നഷ്ടനിലങ്ങളിലൂടെ ഒരു യാത്ര

കണക്കൂര്‍ ആര്‍ സുരേഷ്‌കുമാര്‍


നാലായിരപ്പറ വിസ്തൃതിയുണ്ടായിരുന്ന, അയ്യായിരത്തി അഞ്ഞുറേക്കറില്‍ ഇരിപ്പൂ കൃഷി ചെയ്തിരുന്ന നാരായണപ്പാടം എന്ന നെല്‍വയല്‍ കാണാനില്ല എന്ന നടുക്കവുമായാണ് വായനക്കാര്‍ നിലം എന്ന നോവലിലേക്ക് പ്രവേശിക്കുന്നത്. തുടര്‍ന്ന് ബൃഹത്തായ നോവലിലൂടെ സഞ്ചരിക്കുമ്പോള്‍, അങ്ങനെ നമുക്കുചുറ്റം കാണാതായ ഒട്ടനവധി നെല്‍പ്പാടങ്ങളുടെ എണ്ണവും വിസ്തൃതിയും പേടിപ്പെടുത്തുന്ന കണക്കായി നമ്മെ വരിഞ്ഞു മുറുക്കും. കാരണം, ഈ കാണാതാകല്‍, പോയ കുറച്ചുവര്‍ഷങ്ങളില്‍ നമുക്കു ചുറ്റും സംഭവിച്ച യാഥാര്‍ത്ഥ്യമാണ്. എന്റെ അമ്മയുടെ കുടുംബവീട് ആലപ്പുഴയിലെ കരുവാറ്റയിലാണ്. ചെറുപ്പകാലത്ത് അമ്മയുടെ വീട്ടിലേക്ക് വീതികുറഞ്ഞ വയല്‍വരമ്പുകളിലൂടെ നടന്നുപോയ ഓര്‍മകളുണ്ട്. നാഷണല്‍ ഹൈവേയില്‍ നിന്ന് നല്ല ദൂരമുണ്ടെങ്കിലും തൊടിയുടെ ഒരറ്റത്തു നിന്ന് നോക്കിയാല്‍ ദൂരെ ഹൈവേയിലൂടെ വാഹനങ്ങള്‍ പോകുന്നത് കാണാമായിരുന്നു. പിന്നീട് ആ കാഴ്ചകള്‍ മുഴുവനായി മറഞ്ഞുപോയി. വിശാലമായ വയല്‍ മുഴുവനും നികത്തി നിറയെ വീടുകള്‍ വന്നു. ഇന്ന് വാഹനങ്ങളുടെ ഇരമ്പലൊച്ചപോലും കേള്‍ക്കാനാകില്ല. വയല്‍ നികത്തുന്നനിന് പല കാരണങ്ങളുണ്ട്. ന്യായങ്ങളുമുണ്ടാകും. അതിന്റെ സാമൂഹിക വശങ്ങളിലേക്ക് തല്‍ക്കാലം കടക്കുന്നില്ല. അത് കൂടുതല്‍ ചര്‍ച്ച വേണ്ട വിഷയവുമാണ്. എന്നാല്‍ വികസനത്തിന്റെ മറവില്‍ നെല്‍കൃഷി ഇല്ലാതാകുമ്പോള്‍ ഒപ്പം ഇല്ലാതാകുന്ന ചിലതുണ്ട്. ആ മാറ്റത്തിനൊപ്പം മാറിയ പ്രകൃതിയുടെ മുഖം പച്ചയായി ഒപ്പിയെടുക്കുകയാണ് നിലം എന്ന നോവല്‍. ഇത് നോവലിന്റെ ആദ്യവായന തന്നെ സാക്ഷ്യപ്പെടുത്തും. എസ് മഹാദേവന്‍ തമ്പി എന്ന എഴുത്തുകാരന്‍ വാക്കുകള്‍ അടുക്കിയടുക്കി നിര്‍മ്മിച്ചെടുക്കുന്ന ലോകത്തിന്റെ അതിരുകള്‍ വിശാലമാണ്. കേരളക്കര മുഴുവന്‍ പരന്നുകിടക്കുന്ന ലോകം. ഹരിതാഭമായ ആ ലോകത്തിന്റെ മുക്കിലും മൂലകളിലും ചരിത്രം തളം കെട്ടിക്കിടക്കുന്നു.

