ബഹിരാകാശത്തെ ആദ്യ മലയാളി സ്പർശം

ജയാ. ജി. നായർ

ഡോ. അനിൽ മേനോൻ

ക്കഴിഞ്ഞ ജൂലൈ 14 ന്  ഇന്ത്യൻ സമയം രാത്രി 8.17. കസാക്കിസ്ഥാനിലെ ബൈകൊണൂർ വിക്ഷേപണ കേന്ദ്രത്തിൽ നിന്നും റഷ്യൻ ബഹിരാകാശസംഘടനയുടെ സോയൂസ് റോക്കറ്റ് (2.1 എ) കുതിച്ചുയർന്നു. വിവിധ തരം സോയൂസ് റോക്കറ്റുകളുടെ 1700-ലധികം വിക്ഷേപണങ്ങൾ ഇതിനോടകം നടന്നിട്ടുണ്ട്. പക്ഷേ, ലോകത്തെമ്പാടുമുള്ള മലയാളികൾക്ക് ഒരു സാധാരണ റോക്കറ്റ് വിക്ഷേപണമായിരുന്നില്ല അന്നു നടന്നത്. മലയാളിവേരുകളുള്ള ഒരാൾ ആദ്യമായി ബഹിരാകാശത്തെത്തുന്ന യാത്രയുടെ തുടക്കമായിരുന്നു.
റോക്കറ്റ് വഹിച്ചിരുന്ന സോയൂസ് MS-29 എന്ന പേടകത്തിൽ മൂന്നു സഞ്ചാരികളാണ് ഉണ്ടായിരുന്നത്. അതിൽ ഒരാൾ ഡോക്‌ടർ അനിൽ മേനോൻ. പാലക്കാട് ഒറ്റപ്പാലത്തുകാരനായ കെ പി ശങ്കരൻ മേനോന്റെ 49-കാരനായ മകൻ. അമ്മ എലിസബത്ത് ഉക്രെയിൻ  സ്വദേശിയാണ് . മാതാപിതാക്കൾ രണ്ടുപേരും അമേരിക്കൻ ഐക്യനാട്ടിൽ കുടിയേറി സ്ഥിരതാമസമാക്കിയവരായതുകൊണ്ട് അനിൽ മേനോൻ ജനിച്ചതും വളർന്നതും പഠിച്ചതുമെല്ലാം അമേരിക്കയിൽ തന്നെയാണ്. അമേരിക്കൻ പൗരനുമാണ്. എങ്കിലും, പകുതിവഴിക്കെങ്കിലും മലയാളി വേരുകളുള്ള ഒരാൾ ബഹിരാകാശത്തെത്തുന്നത് അന്ന് ആദ്യമായിട്ടായിരുന്നു.

