CJP സമരം, ചലോ സൻസദ്: നിരീക്ഷണങ്ങൾ, പ്രതീക്ഷകൾ

അനിൽ സേതുമാധവൻ


ഴിഞ്ഞ മാസം, അതായത് ജൂൺ 20നാണ് കോക്ക്റോച്ച് ജനതാ പാർട്ടിയുടെ സമരം ഡൽഹി ജന്തർ മന്ദറിൽ ആരംഭിക്കുന്നത്. ഡൽഹിയിലെ അവരുടെ രണ്ടാമത്തെ സമരം. ജൂൺ ആറിന് ജന്തർ മന്ദറിൽ വെച്ച് നടന്ന സമരത്തിന് ശേഷം രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും സമരപരിപാടികൾ CJP യുടെ നേതൃത്വത്തിൽ നടന്നു. അതിനു ശേഷമാണ് ജൂൺ 20ലെ സമരം ആരംഭിക്കുന്നത്. സമരത്തിൻ്റെ ആദ്യ ദിവസം മുതലേ SFI യുടെയും, മറ്റു ഇടതു സംഘടനകളിലെയും, ആം ആദ്മി പാർട്ടിയുടെയും മറ്റും വിദ്യാർത്ഥി സംഘടനകളുടെയും എല്ലാം അംഗങ്ങൾ ജന്തർ മന്ദറിൽ ഉണ്ടായിരുന്നു. SFI അംഗമായ ഞാനും ഒട്ടുമിക്ക ദിവസവും സമരസ്ഥലത്ത് ഉണ്ടായിരുന്നു. ജൂൺ 20നു തുടങ്ങിയ സമരം ജൂലൈ 20നു നടന്ന പാർലമെൻ്റ് മാർച്ചിലേക്ക് എത്തിയതിനെ കുറിച്ചും, സമകാലിക ഇന്ത്യക്കും, രാഷ്ട്രീയ മുന്നേറ്റങ്ങൾക്കും ഈ വിദ്യാർത്ഥി സമരത്തിൽ നിന്നും ഉൾക്കൊള്ളാൻ ഉള്ള പാഠങ്ങളെ കുറിച്ചും ചുരുക്കത്തിൽ ഇവിടെ ചർച്ച ചെയ്യാൻ ശ്രമിക്കുകയാണ്.സുപ്രീം കോടതി ചീഫ് ജസ്റ്റിസ് നടത്തിയ പാറ്റ പരാമർശത്തിന് മറുപടിയായി അമേരിക്കയിൽ ഗവേഷകവിദ്യാർഥിയായ അഭിജീത് ദീപ്കെ എക്സിൽ ഇട്ട ഒരു ട്വീറ്റിൽ നിന്നായിരുന്നല്ലോ cjpയുടെ ഉദ്ഭവം. ഉടനെ തന്നെ ദീപ്കെയും സുഹൃത്തുക്കളും ചേർന്ന് തുടങ്ങിയ instagram അക്കൊണ്ടിന് വലിയ രീതിയിലുള്ള പിന്തുണ ഇന്ത്യൻ യുവജനങ്ങൾക്കിടയിൽ നിന്നും ലഭിച്ചു. ഇത്തരുണത്തിലാണ് മെയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷ, മെയ് പന്ത്രണ്ടിന് ചോദ്യ പേപ്പർ ചോർന്നതിനെ തുടർന്ന് റദ്ദ് ചെയ്തതായി പരീക്ഷാ ഏജൻസിയായ nta പ്രഖ്യാപിക്കുന്നത്. CJP ഇതിനെതിരായി സോഷ്യൽ മീഡിയയിലൂടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായ ധർമേന്ദ്ര പ്രദാനെതിരെ വിദ്യാർഥികൾക്കും യുവജനതയ്ക്കും ഇടയിൽ പൊതുവികാരം ഉണ്ടാക്കി എടുക്കുന്നതിൽ വലിയ രീതിയിൽ വിജയിച്ചു. നീറ്റ് പരീക്ഷ വീഴ്ചയ്ക്ക് പിന്നാലെ സിബിഎസ്ഇ പരീക്ഷാ നടത്തിപ്പിൽ വന്ന വീഴ്ചയും വിദ്യാഭ്യാസ മന്ത്രിക്ക് എതിരായ വികാരം ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്കു വഹിച്ചു. ഇതിനോടകം തന്നെ നടന്ന വിദ്യാർഥി ആത്മഹത്യകൾ ചൂണ്ടി കാട്ടി, വിദ്യാഭ്യാസ മന്ത്രി രാജി വെയ്ക്കണം എന്ന ആവശ്യം cjp വക്താക്കൾ ഉന്നയിച്ചതിനും വ്യാപകമായ പിന്തുണ ലഭിച്ചു. ഇത് കേവലം ഒരു സോഷ്യൽ മീഡിയ ട്രെൻഡ് ആവാം എന്ന ധാരണകളെ തെറ്റിച്ച് കൊണ്ടാണ് ജൂൺ ആറിന് ഡൽഹി ജന്തർ മന്ദറിലെ CJP യുടെ പ്രകടനം നടക്കുന്നത്.