പതിനായിരത്തിലേറെ വര്‍ഷങ്ങള്‍ മുമ്പാണ് മനുഷ്യര്‍ നെല്ല് കൃഷിചെയ്യാനാരംഭിച്ചത് എന്നു കരുതുന്നു. ഒറൈസ സറ്റെവ എന്ന ശാസ്ത്രനാമമുള്ള നെല്ല് ചൈനയിലും ചുറ്റുവട്ടങ്ങളിലുമാണ് ആദ്യം കൃഷി ചെയ്തത്. പിന്നീട് ഇന്ത്യയിലും ശ്രീലങ്കയിലുമെല്ലാം നെല്‍കൃഷി എത്തി. തുടര്‍ന്ന്, ആഫ്രിക്ക തുടങ്ങി ലോകത്തിന്റെ പലഭാഗങ്ങളിലേക്കും വ്യാപിച്ചു. കേരളത്തിന്റെ കാലാവസ്ഥയും മണ്ണും പലയിനം നെല്ലുകളും വിളയിക്കാന്‍ അനുയോജ്യമാണ്. എന്നാല്‍ കാലാവസ്ഥയിലുള്ള മാറ്റങ്ങളും പാടങ്ങളില്‍ പണിയെടുക്കാനുള്ള മാനവശേഷീശോഷണവുമെല്ലാം നെല്‍കൃഷിയെ കാര്യമായി ബാധിച്ചു. നിലം എന്ന നോവല്‍ പറയാതെ പറയുന്നത് ആ മാറ്റത്തിന്റെ കഥയാണ്. പൊന്‍നെല്ല് വിളയുന്ന പാടങ്ങളെ നികത്തി വലിയ കെട്ടിടങ്ങള്‍ ഉണ്ടാക്കിയ കഥ. എന്നാല്‍ കേരളത്തിലെ നെല്‍പ്പാടങ്ങളുടെ നികത്തലിന്റെ കാരണങ്ങളിലേക്ക് നോവലിസ്റ്റ് നേരിട്ട് അധികം കടക്കുന്നില്ല. സൂചനകള്‍ നിരവധിയുണ്ട് എന്നുമാത്രം.

