
ഇന്ത്യാ ചരിത്രത്തിലെ കറുത്ത അധ്യായമായ 1975 മുതൽ 1977 വരെയുള്ള അടിയന്തരാവസ്ഥക്കാലത്ത് ഇന്ത്യൻ മാധ്യമരംഗം നേരിട്ടത് അഭൂതപൂർവ്വമായ സെൻസർഷിപ്പും പീഡനങ്ങളുമായിരുന്നു. ജാതീയവും രാഷ്ട്രീയവുമായ സ്വാതന്ത്ര്യങ്ങൾ തടയപ്പെട്ട ആ കാലഘട്ടത്തിൽ പത്രസ്വാതന്ത്ര്യം പൂർണ്ണമായും ഹനിക്കപ്പെട്ടു.1975 ജൂൺ 25-ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട ഉടൻ തന്നെ ഡൽഹിയിലെ പ്രധാന പത്രസ്ഥാപനങ്ങളുടെയെല്ലാം വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. വാർത്തകൾ പുറംലോകം അറിയാതിരിക്കാൻ പ്രധാനപ്പെട്ട പത്രങ്ങളുടെ ഓഫീസുകൾ സർക്കാർ പൂട്ടി. സർക്കാരിനെതിരെയോ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കെതിരെയോ യാതൊരുവിധ വാർത്തകളോ ലേഖനങ്ങളോ കാർട്ടൂണുകളോ പ്രസിദ്ധീകരിക്കാൻ പാടില്ലെന്ന കർശന ഉത്തരവ് വന്നു. സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥർ പരിശോധിച്ച് അനുമതി നൽകിയ വാർത്തകൾ മാത്രമേ പത്രങ്ങളിൽ അച്ചടിക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ. ഇന്ത്യൻ എക്സ്പ്രസ്, ദി സ്റ്റേറ്റ്സ്മാൻ എന്നിവ സർക്കാരിന്റെ സെൻസർഷിപ്പിനെതിരെ ശക്തമായി നിലകൊണ്ട പത്രങ്ങളായിരുന്നു. വാർത്തകൾ സെൻസർ ചെയ്യപ്പെട്ടപ്പോൾ അതിൽ പ്രതിഷേധിച്ച് ഇന്ത്യൻ എക്സ്പ്രസ് എഡിറ്റോറിയൽ പേജ് പൂർണ്ണമായി ഒഴിച്ചിട്ട് പ്രസിദ്ധീകരിച്ചു. ദേശാഭിമാനിക്കും അന്ന് സമാനപാതകളിലൂടെ സഞ്ചരിക്കേണ്ടി വന്നിട്ടുണ്ട്. പല പത്രങ്ങളും സെൻസർഷിപ്പിന്റെ ക്രൂരത ജനങ്ങളെ അറിയിക്കാൻ ഗാന്ധിജിയുടെ മൂന്ന് കുരങ്ങന്മാരുടെ ചിത്രങ്ങളോ ഷേക്സ്പിയർ നാടകങ്ങളിലെ വരികളോ മാത്രം നൽകി പ്രതിഷേധം രേഖപ്പെടുത്തി. പ്രമുഖ ദേശീയ പത്രങ്ങളിൽ പലതും സർക്കാരിനെ ഭയപ്പെട്ട് സെൻസർഷിപ്പിന് പൂർണ്ണമായി വിധേയപ്പെടുകയായിരുന്നു. പ്രശസ്തമായ ദി ഇല്ലസ്ട്രേറ്റഡ് വീക്ക്‌ലി ഓഫ് ഇന്ത്യ പത്രാധിപർ ഖുശ്വന്ത് സിംഗ് ഉൾപ്പെടെയുള്ളവർ അടിയന്തരാവസ്ഥയെ അനുകൂലിച്ച് നിലപാട് എടുത്തു.