വിശേഷപ്പെട്ട യാത്ര

അമേരിക്കൻ ഐക്യനാടുകളുടെ ബഹിരാകാശ സംഘടനയായ നാസയുടെ സഞ്ചാരിയായി തെരഞ്ഞെടുക്കപ്പെട്ട അനിൽ മേനോന്റെ കൂടെ റഷ്യയുടെ ബഹിരാകാശ സംഘടനയിൽ നിന്നുള്ള പോട്ടർ ദുബ്രോവ്, അന്ന കിക്കിന എന്ന മറ്റു രണ്ടു യാത്രക്കാരും പേടകത്തിൽ ഉണ്ടായിരുന്നു. ആകെ മൂന്ന് സഞ്ചാരികൾ. ഭൂമിയിൽ നിന്നും ഏകദേശം നാനൂറ് കിലോമീറ്റർ ദൂരത്തുള്ള ഒരു ഭ്രമണപഥത്തിൽ ഭൂമിയെ ചുറ്റിത്തിരിയുന്ന ശാസ്ത്രപരീക്ഷണശാലയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം. ഐ എസ് എസ് (ISS) എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ. സോയൂസിലെ യാത്രികരുടെ ലക്‌ഷ്യം ഈ വലിയ ലാബോറട്ടറിയായിരുന്നു. റോക്കറ്റ് ആദ്യം പേടകത്തെ ഭൂമിക്കു ചുറ്റുമുള്ളഒരു ഭ്രമണപഥത്തിൽ എത്തിച്ചു. തുടർന്ന് പേടകം യാത്രികരുമായി രണ്ടു തവണ ഭൂമിയെ വലം വെച്ചു. മൂന്നു മണിക്കൂറിലധികം നീണ്ട ആ യാത്രയുടെ അവസാനം ഇന്ത്യൻ സമയം പതിനൊന്നരയോടെയാണ് പേടകം അന്താരാഷ്ട്ര നിലയത്തിന് അടുത്തെത്തി അതിലേക്ക് ഘടിപ്പിക്കപ്പെട്ടത്. ‘ഡോക്ക് ചെയ്യുക’ എന്നാണ് ഇതിനു പറയുന്നത്. അതിനുശേഷം ആവശ്യമുള്ള എല്ലാ പരിശോധനകളും നടത്തി ഉറപ്പാക്കിയശേഷമാണ് നിലയത്തിന്റെ വാതിൽ തുറന്നത്. അനിൽ മേനോനും കൂട്ടുകാരും ഉള്ളിലേക്ക് പ്രവേശിച്ച് അവിടെ നേരത്തേതന്നെ ഉണ്ടായിരുന്ന അമേരിക്കയുടെയും റഷ്യയുടെയും യൂറോപ്പിന്റെയും ബഹിരാകാശസംഘടനകളിലെ ഏഴു പേരോടൊപ്പം കൂടിച്ചേർന്നു. സ്പേസ് സ്റ്റേഷനിൽ എത്തിയിട്ട് ആദ്യമായി ഭൂമിയിലുള്ളവരോടു സംസാരിച്ചപ്പോൾ അനിൽ മേനോൻ “നമ്മുടെ വലിയ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ വേണ്ടിയുള്ള പ്രയത്നത്തിൻ്റെ ഭാഗമായതിൽ വളരെ സന്തോഷം” എന്നു പറഞ്ഞു. ഇനി അടുത്ത എട്ടുമാസക്കാലം നിലയത്തിൽ താമസിച്ച് വിവിധ പരീക്ഷണങ്ങൾ നടത്തുക എന്നതാണ് ലക്‌ഷ്യം.

മലയാളി വേരുകൾ

അമേരിക്കയിലെ ഹാർവാർഡ് സർവകലാശാലയിൽ നിന്നും നുറോബയോളജിയിൽ ബിരുദം നേടിയ അനിൽ മേനോൻ ഒരു മെക്കാനിക്കൽ എൻജിനീയറും ഒപ്പം മെഡിക്കൽ ഡോക്‌ടറുമാണ് എന്നത് ഏറ്റവും കൗതുകകരമാണ്. എമർജൻസി മെഡിസിൻ വിഭാഗത്തിലും എയ്റോസ്പേസ് മെഡിസിനിലും പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ട്. അമേരിക്കൻ വ്യോമസേനയുടെ ഭാഗമായി അഫ്‌ഗാനിസ്ഥാനിൽ പ്രവർത്തിച്ച അനിൽ മേനോൻ പിന്നീട് ഹിമാലയത്തിൽ എവറസ്റ്റ് പർവതം കയറുന്ന സഞ്ചാരികൾക്ക് മെഡിക്കൽ സഹായം നല്‌കുന്ന സന്നദ്ധസേവനം ചെയ്തിരുന്നു. ഇന്ത്യയിൽ പോളിയോ നൽകുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു വർഷം പ്രവർത്തിച്ചിട്ടുമുണ്ട്. നാസയിൽ 2014-ലാണ് ‘ഫ്ലൈറ്റ് സർജൻ’ ആയി ചേർന്നത്. 2018-മുതൽ സ്വകാര്യ ബഹിരാകാശ ഗവേഷണ സംഘടനയായ സ്പേസ് എക്‌സിൻ്റെ മനുഷ്യനെ ബഹിരാകാശത്ത് അയക്കുന്ന പദ്ധതികളിൽ മെഡിക്കൽ സംവിധാനങ്ങൾ  ഒരുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. ബഹിരാകാശസേനയിലെ കേണലുമാണ്. അനിൽ മേനോനെ ബഹിരാകാശ സഞ്ചാരിയാകാൻ നാസ തെരെഞ്ഞെടുത്തത് 2021-ലാണ്. തുടർന്ന് രണ്ടു വർഷം നീണ്ട പരിശീലനം നേടുകയും ചെയ്‌തു.
മേനോന്റെ ജീവിത പങ്കാളിയായ അന്ന  അമേരിക്കക്കാരിയാണ്. രണ്ടു വർഷം മുൻപു തന്നെ ബഹിരാകാശത്തു പോയ സഞ്ചാരിയുമാണ്. 2024-ൽ പൊളാരിസ് ഡോൺ (Polaris Dawn) എന്ന അഞ്ചു ദിവസത്തെ ദൗത്യത്തിന്റെ ഭാഗമായി സഞ്ചരിച്ച്, കൂടെയുണ്ടായിരുന്ന സാറാ ഗില്ലിസ്സിനൊപ്പം ഭൂമിയിൽ നിന്നും ഏറ്റവും ഉയരത്തിൽ എത്തിയ വനിതകൾ എന്ന ലോക റെക്കോർഡും നേടി. അന്നയും മക്കളായ ജെയിംസും ഗ്രേസും ‘ടീം മേനോൻ’ എന്ന് എഴുതിയ ടീഷർട്ടുകൾ ധരിച്ചു കൊണ്ട് ഡോ. അനിൽ സഞ്ചരിച്ച സോയുസ് റോക്കറ്റിൻ്റെ വിക്ഷേപണം നേരിൽക്കണ്ട് യാത്രയാക്കുന്ന കാഴ്‌ച രസകരമായിരുന്നു.