വളരെ കുത്തഴിഞ്ഞ മട്ടിൽ നടന്ന ഈ സമരപരിപാടി, CJP യുടെ ഒരു ബലഹീനത തുറന്നു കാട്ടി. മുന്നേ ഇന്ത്യയിൽ സമര മുന്നേറ്റങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയിട്ടില്ലാത്ത ഒരു സംഘമാണ് അവർ എന്നതായിരുന്നു അത്. എന്നാൽ വൈകാതെ തന്നെ പല വിദ്യാർഥി സംഘടനകളുടെയും പിന്തുണ അവർക്ക് ഈ വിഷയത്തിൽ ലഭിക്കുന്ന അവസ്ഥ വന്നു. രാജസ്ഥാൻ, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നീ
സംസ്ഥാനങ്ങളിൽ എല്ലാം CJP സമരങ്ങൾ നടത്തി. ഇവിടങ്ങളിൽ എല്ലാം വലിയ പിന്തുണ ലഭിക്കുകയും ചെയ്തു. ഇവിടെ നമ്മൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. നീറ്റ് പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്ന ആദ്യത്തെ സംഘടനയല്ല CJP. പേപ്പർ റദ്ദ് ചെയ്ത അന്നേ ദിവസം തന്നെ ഡൽഹിയിൽ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കാര്യാലയത്തിന്റെ മുന്നിലേയ്ക്ക് SFI പ്രതിഷേധ റാലി സംഘടിപ്പിക്കുകയും
SFI അഖിലേന്ത്യാ പ്രസിഡന്റിനെ അടക്കം അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനു ശേഷം SFI രാജ്യത്തെ ഇരുപത്തി മൂന്നോളം സംസ്ഥാനങ്ങളിൽ നീറ്റ് പേപ്പർ ചോർച്ചയ്ക്കെതിരെ, വിദ്യാഭ്യാസ മന്ത്രി രാജി വെയ്ക്കണം, NTA റദ്ദാക്കണം എന്ന ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടു സമരങ്ങൾ നടത്തി. മറ്റു ഇടതു സംഘടനകളും, യൂത്ത് കോൺഗ്രസും മറ്റും വ്യത്യസ്ത സംസ്ഥാനങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.
ഇത്തരത്തിൽ ഇന്ത്യയിൽ ആകമാനം കൊടുമ്പിരി കൊണ്ട ഒരു വിഷയമായി നീറ്റ് പേപ്പർ ചോർച്ച മാറി. CJP യ്ക്ക് ഇതിൽ ഉള്ള പങ്ക് ചെറുതല്ല, എന്നാൽ മറ്റു സംഘടനകളും കൂടി ചേർന്ന് ഒരുക്കിയെടുത്ത ഇടങ്ങളിലാണ് CJP അവരുടെ സമരപരിപാടികൾ നടത്തുന്നത്. ഉടനെ തന്നെ നീറ്റ് പേപ്പർചോർച്ചയിൽ മാത്രം ഈ വിഷയം ഒതുങ്ങി നിൽക്കുന്നില്ല എന്ന് വിദ്യാർഥികളും യുവജനങ്ങളും മനസ്സിലാക്കുന്ന അവസ്ഥ വന്നു. മറ്റു പല
പരീക്ഷ പേപ്പറുകളും ചോരുന്നു. പരീക്ഷകൾ റദ്ദാക്കുന്നു. കുറ്റവാളികൾ പിടിക്കപ്പെടുന്നില്ല. അധികാരികൾ ഉത്തരം നൽകുന്നില്ല. വിദ്യാർഥികൾ ആത്മഹത്യ ചെയ്തു കൊണ്ടേയിരിക്കുന്നു. ഇതെല്ലാം ചേർന്ന് യുവജനങ്ങൾ – അവരിൽ നീറ്റ് പരീക്ഷ ജീവിതത്തിൽ ഒരിക്കൽ പോലും എഴുതാത്തവർ പോലും ഉൾപ്പെടും – കടുത്ത നിരാശ അനുഭവപ്പെടുന്ന അവസ്ഥയും വന്നു എന്ന് വേണം മനസ്സിലാക്കാൻ.

ജൂൺ ഇരുപതിന് നടന്ന സമരത്തിൽ ആയിര കണക്കിന് യുവജനങ്ങളാണ് പങ്കെടുത്തത്. പല വിദ്യാർഥികളുടെയും മാതാപിതാക്കളും സമരത്തിൽ പങ്കെടുത്തു. പല സംഘടനകളിലെയും അംഗങ്ങൾ പങ്കെടുത്തു. അന്നേ ദിവസം വൈകീട്ട്, സമരം ഒരു അനിശ്ചിത കാല കുത്തിയിരുപ്പ് സമരമായി
മാറുന്നതായി CJP വക്താക്കൾ പ്രഖ്യാപിച്ചു. ഇതിനു മുന്നേ പല തവണയും മോദി സർക്കാറിന് എതിരായി, ബിജെപിയ്ക്ക് എതിരായി ജന്തർ മന്തറിൽ അനിശ്ചിത കാല സമരങ്ങൾ നടന്നിട്ടുണ്ട്. അവയിൽ പ്രാധാനം 2023ൽ നടന്ന ഗുസ്തിതാരങ്ങളുടെ സമരമാണ്. ഗുസ്തി ഫെഡറേഷൻ ചെയർമാൻ ആയിരുന്ന ബ്രിജ് ഭൂഷനെതിരെ ഒളിമ്പിക്സ് ഗുസ്തി താരങ്ങൾ ജന്തർ മന്തറിൽ നടത്തിയ കുത്തിയിരുപ്പ് സമരം പോലീസ് ആക്രമണം നേരിടുകയായിരുന്നു. രാത്രിയിൽ സമരപന്തലടക്കം പൊളിച്ചു നീക്കുന്ന അവസ്ഥ അന്ന് ഉണ്ടായി. CJP സമരത്തിന് എതിരെ അത്തരം ഒരു പോലീസ് നടപടി ഉണ്ടായേക്കാം എന്നതായിരുന്നു എന്റെ വിലയിരുത്തൽ. എന്നാൽ ദിനം പ്രതി വളർന്നു കൊണ്ടേയിരുന്ന ജനപിന്തുണ, അത്തരം പോലീസ്
നടപടികൾ കൊണ്ടു സമരത്തെ അടിച്ചമർത്താൻ കഴിയില്ല എന്ന സന്ദേശം നല്കി. ആരാണ് CJP സമരത്തിലെ സമരക്കാർ? വിദ്യാർഥികൾ തീർച്ചയായും ഇവരിൽ വലിയൊരു ശതമാനമാണ്. അവരോടൊപ്പം സമര സ്ഥലത്തേക്ക് ഒഴുകിയെത്തിയവരിൽ ഡൽഹിയിലും സമീപപ്രദേശങ്ങളിലും ജോലി ചെയ്യുന്ന യുവജനങ്ങളും ഉണ്ട്. ആയിരകണക്കിന് തൊഴിൽ അന്വേഷകരും സമരത്തിൽ പങ്കാളികളായി. അധികം വൈകാതെ തന്നെ സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുമുള്ള മനുഷ്യർ സമരത്തിന് പിന്തുണയുമായി വന്നു. അവരിൽ അധ്യാപകർ, കർഷകർ, തൊഴിലാളി യൂണിയൻ പ്രതിനിധികൾ, വിവിധ NGO കൾ, അങ്ങനെ പലരും ഉൾപ്പെടും. വിവിധ മത്സര പരീക്ഷകൾക്കായി തയ്യാറെടുക്കുന്ന യുവജനങ്ങൾ വലിയ സംഖ്യയിൽ സമരത്തിനായി ജന്തർ മന്ദറിൽ എത്തുന്നതായും കാണാമായിരുന്നു. ഡൽഹിക്ക് പുറത്തു ജോലി ചെയ്യുന്ന ഒട്ടേറെ യുവജനങ്ങൾ ശനിയും ഞായറും ഒഴിവുദിവസങ്ങൾ ഉള്ളപ്പോൾ ജന്തർ മന്ദറിൽ എത്തി പിന്തുണ
അറിയിച്ചു. സമരത്തിന് ഒഴുകിയെത്തിയ മറ്റൊരു പ്രധാന വിഭാഗം ഓൺലൈൻ കണ്ടന്റ് നിർമ്മാതാക്കൾ ആണ്. മുഖ്യധാരാ മാധ്യമങ്ങൾ സമരത്തെ സംബന്ധിച്ച വാർത്തകൾ കൊടുക്കാതെ സമരത്തെ പൊതുജനങ്ങൾക്കിടയിൽ നിന്നും മറച്ചു വെക്കാൻ ശ്രമിക്കുന്ന അവസരത്തിൽ ഓൺലൈൻ മാധ്യമങ്ങളും, യൂ ട്യൂബർമാരും, മറ്റു കൺടെൻറ് നിർമ്മാതാക്കളും എല്ലാം സമരസ്ഥലത്ത് എത്തി, സമരത്തെ
സംബന്ധിക്കുന്ന ചെറുതും വലുതുമായ വിശദാംശങ്ങൾ എല്ലാം വാർത്തയാക്കി.