നാരായണന്‍പോറ്റി എന്ന നെല്ലുപോറ്റി, മകന്‍ ഉദയനൊപ്പം കേരളത്തിന്റെ തെക്കേയറ്റത്തുനിന്ന് മംഗലാപുരത്തിനടുത്തുള്ള കദരിയിലേക്ക് വര്‍ത്തമാനകാലത്തില്‍ ചെയ്യുന്ന ദീര്‍ഘസഞ്ചാരമാണ് നോവല്‍. അതിനിടെ പൂര്‍വ്വകാലം ആ വയസ്സന്റെ ഓര്‍മയിലെത്തുകയാണ്. പിതാവ് പരമേശ്വരന്‍പോറ്റി തിരുവിതാങ്കൂര്‍ രാജ്യാധിപന്റെ അടുപ്പക്കാരനായിരുന്നു. ഒമ്പതു വയസ്സുമാത്രമുള്ള നാരായണന്‍പോറ്റിയുടെ വിത്തെറിയാനുള്ള കൈപ്പുണ്യം തിരിച്ചറിഞ്ഞ പിതാവ് മകനെ പ്രോത്സാഹിപ്പിച്ചു. തുടര്‍ന്ന് നെല്ലുപോറ്റിയുടെ കൈപ്പുണ്യം പ്രശസ്തി നേടി. കേരളക്കര മുഴുവനുമുള്ള പാടശേഖരങ്ങളില്‍ ആദ്യം വിത്തെറിയാന്‍ നെല്ലുപോറ്റി വേണമെന്നായി. അങ്ങനെ നെല്ലും നെല്‍പാടങ്ങളുമായി ശാന്തമായ പുഴ പോലെ ഒഴുകിയ കാലത്തിന് വലിയ മാറ്റങ്ങള്‍ ഉണ്ടാകുകയായിരുന്നു. ജനാധിപത്യത്തിന്റെ കൊടിക്കൂറകള്‍ പറക്കാന്‍ ഒരുങ്ങുകയായിരുന്നു. രാജഭരണത്തിന്റെ തേര്‍ച്ചക്രങ്ങള്‍ വഴിമുട്ടാന്‍ തുടങ്ങുകയായിരുന്നു. എല്ലാം കാലത്തിന്റെ നിയോഗം പോലെയാണ്. അത്രമേല്‍ സ്വാഭാവികമായാണ് നോവലില്‍ ചരിത്രം കടന്നുവരുന്നത്. കേരളക്കരയില്‍ വിപ്ലവപ്പാര്‍ട്ടിയുടെ വേരിറങ്ങിത്തുടങ്ങിയിരുന്നു. വാരിക്കൂട്ടുമ്പോഴല്ല, വാരി നല്‍കുമ്പോഴാണ് ആനന്ദാനുഭൂതി എന്ന് വിശ്വസിക്കുന്ന നാരായണന്‍പോറ്റി രാഷ്ട്രീയമായ ശരികള്‍ ഉണ്ടാക്കുന്ന വലിയ മാറ്റങ്ങളെ നിസംഗതയോടെ കാണുകയാണ്. ഭൂപരിഷ്‌കരണ നിയമം വരാന്‍ പോകുന്നു എന്ന വാര്‍ത്തയേയും പോറ്റി അതേ മനസ്സോടെ കണ്ടു. നിയമം നടപ്പിലാകുന്നതിനു മുമ്പ് നിലങ്ങള്‍ വിറ്റ് ലാഭം കൊയ്യാനുള്ള ഉപദേശം കിട്ടുമ്പോള്‍ അദ്ദേഹം പറയുന്നു- ”അന്നം തരുന്ന നെല്‍പ്പാടം വിറ്റ് ഒട്ടുന്ന റബ്ബര്‍ വാങ്ങാനോ ഇളനീരും തേങ്ങയും തരുന്ന പറമ്പുവിറ്റ് വ്യഞ്ജനത്തോട്ടം വാങ്ങാനോ ഞാനില്ല…” ഒടുക്കം, നാരായണപ്പാടം നികത്തി ഹെറിറ്റേജ് വില്ലേജ് നിര്‍മ്മിക്കുകയാണ് പാടം വാങ്ങിയ പുതുകാല മുതലാളി. ആ മാറ്റം പഴയ കാര്‍ഷിക സംസ്‌കാരത്തെ ഉള്ളില്‍ പേറിയ മനസ്സിനെ എങ്ങനെയാണ് ബാധിക്കുന്നത് എന്ന് ഒരു ഭാവഗീതം പോലെ പാടുകയാണ്, പറയുകയാണ് നോവലില്‍ ഉടനീളം.