ബി.ബി.സി ഉൾപ്പെടെയുള്ള വിദേശ മാധ്യമങ്ങളുടെ പ്രതിനിധികളെ ഇന്ത്യയിൽ നിന്ന് പുറത്താക്കുകയും, വിദേശ പത്രങ്ങളുടെയും റേഡിയോ പ്രക്ഷേപണങ്ങളുടെയും ഇന്ത്യയിലേക്കുള്ള പ്രവേശനം കർശനമായി തടയുകയും ചെയ്തു. ഭരണകൂടത്തിന്റെ അടിച്ചമർത്തലുകളെ ചോദ്യം ചെയ്ത നിരവധി മാധ്യമപ്രവർത്തകരെ മിസ നിയമപ്രകാരം വിചാരണ കൂടാതെ ജയിലിലടച്ചു. പല പ്രമുഖ പത്രപ്രവർത്തകർക്കും തൊഴിൽ നഷ്ടപ്പെടുകയും നാടുകടത്തപ്പെടുകയും ചെയ്തു. 1977 മാർച്ചിൽ അടിയന്തരാവസ്ഥ പിൻവലിക്കുകയും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് ഇന്ത്യൻ മാധ്യമങ്ങൾക്ക് വീണ്ടും സ്വാതന്ത്ര്യം ലഭിച്ചത്. ഈ ഇരുണ്ടകാലം ഇന്ത്യൻ ജനാധിപത്യത്തിനും പത്രസ്വാതന്ത്ര്യത്തിനും മാധ്യമപ്രവർത്തകർ നൽകിയ വിലമതിക്കാനാവാത്ത പോരാട്ടങ്ങൾക്കും എന്നും സാക്ഷിയാണ്.

ഇത്തരത്തിലല്ലെങ്കിലും മറ്റൊരുതരം സെൻസർഷിപ്പ് വിദ്യാർത്ഥി സമരത്തിനെതിരെ മോദി ഗവൺമെൻ്റ് നടപ്പിലാക്കുകയുണ്ടായി. അടിയന്തരാവസ്ഥക്കാലത്ത് ഇൻ്റെർനെറ്റ് ഇന്ത്യയിൽ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കിൽ ശ്രീമതി ഗാന്ധി എന്ത് നിലപാട് സ്വീകരിക്കുമായിരുന്നു എന്ന് ഇപ്പോൾ പറയാൻ ആവില്ല. സാധാരണഗതിയിൽ നിരോധിക്കാൻ തന്നെയാണ് സാധ്യത. സമരം നടന്ന പ്രദേശത്ത് ആശയവിനയം നടക്കാതിരിക്കുന്നതിന് വേണ്ടി ഇൻ്റർനെറ്റ് നിരോധിക്കുക എന്ന സംവിധാനമാണ് കേന്ദ്ര ഗവൺമെൻ്റ് സ്വീകരിച്ചത്. അത് ജനാധിപത്യപരമായി പരസ്യപ്പെടുത്താനൊന്നും ഗവൺമെൻ്റ് തയ്യാറായിരുന്നില്ല.

ഇൻ്റർനെറ്റ് നിരോധിക്കുന്നതോടെ ആധുനിക വാർത്താവിനിമയോപാധികൾ ഉപയോഗിച്ച് വാർത്താവിനിമയം നടത്താനാവില്ല എന്നാണ് കേന്ദ്ര ഗവൺമെൻ്റും ബിജെപിയും ഒക്കെ കണക്കുകൂട്ടിയത്. എന്നാൽ സമരം ചെയ്തിരുന്ന വിദ്യാർത്ഥികൾ സാങ്കേതികവിദ്യയിൽ കൂടുതൽ മികവുള്ളവരായിരുന്നു എന്നതുകൊണ്ട് പകരം എന്തു ഉപയോഗിക്കണം എന്നതിനെക്കുറിച്ച് അവർക്ക് വ്യക്തമായ ധാരണ ഉണ്ടായിരുന്നു. ഓപ്പൺ സോഴ്‌സ് സന്ദേശങ്ങൾ അയക്കാൻ ബിറ്റ് ചാറ്റ് എന്ന ആപ്ലിക്കേഷനാണ് അവർ ഉപയോഗിച്ചത്. ഇത് ബ്ലൂടൂത്ത് മെഷ് നെറ്റ്‌വർക്ക് (Bluetooth Mesh Network) സംവിധാനങ്ങൾ വഴി പ്രവർത്തിക്കുന്ന ഒരു പീർ-ടു-പീർ (P2P) ചാറ്റ് ആപ്ലിക്കേഷനാണ്. അതുകൊണ്ട് തന്നെ ഇന്റർനെറ്റോ മൊബൈൽ ഡാറ്റയോ ലഭ്യമല്ലാത്ത സാഹചര്യങ്ങളിലും, പരിസരത്തുള്ള മറ്റ് ഉപഭോക്താക്കളുമായി നേരിട്ട് സന്ദേശങ്ങൾ കൈമാറാൻ ഇതിലൂടെ സാധിക്കും എന്നതാണ് ഇതിൻ്റെ പ്രത്യേകത.
