന്റെ മർദ്ദനോപകരണങ്ങളാണെന്നും കളവും വ്യഭിചാരവും പട്ടിണിയുടെ സന്തതികളാണെന്നും ഈ നാടകത്തിലൂടെ നാടകകൃത്ത് സൂചിപ്പിക്കുന്നു. 1936-37 കാലത്ത് ഇതൊക്കെ വിപ്ലവാത്മകമായ ബോധനവീകരണമാണ്.
പാട്ടബാക്കിയുടെ ജനന ശേഷം ഒരു പതിനാറു വർഷത്തിന് ശേഷമാണ് തോപ്പിൽ ഭാസിയുടെ “നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി “യെന്ന നാടകം അരങ്ങേറുന്നത്.(1952)പാട്ടബാക്കിയുടെയും കമ്മ്യൂണിസ്റ്റാക്കി യുടെയും ഇടയിലുള്ള 16 വർഷം കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും സംഭവബഹുലമായ കാലഘട്ടമായിരുന്നു.ഇതിന്നിടയിൽ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപം കൊണ്ടു.കർഷക പ്രസ്ഥാനവും കർഷകത്തൊഴിലാളി പ്രസ്ഥാനവും രൂപീകരിച്ചു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചു.ശക്തമായ സംഘടിത പുരോഗമന സാഹിത്യ പ്രസ്ഥാനം നമ്മുടെ സാഹിത്യ ജീവിതത്തിലെ മൂല്യബോധത്തെ പുതുക്കിപ്പണിതു.ഈ മാറ്റത്തിന്റെ സ്വാധീനം ഉൾക്കൊണ്ടാണ് “നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി “യെന്ന നാടകം ജൈത്രയാത്ര തുടങ്ങിയത്.
പുന്നപ്ര വയലാറിന്റെയും കയ്യൂരിന്റെയും വിപ്ലവ പാരമ്പര്യം സൃഷ്ടിച്ച ഒരു പ്രസ്ഥാനത്തിന് വഴിയൊരുക്കുകയായിരുന്നു പാട്ടബാക്കി .ഒരു വാൾത്തലയുടെ മൂർച്ചയോടെ വളർന്നു വരേണ്ട ഒന്നാണ് രാഷ്ട്രീയ നാടകമെന്നത് കൂടി ഈ നാടകം ഓർമ്മപ്പെടുത്തുന്നു. തികഞ്ഞ രാഷ്ട്രീയ നാടകത്തിന്റെ വഴികാട്ടിയായി പാട്ടബാക്കി എന്നും ജ്വലിച്ചു തന്നെ നില്ക്കും.