 

ഇത്തരത്തിൽ വളരെ വൈവിധ്യമാർന്ന ഒരു ജനസഞ്ചയത്തെ ഒരുമിച്ചു കൊണ്ടുവരാൻ ഈ സമരത്തിന് സാധിച്ചു എന്നത് ചെറിയ ഒരു കാര്യമേയല്ല. പലരോടും നേരിട്ട് സംസാരിച്ച അനുഭവത്തിൽ, സമരക്കാരിൽ പലരും മുന്നേ നടന്ന തെരഞ്ഞെടുപ്പുകളിൽ ബിജെപിയ്ക്ക് വോട്ട് ചെയ്തവർ പോലുമാണ്. പലരും ജീവിതത്തിൽ ആദ്യമായി പങ്കെടുക്കുന്ന ആദ്യത്തെ സമരമാണ് ഇത്. നമ്മൾ മനസ്സിലാക്കേണ്ടത്, ബിജെപി
ഭരണത്തിൽ, ജീവിതം താറുമാറായ സാധാരണക്കാരായ മനുഷ്യർ ആണ് ഇവർ എന്നതാണ്. തൊഴിലില്ലായ്മ പെരുകി കൊണ്ടേയിരിക്കുകയും, മത്സരപരീക്ഷകളിൽ പേപ്പർ ചോർച്ചയും, ക്രമക്കേടുകളും സർവ സാധാരണമാവുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇവർ അസന്തുഷ്ടരും,
നിരാശരുമായിരുന്നു. മോദി വാഗ്ദാനം ചെയ്ത അച്ഛാ ദിൻ ഇവർക്ക് ലഭിച്ചിട്ടേയില്ല. ഇത്തരത്തിൽ നിരാശരായ യുവജനങ്ങളെ ഒരുമിപ്പിക്കുന്ന ഒരു ശക്തിയായി CJP യ്ക്ക് മാറാൻ സാധിച്ചു. സോഷ്യൽ മീഡിയയിൽലഭിച്ച വൻ പിന്തുണ അതിന്റെ ഒരു സൂചനയായിരുന്നു. അപ്പോൾ സ്വാഭാവികമായും മറ്റൊരു ചോദ്യം ഉയരാം. ഈ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ആദ്യത്തെ സംഘമല്ല ഇവർ. എന്നിട്ടും എന്തുകൊണ്ട് CJP? രണ്ടു
സാധ്യതകൾ ഇവിടെയുണ്ട്. ഒന്ന്, കോണ്ഗ്രസ് പോലുള്ള വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികളിൽ ഉള്ള വിശ്വാസമില്ലായ്മയാണ്. യുവജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് അവർക്ക് നീതി ഉറപ്പാക്കാൻ ഇക്കൂട്ടർക്ക് സാധിക്കുമോ എന്ന് സ്വാഭാവികമായും സംശയം ഉണ്ടാവാം. രണ്ട്, ഇത്തരം വിഷയങ്ങൾ കാലാകാലങ്ങളായി ഉന്നയിച്ചു പോരുന്ന ഇടതുപക്ഷത്തെ സംഘടനകൾക്ക് യുവജനങ്ങൾക്കിടയിൽ ഉള്ള വ്യാപനക്കുറവ്. അതിനു കാരണം, ഇടതുപക്ഷ സംഘടനകളുടെ വിവിധ സംസ്ഥാനങ്ങളിലെ സംഘടനാശേഷിക്കുറവാകാം, അതിനോടൊപ്പം തന്നെ യുവജനങ്ങളെ ആകർഷിക്കുന്ന രീതിയിൽ വിഷയങ്ങൾ അവതരിപ്പിക്കാൻ സാധിക്കുന്നില്ല എന്നതും ആവാം. ഇതാകാം ഒരു പക്ഷേ ഈ സമരത്തിൽ നിന്നും രാഷ്ട്രീയവിദ്യാർഥികൾക്കും, പുരോഗമന രാഷ്ട്രീയ കക്ഷികളിലെ അംഗങ്ങൾക്കും ഉൾക്കൊള്ളാനുള്ള പ്രധാന പാഠം.പല വിധേനയുള്ള സംശയങ്ങൾ തുടക്കം മുതലേ CJP യുടെ കാര്യത്തിൽ രാഷ്ട്രീയ നിരീക്ഷകരും മറ്റും പ്രകടിപ്പിക്കുന്നുണ്ട്. ഒന്ന്, 2015ൽ അധികാരത്തിലുണ്ടായിരുന്ന കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാനായി അണ്ണാ ഹസാരെയെ മുന്നിൽ നിർത്തി ആർഎസ്എസ് ആസൂത്രണം ചെയ്ത സമരം പോലെ ഒന്നാണോ ഇത് എന്നതാണ്. CJP സ്ഥാപക നേതാക്കളായ ചിലരുടെ AAP ബന്ധവും ഇതുമായി ബന്ധപ്പെട്ട് ചർച്ചയായി. മറ്റൊന്ന് ഇവരുടെ സമരരീതിയുമായി ബന്ധപ്പെട്ടാണ്. ജന്തർ മന്തർ ഡൽഹിയിലെ സമരങ്ങളുടെ കേന്ദ്രമാണ്. സമരങ്ങൾ നടത്തുവാനായി ഒഴിച്ചിട്ടിരിക്കുന്ന ന്യൂ ഡൽഹിയിലെ ഒരു ഇടം. അത്തരമൊരു സ്ഥലത്ത് സമാധാനപൂർണമായി സമരം ചെയ്തത് കൊണ്ട് ആവശ്യങ്ങൾ നിറവേറ്റാൻ ആകുമോ എന്നതായിരുന്നു അത്തരത്തിൽ ഒന്ന്. ഒന്നാമത്തെ സംശയത്തിനുള്ള മറുപടി പല രീതിയിലായി ഇപ്പോൾ തന്നെ വ്യക്തമാണ്. സമര സ്ഥലത്ത് ഉയർന്നു കേൾക്കുന്ന മുദ്രാവാക്യങ്ങൾ കേവലം പേപ്പർ ചോർച്ചയ്ക്ക് എതിരായി മാത്രമുള്ളതല്ല. അത് സംഘപരിവാർ ഉയർത്തുന്ന രാഷ്ട്രീയത്തിന് എതിരായിട്ടുള്ളതാണ്. വ്യത്യസ്ത മത, ജാതി, ലിംഗ ന്യൂനപക്ഷങ്ങളെ ഒരുമിച്ചു നിർത്തിയാണ് സമരം ഇതേവരെ മുന്നോട്ട് പോവുന്നത്.