വാസു എന്ന കഥാപാത്രമാണ് നോവലില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരാള്‍. വാത്സ്യായന പരമ്പരയില്‍ പെട്ട ഒരാളില്‍ നിന്ന് സ്ത്രീ വിഷയത്തില്‍ അതുല്യ സിദ്ധി നേടിയ ആളാണത്രെ വാസു. അതേ വാസു സ്ത്രീ സമാഗമവേളയില്‍ത്തന്നെ ഇല്ലാതാകുന്നുണ്ട്. വാസു നെല്ലുപോറ്റിക്ക് തുണക്കാരനും ഗുരുവുമാണ്. ഒട്ടുമിക്ക യാത്രകളിലും ഒപ്പമുണ്ട്. അതേസമയം ദുരൂഹതയുടെ ചുരുളഴിക്കാതെ വാസു നോവലില്‍ നിന്ന് ഇറങ്ങിപ്പോയി. അതുപോലെ തെക്കന്‍കേരളത്തിന്റെ ചരിത്രം കടന്നുവരുമ്പോള്‍ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട രഹസ്യ പ്രവര്‍ത്തനങ്ങളും അതിനെതിരെയുള്ള ബ്രിട്ടീഷുപട്ടാളത്തിന്റെ മര്‍ദ്ദനമുറകളും സ്വാഭാവികമായി കടന്നു വരുന്നു. എണ്ണക്കറുപ്പുള്ള പെണ്ണുങ്ങളോടു പ്രിയമുള്ള സായിപ്പ് ഇടയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. സധൈര്യം ബ്രിട്ടീഷ് പട്ടാളത്തെ നേരിടുന്നവര്‍ നടത്തുന്ന മുന്നേറ്റങ്ങളിലും നെല്ലും കൊയ്ത്തും കടന്നുവരുന്നു. ഉദാഹരണത്തിന് ഒരു ലഘുരേഖ ഇങ്ങനെയാണ്- ”മകരത്തിലെ തിരുവോണം ഞായറാഴ്ചയാണ്. അന്ന് കൊയ്ത്ത് നടത്താം…” ഈ വാചകത്തിലെ മകരവും കൊയ്ത്തുമെല്ലാം ചില കോഡുകളാണ്. അത് തിരിച്ചറിയാന്‍ വേണ്ടി ബ്രിട്ടീഷിന്റെ ചോറുതിന്നുന്ന പോലീസ് നെട്ടോട്ടമോടുന്നു. നോവലിന്റെ നറേഷന്‍ മെല്ലെ സ്വാതന്ത്ര്യ സമരകാലത്തിലേക്ക് തെന്നിമാറുമ്പോഴും നെല്ലും നെല്‍പ്പാടങ്ങളും കഥാകാലത്തില്‍ നിന്നു മങ്ങിപ്പോകുന്നില്ല. മക്കുമണിയനെ രഹസ്യകോഡുമായി പിടിച്ചപ്പോള്‍ രഹസ്യാന്വേഷണത്തിനു വേണ്ടിയുള്ള പ്രത്യേക പോലീസിലെ ഇന്‍സ്‌പെക്ടറായ ശിവന്‍പിള്ള കോഡിനെ നിര്‍ദ്ധാരണം ചെയ്‌തെടുക്കാന്‍ കിണഞ്ഞു ശ്രമിക്കുകയാണ്. മരുത്വാമലയിലുള്ള ‘കളഞ്ഞ’ എന്ന മരുന്നു പറിക്കാന്‍ വന്നതാണെന്ന മക്കുമണിയന്റെ മൊഴി അയാള്‍ വിശ്വസിക്കുന്നില്ല. കൊടിയ പീഡനത്തില്‍ തോല്‍കാതെ മണിയന്‍ ഒടുക്കം സ്വന്തം നാവു കടിച്ചു മുറിച്ച് സംസാരശേഷി ഇല്ലാതാക്കുകയാണ്. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങള്‍ ചരിത്രത്തിനും കഥയ്ക്കുമിടയിലെ നൂല്‍പ്പാലങ്ങളിലൂടെ തെന്നി നീങ്ങുന്നു. ഭാരതമാതാ സംഘമൊക്കെ അവിടെ ശക്തിയോടെ കടന്നുവരുന്നു. ഒരു കാര്യം നമുക്ക് ഉറപ്പിക്കാം. ചരിത്ര പുസ്തകങ്ങള്‍ പറയാത്ത ഒട്ടനവധി പോരാട്ടകഥകള്‍ സമരചരിത്രത്തിലുണ്ടാകാം. കാലപ്പഴക്കത്താല്‍ മാഞ്ഞുപോയവയും രേഖപ്പെടുത്താതെ വിട്ടതുമെല്ലാം ഉണ്ടാകാം. വീരമൃത്യു വരിച്ച കുറേ ദേശസ്‌നേഹികളെ നോവലിന്റെ വായനയില്‍ നാം കണ്ടുമുട്ടുന്നുണ്ട്. ശത്രുവിന്റെ കൈയില്‍ പെടാതെ ബലിദാനിയായി മാറുന്ന വീരയോദ്ധാക്കളെ കണ്ടുമുട്ടുന്നു. നാമവരെ ചരിത്രത്തില്‍ കണ്ടെത്തിയാലും ഇല്ലെങ്കിലും അവര്‍ ചരിത്രത്തിന്റെ ഏതോ സന്ധിയിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നുണ്ട്. ”സംഭവിക്കുന്നല്ല, സൃഷ്ടിക്കപ്പെടുന്നതാണ് ചരിത്രം! അതിനാല്‍ പ്രചരിക്കുന്ന ചരിത്രത്തെ അവഗണിച്ചേക്കുക…” എന്ന് കഥാപാത്രം സംസാരിക്കുന്നത് കാലത്തിനോടാകും.