അനിൽ മേനോനെ യാത്രയാക്കുന്ന കുടുംബം

ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് അഡ്വക്കേറ്റ് ജനറലും വൈസ്റോയിയുടെ കൗൺസിലിൽ അംഗവുമായിരുന്ന ആളും, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷപദവി അലങ്കരിച്ച മലയാളിയുമായ ചേറ്റൂർ ശങ്കരൻ നായരുടെ കുടുംബത്തിലെ അംഗമാണ് അനിൽ മേനോൻ. ശങ്കരൻ നായരുടെ ചെറുമകളുടെ മകനാണ് അനിൽ മേനോന്റെ അച്ഛൻ. 1857 ജൂലൈ 11-ന് ജനിച്ച ശങ്കരൻ നായരുടെ നൂറ്റിയറുപത്തി ഒൻപതാമത് ജന്മവാർഷികം ഈ സോയൂസ് ദൗത്യം നടക്കുന്നതിന് വെറും മൂന്നു ദിവസം മുൻപായിരുന്നു എന്നതും ശ്രദ്ധിക്കാം.

പരീക്ഷണങ്ങൾ

മെഡിക്കൽ, എഞ്ചിനീയറിംഗ് എന്നീ രണ്ടു മേഖലകളിലുമുള്ള അറിവ് ഉപയോഗിക്കേണ്ട  പരീക്ഷണങ്ങളാണ് അനിൽ മേനോൻ ബഹിലാകാശനിലയത്തിൽ ചെയ്യുക എന്നാണ് നമ്മൾ മനസ്സിലാക്കുന്നത്. ശൂന്യാകാശത്തിൽ ഏറെനാൾ കഴിയുന്നത് എങ്ങനെയാണ് മനുഷ്യശരീരത്തിലെ രക്തപ്രവാഹത്തെയും ഞരമ്പുകളെയും ബാധിക്കുക എന്നതാണ് അന്വേഷിക്കുന്ന ഒരു വിഷയം. പ്രത്യേക ചികിത്സകൾക്കു വേണ്ടി ഉപയോഗിക്കുന്ന ഐ വി ദ്രാവകം ശൂന്യാകാശത്ത് സ്വയം പര്യാപ്ത‌തയോടെ ഉണ്ടാക്കിയെടുക്കാൻ ആവശ്യമായ സാങ്കേതികത ആണ് മറ്റൊരു വിഷയം. വളരെ ശേഷിയുള്ള കംപ്യൂട്ടറുകൾ, നിർമിത ബുദ്ധിക്കും മെഡിക്കൽ ആവശ്യങ്ങൾക്കും വേണ്ട ഉപകരണങ്ങൾ ,ഇവയ്ക്കൊക്കെ വേണ്ട സെമികണ്ടക്ട‌ർ ക്രിസ്റ്റലുകളുടെ കാര്യക്ഷമമായ നിർമാണമാണ് മറ്റൊരു പരീക്ഷണവിഷയം. ഭൂമിയിൽ നിന്നുള്ള സഹായമില്ലാതെ അൾട്രാ സൌണ്ട് ടെസ്റ്റുകൾ എങ്ങനെ ശൂന്യാകാശത്ത് ചെയ്യാം എന്നതും ഒരു അന്വേഷണ വിഷയമാണ്. ഭാരമില്ലായ്‌മ, വളരെ കുറഞ്ഞ ഗുരുത്വാകർഷണം എന്നിങ്ങനെയുള്ള  ബഹിരാകാശത്തെ പരിതഃസ്ഥിതികൾ പരീക്ഷണങ്ങൾക്കു വേണ്ടി ഭൂമിയിൽ സൃഷ്ടിക്കുന്നത് ശ്രമകരവും ചെലവേറിയതുമാണ്.ഭാവിയിൽ വളരെ സുദീർഘമായ ബഹിരാകാശ ദൌത്യങ്ങൾ ചെയ്യുന്നതിന് ആവശ്യമായ പലതരം  അറിവുകളും സാങ്കേതിക കഴിവുകളുമാണ്  ഈ അന്വേഷണങ്ങളിൽനിന്നും പ്രതീക്ഷിക്കുന്നത്.