ആർഎസ്എസ് ആസൂത്രണം ചെയ്യുന്ന ഒരു പദ്ധതിയിൽ അത്ര മാത്രം അവരുടെ തന്നെ രാഷ്ട്രീയം ലംഘിക്കപ്പെടും എന്ന് കരുതുക അസാധ്യമാണ്. CJP കറ കളഞ്ഞ ഒരു രാഷ്ട്രീയ മുന്നേറ്റമാണ് എന്നല്ല ഈ പറഞ്ഞതിന് അർഥം. അവർ ഒരു രാഷ്ട്രീയ പാർട്ടിയല്ല. വ്യക്തമായ ഒരു ആശയത്താൽ അല്ല ഇവർ നയിക്കപ്പെടുന്നത്. എന്നാൽ ഇവിടെ എത്തിപ്പെടുന്ന മനുഷ്യന്മാർക്ക്, സംഘടനകൾക്ക് ആശയങ്ങളുണ്ട്, ആദർശങ്ങളുണ്ട്. അവരെല്ലാം ചേർന്ന് നിർമ്മിക്കുന്ന ഒന്നാണ് CJP യുടെ സമരവേദിയുടെ രാഷ്ട്രീയം എന്നാണ് എന്റെ വിലയിരുത്തൽ. ഉദാഹരണത്തിന്, സമരദിവസങ്ങളിൽ ഒന്നിൽ, സമര സ്ഥലത്ത് വെച്ചു തന്നെ സമരത്തിൽ ഭാഗമായിട്ടുള്ള ക്വീർ വിദ്യാർഥികളുടെ ഒരു മീറ്റിംഗ് കൂടി, സമരസ്ഥലത്തെ എങ്ങനെ കൂടുതൽ ഉൾക്കൊള്ളൽ ശേഷി ഉള്ളതാക്കാം എന്ന് ചർച്ച ചെയ്തിരുന്നു. ഈ ചർച്ചയുടെ ഫലമായി സമര സ്ഥലത്തെ പല സമരപന്തലുകളുടെ മുന്നിലും ക്വീർ പതാകകൾ വെച്ചു, വാട്സാപ്പ് ഗ്രൂപ്പുകൾ തുടങ്ങി. ഈ ചർച്ചയിൽ ഒന്നും CJP യുടെ നേതാക്കൾ ഭാഗമല്ല എന്നോർക്കണം. അത്തരത്തിൽ ഒരു കലക്ടീവായ നിലനിൽപ്പാണ് ഈ സമരസ്ഥലത്ത് ഉണ്ടായത് എന്നാണ് വിശ്വാസം.

സമരം അതിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത് പ്രശസ്ത പരിസ്ഥിതി സംരക്ഷകനും, ലഡാഖിന് പ്രത്യേക പദവി ആവശ്യപ്പെട്ടുകൊണ്ടുള്ള സമരത്തിലൂടെ പ്രശസ്തനുമായ സോനം വാങ്ച്ചുക് വിദ്യാർഥികളുടെ സമരത്തിന് ഐക്യദാർഢ്യമായി അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചതോടെയാണ്. ഒപ്പം ഇടതുപക്ഷ വിദ്യാർഥി സംഘടനയായ AISA യിലെ വിദ്യാർഥികളും, മറ്റു ചില വിദ്യാർഥികളും നിരാഹാരം ആരംഭിച്ചു. SFI അടക്കമുള്ള സംഘടനകൾ സമര സ്ഥലത്ത് ടെന്റ് കെട്ടി പലവിധേനയുള്ള പരിപാടികൾ ദിവസം തോറും ആസൂത്രണം ചെയ്തു. കോണ്ഗ്രസ് ഒഴിച്ചുള്ള ഒട്ടുമിക്ക പ്രതിപക്ഷ പാർട്ടികളിലെ എംപിമാരും നേതാക്കന്മാരും സമര സ്ഥലത്ത് എത്തി സമരക്കാർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു. സമരസ്ഥലത്തേക്ക് എത്തുന്ന ആളുകളുടെ എണ്ണം നിരാഹാരസമരം ആരഭിച്ചതോടെ ക്രമേണ കൂടി കൂടി വന്നു. മഴയെയും വെയിലിനെയും അതിജീവിച്ച് സമരക്കാർ ജന്തർ മന്തറിൽ കഴിഞ്ഞു. ഇതിനിടെ, ജൂലായ് 20 ന് സമരക്കാർ പാർലമെന്റിലേക്ക് മാർച്ച്
ചെയ്യുമെന്ന് CJP പ്രതിനിധികൾ പ്രഖ്യാപിച്ചു. ദിവസേനയുള്ള പരിപാടികളിലൂടെ SFI പോലുള്ള സംഘടനകൾ രാഷ്ട്രീയം പറഞ്ഞു കൊണ്ടേയിരുന്നു. വിളിക്കുന്ന മുദ്രാവാക്യങ്ങളിലും, പാടുന്ന പാട്ടുകളിലും ബിജെപിയുടെ കർഷക വിരുദ്ധ, തൊഴിലാളി വിരുദ്ധ, സ്ത്രീ വിരുദ്ധ, ന്യൂനപക്ഷ വിരുദ്ധ നയങ്ങൾക്ക് എതിരായ സന്ദേശം പ്രതിഫലിച്ചു. നീറ്റ് പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് തുടങ്ങിയ സമരത്തിന്റെ ഗതി മാറിപ്പോയെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ ചില ഫേക്ക് അക്കൌണ്ടുകൾ വ്യാകുലപ്പെട്ടു. എന്നാൽ ഒരു സമരസ്ഥലത്തെ എങ്ങനെ കൂടുതൽ കൂടുതൽ രാഷ്ട്രീയപരമാക്കാം എന്നതിന്റെ വലിയ ഉദാഹരണങ്ങളായാണ് ഞാൻ ഇതിനെ മനസ്സിലാക്കുന്നത്. പേപ്പർ ചോർച്ച അടക്കമുള്ള കാര്യങ്ങൾ വെറുതേ എവിടെ നിന്നോ ഉണ്ടാവുന്നതല്ല എന്നും, അത് വലിയൊരു രാഷ്ട്രീയപ്രക്രിയയുടെ ഭാഗമാണെന്നും, ദേശീയ വിദ്യാഭ്യാസ നയവും, ബിജെപിയുടെ സ്വകാര്യവത്കരണ നയവും എല്ലാം ആ പ്രക്രിയയ്ക്ക് കൂടുതൽ കരുത്ത് പകരും എന്നും എല്ലാം മനസ്സിലാക്കുന്നത് പ്രസ്തുത ഫേക്ക് അക്കൌണ്ടുകൾക്ക് താത്പര്യമില്ലാത്ത കാര്യമായിരിക്കാം. അവർ വ്യാകുലപ്പെടട്ടെ.