നിലങ്ങളില്‍ നിന്ന് നിലങ്ങളിലേക്കുള്ള മാനസസഞ്ചാരമാണ് ഉടനീളമെങ്കിലും ആ യാത്രയില്‍ പോറ്റി വീണ്ടെടുക്കുന്ന അറിവുകളും വിവരങ്ങളും വിധികളും തീര്‍പ്പുകളുമുണ്ട്. ഒരു നല്ല ഉദാഹരണം സൂചിപ്പിക്കാം. കൃഷിക്ക് വളമായി ചാണകപ്പൊടി ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള വിവരണം ശ്രദ്ധേയമാണ്. അടിവളമായി വണ്ടിക്കാളയുടെ ചാണകമാണത്രെ ഉത്തമം. അതേസമയം, നിലം ഉഴുതുമറിക്കുമ്പോള്‍ ഉഴവുകാളകളുടെ ചാണകവും നെല്ലിന് മൂന്നാം ആഴ്ച വിതറാന്‍ മൂരിച്ചാണകവും മേല്‍വിതറലിന് ചക്കുകാളയുടെ ചാണകവും മറ്റൊന്നും കിട്ടാനില്ലെങ്കില്‍ മാത്രം പോക്കുചാണകം എന്നു വിളിക്കുന്ന പോത്തിന്റെ ചാണകവും ഉപയോഗിക്കാമെന്ന വിധി നമുക്ക് വായിച്ചെടുക്കാം. ഇത്തരത്തില്‍ കൃഷിയുമായി സംബന്ധിച്ച നിരവധി അറിവുകള്‍ വായനയില്‍ നാം കണ്ടുമുട്ടുന്നു. വടക്കു ദിക്കിലേക്കുള്ള യാത്ര ഓരോരോ ദേശങ്ങള്‍ കടന്നു നീങ്ങുമ്പോള്‍ തദ്ദേശചരിത്രം പോലെ തദ്ദേശീയമായ വിജ്ഞാനങ്ങള്‍ ഒപ്പം ഇതള്‍ വിരിയുകയാണ്. കാറില്‍ നിന്ന് എത്തിനോക്കുമ്പോള്‍ നാരായണന്‍പോറ്റി കാണുന്ന വയലേലകള്‍ ശരിക്കും ഉള്ളതാണോ എന്ന് സന്ദേഹം ബാക്കിനില്‍ക്കുന്നു. കാരണം, പോറ്റി കാലം മൂടിയിട്ട പലതും കാണുന്നുണ്ടാകും. ഇന്ന് അവശേഷിക്കുന്ന ഏതെങ്കിലും വയല്‍ത്തുണ്ടു കാണുമ്പോള്‍ പോറ്റിയുടെ ഉള്ളില്‍ തെളിയുന്നത് അവിടെ ഏതെങ്കിലും കാലത്ത് നികത്തപ്പെട്ട വിശാലമായ വയലേലകളാണ്. പാറശാല മുതല്‍ മഞ്ചേശ്വരം വരെയുള്ള റോഡിന്റെ ഇരുവശവുമുള്ള നാനൂറ്റി എണ്‍പത്തിയേഴ് വലിയ പാടങ്ങളും മുന്നൂറു ചെറുപാടങ്ങളും പേരുതെറ്റാതെ പറയാനും തിരിച്ചറിയാനും തനിക്ക് കഴിയുമെന്ന് നാരായണന്‍പോറ്റി ഊറ്റം കൊള്ളുന്നു.