ബഹിരാകാശനിലയത്തിലെ താമസക്കാലത്ത് എല്ലാ ദിവസവും കൃത്യമായ വ്യായാമം, ഭക്ഷണം, വിശ്രമം എന്നിവയിലും യാത്രക്കാർ ശ്രദ്ധിക്കണം. അവിടത്തെ പ്രത്യേക സാഹചര്യത്തിൽ ദീർഘകാലം കഴിയുമ്പോൾ ശരീരത്തിനുണ്ടാകുന്ന അപചയത്തിൽ നിന്നും രക്ഷനേടേണ്ടതുണ്ട്. നിലയത്തിൽ നിന്നും വെളിയിലേക്ക് നോക്കിയാൽ ഓരോ ദിവസവും പല തവണ (16 തവണ വരെ) സൂര്യോദയവും അസ്തമയവും കാണാൻ കഴിയും. ഭൂമിയിലുള്ളവരുമായി ബന്ധപ്പെടാൻ മെയിൽ അയക്കാനും. വീഡിയോ കോളുകൾ നടത്താനും സൗകര്യമുണ്ട്.

നമുക്കും പ്രയോജനങ്ങൾ

ആദ്യമായി ഒരു മലയാളി ബഹിരാകാശയാത്ര നടത്തുന്നതിൽ ഒരു പ്രത്യേക കൗതുകമുണ്ടല്ലോ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ ദൗത്യത്തെ പറ്റിയുള്ള ധാരാളം വാർത്തകളും ചർച്ചകളും മാധ്യമങ്ങളിൽ നാം കാണുന്നു. ഇത് ലോകത്തും നമ്മുടെ രാജ്യത്തും ഈ മേഖലയിൽ നടക്കുന്ന പരിശ്രമങ്ങളെപ്പറ്റിയും അവയുടെ പ്രയോജനങ്ങളെപ്പറ്റിയും അറിയുന്നതിന് കാരണമാകും. നമ്മുടെ നാട്ടിലെ യുവാക്കളും വിദ്യാർഥികളും ഇതേപ്പറ്റി കൂടുതൽ അന്വേഷിക്കാനും, അവരിൽ ചിലരെങ്കിലും സ്വന്തം പ്രവർത്തനമേഖലയായിട്ട് ഒരുപക്ഷേ അവിടം തെരഞ്ഞെടുക്കാനും ഈ ദൗത്യം ഉത്തേജനം കൊടുത്തേക്കാം.
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനായുള്ള ഇന്ത്യയുടെ സ്വന്തം ‘ഗഗൻയാൻ’ പദ്ധതി പുരോഗമിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് അനിൽ മേനോൻ്റെ ഈ യാത്ര. ഇന്ത്യ സ്വന്തമായി ബഹിരാകാശനിലയം സ്ഥാപിക്കുന്നതിനും ലക്ഷ്യമിട്ടിരിക്കുകയാണ്. അറിവിന്റെ പല  തലങ്ങളിലുള്ള കൈമാറ്റം നമ്മുടെ ദൗത്യങ്ങളേയും സഹായിക്കും.