ജൂലായ് 18ന് സോനം വാങ്ചുക് നിരാഹാര സമരത്തിന്റെ ഇരുപതാം ദിവസത്തിലേക്ക് കടക്കുന്ന അന്ന്, പുലർച്ചെ, ഡൽഹി പോലീസിന്റെ ഒരു സംഘം സമര സ്ഥലത്ത് കയറി, അദ്ദേഹത്തെ ബലം പ്രയോഗിച്ച് അവിടെനിന്ന് നീക്കം ചെയ്തു. ഇതിനു ശേഷം സമരത്തിന്റെ ഗതി മാറുകയായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ അതേവരെ സമരത്തെ കുറിച്ച് ഒന്നും പറയാത്ത പ്രശസ്തരായ കൺടെൻറ് നിർമ്മാതാക്കൾ പോലും
പ്രതികരിക്കുന്ന അവസ്ഥ വന്നു. ജന്തർ മന്തറിലേക്ക് എത്തുന്ന ജനങ്ങളുടെ എണ്ണം വർദ്ധിച്ചു കൊണ്ടേയിരുന്നു. സോനത്തെ ബലം പ്രയോഗിച്ച് സമര സ്ഥലത്ത് നിന്നും മാറ്റിയതിനെ തുടർന്ന് CJP നേതാവ് അഭിജിത്ത് നിരാഹാരം ഇരിക്കുമെന്ന് പ്രഖ്യാപിച്ചു. കൂടെ SFI യുടെ അഖിലേന്ത്യാ നേതാക്കളും,AISF ന്റെ നേതാക്കളും നിരാഹാരം ഇരിക്കുമെന്ന് അറിയിച്ചു. ജന്തർ മന്തർ പ്രക്ഷുബ്ദ പൂർണമായി. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നും യുവജനത ഡൽഹിയിലേക്ക് എത്തി തുടങ്ങി. ജൂലായ് 19 ന്, പാർലമെന്റ് മാർച്ചിന് ഒരു ദിവസം മുന്നേ, ജന്തർ മന്തർ നിറഞ്ഞു കവിഞ്ഞ്, ജനങ്ങൾ പുറത്തെ റോഡുകളിലായി കിടന്നുറങ്ങുന്ന സാഹചര്യം ഉണ്ടായി. ഇരുപതിന് അതിരാവിലെ തന്നെ സമരപ്രദേശത്തെ മെട്രോ സ്റ്റേഷനുകൾ എല്ലാം അടച്ചുപ്പൂട്ടി. മറ്റു സംസ്ഥാനങ്ങളിൽ നിന്നെല്ലാമെത്തിയ യുവജനങ്ങൾ ന്യൂഡല്ഹി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി, കിലോ മീറ്ററുകളോളം നടന്ന് ജന്തർ മന്തറിൽ എത്തി. ഒരു ലക്ഷത്തോളം പേർ ഈ മാർച്ചിൽ പങ്കെടുക്കാനായി എത്തി എന്നാണ് വിലയിരുത്തൽ. സമരസ്ഥലത്ത് അതേവരെയുണ്ടായിരുന്ന പല സെക്യൂരിറ്റി നടപടികളും നിർത്തി വെച്ച് ഡൽഹി പോലീസ് അപ്പോൾ സമരക്കാരെ കുറച്ചൊന്നു അമ്പരപ്പിച്ചു. രാവിലെ എട്ടു മണിയോടെ ന്യൂ ഡൽഹി പ്രദേശത്തെ ഇന്റർനെറ്റ് പൂർണമായും ബന്ധനാവസ്ഥയിലായി. സമരക്കാർ പരസ്പരമുള്ള സന്ദേശവിനിമയം തടസ്സപ്പെടുത്താനും, നടക്കുവാൻ പോകുന്ന പോലീസ് ആക്രമണത്തിന്റെ വിവരങ്ങൾ യഥാസമയം പുറത്തു പോവാതിരിക്കാനും വേണ്ടി കേന്ദ്രസർക്കാർ കണ്ടുപിടിച്ച മാർഗം! കശ്മീരിലും, പിന്നീട് മണിപ്പൂരിലും എല്ലാം ചെയ്ത് വിജയിച്ച മാർഗം.