അതുകൊണ്ടുതന്നെ ബിറ്റ് ചാറ്റിൻ്റെ ഉപയോഗം തടയാൻ ബിജെപി സർക്കാർ ഈ സമരകാലത്ത് ഭരണഘടനാ വിരുദ്ധവും ഏകാധിപത്യപരവുമായ ശ്രമം നടത്തിയിരുന്നു എന്നാണ് ഇപ്പോൾ വ്യക്തമാക്കപ്പെട്ടിട്ടുള്ളത്. ജനാധിപത്യ അവകാശങ്ങൾക്കും ആവിഷ്കാര സ്വാതന്ത്ര്യത്തിനും പൗരന്മാരുടെ സമാധാനപരമായ സംഘടനാ സ്വാതന്ത്ര്യത്തിനും മേലുള്ള സർക്കാരിൻ്റെ കടന്നുകയറ്റത്തിലെ മറ്റൊരു അപകടകരമായ ചുവടുവയ്പ്പാണ് ഈ നടപടി. ഇങ്ങനെയൊരു നിരോധനം നടപ്പിലാക്കുന്നതായി ബന്ധപ്പെട്ട കേന്ദ്രസർക്കാരിൻ്റെ ഭാഗത്തുനിന്ന് ഔദ്യോഗികമായ അറിയിപ്പോ പൊതുവായ ഉത്തരവോ ഉണ്ടായിട്ടില്ല എന്നത് വ്യക്തമാക്കുന്നത് അതീവ ആശങ്കാജനകമായ ഒരു ഘട്ടത്തിലൂടെയാണ് ഇന്ത്യൻ ജനാധിപത്യം മുന്നോട്ടു പോയ്ക്കൊണ്ടിരിക്കുന്നത് എന്നാണ്. ബിറ്റ് ചാറ്റ് എന്ന ഈ വാർത്താ വിനിമയോപാധി വികസിപ്പിച്ചെടുത്തത് ജാക്ക് ഡോർസി എന്ന പ്രസിദ്ധനായ സംരംഭകനാണ്. അവരുടെ ടീമിൻ്റെ ഒരു പരസ്യ പോസ്റ്റിലൂടെയാണ് ഇന്ത്യയ്ക്കകത്ത് നടന്ന ഈ സെൻസറിങ്ങിനെ കുറിച്ച് പുറംലോകം അറിയുന്നത്. സുതാര്യതയോ ജനങ്ങളോടുള്ള ഉത്തരവാദിത്വമോ ഇല്ലാതെ നടപ്പിലാക്കുന്ന ഇത്തരത്തിലുള്ള രഹസ്യ സെൻസറിംഗ് ഭരണഘടന ഉറപ്പുനൽകുന്ന ഇന്ത്യൻ ജനാധിപത്യത്തിൻ്റെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണ്.

അമിത് ഷാ എന്ന ആഭ്യന്തരമന്ത്രിയുടെ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോഡിനേഷൻ സെൻ്ററാണ് ഈ ഉത്തരവ് നൽകിയത് എന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ ബിറ്റ് ചാറ്റ് ശേഖരണത്തിലേക്കുള്ള പ്രവേശനം വിച്ഛേദിക്കാൻ അവർക്ക് നിർദ്ദേശം നൽകിയതായും പ്ലാറ്റ്ഫോമിനെതിരെ കടുത്ത നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും വാർത്തകൾ വന്നിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള നിയമവിരുദ്ധമായ ഉള്ളടക്കത്തെ അല്ല മറിച്ച് ജനങ്ങൾ പരസ്പരം ബന്ധപ്പെടാനുപയോഗിക്കുന്ന ഒരു ആശയവിനിമയോപകരണത്തിന്റെ ഉപയോഗം നിർത്തിവയ്ക്കാനാണ് സർക്കാർ ആവശ്യപ്പെടുന്നത്. ഇൻ്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെടുത്തിയാൽ അതോടെ സാധാരണ പൗരന്മാരുടെ ആശയവിനിമയത്തിനുള്ള എല്ലാ സംവിധാനങ്ങളെയും ഇല്ലാതാക്കുക എന്നതാണ് ഈ നീക്കത്തിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം എന്ന് ഇത് വ്യക്തമാക്കുന്നു.