40 വർഷം മുൻപ്, 1984-ൽ, ആദ്യമായി ഒരു ഇന്ത്യക്കാരൻ –സ്ക്വാഡ്രൺ ലീഡർ രാകേഷ് ശർമ്മ ബഹിരാകാശത്ത് എത്തിയതും ഒരു സോയൂസ് റോക്കറ്റിലായിരുന്നു എന്നത് നമുക്ക് ഓർമിക്കാം. അദ്ദേഹം അന്ന് സോവിയറ്റ് യൂണിയൻറെ സല്യൂട്ട്-7 എന്ന ബഹിരാകാശനിലയത്തിൽ ഏഴു ദിവസങ്ങൾ ചെലവഴിച്ചു. പിന്നീട്, കല്‌പന ചൗള, സുനിതാ വില്യംസ്,രാജാ  ചാരി തുടങ്ങിയ ഇന്ത്യൻ വംശജരും ബഹിരാകാശസഞ്ചാരികളായി. ഗഗൻയാൻ ദൗത്യത്തിനു വേണ്ടി പരിശീലനം നടത്താൻ  തെരഞ്ഞെടുക്കപ്പെട്ട നാലു സഞ്ചാരികളിൽ ഒരാളായ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല കഴിഞ്ഞ വർഷം ആക്‌സിയം-4 എന്ന ദൗത്യം വഴി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പോയി മടങ്ങി വന്നിരുന്നു. ആക്സിയം സ്പേസ്, സ്പേസ് എക്സ്, നാസ എന്നിവർ ഒത്തുചേർന്നു നടത്തിയ ദൗത്യമായിരുന്നു അത്. പരിശീലനം നടത്തിക്കൊണ്ടിരിക്കുന്ന മറ്റൊരാളായ എയർ കമ്മഡോർ പ്രശാന്ത് ബാലകൃഷ്ണൻ നായർ ഒറ്റപ്പാലത്തുകാരൻ തന്നെയായ മലയാളിയാണ് എന്നും നമുക്കറിയാം. നാലുപേരിൽ ആരാണ് ഗഗൻയാനിൽ ആദ്യത്തെ യാത്ര ചെയ്യുന്നത് എന്ന് ഇതുവരെ അറിയിച്ചിട്ടില്ല.

ബഹിരാകാശ നിലയത്തിലെ 8 മാസത്തെ താമസവും പ്രവർത്തനങ്ങളും പൂർത്തിയാക്കി 2027 ഏപ്രിൽ മാസത്തിലാണ് അനിൽ മേനോനും സംഘവും ഭൂമിയിലേക്ക് തിരികെയെത്തുന്നത്. നിലയത്തിൽ ഘടിപ്പിച്ചിട്ടിരിക്കുന്ന MS-29 പേടകത്തിലേക്ക് വീണ്ടും പ്രവേശിച്ച്, വാതിലടച്ച്, പേടകം നിലയത്തിൽ നിന്നും അടർത്തി മാറ്റി, ഭൂമിയിലേക്ക് മടങ്ങണം. വിജയകരമായി തിരിച്ചെത്തി കസാക്കിസ്ഥാനിലെ വിസ്ത്യതമായ പുൽമേട്ടിൽ ലാൻഡ് ചെയ്യുന്ന പേടകത്തിൽ നിന്നും അനിൽ മേനോനും സഹയാത്രികരും വെളിയിലേക്ക് ഇറങ്ങുന്നതു വരെ നാസയുടെയും റഷ്യയുടെയും ശാസ്ത്രജ്ഞൻമാരോടൊപ്പം മലയാളികളായ നമ്മളും ഈ യാത്രയിലേക്ക് ഉറ്റുനോക്കും എന്ന് തീർച്ചയാണ്. “ആദ്യമായി ബഹിരാകാശത്ത് എത്തിയ മലയാളി ഞാനായിരിക്കാം. പക്ഷേ, അവസാനത്തെ ആൾ ഞാനല്ല” എന്നാണ് അനിൽ മേനോൻ പറഞ്ഞത്. വരിവരിയായി ധാരാളം മലയാളികൾ ബഹിരാകാശ ഗവേഷണ മേഖലയിലേക്കും ബഹിരാകാശത്തും എത്തിച്ചേരാൻ  ഈ ദൗത്യം വഴിതെളിക്കും എന്ന് നമുക്കു പ്രതീക്ഷിക്കാം.

Hot this week

വിലപേശലിന്റെ രാഷ്ട്രീയം: NEET-ന്റെ ജാതി-വർഗ്ഗ യുക്തിയും, ഒരു രാജിയിൽ അവസാനിക്കുന്ന പ്രതിഷേധത്തിന്റെ പരിധികളും

മെറിറ്റ് എന്ന വാക്ക് ഇന്ത്യൻ പൊതുബോധത്തിൽ ഒരു നിഷ്പക്ഷ അളവുകോലായാണ് പ്രവർത്തിക്കുന്നത്....

എം. ടി. യുടെ സ്ത്രീകൾ

മലയാള സാഹിത്യചരിത്രത്തിൽ എക്കാലവും തെളിഞ്ഞുനിൽക്കുന്ന, ഇന്നും നാളെയും വായിക്കപ്പെടുന്ന ഒരു നാമമാണ്...