രാവിലെ ഒമ്പത് മണിയോടെ തുടങ്ങുമെന്ന് പറഞ്ഞ പാർലിമെന്റ് റാലി തുടങ്ങാത്തത് എന്തെന്നു തടിച്ചു കൂടിയ ജനങ്ങൾ പരസ്പരം ചോദിച്ചു. CJP നേതൃത്വത്തിനാവട്ടെ, ഈ ജന സഞ്ചയത്തെ എങ്ങനെ നയിക്കണം എന്ന വ്യക്തമായ പദ്ധതി ഇല്ലായിരുന്നു എന്ന് വേണം കരുതാൻ. ജന്തർ മന്തറിന്റെ പരിസര ഭാഗങ്ങളിൽ എല്ലാമായി കൂടി നിന്ന ജനങ്ങൾ സ്വയം തീരുമാനങ്ങളെടുത്ത് മുന്നോട്ട് പോവുന്ന അവസ്ഥ വന്നു. കുറച്ചു മുന്നോട്ട്
എത്തിയ സമരക്കാരെ പോലീസ് ബാരിക്കേഡുകൾ വെച്ചു തടഞ്ഞു. ബാരിക്കേഡുകൾ തള്ളി മാറ്റാൻ കഴിയില്ലാ എന്നുറപ്പാക്കാൻ അവ പരസ്പരം വെൽഡ് ചെയ്ത് ബന്ധിപ്പിച്ചു. ചില റോഡുകളിൽ സമരക്കാരെ രണ്ടു വശങ്ങളിലും ഇത്തരം ബാരിക്കേഡുകൾ വെച്ച് തടഞ്ഞ്, ലാത്തി കൊണ്ടു മർദ്ദിക്കുന്ന അവസ്ഥയുണ്ടായി. പലയിടങ്ങളിലും കണ്ണീർ വാതകംഉപയോഗിച്ച് സമരക്കാരെ ഒഴിപ്പിക്കാൻ ശ്രമിച്ചു. എന്നിട്ടും സമരക്കാർ
മുന്നോട്ട് തന്നെ പോയി. വലിയ തോതിൽ സമരക്കാർ കൊനാട് പ്ലേസിൽ (CP) എത്തി. ഡൽഹിയിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളിൽ ഒന്നായ CP യിൽ പൊതുവിൽ പോലീസ് ആക്രമണങ്ങൾ നടക്കാറില്ല. CAA/NRC വിരുദ്ധ സമരങ്ങളുടെ സമയത്ത് നടന്ന ഒരു പ്രതിഷേധ റാലിയിൽ പോലീസ് ആക്രമണം ഉണ്ടായതും, ഞാൻ ഉൾപ്പെടുന്ന സമരക്കാർ ഓടി CP യിൽ എത്തിയതും, അതോടെ പോലീസ് ആക്രമണം അവസാനിപ്പിച്ചതും
ഓർമ്മയുണ്ട്. എന്നാൽ ഇന്നലെ രാജ്യത്തെ പ്രധാന വാണിജ്യ കേന്ദ്രങ്ങളിൽ ഒന്നായ CP യിൽ എത്തിയ സമരക്കാർക്ക് ആ ആനുകൂല്യം പോലീസ് നല്കിയില്ല. കല്ലുകൾ എടുത്തെറിഞ്ഞാണ്, നെയിം ബാഡ്ജ് ധരിക്കാത്ത, സിവിൽ വേഷത്തിൽ ഉള്ള ഡൽഹി പോലീസ് സമരക്കാരെ ഇങ്ങോട്ട് സ്വാഗതം ചെയ്തത്. എല്ലാ ഇടങ്ങളിലും ഒരു പ്രകോപനവും സമരക്കാരുടെ ഭാഗത്ത് നിന്ന് ഉണ്ടാകാതെയാണ് പോലീസ് ആക്രമണം ഉണ്ടായത് എന്നത് എടുത്തു പറയേണ്ടതാണ്. ചില സമരക്കാരെ റബ്ബർ ബുള്ളറ്റുകൾ ഉപയോഗിച്ചും പോലീസ് നേരിട്ടു. പരിക്കേറ്റവർക്ക് സ്വയം ആശുപത്രിയിൽ എത്തേണ്ട അവസ്ഥയാണ് ഉണ്ടായത്. സമരത്തിൽ മർദ്ദനം ഏറ്റുവാങ്ങിയ പലരും ജന്തർ മന്തറിലെ സമരസ്ഥലത്തേക്ക് മടങ്ങിയെത്തിയപ്പോളാവട്ടെ പോലീസ് അവിടെയും മർദ്ദനം അഴിച്ചുവിട്ടു. സമരപ്പന്തലുകൾ പൊളിച്ചു നീക്കി. SFI നേതാക്കൾ നിരാഹാരം കിടന്നിരുന്ന പന്തലിലേക്ക് കണ്ണീർവാതകം എറിഞ്ഞു. സമരക്കാരെ അനവധിപേരെ ഇവിടെ നിന്നും ഓടിക്കുവാൻ ശ്രമിച്ചു. രാത്രി ഏറെ വൈകിയിട്ടും ന്യൂ ഡൽഹി പരിസരത്ത് പോലീസ് റോന്തു ചുറ്റി കൊണ്ടേയിരുന്നു. കണ്ണിൽ കണ്ട സമരക്കാരെന്ന് തോന്നുന്നവരെയെല്ലാം മർദ്ദിച്ചു, ചിലരെ കസ്റ്റഡിയിലെടുത്തു. ഇത്രയേറെ മർദ്ദനം ഏറ്റു വാങ്ങിയിട്ടും, തോൽവി സമ്മതിക്കാതെ രാത്രിയിൽ തന്നെ യുവജനങ്ങൾ ജന്തർ മന്തറിൽ എത്തി. ഇതിനോടകം നിരാഹാരം അവസാനിപ്പിച്ച അഭിജിത്ത് ദീപ്കെ അവരുടെ കൂടെ സമര സ്ഥലത്ത് നിന്നു. സിപിഐഎം ജനറൽ സെക്രട്ടറി സഖാവ് എം എ ബേബിയും, എംപി രാധാകൃഷ്ണനും, SFI അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജിയും അവിടെയെത്തി, സമരക്കാരെ കണ്ടു. ഇന്ന് ഇത് എഴുതുന്ന സമയത്തും, ജന്തർ മന്തറിൽ സമരം തുടർന്നു കൊണ്ടേയിരിക്കുന്നു. ഇന്നലെ പോലീസ്