ചരിത്ര പുരുഷന്‍മാരും ചരിത്ര മുഹൂര്‍ത്തങ്ങളും കടന്നു വരുന്നത് നിയോഗങ്ങളുമായാണ്. ജാതിവിവേചനം മാറ്റിനിര്‍ത്തി, ജാതി കണക്കിലെടുക്കാതെ എല്ലാ കുട്ടികള്‍ക്കും സ്‌കൂളുകളില്‍ പഠിക്കാന്‍ അവസരമുണ്ടാകണമെന്ന് പോറ്റിയോടു അയ്യങ്കാളി പറയുന്നുണ്ട്. അത്തരം വിഷയങ്ങളില്‍ പരിഹാരം ഉണ്ടാക്കാന്‍ പോറ്റി ശ്രമിക്കുന്നുമുണ്ട്. അതുപോലെ തമ്പിമാരുടെ ചരിത്രം പരാമര്‍ശിക്കുമ്പോള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ ഇടപെടലുകളെ അപലപിക്കുന്നുണ്ട് നോവല്‍. മനുഷ്യജീവിതത്തെ നെല്ലിനോട് ഉപമിച്ചുകൊണ്ടുള്ള അയ്യാപിള്ള എന്ന അയ്യമ്പിളി ആശാന്റെ വാക്കുകള്‍ ശ്രദ്ധേയമാണ്. ”വിത്തിട്ട് ഉഴവുചാലില്‍ കുരുക്കുന്ന നെല്ല് ഞാറായി, തണ്ടായി, കതിരുവച്ച് പഴുത്ത് കനം തൂങ്ങി കൊയ്‌തെടുക്കുംവരെ മാത്രമെ നെല്‍ച്ചെടിക്ക് ആയുസ്സുള്ളൂ. പിന്നത് വൈക്കോലാണ്. അതുപോലെയാണ് മനുഷ്യന്റെ കാര്യവും.” കഥയിലെ സഞ്ചാരം, തിരുവനന്തപുരത്ത് എത്തുമ്പോള്‍ പത്മനാഭസ്വാമിയും കിഴക്കേകോട്ടയും അനുബന്ധകഥകളായി തെളിയുന്നു. എട്ടുവീട്ടില്‍ പിള്ളമാരുടെ കഥകള്‍ സൂചിപ്പിക്കാതെ പോറ്റിയുടെ യാത്ര മുമ്പോട്ടു പോകില്ല. വയല്‍പ്പൂജയും ജന്തുക്കള്‍ക്കുള്ള നീക്കിയിരുപ്പുമൊക്കെ അവിടെ കാണാം. ഇത്തരത്തില്‍ കേരളക്കരയിലൂടെയുള്ള ദീര്‍ഘയാത്രയില്‍ പരാമര്‍ശിച്ചുപോകാത്ത ഇടങ്ങള്‍ കുറവാണ് എന്നുതന്നെ പറയാം.

ഓണാട്ടിലെത്തുമ്പോള്‍ നെല്ലിനൊപ്പം എള്ളും സ്വാഭാവികമായി കടന്നുവരുന്നു. തോട്ടപ്പള്ളി കഴിഞ്ഞ് വണ്ടി കുട്ടനാട്ടിലേക്കുള്ള തിരിവിലെത്തി വഴി ചോദിക്കുമ്പോള്‍ ഒരു വഴിയാത്രക്കാരന്‍ ചോദിക്കുന്നു- ഏതു റിസോട്ടിലേക്കാ..? പണ്ടായിരുന്നെങ്കില്‍ ഏതു പാടത്തേക്കാ എന്നായിരുന്നു ഈ ചോദ്യമെന്ന് പോറ്റി ഓര്‍ക്കുന്നു. കായല്‍ നികത്തി കൃഷി ചെയ്ത മുരിക്കനൊക്കെ ഇവിടെ കഥയില്‍ കടന്നുവരുന്നു. ഒപ്പം രാജ്യസ്‌നേഹത്തിന്റെ ഗാഥകളും സ്ഫുരണങ്ങളും ആവോളം കടന്നെത്തുന്നുണ്ട്. മഹാദേവന്‍ തമ്പി എന്ന എഴുത്താള്‍ ഒന്നും പരാമര്‍ശിക്കാതെ വിടുന്നില്ല. ചരിത്രത്തെ മഷിനോട്ടത്തിലെന്നപോലെ തെളിച്ചെടുത്താണ് പരാമര്‍ശങ്ങള്‍. കെ സി എസ് മണിയുടെ ഇടപെടലുകളൊക്കെ അത്തരത്തില്‍ തെളിച്ചപ്പെടുത്തലാണ്. കുട്ടനാട് നമ്മുടെ പ്രധാനപ്പെട്ട നെല്ലറകളില്‍ ഒന്നായി മാറിയതിനെ കുറിച്ച് ലളിതവും വിശദവുമായ ധാരാളം അറിവുകളും പരാമര്‍ശങ്ങളും കടന്നുവരുമ്പോള്‍ ഒപ്പം കയറിന്റെയും കമ്യൂണിസത്തിന്റെയും പരാമര്‍ശങ്ങള്‍ കൂടാതെ കഴിയില്ലല്ലോ.