ഇതിനെ ഒരൊറ്റപ്പെട്ട നടപടിയായി കാണാനാവില്ല. പരീക്ഷകളിലെ ക്രമക്കേടുകൾക്ക് ഉത്തരവാദികളായവരെ കണ്ടെത്തണമെന്നും ദുരിതമനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് നീതി ലഭ്യമാക്കണം എന്നും ആവശ്യപ്പെട്ട് ജന്തർ മന്ദിറിൻ സമാധാനപരമായി സമരം ചെയ്യുന്ന ആയിരക്കണക്കിന് വരുന്ന വിദ്യാർഥികളുടെയും യുവാക്കളുടെയും നേരെ നടത്തിക്കൊണ്ടിരിക്കുന്ന കായികമായ അടിച്ചമർത്തലിൻ്റെ പാശ്ചാത്തലത്തിൽ വേണം ഈ നിരോധനത്തിനെ കാണാൻ. സമരകേന്ദ്രത്തിൽ ഇൻ്റർനെറ്റ് സേവനങ്ങൾ വിച്ഛേദിക്കുകയും മെട്രോ സ്റ്റേഷനുകൾ അടച്ചിടുകയും ബാരിക്കേഡുകൾ സ്ഥാപിക്കുകയും സമാധാനപരമായ പ്രതിഷേധക്കാർക്ക് നേരെ പോലീസ് ആക്രമണങ്ങൾ അഴിച്ചുവിടുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള ജനാധിപത്യപരമായ വിയോജിപ്പുകളെ അടിച്ചമർത്താൻ ലക്ഷ്യമിട്ടിട്ടുള്ള ബിജെപി ഗവൺമെന്റിന്റെ ഏകാധിപത്യ നടപടികളുടെ തുടർച്ചയാണ് ആശയവിനിമയം തന്നെ തടയാനുള്ള ഈ ശ്രമം.

ആശയവിനിമയ സ്വാതന്ത്ര്യത്തിനും ഇന്റർനെറ്റ് പ്രവേശനത്തിനുമുള്ള നിയന്ത്രണങ്ങൾ നിയമപരത, ആവശ്യകത, ആനുപാതികത എന്നിവയുടെ പരിശോധനകൾക്ക് വിധേയമായിരിക്കണമെന്ന് സുപ്രീംകോടതി തന്നെ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുള്ളതാണ്. സുതാര്യതയോ,കൃത്യമായ നടപടിക്രമങ്ങളോ ഇല്ലാതെ,എക്സിക്യൂട്ടീവ് ഉത്തരവുകളിലൂടെ ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയർ തടയുന്നത് ഈ ഭരണഘടനാ തത്വങ്ങളുടെ ലംഘനവും നിയമവാഴ്ചയെ കൂടുതൽ ദുർബലപ്പെടുത്തുന്നതുമാണ്.
അതുകൊണ്ടുതന്നെ അടിയന്തരാവസ്ഥ വിരുദ്ധ സമരത്തിൽ നിർണായ പങ്കുവഹിച്ചു എന്ന് സ്വയം അവകാശപ്പെടുകയും എന്നാൽ ഇരുപതിന പരിപാടിക്കും അഞ്ചിന പരിപാടിക്കും ഒക്കെ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്ത ആർഎസ്എസിന്റെ രാഷ്ട്രീയ മുഖമായ ബിജെപി ഭരിക്കുന്ന ഇന്ത്യ ഇന്ന് മറ്റൊരു അടിയന്തരാവസ്ഥയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇതിനെതിരെ പോരാടാൻ എല്ലാ ജനാധിപത്യ വിശ്വാസികളും തയ്യാറാവണം.