പൊളിച്ചു കളഞ്ഞ SFI യുടെ ക്രാന്തി കോർണർ എന്ന സമരപ്പന്തൽ വീണ്ടും കെട്ടിപ്പൊക്കിയിരിക്കുന്നു. ഇരുപത്തി രണ്ട് വിദ്യാർഥികളാണ് നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്തത് എന്നാണ് മാധ്യമങ്ങൾ റിപോർട്ട് ചെയ്തത്. സമരത്തിൽ ഗുരുതരമായി പരുക്കേറ്റ പെൺകുട്ടി രാം മനോഹർ ലോഹിയ ഹോസ്പിറ്റലിൽ ഗുരുതരാവസ്ഥയിലാണ്. മെച്ചപ്പെട്ട ഒരു വിദ്യാഭ്യാസ സംവിധാനം ഈ
രാജ്യത്ത് വേണം എന്നതാണ് ഇവരെല്ലാം ആഗ്രഹിച്ചത്, ആഗ്രഹിക്കുന്നത്. ആ ആഗ്രഹത്തിന് പകരമായി ഈ രാജ്യത്തെ വ്യവസ്ഥ അവർക്ക് നല്കുന്നത് മർദ്ദനവും മരണവുമാണ്. ഇന്നലെ ഡൽഹിയിൽ സമരത്തിനായെത്തിയ ഒട്ടേറെ പേർ ഡൽഹിയിലേക്ക് ആദ്യമായിട്ടായിരിക്കും വരുന്നത്. ഡൽഹിയും, വിശേഷിച്ച് ഡൽഹി പോലീസും, അവർക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത സുഖകരമല്ലാത്ത ഓർമ്മകൾ
നല്കിയാണ് തിരികെ വീടുകളിലേക്ക് അയക്കുന്നത്. ഡൽഹി പോലീസും, അവരെ നിയന്ത്രിക്കുന്ന അമിത് ഷായും, പ്രധാനമന്ത്രിയും എല്ലാം ഉത്തരം പറയാൻ ബാധ്യസ്ഥരാണ്. CJP എന്ന സാമൂഹ്യ മാധ്യമത്തിൽ പിറവിയെടുത്ത സംഘത്തോട് നമുക്ക് വിയോജിപ്പുകൾ ഏറെയാവാം. അവരുടെ രീതികളോട് സംശയങ്ങളാവാം. ഇന്നലത്തെ റാലിയിൽ അടക്കം അവർ എടുക്കേണ്ടയിരുന്ന അവശ്യപൂർണമായ നേതൃസ്ഥാനത്തെ കുറിച്ച് വിമർശനങ്ങളാവാം. അതെല്ലാം അനിവാര്യമാണ്. പ്രധാനമാണ്. എന്നാൽ അതോടൊപ്പം പ്രധാനമാണ് ഇത്തരം ഒരു രാഷ്ട്രീയ മുന്നേറ്റത്തിന്റെ അനിവാര്യതയെ മനസ്സിലാക്കുന്നതും. ഒരു മാസം നീണ്ടു നിന്ന ഒരു രാഷ്ട്രീയ മുന്നേറ്റം ദേശീയ തലസ്ഥാനത്ത് മുന്നോട്ട് കൊണ്ടു പോവുക, സംഘപരിവാർ ഭയക്കുന്ന കുറേ ശബ്ദങ്ങളെ ഒരുമിച്ചു കൊണ്ടു വരിക, അവർ ഭയക്കുന്ന ചോദ്യങ്ങൾ ചോദിക്കുക, ഇതേവരെ സമര സ്ഥലങ്ങളിൽ എത്തിപ്പെടാത്ത ഒരു തലമുറയെ സമരങ്ങളിലേക്ക് എത്തിക്കുക, എന്നിങ്ങനെ പല പ്രധാന രാഷ്ട്രീയ കർത്തവ്യങ്ങളും ഈ മുന്നേറ്റം ഇതുവരെ നിർവഹിച്ചിരിക്കുന്നു.

സമരത്തിൽ ഭാഗമായവരുടെ രാഷ്ട്രീയത്തെ കുറിച്ച് ഒരുപാടുപേർ ആശങ്കകൾ പ്രകടിപ്പിച്ചു കണ്ടു. ശരിയാണ്. വലതുപക്ഷ ആശയങ്ങളുള്ള ഒരുപാട് പേർ ഈ സമരത്തിന്റെ ഭാഗമായിരുന്നു, ആണ്. സമരസ്ഥലത്ത് വെച്ചു അത്തരത്തിൽ ഉള്ള ഒരുപാട് പേരോട് ഞാനും സംസാരിച്ചിരുന്നു, ചില മുൻധാരണകൾ എല്ലാം മാറ്റാനും സാധിച്ചു. അത്തരത്തിൽ ഉള്ള ആളുകളെ കൂടി സമരങ്ങളുടെ ഭാഗമാക്കാൻ സാധിച്ചു എന്നിടത്താണ് ഈ സമരം വിജയിക്കുന്നത്. ധാരണകളും, ആശയങ്ങളും, മാറുവാനുള്ള നിലമൊരുക്കുന്ന പ്രക്രിയയാണല്ലോ അത്തരം സമരവേദികൾ ഒരുക്കുന്നത്. CJP യുടെ മുന്നോട്ട് പോക്ക് എങ്ങോട്ടാണ് എന്ന് അറിഞ്ഞുകൂടാ. ഈ മുന്നേറ്റം വിജയമാവുമോ എന്നോ, ധർമേന്ദ്ര പ്രധാൻ രാജി വെക്കുമോ എന്നോ, NTA റദ്ദാക്കുമോ എന്നോ പൂർണമായ ബോധ്യത്തോടെ പറയാൻ സാധിക്കില്ല. എന്നാൽ, പറയാൻ സാധിക്കുന്ന ചിലതുണ്ട്. ഇന്ത്യയിലെ ജനാധിപത്യ വ്യവസ്ഥയുടെ യഥാർഥ അവസ്ഥ എന്താണെന്ന്, വിരുദ്ധ സ്വരങ്ങളെ ഈ ഭരണകൂടം എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്ന് ഇന്ത്യയിലെ പുതിയ തലമുറ ഇതിലൂടെ മനസ്സിലാക്കുകയാണ്. സമരസ്ഥലങ്ങളും അവരും തമ്മിലുള്ള ദൂരം വളരേ അധികം കുറഞ്ഞിരിക്കുന്നു. കൂടുതൽ രാഷ്ട്രീയമായി ചിന്തിക്കാനും, പ്രതികരിക്കാനും, അവരെ ഈ സന്ദർഭങ്ങൾ പ്രേരിപ്പിക്കും. കഴിഞ്ഞ ലോക്സഭാ ഇലക്ഷനിൽ നാനൂറു സീറ്റ് ലക്ഷ്യം വെച്ചിരുന്ന ബിജെപിയുടെ മോഹങ്ങളെ കുറച്ചെങ്കിലും പിടിച്ചു കെട്ടാൻ ആയത് INDIA സഖ്യമുന്നണി മാത്രം കൊണ്ടല്ല എന്നാണ് എന്റെ തോന്നൽ. 2020-2021ൽ നടന്ന കർഷക സമരത്തിനും, അതിനു മുന്നേ നടന്ന CAA/NRC വിരുദ്ധ സമരങ്ങൾക്കും സുപ്രധാന പങ്ക് ഇതിൽ വഹിക്കാനുണ്ടായിരുന്നിരിക്കണം. വൻ ജനപങ്കാളിത്തത്തോടെ നടക്കുന്ന ജനകീയ സമരങ്ങൾക്ക് ഉള്ള ആ പങ്ക് വിദ്യാർഥികളുടെ ഈ മുന്നേറ്റത്തിനും ഇന്ത്യയുടെ ചരിത്രത്തിൽ വഹിക്കാൻ സാധിക്കും എന്ന് വിശ്വസിക്കുന്നു. വെറുപ്പ് കൊണ്ടും, പരസ്പര വിദ്വേഷം കൊണ്ടും സംഘപരിവാർ കെട്ടിപ്പൊക്കിയ മതിൽക്കെട്ടുകളെ തകർത്ത് എറിഞ്ഞ് അതിനപ്പുറത്ത് വഷളാവുന്ന ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയെയും, വിദ്യാഭ്യാസ-ആരോഗ്യ മേഖലകളുടെ അവസ്ഥയെയും മനസ്സിലാക്കാൻ കൂടുതൽ മനുഷ്യന്മാരെ ഇത് സജ്ജരാക്കട്ടെ. സമരം തുടരും.