ജലപ്പക്ഷികളുടെ പരാമര്‍ശങ്ങള്‍ നോവലില്‍ സ്വാഭാവികമായി കടന്നു വരുന്നുണ്ട്. കോള്‍പാടങ്ങളും കിളികളും തമ്മിലുള്ള ആന്തരികബന്ധം പലപ്പോഴും വ്യക്തമായി ചൂണ്ടിക്കാട്ടുന്നുണ്ട്. യാത്ര തൃശൂരിലും കോഴിക്കോട്ടും എത്തുമ്പോള്‍ ഉപകഥകളുടെ മാമാങ്കമാണ്. ഒപ്പം ഉള്‍ക്കാട്ടിലെ കൃഷിയായ കാട്ടുനെല്ലിന്റെ രസകരവും വിശദവുമായ പരാമര്‍ശങ്ങള്‍ കാണാം. വയനാട്ടിലേക്കുള്ള നാട്ടുനെല്ലിന്റെ അധിനിവേശ കഥകളും ഒപ്പം കാണാം. ”വാരിപ്പുതച്ചിരുന്ന വയനാടന്‍ മണ്ണെല്ലാം ആരോ വാരിക്കൊണ്ടു പോകുന്നു. മല നഗ്നയാകുന്നു…” എന്ന് കഥാപാത്രം നിലവിളിക്കുന്നുണ്ട്. ഉരുള്‍പൊട്ടി മലയുടെ ദുഖമായി ഒലിച്ചിറങ്ങുന്നത് മനുഷ്യരുടെ തിന്‍മയാണെന്ന് ആ കഥാപാത്രം വാദിക്കുന്നത് നമ്മുടെ സമൂഹത്തിനെതിരെയാണ് എന്നു വായിച്ചെടുക്കാം. നോവല്‍ വായിച്ചവസാനിച്ചാലും വായനക്കാര്‍ യാത്രയിലായിരിക്കും. പുതിയകാല മുതലാളിയുടെ കുതന്ത്രങ്ങള്‍ മൂലം മകന്‍ ചെന്നെത്തുന്ന ആപത്തിനെ കുറിച്ച് നാരായണന്‍പോറ്റി എന്ന പഴയ കാര്‍ഷിക സംസ്‌കാരത്തിന്റെ പ്രതിനിധി ആത്മാര്‍ത്ഥമായി വേവലാതിപ്പെടുന്നുണ്ട്. അതുകൊണ്ടാണ് ‘ഗതകാലവ സംസ്‌കൃതിയും ആധുനിക യാഥാര്‍ത്ഥ്യവും അസാധാരണഭാവുകത്വത്തോടെ ഇഴുകിച്ചേരുന്നു’ എന്ന് മഹാനായ എഴുത്തുകാരന്‍ എം കെ സാനു അവതാരികയില്‍ എഴുതിയത്.

നിലം കേവലം ഒരു നോവലോ നെല്ലിന്റെ ചരിത്ര കഥ പറയുന്ന ആഖ്യായികയോ അല്ല, കാലം കടന്നുവന്ന സംസ്‌കൃതിയുടെ ഏടുകളില്‍ കുറിച്ചിട്ട തെളിമയുള്ള ആവിഷ്‌കാരമാണ്. രതിയും ചതിയും വിപ്ലവവും ഭരണവും നീതിയും നീതിനിഷേധവുമെല്ലാം കടന്നു വരുന്നുണ്ടെങ്കിലും കൊഴിഞ്ഞുവീഴുന്ന കൃഷി സംസ്‌കാരത്തിന്റെ വ്യഥയാണ് സമഗ്രഭാവം. ചരിത്രം കഥകളായും കഥകള്‍ ചരിത്രമായും പ്രച്ഛന്നവേഷങ്ങള്‍ കെട്ടുന്ന കാലത്ത് വായനക്കാരുടെ സ്ഥാനം എവിടെയെന്ന് കൃത്യമായി അടയാളപ്പെടുത്തുക എന്നതെളുപ്പമല്ല. പക്ഷേ, ഏതൊരു കൃതിയുടെയും വായനയില്‍ സംഭവിക്കുന്ന പാരസ്പര്യമാണ് അല്ലെങ്കില്‍ ആഖ്യാതാവുമായുള്ള ഒരുമപ്പെടലാണ് പ്രധാനകാര്യങ്ങളില്‍ ഒന്ന്. നിലം നോവലിന്റെ വായനയില്‍ മഹാദേവന്‍ തമ്പി എന്ന എഴുത്താള്‍ മറഞ്ഞിരിക്കുകയും വായനക്കാരെ സ്വതന്ത്ര സഞ്ചാരത്തിന് വിടുകയും ചെയ്യുന്നു. പുതുകാല വായനയില്‍ സംഭവിക്കേണ്ടതും അതുതന്നെയാണ്.