ഗാന്ധിജിയും മാർക്‌സും ബഷീറും

മലയാളിയുടെ സാഹിത്യത്തിലും ആധുനികജീവിതത്തിലും ഇതിഹാസതുല്യമായ സ്ഥാനമാണ് വൈക്കം മുഹമ്മദ് ബഷീറിനുള്ളത്. ബഷീറിന്റെ...

വി. എസ്. ഇല്ലാത്ത ഒരാണ്ട്

കണ്ണേ..കരളേ വി എസ്സേ.. ആരുപറഞ്ഞു മരിച്ചെന്ന്, ജീവിക്കുന്നൂ ഞങ്ങളിലൂടെ… 2025 ജൂലൈ 21ന് സഖാവ്...

വിപ്ലവം,വിഷാദം, വിട – ഒഴുക്കിന്റെ കബനി ചുവപ്പുകൾ

ചരിത്രത്തിന്റെ മുറിവുകൾ ഉണങ്ങാറുണ്ടോ? മാറുമ്പോഴും ഉണങ്ങാനുള്ള സാഹചര്യവും അന്തരീക്ഷവും കാലം മുറിവിന്...

Topics

വിലപേശലിന്റെ രാഷ്ട്രീയം: NEET-ന്റെ ജാതി-വർഗ്ഗ യുക്തിയും, ഒരു രാജിയിൽ അവസാനിക്കുന്ന പ്രതിഷേധത്തിന്റെ പരിധികളും

മെറിറ്റ് എന്ന വാക്ക് ഇന്ത്യൻ പൊതുബോധത്തിൽ ഒരു നിഷ്പക്ഷ അളവുകോലായാണ് പ്രവർത്തിക്കുന്നത്....

എം. ടി. യുടെ സ്ത്രീകൾ

മലയാള സാഹിത്യചരിത്രത്തിൽ എക്കാലവും തെളിഞ്ഞുനിൽക്കുന്ന, ഇന്നും നാളെയും വായിക്കപ്പെടുന്ന ഒരു നാമമാണ്...

ഗാന്ധിജിയും മാർക്‌സും ബഷീറും

മലയാളിയുടെ സാഹിത്യത്തിലും ആധുനികജീവിതത്തിലും ഇതിഹാസതുല്യമായ സ്ഥാനമാണ് വൈക്കം മുഹമ്മദ് ബഷീറിനുള്ളത്. ബഷീറിന്റെ...

വി. എസ്. ഇല്ലാത്ത ഒരാണ്ട്

കണ്ണേ..കരളേ വി എസ്സേ.. ആരുപറഞ്ഞു മരിച്ചെന്ന്, ജീവിക്കുന്നൂ ഞങ്ങളിലൂടെ… 2025 ജൂലൈ 21ന് സഖാവ്...

വിപ്ലവം,വിഷാദം, വിട – ഒഴുക്കിന്റെ കബനി ചുവപ്പുകൾ

ചരിത്രത്തിന്റെ മുറിവുകൾ ഉണങ്ങാറുണ്ടോ? മാറുമ്പോഴും ഉണങ്ങാനുള്ള സാഹചര്യവും അന്തരീക്ഷവും കാലം മുറിവിന്...

‘പ്രെക്കേറിയറ്റ് വർഗം’ മാർക്സിയൻ കാഴ്ചപ്പാട്

അനിശ്ചിതാവസ്ഥയിലുള്ളത് എന്നർഥം വരുന്ന Precarious (‘പ്രെക്കേറിയസ്') എന്ന പദവും , തൊഴിലാളിവർഗ്ഗം...

ഹിഡുംബിയുടെ പുനർവായന വർത്തമാനകാലത്തിൽ

  യുവ എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായ സിന്ദൂരിയുടെ "ഹിഡുംമ്പി" എന്ന നോവൽ വായിക്കുകയുണ്ടായി ഇതിഹാസത്തിൽ...

8 വർഷങ്ങൾക്ക് ശേഷവും ‘തുമ്പട്’ നമ്മളെ ഭയപ്പെടുത്തുന്നത് എന്തുകൊണ്ട് ?

2018 അവസാനത്തോടെ തിയറ്റർ റിലീസായ 'തുമ്പട് 'എന്ന ഹിന്ദിചലച്ചിത്രം ഭാവനയും ,കാല്പനികതയും...
spot_img

Related Articles

Popular Categories

spot_imgspot_img