Hot this week

വിലപേശലിന്റെ രാഷ്ട്രീയം: NEET-ന്റെ ജാതി-വർഗ്ഗ യുക്തിയും, ഒരു രാജിയിൽ അവസാനിക്കുന്ന പ്രതിഷേധത്തിന്റെ പരിധികളും

മെറിറ്റ് എന്ന വാക്ക് ഇന്ത്യൻ പൊതുബോധത്തിൽ ഒരു നിഷ്പക്ഷ അളവുകോലായാണ് പ്രവർത്തിക്കുന്നത്....

എം. ടി. യുടെ സ്ത്രീകൾ

മലയാള സാഹിത്യചരിത്രത്തിൽ എക്കാലവും തെളിഞ്ഞുനിൽക്കുന്ന, ഇന്നും നാളെയും വായിക്കപ്പെടുന്ന ഒരു നാമമാണ്...

ബഹിരാകാശത്തെ ആദ്യ മലയാളി സ്പർശം

ഇക്കഴിഞ്ഞ ജൂലൈ 14 ന്  ഇന്ത്യൻ സമയം രാത്രി 8.17. കസാക്കിസ്ഥാനിലെ...

ഗാന്ധിജിയും മാർക്‌സും ബഷീറും

മലയാളിയുടെ സാഹിത്യത്തിലും ആധുനികജീവിതത്തിലും ഇതിഹാസതുല്യമായ സ്ഥാനമാണ് വൈക്കം മുഹമ്മദ് ബഷീറിനുള്ളത്. ബഷീറിന്റെ...

വി. എസ്. ഇല്ലാത്ത ഒരാണ്ട്

കണ്ണേ..കരളേ വി എസ്സേ.. ആരുപറഞ്ഞു മരിച്ചെന്ന്, ജീവിക്കുന്നൂ ഞങ്ങളിലൂടെ… 2025 ജൂലൈ 21ന് സഖാവ്...

Topics

വിലപേശലിന്റെ രാഷ്ട്രീയം: NEET-ന്റെ ജാതി-വർഗ്ഗ യുക്തിയും, ഒരു രാജിയിൽ അവസാനിക്കുന്ന പ്രതിഷേധത്തിന്റെ പരിധികളും

മെറിറ്റ് എന്ന വാക്ക് ഇന്ത്യൻ പൊതുബോധത്തിൽ ഒരു നിഷ്പക്ഷ അളവുകോലായാണ് പ്രവർത്തിക്കുന്നത്....

എം. ടി. യുടെ സ്ത്രീകൾ

മലയാള സാഹിത്യചരിത്രത്തിൽ എക്കാലവും തെളിഞ്ഞുനിൽക്കുന്ന, ഇന്നും നാളെയും വായിക്കപ്പെടുന്ന ഒരു നാമമാണ്...

ബഹിരാകാശത്തെ ആദ്യ മലയാളി സ്പർശം

ഇക്കഴിഞ്ഞ ജൂലൈ 14 ന്  ഇന്ത്യൻ സമയം രാത്രി 8.17. കസാക്കിസ്ഥാനിലെ...

ഗാന്ധിജിയും മാർക്‌സും ബഷീറും

മലയാളിയുടെ സാഹിത്യത്തിലും ആധുനികജീവിതത്തിലും ഇതിഹാസതുല്യമായ സ്ഥാനമാണ് വൈക്കം മുഹമ്മദ് ബഷീറിനുള്ളത്. ബഷീറിന്റെ...

വി. എസ്. ഇല്ലാത്ത ഒരാണ്ട്

കണ്ണേ..കരളേ വി എസ്സേ.. ആരുപറഞ്ഞു മരിച്ചെന്ന്, ജീവിക്കുന്നൂ ഞങ്ങളിലൂടെ… 2025 ജൂലൈ 21ന് സഖാവ്...

വിപ്ലവം,വിഷാദം, വിട – ഒഴുക്കിന്റെ കബനി ചുവപ്പുകൾ

ചരിത്രത്തിന്റെ മുറിവുകൾ ഉണങ്ങാറുണ്ടോ? മാറുമ്പോഴും ഉണങ്ങാനുള്ള സാഹചര്യവും അന്തരീക്ഷവും കാലം മുറിവിന്...

‘പ്രെക്കേറിയറ്റ് വർഗം’ മാർക്സിയൻ കാഴ്ചപ്പാട്

അനിശ്ചിതാവസ്ഥയിലുള്ളത് എന്നർഥം വരുന്ന Precarious (‘പ്രെക്കേറിയസ്') എന്ന പദവും , തൊഴിലാളിവർഗ്ഗം...

ഹിഡുംബിയുടെ പുനർവായന വർത്തമാനകാലത്തിൽ

  യുവ എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായ സിന്ദൂരിയുടെ "ഹിഡുംമ്പി" എന്ന നോവൽ വായിക്കുകയുണ്ടായി ഇതിഹാസത്തിൽ...
spot_img

Related Articles

Popular Categories

spot_imgspot_img