കണക്കൂര്‍ ആര്‍ സുരേഷ്‌കുമാര്‍

Hot this week

ചിന്താദർശിനികളായ ചിത്രങ്ങൾ

ശ്രീ. നേമം പുഷ്പരാജിൻ്റെ ചിത്രസൃഷ്ടികളെ വളരെ താല്പര്യത്തോടെ വീക്ഷിക്കുന്ന ഒരാളാണ് ഞാൻ....

സ്‌നേഹവും സന്തോഷവും നിറയുന്ന കാഴ്‌ച

ഒറ്റവരി കഥയിൽ സാഹചര്യങ്ങൾ സൃഷ്ടിച്ച്‌ അതിനെ ഒരു മുഴുനീള സിനിമയാക്കി മാറ്റുന്ന...

പ്രകൃതിയിലെ വിസ്മയങ്ങൾ – Stilt-legged flies

Micropezidae എന്ന കുടുംബത്തിൽപ്പെട്ട ഒരിനം യഥാർത്ഥ ഈച്ചകളാണ് Stilt-legged flies. മെലിഞ്ഞ...

നിറങ്ങൾ തൻ നൃത്തം – കെ ജി സുബ്രഹ്മണ്യൻ

ലോകപ്രശസ്തചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം ‘ കൂത്തുപറമ്പ്...

ഹിംസയുടെ തിരക്കാഴ്‌ച

മലയാള സിനിമയുടെ ഉള്ളടക്കത്തിലേക്ക്‌ അടുത്ത കാലത്തായി രൂക്ഷമായ വയലൻസും രക്തച്ചൊരിച്ചിലും കടന്ന്‌...

Topics

ചിന്താദർശിനികളായ ചിത്രങ്ങൾ

ശ്രീ. നേമം പുഷ്പരാജിൻ്റെ ചിത്രസൃഷ്ടികളെ വളരെ താല്പര്യത്തോടെ വീക്ഷിക്കുന്ന ഒരാളാണ് ഞാൻ....

സ്‌നേഹവും സന്തോഷവും നിറയുന്ന കാഴ്‌ച

ഒറ്റവരി കഥയിൽ സാഹചര്യങ്ങൾ സൃഷ്ടിച്ച്‌ അതിനെ ഒരു മുഴുനീള സിനിമയാക്കി മാറ്റുന്ന...

പ്രകൃതിയിലെ വിസ്മയങ്ങൾ – Stilt-legged flies

Micropezidae എന്ന കുടുംബത്തിൽപ്പെട്ട ഒരിനം യഥാർത്ഥ ഈച്ചകളാണ് Stilt-legged flies. മെലിഞ്ഞ...

നിറങ്ങൾ തൻ നൃത്തം – കെ ജി സുബ്രഹ്മണ്യൻ

ലോകപ്രശസ്തചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം ‘ കൂത്തുപറമ്പ്...

ഹിംസയുടെ തിരക്കാഴ്‌ച

മലയാള സിനിമയുടെ ഉള്ളടക്കത്തിലേക്ക്‌ അടുത്ത കാലത്തായി രൂക്ഷമായ വയലൻസും രക്തച്ചൊരിച്ചിലും കടന്ന്‌...

28ഓ 14ഓ വലുത് ?

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയായി ഏറ്റവും കൂടുതൽ കാലം ജയിൽവാസം അനുഭവിച്ചതാര് എന്ന...

നികുതിവല ഭേദിക്കുന്ന വമ്പന്‍ സ്രാവുകള്‍

ജൂലൈ 31 ന് അവസാനിച്ച ആദായനികുതി റിട്ടേണ്‍ സമര്‍പ്പണത്തിന്‍റെ തിരക്കില്‍ നിന്ന്...
spot_img

Related Articles

Popular Categories

spot_imgspot_img